LITERATURE പുസ്തകം

ആത്മോന്മാദിയായ പുനഃസൃഷ്ടിയുടെ ചാന്ദ്രകാന്തിഅമ്മക്കല്ല് ( നോവൽ)
പി. ഗീത
പ്രസാധനം: ഐ ബുക്ക്സ്

സൃഷ്ടിയെന്നപോലെ സൃഷ്ടമായ ഒന്നിന്‍റെ പുനഃസൃഷ്ടിയും സാഹിത്യ-കലാരംഗങ്ങളിൽ തുല്യപ്രഭാവങ്ങളാണ്, ചൈതന്യവത്വത്തിൽ സമാനങ്ങളാവുമ്പോള്‍. പ്രതിബിംബം പോലെയും ഛായാചിത്രം പോലെയും, ഛായാസാദൃശ്യമുള്ള മറ്റൊരു വ്യക്തിപോലെയും പുനഃസൃഷ്ടി രൂപപ്പെടാം. (അന്യത്തുല്യേന ശരീരിണാസദൃശം എന്ന ധ്വന്യാലോക നിരീക്ഷണം ഓര്‍മിക്കാവുന്നതാണ്) ആദ്യത്തേത് നിര്‍ജീവം; രണ്ടാമത്തേത് നിസ്സാരം; മൂന്നാമത്തേതാകട്ടെ ചൈതന്യപ്രഭാവത്തിൽ തുല്യം മാത്രമല്ല ഉത്കൃഷ്ടതരവുമാവാം. പ്രഖ്യാതമായ ഇതിവൃത്തങ്ങളിൽ നിന്ന് ജാജ്വല്യമാനങ്ങളായ, മഹത്തരങ്ങളായ പുനഃസൃഷ്ടികള്‍ നടത്തിയവരാണ് വിശ്വമഹാസാഹിത്യകൃത്തുകളിൽ പലരും. സ്വീയഭാവനയിൽ നിന്നോ, സ്വന്തം ദേശകാലങ്ങളിൽ സംഭവിച്ചവയിൽ നിന്നോ ഒരു കലാസൃഷ്ടിക്കു ചൈതന്യാധാനം ചെയ്യാന്‍ കഴിയാത്തതുകൊണ്ടല്ല അവര്‍ പ്രഥിതമായ ഗതകാലകഥയിലേക്ക് മനം തിരിക്കുന്നത്. പഴയതിനെ പുതിയ രൂപഭാവങ്ങളോടെ അവതരിപ്പിക്കാനുള്ള അന്തഃപ്രേരണക്ക് സ്വീയമായ യുക്തികളും ഹേതുക്കളും ലക്ഷ്യങ്ങളുമുണ്ടായിരിക്കും. രസഭാവശക്തിയുക്തയായി ഔചിത്യാനുസാരിണിയായി പിറക്കുന്ന കലാസുത(ധ)യ്ക്ക് മാത്രമേ ജനഗണമനത്തിൽ പ്രതിഷ്ഠ ലഭിക്കുന്നുള്ളു. ആ അര്‍ഹത തികയുമ്പോള്‍, യുക്തി – ഹേതു – ലക്ഷ്യങ്ങളും സാധൂകൃതങ്ങളാകുന്നു.

ഗാന്ധാരിയുടെ ഐതിഹാസികകഥ പുനഃസൃഷ്ടിവിധേയമാക്കുന്നതിനു പ്രേരകമായ പല യുക്തി-ഹേതു-ലക്ഷ്യങ്ങളും ‘അമ്മക്കല്ല്’എന്ന കൃതിയുടെ സമഗ്രധ്വനിയിൽ നിന്നു. ചികഞ്ഞെടുക്കാവുന്നതാണ്. പ്രഖ്യാതകഥയിൽ നിന്നുള്ള വ്യതിയാനങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമാണ് ഈ അന്വേഷണത്തിനു വഴിതുറക്കുന്നത്.

മലകളും പുഴകളും കാടുകളും മൃഗങ്ങളും മനുഷ്യരും എല്ലാം പ്രകൃതി കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ ചേതനാചേതനഭേദമില്ലാതെ വാഴ്ചകളിലും വേഴ്ചകളിലും വീഴ്ചകളിലും ഉയര്‍ച്ചകളിലും തുല്യതയോടെ വര്‍ത്തിക്കുന്ന കാഴ്ച ഐതിഹാസിക ജീവിതവ്യവഹാരങ്ങളിലങ്ങോളമിങ്ങോളം വ്യാപിച്ചിട്ടുണ്ട്. ലോകത്തിൽ ഏതു ജനതയുടെ ഭാഷയിലാണ് പുരാവൃത്തങ്ങള്‍ക്ക് ഈ സ്വഭാവമില്ലാത്തത്? സാംസ്കാരികവികാസദശകള്‍ക്കുള്ള പൊതുസ്വഭാവങ്ങളിലൊന്നായി ഇത് അംഗീകൃതമാകുന്നു. പുഴകളുടെയും മലകളുടെയും ശിലകളുടെയും കാറ്റിന്‍റെയും കടലിന്‍റെയും മനഷ്യേതര ജീവികളുടെയും മക്കളായി പിറക്കുന്ന മനുഷ്യര്‍ കഥാപാത്രങ്ങളാകുന്നു. ഹിമാദ്രിയുടെ മകള്‍ പാര്‍വതി; ഗംഗയുടെ മകന്‍ ഗംഗാദത്തനെന്ന ഭീഷ്മര്‍; കാറ്റിന്‍റെ മകന്‍ ഭീമന്‍;…

കോലാഹലന്‍ എന്ന പര്‍വതം ശുക്തിമതി നദിയെ ഒഴുകാനനുവദിക്കാതെ തടുത്തു നിറുത്തി സംയോഗത്തിനിരയാക്കി. ഉപരിചരവസു പര്‍വതത്തെ ചവിട്ടിമാറ്റി നദിയെ മോചിപ്പിച്ചു. സംയോഗത്തിൽ നിന്നുണ്ടായ മക്കളെ തന്‍റെ വിമോചകന് ശുക്തിമതി സമ്മാനിച്ചു. പെണ്‍കുട്ടി ഗിരികയെ ഉപരിചരവസു പത്നിയാക്കി…

ഇത്തരം കഥകളിൽ മാനുഷികമായ വൈകാരിക തീവ്രതകളൊന്നും പ്രസക്തമല്ലെന്ന മട്ടിൽ സ്ത്രീപുരുഷ സംയോഗം, ജനനം മരണം എന്നിവയെല്ലാം ജന്തുസാധാരണ പ്രതിഭാസങ്ങളായി ആഖ്യാനങ്ങള്‍ രൂപപ്പെടുന്നു. അവയെ മാനുഷോചിത തീവ്രവികാരങ്ങളുടെ ഉത്കടത നിറഞ്ഞ ആവിഷ്കാരങ്ങളാക്കി പുനഃസൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യത്തിന്ന്, ജഗത്പ്രകൃതിക്കെന്നപോലെ, ആനന്ത്യമുണ്ട്. വാചസ്പതികളായ പ്രതിഭാശാലികള്‍ ആ സ്വാതന്ത്ര്യത്തെ ദേശ-കാല-ജീവിത വ്യവസ്ഥാനുരോധമായി ഉപയുക്തമാക്കുമ്പോള്‍ ഹിരണ്മായാവരണം നീങ്ങിയ സത്യത്തിന്‍റെ മുഖം ദര്‍ശനീയമായി ഭവിക്കുന്നു.

ഗാന്ധാരീകഥയിലെ വ്യതിയാനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എപ്രകാരം ‘അമ്മക്കല്ല്’ എന്ന പുനഃസൃഷ്ടിയിൽ ദര്‍ശനീയസത്യമുഖമായിരിക്കുന്നു?

