EDITORIAL POLITICS ലേഖനം

ഇന്ത്യ ഒരു ഹിന്ദു രാജ്യമല്ലരാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെയും, ഇന്ത്യയുടെ ആഭ്യന്തര മന്ത്രി 2024 നു മുൻപ് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ഒന്നിലധികം വേദികളിൽ ആവർത്തിച്ചു പ്രഖ്യാപിച്ച NRCക്കെതിരെയും വമ്പിച്ച പ്രതിഷേധങ്ങൾ അരങ്ങേറുകയാണല്ലോ. രാജ്യം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിൽ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള വിദ്യാർത്ഥികളും, യുവാക്കളും, ശാസ്ത്രജ്ഞരും, എഴുത്തുകാരും, ചിന്തകരും, കലാകാരന്മാരും, മറ്റഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് സംഘ പരിവാരേതര രാഷ്ട്രീയക്കാരും ഒന്നിച്ചു ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി തെരുവിൽ ഇറങ്ങിയിരിക്കുന്ന ഈ സാഹചര്യത്തിലും, ചില ‘നിഷ്കളങ്ക’ മധ്യവർഗ്ഗ ‘ഞാൻ സംഘ പരിവാറല്ല പക്ഷെ’ എന്ന് തുടങ്ങുന്ന ചില :’ഹിന്ദു’സുഹൃത്തുക്കൾ വളരെ നിഷ്കളങ്കമന്നു സമൂഹ മാധ്യമങ്ങൾ വഴി ഉയർത്തുന്നുണ്ട്‌. അത്തരത്തിൽ നിരവധി ‘നിഷ്കളങ്ക’ചോദ്യങ്ങൾ വാട്സ്ആപ് വഴി എന്നോടും പലരും ചോദിക്കുകയുണ്ടായി. അത്തരം ചോദ്യങ്ങൾ തീരെ നിഷ്കളങ്കമല്ലെന്നും അവ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോടുള്ള മൃദു മനോഭാവത്തിൽ നിന്നുദിക്കുന്നവയാണെന്നും അവരിൽ നിന്ന് സംഘ പരിവാറിലേക്കു അധികം ദൂരമില്ലെന്നും അവ സംഘപരിവാറിന്റെ തന്നെ ചോദ്യങ്ങളാണെന്നും അറിയുമ്പോഴും ഏതെങ്കിലും വിധത്തിൽ അത്തരം ചോദ്യങ്ങളാൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്നവർക്കായാണ് ഈ കുറിപ്പ്.

ഇന്ത്യ “നമ്മളുടേതാണെന്നു”, അതായത് ഹിന്ദുക്കളുടേതു ആണെന്ന ലളിതയുക്തിയിൽ നിന്നാണ് “അവർക്കെന്തിന്” നമ്മൾ പൗരത്വം കൊടുക്കണം എന്ന ചോദ്യം ഉയരുന്നത്. സുഹൃത്തേ ഇന്ത്യ ഒരു മതേതര രാജ്യമാണ്. അത് നമ്മുടേതോ അവരുടേതോ അല്ല, എല്ലാവരുടേതുമാണ്, വിവിധ മതവിശ്വാസികളും മത രഹിതരും ആയ മുഴുവൻ ഇന്ത്യക്കാരുടേതുമാണ്.

ആദ്യ ചോദ്യം, പൗരത്വ ഭേദഗതി നിയമം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിമേതര, പീഡിത അഭയാർത്ഥികളെ ഇന്ത്യൻ പൗരരായി അംഗീകരിക്കാനുള്ളത് മാത്രമുള്ളതല്ലേ. അതിൽ എന്താണ് ശരികേടുള്ളത് ? നമ്മൾ എന്തിനാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം അഭയാർത്ഥികൾക്ക് അഭയം നൽകുന്നത് അവർക്കു പാക്കിസ്ഥാനിലേക്കോ അഫ്‌ഗാനിസ്ഥാനിലേക്കോ സൗദി അറേബിയയിലേക്കോ പോകാമല്ലോ എന്നതാണ്. ഒറ്റനോട്ടത്തിൽ നിഷ്കളങ്കമെന്നു തോന്നാവുന്ന ഈ ചോദ്യം നമുക്കൊന്ന് പരിശോധിക്കാം

