നാൾവഴികൾ

പുരപ്പുറത്ത് ഒരു ബാറ്ററിലോകത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി, ജീവന്റെ നിലനിൽപിന് ശ്വാസോച്ഛാസം പോലെ, അത്യന്താപേക്ഷിതമായ ഒന്നായിക്കഴിഞ്ഞു. ദൈനംദിന ജീവിതത്തിൽ വൈദ്യുതിയുടെ ഉപയോഗം അത്രയേറെ സ്വാധീനം ചെലുത്തുന്നു.

കിണറിൽ നിന്ന് വെള്ളം കോരുന്നതടക്കമുള്ള വീട്ടുജോലികൾ ചെയ്യുന്നത് വൈദ്യുതിയാണ്. ഉണർന്ന് എണീറ്റാൽ ഉടൻ കയ്യിലെടുക്കുന്ന മൊബൈൽ ഫോണിൽ തന്നെയാണ് ഗ്യാസു ബുക്ക് ചെയ്യുന്നതും ,ഡോക്ടറുടെ അടുത്ത് ചികിൽസക്ക് സമയം വാങ്ങിക്കുന്നതും, തീവണ്ടി, ബസ്, യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും, എന്തിനധികം, ഇപ്പോൾ ഹോട്ടൽ ഭക്ഷണം വരെ ഓർഡർ ചെയ്യുന്നത് മൊബൈൽ അപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ്.

ഇത്തരം കാര്യങ്ങൾ മുടക്കമില്ലാതെ നടക്കണമെങ്കിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം നാട്ടിൽ അനിവാര്യമാണ്.

മലനാടും, ഇടനാടും, കടൽ തീരപ്രദേശവുമായി വിഭജിക്കപ്പെട്ടു കഴിയുന്ന ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി താരതമ്യേന ചെലവ് കുറഞ്ഞതും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാത്തതുമാണ്. പക്ഷെ, വർദ്ധിച്ചു വരുന്ന ഉപയോഗം കാരണം ജലവൈദ്യുത പദ്ധതികൾക്ക് കേരളത്തിന്റെ ആവശ്യം നിറവേറ്റാൻ കഴിയാതെ വരുന്നു.

ഈ അവസ്ഥയിൽ ഒരു നാട് താപ- ആണവ വൈദ്യുതിയെക്കുറിച്ച് ചിന്തിക്കുന്നത് തെറ്റായി കരുതാനാവില്ല. പക്ഷെ, കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം പദ്ധതികളെ കുറിച്ച് ചിന്തിക്കാൻ ആവില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ ആണവ വൈദ്യുതി നിലയം എന്നത് വിറകടുപ്പിനരികിൽ വെടിമരുന്ന് ഉണക്കാനിടുന്ന പോലെയാണ്.

അതുകൊണ്ടു തന്നെ, നമ്മൾ മാറി ചിന്തിക്കേണ്ട അവസരം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയുടെ സംതുലനാവസ്ഥയ്ക്കു ഒരു തരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കാത്ത സൗരോർജ്ജത്തെ നമ്മുടെ വൈദ്യുത ഉപയോഗത്തിന്റെ സിംഹഭാഗമാക്കി മാറ്റേണ്ടിയിരിക്കുന്നു.

കേരളത്തിലെ ഭവനനിർമ്മാണരീതി കൂടി മാറിയ സ്ഥിതിക്ക് സൗരോർജ്ജ വൈദ്യുതി ഉത്പാദനം വളരെ ലളിതമാണ്. ശരാശരി 1500 സ്ക്വയർഫീറ്റ് മുതൽ വിസ്തൃതിയിലുള്ള വീട് നിർമ്മിക്കുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം ഗാർഹിക വൈദ്യുതി ഉത്പാദനത്തിനായി സൗരോർജ്ജ ഫലകങ്ങൾ സ്ഥാപിക്കുന്നത് അത്ര ചെലവുള്ളതല്ല.

വീടുപണി കഴിഞ്ഞാൽ മുറ്റത്തു സിമന്റ് കട്ട പതിക്കാൻ ചെലവാക്കുന്ന പണം മതി 1 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു പദ്ധതി സ്ഥാപിക്കാൻ. ഇന്നത്തെ അവസ്ഥയിൽ 1 കിലോവാട്ട് പദ്ധതിക്ക് 2 ലക്ഷം വരെ ചെലവ് വരും. 5 വർഷത്തോളം ബാറ്ററിയും, 25 വർഷത്തോളം സൗരോർജ്ജ ഫലകങ്ങളും സേവനം നൽകും എന്നത് ഉറപ്പാണ്. കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ സബ്സിഡികളും കൂടി കൂട്ടിയാൽ മുടക്കു മുതൽ വീണ്ടും കുറയും.

