POLITICS

നാടകാന്തം കവിത്വം


മഹാരാഷ്ട്രാ മോഡൽ

ഒരു മാസത്തിലധികം നീണ്ടുനിന്ന അസംബന്ധനാടകങ്ങൾക്കും ഉപജാപങ്ങൾക്കും ശേഷം മഹാരാഷ്ട്രയിൽ ഒരു ജനകീയസർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്. ഇതിനെ ഒരു ചരിത്രമുഹൂർത്തമെന്ന് വിശേഷിപ്പിക്കാൻ സാധിക്കുകയില്ലെങ്കിലും, തീർച്ചയായും, നിരവധി കാരണങ്ങളാൽ ഇതൊരു നിർണ്ണായക മുഹൂർത്തം തന്നെയാണ്. ഇടഞ്ഞുനിന്ന ശിവസേന തങ്ങളുടെ ബദ്ധശത്രുക്കളായ കോൺഗ്രസ്സുമായി ചേർന്ന് അധികാരം പങ്കിടുമെന്ന് ബി ജെ പി സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവസാനം എല്ലാം കലങ്ങിത്തെളിയുമെന്നും മറ്റ് മാർഗ്ഗമില്ലാതെ ശിവസേന വഴങ്ങിത്തരുമെന്നുമാണ് ബി ജെ പി കരുതിയത്. പക്ഷെ രാഷ്ട്രീയത്തിൽ സ്ഥിരം മിത്രങ്ങളുമില്ല, സ്ഥിരം ശത്രുക്കളുമില്ല എന്ന വാക്യം അന്വർഥമാക്കിക്കൊണ്ട് ശിവസേനയും എൻ സി പി യും കോൺഗ്രസ്സും ഒന്നിച്ചു. എന്നിട്ടും ബി ജെ പി വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. അങ്ങേയറ്റം ഹീനമായ അധികാര ദുർവിനിയോഗത്തിലൂടെ, ഭരണഘടനാ സ്ഥാപനങ്ങളെ ചൊൽപ്പടിക്ക് നിർത്തി, രായ്ക്കുരാമാനം അവർ ഒരു അവസാനവട്ട പയറ്റ് നടത്തിനോക്കി. എന്നാൽ സുപ്രീം കോടതി വിധിയോടെ അവരുടെ ആ നീക്കവും പൊളിഞ്ഞു. അതോടെ മൂന്നുദിവസം മാത്രം മുഖ്യമന്ത്രി പദവിയിലിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് രാജി വെച്ച് ഒഴിയേണ്ടിവന്നു. ശിവസേനയുടെ ഈ നീക്കം നേരത്തെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ ബി ജെ പി അവരുടെ “മുഖ്യമന്ത്രി പദവി 50:50 അനുപാതത്തിൽ” എന്ന ആവശ്യം കൂടുതൽ അനുഭാവപൂർവ്വം പരിഗണിച്ചേനെ എന്ന് തോന്നുന്നു.

ശിവസേനയെ സംബന്ധിച്ചിടത്തോളം ഇതൊരു നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. 1966 ൽ ബാൽ താക്കറെയുടെ നേതൃത്വത്തിൽ ശിവസേന രൂപീകരിക്കപ്പെടുന്നത് ഒരു Bombay-centric militant group ആയാണ്. തങ്ങൾക്ക് കിട്ടേണ്ട ജോലി മറുനാട്ടുകാർ (പ്രത്യേകിച്ച് “മദ്രാസികൾ” എന്ന അന്നത്തെ വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന തെക്കേ ഇന്ത്യക്കാർ) തട്ടിയെടുക്കുന്നു എന്ന മറാത്തി മിഡിൽ-ലോവർ മിഡിൽ ക്ലാസ്സിന്റെ ആശങ്കയും ആവലാതിയും മുതലാക്കിയാണ് ശിവസേന ഉണ്ടാകുന്നതും മുംബൈയിൽ വേരുറപ്പിക്കുന്നതും. മുംബൈയിലെയും സമീപപ്രദേശങ്ങളിലെയും ഫാക്ടറികളിലും ബിസിനസ് സ്ഥാപങ്ങളിലും വളർന്നുവന്ന ഇടത് ട്രേഡ് യൂണിയനിസം തകർക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ചില പ്രമുഖ വ്യവസായികളും കോൺഗ്രസ്സും ശിവസേനാ രൂപീകരണത്തെ പിന്തുണച്ചു എന്നത് പരസ്യമായ രഹസ്യമാണ്. ശിവസേനയുടെ അന്നത്തെ ഗുണ്ടായിസം നേരിട്ട് കണ്ടനുഭവിച്ചിട്ടുള്ളവനാണ് അക്കാലത്ത് മുംബൈയിൽ ജീവിച്ചിരുന്ന ലേഖകൻ.

