കഥ

കിണർനാലുവശവും മലകളും ആകാശം നിറയെ മഴയും.

എന്നിട്ടും അമ്മന്നൂരിലെ നദികൾ മഴയ്ക്ക് പിറ്റേന്ന് വറ്റുകയും കിണറുകൾ വേനൽപ്പടിക്കൽ വച്ച് ഉണങ്ങുകയും ചെയ്തു.

വളർത്തുമൃഗങ്ങൾ അവരെ വിട്ട് മലകളിലേക്ക് പോയി. കുഞ്ഞുങ്ങൾ ഭക്ഷണം കിട്ടാതെ വൃദ്ധരുടെ മടിയിലിരുന്ന് മരിച്ചു. വൃദ്ധരോ തങ്ങളുടെ പുതിയ തലമുറയുടെ പിഞ്ചുദേഹങ്ങൾ മടിയിൽ വച്ച് മരിച്ചു.

അന്നേരം ചെറുപ്പക്കാർ ഒരു കിണർ കുഴിക്കുവാൻ തീരുമാനിച്ചു.

തങ്ങളുടെ പിതാക്കന്മാരിൽനിന്ന് തലമുറ തലമുറയായി കിട്ടിയ അമ്മന്നൂർ അവർ കുഴിച്ചുതുടങ്ങി. മലകളിലെ വെള്ളം മുഴുവൻ ഒഴുകിവന്ന് അമ്മന്നൂരിൽ ഒരിടത്ത് ഭൂമിക്കടിയിലേക്ക് വാർന്നുപോകുന്ന ഒരു ചതുപ്പിലാണ് അവരത് ചെയ്തുതുടങ്ങിയത്.

ആദ്യത്തെ പത്തടി താഴ്ചയിൽ കറുത്ത മണ്ണായിരുന്നു. അവരത് കോരി സമീപത്തൊരിടത്ത് കൂട്ടിയിട്ടു.

പിന്നെയുള്ള ഏഴടി താഴ്ചയിലേക്ക് വെളുത്ത മണ്ണും മണ്ണിനുള്ളിലെല്ലാം സ്വർണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും വിശിഷ്ടരൂപത്തിലുള്ള ഭരണികളുമായിരുന്നു. ഭരണികൾക്കുള്ളിൽ അപ്പോഴും പൂർണ്ണമായും പൊടിഞ്ഞു തീരാത്ത പട്ടുവസ്ത്രങ്ങളും തൈലങ്ങളും. അവയാകട്ടെ അമ്മന്നൂർ ദേശക്കാർ ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നില്ല.

അതിന് താഴെയുള്ള എട്ടടി മണ്ണിൽ നിറയെ തലയോട്ടികളും കൈകാലസ്ഥികളുമായിരുന്നു. എന്നാലവയിലൊന്നുപോലും കേടുപാടുകളുള്ളവയല്ല. കൊല്ലപ്പെട്ടവരുടെ അസ്ഥികളല്ല. അവിടെ നിന്ന് അമ്മന്നൂർക്കാരുടെ പൂർവ്വികർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ആയുധങ്ങളും അവർക്ക് കിട്ടി. അപ്പോഴും മൂർച്ചയോടെ കാണപ്പെട്ട മഴുവും കത്തിയും വാളുമെല്ലാം ചെറുപ്പക്കാർ പുറത്തിട്ടു.

അതിന്റെ അടിയിലേക്ക് കുഴിക്കാൻ കിളമഴുവെറിയും മുമ്പ് അവർ തങ്ങളുടെ പിതാക്കന്മാരെ സ്മരിച്ചുകൊണ്ട് രണ്ടുനാൾ പ്രാർത്ഥിച്ചു. അവരുടെ സത്കൃത്യങ്ങളെയും ദുഷ്കൃത്യങ്ങളെയും ഓർത്ത് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്തു.

പിറ്റേന്ന് കിണറിലേക്കിറങ്ങിയ ചെറുപ്പക്കാർ എന്തുകൊണ്ടോ വിഷാദമൂകരായിരുന്നു..കിളച്ചുകിളച്ചു ചെല്ലവേ കിളക്കാർ ഒന്നിച്ച് അടിയിലെവിടേക്കോ താണുപോയി. കരയ്ക്ക് നിന്ന് മണ്ണ് കയറ്റിയിരുന്ന യുവാക്കൾ ഉറക്കെ വിളിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ല. അവർ ഉറക്കെ കരയാനാരംഭിച്ചു. അപ്പോൾ അതിലെ വന്ന കാറ്റ്, ഉറക്കെ… ഇനിയുമുറക്കെ… എന്ന് അവരോട് പറഞ്ഞു. അവർ ഉറക്കെയുറക്കെ കരഞ്ഞുകൊണ്ട് കാത്തുനിന്നു.

