CINEMA

ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങൾ– ജോൺ എബ്രഹാം ഒരു പുനർകാഴ്ച 

‘ഞാൻ ഒരു പ്രതിഭാസമല്ല’ എന്ന് ജോൺ തന്നെ ഒരു നിഴൽ രൂപത്തിൽ ‘ചെറിയാച്ച’നിൽ വന്നു പറയുന്നുണ്ട്. അത് തന്നെ കുറിച്ചല്ല- അടൂർ ഭാസിയുടെ രോഗാവസ്ഥയെ പറ്റിയാണ് എന്ന് പറയാമെങ്കിലും. മരണശേഷം മലയാളികൾ ജോണിനെ ഒരു മിത്ത് ആക്കി, അദ്ദേഹത്തെ തന്നെ ചിരിപ്പിച്ചേക്കാവുന്ന ‘ജോൺ കഥക’ളുമായി… മലയാള സിനിമയിലെ അവധൂതനായിരിക്കുന്നു ജോൺ.

John caricature
ഇതിനിടെ, ജോൺ ചെയ്ത നാലു സിനിമകളിൽ രണ്ടെണ്ണം കാണികൾക്ക് അപ്രാപ്യമായി. ആദ്യ സിനിമയായ ‘വിദ്യാർത്ഥികളെ ഇതിലെ ഇതിലെ’ കണ്ടവർ വളരെ കുറവാണ്–അതിന്റെ പ്രിന്റ് കിട്ടാനുണ്ടോ എന്ന് പോലും അറിയില്ല. ‘ചെറിയാച്ച’ന്റെ പ്രിന്റിനായി പലരും പലവട്ടം അന്വേഷണം നടത്തിയെങ്കിലും, അതും കിട്ടാനില്ലായിരുന്നു. ഈയിടെ യു ട്യൂബിൽ ‘പോപ്പിൻസ്’ ആണ് ചിത്രത്തിന്റെ ഒരു കോപ്പി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അവർ ആരായാലും, പലരും കാണാതെ പോയ–ജോണിന്റെ നല്ല രണ്ടു ചിത്രങ്ങളിൽ ഒന്നായ ‘ചെറിയാച്ചൻ ‘ കാണികളുടെ മുൻപിൽ എത്തിയിരിക്കുകയാണ്.

 കുട്ടനാടിന്റെ 1960 -70 കളിലെ കർഷക സമരം, കർഷക തൊഴിലാളി സമരം എന്നിവ അറിയാതെ ഈ സിനിമ കാണുന്നവർ വിഡ്ഢികൾ ആകും. ഇതിലെ അവറാച്ചൻ മറ്റാരുമല്ല- ഇ ജോൺ ജേക്കബ് എന്ന നിരണം ബേബി ആണ്. കേരള കോൺഗ്രസിന്റെ നേതാവ് – കായലിൽ അക്കാലത്തു പൊങ്ങിയ മിക്ക മൃത ശരീരങ്ങളുടെയും, പുറകിലെ ശക്തി- നിരണം ബേബിയുടെ പടയോട് പൊരുതിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെ തമ്പടിച്ചതും, ആലപ്പുഴയെ ചുവപ്പു കോട്ട ആക്കിയതും. ഈ സിനിമ, ഇടത് അനുഭാവിയായിരുന്ന ജോണിന്റെ അപ്പൻ അവറാച്ചന് (വാഴക്കാട്ടിൽ അബ്രഹാം) ഒരു നല്ല സമർപ്പണമായി എന്നും പറയാം. കാരണം അന്നത്തെ മധ്യവർത്തി നസ്രാണി- ആ സമരങ്ങളിൽ പെട്ട് ഉരുകുന്നവൻ ആയിരുന്നു– പള്ളിയിൽ അച്ചന്മാരുടെ സമത്വ ഭാവന പ്രസംഗവും, നാട്ടിൽ നിരണം ബേബിമാരുടെ ഗുണ്ടാ വിളയാട്ടവും കണ്ട് ‘ചെറിയാച്ച’ൻമാരായി പോയവരായിരുന്നു അന്നത്തെ നസ്രാണികളിൽ പലരും. .

