EDITORIAL

നിഷ്കളങ്കമോ സി.എ.എ.യും എൻ.ആർ.സി.യും? 

ഡിസംബർ 19 ലെ മാതൃഭൂമി ദിനപത്രത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ എഴുതിയ “വീണുപോകരുത് വിഷലിപ്തമായ ആരോപണങ്ങളിൽ” എന്ന തലക്കെട്ടോടുകൂടി ഒരു ലേഖനം എഡിറ്റ് പേജിൽ കൊടുത്തിട്ടുണ്ട്.

തന്റെയും തന്റെ പാർട്ടിയുടെയും നിലപാടുകൾ ന്യായീകരിക്കാൻ ലേഖകൻ എങ്ങനെയാണ് വ്യത്യസ്ത വേദികളിൽ പരസ്പരവിരുദ്ധമായ വാദമുഖങ്ങൾ ഉയർത്തുന്നതെന്ന് നോക്കൂ.

സന്ദീപ് വാര്യരുടെ വാക്കുകളിൽ “ലോകത്ത് ഒരു മുസ്ലിം രാജ്യവും ഏറ്റെടുക്കാൻ തയ്യാറല്ലാത്ത റോഹിംഗ്യകളെ ഇന്ത്യ ഏറ്റെടുക്കണമെന്ന് പറയുന്നത് വിചിത്രമാണ്”. ഇതേ സന്ദീപ് വാര്യർ തന്നെയാണ് ചാനലുകൾ തോറും “മുസ്ലിംകൾക്ക് പോകാൻ എത്രയോ ഇസ്ലാമിക രാജ്യങ്ങളുണ്ടെന്ന്” പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഇതിൽ ഏത് വാദമുഖത്തിലാണ് ഉറച്ചുനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞാൽ നന്നായിരുന്നു.

ഇനി ശ്രീലങ്കയിൽ നിന്ന് വന്ന തമിഴ് ഹിന്ദുക്കളുടെ കാര്യത്തിൽ അദ്ദേഹം എന്താണ് പറയുന്നത് നോക്കൂ. “ശ്രീലങ്കയിൽ വംശീയയുദ്ധം അവസാനിച്ചതിനാൽ തമിഴർക്ക് ഇപ്പോൾ തിരിച്ചുപോകുന്നതിന് അവിടെ ഒരുവിധ പ്രശ്നങ്ങളും ഇല്ല.” ഇതേ സാഹചര്യം തന്നെയല്ലേ ഇപ്പോൾ ബംഗ്ലാദേശിലും ഉള്ളത്, മിസ്റ്റർ സന്ദീപ് വാര്യർ? ഒരുപക്ഷെ ശ്രീലങ്കയേക്കാൾ കൂടുതൽ ഇന്ത്യയോട് സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഇപ്പോൾ ബംഗ്ലാദേശ്. 1971 ലെ യുദ്ധത്തിന് ശേഷം അവിടെ ശ്രീലങ്കയെ പോലെ വർഗ്ഗീയ-വംശീയ ലഹളകളോ ഉന്മൂലനങ്ങളോ നടന്നിട്ടില്ല. എല്ലായിടത്തും നടക്കുന്നതുപോലെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവാം, അത്രമാത്രം. അങ്ങനെ നോക്കിയാൽ ഇന്ത്യയിലാണ് ബംഗ്ലാദേശിനേക്കാൾ കൂടുതൽ വർഗ്ഗീയ ലഹളകളും വംശീയാധിക്ഷേപങ്ങളും നടക്കുന്നത്. എന്നുമാത്രമല്ല, ഇന്ത്യയിലുള്ള ബംഗ്ലാദേശി പൗരന്മാരുടെ വിവരങ്ങൾ രേഖാമൂലം നൽകിയാൽ അവരെ തിരിച്ചെടുക്കാൻ സന്നദ്ധമാണെന്ന് ബംഗ്ലാദേശ് ഗവണ്മെന്റ് ഇന്ത്യയെ അറിയിച്ചിട്ടും ഉണ്ട്. ശ്രദ്ധിക്കണം, എല്ലാ ബംഗ്ലാദേശി പൗരന്മാരും എന്നാണ് അവർ പറഞ്ഞത്, അല്ലാതെ ഹിന്ദുക്കൾ ഒഴികെയുള്ളവർ എന്നല്ല!

ഒരു രേഖയും കൈയ്യിലില്ലാത്ത ഒരാൾ പാകിസ്താനിയാണോ, ബംഗ്ലാദേശിയാണോ, അഫ്ഘാനിയാണോ, ഇനി ഇന്ത്യൻ തന്നെയാണോ എന്ന് എങ്ങനെ നിർണ്ണയിക്കാൻ സാധിക്കും? ഈയൊരു പഴുതിലൂടെ മുസ്ലിം അല്ലാത്ത എല്ലാവരും ഇന്ത്യൻ പൗരന്മാർ ആയിത്തീരും. അതേസമയം രേഖകൾ ഹാജരാക്കാൻ നിവൃത്തിയില്ലാത്ത എല്ലാ മുസ്ലിംകളും ഒറ്റയടിക്ക് ഇന്ത്യൻ പൗരന്മാർ അല്ലാതാവും. റോഹിംഗ്യ മുസ്ലിംകളെ പോലെ സ്വന്തമായി identity ഇല്ലാത്ത, രാജ്യമില്ലാത്ത, വോട്ടവകാശം ഇല്ലാത്ത, ഒരു കൂട്ടമായി അവർ മാറും.  