ഇവിടെ ആരാണ് ‘അവർ’ ? സംശയം വേണ്ട സംഘപരിവാർ പറഞ്ഞു പഠിപ്പിച്ച ആ അപരൻ തന്നെ. മുസ്‌ലിം എന്ന വില്ലൻ.
ആരാണ് ‘നമ്മൾ ‘? നമ്മൾ ഹിന്ദുക്കൾ അല്ലാതാര് ? നോക്കൂ വളരെ നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ അവർ നമ്മിലേക്ക്‌ കടത്തിവിടുന്ന ലളിതമായ ചോദ്യങ്ങളിൽ പോലും കൃത്യമായ സംഘപരിവാർ ആശയങ്ങളും മുസ്‌ലിം എന്ന അപരനും കടന്നു കൂടിയിരിക്കുന്നു. അതിനേക്കാളൊക്കെ ഭയാനകമായ ഒന്ന് കൂടിയുണ്ട്. ഇന്ത്യ ‘നമ്മളുടേതാണെ’ന്ന് . അതായത് ഹിന്ദുക്കളുടേതു ആണെന്ന ലളിതയുക്തിയിൽ നിന്നാണ് “അവർക്കെന്തിന്” നമ്മൾ പൗരത്വം കൊടുക്കണം എന്ന ചോദ്യം ഉയരുന്നത്. സുഹൃത്തേ ഇന്ത്യ ഒരു മതേതര രാജ്യമാണ്. അത് നമ്മുടേതോ അവരുടേതോ അല്ല, എല്ലാവരുടേതുമാണ്, വിവിധ മതവിശ്വാസികളും മത രഹിതരും ആയ മുഴുവൻ ഇന്ത്യക്കാരുടേതുമാണ്. ഇന്ത്യ എന്ന ആ ആശയത്തെ, സംഘപരിവാറിന് മനസ്സിലാകാത്ത മതേതര ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനാണ് രാജ്യമെങ്ങും യുവാക്കൾ തെരുവിലിറങ്ങിയിരിക്കുന്നതു.

വീണ്ടും നമുക്ക് അതേ ചോദ്യത്തിലേക്ക് തിരികെ പോകാം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പീഡിത മതസ്ഥരെ “ നമ്മുടെ” ഇന്ത്യ പൗരത്വം നൽകി സ്വീകരിക്കുന്നതിന് എന്താണ്കുഴപ്പം എന്നല്ലേ ചോദ്യം.

