POLITICS നിരീക്ഷണം ലേഖനം സാമൂഹ്യം

അടിമജീവിതങ്ങളുടെ ഇന്ത്യ


അജിത്. ബി

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ദിനപത്രങ്ങളിലെ പ്രാദേശികവാർത്തകളുടെ കൂട്ടത്തിലിടംപിടിച്ച ഒരു ചെറുവാർത്തയാണ് – ബെംഗളൂരു നഗരത്തിനടുത്ത് അനേക്കൽ താലൂക്കിലെ കുഗുരു എന്ന ഗ്രാമത്തിൽനിന്നും ഒരു തോട്ടംമുതലാളി അടിമവേലക്ക് നിർത്തിയിരുന്ന കുറച്ചു കുടുംബങ്ങളെ അധികൃതർ മോചിപ്പിച്ചു. എട്ടു മാസം തൊട്ട് പതിനേഴ് വർഷം വരെ പ്രായമുള്ള പത്തു കുട്ടികളടക്കം 29 മനുഷ്യർ.

ബെംഗളൂരിന്‍റെ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു താലൂക്കാണ് അനേക്കൽ. വിപ്രോ, ബയോകോൺ, എച്ച്സിഎൽ, ഇൻഫോസിസ് തുടങ്ങിയ നിരവധി വൻ ഐടി/ബിടി കമ്പനികളും ഇലക്ട്രോണിക് സിറ്റിയും ജിഗ്‌നിയും സർജാപൂരും അട്ടിബെലെയും പോലുള്ള വ്യവസായമേഖലകളും ഉൾപ്പെടുന്ന പ്രദേശമാണത്. സമ്പത്തുത്പാദനത്തിൽ ഒട്ടും ചെറുതല്ലാത്ത, സാങ്കേതികമായി ബെംഗളൂരു നഗരത്തിൽ ഉൾപ്പെടില്ലെങ്കിലും പ്രായോഗികമായി ഇന്ത്യയിലെ സിലിക്കൺവാലിയുടെ ഭാഗം തന്നെയായ, ഒരു താലൂക്ക്. പക്ഷെ ആ വികസനകുതിപ്പിന്‍റെ നേട്ടങ്ങളൊന്നുംതന്നെ മേല്പറഞ്ഞ അടിമവേലക്കാരുടെ നിത്യജീവിതത്തെ തൊട്ടുനോക്കിയിട്ടുപോലുമില്ലായിരുന്നു. യൂക്കാലിപ്റ്റസ് തോട്ടത്തിൽ പകലന്തിയോളം പണിയെടുക്കുന്നതിന് ദിവസക്കൂലിയായി കിട്ടിയിരുന്ന 35 രൂപ കൊണ്ടായിരുന്നു അവർ ഭക്ഷണമടക്കം എല്ലാ ചിലവുകളും കഴിച്ചുവന്നിരുന്നത്. അന്തിയുറങ്ങാൻ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ടാർപോളിൻ ടെന്റുകൾ. വിട്ടുപോകുമെന്ന് പറഞ്ഞാൽ ജോലിക്ക് വെക്കുമ്പോൾ മുൻകൂർകൊടുത്ത പണം തിരിച്ചടക്കണമെന്ന ഭീഷണി. ഒരിക്കലും തിരിച്ചുകൊടുക്കാനൊക്കാത്ത കടക്കെണിയിൽ തളക്കപ്പെട്ട നിസ്സഹായതയും ഭയവും മാത്രം കൈമുതലായുള്ള അടിമജീവിതം.

ആറ് വർഷങ്ങൾക്ക് മുമ്പ് നഗരങ്ങളിലേക്ക് തൊഴിൽ തേടിയെത്തുന്ന മറ്റേത് ഗ്രാമീണരേയും പോലെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നും ബാംഗ്ലൂരിൽ ജോലി തേടിയെത്തിയതായിരുന്നു ഈ കുടുംബങ്ങൾ. ആദ്യം ജോലി ചെയ്തത് വേറൊരാളുടെ അടുക്കലായിരുന്നു. ആ മനുഷ്യന് ആളൊന്നിന്ന് 80,000 രൂപ വീതം നൽകി ഇപ്പോഴത്തെ ഉടമ ഇവരെ കൈവശപ്പെടുത്തിയതാണ്. ആ സമയം ഓരോരുത്തർക്കും 40,000 മുതൽ 60,000 രൂപ വരെ അഡ്വാൻസും കൊടുത്തു. കൂടെ ദിവസക്കൂലി യായി 600 രൂപ കൊടുക്കാമെന്ന വാഗ്ദാനവും. ആറ് വർഷങ്ങൾ നീണ്ട, അധികൃതർ ഇപ്പോൾ കണ്ടത്തിയില്ലായിരുന്നെങ്കിൽ ഒടുക്കമില്ലാതെ തുടരുമായിരുന്ന, ഈ മനുഷ്യരുടെ അടിമജീവിതം തുടങ്ങുന്നത് ഈ കടക്കെണിയിൽ നിന്നായിരുന്നു.

