കവിത

രണ്ടു കവിതകൾഒന്ന്
——-
അന്നൊക്കെ പൂവുകൾ
മണം സ്വന്തമായി ഉല്പാദിപ്പിക്കുകയും
നിറം പുറമെ നിന്ന് വാങ്ങുകയുമായിരുന്നു പതിവ്.

ഏതു ജംങ്ഷനിൽ ചെന്നാലും
പൂവുകൾക്ക് നിറം വിൽക്കുന്ന മൂന്നു നാലു കടകളെങ്കിലും ഉണ്ടാകുമായിരുന്നു.
പൂ നിറം വിൽക്കുന്ന കടകളുടെ ഒരു തെരുവു തന്നെ പട്ടണത്തിൽ ഉണ്ടായിരുന്നു.

തുടക്കത്തിൽ അതായിരുന്നില്ല സ്ഥിതി.

മണത്തിനൊത്ത നിറം ഉണ്ടെന്നു തോന്നിപ്പിക്കാനുള്ള സവിശേഷ സിദ്ധി
അന്ന് പൂവുകൾക്ക് സ്വന്തമായിരുന്നു.

അഥവാ ഒരു പൂമണത്തെ
കണ്ണ് അനുഭവിച്ചിരുന്നതിനെ
ആ പൂവിന്റെ നിറം എന്ന്
വിളിച്ചു പോരുകയായിരുന്നു.

എരിവു മണമുള്ള മുക്കുറ്റിക്ക് മഞ്ഞ
പൊക്കിൾ മണക്കുന്ന താമരയ്ക്ക് പാടലം
ചെമ്പരത്തിയുടെ ചോരമണത്തിന് ചുവപ്പ്
അങ്ങനെ.

പൂ വിരിയുന്നത്
പൂവിനു വേണ്ടിയോ അതോ
കാണുന്നവന്റെ
കണ്ണിനു വേണ്ടിയോ
എന്ന ചരിത്ര പ്രസിദ്ധമായ തർക്കം
ഉടലെടുത്തതു മുതല്ക്കാണ്
കണ്ണുകൾ
പൂമണങ്ങളെ ഇനി മുതൽ നിറങ്ങളായി അനുഭവിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്.

പൂവുകൾ നിറം പുറമെ നിന്നു വാങ്ങാൻ
തുടങ്ങിയതും അന്നു മുതലാണ്.

കണ്ണുകൾ എന്നിട്ടും വെറുതെയിരുന്നില്ല.

വെളിച്ചത്തേ നിറങ്ങളുള്ളു
ഇരുട്ടത്തെല്ലാമൊന്ന്
എന്ന ഒരു ചൊല്ലുതന്നെ സൃഷ്ടിച്ച്
പൂക്കളെ നേരിട്ടു.

പൂക്കളും വിട്ടുകൊടുത്തില്ല.

ഉദിക്കുമ്പോൾ മാത്രം വിടരുകയും
അസ്തമിക്കുമ്പോൾ കൊഴിയുകയും ചെയ്ത്
അവ കണ്ണുകളുടെ വായടപ്പിച്ചു.

രണ്ട്.
——-

നീയും വളർത്തുന്നുണ്ടല്ലോ
ഒരു സ്നേഹത്തെ.

കണ്ടോണം.

അനുസരണ പഠിക്കാനൊന്നും നിൽക്കില്ല,
തുടലു പൊട്ടിച്ചു പോകും.

വിളിച്ചിട്ടു കാര്യമില്ല
തിരിഞ്ഞു നോക്കില്ല
ഏതോ ലക്ഷ്യം
മുന്നിൽ കണ്ടിട്ടെന്നോണം
കുതിച്ചുപായും.

ഒരു ദിവസം
കല്ലേറേറ്റ്, ആട്ടിയോടിക്കപ്പെട്ട്
എല്ലും തോലുമായി
കെട്ടിൻ ചുവട്ടിൽ തിരിച്ചെത്തും.
മുൻ കാലുകൾ നീട്ടി നമസ്കരിച്ചു കിടക്കും.
പിന്നെ തുടലിന്റെ ആവശ്യമില്ല
തൊഴിച്ചെറിഞ്ഞാലും പോവില്ല.

പക്ഷേ ഉറക്കത്തിലും
ചെവികൾ കൂർപ്പിച്ചിരിക്കും.

തേടി വരില്ലെന്നുറപ്പുള്ള ഒരു കാലൊച്ചയോട്
അതിലും ശക്തമായി പ്രതിഷേധിക്കാനാവില്ലെന്നതുകൊണ്ടാണ്.

Print Friendly, PDF & Email