ലോകമെമ്പാടുമുള്ള പീഡിത മതസ്ഥരെ സ്വീകരിക്കുക അല്ല “ നമ്മുടെ” ഉദ്ദേശ്യം എന്ന് വ്യക്തം. മൂന്നേ മൂന്നു രാജ്യങ്ങളെ മാത്രമാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു മുസ്‌ലിം രാജ്യങ്ങൾ. നമ്മുടെ തന്നെ അയൽ രാജ്യങ്ങളായ, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ രാജ്യങ്ങളിലൊക്കെ നിരവധി പീഡിത ന്യുനപക്ഷ മതസ്ഥർ ജീവിക്കുന്നുണ്ട്. നിഷ്കളങ്കതയുടെ പാരമ്യം മൂലം ഇനിയും നിങ്ങള്ക്ക് ഈ നിയമ ഭേദഗതിയുടെ ദുരുദ്ദേശ്യം മനസ്സിലാകുന്നില്ല അല്ലേ. അപ്പോപ്പിന്നെ തിരികെ ഒരു ചോദ്യം ചോദിക്കാം. ഈ മൂന്നു രാജ്യങ്ങളിലെ ഹിന്ദുക്കളെ ഇന്ത്യ എന്തിനാണ് സംരക്ഷിക്കുന്നത്, നിങ്ങൾ പലപ്പോഴും മുസ്ലീങ്ങളോട് പറയാറുള്ളത് പോലെ, അവരോടു നേപ്പാളിലോട്ടു പോടാ എന്ന് പറഞ്ഞാൽ പോരെ. 2006 വരെ ഔദ്യോഗികമായിത്തന്നെ ഹിന്ദു രാജ്യമായിരുന്ന നേപ്പാളിലേക്കല്ലേ നിങ്ങൾ നേരത്തെ പറഞ്ഞ ന്യായം വെച്ച് അവർ പോകേണ്ടത്. മതേതര രാജ്യമായ ഇന്ത്യ എന്തിനാണ് ഏതെങ്കിലും മതസ്ഥരെ -അവർ മതപരമായി അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പോലും – സംരക്ഷിക്കുന്നത്. മതേതര രാജ്യമായ ഇന്ത്യ എങ്ങിനെയാണ് ചില മതസ്ഥരെ മാത്രം പൗരത്വത്തിനു അർഹരാണ് എന്ന് കണ്ടെത്തുന്നത്?മതേതര രാജ്യമായ ഇന്ത്യ എങ്ങിനെയാണ് ചില മതസ്ഥർ പൗരത്വത്തിനു അർഹരല്ലെന്നു കണ്ടെത്തുന്നത്? പൗരത്വത്തിനു മതം എങ്ങിനെയാണ് ഒരു പരിഗണനാ വിഷയമാകുന്നത്? പോട്ടെ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന എത്ര ലോക രാജ്യങ്ങളെ നിങ്ങൾക്കറിയാം?.നിഷ്കളങ്കമായ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്ന നിങ്ങളിൽ ഭൂരിപക്ഷവും വസിക്കുന്ന യൂറോപ്പിയൻ രാജ്യങ്ങൾ, അമേരിക്ക,ക്യാനഡ എന്നിവ അതാത് രാജ്യങ്ങളിൽ നിങ്ങള്ക്ക് പൗരത്വം നൽകിയത് നിങ്ങളുടെ മതം നോക്കിയിട്ടായിരുന്നുവോ. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ ? ഇല്ലെന്നറിയാം. അത് കൊണ്ട് ഒരിക്കൽ കൂടി ആവർത്തിക്കാം. ഇന്ത്യ നിങ്ങൾ കരുതുന്നത് പോലെനിങ്ങളുടെ ഹിന്ദു രാജ്യമല്ല. അത് മത ഭേദമന്യേ ഇന്ത്യയിൽ വസിക്കുന്ന മുഴുവൻ ഇന്ത്യക്കാരുടേതുമാണ്. ഇന്ത്യ എന്നത് നിങ്ങള്ക്ക് ഒരിക്കലും മനസ്സിലാകാത്ത ഒരാശയമാണ്. അത് വിവിധ ജാതി, മത, മതേതര, മത രഹിത, ലിംഗ, വർണ്ണ, ഭാഷാ വൈജ്യാത്യങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ഒരാശയമാണ്

നമുക്ക് ആ നിഷ്കളങ്ക ചോദ്യങ്ങളിലേക്കു തിരികെ വരാം. അടുത്ത “നിഷ്കളങ്കമായ” ചോദ്യം. ഇന്ത്യയിൽ നിയമാനുസൃതം, മതിയായ രേഖകളോടെ ജീവിക്കുന്ന മുസ്ലീങ്ങൾക്ക് ഈ നിയമഭേദഗതിയെ ഭയക്കേണ്ടതുണ്ടോ. ഊതി വീർപ്പിച്ച ഭീതി അവരിൽ അടിച്ചേൽപ്പിക്കുകയല്ലേ എന്നതാണ്