വീട്ടാകടം ധനികരെയും ദരിദ്രരേയും രണ്ടു രീതിയിലാണ് ബാധിക്കുക. വലിയ ധനികർക്ക് അവരുടെ വലിയ കടങ്ങൾ തിരിച്ചടക്കാനാകാതെ വരുമ്പോൾ സാങ്കേതികമായി പാപ്പരാകാം. തെല്ല് സാമർഥ്യമുണ്ടെങ്കിൽ സ്വകാര്യജീവിതത്തിലെ സുഖലോലുപതക്ക് തെല്ലും കോട്ടമേൽക്കാതെ നാടുവിടുകയും ചെയ്യാം. മേഹുൽ ചോക്‌സിയെപോലെ. ബോധപൂർവം എടുത്ത കടം തിരിച്ചടക്കാത്ത 30 കമ്പനികളുടെ ഒരു പട്ടിക ഈയിടെ റിസർവ്ബാങ്ക് പ്രസിദ്ധീകരിച്ചിരുന്നു. വായ്പാദാതാക്കൾ ഇതിനകം എഴുതിത്തള്ളിയതുൾപ്പെടെ 50,000 കോടി രൂപയിലേറെ വരും ഈ സ്ഥാപനങ്ങളുടെ കടബാധ്യത. 5044 കോടി രൂപയാണ് ഒന്നാം സ്ഥാനത്തുള്ള ചോക്‌സിയുടെ ഗീതാഞ്‌ജലി ജെംസ് എന്ന സ്ഥാപനത്തിന്‍റെ കുടിശ്ശിക. 4197 കോടി രൂപയുടെ കുടിശ്ശികയുമായി രണ്ടാം സ്ഥാനത്ത് സന്ദീപ് ജുൻജുൻവാലയുടെ റീ ആഗ്രോ. മൂന്നാം സ്ഥാനത്ത് ജതിൻ മേത്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജൂവലറി. കുടിശ്ശിക 3386 കോടി രൂപ.

എന്നാൽ, ആയിരത്തിന്‍റെയോ പതിനായിരത്തിന്‍റെയോ കടം വീട്ടാനൊക്കാതെ വരുന്ന പട്ടിണിപാവങ്ങളുടെ കഥ വേറെയാണ്. 1995 ന് ശേഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് ലക്ഷത്തോളം കർഷക ആത്മഹത്യകളുടെ പ്രധാനകാരണങ്ങളിലൊന്ന് എടുത്ത ചെറുകടങ്ങൾ തിരിച്ചടക്കാൻ പറ്റാതെ പോകുന്നതാണ്. കൊള്ളപ്പലിശയുടെയും പറ്റുപടികളുടെയും നിർദ്ധാരണം അസാധ്യമായ സങ്കീർണ്ണഗണിതം. കഴുത്തിലെ കുരുക്കായി മാറുന്ന കടക്കെണി. ഈ കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് പുറത്ത് കടന്നാലോ അവരെ പലപ്പോഴും കാത്തുനിൽക്കുന്നത് അടിമവേലയും.

അടിമവേലയെക്കുറിച്ച് പറയുമ്പോൾ വേറെയേതോ ദേശകാലങ്ങളിൽ നടക്കുന്ന ഒന്നായി സങ്കൽപ്പിക്കാനാണ് നമ്മൾക്കിഷ്ടം. മേല്പറഞ്ഞ പോലുള്ള വാർത്തകൾ കാണാനിടയായാൽ അത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറഞ്ഞൊഴിയാനും. പക്ഷെ, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അടിമവേല ആധുനികസമൂഹങ്ങളിലും പ്രബലമായി നിലനിൽക്കുന്നുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. ശാരീരികവും മാനസികവുമായ നിർബന്ധങ്ങൾക്കും ഭീഷണികൾക്കും പീഡനങ്ങൾക്കും വഴങ്ങി, പലപ്പോഴും അക്ഷരാർത്ഥത്തിൽ തൊഴിൽദാതാവിന്‍റെ തടവിൽ, തികച്ചും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന അനേകം മനുഷ്യർ ലോകത്തെമ്പാടുമുണ്ട്. പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളിൽ. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ 4.03 കോടി ആൾക്കാരാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മറുവഴികളില്ലാതെ അടിമവേല ചെയ്യാൻ നിബന്ധിക്കപ്പെടുന്നത്.