ഇതിഹാസങ്ങളിലെ സ്ത്രീസ്വത്വാവിഷ്കാരത്തിന്‍റെ ഒരു സവിശേഷത ജനയിതാക്കളിൽ അമ്മയ്ക്കുള്ള സ്ഥാനം തമസ്കരിക്കപ്പെടുന്നുവെന്നതാണ്. പിതാവും ഭര്‍ത്താവും പുത്രനും (പുത്രഗണവും) ആണ് സ്ത്രീ സ്വത്വത്തിനു നിയാമകങ്ങള്‍. രാമായണത്തിലെ സ്ത്രീകളും ഭാരതേതിഹാസത്തിലെ സ്ത്രീകളും ഇക്കാര്യത്തിൽ ഒരുപോലെയാണ്. സീതയെ ജനകന്‍ യജ്ഞഭൂമിയിലെ ഉഴവുചാലിൽ നിന്നു കണ്ടെടുത്തതുകൊണ്ട് സീത ഭൂമിയുടെ മകളായി. പ്രസവിത്രി യവനികക്കു പിന്നിലായി. രാജമാതാക്കള്‍ മൂവരും ജന്മദേശങ്ങളുടെ പേരിലും പിതാക്കളുടെ പേരിലും അറിയപ്പെട്ടു. കൈകേയിയുടെ അമ്മയെപ്പറ്റി പരാമര്‍ശമുണ്ട്. എന്നാൽ അത് കൈകേയിക്ക് അമ്മ വഴിക്കു കിട്ടിയ ദുഃശാഠ്യമെന്ന ദുഃസ്വഭാവത്തിന്‍റെ ഉറവയേതെന്ന് വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. ദുഃശാഠ്യം മൂലം അച്ഛന്‍ അമ്മയെ പരിത്യജിച്ചു. അമ്മയിൽ നിന്നാണ് ദുഃസ്വഭാവം പകര്‍ന്നു കിട്ടിയതെന്ന് സുമന്ത്രര്‍ കൈകേയിയെ ശകാരിക്കാനായി മാത്രം അമ്മയെ അനുസ്മരിക്കുന്നു.

ഓരോ മകളും വിവാഹത്തോടെ അമ്മി ചവിട്ടി (അമ്മയെ പിന്തള്ളുന്നതിന്‍റെ പ്രതീകക്രിയ) ഇറങ്ങേണ്ടിയിരിക്കുന്നു. അമ്മയുടെ സാന്ത്വനം എന്നേക്കുമായി നഷ്ടപ്പെട്ട് ഒരു പുരുഷന്‍റെ ഇന്ദ്രിയങ്ങളെ സന്തര്‍പ്പണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളായി മാറുക – സാമാന്യ സ്ത്രീകള്‍ക്കും പട്ടമഹിഷിമാര്‍ക്കും ഒരേപോലെ അമ്മയും സ്വത്വവും നഷ്ടപ്പെടുന്നു. ഈ ഗാന്ധാരി പുനഃസൃഷ്ടി ആരംഭിക്കുന്നത് അമ്മയെക്കുറിച്ചുള്ള അന്വേഷണത്തോടെയാണ്. സിന്ധുനദിയുടെ ആശ്ലേഷത്തിൽ അവള്‍ അമ്മയുടെ ആശ്ലേഷത്തിന്‍റെ ആനന്ദനിര്‍വൃതിയാണറിയുന്നത്. അപരരുടെ നോട്ടത്തിലോ? അതൊരു മുങ്ങി മരണമാണ്. അവര്‍ അവളെ ആ ആശ്ലേഷത്തിന്‍റെ നിര്‍വൃതിയിൽ നിന്ന് രക്ഷിച്ച് കൊട്ടാരക്കെട്ടിലെ കട്ടിലെന്ന അരക്ഷിതത്വത്തിലേക്ക് എറിയുകയാണ്. സിന്ധുവിന്‍റെ തീരത്തുനിന്ന് അവള്‍ക്കു കിട്ടുന്ന ഉരുണ്ടുനീണ്ടു മിനുസപ്പെട്ട ഒരു കല്ലിൽ അവള്‍ ഒഴുകുന്ന മുലപ്പാലോടുകൂടിയ അമ്മയ്ക്കുപകരം നെഞ്ചോടുചേര്‍ത്തു തഴുകാവുന്ന എപ്പോഴും കൂടെകൊണ്ടു പോകാവുന്ന എവിടെയും പ്രതിഷ്ഠിക്കാവുന്ന ഒരു അമ്മ വിഗ്രഹം കണ്ടെത്തുന്നു. പുരോഹിതന്‍ അതിനെ ശിവലിംഗമെന്നു വാഴ്ത്തി പ്രതിഷ്ഠിക്കുന്നു. ഗാന്ധാരിയുടെ അമ്മക്കൂറാണ് ശിവഭക്തിയായി വാഴ്ത്തപ്പെട്ടത്. മക്കള്‍ക്കു വേണ്ടി അമ്മയോടുള്ള അര്‍ത്ഥന ശിവഭക്തിയിൽ നിന്നു കിട്ടിയ വരമായി നൂറ്റൊന്നു മക്കള്‍ ഉണ്ടാവുമെന്ന അനുഗ്രഹമായി പുറം ലോകത്ത് വിഖ്യാതമാവുന്നു. രാജകീയ വിവാഹങ്ങളെ അധികാരവും സാമ്രാജ്യവും വികസിപ്പിക്കാനുള്ള ഉപകരണങ്ങളായി മാത്രം കാണുന്ന ഭീഷ്മര്‍ ധൃതരാഷ്ട്രര്‍ക്കു വേണ്ടി കന്യാവരണത്തിനെത്താന്‍ കാരണം ഗാന്ധാരി മികച്ച ഉപഭോഗസാമഗ്രിയാകത്തക്കവണ്ണം സൗന്ദര്യത്തികവാര്‍ന്നവളാണെന്ന ഖ്യാതി മാത്രമല്ല വരത്തെപ്പറ്റി കേട്ടതുകൂടിയാണ്. അവള്‍ നൂറ്റൊന്നു മക്കളുടെ അമ്മയാവുമെന്ന പ്രത്യാശ ബലബോധത്തിന്നു വളമായി. “നീ സുന്ദരി മാത്രമല്ല ബുദ്ധിമതിയും കൂടിയാണ്; എനിക്ക് നിന്നെ നന്നെ ബോധിച്ചു” എന്ന് ഉരച്ച ഭീഷ്മരോട് “അങ്ങേക്കെന്തിനെന്നെ ബോധിക്കണം? എനിക്കങ്ങയെ ബോധിച്ചില്ലല്ലോ” എന്ന് ഉരത്തോടെ മറുത്തുരച്ച ഗാന്ധാരി തന്‍റേടവും നിശ്ചയദാർഢ്യവുമുള്ളവളായിരുന്നു. വരന്‍ നേരിട്ടു കാണാന്‍ വരാതെ രക്ഷാപുരുഷന്‍ എത്തുന്നതിന്‍റെ യഥാര്‍ത്ഥ ഹേതു ആരും അവളെ അറിയിച്ചില്ല. ഗാന്ധാരിയുടെ പുനഃസൃഷ്ടിയിലുള്ള ഒരു വലിയ വ്യതിയാനം ഇതാണ്. വരന്‍ അന്ധനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്നില്ലാത്ത സൗഭാഗ്യം തനിക്കും വേണ്ട എന്ന മഹാത്യാഗ സന്നദ്ധതയും പാതിവ്രത്യനിഷ്ഠയുമായി ഇതിഹാസത്തിൽ ചിത്രികരിച്ച ആന്ധ്യവരണം കണ്ണ് എന്ന അവയവമേതുമില്ലാത്തവന്‍റെ മുഖത്തു നോക്കില്ലെന്ന കടുത്ത പ്രതിഷേധമായി പുനഃസൃഷ്ടിയിൽ രൂപാന്തരപ്പെടുന്നു. കന്യാവരണത്തിനെത്തിയ ‘രക്ഷിതാവ് ‘ മാത്രമല്ല സ്വന്തം പിതാവും സഹോദരനും കൂടി അവളെ ചതിക്കുഴിയിൽ വീഴ്ത്തുന്നതിൽ പങ്കാളികളാകുന്നു. അധികാരം, ബന്ധുബലം മുതലായവയ്ക്കു മുമ്പിൽ സ്ത്രീസ്വത്വം ഒരു വ്യാപാരച്ചരക്കു മാത്രമായി കാണുന്ന രാജകീയ ‘വീര്യ’ സങ്കല്പത്തിന്നു മുന്നിൽ വികാരങ്ങളുള്ള മനുഷ്യപുത്രി ബലിമൃഗം മാത്രമായിത്തീരുന്നു. ഈ അവസ്ഥയുടെ കഠോരതയ്ക്കാണ് ഗാന്ധാരിയുടെ പുനഃസൃഷ്ടിയിൽ ഉത്കടമായ പ്രാമുഖ്യം നല്കിയിരിക്കുന്നത്. പരമസത്യത്തിന്‍റെ മുഖംമൂടുന്ന ഹിരണ്മയാവരണങ്ങളെ പുനഃസൃഷ്ടിയിൽ വലിച്ചുകീറിയെറിഞ്ഞിരിക്കുന്നു. ഇതിഹാസത്തിന്‍റെ വക്താവ് വാചകന്‍റെ കണ്ണുകള്‍ കെട്ടുന്ന ആവരണങ്ങളിട്ടു. ആ മറകളെ മറ (വേദം) പോലെ പവിത്രമാക്കി നിറുത്തുന്ന തന്ത്രത്തെയാണ് അപാവരണത്തിന്‍റെ അനന്ത സ്വാതന്ത്ര്യത്തിനുള്ള മാറ്റമ്പുകള്‍ എയ്തു തകര്‍ക്കുന്നത്. പുതിയ സത്യദര്‍ശനത്തെ അതിനുള്ള വിശ്വാസ്യത സമര്‍ത്ഥിക്കപ്പെട്ടതു കൊണ്ട് ഉചിതമെന്നും ഹൃദ്യമെന്നും നാം അംഗീകരിക്കുന്നു.