ക്രിസ്ത്യാനിക്ക്  അന്നും ഇന്നുമുള്ള ഒരു വൈരുദ്ധ്യത്തെ ഓർമ്മിപ്പിക്കുന്ന സിനിമ കൂടിയാണ് ഇത്. പള്ളികളിൽ എല്ലാ കൂട്ടായ്‍മകളിലും, മനുഷ്യ സ്നേഹവും, നല്ല സമരിയകാരന്റെ കഥയും കേട്ട് നല്ലവൻ ആകുവാനുള്ള ഉൾവിളികൾ ഒരു വശത്ത്. 

ജോണിന്റെ ഏറ്റവും നല്ലതു എന്ന് തന്നെ പറയുവുന്ന, ഒറ്റനോട്ടത്തിൽ അവാർഡുകൾ വാരി കൂട്ടിയ  “അഗ്രഹാരത്തിൽ കഴുതയെക്കാൾ’ ഒറിജിനൽ ആയ ഒരു സിനിമയെ “ചെറിയാച്ചനിലൂടെ ” നമുക്ക് ഇവിടെ കാണാം. “അഗ്രഹാരത്തിൽ കഴുത ” സ്വാമിനാഥൻ എന്ന എഴുത്തുകാരന്റെ കഥയാണ്. ഇവിടെ, ജോൺ തന്നെ കഥ, തിരക്കഥ, സംവിധാനം എല്ലാം നിർവഹിച്ചിരിക്കുന്നു- “അഗ്രഹാരത്തിനു” ഫ്രഞ്ച് ചിത്രമായ “ബാൽത്താസാറിന്റെ “സാമ്യം  എന്ന ആരോപണവും ഉണ്ടായി.  എന്നാൽ “ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ ” ആകട്ടെ ഒന്നാതരം ജോൺ, കുട്ടനാട് സ്റ്റാമ്പ് ഉള്ള സിനിമ തന്നെ..

സുറിയാനി  ക്രിസ്താനികളുടെ പള്ളികളിൽ പാടുന്ന, ‘ക്രൂശിന്മേൽ ..’ എന്ന പാട്ടുമായാണ് ചിത്രത്തിന്റെ തുടക്കം – കുട്ടനാടിന്റെ എല്ലാ വർണ ഭംഗിയുടെയും പശ്ചാത്തലത്തിലാണ് ചെറിയാച്ചൻ എന്ന കഥാപാത്രത്തെ ജോൺ അവതരിപ്പിക്കുന്നത്. ചെറിയാച്ചന്റെ മരിച്ചു പോയ അമ്മ നമ്മോടു പറയുന്ന കഥയാണ്‌, സിനിമയിലൂടെ ജോൺ അവതരിപ്പിക്കുന്നത്.. ക്രിസ്ത്യാനിക്ക്  അന്നും ഇന്നുമുള്ള ഒരു വൈരുദ്ധ്യത്തെ ഓർമ്മിപ്പിക്കുന്ന സിനിമ കൂടിയാണ് ഇത്. പള്ളികളിൽ എല്ലാ കൂട്ടായ്‍മകളിലും, മനുഷ്യ സ്നേഹവും, നല്ല സമരിയകാരന്റെ കഥയും കേട്ട് നല്ലവൻ ആകുവാനുള്ള ഉൾവിളികൾ ഒരു വശത്ത്. അതിജീവനത്തിന്റെ സാമൂഹിക യാഥാർത്ഥ്യങ്ങളെ നേരിടുവാൻ ആ ഉൾവിളികൾ പ്രയോജനപ്പെടുന്നില്ല എന്ന തിരിച്ചറിവ് മറുവശത്ത് എന്നതാണത്. അതവർ അറിയുന്നുമുണ്ട് ചെറിയാച്ചനെ പോലെ. അവറാച്ചൻ മുതലാളിയുടെ വിളിയും, പത്രോസ് മൂപ്പന്റെ ഉൾവിളിയും എല്ലാ നസ്രാണികളെയും എന്നതുപോലെ ചെറിയാച്ചനെ കുറ്റബോധത്തിന്റെ മാനസിക വിഭ്രാന്തിയിലേക്കു നയിക്കുന്നു.

cheri
പത്രോസ് മൂപ്പന്റെ ആൾക്കാരെ അവറാച്ചന്റെ ആൾക്കാർ കൊല്ലുന്നതു ചെറിയാച്ചന് സഹിക്കുന്നില്ല. കൊലയാളിയെ തേടിയെത്തുന്ന പോലീസ് അയാളുടെ വിഭ്രാന്തി വർധിപ്പിക്കുന്നു. അവസാനം അയാൾ ഒരു മന:ശാസ്ത്രജ്ഞന്റെ ചികിത്സക്ക് വിധേയനാകുന്നു..
നാട്ടിൽ നടന്ന ഒരു ആത്മഹത്യ- സ്വന്തം സഹോദരിയുടെ,(ഗൾഫ് വിസക്ക് വേണ്ടിയുള്ള) ശരീരം കാഴ്ച വെക്കൽ – എല്ലാം ചെറിയാച്ചനെ കൂടുതൽ വിഭ്രാന്തിയിലേക്ക് കൊണ്ട് പോകുന്നു..അദ്ദേഹം തന്റെ ‘സ്വർഗ്ഗാരോഹണം’ ഒരു തെങ്ങിൻ മണ്ടയിൽ നിന്ന് വീഴുന്നതിലൂടെ നടപ്പാക്കുന്നു.
ഇങ്ങനെ ഒരു ചെറിയ കഥാതന്തുവിലൂടെ, കൊച്ചു സംഭവങ്ങളിലൂടെ, ചില വലിയ മാനുഷിക, സാമൂഹിക, സത്യങ്ങൾ തുറന്നു കാട്ടിത്തരാൻ കഴിയുമെന്ന് ജോൺ ഈ സിനിമയിലൂടെ തെളിയിക്കൂന്നു– വളരെ ലളിതവും, നർമരസമുള്ളതുമായ സന്ദർഭങ്ങളിലൂടെ. പല ‘തലങ്ങ’ളിൽ കാണിച്ചാൽ മാത്രമേ സിനിമ ഒരു നല്ല കലാ സൃഷ്ടിയാകു എന്ന് വിശ്വസിച്ച ജോൺ എന്ന റീഥ്വിക്ക് ഘട്ടക് ശിഷ്യന്റെ സിനിമയാണ് ‘ചെറിയാച്ചൻ’

