ചുവരെഴുത്തുകൾ

 ഇന്ത്യയുമായി അഭേദ്യമായ ബന്ധമുള്ള മൂന്നുപേർ സത്യാനന്തര കാലഘട്ടത്തിൽ, വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം അപ്രിയ യാഥാർഥ്യങ്ങൾ വിളിച്ചു പറയുന്നവർ പലപ്പോഴും രാജ്യദ്രോഹികൾ ആക്കപ്പെടുമ്പോഴാണ് ബാനർജി തല ഉയർത്തി നിന്നുകൊണ്ട് രാജാവ് നഗ്നനാണ് എന്ന് ഉറക്കെ പറഞ്ഞത്.

ന്ത്യയുമായി അഭേദ്യമായ ബന്ധമുള്ള മൂന്നുപേർക്ക് -അഭിജിത് ബാനർജി,എസ്തേർ ഡാഫ്‌ളോ,മൈക്കിൾ ക്രെമേർ- ഇത്തവണത്തെ നൊബേൽ സമ്മാനം ലഭിച്ചതിൽ അനല്പമായ സന്തോഷമുണ്ട്. വ്യക്തിപരമായി അഭിമാനവും ഇല്ലാതില്ല. കാരണം, അവരുടെ brain child ആയ അബ്ദുൽ ലത്തീഫ് ജമീൽ പോവെർട്ടി ആക്ഷൻ ലാബ് എന്ന J-PAL, സാമൂഹ്യ ഗവേഷകർക്ക് വേണ്ടി നടത്തുന്ന Evidence based Policy Evaluation കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ഗവേഷണ രീതിശാസ്ത്രത്തെ അത്രമേൽ empirically sophisticated ആക്കി പഠിപ്പിക്കുന്ന മറ്റൊരു കോഴ്സ് ഇന്ത്യയിൽ ഞാൻ കണ്ടിട്ടില്ല. ക്രെമർ, ഗുജറാത്തിൽ ഓഫീസ് ഉള്ള പ്രിസിഷൻ അഗ്രിക്കൾച്ചർ ഫോര് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടി ആണ്. എന്റെ അടുത്ത സുഹൃത്ത് തരുൺ അവിടെ അഗ്രോണമിസ്റ് ആണ്. കൃഷി തരംഗ് എന്ന് പേരിട്ടിരിക്കുന്ന,നൂതനമായ സാങ്കേതിക വിദ്യകൾ മൊബൈൽ ഫോണിലൂടെ കർഷകരെ പഠിപ്പിക്കുകയും, അവർക്കാവശ്യമായ വിവരങ്ങൾ കൃത്യമായി എത്തിക്കുകയും ചെയ്യുന്ന പദ്ധതിയിലൂടെ ക്രെമർ 40,000 ചെറുകിട കർഷകരെയാണ് ലാഭകരമായ കൃഷിയിലേക്കു നയിച്ചത്. കെനിയയിലും, ഇന്ത്യയിലും ബാനർജിയും സംഘവും നടത്തിയ പരീക്ഷണങ്ങൾ എല്ലാം തന്നെ സമാനതകൾ ഇല്ലാത്തതാണ്.FB_IMG_1571160467445

അതുപോലെ മനോഹരമായ പുസ്തകമാണ് ദാരിദ്ര്യത്തെക്കുറിച്ചു അവർ എഴുതിയതും. എന്നെ സമീപിച്ച, ബിരുദം പൂർത്തിയാക്കിയ മെതഡോളജി പഠിക്കാൻ ആഗ്രഹിക്കുന്ന മിക്കവാറും എല്ലാ യുവ സുഹൃത്തുക്കളോടും ഞാൻ ഇന്റേൺഷിപ്പ് ചെയ്യാൻ പറയാറുള്ളത് രണ്ടു സ്ഥാപനങ്ങളിൽ ആണ്- ഒന്ന് J- PAL, രണ്ട് അവരുടെ സഹോദര സ്ഥാപനമായ , നചികേത് മോർ എന്ന ധിഷണാശാലിയായ മുൻ- ബാങ്കർ നയിക്കുന്ന മദ്രാസിലെ IFMR. ബാനർജിയുടെ ഒരു പാട് അഭിപ്രായങ്ങളിൽ പൂർണ്ണയോജിപ്പുണ്ട്.