ജഗത്തിൽ ശിലാരൂപിണികളായി നിശ്ശബ്ദകളായി അമ്മക്കല്ലായ ഭൂമിയെപ്പോലെ വാണു പോന്ന എല്ലാ അമ്മമാര്‍ക്കുമുള്ള അഴിയാത്ത അലിഞ്ഞൊടുങ്ങിപ്പോകാത്ത ശിലാസ്മാരകം ഗീത മാനുഷഹൃദയക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

ഗാന്ധാരി അമ്മക്കല്ലായ ശിവലിംഗത്തെ ആരുമറിയാതെ കൂടെക്കൊണ്ടു പോന്നിരുന്നത് അമ്മയുടെ സാന്ത്വനം നെഞ്ചിലെ സ്പന്ദനത്തിലേറ്റു വാങ്ങാനുള്ള ഒടുങ്ങാത്ത ഉള്‍ക്കടല്‍ക്കോളിളക്കത്തള്ളലാലായിരുന്നു. അവള്‍ക്ക് അതിനെ ഒരു സംഹാരായുധമായി ഉപയോഗിക്കേണ്ടി വന്ന സാഹചര്യം തികച്ചും സ്വാഭാവികമാക്കി പരിണമിപ്പിക്കാന്‍ ചെറിയ തോതിലുള്ള പുനഃസൃഷ്ടി വീര്യം പോരാ. സഹോദരപത്നിമാര്‍ ഒരേസമയം ഗര്‍ഭിണികളായിരുന്നു. കുന്തി ആദ്യം പ്രസവിച്ചുവെന്നു കേട്ടപ്പോള്‍ ആദ്യ ജാതനുള്ള അവകാശങ്ങള്‍ തന്‍റെ സന്തതികള്‍ക്കു എന്നേക്കുമായി നഷ്ടപ്പെട്ടുവോ എന്ന ആശങ്കയും അസൂയയുമാണ് കുക്ഷി ഘാതമെന്ന കഠോരകൃത്യത്തിനു പ്രേരണയുളവാക്കിയതെന്ന് ഇതിഹാസം. സ്വയം പുറത്തുവരാത്ത സന്തതികളെ അപ്രകാരം പുറത്തെത്തിച്ചാലും ആദ്യ ജാതത്വത്തിന്നുണ്ടാകാവുന്ന അവകാശങ്ങള്‍ കൈവശപ്പെടുത്താനാവില്ലെന്നിരിക്കെ, അസൂയയും അസഹിഷ്ണുതയും മാത്രമല്ല ബുദ്ധിശൂന്യത കൂടി അകൃത്യത്തിന്‍റെ പ്രേരണയായി ലോകത്തുള്ള ബുദ്ധിമത്തുക്കള്‍ കണ്ടെത്തും. ഈ സംഭവ്യതയെ മറികടക്കാന്‍ അത്യസാധാരണമായ ഒരു വ്യതിയാനം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. അസഹിഷ്ണുതയുടെ അഗ്നിപര്‍വ്വത സ്ഫോടനത്തിന് ഉള്‍ക്കാമ്പിൽ ശക്തിമത്തരമായ ഊര്‍ജ്ജ വിസ്ഫോടനം നടക്കണം. ഗര്‍ഭം വളരുംതോറും കീഴ്പോട്ടു തൂങ്ങിക്കൊണ്ടിരുന്ന വയറുംപേറി കഴിഞ്ഞു കൂടുന്നതിലുള്ള ക്ലേശം മൂലം ഒരാശ്വാസമോ സാന്ത്വനമോ കാന്തനിൽ നിന്നു കിട്ടാന്‍ കൊതിച്ച ഗാന്ധാരി കണ്ടത് അദ്ദേഹത്തിന്‍റെ ശയനാഗാരം അകത്തുനിന്നടച്ചിരിക്കുന്നതാണ്.ചുവരിനോടു ചേര്‍ന്നു നിന്ന് അകത്തെ ഭാഷണം ശ്രവിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ ആഘാതം, രാജാവിന് കാഴ്ച മാത്രമല്ല കണ്ണെന്ന അവയവം പോലുമില്ലെന്നറിഞ്ഞപ്പോഴുണ്ടായതിനേക്കാള്‍ (ഇതും ബോധപൂര്‍വ്വം പുനഃസൃഷ്ടിയിൽ നടത്തിയ വ്യതിയാനമാണ്) കടുപ്പപ്പെട്ടതായിരുന്നു. ചുവരിൽ കാതുചേര്‍ത്ത് ശ്രദ്ധിച്ചാൽ അപ്പപ്പോള്‍ അകത്തു നടക്കുന്ന ഭാഷണങ്ങള്‍ മാത്രമല്ല അതീതകാലങ്ങളിലെ വ്യക്തികള്‍ തനിക്കു കേള്‍ക്കാന്‍ മാത്രമായി ചെയ്യുന്ന ഭാഷണങ്ങളും അവളുടെ കര്‍ണങ്ങള്‍ പിടിച്ചെടുത്തിരുന്നു. ആരും തന്നോട് പറഞ്ഞിട്ടില്ലാത്ത സംഭവങ്ങള്‍ കൂടി അവള്‍ അറിഞ്ഞത് സത്യവതിയമ്മൂമ്മയും അംബികയമ്മയും അവളോടു നേരിട്ടു ചുവരെന്ന മാധ്യമത്തിലൂടെ ഉച്ചരിച്ചിരുന്ന വാക്കുകളിലൂടെയാണ്. ഇപ്പോഴവള്‍ അകത്തുനിന്നു കേട്ട ഭാഷണം സഹനശക്തിയുടെ എല്ലാ അതിര്‍ത്തികളെയും തകര്‍ക്കുന്നതായിരുന്നു. ഗാന്ധാരി പ്രതീക്ഷിച്ചിരുന്നത് രാജാവിന് എല്ലാ സന്ദര്‍ഭങ്ങളിലും വിധേയകളാകാന്‍ വിധിക്കപ്പെട്ട പരിചാരികമാരിലൊരുവളുടെ സ്വരമായിരുന്നു. കേട്ടതാകട്ടെ പാണ്ഡു പത്നിയുടെ സ്വരം. പാണ്ഡു രണ്ടു പത്നിമാരോടുകൂടി കാട്ടിൽ കഴിയുന്ന കാലത്തുണ്ടായ മുനിശാപത്തിന്‍റെ കഥയും പുനഃസൃഷ്ടിയിൽ പരിണാമ വിധേയമായിട്ടുണ്ട്. പുനഃസൃഷ്ടിയിൽ പാണ്ഡു സാമ്രാജ്യ വിപുലീകരണത്തിനായി യുദ്ധങ്ങള്‍ നടത്തിക്കൊണ്ടിരുന്നതിനിടയിലാണ് മുനിശാപം സംഭവിക്കുന്നതായി വിഭാവനം ചെയ്യപ്പെടുന്നത്. കീഴടക്കപ്പെട്ട രാജാക്കന്മാര്‍ കൊടുത്തിരുന്ന സമ്മാനങ്ങളിൽ സുദന്തിയെപ്പോലുള്ള സുന്ദരിമാരുണ്ടായിരുന്നു. അക്കൂട്ടരെ ധൃതരാഷ്ട്രര്‍ക്കു കാഴ്ചവച്ചിരുന്നത് സഹോദര സ്നേഹം കൊണ്ടായിരുന്നില്ല. മുനിശാപം മൂലമായിരുന്നെന്ന് കുന്തി വെളിപ്പെടുത്തുന്നത് ഗാന്ധാരി കേട്ടു. ഇപ്പോള്‍ ഭര്‍ത്താവിന്‍റെ ജ്യേഷ്ഠനെ കുന്തി സമീപിച്ചിരിക്കുന്നത് തനിക്കു അതി ബലവാനായ ഒരു പുത്രനെ അദ്ദേഹത്തിൽ നിന്നു ലഭിക്കാനാണ്. കുന്തി ധൃതരാഷ്ട്രരെ എളുപ്പത്തിൽ വഴിപ്പെടുത്തുന്നതിൽ വിജയിക്കുന്നതിന് അന്തര്‍ ദൃക്സാക്ഷിയാവുക എന്ന വിധിവിപര്യയം ആയിരുന്നു ഗാന്ധാരിക്ക് അന്നേവരെ നേരിടേണ്ടി വന്ന എല്ലാ ആഘാതങ്ങളെയും കടത്തിവെട്ടിയത്. ഗാന്ധാരിക്കു പിറക്കാനിരിക്കുന്ന മക്കള്‍ക്കൊക്കെ കൂടിയുള്ള ബലത്തേക്കാള്‍ കവിഞ്ഞ ബലമുള്ള പുത്രനാണ് അവള്‍ക്കു വേണ്ടത്. അതിന്നവള്‍ ആശ്രയിക്കുന്നത് ഇതിഹാസത്തിലുള്ള പോലെ കാറ്റിനേയോ പൂര്‍വിക പുനഃസൃഷ്ടിയിലുള്ള പോലെ കാട്ടാളനെയോ അല്ല. അവരേക്കാളേറെ കരുത്തനായ ഭര്‍ത്തൃസഹോദരനെയാണ്. പുത്രേച്ഛയോടുകൂടിയ ഭര്‍ത്താവ് കിഴിഞ്ഞപേക്ഷിച്ചപ്പോള്‍ മന്ത്രം ജപിച്ച് അമര്‍ത്യരെ ആകര്‍ഷിച്ചു സന്തതി നേടുകയെന്ന വിഹിത നിയോഗത്തിലൂടെ പാതിവ്രത്യം നഷ്ടപ്പെടാതെ മക്കളെ നേടുന്ന കുന്തിയല്ല ഈ പുനഃസൃഷ്ടിയിലുള്ളത്. പാണ്ഡുവോ ഗാന്ധാരിയോ കുന്തിയുടെ പരിഗണനയിലില്ല. ബലവാനായ പുത്രനെ നേടാന്‍ ഉള്ള ഏതു വഴിയും സാധുവായിക്കാണുന്ന കുന്തിയുടെ ഈ ഒരുമ്പെട്ട പുറപ്പാട് ഗാന്ധാരിക്കു വളര്‍ന്നുവരുന്ന ഗര്‍ഭത്തേക്കാള്‍ താങ്ങാനാവാത്ത മാനസികമായ കൊടിയ ഭാരമാണ്. ധൃതരാഷ്ട്രരുടെ ബലവാന്മാരായ മക്കളെ പ്രസവിക്കാനുള്ള ഇച്ഛ തകര്‍ന്നതാണ് കുക്ഷിഘാതത്തിനുള്ള പ്രേരണയാവുന്നത്. അതിനുളള ഉപകരണമായിത്തീരുന്നു അവള്‍ക്കധീനമായി എപ്പോഴും കൂടെയുള്ള അമ്മക്കല്ല്. അവളുടെ ഉദരത്തിൽ നിന്നു പുറത്തുവന്ന മാംസപിണ്ഡത്തിൽ നിന്ന് ആ നൂറ്റൊന്നു മക്കളെ സൃഷ്ടിച്ച് താന്‍ കൊടുത്ത വരം പാലിക്കാനുള്ള വ്യാസന്‍റെ ഉദ്യമത്തെ ഗാന്ധാരി തോല്പിക്കുന്നതാണ് മറ്റൊരു വ്യതിയാനം. നെയ്ക്കുടങ്ങള്‍ക്ക് തുളകളിട്ട് അവള്‍ സാക്ഷാൽ വ്യാസനെ തോല്പിക്കുന്നു. ധൃതരാഷ്ട്രര്‍ പരിചാരികമാര്‍ക്ക് ദാക്ഷിണ്യത്തോടെ നല്കിയ സന്തതികളാണ് നെയ്ക്കുടങ്ങളിൽ നിന്നു പുറത്തുവന്ന നവജാതശിശുക്കളെന്ന് ഗാന്ധാരിയുടെ ഉദരത്തിൽ നിന്ന് പുറത്തുവന്ന മാംസപിണ്ഡശകലങ്ങളല്ല കുരുകുല സന്തതികളായി വളര്‍ന്നത്. എല്ലാവരും ധൃതരാഷ്ട്രരുടെ മക്കള്‍ തന്നെ. ആരും ഗാന്ധാരി പ്രസവിച്ചവരല്ല.