chor
ആദ്യത്തെ ഗാനം മനുഷ്യൻറെ ചെറിയാച്ചന്റെ ദുരിതങ്ങളെ പറ്റി സൂചിപ്പിക്കുമ്പോൾ, ‘ബലികുടീരങ്ങളേ..’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് കുട്ടനാട്ടിലെ കുപ്രസിദ്ധമായ കായലിൽ ശവം പൊങ്ങുന്ന വിധം നമ്മെ കാണിക്കുന്നത്. കെ പി എ സി യുടെ പ്രശസ്തമായ ആ ഗാനത്തിന്റെ രാഷ്‌ട്രീയം എന്താണ് എന്ന് ഒരു മലയാളിക്കും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ .. ‘ എന്റെ രക്ഷിതാവായ കർത്താവെ, എന്നെ ഈ പോലീസിൽ നിന്ന് രക്ഷിക്കണേ ‘ എന്ന് പറഞ്ഞു പള്ളിയിൽ അഭയം പ്രാപിക്കുന്ന ചെറിയാച്ചനെ കാണുമ്പോൾ അടിയന്തരാവസ്ഥയുടെ ക്രൂരതകൾ കഴിഞ്ഞു വന്ന സിനിമ ആണ് ഇത് എന്ന് നമ്മൾ ഓർക്കണം. അവിടെയും അദ്ദേഹം സാധാരണക്കാരന്റെ അധികാര സ്ഥാപനങ്ങളോടുള്ള, അടിയന്തരാവസ്ഥക്കാലത്തേതിന് തുല്യമായ ഭയം കൊണ്ട് വരുന്നു.
‘എലിപ്പത്തായ’ത്തിലെ നായകന്റെ യാഥാർത്ഥ്യങ്ങളിൽ ഒളിച്ചോട്ടം ഓർമിപ്പിക്കുന്നതാണ്, ചെറിയാച്ചന്റെ വീട്ടിലേയും, പള്ളിയിലേയും, തട്ടിൻ പുറത്തേയും പശുക്കൂട്ടിലേയും ഒളിച്ചിരിക്കൽ. പക്ഷെ ‘എലിപ്പത്തായ’ത്തിൽ അടൂർ, കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന യുക്തിഭദ്രത ജോണിൽ നിന്ന് നമുക്ക് ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയില്ല. ജോണിന്റേത് ഒരു നദിയെ പോലെ ഒഴുകി നടക്കുന്ന ‘കൊളാഷ്’കൾ ആണ്. കഥാപാത്രങ്ങളുടെ സാമൂഹികവും, മാനസികവും ആയ ‘കൊളാഷ്’കൾ. അതാണ് ജോണിനെ മറ്റെല്ലാവരിൽ നിന്ന് മാറ്റി നിർത്തുന്നതും. അത് കൊണ്ട് തന്നെ ഈ സിനിമയ്ക്കു ആ കാലഘട്ടത്തിലെ ആർട്ട് സിനിമയുടെ യാതൊരു പരിവേഷവും ഇല്ല എന്ന് പറയാം. എല്ലാവർക്കും കയറിച്ചെല്ലാവുന്ന, മനസ്സിലാക്കാവുന്ന മാനുഷിക, സാമൂഹിക നിമിഷങ്ങളുടെ സിനിമ.

chor 2
ജോണിന്റെ സിനിമയിൽ നായകനും, വില്ലനും ഇല്ല. നന്മയും തിന്മയും ഉണ്ട്. നീതി ന്യായ വ്യവസ്ഥയുണ്ട്, പക്ഷേ, അത് തിന്മയുടെ സഹയാത്രികർ ആണ് എന്ന് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഭാര്യയെ ഗൾഫിൽ അയച്ച്, നാട്ടിലെ പെൺ കുട്ടികൾക്ക് വിസ നേടിക്കൊടുത്ത്, ’രാത്രിയിൽ അവരുടെ വീടുകളിൽ എത്തുന്ന’ സാമൂഹിക ഇത്തിൾക്കണ്ണികളെ ജോൺ അതിനിടയിലൂടെ കൊണ്ടു വരുന്നുണ്ട്. അതും മനസ്സിലെ നന്മ തിന്മ യുദ്ധത്തിന്റെ ആഘാതം വര്ധിപ്പിച്ച്, ചെറിയാച്ചന്റെ വിഭ്രാന്തി കൂട്ടുന്നു.
ചെറിയാച്ചൻ തൊഴിലാളി സമരവും, കർഷകരുടെ പ്രശ്നങ്ങളും, നിസ്സംഗതയോടെ ആണ് നോക്കിക്കാണുന്നത്. രണ്ടു കൂട്ടരിലും അയാൾ ഒരു ശരി കാണുന്നു. പക്ഷെ അതിൽ താൻ എവിടെ നിൽക്കണം എന്ന് അയാൾക്ക്‌ വ്യക്തത ഇല്ല. അവിടെയാണ് വിഭ്രാന്തി-പേടി എന്നിവ അയാളെ വിഴുങ്ങുന്നത് . അത് തന്നെ ആയിരുന്നു ആ കാലഘട്ടത്തിലെ മധ്യവർത്തിയുടെ സ്ഥിതിയും. ഈ അവസ്ഥ ഈ സിനിമയിൽ ജോൺ തന്മയത്വത്തോടെ ആവിഷ്‌കരിച്ചിരിക്കുന്നു.

