യാത്ര

നമ്മള്‍ തൊടുന്ന ബീഹാര്‍ (അവസാന ഭാഗം)ിരിച്ചിറങ്ങുമ്പോള്‍

അതിര്‍ത്തി ജീവിതങ്ങള്‍

75388482_10215947745914344_2999397562282147840_n

രാവിലെ ഉണരുമ്പോള്‍ തിരുപ്പതി ഗസ്റ്റ്ഹൌസ് നിശ്ചലം. എല്ലാവരും കിടന്നുറങ്ങുന്നു. ഇടയ്ക്കെങ്ങാന്‍ വരുന്ന അതിഥികള്‍. കോശി ബരാജില്‍ ചില ഔദ്യോഗിക സന്ദര്‍ശനത്തിന് വരുന്ന എഞ്ചിനീയര്‍മാര്‍. മറ്റുചില കച്ചവടക്കാര്‍. അതോടെ ഇവിടുത്തെ താമസക്കാര്‍ തീര്‍ന്നു.

74612514_10215947747794391_4892521599061721088_n

അങ്ങിങ്ങായി ഇന്നലെ പെയ്ത മഴയുടെ ബാക്കി തുടരുന്നത്കൊണ്ട് ഇന്ന് നടത്തമില്ല. ചായ കുടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ചില ഗുമിട്ടിപ്പീടികകള്‍തുറന്നിരിക്കുന്നു. രാവിലെയുടെ മഴയുടെ അലസത എല്ലാവരിലും കാണാം. ചില കാളവണ്ടികള്‍ മുളകളുമായി മെല്ലെ നടന്നുനീങ്ങുന്നു. അശോക്‌ ഇന്ന് വരില്ല.പകരം പ്രകാശ്‌ വരാമെന്ന് പറഞ്ഞിട്ടുണ്ട്. രാവിലെത്തന്നെ ഗ്രാമത്തിലേക്ക് പോകണം. നാളെ രാവിലെ ഇവിടെനിന്ന് തിരിച്ചുപോകും. പ്രകാശ്‌ വന്നു. ഞങ്ങള്‍യാത്ര തുടങ്ങി. നാല് കിലോമീറ്റര്‍ മാത്രം ബനേലിപ്പട്ടി എന്ന ഗ്രാമത്തിലേക്ക്. സ്ത്രീകളും കുട്ടികളും അങ്ങിങ്ങായി ലക്ഷ്യമില്ലാതെ പാതയുടെ ഇരുവശങ്ങളിലും.പ്രായമായവര്‍ ചില പീടികകളുടെ ബെഞ്ചില്‍ കൂനിക്കൂടി കുത്തിയിരിക്കുന്നു. ജീവിതഭാരം കൊണ്ട് താണ്പോയ വാര്‍ദ്ധക്യങ്ങള്‍.ചില കുട്ടികള്‍ പ്ലാസ്റ്റിക്‌ സഞ്ചിയില്‍ ചായവാങ്ങി കുടിലിലേക്ക് കൊണ്ട്പോകുന്നു.

75627473_10215947830276453_8323871259322482688_n

ബനേലിപ്പട്ടി എത്തുമ്പോള്‍ ഗ്രാമീണരുടെ ജീവിതം തുടങ്ങിക്കഴിഞ്ഞിരുന്നു.പുലര്‍ച്ചെ മൂന്നു മണിക്ക് പാടത്ത് പോകാന്‍ എണീക്കുന്നവര്‍. 2008 ലെ പ്രളയവും തുടര്‍ പ്രളയങ്ങളും തകര്‍ത്ത ഗ്രാമങ്ങള്‍. ഇപ്പോഴും മണല്‍ മൂടിയ കൃഷിപ്പാടങ്ങള്‍. എന്നാലും ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ കൃഷി നേതൃത്വങ്ങള്‍. ജൈവകൃഷികളും തനതായ വിത്തുകളും ചെറിയ ശ്രമങ്ങളും. അവരോട് സംസാരിച്ചു കഴിയുമ്പോഴേക്കും സമയം പതിനൊന്നു മണിയായി. അടുത്ത ഗ്രാമത്തിലേക്ക് പോകണം. അത് ഭീംനഗറിനടുത്താണ്. അവിടെനിന്ന്
നേപ്പാളിലേക്ക് നടന്നുപോകാം. ഞങ്ങള്‍ ഗ്രാമത്തില്‍നിന്ന് തിരിച്ചുപോരുമ്പോള്‍ സമയം മൂന്നു മണി. ഉച്ചഭക്ഷണം അവിടെ ഒരു വീട്ടില്‍ നിന്നായിരുന്നു. ചോറും മീനും ആലു ഭുജിയയും തൈരും. നല്ല നാടന്‍രുചി.