ഇന്ത്യയിലേക്ക് വരാം. വാക് ഫ്രീ ഫൌണ്ടേഷൻ പ്രസിദ്ധീകരിച്ച 2018 ലെ ആഗോള അടിമത്ത സൂചിക പറയുന്നത് നമ്മുടെ രാജ്യത്ത് 7,989,000 ആൾക്കാർ ആധുനിക കാലത്തെ അടിമവേലയുടെ ഇരകളാണെന്നാണ്. അതായത് 1000 ആൾക്കാരിൽ 6.1 പേർ എന്തെങ്കിലും തരത്തിലുള്ള അടിമവേലക്കായി നിർബന്ധിക്കപ്പെടുന്നു എന്ന്. ഇക്കഴിഞ്ഞ മാർച്ച് മാസം ലോകസഭയിൽ തൊഴിൽ മന്ത്രാലയം അവതരിപ്പിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ നാലുവർഷത്തിനിടെ 13,512 പേരെ അടിമവേലയിൽനിന്ന് പുനരധിവസിപ്പിക്കുകയുണ്ടായിട്ടുണ്ട്. യുപി, ബീഹാർ, കർണ്ണാടക എന്നീ മൂന്ന് സംസ്ഥാങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ കണ്ടെത്തിയിട്ടുള്ളത്. പണ്ട് ഗ്രാമങ്ങളിലാണ് അടിമവേല കൂടുതലായി കാണപ്പെടുന്നതെങ്കിൽ ഇന്നത് നഗരപ്രദേശങ്ങളിലും സാധാരണമായിരിക്കുന്നു. അങ്ങിനെയുള്ള നിരവധി കേസുകളിൽ ഒന്നു മാത്രമാണ് ഈ കുറിപ്പിന്‍റെ ആദ്യം സൂചിപിപ്പിച്ച ബാംഗ്ലൂരിലെ അനേക്കലിൽ നിന്നും മോചിപ്പിക്കപ്പെട്ട എട്ടു കുടുംബങ്ങളുടെ കഥ.

നിയമങ്ങളും ബോധവൽക്കരണവുമൊക്കെ അടിമവേല ഇല്ലായ്മ ചെയ്യുന്നതിൽ പരാജയപ്പെടുന്നു ഈ കണക്കുകൾ സൂചിപ്പിക്കുന്നത് . 1975 ൽ Bonded Labour System (Abolition) Act പ്രകാരം നിരോധിച്ചണെങ്കിലും, ഇന്നും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അത് പ്രബലമായി തുടരുന്നു. ഇതിനു സമാനമായ സ്ഥിതി തോട്ടിവേലയുടെ കാര്യത്തിലും കാണാം. ഫലപ്രദമാകാതെ പോയ വിവിധ നിയമനിർമ്മാണങ്ങൾക്ക് ശേഷം 2013 ൽ The Prohibition of Employment as Manual Scavengers and their Rehabilitation Act എന്ന നിയമത്തിലൂടെ രാജ്യമൊട്ടാകെ നിരോധിച്ചതാണ് തോട്ടിവേല. എന്നിട്ടും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ മനുഷ്യരെ ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കാനിറക്കുന്നതും അവർ വിഷവാതകങ്ങൾ ശ്വസിച്ച് ശ്വാസംമുട്ടി ചാവുന്നതും നിത്യേനയെന്നോണം നമ്മൾ പത്രങ്ങളിൽ വായിക്കുന്നു.