തുടർന്ന് അദ്ദേഹം എഴുതുന്നു: “ഈ നിയമം ലോകത്തെ എല്ലാ രാജ്യങ്ങളിലെയും അഭയാർത്ഥി പ്രശ്നങ്ങളും ഒറ്റയടിക്ക് തീർക്കാനുള്ളതല്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മൂന്ന് മതാധിഷ്ഠിത രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് സംരക്ഷിക്കാൻ ചരിത്രപരമായി ബാധ്യതയുള്ള ‘മനുഷ്യർക്ക്’ വേണ്ടിയുള്ളതാണ്.” ശ്രദ്ധിക്കുക, സന്ദീപ് വാര്യർ ഉപയോഗിച്ച വാക്ക് “മനുഷ്യർ” എന്നാണ്. “മുസ്ലിംകൾ” മനുഷ്യർ അല്ലെന്നാണോ ഈ പ്രയോഗത്തിൽ കൂടി അദ്ദേഹം പറയാതെ പറയുന്നത്? ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന “ഭൂട്ടാൻ” എന്ന നാലാമത്തെ രാജ്യത്തെ അദ്ദേഹം എന്തേ വിട്ടുകളഞ്ഞത്? അവിടെ ക്രിസ്ത്യാനികൾ നേരിടുന്നത് മതപരമായ വിവേചനമല്ലേ?

ഇനി, എൻ ആർ സി കാര്യത്തിൽ അദ്ദേഹം എന്താണ് പറയുന്നതെന്ന് കേൾക്കൂ. “എൻ.ആർ.സി. ഏതെങ്കിലും ഒരു മതവിഭാഗക്കാരനെ മാത്രമായി ലിസ്റ്റ് ചെയ്തു പുറത്താക്കാനുള്ളതല്ല. എൻ.ആർ.സി.യുടെ അടിസ്ഥാനത്തിൽ ഈ രാജ്യത്ത് പൗരന്മാർ അല്ല എന്ന് തെളിയുന്നവർക്കെതിരെ മുഴുവൻ നടപടികൾ ഉണ്ടാകും എന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വേർതിരിവും ഉണ്ടാവില്ല.” കേൾക്കുമ്പോൾ എത്ര നിഷ്കളങ്കം!!. പക്ഷെ അതിൽ പരോക്ഷമായി ഒളിപ്പിച്ചിരുന്ന പാരകൾ കണ്ണുള്ളവർക്കെല്ലാം കാണാം. CAA അഥവാ Citizenship Amendment Act പ്രാവർത്തികമാവുന്നതോടുകൂടി 31 ഡിസംബർ 2014 വരെ ഇന്ത്യയിൽ താമസമാക്കിയ മുസ്ലിംകൾ അല്ലാത്ത, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ, എന്നീ രാജ്യങ്ങളിൽ നിന്ന് വന്നുചേർന്ന എല്ലാ illegal immigrants നും രേഖകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യൻ പൗരത്വം ലഭിക്കും. എന്നുവെച്ചാൽ രേഖകൾ ഇല്ലാത്ത മുസ്ലിം അല്ലാത്ത ഏതൊരാൾക്കും “താൻ മതവിവേചനത്തിന്റെ ഇരയാണ്” എന്നൊരു സത്യവാങ്മൂലം കൊടുത്താൽ മതി ഇന്ത്യൻ പൗരത്വം ലഭിക്കാൻ.

ഒരു രേഖയും കൈയ്യിലില്ലാത്ത ഒരാൾ പാകിസ്താനിയാണോ, ബംഗ്ലാദേശിയാണോ, അഫ്ഘാനിയാണോ, ഇനി ഇന്ത്യൻ തന്നെയാണോ എന്ന് എങ്ങനെ നിർണ്ണയിക്കാൻ സാധിക്കും? ഈയൊരു പഴുതിലൂടെ മുസ്ലിം അല്ലാത്ത എല്ലാവരും ഇന്ത്യൻ പൗരന്മാർ ആയിത്തീരും. അതേസമയം രേഖകൾ ഹാജരാക്കാൻ നിവൃത്തിയില്ലാത്ത എല്ലാ മുസ്ലിംകളും ഒറ്റയടിക്ക് ഇന്ത്യൻ പൗരന്മാർ അല്ലാതാവും. റോഹിംഗ്യ മുസ്ലിംകളെ പോലെ സ്വന്തമായി identity ഇല്ലാത്ത, രാജ്യമില്ലാത്ത, വോട്ടവകാശം ഇല്ലാത്ത, ഒരു കൂട്ടമായി അവർ മാറും. രേഖകൾ ഇല്ലാത്ത എല്ലാ അമുസ്ലിംകൾക്കും പൗരത്വം ലഭിക്കുന്നതോടുകൂടി അവരെല്ലാം നിഷ്പ്രയാസം എൻ ആർ സി യിൽ ഇടം പിടിക്കും.