74319496_10215947751754490_5127234427847442432_n

ഭണ്ടാബാരി 

തിരിച്ചുപോരാന്‍ തോന്നിയില്ല. ഏതായാലും അതിര്‍ത്തി കടന്നു നേപ്പാളിലെ ഭണ്ടാബാരി ചൌക്കില്‍ പോകാന്‍ തീരുമാനിച്ചു. ഭണ്ടാബാരി അതിര്‍ത്തി ഇന്ത്യയിലെ ഭീംനഗറുമായി ബന്ധിപ്പിക്കുന്ന ഒരു ചെറിയ സ്ഥലമാണ്‌. കോശി ബരാജിനടുത്തുള്ള ഇവിടെ നിന്നും കാഠ്മണ്ഡുവിലേക്കും ബിരാട് നഗറിലെക്കും വാഹനങ്ങള്‍. വലത്തോട്ട് പോയാല്‍ ബിരാട് നഗര്‍‍. വടക്ക്പടിഞ്ഞാറ് കാഠ്മണ്ഡു. ഏറ്റവും അടുത്ത പട്ടണം ബിരാട്നഗര്‍ തന്നെ. ഒരു മണിക്കൂറോളം യാത്ര. കാഠ്മണ്ഡുവിലേക്ക് ഏകദേശം ഏഴെട്ട് മണിക്കൂര്‍ എടുക്കും. അതിര്‍ത്തി എത്തി. നടന്നും സൈക്കിളിലും അതിര്‍ത്തി കടക്കുന്ന സാധാരണക്കാര്‍. നേപ്പാള്‍ അതിര്‍ത്തി പോലീസ് ചിലരെ മാത്രം പരിശോധിക്കുന്നു. ഞങ്ങള്‍ വണ്ടി ഇപ്പുറം നിര്‍ത്തി ഒരു സൈക്കിള്‍റിക്ഷയില്‍ രാജ്യം കടന്നു. ഒന്നും ചോദിച്ചില്ല. നമ്മള്‍ നേപ്പാളിലെത്തി. മണ്ണും പൊടിയും പിടിച്ച റോഡുകള്‍. തലങ്ങും വിലങ്ങും പായുന്ന ബസ്സുകള്‍. പഴയ പൊളിഞ്ഞ ചില കെട്ടിടങ്ങള്‍. അങ്ങിങ്ങായി കുറെ പീടികകള്‍. ഏത് കുശിനിപ്പീടികകളിലും ഇവിടെ മദ്യം കിട്ടും. എല്ലാം ദേശി. ബിയര്‍ ആണ് പ്രധാനം. മദ്യം മാത്രം വില്‍ക്കുന്ന പെട്ടിപ്പീടികകള്‍. കുടിച്ചടിപിടി കൂടുന്ന സാധാരണക്കാര്‍. കയ്യില്‍ കഷ്ടപ്പാടിന്‍റെ ഭാരവുമായി ഓടിനടക്കുന്ന സ്ത്രീകളും വൃദ്ധരും.

