EDITORIAL പുസ്തക പരിചയം

സൂസന്നയുടെ ഗ്രന്ഥപ്പുര അഥവാ ഒരു സ്നേഹം



78312046_10216182658027000_7963064701896622080_n

''I read a book one day and my whole life was changed '' (Orhan pamuk )

'ഒരാൾ എഴുതുമ്പോൾ, ഒരിക്കൽ താൻ വായിച്ച എന്തിനൊക്കെയോ ആഹ്ലാദം പങ്കുവെക്കാനാണ് അയാൾ നോക്കുന്നത് ' അജയ് പി മങ്ങാട്ടിന്റെ ആദ്യനോവലായ 'സൂസന്നയുടെ ഗ്രന്ഥപ്പുര'എന്ന പുസ്തകത്തിലെ ഒരു വരിയാണിത്. വായനയിൽ ഒരു യാനമുണ്ട്. അതൊരു യാത്രയാണ് . അത്തരത്തിൽ ഉള്ള ഒരു സഞ്ചാരമാണ് 'സൂസന്നയുടെ ഗ്രന്ഥപ്പുര'യുടെ വായനയും . പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർത്ഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേയ്ക്കാണ് ആ യാത്ര . ഒപ്പം സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളിലൂടെ, മനസിന്റെ ഇരുൾ വഴികളിലൂടെ ഉള്ള അവസാനമില്ലാത്ത അന്വേഷണവും. സൂസന്നയുടെ ഗ്രന്ഥപ്പുര പൂർണ്ണമായും വായനക്കാരന്റെ പുസ്തകമാണ്. വായന ആത്മഹർഷം നൽകുന്ന പ്രക്രിയയാണ്.ഒരുപക്ഷേ, മറ്റൊരു വായനക്കാരനു മാത്രം മനസിലാകുന്ന വികാരം. ഒട്ടുമിക്ക എഴുത്തുകാരും ആദ്യം നല്ല വായനക്കാർ ആകേണ്ടതുണ്ട്. സൂസന്ന വായിക്കുമ്പോൾ നമുക്കത് ബോധ്യമാകും. പുസ്തകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരൻ പറഞ്ഞു വെയ്ക്കുന്നുണ്ട് "ഞാൻ വായിച്ച പുസ്തകങ്ങൾക്കും ഞാനറിഞ്ഞ മനുഷ്യർക്കുമുള്ള ആദരമാണീ നോവൽ '', ആ പ്രസ്താവനയെ നോവൽ സാധൂകരിക്കുന്നുണ്ട്. നീലകണ്ഠ പരമാര എന്ന എഴുത്തുകാരന്റെ അവസാനത്തേതും അപൂർണ്ണവും അപ്രസിദ്ധീകൃതവുമായ 'വിഷാദത്തിന്റെ ശരീരഘടന 'എന്ന നോവലിന്റെ വീണ്ടെടുപ്പിനായി അലിയും അഭിയും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് നോവൽ ആരംഭിക്കുന്നത്.തുടർന്നങ്ങോട്ട് കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമായ വ്യക്തികളിലൂടെ, ബന്ധങ്ങളിലൂടെ കഥ മുന്നേറുന്നു. എഴുത്തുമായോ വായനയുമായോ അഭേദ്യബന്ധം പുലർത്തുന്ന അവരുടെ ജീവിതങ്ങൾ പരസ്പരം ബന്ധപ്പെട്ടും വഴിപിരിഞ്ഞും ഒക്കെ പോകുന്നുണ്ട്. സഹൃദയത്വം സൗഹൃദമായും പ്രണയമായും വിരഹമായും പരിണമിക്കുന്നു. റോബർട്ട് ബട്ടന്റെ 'ദ അനാട്ടമി ഓഫ് മെലങ്കളി' എന്ന നോവലിന്റെ സ്വതന്ത്ര തർജ്ജമയായ 'വിഷാദത്തിന്റെ ശരീരഘടന' തേടിയാണ് അലിയും അഭിയും മറയൂരിലെത്തുന്നത്. അവിടെ വെച്ചാണവർ സൂസന്നയെ പരിചയപ്പെടുന്നത്. സൂസന്നയെ ചുറ്റി നിരവധി കഥാപാത്രങ്ങളെ അവർ പരിചയപ്പെടുന്നു. അഭി തന്റെ സഹയാത്രികയായി ലക്ഷ്മിയെ തെരഞ്ഞെടുക്കുന്നതും അത്തരത്തിലാണ്. അഭി എന്ന കഥാപാത്രത്തിന്റെ സൃഷ്ടി തന്ത്രപരമാണ്. ഒരുപാട് വായിക്കുകയും ലോകപരിചയം നേടുകയും ചെയ്തിട്ടുള്ള അഭി അലിയെപ്പോലെ ദുഃഖങ്ങളുടേയും ഏകാന്തതയുടേയും തടവറയിലല്ല, അഭി വായിക്കുന്നു, പഠിക്കുന്നു, ഉന്നത വിദ്യാഭ്യാസം നേടുന്നു, പ്രണയത്തിലാകുന്നു, സുഖവും സ്വസ്ഥവുമായ ജിവിതം നയിക്കുന്നു. അലി അങ്ങനെയല്ല മഹാരാജാസ് കോളേജിലേക്ക് തുടർ പഠനത്തിനു പോകുന്നു അവിടെ വെച്ച് അമുദയെ പരിചയപ്പെടുന്നു.അവൾ അലിയേക്കാളേറെ ലോകബോധവും തത്വചിന്തയുമുള്ള ഒരു പെൺകുട്ടിയാണ്. അവർ എറണാകുളത്തെ പബ്ലിക് ലൈബ്രറിയിലും ബോട്ടുജെട്ടിയിലും നിരവധി സായാഹ്നങ്ങളിൽ യാത്ര ചെയ്യുന്നു.അമുദയിലൂടെ ഫാത്തിമയിലേയ്ക്കും കൃഷ്ണയിലേയ്ക്കും ഇക്ബാലിലേയ്ക്കും അലി എത്തുന്നു. കണ്ണികളായി അവ ബന്ധപ്പെട്ടു കിടക്കുന്നു. നോവലിൽ സൂസന്നയുടെ സാന്നിധ്യം വളരെ കുറവാണ്. എന്നാൽ എല്ലാവരും സുസന്നയുടെ ഗ്രന്ഥശാലയ്ക്ക് ഉള്ളിൽ തന്നെയാണ്. നോവലിലെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കഥാപാത്രം വെള്ളത്തൂവൽ ചന്ദ്രനാണ്. പുസ്തകങ്ങളെ ഒരുപാട് ഇഷ്ടപ്പെടുമ്പോഴും അവ സൂക്ഷിക്കാനുള്ള ശേഷി ഇല്ലാത്ത ഒരു മനുഷ്യൻ. വായനക്കാരന്റെ ഹൃദയത്തിൽ തൊടുന്ന സ്നേഹമാണ് അമുദ. അലിയെ സ്നേഹിക്കുമ്പോഴും അവൾ ഫാത്തിമയുമായി പ്രണയത്തിലാണ്. ഇത്തരത്തിലുള്ള സ്ത്രീ സൗഹൃദങ്ങളുടെ ചർച്ച മലയാള നോവലുകളിലേക്ക് കടന്നു വന്നത് സ്വാഗതാർഹമാണ്. അലിയ്ക്കും ഫാത്തിമയ്ക്കും ഇടയിൽ കിടന്ന് വീർപ്പുമുട്ടി പെട്ടെന്നൊരു ദിവസം അമുദ അപ്രത്യക്ഷയാകുന്നു. അവൾക്ക് എന്തുപറ്റി എന്നുള്ളത് നോവൽ പിന്നീട് ചർച്ച ചെയ്യുന്നില്ല. അത് വായനക്കാർക്ക് വിട്ടു തന്നിരിക്കുകയാണ്. സൂസന്നയുടെ ഗ്രന്ഥപ്പുരയെ, വായനയുടെ അനന്തമായ വിതാനങ്ങൾ തുറന്നു തരുന്ന ഒരു നോവലായി വായിക്കാം. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, ലൈംഗികതയും ലെസ്ബിയനിസവും ക്രൈമും, യാത്രകളും പരിസ്ഥിതിയും നിറഞ്ഞു നിൽക്കുന്നു. 'ഒരാൾ മറ്റൊരാളെ തൊടുന്നതാണ് സ്നേഹം.' അത്തരത്തിൽ ഒരു സ്നേഹം തന്നെയാണ് സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലും. 78952291_10216182666107202_4990732090778583040_n
Print Friendly, PDF & Email