തീർന്നില്ല, സന്ദീപ് വാര്യർ എഴുതുന്നു: “എന്നാൽ എങ്ങനെയാണ് എൻ.ആർ.സി. ചിത്രത്തിൽ വരുന്നത്? എൻ.ആർ.സി. ആരാണ് കൊണ്ടുവന്നത്? 1985-ൽ അസം ഉടമ്പടിയിൽ ഒപ്പുവെച്ച രാജീവ് ഗാന്ധിയാണ് അസമിലെ ജനങ്ങൾക്ക് എൻ.ആർ.സി. നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയത്. നടപ്പാക്കാനായിരുന്നില്ലെങ്കിൽ പിന്നെന്തിനാണ് രാജീവ് ഗാന്ധി അക്കാര്യം ഒപ്പിട്ടു നൽകിയത്? പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒപ്പിട്ടതുകൊണ്ടല്ലേ സുപ്രീം കോടതി എൻ.ആർ.സി. നടപ്പാക്കണമെന്ന് നിർബ്ബന്ധപൂർവ്വമായ ഉത്തരവിറക്കിയത്?” ഇതിൽ പക്ഷെ ഭാഗികമായേ ശരിയുള്ളൂ. രാജീവ് ഗാന്ധി ഒപ്പിട്ടത് അസമിൽ എൻ.ആർ.സി. നടപ്പാക്കാനാണ്, അല്ലാതെ ഇന്ത്യ ഒട്ടാകെ നടപ്പാക്കാനല്ല. വളരെ താമസിച്ചാണെങ്കിലും, സുപ്രീം കോടതി മേൽനോട്ടത്തിൽ എൻ.ആർ.സി.ക്ക് വേണ്ടി അസമിൽ കണക്കെടുപ്പ് നടക്കുകയും ചെയ്തു. പക്ഷെ എൻ.ആർ.സി.ക്ക് വേണ്ടി വക്കാലത്ത് എടുത്ത സന്ദീപ് വാര്യരുടെ പാർട്ടി തന്നെയാണ്, കടന്നുകയറ്റക്കാരിൽ 12 ലക്ഷവും ഹിന്ദുക്കളാണെന്ന് കണ്ടപ്പോൾ, അസമിലെ എൻ.ആർ.സി.യെ തള്ളിപ്പറഞ്ഞത്. എന്തൊരു വിരോധാഭാസം!

പിന്നീട് അദ്ദേഹം നേരെ 1947 ലേക്കും 1950 ലേക്കും പിന്നാക്കം നടക്കുകയാണ്. 1947 ലെ കോൺഗ്രസ്സ് പ്രമേയവും നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും രാജേന്ദ്രപ്രസാദിന്റെയും മറ്റും പ്രസംഗങ്ങളും ഉയർത്തി അവരാണ് ഇപ്പോൾ കൊണ്ടുവന്ന Citizenship Amendment Act-ന് പ്രചോദനം എന്ന മട്ടിൽ അഭിനയിക്കുകയാണ്. 1947-ലെ സ്വാതന്ത്യത്തിന് തൊട്ടുമുമ്പും പിന്നീടും നടന്ന നരഹത്യയും കൂട്ടപ്പലായനങ്ങളും മുൻനിർത്തി, അന്നത്തെ പ്രത്യേകസാഹചര്യത്തിൽ, പാസ്സാക്കിയ പ്രമേയങ്ങൾക്കും നേതാക്കൾ നടത്തിയ പ്രസംഗങ്ങൾക്കും അത്തരം സ്ഥിതിവിശേഷമൊന്നും ഇല്ലാത്ത ഇന്നത്തെ സമാധാന കാലത്ത് പ്രസക്തിയില്ലെന്ന് സന്ദീപ് വാര്യർക്ക് അറിയാത്തതല്ല.

“വീണുപോകരുത് വിഷലിപ്തമായ ആരോപണങ്ങളിൽ” എന്ന വാക്യം വാസ്തവത്തിൽ യോജിക്കുന്നത് “പ്രതിപക്ഷം ഹിന്ദു അഭയാർത്ഥികൾക്കെതിരെയാണ്” എന്ന നുണ പ്രചരിപ്പിക്കുന്ന സന്ദീപ് വാര്യരുടെ പാർട്ടിക്കല്ലേ? എല്ലാ അഭയാർത്ഥികളെയും മതം നോക്കാതെ സ്വീകരിക്കണമെന്നല്ലേ പ്രതിപക്ഷം പറയുന്നത്. അല്ലാതെ ഹിന്ദുക്കളെ സ്വീകരിക്കരുതെന്നല്ലല്ലോ.

അമിതാവേശവും അമിതാത്മവിശ്വാസവും വിപരീതഫലമേ നൽകൂ എന്നത് മോദി-ഷാ ദ്വന്ദം മനസ്സിലാക്കിയാൽ അവർക്ക് നന്ന്, രാജ്യത്തിനും നന്ന്.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.