73381310_10215947756994621_5159238475437834240_n

എല്ലാവിധ ഇലക്ട്രോണിക് സാധനങ്ങളും കിട്ടുന്ന ഇടമാണിവിടം. ചൈനയുടേതും ലണ്ടന്‍ ചെക്കോസ്ലോവാക്യ എന്നൊക്കെ വിവിധ ബ്രാന്‍ഡുകള്‍ വിവിധയിനങ്ങള്‍. മിക്കതും ഡ്യൂപ്ലിക്കേറ്റ്‌. ഇന്ത്യയില്‍ നിന്ന് വരുന്ന വസ്ത്രങ്ങള്‍. അത് വില്‍ക്കുന്ന മാര്‍വാടികള്‍‍. നേപ്പാളില്‍ തങ്ങണമെങ്കില്‍ പ്രത്യേകം അനുവാദം എടുക്കണം. അന്ന് തന്നെ പോയി വരാമെന്നുണ്ടെങ്കില്‍ പ്രശ്നമില്ല. ഞങ്ങള്‍ രണ്ടു (വി)ദേശിബിയര്‍ വാങ്ങി നേപ്പാള്‍ കടന്നിന്ത്യയിലെത്തി. സമയം സന്ധ്യയായി. നാളെ തിരിച്ചു പോകണമെന്നത് കൊണ്ട് കോശി ബരാജിലേക്കുള്ള യാത്ര ഒഴിവാക്കി. തിരിച്ച് ബീര്‍പൂരിലേക്ക് പോന്നു. ഇന്ന് ഭക്ഷണം ഗസ്റ്റ്‌ഹൌസ് മാനേജര്‍ പ്രശാന്തിന്‍റെ വീട്ടിലാണ്.
രാത്രി എട്ടു മണിയോടെ എത്താന്‍ പറഞ്ഞതാണ്. ഗസ്റ്റ്‌ഹൌസില്‍ എത്തി. കുളികഴിഞ്ഞു. തന്റെ ജോലി കഴിഞ്ഞ് അശോക്‌ വന്നിരുന്നു. ഞങ്ങള്‍ ബൈക്കില്‍ പ്രശാന്തിന്‍റെ വീട്ടിലേക്ക് തിരിച്ചു.

പ്രശാന്തിന്‍റെ വീട്ടിലെത്തിയപ്പോൾ അവൻ അടുക്കളയിൽ അമ്മയെ ഭക്ഷണം പാചകം ചെയ്യാൻ സഹായിക്കുകയായിരുന്നു. കുറെ കഴിഞ്ഞ് പ്രശാന്ത് വരാന്തയിലേക്കോടി വന്നു സ്വീകരിച്ചു. ഭക്ഷണം തയ്യാറായെന്നും ഇരിക്കാനും പറഞ്ഞു. മുൻപിൽ റൊട്ടിയും കുറച്ച് ചോറും സബ്ജിയും. മറ്റൊരു പ്ലേറ്റിൽ ഇറച്ചിക്കറിയും. പ്രശാന്ത് പറഞ്ഞപ്പോഴാണറിഞ്ഞത് അവൻ വൈകുന്നേരം പിടിച്ച പ്രാവിന്‍റെ ഇറച്ചിയാണെന്ന്. എന്തോ പ്രാവിന്‍റെ ഇറച്ചി കഴിക്കാൻ തോന്നിയില്ല. പ്രാവ് അശോക് കഴിച്ചു. ഞാൻ റൊട്ടിയും ചോറുമൊക്കെ കഴിച്ചു. കഥകൾ പറഞ്ഞു പിരിഞ്ഞു. രാത്രി പതിനൊന്നു മണിയോടെ തിരുപ്പതി ഗസ്റ്റ്ഹൗസിൽ എത്തി. നേരത്തെ പോകണം. അനിൽ നേരത്തെ കിടന്നിരുന്നു.