‘മഹാഭാരതത്തിലുള്ളത് മറ്റു കൃതികളിലും കണ്ടേയ്ക്കും ഇതിലില്ലാത്തത് മറ്റെവിടെയുമുണ്ടാവില്ല.’എന്ന വാക്യം വ്യാസന്‍റേതാക്കി പരിവര്‍ത്തിക്കുന്നുണ്ട് ഈ പുനഃസൃഷ്ടിയിൽ- ‘എനിക്കു സാധിക്കുന്നത് മറ്റു പലര്‍ക്കും സാധിച്ചേക്കാം. എനിക്കു സാധിക്കാത്തത് മറ്റാര്‍ക്കും സാധിക്കില്ല’ എന്ന്. നൂറ്റൊന്നുകുടങ്ങളിൽ മാംസശകലങ്ങളിൽ നിന്ന് മനുഷ്യകുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്തതിനു പകരം ദാസികളുടെ ഉദരങ്ങളിൽ കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്ന വ്യതിയാനം സങ്കല്പിക്കുമ്പോള്‍ ആ വാക്യത്തെയാണ് നിരാകരിക്കുന്നത്. പുരാവൃത്തങ്ങളിലെ അസംഭവ്യതകളെ പുതുമാനുഷാസ്തിത്വ വൃത്തങ്ങളിലെ സംഭവ്യതകളാക്കി മാറ്റിയിരിക്കുന്നു. പുരുഷന്‍റെ ഒടുങ്ങാത്ത ഐന്ദ്രിയ ഭോഗതൃഷ്ണയെന്ന അനിഷേധ്യ യാഥാര്‍ത്ഥ്യത്തിന്‍റെ അനാവൃതിയിലുടെയാണ് ഇത് യുക്തിബലത്തോടെ സ്ഥാപിച്ചിരിക്കുന്നത്. സത്യമെന്ന് സ്ഥാപിക്കപ്പെട്ട ഒന്ന് സത്യമല്ലെന്നും ദീപ്തിമത്തായ പുതിയ സങ്കല്പത്തിന് പഴയ സത്യാഭാസത്തെ കരിക്കാന്‍ പോന്ന രശ്മിശക്തിയുണ്ടെന്നും പുനഃസൃഷ്ടിയുടെ ചൈതന്യമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഋഷിത്വം (ഋഷിയെന്ന ശബ്ദത്തിന് രശ്മിയെന്നു കൂടി അര്‍ത്ഥം) സംഹാരശക്തിയെ സര്‍ഗശക്തിയാക്കി പരിവര്‍ത്തിപ്പിക്കുന്നു. സത്യവതിയുടെ ഉത്പത്തി കഥയിലും ഏറെക്കുറെ സമാനമായ ഒരു വ്യതിയാനം ‘യാഥാതഥ്യതഃ അര്‍ത്ഥാന്‍ വ്യദധാത്’ എന്ന മര്യാദയിൽ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. വ്യാസഭാരത കഥയിങ്ങനെ: വസുമഹാരാജാവ് കഠിന തപം ചെയ്ത് ഇന്ദ്രപദവി കൈവശപ്പെടുത്തിയേക്കുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ സ്വര്‍ഗസമാനമായ ചേദിരാജ്യം വാഴാന്‍ ഇന്ദ്രന്‍ രാജാവിനെ പ്രേരിപ്പിച്ചു. ദിവ്യമായ ഒരു സ്ഫാടിക വിമാനം സമ്മാനിക്കുകയും ചെയ്തു. ആ വിമാനത്തിൽ അംബരമാര്‍ഗം വാണതിനാൽ ‘ഉപരിചരവസു’വായി. മുന്‍ വിവരിച്ചപ്പോലെ ശുക്തിമതീനദി സമ്മാനിച്ച ഗരികയോടു കൂടി സുഖിച്ചു വാഴും കാലത്ത് ഒരിക്കൽ നായാട്ടിനു പോയി. ഋതുപരിവര്‍ത്തനത്താൽ കാമോദ്ദീപകമായ പ്രകൃതി ഭംഗി അദ്ദേഹത്തെ ‘ഉണര്‍ത്തുക’യും ഋതുസ്നാതകാലവര്‍ത്തിനിയായ ഗരികയെ ഓര്‍ക്കുകയും ചെയ്തപ്പോള്‍ രേതസ്ഖലനമുണ്ടായി. അതു പാഴാക്കിക്കൂടെന്ന് കരുതി ഇലയിൽ പൊതിഞ്ഞ് ഒരു ശ്യേനനെ ഏല്പിച്ച് ഉടനെ ഗരികയിലെത്തിക്കാനേര്‍പ്പാടു ചെയ്തു. അതുംകൊണ്ട് പരുന്ത് അതിവേഗത്തിൽ പറക്കുന്നതു കണ്ട് മാംസമാണ് നഖങ്ങളിൽ വഹിക്കുന്നതെന്നു കരുതി മറ്റൊരു പരുന്ത് ആക്രമിച്ചു. ഇലപ്പൊതി യമുനാനദിയിൽ വീണു. ‘അദ്രിക’യെന്നു പേരുള്ള ഒരു അപ്സരസ്സ് ബ്രഹ്മശാപം മൂലം യമുനയിൽ മത്സ്യമായി സഞ്ചരിക്കുന്നുണ്ടായിരുന്നു. മത്സ്യം മുകളിൽ നിന്നു വീഴുന്ന വസ്തു വീഴുമ്പോള്‍ തന്നെ വിഴുങ്ങി. മത്സ്യത്തിന്‍റെ ഉദരത്തിൽ നിന്ന് രണ്ടു മനുഷ്യക്കുഞ്ഞുങ്ങള്‍ പിറന്നു. പ്രസവത്തോടെ മോചനം നേടിയ അദ്രിക തന്‍റെ പഴയ ദിവ്യരൂപം തിരിച്ചുകിട്ടി ഉയര്‍ന്നു പോയി. മത്സ്യത്തെ പിടിക്കാനിടയായ മുക്കുവര്‍ അതിന്‍റെ ഉദരത്തിൽ നിന്നു കിട്ടിയ കുഞ്ഞുങ്ങളെ ഉപരിചരവസുവിനു കാഴ്ചവച്ചു. സ്വന്തം സന്തതി തന്നെയെന്നറിയാതെ ആണ്‍കുഞ്ഞിനെ മത്സ്യരാജ്യത്തിലെ അധിപനാക്കുകയും പെണ്‍കുഞ്ഞിനെ ദാശനു കൊടുക്കുകയും ചെയ്തു. അവളാണ് മത്സ്യഗന്ധിനിയായിരുന്ന സത്യവതി. പരാശര മഹര്‍ഷി സുഗന്ധിനിയാക്കി മാറ്റിയവള്‍. അവളെയാണ് സ്വപിതാവായ ശന്തനുവിനു വേണ്ടി ഭീഷ്മവ്രതം സ്വീകരിച്ചതിനാൽ ഭീഷ്മരായിത്തീര്‍ന്ന ഗംഗാദത്തന്‍ കൊണ്ടുപോന്നത്. ഈ കഥയിൽ അദ്രികയുടെ പുത്രിയായി സത്യവതി പിറന്നതിനെയാണ് പുനഃസൃഷ്ടിയിൽ രൂപാന്തരപ്രാപ്തി വിധേയമാക്കിയിരിക്കുന്നത്. ഉപരിചരവസുവിനെ സ്ത്രീ വിഷയത്തിൽ രാജാക്കന്മാരുടെ സര്‍വതന്ത്ര സ്വതന്ത്രതയെന്ന ഒടുങ്ങാത്ത ഭോഗാസ്ക്തിയിൽ നിന്ന് മുക്തനാക്കാതെ, അദ്രികയുടെ സ്വത്വത്തെ പുനര്‍ നിര്‍മാണം ചെയ്തു. അവള്‍ സുന്ദരിയായ ഒരു കാട്ടുപെണ്ണും ഖാണ്ഡകവവന പുത്രി വസു നായാട്ടിനു പോയകാലത്ത് അവളെക്കണ്ടു കാമാന്ധനായി. ബലാത്സംഗ വിധേയയായ അവള്‍ക്കു പിറന്ന കുഞ്ഞിനെ അവള്‍ പുഴയിലെറിഞ്ഞു. അവളെയാണ് വലയിൽ പിടിച്ച ദാശന്‍ കാളിയെന്നു പേരിട്ടു വളര്‍ത്തിയത്. നാഗരികയായതോടെ സത്യവതിയെന്ന് അര്‍ഹതയോടെ അറിയപ്പെട്ടവള്‍. താനുണ്ടാക്കിപ്പാടിയ സത്യഗാഥകളിലൂടെയാണ് ആ ബഹുമതിക്കര്‍ഹയായത്. അവള്‍ പാടിയ പാട്ടുകളാണ് മകന്‍ രാജസദസ്സുകളിൽ പാടിപ്പാടി പേരെടുത്തത്.

