കവിത

കാള്ളിലെപ്പിടച്ചിലേറുകയാണ്.
ഇന്നലെ വെട്ടിയെടുത്താകാശം പകര്‍ത്തിവെച്ച കടലാസുപട്ടം
പറക്കലിനു മുന്നെ കീറിപ്പറിഞ്ഞുകിടക്കുന്നു,
സ്വപ്നങ്ങളുടെ ചില്ലുമറ കാറ്റുതല്ലി തകര്‍ത്തതാണെന്ന്!
വാക്കുകളെ വളച്ചു വെച്ച് വാതില്‍ക്കൊളുത്തുകളുണ്ടാക്കണം
ഉറക്കത്തിലേക്ക് ഇനിയൊരൊറ്റച്ചിറകുപോലും ആരും കടത്തിവിടാതിരിക്കാന്‍.

ഒരു ദീര്‍ഘത്തിലൊതുക്കാനൊക്കില്ല നിന്‍റെ കരച്ചിലെന്നറിയാം
എങ്കിലും നിന്‍റെ ചെരിഞ്ഞുനോട്ടത്തെ കടം തരികയിപ്പോള്‍
ഭൂതകാലത്തിലെക്കൊന്നു ചികഞ്ഞിറങ്ങണമെനിക്ക്.
ഒരു രാത്രികൊണ്ട് അളന്നെടുക്കാനരുതാത്തത്രയും ഇരുട്ടാണുള്ളില്‍.
ഘനീഭവിച്ചത്.
ഇലപ്പടര്‍പ്പുകളെ തേടിയന്നലഞ്ഞുനടന്നത്
വെളിച്ചങ്ങളെ കുടഞ്ഞുനോക്കിയത്
ചെറു ചാലുകളില്‍ തുഴഞ്ഞ്
റോഡുകടന്ന് തിരിഞ്ഞുനോക്കാതെ
സ്കൂളിന്‍റെ പടിവരെ നിര്‍ത്താതെയോടിയത്
മുട്ടിറക്കമുള്ള പാവാട കുടഞ്ഞ് മഴയെ തോല്‍പ്പിച്ചേ എന്നു കിതച്ചത്.
വൈകുന്നേരങ്ങളില്‍ കുന്നിറങ്ങുമ്പോള്‍
ആകാശം നോക്കിനോക്കി കഴുത്തു കഴച്ചത്
ചിലപ്പോളുരുണ്ടുപൊട്ടി ചോരപൊടിഞ്ഞത്.
വാതോരാതെ വര്‍ത്തമാനം പറഞ്ഞ്
ഓട്ടിന്‍ തുമ്പിലെ മഴത്തുള്ളിയെ പാട്ടിലാക്കിയത്
നിലം മുട്ടും മുമ്പെ അവള്‍ പിണങ്ങിപ്പോയത്.
ഉയരാനുമുറയ്ക്കാനും ഒരുങ്ങാത്ത പകലുകള്‍
രാത്രിക്കടലുകളിലേക്കെന്നെ എറിഞ്ഞുകളഞ്ഞത്
കണ്ണീരുകുറുക്കി തിരകളുപ്പുകുടിച്ചത്..

ചുഴിയാണു കാക്കേ,നിന്‍റെ ഒരുകണ്ണ് തുടിക്കുന്നു.
മറുകണ്ണ് വലംകൈയ്യില്‍
ചത്തുകിടക്കുന്നു.

ഇനിയൊരൊറ്റച്ചിറകുപോലും കടക്കില്ല
വാതിലുകളെ ഞാന്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു.
ഇല്ലാത്ത വായുവില്‍ ഉടലറ്റ പട്ടങ്ങള്‍
പറന്നുനടക്കുന്നു.
നിന്‍റെ മറുകണ്ണ് വലംകൈയ്യില്‍ ചത്തുകിടക്കുന്നു.

Print Friendly, PDF & Email