തിരിച്ചിറങ്ങുമ്പോൾ

രാവിലെ ബീര്‍പൂരില്‍ നിന്നിറങ്ങുമ്പോൾ വീട് വിട്ട് പോകുന്ന തോന്നലായിരുന്നു. ഇഷ്ടമുള്ള ജനങ്ങളും പ്രകൃതിയും ജീവിതവും. അനിൽ വണ്ടി ആഞ്ഞു ചവിട്ടി. രാവിലെ ഏഴുമണി. ഹൈഡ്രോഇലക്ട്രിക്ക് സ്റ്റേഷന്‍വഴി രത്തന്‍പുര അങ്ങാടി കഴിഞ്ഞു. റോഡ് മൊത്തം തകർന്നിരിക്കുന്നു. ഇടതും വലതും വെള്ളം കയറിക്കിടക്കുന്ന പാടങ്ങൾ. സിംരാഹി എത്തിയപ്പോൾ സമയം എട്ട് മണി. പരപരാ തെളിയുന്ന രാവിലെ. പ്രാതല്‍ കഴിച്ചിരുന്നില്ല. അനില്‍ രാഘോവ്പൂരിനടുത്ത് ബേഗുസരായ്ക്കുള്ള വഴിയില്‍ ഒതുക്കിനിര്‍ത്തി. റോഡരികില്‍ കണ്ട ഒരു ധാബയില്‍ കയറി. അവിടെ ജിലേബിയും കചോരിയും ഉണ്ടായിരുന്നു. ഞാന്‍ രണ്ടു കചോരിയും കടലക്കറിയും വാങ്ങിക്കഴിച്ചു. അനില്‍ ഒരു പാന്‍ വാങ്ങി തൊണ്ടയില്‍ താഴ്ത്തി. വണ്ടി പുറപ്പെട്ടു. ഇനിയുള്ള പാതകള്‍ വികസനം പോലെ വിഷമം പിടിച്ചതാണ്. സഹര്‍സയും ഖഗാഡിയയും ബേഗുസരായിയും ഗംഗയും താണ്ടി വേണം പട്നയില്‍ എത്താന്‍. ഒരു കാലത്ത് സഹര്‍സയില്‍ പാലം തകര്‍ന്നപ്പോള്‍ പലവിധ ബസ്സുകള്‍, റിക്ഷകള്‍ കയറി അര്‍ദ്ധരാത്രിയോടെ പൂര്‍ണിയ എത്തിയതും അവിടത്തെ റെയില്‍വേ സ്റ്റേഷനില്‍ കിടന്നതും പിറ്റേന്ന് നൌഗചിയക്ക് പോയതും ഓര്മ വന്നു. ഇന്ന് യാത്രകള്‍ കുറെക്കൂടെ സുഗമമാണ്. വിവിധ റോഡുകള്‍ പാതകള്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രി ആയതിന് ശേഷം വന്നിട്ടുണ്ട്. മാറ്റങ്ങള്‍ പ്രകടമാണ്.

73515717_10215947772915019_8454801108253016064_n

ബേഗുസരായിലൂടെ പോകുമ്പോള്‍

ഇന്നും പഴയ ബീഹാറിന്‍റെ മിക്ക സ്വഭാവങ്ങളും പ്രകടമാകുന്ന ഒരു സ്ഥലമാണ്‌ ബേഗുസരായ്. അങ്ങിങ്ങായി നിര്‍ത്തിയിട്ടിരുക്കന്ന സൈക്കിള്‍ റിക്ഷകള്‍. ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ട്രക്കുകള്‍. ഓട്ടോറിക്ഷകളും അതിലൂടെയോടുന്ന ബസ്സുകളും. ഭൂമിയുടെ അധികാരത്തിന്‍റെ, ബീഹാറിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ കര്‍ഷകസമരങ്ങളുടെയെല്ലാം ഒഴിച്ചുകൂടാന്‍ പറ്റാത്ത സാന്നിധ്യമായിരുന്നു ഒരുകാലത്ത് ഭൂമിഹാര്‍ സമുദായം‍. ഇവരുടെ നാടാണ് ബേഗുസരായ്. അധികാരത്തിന്‍റെ
ഉച്ചിയില്‍ നിന്നും തങ്ങള്‍ ബ്രാഹ്മണര്‍ ആണെന്നു പ്രഖ്യാപിച്ചവര്‍‍. അഖിലേന്ത്യാ കിസാന്‍ സഭയും അതിനെത്തുടര്‍ന്നു വന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിലും ഭൂമിഹാര്‍ സമുദായത്തിന്‍റെ പങ്കും നേതൃത്വവും വളരെ വലുതായിരുന്ന ഇവരുടെ നേതൃത്വത്തില്‍ തന്നെയാണ് മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ രൂപീകൃതമായ രണ്‍വീര്‍ സേന ഉടലെടുത്തതെന്നത് ചരിത്രത്തിലെ ഒരു വൈരുദ്ധ്യമാണ്. രാഹുല്‍സാം കൃത്യായനും വി എസ് നെയ്പോളും ഭൂമിഹാര്‍ ആയിരുന്നു.