ഇപ്രകാരം കൃഷ്ണദ്വൈപായനനെയെന്ന പോലെ അയാള്‍ പിന്നീട് പാടിയ പാട്ടുകളെയും പ്രസവിച്ചവളാണ് സത്യവതി. ഈ രഹസ്യം ചുവരിൽ ചെവിചേര്‍ത്ത് പൂര്‍വികരായ അമ്മമാരെ ആവാഹിക്കാന്‍ സിദ്ധിയുണ്ടായിരുന്ന ഗാന്ധാരിയോട് പറഞ്ഞത്, ധൃതരാഷ്ട്രരുടെ മുത്തശ്ശിയായ സത്യവതിയിൽ നിന്ന് കഥകള്‍ ഗ്രഹിച്ച അംബിക തന്നെ. അമ്മയുടെ ആവശ്യപ്രകാരം ‘നിയോഗ’മെന്ന വിധിയനുസരിച്ച് പുത്രോല്പാദനം നടത്തി കൃഷ്ണദ്വൈപായനന്‍ തിരിച്ചു പോയപ്പോള്‍ തന്‍റെ കര്‍മങ്ങളൊടുങ്ങിയെന്ന് പറഞ്ഞുംകൊണ്ടു മറഞ്ഞു പോയെന്നാണ് സത്യവതിയുടെ സത്യകഥ അംബിക അവസാനിപ്പിച്ചത്. കുരുക്ഷേത്ര യുദ്ധം തുടങ്ങിയകാലത്ത് ‘പൃഥിവീഗതയൗവനാ’ എന്നും കെടുകാലം തുടങ്ങിയെന്നും പറഞ്ഞു സത്യവതിയെ വ്യാസന്‍ അംബികയോടും അംബാലികയോടും കൂടി യാത്രയാക്കിയെന്നതു കെട്ടുകഥയാണെന്ന് അംബിക ഗാന്ധാരിക്കു വെളിപ്പെടുത്തിക്കൊടുത്തിരുന്നു. ആദ്യരാത്രിയിൽ ചെവി ചുവരോടു ചേര്‍ത്ത് കഥകള്‍ പറയുന്ന അംബികയെ ഗാന്ധാരി ആവാഹിച്ചുവരുത്തിയപ്പോള്‍.

അധികാര തൃഷ്ണയും ഭോഗതൃഷ്ണയും പുരുഷനു നിയതി ദത്തമായ വിശേഷാവകാശമാണെന്നും, അവയുടെ ഇരകളായി വിധേയതയോടെ നിശ്ശബ്ദസഹനയജ്ഞമനുഷ്ഠിക്കൽ സ്ത്രീയുടെ ധര്‍മമാണെന്നുമുള്ള ബലം-നീതി സങ്കല്പമാണ് ഇതിഹാസത്തിൽ ഭീഷ്മാകാരത്തിൽ ഉന്നത ശീര്‍ഷമായി വിരാജിക്കുന്നത്. രാജ്യമുപേക്ഷിക്കുന്നുവെന്ന ഭീഷ്മശപഥത്തിലൂടെ നേടിയെടുത്ത ആ പ്രതിച്ഛായ രാജാവിനെ ഭരിക്കുന്ന രാജാവായി വാണും കൊണ്ട് നിലനിറുത്തുകയെന്ന വൈരുദ്ധ്യത്തിന് ഉഗ്രത്യാഗ പ്രതിച്ഛായ സാക്ഷാത്കരിക്കുന്നതിൽ ഭീഷ്മര്‍ വിജയിച്ചുപോന്നു. എങ്കിലും, ഒടുവിൽ താന്‍ തോല്പിച്ചവള്‍ തന്നെ തോല്പിക്കുകയെന്ന സ്ത്രീസ്വത്വവിജയത്തിനു മുന്നിൽ ആയുധം വച്ചു കീഴടങ്ങുന്ന ഭീഷ്മരെയും ഈ കൃതിയിൽ പുനഃസൃഷ്ടി വിധേയമാക്കിയിരിക്കുന്നു. ബലം-നീതി വാദത്തെ സഭയിൽ ചോദ്യം ചെയ്ത ദ്രൗപദിക്ക് ഉത്തരം നല്കാന്‍ നിര്‍ബദ്ധനായപ്പോള്‍ താനല്ല യുധിഷ്ഠിരനാണ് ഉത്തരം പറയേണ്ടതെന്നദ്ദേഹം ഒഴിഞ്ഞുമാറി. ബലം-നീതി വാദത്തിന്‍ പേരിൽ കാശിരാജകുമാരിമാരെ സ്വയംവരമണ്ഡപത്തിന്‍റെ പവിത്രത പറിച്ചെറിഞ്ഞും കൊണ്ട് അപഹരിച്ച പൂര്‍വ ചരിത്രമുള്ള ഭീഷ്മര്‍ക്ക് ധാര്‍ത്തരാഷ്ട്രന്‍ ഉന്നയിച്ച ബലം-നീതിവാദത്തെ നേരിടാനുള്ള ധാര്‍മികബലം എങ്ങനെയുണ്ടാവും? ക്ഷത്രിയന് വിധക്കപ്പെട്ടതെന്ന് അന്നത്തെ പുരുഷാധീശത്വ വ്യവസ്ഥയിൽ കുരുതപ്പെട്ടിരിക്കുന്ന കന്യാഹരണം പോലും സാധുവായിത്തീരുന്നത് ഹരണം വരണത്തിനാവുമ്പോള്‍ മാത്രമാണ്. ഭീഷ്മര്‍ എക്കാലത്തും കന്യമാരെ ഹരിച്ചതോ തേടിയതോ വീര്യസംസ്ഥാപനത്തിലൂടെ വരിക്കാനല്ല അപരനു ഭുജിക്കാനിട്ടു കൊടുക്കുന്നതിനാണ്. സ്വത്വത്തിലെ അഹന്താ സത്യത്തിന്‍റെ മുള്‍മുനയിൽ കിടക്കുന്ന അന്ത്യകാലം അദ്ദേഹത്തിന്‍റെ കുടില കര്‍മവിപാകം തന്നെ. ശിഖണ്ഡിയെ നേരിടേണ്ടി വന്നപ്പോള്‍ അംബയുടെ മുഖം കണ്ട് ഭീഷ്മര്‍ അസ്തപ്രജ്ഞനായി. നപുംസകത്തോടു പൊരുതില്ലെന്ന ന്യായം പറഞ്ഞു ആയുധം വച്ച ഭീഷ്മരെ അംബയുടെ വാക്കുകള്‍ ശരങ്ങളേക്കാള്‍ മൂര്‍ച്ചയോടെ കുത്തിക്കീറി. പെണ്ണുങ്ങള്‍ ആയുധമെടുക്കില്ലെന്നതിനാൽ പെണ്ണിനെയല്ല താന്‍ നേരിടേണ്ടി വരുന്നതെന്ന ‘ഞഞ്ഞംപിഞ്ഞ’ നപുംസകത്തെ നേരിടില്ലെന്ന പൗരുഷഭാസമായി ചിതറിയപ്പോള്‍ അംബ തുണിയുരിഞ്ഞ് തന്‍റെ പെണ്മയെ കാട്ടികൊടുത്തു. ഭീഷ്മരുടെ പൗരുഷാഭാസധാടി പോലും അപ്പൂപ്പന്‍ താടി പോലെ ചിന്നിച്ചിതറി പറന്നുപോയി. അംബയുടെ സ്വത്വവീര്യത്തിനു മുന്നിൽ പുരുഷവീര്യത്തിന്‍റെ ജൃംഭണ സ്വഭാവത്തിനുണ്ടായ തളര്‍ച്ചയും രിക്തതയും ശൂന്യതയുമാണ് ആയുധംവച്ചു കീഴടങ്ങലായി മാറിയത്. (ഈ പുനര്‍ നിര്‍മിതി ബാലമണിയമ്മയുടെ ‘ശരശയ്യ’ യെന്ന കൊച്ചു കവിതയിലും കാണാം.) ഭീഷ്മരുടെ പുരുഷവീര്യം നഷ്ടപ്പെടലെന്ന പരാജയത്തിന് പൗരുഷോചിത ശപഥത്തിന്‍റെ ആവരണം കൊണ്ട് വിജയഛായ നല്കുന്ന തന്ത്രത്തെയാണ് ഈ പുനഃസൃഷ്ടി കഥയിൽ അപാവരണം ചെയ്തു തകര്‍ക്കുന്നത്.