vk 1
പക്ഷെ ചെറിയാച്ചനൊഴിച്ചുള്ള കഥാപാത്രങ്ങളുടെ യുക്തിഭദ്രത ഇല്ലായ്മ, അമിതമായ സംഗീതം, ദൃശ്യങ്ങളിൽ പലപ്പോഴും കാണുന്ന ഗൗരവമില്ലായ്മ ഒക്കെ കൂടി ജോണിന്റെ സിനിമ, കലാമൂല്യമുള്ള സിനിമകളുടെ പട്ടികയിൽ ഉയർന്ന സ്ഥാനത്ത് എത്തിപ്പെടുന്നില്ല. സിനിമയിൽ ജോണിന്റെ ഗുരുവായിരുന്ന ഘട്ടക് കാണിച്ചിരുന്ന രൂപപരമായ ഗൗരവം ജോണിന് കൊണ്ട് വരുവാൻ കഴിഞ്ഞില്ല; രണ്ടു പേരുടെയും പ്രതിപാദന ശൈലി ഒന്നായിട്ടും. ഇത്രയൊക്കെ പ്രതിഭാസമ്പന്നൻ ആയിട്ടും, സിനിമയുടെ വ്യാകരണത്തെ കുറിച്ച് നല്ല അവബോധം ഉണ്ടായിട്ടും, ജോണിന്റെ സിനിമകൾ സ്വന്തം ഗുരുവിന്റെ സിനിമയെ പോലെ ലോകമെങ്ങും ആഘോഷിക്കപ്പെടാതെ പോകുന്നത് അതുകൊണ്ടാണ്..

vk2
പക്ഷെ മലയാളത്തിലെ കലാമൂല്യമുള്ള സിനിമയെ സംബന്ധിച്ചിടത്തോളം, ജോണിന്റെ ചിത്രങ്ങൾ ഒരു നാഴികക്കല്ലാണ്. സിനിമയും കലയും ജീവിതവും കൂട്ടിക്കുഴച്ച് , അതിൽ സ്വയം ആഹുതി ചെയ്ത മനുഷ്യജന്മമായിരുന്നു ജോണിന്റേത്. നമുക്ക് മുൻപിൽ ഒരിക്കലും മറക്കാനാവാത്ത ഒരു പ്രതിഭാസമായി നാലു സിനിമകളുമായി, അതിലേറെ നല്ല സിനിമക്ക് വേണ്ടിയുള്ള ജീവിതത്തിലൂടെ, പ്രവർത്തനത്തിലൂടെ, ഉല്പതിഷ്‌ണത്വത്തിലൂടെ ജോൺ ജീവിക്കുന്നു-
‘ചെറിയാച്ചൻറെ ക്രൂരകൃത്യങ്ങൾ’ എന്ന സിനിമയുടെ ഇന്നത്തെ യൂ ട്യൂബ് ആരോഹണവും അതിന്റെ ഭാഗമാണ്.

(photos-carricature by Sasikumar.-rest from Ramachandra Babu)ജോൺ  അബ്രഹാമിന്റെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ എന്ന സിനിമ യൂടൂബിൽ താഴെ കാണുന്ന ലിങ്കിൽ കാണാം.

https://www.youtube.com/watch?v=ibcFC8gWdOE&t=7s

Print Friendly, PDF & Email

About the author

വി.കെ.ചെറിയാന്‍

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.