75388369_10215947754674563_362983195311865856_n

ഇതൊക്കെ ആലോചിച്ചപ്പോഴേക്കും വണ്ടി ബേഗുസരായ് പിന്നിട്ടിരുന്നു. ബേഗുസരായ് നിന്ന് വലത് ദിശയില്‍ പടിഞ്ഞാറോട്ട് തിരിഞ്ഞാല്‍ പട്നയിലേക്ക് വരാം. കിഴക്കോട്ട് മുന്ഗേറും ഖഗാഡിയയും ഭഗല്‍പൂരും പിന്നീട് ബംഗാളും. താഴെ തെക്ക് ലക്കിസരായിയും നളന്ദയും ഗയയും. ബീഹാറിന്‍റെ മധ്യഭാഗത്തിലൂടെ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ഗംഗയ്ക്ക് വടക്കും തെക്കുമുള്ള ജീവിതങ്ങളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. രീതിയിലും സമ്പത്തിലും വികസനത്തിലും സംസ്കാരത്തിലും. നല്ല വിശപ്പ്‌. എന്തെങ്കിലും കഴിക്കണമെന്ന് തോന്നി. സമയം ഒന്നര മണി . എന്തോ അനില്‍ ഇന്ന് കുറച്ച് മൂഡോഫിലാണ്. ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ഒരു വീട് ഉണ്ടാക്കുന്നുണ്ട് അനില്‍. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലാണ്. മൂന്ന് കുട്ടികളുണ്ട്. സ്വന്തമായി സ്ഥലം ഇല്ല. വാടകവീട്ടിലാണ് താമസം. പ്രണയിച്ച് കല്യാണം കഴിച്ചതാണ്.
ഭാര്യയുടെ വീട്ടിലേക്ക് ഇതുവരെ പോയിട്ടില്ല. അവര്‍ ഉയര്‍ന്ന ജാതിയാണ്. വലിയ പ്രശ്നങ്ങള്‍ക്കൊടുവിലയിരുന്നു അവരുടെ കല്യാണം. അതൊക്കെയാണ്‌ അനിലിനെ അലട്ടുന്നത്. പറഞ്ഞപോലെ ഒരു ധാബയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. റൊട്ടിയും കറിയും കഴിച്ച് യാത്ര തുടര്‍ന്നു. ഇനി മൂന്ന് മണിക്കൂര്‍ കൊണ്ട് പട്നയില്‍ എത്തും. ഒരു യാത്രയുടെ അന്ത്യം. ഗംഗയ്ക്ക് സമാന്തരമായ പാതകള്‍.

മഹാജനപഥങ്ങള്‍

74272576_10215947834596561_5746545918539202560_n

എന്നും ഇന്ത്യയ്ക്ക് മുതല്ക്കൂട്ടായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ബീഹാര്‍. കൊല്ലലും കൊടുക്കലും കുടിലതന്ത്രങ്ങളും അരങ്ങേറിയ ചരിത്ര സ്ഥലങ്ങള്‍. സാമൂഹ്യ മാറ്റങ്ങളുടെ തുടക്കങ്ങളും വിജ്ഞാനസംസ്കാരങ്ങളും നളന്ദയും മഹാജനപഥങ്ങളും വൈശാലിയും മിഥിലയും മഗധയും ബുദ്ധനും മഹാവീരനും ചാണക്യനും ഭാസ്കരനും ആര്യഭട്ടനും. പിന്നീട് വന്ന മുഗളരും ബ്രിട്ടീഷ്‌കാരും. ബീഹാറിന്‍റെ നെഞ്ചത്ത്‌കൂടെയായിരുന്നു കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ബ്രിട്ടീഷ്‌ സൈന്യം പടിഞ്ഞാറോട്ട് യുദ്ധപാതകള്‍ വെട്ടിത്തുറന്നത്.