ഏത് ആര്‍ഷര്‍ശനത്തെയും അപനിര്‍മാണ വിധേയമാക്കാന്‍ പില്ക്കാലത്തെ വാചസ്പതികള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്ന വസ്തുതയിൽ നീക്കുപോക്കില്ല. എന്നാൽ പൂര്‍വര്‍ഷി ദര്‍ശനമെന്നവകാശപ്പെട്ടുകൊണ്ട് സ്വീയദര്‍ശനത്തെ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യവുമില്ല. നെയ്കുടങ്ങളിൽ തുളയിട്ടു നൂറ്റുവരെ ഗാന്ധാരിയുടെ മക്കളാക്കിപ്പിറപ്പിക്കാനുള്ള ഉദ്യമം വ്യര്‍ത്ഥമാക്കിയതും വ്യാസ വിവക്ഷിതം തന്നെയെന്നവകാശപ്പെടാന്‍ സ്വാതന്ത്ര്യമില്ല. അതായത് ആഖ്യാന സ്വാതന്ത്ര്യത്തിന്നതിരില്ല; വ്യാഖ്യാന സ്വാതന്ത്ര്യത്തിന്നതിരുണ്ട്.

ധൃതരാഷ്ട്രബലത്തിനു തുല്യമായ ഭീമബലത്തിന്‍റെ രഹസ്യം ഗാന്ധാരിക്കറിയാമായിരുന്നുവെന്ന് കുന്തിക്കു വെളിപാടുണ്ടാക്കിക്കൊടുത്ത രംഗവും പുനഃസൃഷ്ടിയിൽ ധ്വനിസുന്ദരമായി രൂപപ്പെട്ടിട്ടുണ്ട്. ഭീമനു പ്രായമായാൽ ആരെപ്പോലിരിക്കുമെന്നും ‘അവന്‍റെ കണ്ണുകളാണ് രഹസ്യം പാലിക്കുന്നതിൽ രക്ഷിച്ചത് അല്ലേ’ എന്നുമുള്ള ചോദ്യങ്ങളാണ് ധ്വനിശൈലിയിൽ വെളിച്ചം വിതറിയത്. ഭീമനേയും ധൃതരാഷ്ട്രരുടെ നൂറ് ദാസീപുത്രന്മാരെയുമെല്ലാം ഒരുപോലെ അംഗീകരിക്കാനുള്ള ഉള്‍ക്കണ്‍കാഴ്ച സഹന തപസ്യയിലൂടെ ഗാന്ധാരിക്കു കിട്ടിക്കഴിഞ്ഞിരുന്നു. നൂറുദാസിമാരുടെ ദുഃഖത്തെ നൂറ്റവരോടൊപ്പം ഏറ്റുവാങ്ങാനുള്ള കരുത്തും രഹസ്യം ഒരിക്കലും വെളിപ്പെടുത്താതിരിക്കാനുള്ള സഹനശക്തിയും ഗാന്ധാര രാജകുമാരിക്കു ഹസ്തിനപുരത്തിലെ ദാസിമാരെ സോദരിമാരെപ്പോലെ സ്നേഹിക്കാനുള്ള ഹൃദയവിശാലത സംഭരിക്കുന്നതിലെ ആത്മൗന്നത്യവും പുനഃസൃഷ്ടിയിലെ ഗാന്ധാരിയിൽ സന്നിവേശിപ്പിക്കുന്നതിൽ നേടിയ വിജയം ‘രസഭാവാദി സംബദ്ധ’മായ ഔചിത്യബോധഭാസുരതയോടെ തിളങ്ങുന്നു.