മണിക്കൂറുകൾ പലത് കഴിഞ്ഞപ്പോൾ കിണറിന്റെ അടിയിൽ നിന്ന് കുറെ കൈകൾ ഉയർന്നുവന്ന് കരയിലേക്ക് സാധനങ്ങൾ കൈമാറിത്തുടങ്ങി. തകർന്നുപോയ തലയോട്ടികൾ, വെട്ടിയൊടിക്കപ്പെട്ട കാലാസ്ഥികൾ, നുറുങ്ങിപ്പോയ നട്ടെല്ലും വാരിയസ്ഥികളും, വെട്ടിയെടുത്ത കൈകൾ, നിലത്തടിച്ച് തകർന്നുപോയ കുട്ടിത്തലയോടുകൾ… അതോടൊപ്പം മണ്ണും രക്തനിറത്തിലുള്ള ജലവും.. കരയിൽ നിന്ന ചെറുപ്പക്കാർ ഉറക്കെയുറക്കെയും അതിലുമുറക്കെയും കരഞ്ഞുകൊണ്ട് അവയെല്ലാം നേരത്തെ കോരിയിട്ട മണ്ണിന് മുകളിൽ കൂട്ടിയിട്ടു.

അപ്പോൾ അതിശക്തമായ ഒരു കാറ്റ് വന്ന് അവരോട് പറഞ്ഞു.

“പോരാ, ഇതുപോരാ.. ഇതിലുമുറക്കെ…”

“നിങ്ങളുടെ പിതാക്കന്മാർ മലയ്ക്കപ്പുറെയുള്ള ഗ്രാമങ്ങളിൽ പോയി ചെയ്ത ക്രൂരതകളോർത്ത് ഇനിയുമുറക്കെ കരയുവിന്. ഇനിയും കോരിയെടുക്കുവിൻ..”

“എല്ലാം തീരും വരെ..”

“എല്ലാം തീരും വരെ..”

പിന്നെയും രക്തവും കലങ്ങിയ ജലവും പഴയ പാത്രങ്ങളും വീടുകളും നിലവിളികളും ശാപങ്ങളും പൊങ്ങിക്കയറിവന്നു. പിന്നെ കിണറ്റിലേക്ക് താണുപോയ ചെറുപ്പക്കാർ ഓരോരുത്തരായി തനിയെ ഉയർന്നുയർന്നുവന്നു.

പിന്നെ കാറ്റ് വന്നു. മരങ്ങളെയും മലകളെയും വരെ അടിച്ചൊതുക്കുന്ന കാറ്റ്.

ഒപ്പം ആകാശത്തുനിന്ന് വലിയ ശബ്ദത്തോടെ ഇടിമിന്നലുകൾ വന്ന് അവരുടെ ദേഹത്തെ കരിച്ചു.

ഏതോ ഒരു നിമിഷത്തിൽ വലിയൊരു ശബ്ദം കേട്ട് ആ കരിഞ്ഞ മനുഷ്യർ കിണറ്റിനുള്ളിലേക്ക് നോക്കി കിണറ്റിൽ വെള്ളം നിറയുന്നത് അവർ കണ്ടു. അത് ഉയർന്നുയർന്നുവന്ന് നിറഞ്ഞ് അമ്മന്നൂരിന്റെ താഴ്ന്ന ഭൂമിയിലേക്കെല്ലാം ഒഴുകിനിറഞ്ഞു.

ആ നാഴികകളിൽ ദൂരെ ഒരിടത്ത് അലറിവിളിച്ച് ഭ്രാന്തമായി തിരമാല ഉയർത്തി ക്ഷോഭിച്ച ഒരു തടാകത്തിലെ കൊച്ചൊരു വഞ്ചിയിലെ സൗമ്യൻ അമരത്ത് തലവച്ചുറങ്ങുകയായിരുന്നു. അവന്റെ കൂട്ടുകാർ അവനെ വിളിച്ചുണർത്തി പറഞ്ഞു.

“ഇതാ കടൽ ക്ഷോഭിച്ചിരിക്കുന്നു. നമ്മളെല്ലാം മരിക്കാറായി.”

അവൻ അവരോട് പറഞ്ഞു. “ഭയപ്പെടേണ്ട, കാരണത്തെ അവർ കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുമ്പോൾ കാര്യം സ്വയം ശാന്തമാകും.”

അവർക്കൊന്നും മനസ്സിലായില്ല. അവർ തടാകത്തിലേക്ക് ചൂണ്ടി തങ്ങൾ മരിക്കാറായെന്ന് വീണ്ടും പറഞ്ഞു.

അപ്പോൾ അവൻ കുനിഞ്ഞ് ജലത്തെ സ്പർശിച്ചു. അതിനോട് ഇപ്രകാരം പറഞ്ഞു.

“പോരേ.. പോരേ… ഇതുപോരെന്ന്…?”

“അവർ അവരുടെ പാപങ്ങളെ കോരിയെടുത്ത് കരഞ്ഞില്ലേ…?”

ശേഷം അമ്മോന്യരുടെ ആ കിണർ… തടാകമേ… നീ ഇപ്പോൾ നിറച്ചുകൊടുത്തില്ലേ…?”

ഇനി, നിന്നോട് ശാന്തമാക്കാൻ ഞാൻ പറയുന്നു.

അത് കേട്ടാറേ ജലം ശാന്തമായി.

അവന്റെ കൂടെ വഞ്ചിയിലുണ്ടായിരുന്നവർ ഇതുകണ്ട് അത്ഭുതപ്പെട്ടു. 

Print Friendly, PDF & Email