EDITORIAL കവിത

ഭ്രഷ്ട്



കാണിച്ചതിനുമപ്പുറം കാണുന്നത് നിന്നെയൊരക്ഷരത്തെറ്റാക്കിമാറ്റും, കേൾപ്പിച്ചതിനുമപ്പുറം കേൾക്കുന്നത് നിന്നെയൊരപസ്വരമാക്കി മാറ്റും, കൽപ്പിച്ചതിനുമപ്പുറം ചിന്തിക്കുന്നത്- അനുവദിച്ചതിനുമപ്പുറം പറയുന്നത്, നിന്നെയൊരു സർവ്വനാശപ്രവചന ഭ്രാന്താക്കിമാറ്റും. അറിവിന്റെ കനി കൊണ്ടുവന്നുതന്ന സർപ്പം ഉറപ്പായും, ദൈവം വളർത്തിയതു തന്നെയാവും, തിരഞ്ഞെടുക്കപ്പെട്ട ചിലർക്കു വേണ്ടി മാത്രം! അതിന്റെ സ്വാദറിയുന്ന നിമിഷം... അദൃശ്യമായൊരു പൊക്കിൾക്കൊടി ബന്ധം മുറിഞ്ഞു നീ, പുറത്തെങ്ങോയുള്ള ഒരു ഭ്രമണപഥത്തിലേക്കു തിരസ്ക്കരിക്കപ്പെടുന്നു. അവിടെ നിന്നെ, നാളെയുടെ ചെകുത്താന്മാർക്കൊപ്പം നൃത്തം ചെയ്യിക്കുന്നു… ...താളം മുറുകുമ്പോൾ നിന്റെ കണ്മുന്നിലേക്കുയർന്നുവരും കുരിശിൽ തൂങ്ങിയ മനുഷ്യരെ കൃഷിചെയ്യുന്നൊരു താഴ്‌വര! ---------------------------
Print Friendly, PDF & Email