അടിമവേലയുടെ വിവിധവശങ്ങളുടെ നേർക്കാഴ്ച്ചകൾ സ്ഥിവിവരപട്ടികകളുടെ ചതുരവടിവിനപ്പുറംപോയി കാട്ടിത്തരുന്ന ഒരു പുസ്തകമുണ്ട്. ലക്ഷ്മിദർ മിശ്ര എഴുതിയ Human Bondage: Tracing its Roots in India (2011). സ്വതന്ത്ര ഭാരതത്തിലെ അസ്വതന്ത്രമായ തൊഴിലിടങ്ങളെ അതിന്‍റെ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ പശ്ചാതലത്തിൽ അറിയാൻ ശ്രമിക്കുന്ന ബൃഹത്തായ ഒരു പഠനമാണത്. കേന്ദ്രസർക്കാരിലും അന്താരാഷ്ര തൊഴിൽസംഘടനയിലും മനുഷ്യാവകാശ കമ്മീഷനിലും ഉന്നതപദവികളിൾ വഹിച്ചിട്ടുള്ള മിശ്ര ഇന്ത്യയിലെ അസംഘടിത തൊഴിൽമേഖലയിലെ കൊടിയ ചൂഷണങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള ഒരാളാണ്. ദീർഘകാലത്തെ ഔദ്യോഗികജീവിതത്തിനിടയിൽ ഇന്ത്യയൊട്ടുക്കും അദ്ദേഹം നടത്തിയ യാത്രകളും അന്വേഷണങ്ങളും ഇടപെടലുകളുമാണ് ആ പുസ്തകത്തിന്‍റെ പ്രധാന ശക്തിശ്രോതസ്. മനുഷ്യരെ അടിമവേലയിലേക്ക് തള്ളിയിടുന്ന സാമൂഹ്യവും സാമ്പത്തികമായ പരിതോവസ്ഥകളുടെ, കടക്കെണിയുടെ ദൂഷിതവലയത്തിന്‍റെ, നടുക്കുന്ന കഥകൾ. തോട്ടങ്ങൾ, ക്വാറികൾ, ഖനികൾ, ഇഷ്ടികചൂളകൾ, കെട്ടിടനിർമ്മാണം തുടങ്ങിയ അസംഘടിതതൊഴിൽ മേഖലകളിൽ നടക്കുന്ന കൊടിയ ചൂഷണം. മിശ്രയുടെ പുസ്തകം നമ്മുക്ക് മുന്നിൽ അനാവൃതമാക്കുന്നതത്രയും അപ്രിയസത്യങ്ങളാണ്.

ഗ്രാമങ്ങളിലെ ഭൂപ്രഭുക്കൾക്ക് തങ്ങളുടെ പാടങ്ങളിൽ അടിമവേല ചെയ്യുന്ന കർഷകത്തൊഴിലാളികളോടുള്ള മനോഭാവം വിശദീകരിക്കാനായി താൻ 1982 ശൈത്യകാലത്ത് ജാർഖണ്ഡിലെ ഭൂസ്കി എന്ന ഗ്രാമം സന്ദർശിച്ചപ്പോളുണ്ടായ ഒരനുഭവം മിശ്ര എഴുതുന്നുണ്ട്. ഈ തൊഴിലാളികൾക്ക് എന്തുകൊണ്ട് മിനിമം വേതനം നൽകുന്നില്ല എന്നതിനുത്തരമായി ഒരു പ്രമാണി ഇങ്ങനെ പറഞ്ഞത്രെ: ‘ഇങ്ങനെ മിനിമം കൂലി ആവശ്യപ്പെടാൻ ഇവർക്കെന്ത് അവകാശമാണ്? ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ പണിയെടുത്തിരുന്നില്ലെങ്കിൽ ഇപ്പോൾ സർക്കാരിൽനിന്നും ഇവർക്ക് ധനസഹായം ലഭിക്കുമായിരുന്നോ? ഈ ഒറ്റക്കാര്യംക്കൊണ്ട് തന്നെ സൗജന്യമായി ജോലി ചെയ്യാൻ തയ്യാറാകുകയാണ് ഇവർ ചെയ്യേണ്ടത്.

തങ്ങളുടെ അധീശത്വം ഊട്ടിയുറപ്പിക്കുന്നതിന് ഭൂവുടമകളും ഇടനിലക്കാരും കങ്കാണികളുമൊക്കെ ഉപയോഗിക്കുന്ന ഇത്തരം വികൃതവും വിചിത്രവുമായ യുക്തികൾ കഴിഞ്ഞ നൂറ്റാണ്ടിന്റേതാണ് എന്ന് കരുതുന്നെകിൽ നിങ്ങൾക്ക് തെറ്റി. ഈയിടെ, മഹാനഗരത്തിലെ റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ചീഞ്ഞളിഞ്ഞ മാലിന്യകൂമ്പാരം തൂപ്പുവേലക്കാറെക്കൊണ്ട്‌ വെറുംകൈയ്യാൽ വകഞ്ഞു മാറ്റിക്കുന്ന കരാറുകാരനെ ഒരു വഴിപോക്കൻ ചോദ്യം ചെയ്യുന്നത് കണ്ടു. ഇവറ്റകൾക്ക് ഈ പണി കിട്ടുന്നത് തന്നെ മഹാഭാഗ്യമാണെന്നും അതിനവർ നന്ദി പറയുകയാണ് വേണ്ടതെന്നുമായിരുന്നു ആ തർക്കം കണ്ടുനിന്ന ഒരു മധ്യവർഗ്ഗമഹിള മനസ്സ് തുറന്നത്.