ഇതിന്റെയുത്തരം നിയമാനുസൃതം, മതിയായ രേഖകളോടെ ജീവിക്കുന്ന മുസ്ലീങ്ങളെ എങ്ങിനെ കണ്ടെത്തും എന്ന മറുചോദ്യമാണ് ( മുസ്ലീങ്ങളെ മാത്രം എന്തിനു കണ്ടെത്തണമെന്നത് മറ്റൊരു ചോദ്യം). അവിടെയാണ് NRC കടന്നു വരുന്നത്. ആസ്സാമിൽ NRC നടപ്പിലാക്കിയതിന്റെ ചെലവ് 1220 കോടി രൂപയാണ്. ആസ്സാമിലെ ജനസംഖ്യ ഏതാണ്ട് മൂന്നു കോടി മാത്രമാണ്. ഇക്കണക്ക് പ്രകാരം 130 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യ മുഴുവനായും NRC നടപ്പിലാക്കാൻ എത്ര തുക വേണ്ടി വരുമെന്നത് നിങ്ങൾ തന്നെ കൂട്ടിയെടുക്കുക. ഇത്രയും തുക ചെലവഴിച്ചു പൗരത്വ പരിശോധന നടപ്പിലാക്കിയ ആസ്സാമിൽ ഏതാണ്ട് 19 ലക്ഷത്തോളം പേരാണ് പൗരത്വ പട്ടികയിൽ നിന്ന് പുറത്തായത്. അതിൽ ഏതാണ്ട് പന്ത്രണ്ടു ലക്ഷത്തോളം പേര് മുസ്ലീമിതര മതസ്ഥരാണ്, പ്രധാനമായും ഹിന്ദുക്കൾ (കണക്കുകൾ കൃത്യമല്ല, കൃത്യമായ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല) അവർക്കൊക്കെത്തന്നെയും ഈ നിയമഭേദഗതിയോടു (CAA ) കൂടി നഷ്ടമായ പൗരത്വം തിരികെ ലഭിക്കും. 6 ലക്ഷത്തോളം വരുന്ന മുസ്ലീങ്ങൾ മാത്രം പുറത്തു. ഇത് തന്നെയാവും ഇന്ത്യ മുഴുവൻ NRC നടപ്പിലാക്കുമ്പോൾ സംഭവിക്കുക എന്ന് മുസ്ലീങ്ങൾ ഭയപ്പെടുന്നതിൽ എന്താണ് തെറ്റ്

അവസാനമായി ഒരു “നിഷ്കളങ്ക”ചോദ്യത്തിന് കൂടി മറുപടി പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. NRC ഇനിയും രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടില്ലല്ലോ പിന്നെന്തിനാണ് ഇപ്പോൾ NRC ക്കെതിരെ സമരം ചെയ്യുന്നത് എന്നതാണ് ആ ചോദ്യം.

സുഹൃത്തേ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി ഇതിനകം തന്നെ നിരവധി വേദികളിൽ 2024 നു മുൻപ് രാജ്യവ്യാപകമായി NRC നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി തെരഞ്ഞെടുപ്പ് റാലികളിലും ഒരിക്കൽ രാജ്യസഭയിലും മറ്റൊരിക്കൽ ഒരു ടെലിവിഷൻ അഭിമുഖത്തിലും. ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ ഗൗരവത്തിലെടുക്കേണ്ട എന്നാണോഅദ്ദേഹത്തിന്റെ ആരാധകരായ നിങ്ങളുടെ അഭിപ്രായം. നിങ്ങൾക്ക് അഭിപ്രായം പറയുകയും, അത് മാറ്റിപ്പറയുകയും പിന്നെ മാപ്പു പറയുകയും ഒക്കെ ചെയ്യാം. പക്ഷെ ഞങ്ങൾ ജനാധിപത്യ വിശ്വാസികൾക്ക് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ ഗൗരവത്തിലെടുത്തു കൊണ്ടേ മുന്നോട്ടു പോകാനാവൂ

ഈ സമരം, ഒരു വശത്തു ഇന്ത്യ ഹിന്ദു രാജ്യമാണെന്ന്കരുതുന്നവരും, അതങ്ങിനെയാക്കി മാറ്റാൻ ശ്രമിക്കുന്നവരും മറു വശത്തു ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന തികഞ്ഞ ബോധ്യമുള്ളവരും അതങ്ങിനെ തന്നെ നില നിർത്താൻ ശ്രമിക്കുന്നവരും തമ്മിലുള്ള ആശയ സംഘട്ടനമാണ്. ഒടുവിൽ മഹത്തായ ഇന്ത്യൻ ഭരണഘടനയും അതുയർത്തിപ്പിടിക്കുന്നവരും വിജയിക്കുക തന്നെ ചെയ്യും

Print Friendly, PDF & Email