ഏതൊരടിച്ചമര്‍ത്തലിനും ഏകാധിപത്യത്തിനുമെതിരെ ബീഹാറില്‍ നിന്ന് ഉത്തരങ്ങള്‍ വന്നുകൊണ്ടിരുന്നു. പിന്നീടത്‌ ചമ്പാരന്‍ സത്യഗ്രഹത്തിലൂടെയും ജയപ്രകാശ് നാരായണനിലൂടെയും അങ്ങിനെ എത്രയെത്ര. ഇന്ത്യയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വലിയൊരു മാറ്റത്തിനു തുടക്കമിട്ട മണ്ഡല്‍ കമ്മീഷന്‍റെ അധ്യക്ഷനായിരുന്ന ബി പി മണ്ഡല്‍ ബീഹാറിലെ മധേപുരയില്‍ നിന്നായിരുന്നു.

മാറുന്ന ബീഹാര്‍

73171307_10215947840996721_165033590067822592_n

ബീഹാര്‍ ഇന്ന് മാറ്റത്തിന്‍റെ വലിയൊരു ചുഴിയിലാണ്. കൃത്യമായി പറഞ്ഞാല്‍ ഇതൊരു സങ്കീര്‍ണവും പക്ഷെ ഒഴിവാക്കാന്‍ പറ്റാത്തതും ആയ കാലത്തിലൂടെ സഞ്ചരിക്കുന്നു ബീഹാര്‍. മാറി മറിഞ്ഞുവരുന്ന ജാതിസമവാക്യങ്ങള്‍. അധികാരങ്ങള്‍. ഒരു കാലത്ത് ഭൂമിയുടെ അധികാരികളായിരുന്ന കയസ്ഥരും ബ്രാഹ്മണരും ഭുമിഹാരും രാജ്പുത്തും. അവരെ ചോദ്യം ചെയ്തു വന്ന യാദവരും കുര്‍മികളും. ദളിത മഹാദളിത ജീവിത സമൂഹം സിംഹഭാഗവും വടക്കന്‍ ബീഹാറില്‍ നിന്നാണ്. ലാലുവിന്‍റെ ഭരണകാലം തീര്‍ച്ചയായും വലിയൊരു മാറ്റത്തിനു തുടക്കമിട്ടു എന്നത് നിസ്തര്‍ക്കമാണ്. പിന്നീട് വന്ന നിതീഷ് കുമാറും നിലവിലുള്ള അഴിമതിയില്‍ മുങ്ങിയ ഉദ്യോഗസ്ഥവൃന്ദങ്ങളെ തളയ്ക്കാന്‍ ശ്രമിച്ചു. അടിസ്ഥാന സൌകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാലും ബീഹാര്‍ മാറണമെങ്കില്‍ ഇനിയും അടിത്തട്ടിലെ ജനതയില്‍ നിന്ന് ദളിത്‌ മഹാദളിത് സമുദായങ്ങളില്‍ നിന്ന് യാദവരില്‍ നിന്നും കുര്‍മികളില്‍ നിന്നും പസ്വാനില്‍ നിന്നും മാജിയില്‍ നിന്നും മുസഹറില്‍ നിന്നും പുതിയ കാലം ആവശ്യപ്പെടുന്ന ചോദ്യം ചെയ്യലുകളും ഉത്തരങ്ങളും പ്രസ്ഥാനങ്ങളും ഉയര്‍ന്നു വരണം. അതിന്‍റെ ചെറിയ ചില വെളിച്ചങ്ങള്‍
നമ്മള്‍ക്ക് ബീഹാറില്‍ കാണാം. പട്ന അടുക്കുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങി. ഇനി അധിക സമയം വേണ്ട. നാളെ ബീഹാര്‍ വിടുന്നു. വീണ്ടും വരാന്‍. വന്നാലും വന്നാലും വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്ന രണ്ടുമൂന്നിടങ്ങളില്‍ ഒന്നാണ് ബീഹാര്‍.

ആയിരം പുസ്തകങ്ങൾ വായിക്കുന്നത് പോലെയാണ് ബീഹാറിലൂടെയുള്ള യാത്ര.

അവസാനിച്ചു.

Print Friendly, PDF & Email