ഉപരിവർഗ്ഗത്തിന്‍റെ താല്പര്യസംരക്ഷങ്ങൾക്കുള്ള വിചിത്രവാദങ്ങൾ പൊതുബോധമായി പരിണമിക്കുന്നതാണിവിടെ കാണുന്നത്. അടിമത്തത്തിന് – ദാസ്യവേലക്ക് – മതത്തിന്‍റെയും നീതിശാസ്ത്രത്തിന്‍റെയും നിയമവ്യവസ്ഥയുടെയും ന്യായീകരണമുണ്ടായിരുന്ന ഒരു ഭൂതകാലം ഈ പ്രക്രിയയെ എളുപ്പമാക്കുന്നു. കൗടില്യന്‍റെ അർത്ഥശാസ്ത്രത്തിലും മനുസ്മൃതിയുമൊക്കെ ദാസ്യവേലയെ സ്ഥാപനവൽക്കരിക്കുന്ന ന്യായങ്ങൾ കാണാം.

മനുസ്മൃതി ദാസ്യവേലയെ തൊഴിൽ വിഭജനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വർണ്ണവ്യവസ്ഥയുമായി കൂട്ടികെട്ടുന്നത് എങ്ങിനെയെന്ന് നോക്കുക: കൂലി കൊടുത്തോ കൊടുക്കാതെയോ ശൂദ്രനെക്കൊണ്ട് ദാസ്യവേല ചെയ്യിക്കണം; എന്തെന്നാൽ ബ്രാഹ്മണന്‍റെ ദാസ്യവേലക്കായിട്ടാണ് ശൂദ്രനെ ബ്രഹ്‌മാവ്‌ സുഷ്ടിച്ചത്. ഉടമ ശൂദ്രനെ ദാസ്യത്തിൽനിന്ന് മോചിപ്പിച്ചാലും അവനിൽനിന്ന് ദാസ്യം വിട്ടുപോവുകയില്ല. കാരണം അതവന് സ്വഭാവസിദ്ധമാണ്. (മനുസ്മൃതി 8:413-414).

വർണ്ണവ്യവസ്ഥയിൽ താഴെതട്ടിൽ നിൽക്കുന്നവരെ മേലാളർ ഇങ്ങനെയാണ് നോക്കി കണ്ടതെങ്കിൽ അതിന് വെളിയിലുള്ള അസ്പൃശ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ. കാലക്രമേണ താരതമ്യേന ലളിതമായ വർണ്ണവ്യവസ്ഥ അതിസങ്കീർണ്ണവും ശ്രേണികൃതവുമായ നിരവധി ജാതികളുടെ അധികാരഘടനയായി പരിവർത്തനം ചെയ്യപ്പെട്ടു. കീഴാളജാതികളുടെ ദാസ്യം ദൈവനിശ്ചയവും അവന്‍റെ/അവളുടെ സഹജമായ സ്വഭാവവും ആണെന്ന ഒരു ‘പൊതുബോധം’ അവിടെയും തുടർന്നു.
പക്ഷെ, ആധുനികകാലത്തെ അടിമത്വത്തിന്‍റെ വിവിധരൂപങ്ങളെ പഴയ കാലത്തെ ദാസ്യവേലയുടെ തുടർച്ചയായി മാത്രം കാണുന്നത് ശരിയായിരിക്കില്ല. തൊഴിലില്ലായ്മയും ദാരിദ്ര്യവും പോലുള്ള സമകാലീനമായ വസ്തുനിഷ്ഠസാഹചര്യങ്ങളാണ് അടിമവേല ഇന്നും തുടരുന്നതിന്‍റെ മുഖ്യകാരണങ്ങൾ. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത് വ്യവസ്ഥകളിലൊന്നായിട്ടുപോലും മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നോക്കരാജ്യങ്ങൾക്കൊപ്പം ഏറ്റവും പിറകിലാണെന്നോർക്കുക.

നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷന്‍റെ (NSSO) പീരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ പ്രകാരം 2017-18 ൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 6.1 % ആയിരുന്നു. ഗ്രാമങ്ങളിൽ 5.3%. നഗരങ്ങളിൽ 7.8 ശതമാനവും. 1972 ന് ശേഷം ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണിപ്പോഴുള്ളത്ത് . തൊണ്ണൂറുകളുടെ ആദ്യം തുടങ്ങിയ നവലിബറൽ സാമ്പത്തികഉദാരവൽക്കരണം ഉയർന്ന സാമ്പത്തികവളർച്ചയുണ്ടാക്കാൻ സഹായിച്ചെങ്കിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് വിമർശനം സാധാരണ കേട്ടുവരാറുള്ളതാണ്. സാമ്പത്തികശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തെ തൊഴിലവസരങ്ങൾ കൂടുതലായുണ്ടാകാത്ത വളർച്ച (jobless growth) എന്ന് വിളിക്കുന്നു. സമീപകാലത്ത് സ്ഥിതി അതിലും വഷളാകുന്നു എന്നാണ് NSSO യുടെ കണക്കുകളെ അധികരിച്ച് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കെ.പി. കണ്ണനും ജി. രവീന്ദ്രനും പറയുന്നത്. 2011–12 മുതൽ ഇന്ത്യ തൊഴിലവസരങ്ങൾ കൂടുതലായുണ്ടാകാത്ത വളർച്ചയിൽനിന്ന് തൊഴിലവസരങ്ങൾ നഷ്ടപെടുന്ന വളർച്ചയിലേക്ക് (job-loss growth) നീങ്ങുകയാണ് എന്നാണ് അവരുടെ നിഗമനം. ഇങ്ങനെ ജോലി നഷ്ടപ്പെടുന്നവരിൽ കൂടുതൽ വളരെ താഴ്ന്ന വിദ്യാഭ്യാമുള്ളവരും ഗ്രാമീണരായ വനിതകളും ഹിന്ദുക്കളിലെ മറ്റ് പിന്നോക്ക വിഭാഗങ്ങളും മുസ്ലീമുകളും ഒക്കെയാണ്. വിവിധകാലങ്ങളിൽ കണക്കുകൾ ശേഖരിക്കുന്നതിന് പിന്തുടർന്ന സാങ്കേതികവും രീതിശാസ്ത്രപരവുമായ വ്യത്യാസങ്ങളെ ചൂണ്ടിക്കാട്ടി ഇത്തരം താരതമ്യങ്ങളും വിശകലനങ്ങളും നടത്തുന്നത് ശരിയല്ലെന്ന് വാദം സർക്കാർവൃത്തങ്ങളിൽ നിന്നുണ്ടാകുന്നുണ്ട്. അതിൽ അത്ഭുതപ്പെടാനില്ല. പക്ഷെ, സ്ഥിതിവിവരക്കണക്കുകളുടെ വികാരരഹിതമായ താർക്കികവാദങ്ങൾക്കപ്പുറംചെന്ന് നിത്യജീവിതയാഥാർഥ്യങ്ങളിലേക്കൊന്ന് കണ്ണോടിച്ചാൽ മതി, എന്ത് ജോലിയും ചെയ്യാനും തയ്യാറായ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ എണ്ണം അഭൂതപൂർവ്വമായി കൂടിവരുന്നുണ്ടെന്ന് കാണാൻ. കഴിഞ്ഞ വർഷം മൈസൂർ ജില്ലയിലെ ബൈലകുപ്പയിൽനിന്നു മാസങ്ങളോളം അടിമപ്പണി ചെയ്യാൻ നിർബന്ധിതരായ ഒരു 15 പേരെ അധികൃതർ കണ്ടെത്തി രക്ഷപ്പെടുത്തിയപ്പോൾ അക്കൂട്ടത്തിൽ ഒരു ബി.കോം ബിരുദധാരിയും ഉണ്ടായിരുന്നുവെന്നത് വലിയ വാർത്തയായിരുന്നു.