FB_IMG_1571160474313നോട്ടു നിരോധനത്തെക്കുറിച്ച്, സമകാലീന ഇന്ത്യൻസമ്പദ് വ്യവസ്ഥയെക്കുറിച്ച്, ന്യായ് ‘പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് ഒക്കെയുള്ള വസ്തുനിഷ്ഠമായ, പക്ഷപാതിത്വമില്ലാത്ത അഭിപ്രായങ്ങളിൽ അതിയായ ആദരവുണ്ട്. സത്യാനന്തര കാലഘട്ടത്തിൽ, വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം അപ്രിയ യാഥാർഥ്യങ്ങൾ വിളിച്ചുപറയുന്നവർ പലപ്പോഴും രാജ്യദ്രോഹികൾ ആക്കപ്പെടുമ്പോഴാണ് ബാനർജി തല ഉയർത്തി നിന്നുകൊണ്ട് രാജാവ് നഗ്നനാണ് എന്ന് ഉറക്കെ പറഞ്ഞത്. ‘തെളിവുകളുടെ സുതാര്യത’ തന്നെയാണ് അവരുടെ ഗവേഷണത്തെ ഗൌരവപൂർണ്ണവും, വ്യത്യസ്തവും ആക്കി മാറ്റുന്നതും.

അതേസമയം, ബാനര്‍ജിയുടെ RCT(Randomised Control Trial) മോഡല്‍ ഒരു പാട് വിമര്‍ശിക്കപ്പെട്ട ഒരു രീതിശാസ്ത്രം കൂടിയാണ്. നയപരിപാടികളുടെ കാര്യക്ഷമതയും, ഫലപ്രാപ്തിയും നിര്‍ണ്ണയിക്കേണ്ടത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്നതുപോലെ,സാമൂഹ്യ- ദാരിദ്രനിര്‍മാർജ്ജന നയങ്ങള്‍ ഉണ്ടാക്കേണ്ടതും ‘evidence’ നെ മാത്രം മുന്‍നിര്ത്തിയാകണം എന്ന് അവര്‍ പറയുമ്പോള്‍ അതില്‍ നൈതികവും, രാഷ്ട്രീയവും, സാമൂഹ്യവുമായ മൂല്യങ്ങളുടെ തിരസ്ക്കാരം കൂടി വരുന്നുണ്ട്. അമര്‍ത്യാസെന്നിനെ പോലെയോ, എലിനോര് ഓസ്ട്രോമിനെ പോലെയോ കുറേക്കൂടി വിശാലമായ അര്‍ത്ഥത്തില് അവര്‍ പ്രശ്നങ്ങളെ നിരീക്ഷിച്ചില്ല എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്. സാമൂഹ്യഘടനയും, ലിംഗപദവിയും, ജാതിയും, വംശീയതയും ഒക്കെ അടിസ്ഥാനതലത്തില്‍ നയപരിപാടികളുടെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ RCT യുടെ ശാസ്ത്രീയതയില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പല നയങ്ങളും പരാജയമാകാനിടയുണ്ട്. ഉദാഹരണത്തിന്, സ്വന്തമായി കൃഷിസ്ഥലം ഇല്ലാത്തത് കൊണ്ടാണ് ഉത്തരേന്ത്യയിലെ ദളിതര്‍ക്ക് വിഭവങ്ങളുടെ മേല്‍ സ്വാധീനമില്ലാത്തത് എന്നത് വളരെ എളുപ്പത്തില്‍ empirically തെളിയിക്കാം. അതേസമയം കൃഷിഭൂമി വാങ്ങാൻ വായ്പയായി പണം അവര്‍ക്ക് നല്‍കുന്ന നയം ഇതിനുള്ള പരിഹാരമാകില്ല. കാരണം, മിക്ക ഗ്രാമങ്ങളിലും ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളത് ദളിതര്‍ കൃഷിഭൂമിയില്‍ കൃഷി ചെയ്യാന്‍ മടിക്കുന്നതാണ്. അദ്ധ്വാനിക്കാനുള്ള മടി കൊണ്ടല്ല. ദളിതര്‍ അല്ലാത്ത പിന്നോക്കക്കാരായ കര്‍ഷക തൊഴിലാളികള്‍ ദളിതരുടെ ഭൂമിയില്‍ കൂലിപ്പണി ചെയ്യാന്‍ മടിക്കുന്നതാണ് കാരണം. ഒപ്പം, ട്രാക്ടർ പോലുള്ള മെഷിനറികൾ വാടകക്ക് കൊടുക്കാൻ വൻകിട ഭൂവുടമകൾ മടി കാണിക്കുന്നത് കൊണ്ടും. അതുപോലെ പൊതു ജലസ്രോതസ്സുകൾ ദളിതർക്കു ഉപയോഗിക്കാൻ പറ്റാത്ത ഗ്രാമങ്ങൾ ഉണ്ട് . ഇതൊക്കെ കൊണ്ടാണ് പണിയെടുക്കാന്‍ ആളെ കിട്ടാതെ, വെള്ളം കിട്ടാതെ,ഭൂമി വിറ്റ് പട്ടണങ്ങളിലേക്ക് കുടിയേറുന്ന ധാരാളം ദളിതർ ഇവിടെ ഉണ്ടാകുന്നത്. അയിത്തം, RCTയിലൂടെ തെളിയിക്കേണ്ട ഒന്നല്ല. അതൊരു സാമൂഹ്യപ്രശ്നമാണ്. ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ ദാരിദ്ര്യം എന്ന് പറയുന്നത് അയിത്തവും, ജാതിയും അതുണ്ടാക്കുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങളും കൂടി ചേര്‍ന്നതാണ്. നൈതികവും, രാഷ്ട്രീയവുമായ ഇടപെടലില്‍ കൂടി മാത്രമേ ഇത്തരം സൂക്ഷ്മ യാഥാർഥ്യങ്ങളെ പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ചുരുക്കത്തില്‍, Jean Dreze പറയുന്നതുപോലെ, തെളിവുകള്‍ ഇല്ലാത്തത് അല്ല നമ്മുടെ ആത്യന്തികമായ പ്രശ്നം, മറിച്ച് തെറ്റായ മുന്ഗണനാക്രമങ്ങളും, സാമൂഹ്യഘടനയിലെ അസന്തുലിതാവസ്ഥയും, അതുണ്ടാക്കുന്ന സങ്കീര്‍ണ്ണതകളുമാണ്. പബ്ലിക്‌ പോളിസിയെ പരിപൂര്‍ണ്ണമായും അരാഷ്ട്രീയവല്‍ക്കരിച്ച്, ഒട്ടും പ്രത്യയശാസ്ത്ര ബന്ധിതമല്ലാത്ത ‘ഡാറ്റാ-നിയന്ത്രിത’ മായ, ഒരു ശാസ്ത്രീയമാതൃകയില്‍ നിര്‍വചിക്കുന്നതാണ് ബാനര്‍ജിയുടെ രീതി.

