മറുപക്ഷം

നമ്മൾ ഒന്നിച്ചു അതിജീവിക്കുക തന്നെ ചെയ്യുംഇപ്പോൾ ലോക് സഭയിൽ അവതരിപ്പിക്കപ്പെട്ട പൗരത്വ (ഭേദഗതി) ബിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് അതിർത്തി കടന്നെത്തിയ മുസ്‌ലിം ഇതര മതസ്ഥരെ ഇന്ത്യൻ പൗരരായി അംഗീകരിക്കുന്നതിനുള്ള ബില്ലാണ്. താടിസ്ഥാനത്തിൽ അഭയാർഥികളുടെ പൗരത്വം തീരുമാനിക്കുന്നത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതും രാജ്യത്തെ വളർന്നു വരുന്ന ഹേറ്റ് പൊളിറ്റിക്സ് അടുത്ത ഘട്ടത്തിലേക്ക് വികസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതും രാജ്യത്തു നിലനിൽക്കുന്ന എല്ലാ നിയമങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധവും ആണ് എന്നും പറയുമ്പോൾ തന്നെ പലരും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും പോലെ രാജ്യവ്യാപകമായി മുസ്ലീങ്ങളുടെ പൗരത്വം നിർണയിക്കാനുള്ള ബില്ലല്ല അത് എന്ന് എടുത്തു പറയേണ്ടതുണ്ട് (ഒരു പക്ഷെ അങ്ങിനെയൊരു ബില്ല് ഭാവിയിൽ വന്നേക്കാം. അങ്ങിനെയുണ്ടായാലും അതിനെ നേരിടാൻ ഇന്ത്യൻ ഫെഡറൽ ജനാധിപത്യ സംവിധാനം ഇപ്പോഴും ശക്തമാണ് എന്നാണു ഞാൻ കരുതുന്നത്. ജർമ്മനിയിലെ ചരിത്രമൊക്കെ പറഞ്ഞിരിക്കുന്നവരോട്, കൊച്ചി പഴയ കൊച്ചിയല്ല എന്ന് പറഞ്ഞത് പോലെ ലോകം പഴയ ലോകമല്ല എന്നേ പറയാനുള്ളൂ). (പിന്നെ ഇന്ത്യൻ ജനാധിപത്യത്തിലും ഭരണഘടനയിലും ഉള്ള വിശ്വാസത്തെ കൂടുതൽ മുറുകെ പിടിച്ചു കൊണ്ടല്ലാതെ ഇത്തരമൊരു സാഹചര്യത്തെ നേരിടാനുമാവില്ല).

പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമ്പോൾ തന്നെ അത് ചെയ്യുന്നത് ബില്ലിന്റെ മെറിറ്റ്സിലും ഡി മെറിറ്റ്സിലും നിന്ന് കൊണ്ടാവണം എന്നാണു എന്റെ അഭിപ്രായം.

ചില പിണറായി വിരുദ്ധ ബുദ്ധിജീവികൾ ഈ ബില്ല് നടപ്പാക്കില്ലെന്നു പറയാൻ പിണറായിക്കു ചങ്കുറപ്പുണ്ടോ (നോട്ട് ദി പോയിന്റ്, അവിടെയും ചങ്കും ഇഞ്ചളവും ഒക്കെ തന്നെയാണ് പ്രധാനം) എന്നൊക്കെ ചോദിക്കുന്നത് കേട്ടു. സുഹൃത്തേ, പിണറായിക്കു ഈ ബില്ല് നടപ്പിലാക്കേണ്ട കാര്യമോ നടപ്പിലാക്കാതിരിക്കേണ്ട കാര്യമോ ഇല്ല. കാരണം നമുക്ക് ഈ രാജ്യങ്ങളുമായൊന്നും അതിർത്തിയില്ല. അതിർത്തി കടന്നു വരുന്നവർക്ക് പൗരത്വം നൽകേണ്ട ചുമതലയും കേരള സർക്കാരിനില്ല. അപ്പൊ അത്തരം വെല്ലുവിളികളൊക്കെ കേന്ദ്ര സർക്കാരിനെതിരെ ഉള്ള എതിർപ്പും വിയോജിപ്പും അല്പം പിണറായിക്കു കൂടി കിട്ടിക്കോട്ടെ എന്ന ദുരുദ്യേശത്തിൽ നിന്ന് വരുന്നതാണ് അതിർത്തി സംസ്ഥാനങ്ങളിൽ തന്നെ, കശ്ശ്‌മീർ പ്രത്യേക പദവിക്കെതിരെ നിലപാടെടുത്ത ബിജെപി, വിവിധ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഈ ബില്ലിൽ പ്രത്യേക ഇളവ് നൽകിയിട്ടുമുണ്ട്.