ഒറ്റനോട്ടത്തിൽ, മുതലാളിത്ത സമൂഹങ്ങളിൽ അടിമവേല നിലനിൽക്കുന്നുവെന്നത് ഒരു വിരോധാഭാസമായി തോന്നാം. ആധുനിക തൊഴിലാളിവർഗ്ഗം താരതമ്യേന സ്വതന്ത്രരാണ് എന്നതുകൊണ്ടാണ് അങ്ങിനെ തോന്നുന്നത്. അടിമയും ഉടമയും തമ്മിലുള്ള ബന്ധംപോലല്ല തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ബന്ധം. മൂലധനം-ഉത്പാദനം-മിച്ചമൂല്യം/ലാഭം-പുനരുത്പാദനം എന്ന ചാക്രികപ്രക്രിയയിലൂടെയാണ് മുന്നോട്ടു പോകുന്ന മുതലാളിത്തവ്യവസ്ഥയിൽ, തന്‍റെ അധ്വാനശേഷിയും സവിശേഷകഴിവുകളും വില്പനക്ക് വെച്ചിരിക്കുന്ന ‘സ്വതന്ത്രവ്യക്തി’യാണ് തൊഴിലാളി. മത്സരം നിലനിൽക്കുകയും തൊഴിൽവിപണിയിൽ തൊഴിൽ ചെയ്യാനറിയാവുന്നവർ ആവശ്യത്തിൽകൂടുതൽ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം തൊഴിലെടുക്കുന്നവർക്ക് ഒരു പരിധിവരെയെങ്കിലും വിലപേശൽ സാധ്യമാണ്. അതുകൊണ്ട് മനുഷ്യാവകാശങ്ങളുടെ പൂർണ്ണമായും നിഷേധിക്കുന്ന സമ്മർദ്ദങ്ങളോ പ്രകടമായ ബലപ്രയോഗമോ ഹിംസയോ ആദർശ(ideal) മുതലാളിത്തത്തിൽ വില പോകില്ല. ഇതിനർത്ഥം ഈ വ്യവസ്ഥ ചൂഷണവിമുക്തമാണെന്നല്ല; താരതമ്യേന സംസ്കൃതമായ മാർഗ്ഗങ്ങൾ ചൂഷണത്തിന് ഉപയോഗപ്പെടുത്തുന്നു എന്നു മാത്രമാണ്. കൂലി കൂടുതൽ കൊടുക്കാതെ കൂടുതൽ സമയം ജോലി ചെയ്യിക്കുക, യന്ത്രവൽക്കരണത്തിലൂടെ ഉദ്പാദനപ്രക്രിയയിൽ മനുഷ്യരുടെ ആവശ്യം കുറച്ച് കൊണ്ടുവരിക, തൊഴിലാളിയുടെ വിലപേശലിന് ശക്തിയില്ലാതാക്കാൻ തൊഴിലില്ലാത്തവരുടെ ഒരു കരുതൽസേന (reserve army of unemployed labour എന്ന് മാർക്സ്) നിലനിർത്തുക, കുറഞ്ഞ വേതനമുള്ളയിടങ്ങളിലേക്ക് തൊഴിലുകളെ പറിച്ചു നടുക (labour arbitrage) എന്നിങ്ങനെ.

പക്ഷെ, ആദർശ മുതലാളിത്തം ഏട്ടിലെ പശുവാണ്; അത് പുല്ല് തിന്നുകയില്ല. പ്രയോഗത്തിലിരിക്കുന്ന മുതലാളിത്തം മേല്പറഞ്ഞ അടിസ്ഥാനമാതൃക പിന്തുടരുമ്പോൾതന്നെ അതിലുമെത്രയോ സങ്കീർണ്ണവും മനുഷ്യത്വരഹിതവുമായ വ്യവസ്ഥയാണ്. മനുഷ്യാവകാശങ്ങളുടെയും മാന്യതയുടെയും സംസ്ക്കാരത്തിന്‍റെയും മൂടുപടങ്ങൾക്ക് പിറകിൽ അടിമവേലപോലുള്ള മനുഷ്യത്വഹീനമായ സമ്പ്രദായങ്ങൾക്ക് ഇടം ലഭിക്കുന്നത് അതുകൊണ്ടാണ്.

അടിമത്തമുൾപ്പെടെ ബലപ്രയോഗവും നിർദ്ദാക്ഷിണ്യമായ അവകാശലംഘനങ്ങളും പിടിച്ചുപറിയുമൊക്കെ മൂലധനത്തിന്‍റെ ആദിമസഞ്ചയനത്തിനും അതുവഴി മുതലാളിത്തസമൂഹങ്ങളുടെ രൂപീകരണത്തിനും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്. ആധുനിക വ്യവസായങ്ങളുടെയും കോളനികളുടെയും രൂപീകരണത്തിൽ അടിമവേല വഹിച്ച നിർണ്ണായകമായ പങ്കിനെക്കുറിച്ച് അദ്ദേഹം എഴുതിയത് കാണുക: “Without slavery you have no cotton; without cotton you have no modern industry. It is slavery that has given the colonies their value; it is the colonies that have created world trade, and it is world trade that is the pre-condition of large-scale industry. Thus slavery is an economic category of the greatest importance”. (Poverty of Philosophy, Marx).