മുടി, മുല, നാഭിച്ചുഴി, കടിപ്രദേശം, യോനി മുതലായ അവയവങ്ങളോടു കൂടിയ ഉപഭോഗക്ഷമമായ ഒരു ജീവനുള്ള യന്ത്രം എന്നതിൽ കവിഞ്ഞ് വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമുള്ള അറകള്‍ ഉള്ള മസ്തിഷ്കമെന്ന അവയവം കൂടി പെണ്ണിനുണ്ട് എന്നു പരിഗണിക്കാത്തവരും പുരുഷവീര്യാഹന്തയുടെ ആകാരാകാരങ്ങളും അധികാരവും രാജ്യവും ബലവും വികസിപ്പിക്കാനുള്ള ഉപകരണങ്ങളായി മഹിഷിമാരെ പട്ടം കെട്ടിക്കുന്നവരും ആയ ഭരണാധികാരി പരമ്പരയെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ഇതിഹാസ കഥകളെ പുനര്‍വിചാരണയ്ക്കെടുക്കാന്‍ നവംനവാഖ്യാതാക്കള്‍ക്കുള്ള അധികാരവും സ്വാതന്ത്ര്യവും അപരിമിതമാണ് എന്ന് ഈ പുനഃസൃഷ്ടി പ്രഖ്യാപിക്കുന്നു. യുക്തിഭദ്രവും ഔചിത്യഭാസുരവുമാവുമ്പോള്‍ അത്തരം ഉദ്യമങ്ങള്‍ മൂല്യവത്തായി അംഗീകരിക്കപ്പെടും എന്നും ഗാന്ധാരിയുടെ ഈ പുനഃസൃഷ്ടകഥ ഒരു ധീരനൂതനലോകം തന്നെ. മണവാളന് ആദ്യരാത്രിയിൽ ഉപഹാരമര്‍പ്പിക്കാന്‍ കരുതിക്കൊണ്ടുവന്ന മനോഹരമായ പട്ടുകൊണ്ട് കണ്ണെന്ന അവയവമേയില്ലാത്ത അന്ധന്‍റെ മുഖത്തു നോക്കാതിരിക്കാന്‍ വേണ്ടി കണ്ണുകെട്ടേണ്ടി വന്നവളും സംരക്ഷികയായി കുടെകൊണ്ടുവന്ന അമ്മക്കല്ലു കൊണ്ട് കുക്ഷിഘാതമെന്ന സംഹാരകര്‍മം ചെയ്യേണ്ടിവന്നവളുമായ ഈ പുതിയ ഗാന്ധാരി സ്വന്തം കണ്ണു സ്വയം കുത്തിപ്പൊട്ടിക്കേണ്ടി വന്ന ഈഡിപ്പസിനേക്കാള്‍ കൂടുതൽ ആത്മോന്മാഥിയായ ദുരന്തകഥാപാത്രമാണ്. സ്വന്തം ഉദരത്തിൽ സ്വന്തം രക്തത്തിൽ പിറന്ന ഒരുണ്ണിക്കുവേണ്ടി അടങ്ങാത്ത തൃഷ്ണപൂണ്ട അമ്മക്ക് സ്വന്തം രക്തം പുരണ്ട അമ്മക്കല്ലു തന്നെ ഒടുവിൽ ഉണ്ണിയായി അനുഭവപ്പെട്ടു. നെഞ്ചോടടുക്കിപ്പിടിച്ച ആ ഉണ്ണിയെയും കൊണ്ട് ഗാന്ധാരി കൗമാര പ്രസരിപ്പിന്‍റെ കാലത്തെന്നപ്പോലെ സിന്ധുതീരത്തെ കാട്ടിലെ ഊഞ്ഞാൽ വള്ളികളിലാടിയാടി അമ്പിളിയെത്തൊടാന്‍ ആകാശത്തേക്കുയര്‍ന്നു. മൂലത്തിലെ കഥയിൽ കാട്ടുതീയില്‍പ്പെട്ട് ജീവനോടെ കത്തിയമരുന്ന മൂന്നു നിരാലംബ വൃദ്ധരുടെ ഭീകരദുരന്തമാണുള്ളത്. അതിൽ നിന്ന് കാളിന്ദിയിലെ തോണി ഗാന്ധാരിയെ താരാട്ടുന്ന ദൃശ്യം വേര്‍തിരിച്ചെടുത്തു കാട്ടിത്തരികയും തീക്കൈകള്‍ ഗാന്ധാരിയെയും നെഞ്ചോടടുക്കിപ്പിടിച്ച കല്ലുണ്ണിയെയും മാനത്തമ്പിളിയിലേക്കെറിയുന്ന തേജോമയമായ അന്ത്യത്തിന്‍റെ വിഭാവനം കൊണ്ടു കലാസൗന്ദര്യത്തിന്‍റെ ആനന്ത്യത്തിലേക്ക് നമ്മെ എടുത്തുയര്‍ത്തുകയും ചെയ്യുന്ന ഈ പുനഃസൃഷ്ടിയ്ക്ക് അസ്തമിക്കാത്ത ചന്ദ്രകാന്തിയുണ്ട്. മാനുഷസഞ്ചയത്തിന് ഭൂമി അമ്മയാണ്; എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന അമ്മക്കല്ലാണ്. അവളുടെ നെഞ്ചിൽ നിന്ന് പറിച്ചെടുത്തെറിയപ്പെട്ട് അനന്തതയിൽ ചുറ്റിയലയാന്‍ വിധിക്കപ്പെട്ട കല്ലുണ്ണിയാണ് മനുഷ്യസന്തതികള്‍ക്ക് ചേട്ടനോ അമ്മാമനോ ആയി, സ്നേഹവാത്സല്യങ്ങളുടെ ശീതളകിരണാമൃതം വര്‍ഷിച്ചുകൊണ്ടു വാഴുന്ന അമ്പിളി. ഗാന്ധാരിക്കും നെഞ്ചിലെ കല്ലുണ്ണിക്കും അമ്പിളിയുടെ മടിത്തട്ടിൽ അസ്തമിക്കാത്ത വാഴ്‌വ് നല്കിയ ഭാവന ഈ പുനഃസൃഷ്ടിയെ മറ്റൊരു പൗര്‍ണമിത്തിങ്കളാക്കിയിരിക്കുന്നു. അസ്തമിക്കുന്ന സൂര്യന്‍റെ ‘സൂര്യ’ എന്ന പ്രഭാപുത്രി സോമനെ പരിണയിക്കുന്നു എന്നതുപോലുള്ള ഒരു വിഭാവനം തന്നെയാണ് ഗാന്ധാരിയെന്ന നിശാന്ധകാര സ്ത്രീസത്ത ശതകിരണ മാതാവായി രൂപപ്പെട്ടതെന്ന അഭിദര്‍ശനത്തിന് ഉള്ള കേവല വിചാരഗുരുതയേക്കാള്‍ നാം നെഞ്ചോടടുക്കിപ്പിടിച്ചിരിക്കുന്നത്, സര്‍ഗശക്തി ഊതിക്കയറ്റുന്നതും വാങ്മയി ഓതിക്കയറ്റുന്നതുമായ വൈകാരിക ചൈതന്യത്തിന്‍റെ ഊര്‍ജ്ജപ്രസരമുള്ള സന്തതി ചാരുതയെയാണ്.

ശിലപോലെ ഏതു പീഡനത്തെയും നെഞ്ചേറ്റി വാഴുന്ന ഭൂമിയെന്ന അമ്മക്കല്ലിനെ പഞ്ചകന്യകളായിക്കണ്ടവര്‍ അവര്‍ക്കെല്ലാമുള്ള ശൈലാകാര വികാരങ്ങള്‍ തിരിച്ചറിഞ്ഞവരത്രെ. അമ്മയുടെ പരിലാളന സാന്ത്വനങ്ങളനുഭവിക്കാതെ അവ കൊടുക്കാന്‍ നിയുക്തരായവര്‍; എടുക്കലില്ലാതെ കൊടുക്കാന്‍ പിറന്നവര്‍. ഒരുത്തന്‍റെ കൂടെ ഇറങ്ങിപ്പുറപ്പെടും മുമ്പ് അവരെക്കൊണ്ട് അമ്മക്കല്ലിനെ ചവിട്ടിക്കടന്നു മുന്നോട്ടടി വെപ്പിക്കുന്നു. ഗാന്ധാരി അതു കൂടെക്കൊണ്ടു പോകാനനുവദിക്കാതെ അതിനെ ‘ശിവലിംഗ’ മെന്ന പുരുഷചിഹ്നമാക്കി പുരോഹിതന്‍ പ്രതിഷ്ഠിച്ചെങ്കിലും അത് അടര്‍ത്തിയെടുത്തു കൊണ്ടു പോകാനുള്ള ധീരത അമ്പിളിയുടെ അങ്കതലത്തിൽ അവള്‍ക്കു ശാശ്വത പ്രതിഷ്ഠക്കുള്ള അര്‍ഹതയാക്കി ഭാവാന്തരപ്പെടുത്തിയ ഗീതയുടെ ഭാവനയും ധീരതയും വാഴ്ത്തപ്പെടട്ടെ. ജഗത്തിൽ ശിലാരൂപിണികളായി നിശ്ശബ്ദകളായി അമ്മക്കല്ലായ ഭൂമിയെപ്പോലെ വാണു പോന്ന എല്ലാ അമ്മമാര്‍ക്കുമുള്ള അഴിയാത്ത അലിഞ്ഞൊടുങ്ങിപ്പോകാത്ത ശിലാസ്മാരകം ഗീത മാനുഷഹൃദയക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.


പി. ഗീതയുടെ അമ്മക്കല്ല് എന്ന നോവലിന്റെ അവതാരിക

Print Friendly, PDF & Email