രാജ്യവ്യാപകമായ NRC ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അജണ്ടയിലില്ലെന്നതാണ് ഈ വിഷയത്തിൽ അവസാനമായുണ്ടായ ഔദ്യോഗിക പ്രഖ്യാപനം. തൽക്കാലം അത് മുഖവിലക്കെടുക്കുക എന്നതാണ് നമുക്ക് മുന്നിൽ ഉള്ള ഒരേ ഒരു ഓപ്‌ഷൻ. അതങ്ങിനെ അല്ലാതെ വരുന്ന പക്ഷം, ജനാധിപത്യപരമായും നിയമപരമായും ഒക്കെ സംസ്ഥാനത്തും രാജ്യത്തും അന്താരാഷ്‌ട്ര തലത്തിലും വിവിധ കടമ്പകളും പ്രതിഷേധങ്ങളും കടന്നു മാത്രമേ പ്രായോഗികമായി നടപ്പിലാക്കാനാകൂ. അപ്പോഴും കോടിക്കണക്കിനു വരുന്ന ഇന്ത്യയിലെ വിവിധ വിഭാഗം ജനങ്ങൾ അത് നടപ്പിലാക്കാൻ കഴിയാത്ത വിധം ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തു വരിക തന്നെ ചെയ്യും. കോടിക്കണക്കിനു വരുന്ന ഇന്ത്യയിലെ മുസ്ലീങ്ങളെ ഏതെങ്കിലും തുറന്ന തടവറയിൽ അടക്കാമെന്നു വ്യാമോഹിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. അങ്ങിനെ ഭയക്കുന്നവരും അപ്രകാരമുള്ള ഭയം പ്രചരിപ്പിക്കുന്നവരും രാജ്യത്തെ സംവിധാനങ്ങളിലും മറ്റു ജനവിഭാഗങ്ങളിലും എന്തിനു തങ്ങളെക്കുറിച്ചു പോലും ആത്മവിശ്വാസമില്ലാത്തവരാണ്. അങ്ങിനെയെന്തെങ്കിലുമുണ്ടായാൽ രേഖകളുമായി ആദ്യം ക്യൂ നിൽക്കാൻ തയ്യാറാകുന്നവർ, അവരിൽ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ളവരുമുണ്ട്.

ഇതിപ്പോ പറയാൻ കാരണം, ഇന്നലെ ബസ്സിൽ വെച്ച് അടുത്തിരുന്ന മുസ്‌ലിം സ്ത്രീയുമായുണ്ടായ സംഭാഷണമാണ്. അവർ ആകെ ഭയചകിതയായിരുന്നു. മോനെ ഞങ്ങളെയൊക്കെ കൊണ്ടുപോയി ക്യാമ്പിലിടുമോ എന്ന് അവർ ചോദിച്ചു. 1951 നു മുൻപുള്ള രേഖകൾ ഞങ്ങൾ എവിടെ പോയി കണ്ടെത്താനാണ് എന്ന് അവർ ആശങ്കപ്പെട്ടു. 51 അല്ല 71 എന്ന് ഞാൻ ഇടയിൽക്കയറി പറഞ്ഞപ്പോൾ ഇല്ല 51 ആണെന്നും മോനറിയാത്തതാണെന്നും അവർ തറപ്പിച്ചു പറഞ്ഞു. അവരുടെ ഉമ്മയുടെ വാപ്പയുടെ തറവാട്ടിൽ പോയി പ്രമാണമോ മറ്റോ ഉണ്ടോന്നു അന്വേഷിക്കണമെന്നും അയലത്തെ വീട്ടുകാർ രക്ഷപെട്ടുവെന്നും അവരുടെ ബാപ്പ സർക്കാർ ഉദ്യോഗസ്ഥനായിരുന്നത് കൊണ്ട് അവർക്കു കുഴപ്പമില്ലെന്നും തനിക്കു കിടന്നിട്ടു ഉറക്കം വരുന്നില്ലെന്നും അവർ എന്നോട് പറഞ്ഞു.

ഭീതി പ്രചരിപ്പിക്കരുത് ദയവായി, അത് തന്നെയാണ് ഫാസിസ്റ്റുകൾ ആഗ്രഹിക്കുന്നതും. അങ്ങകലെ എവിടെയോ കുളമുണ്ടെന്നു കരുതി ഇപ്പോഴേ മുണ്ടു പൊക്കിപ്പിടിക്കരുത്, കുളം വരട്ടെ അപ്പൊ നമുക്കൊരുമിച്ചു ഇറങ്ങിനിന്നു അത് വറ്റിക്കാം.

ഇന്ത്യൻ സമൂഹം ഇതിലും വലിയ വിരട്ടലുകൾ കണ്ടിട്ടുണ്ട്, നേരിട്ടിട്ടുണ്ട്, അതിജീവിച്ചിട്ടുണ്ട്.

Print Friendly, PDF & Email