4 മീറ്റർ നീളവും, 2 മീറ്റർ വീതിയുമുള്ള, തെക്ക് ദിക്കിലേയ്ക്ക് തുറന്ന ഭാഗമുള്ള എല്ലാ മേൽക്കൂരകളും സോളാർ ഫലകങ്ങൾ സ്ഥാപിച്ച് വിജയിപ്പിക്കാൻ ഉത്തമമാണ്.

1 കിലോവാട്ട് പദ്ധതി സ്ഥാപിക്കുന്നത് വഴി, മൂന്നു കിടപ്പുമുറികളുള്ള ഒരു വീടിനെ വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കാൻ കഴിയും. സൗരോർജ്ജ വൈദ്യുതി കൂടി ഉപയോഗിക്കുമ്പോൾ ആ വീടിലെ KSEB വൈദ്യുതി ഉപയോഗം കുറയുകയും ബില്ലിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്യും. തുടർച്ചയായ ഉപയോഗം വീട്ടിലെ വൈദ്യുത സ്ലാബ് താഴ്ത്തുകയും വൈദ്യുതിയുടെ യൂനിറ്റ് വിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

സൗരോർജ്ജ പദ്ധതി സ്ഥാപിക്കുക വഴി വ്യക്തിപരമായ സാമ്പത്തിക ലാഭം നേടുന്നതോടൊപ്പം മൂന്നു പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ഉറപ്പ് വരുത്തപ്പെടുന്നു.

സൂര്യനൊഴികെ ഒന്നിനും ഇതിന്റെ ഉത്പ്പാദനത്തിൽ ഇടപെടാൻ കഴിയുന്നില്ല. എന്ത് കാരണങ്ങൾ കൊണ്ട് വൈദ്യുതി വിതരണം തടസ്സപ്പെടുമ്പോഴും സൗരവൈദ്യുതി തടസ്സപ്പെടുന്നില്ല. മഴക്കാലമായാലും പ്രളയമായാലും, ഉത്പാദനത്തിന് കുറവു വരുന്നു എന്നതല്ലാതെ, ഉത്പാദനം മുടങ്ങുന്നില്ല. അതു കൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ സൗരവൈദ്യുതിയുടെ മൂല്യം നമുക്ക് കണക്കാക്കാൻ കഴിയില്ല.

ഓരോ വീട്ടിലും സൗരോർജ്ജ വൈദ്യുത യൂനിറ്റുകൾ സ്ഥാപിക്കപ്പെടുമ്പോൾ സംസ്ഥാനത്തിന്റെ വൈദ്യുത ഉത്പാദനത്തിലെ ഒരു പങ്ക് ആ വീടും ഏറ്റെടുക്കുന്നു. ഓരോ വീടും രാജ്യപുരോഗതിയുടെ ചാലകശക്തിയാക്കുന്നു.

സൗരവൈദ്യുതി വോൾട്ടേജ് വ്യതിയാനമില്ലാത്ത പ്രവാഹം ഉറപ്പു വരുത്തുന്നതിനാൽ എല്ലാ വൈദ്യുത ഉപകരണങ്ങളുടേയും- കമ്പ്യൂട്ടർ മുതലായ അതിലോല ഉപകരണങ്ങളുടെ അടക്കം- ആയുസ്സും, പ്രവർത്തനവും കൂട്ടുന്നു.

ഇത് ജനങ്ങളിലേയ്ക്കെത്തിക്കാൻ സർക്കാറുകളും ഇച്ഛാശക്തി കാണിക്കണം. 3000 ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ നിർമ്മിക്കുന്ന വീടുകൾക്ക് നിർബന്ധമായും മിനിമം 8 കിലോവാട്ടെങ്കിലും വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന സൗരോർജ്ജ യൂനിറ്റുകൾ സ്ഥാപിക്കണമെന്നു നിഷ്കർഷിക്കുകയും, അതിനു താഴെ വരുന്ന വീടുകൾക്ക് വീടിന്റെ വിസ്തൃതിക്കനുസരിച്ച് സൗരോർജ്ജ യൂനിറ്റുകൾക്ക് സബ്സിഡി നൽകുകയും വേണം.

വീടുകളിൽ സൗരോർജ്ജ പദ്ധതികൾ നിറയുമ്പോൾ നമ്മുടെ ഡാമുകളിൽ ജലം സംഭരിക്കപ്പെടുന്നു. നിയന്ത്രണ വിധേയമായി നിറഞ്ഞു നിൽക്കുന്ന ജലസംഭരണികൾ കേരളത്തിന്റെ ഊർവരതക്കു ജീവൻ നൽകുന്നു.

വീടിന്റെ ആർഭാടത്തിന് പണം ധൂർത്തടിക്കുന്ന മലയാളി മാറി ചിന്തിക്കുന്ന കാലം വരും എന്ന പ്രത്യാശയോടെ നെടുമ്പാശ്ശേരി വിമാനത്താവളം സൗരോർജ്ജ പ്രഭയിൽ മുങ്ങിക്കിടക്കുന്നത് നമുക്കൊന്നു എത്തിനോക്കാം.

Print Friendly, PDF & Email