ഇതൊക്കെയാണെങ്കിലും മുംബൈ എന്ന magnet മറുനാട്ടുകാരെ ആകര്ഷിച്ചുകൊണ്ടേയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലുവെച്ചപ്പോൾ ശിവസേനയ്ക്ക് ഒരു കാര്യം മനസ്സിലായി. തെരുവ് ഗുണ്ടായിസം കൊണ്ട് മാത്രം ഒരു രാഷ്ട്രീയ പാർട്ടിക്ക് വളരാൻ സാധിക്കുകയില്ല. അങ്ങനെയാണ് അവർ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഏറ്റെടുക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി എന്ന നിലയ്ക്ക് അവർക്ക് മറാത്തികൾക്കും അപ്പുറത്തുള്ള ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വന്നു. ഇതിനിടയിലാണ് മുംബൈ അധോലോകം ശക്തി പ്രാപിക്കുന്നതും ഒരു സമാന്തര സർക്കാരായി വളരുന്നതും. കരിം ലാല, ഹാജി മസ്താൻ, തുടങ്ങിയവരിൽ ആരംഭിച്ച് ദാവൂദ് ഇബ്രാഹിം എന്ന മുടിചൂടാമന്നന്റെ അപ്രമാദിത്തത്തിൽ എത്തി കാര്യങ്ങൾ. ശിവ സേനയുടെ തെരുവുഗുണ്ടയിസവും ഹഫ്ത പിരിവും ഡി-കമ്പനിയിൽ നിന്ന് ഭീഷിണി നേരിട്ടുതുടങ്ങി. ഇതിനെ നേരിടാൻ ഏറ്റവും ഉചിതമായ കൗശലം anti-muslim sentiments വളർത്തുകയാണെന്ന് കണ്ട ശിവ് സേന ഹിന്ദുത്വ എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പുണർന്നു. 1992 ലെ ബാബ്‌റി മസ്ജിദ് തകർക്കലും പിന്നീട് നടന്ന മുംബൈ സ്ഫോടന പരമ്പരകളും മുംബൈ അധോലോകത്തെ ഛിന്നഭിന്നമാക്കി. ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്താനിലേക്കുള്ള പലായനത്തിലാണ് അത് കലാശിച്ചത്. പിന്നീട് ശിവസേനയ്ക്ക് വളർച്ചയുടെ നാളുകളായിരുന്നു. എങ്കിലും മുംബൈ-താനേ-കൊങ്കൺ മേഖലയ്ക്കപ്പുറം സ്വാധീനം ചെലുത്താൻ എന്നിട്ടും ശിവസേനയ്ക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ നരേന്ദ്ര മോദിയുടെ വരവും ഹിന്ദുത്വ ശക്തികൾ കൈവരിച്ച അഖിലേന്ത്യാ സ്വാധീനവും മുതലാക്കി ബി ജെ പി മഹാരാഷ്ട്രയിലും സ്വാധീനം വളർത്തിക്കൊണ്ടേയിരുന്നു. മുന്നണിയിലെ വലിയ കക്ഷിയായിരുന്ന ശിവസേന പതിയെ പതിയെ ആ സ്ഥാനം ബി ജെ പി യ്ക്ക് കൈമാറുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഇത് കലാശിച്ചത് ശിവസേനയും ബി ജെ പി യും തമ്മിലുള്ള ഉരസലിലും സംഘർഷത്തിലുമാണ്. ബി ജെ പി യുടെ വലയത്തിൽ തുടർന്നാൽ സ്വന്തം അസ്തിത്വം തന്നെ നഷ്ടമാവുമെന്ന ബോധ്യം അവസാനം ശിവസേനയെ കോൺഗ്രസ്സ്-എൻ സി പി പാളയത്തിൽ എത്തിച്ചിരിക്കുകയാണ്. വരും ദിനങ്ങളിൽ എങ്ങനെയാണ് ഈ പുതിയ കൂട്ടുകെട്ട് രൂപമെടുക്കുക എന്ന കാര്യം കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ശിവസേന-എൻ സി പി-കോൺഗ്രസ്സ് കൂട്ടുകെട്ടിന്റെ ഈ സർക്കാർ രൂപീകരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത് ബി ജെ പി ക്കാണ്. അനാവശ്യ തിടുക്കം കാണിച്ച് അജിത് പവാറിനെ വിശുദ്ധനാക്കുക വഴി അവരുടെ അഴിമതിവിരുദ്ധമുഖംമൂടി അഴിഞ്ഞുവീണു. കൂട്ടത്തിൽ മോഡി-ഷാ ദ്വയത്തിന്റെ “അജയ്യർ” എന്ന പ്രതിച്ഛായയ്ക്കും ഇടിവ് തട്ടി. അതോടെ ഡിസംബറിൽ ജാർഖണ്ഡിൽ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പും കർണാടകയിലെ 15 മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പും ബി ജെ പി യ്ക്ക്, പ്രത്യേകിച്ച് അമിത് ഷായ്ക്കും നരേന്ദ്ര മോഡിയ്ക്കും, അങ്ങേയറ്റം നിർണ്ണായകമായിരിയ്ക്കുകയാണ്. ജാർഖണ്ഡിൽ ബി ജെ പി യുടെ സഖ്യകക്ഷികളായ ജെഡി(യു)വും എൽ ജെ പി യും പ്രത്യേകം പ്രത്യേകം മത്സരിക്കുന്നുവെന്നതും ശ്രദ്ധേയം. ജാർഖണ്ഡിൽ പരാജയപ്പെട്ടാൽ, കർണാടകം നിലനിർത്താനായില്ലെങ്കിൽ, ബി ജെ പി യുടെ അപ്രമാദിത്തത്തിന് അത് വലിയൊരു വിലങ്ങുതടിയായി മാറും. ഇപ്പോൾ തന്നെ, വടക്ക് കിഴക്കൻ പ്രദേശത്തെ തീരെ ചെറിയ സംസ്ഥാനങ്ങളും ഹിമാചൽ പ്രദേശും ഒഴിച്ചുനിർത്തിയാൽ ബി ജെ പി സ്വന്തം ഭൂരിപക്ഷത്തിൽ ഒറ്റയ്ക്ക് ഭരിക്കുന്നത് യു പി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, എന്നീ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്രത്തിൽ അവർ ഭരണം നിലനിർത്തിയെങ്കിലും സംസ്ഥാനതലത്തിൽ അവർ ഇപ്പോഴും കോൺഗ്രസ്സിന്റെയും പ്രാദേശിക പാർട്ടികളുടെയും പുറകിലാണെന്നതാണ് യാഥാർഥ്യം.

ഇനി കോൺഗ്രസിലേക്ക് വന്നാൽ – വാസ്തവത്തിൽ അവർ വലിയൊരു വിഷമവൃത്തത്തിലായിരുന്നു. ഏതാണ്ട് ചെകുത്താനും കടലിലും ഇടയിൽ അകപ്പെട്ട അവസ്ഥ. ഒന്നുകിൽ ബി ജെ പി യെ മന്ത്രിസഭ ഉണ്ടാക്കാൻ വിടുക, അല്ലെങ്കിൽ ശിവസേനയുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കുക, എന്നീ രണ്ട് ഉപാധികളാണ് അവരുടെ മുൻപിൽ ഉണ്ടായിരുന്നത്. വലിയ ശത്രുവിനെ അകറ്റിനിർത്താൻ ചെറിയ ശത്രുവുമായി കൂട്ടുകൂടുക എന്ന തന്ത്രമാണ് അവർ അവസാനം സ്വീകരിച്ചത്. ആദർശത്തിന്റെ കോണിലൂടെ നോക്കിയാൽ ഇതൊരുപക്ഷേ തെറ്റായ നീക്കമായി തോന്നിയേക്കാം, എന്നാൽ പ്രായോഗികമായി ചിന്തിക്കുമ്പോൾ കോൺഗ്രസ്സിന് ഇതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നുവെന്ന് കാണാം. കോൺഗ്രസ്സ് ഇങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെകിൽ രണ്ട് സാഹചര്യങ്ങളാണ് ഉരുത്തിരിയുക. ഒന്നുകിൽ ശിവസേന ബി ജെ പി പാളയത്തിലേക്ക് മടങ്ങിപ്പോവുക അല്ലെങ്കിൽ എൻ സി പി ബി ജെ പി യോട് ചേർന്ന് അധികാരത്തിൽ വരിക. പുതിയ മന്ത്രിസഭാ രൂപീകരണത്തിന് മുൻപ് നടന്ന അസംബന്ധ നാടകങ്ങൾ കാണിക്കുന്നത് കോൺഗ്രസ്സ് മാറിനിന്നിരുന്നെങ്കിൽ ബി ജെ പി – എൻ സി പി കൂട്ടുകെട്ട് നിലവിൽ വന്നേനെ എന്നുതന്നെയാണ്. അത് കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നേനെ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന, ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായ, മഹാരാഷ്ട്ര കൈപ്പിടിയിൽ വന്നിട്ടും വിട്ടുകളയുന്നത് സമ്മാനം നേടിയ ഭാഗ്യക്കുറി ടിക്കറ്റ് കീറിക്കളയുന്നതിന് തുല്യമാണ്. മാത്രമല്ല, ദേശീയരാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവിനുള്ള ചവിട്ടുപടി കൂടിയാണ് മഹാരാഷ്ട്ര വെച്ചുനീട്ടിയത്. അതുകൊണ്ട് തർക്കവിഷയങ്ങൾ മാറ്റിനിർത്തി ഒരു common minimum programme ന്റെ അടിസ്ഥാനത്തിൽ ശിവസേനയും എൻ സി പി യുമായി ചേർന്ന് അധികാരം പങ്കിടുക എന്ന തീരുമാനത്തിൽ അവർ എത്തി.