പക്ഷെ, ഇങ്ങനെയുള്ള മൂലധനസഞ്ചയനപ്രക്രിയ മുതലാളിത്ത സമൂഹങ്ങളുടെ ആദ്യകാലത്ത് മാത്രം നടന്ന ഒരു കാര്യമായാണ് മാർക്സ് അവതരിപ്പിക്കുന്നത്. എന്നാലത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് പിൻക്കാല മുതലാളിത്തത്തിന്‍റെ ചരിത്രം പഠിപ്പിക്കുന്നു. ഡേവിഡ് ഹാർവേ ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത് അവകാശകവർച്ചയിലൂടെയുള്ള മൂലധനസമാഹരണം (accumulation by dispossession) എന്നാണ്. സമൂഹം പൊതുവായി അനുഭവിച്ച് പോന്ന വിഭവങ്ങൾ , മറ്റ് വർഗ്ഗങ്ങളുടെ കൈവശമുള്ള ആസ്തികൾ, സ്റ്റേറ്റുടമയിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയെ കൈവരുതിയിലാക്കാൻ നവലിബറൽ മുതലാളിത്തം ഉപയോഗിക്കുന്ന സാമദാനഭേദദണ്ഡരീതികളായി ഇതിനെ മനസ്സിലാക്കാം.

1991 മുതൽ നടപ്പിലായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ അന്തർധാരയായി ഇന്ത്യയിലും ഈ പ്രക്രിയ പ്രകടമാണ്. ലക്ഷക്കണക്കിന് മനുഷ്യർ അവരുടെ ജീവനോപാദികളിൽനിന്നും കിടപ്പാടങ്ങളിൽനിന്നും ഇത് കാരണം പുറംതള്ളപെടുന്നു. ഇക്കൂട്ടത്തിൽ വ്യവസായശാലകൾ, അണക്കെട്ടുകൾ, ഖനികൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, നഗരവൽക്കരണം തുടങ്ങിയവക്കൊക്കെ വേണ്ടി കുടിയൊഴിക്കപ്പെട്ടവരുണ്ട്. കാർഷികപ്രതിസന്ധിയും നവലിബറൽ സാമ്പത്തികനയങ്ങളും നടുവൊടിച്ച ഗ്രാമങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നും വൻനഗരങ്ങളിലേക്കും ജോലികിട്ടാനിടയിലേക്കുള്ള മറ്റിടങ്ങളിലേക്കും പാലായനം ചെയ്യുന്നവരുണ്ട്. ജാതിശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ളവരും അധികാരവും പണവും പദവികളുമില്ലാത്തവരുമാണ് ഇവരിൽ ഭൂരിപക്ഷവും. 1947-2000 കാലയളവിൽ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നായി വികസനപ്രവർത്തനങ്ങളാക്കായി കുടിയിറക്കപ്പെട്ടവർ മാത്രം 60 ദശലക്ഷത്തോളം വരും എന്നാണ് കണക്കുകൾ പറയുന്നത്.

ആഭ്യന്തര അഭയാർഥികളുടെ ഒരു മഹാപ്രവാഹമാണിത്. കുട്ടികളും വൃദ്ധരും സ്ത്രീകളുമുൾപ്പെടെയുള്ള ബഹിഷ്കൃതരുടെ ഈ നീണ്ട നിരയാണ് മറ്റെല്ലായിടങ്ങളിലെയും പോലെ നമ്മുടെ നാട്ടിലെയും അടിമവേലയുടെ സ്രോതസ്. ഈ അഭയാർത്ഥികളെല്ലാം അടിമവേലക്കാരായി മാറുന്നു എന്നല്ല പറഞ്ഞതു വരുന്നത്. ഇവരിലെ കുറേ പേരെങ്കിലും അനിവാര്യമായും തൊഴിൽവിപണിയിലെ എടുക്കാച്ചരക്കുകളും ഒടുക്കം ഉടമയുടെ സ്വത്തായ ശരീരങ്ങളുമായി മാറുന്നു എന്നാണ്.

തൊഴിലില്ലാവളർച്ചയിൽനിന്ന് തൊഴിൽനഷ്ട വളർച്ചയിലേക്കും പിന്നെ മുരടിപ്പിലേക്കും കൂപ്പുകുത്തുകൊണ്ടിരിക്കുന്ന സമ്പത് വ്യവസ്ഥയിൽ നിരാലംബരും നിസ്സഹായരും ആയ ഈ മനുഷ്യരുടെ എണ്ണം കൂടിവരികയെ ഉള്ളൂ. നവലിബറലിസത്തിന്‍റെ സാമ്പത്തികയുക്തിയെ അതിന്‍റെ സമഗ്രതയിൽ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയം ഉയർന്നു വരാത്തിടത്തോളം കാലം ഒരു നിയമത്തിനും സന്നദ്ധസംഘടനകളുടെ സദുദ്ദേശത്തിനും രക്ഷിക്കാനൊക്കാതെ ഉണ്ടാക്കപ്പെട്ടുകൊണ്ടേയിരിക്കും ഈ അടിമജീവിതങ്ങൾ.

Print Friendly, PDF & Email