FB_IMG_1571160479859 അരാഷ്ട്രീയവും, എന്നാല്‍ വസ്തുനിഷ്ഠവുമായ പൊതുബോധം ഉള്ളതുകൊണ്ടാവണം ‘I miss the old RSS. I never liked their views, but I appreciated the sophistication of their position’ എന്ന് സ്വാഭാവികമായി പറയാനും ബാനര്‍ജിക്ക് കഴിയുന്നത്‌. ഇതേ ബാനര്‍ജി മോദിയുടെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍. അതെ സമയം അമര്‍ത്യാസെന്നിന്റെ സമീപനം എല്ലായ്‌പോഴും തികച്ചും രാഷ്ട്രീയവും നൈതികവുമാണ് എന്നുകൂടി നാം അറിയണം. അതുകൊണ്ടാണ് ബഹുസ്വരതയും, ജനാധിപത്യത്തിന്റെ അന്തസത്തയും, സഹിഷ്ണുതയും കൂടി അദ്ദേഹത്തിന്റെ സാമ്പത്തികവീക്ഷണത്തിൽ മുന്നിട്ടു നിൽക്കുന്നത് . അഭിജിത്ത് ബാനര്‍ജിയുടെയും ടീമിന്‍റെയും നിശിതവും കണിശവുമായ മോഡലിനെ ആദരിക്കുന്നതോടൊപ്പം, സമാനതകളില്ലാത്ത കഠിനാധ്വാനത്തിന് കിട്ടിയ അംഗീകാരത്തെ ആത്മാർഥമായി അഭിനന്ദിക്കുന്നതോടൊപ്പം, ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍, ആ മാതൃകയുടെ പ്രായോഗികപരിമിതികള്‍ കൂടി പറയേണ്ടത് എന്റെ രാഷ്ട്രീയബോധ്യം ആയതുകൊണ്ടാണ് ഇത്രയും പറഞ്ഞത് .

FB_IMG_1571160485261

Print Friendly, PDF & Email