പുതിയ സംഭവവികാസങ്ങളിൽ ഒട്ടും നഷ്ടം സംഭവിക്കാത്ത കക്ഷി എൻ സി പി യാണ്. അത്രവലിയ പ്രത്യയശാസ്ത്ര നിർബ്ബന്ധങ്ങൾ ഇല്ലാത്തതിനാൽ അവർക്ക് ആരോടും കൂട്ടുകൂടുന്നതിന് തടസ്സമില്ല. പുതിയ ത്രികക്ഷി സർക്കാരിന്റെ സൂത്രധാരൻ എന്ന നിലയ്ക്ക് ശരദ് പവാറിന്‌ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞു. ഈ മന്ത്രിസഭ ആടിയുലയാതെ കാത്തുസൂക്ഷിച്ചാൽ അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തിലും നഷ്ടപ്പെട്ട പ്രസക്തി തിരിച്ചുപിടിക്കാൻ കഴിയും. ഓർക്കുക, നിധിയെല്ലാം ഇരിക്കുന്നത് മുംബൈയിലാണ്. സത്യപ്രതിജ്ഞാ ചടങ്ങിലെ സ്റ്റേജിൽ കണ്ട മുകേഷ് അംബാനിയുടെ സാന്നിധ്യം ശ്രദ്ധേയം!

എങ്കിലും ഇതിനെല്ലാമിടയിൽ മുഴച്ചുനിൽക്കുന്ന ഒരു കാര്യമുണ്ട് – വോട്ട് ചെയ്ത ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് എല്ലാ കക്ഷികളും വീണ്ടും തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിൽ. സമ്മതിദായകൻ പ്രതിപക്ഷത്തിരിക്കാൻ പറഞ്ഞവർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഭരണത്തിലേറുന്നു എന്ന വിരോധാഭാസമാണ് നാം അടുത്തിടെ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇതുവഴി നഷ്ടമാവുന്നത്. അത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഒട്ടും അഭിലഷണീയമല്ല.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.