EDITORIAL

എറിത്രിയയും എത്യോപ്യയും പിന്നെ നോബല്‍ സമ്മാനവുംറിത്രിയ എന്ന രാജ്യത്തെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് 1997 ലാണ്. മുഹമ്മദ് നൂർ എന്ന എറിത്രിയക്കാരനെ പരിചയപ്പെടുമ്പോൾ. എസ്‌ കെ പൊറ്റക്കാട്ടിന്റെ പൊളിറ്റിക്കലി കറക്ട് അല്ലാത്ത ഭാഷയിൽ പറഞ്ഞാൽ, കറുത്തിരുണ്ട, ചുരുണ്ട മുടിയുള്ള, ഒരു കാപ്പിരി. ആദ്യ പരിചയപ്പെടലിൽ തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. അപ്പോൾ എറിത്രിയ എന്ന രാജ്യം ഒദ്യോഗികമായി രൂപം കൊണ്ടിട്ടു നാല് വർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 1993 ലാണ് എത്യോപ്യയിൽ നിന്ന് പിളർന്നു എറിത്രിയ ഉണ്ടാകുന്നതും ലോക രാജ്യങ്ങൾ അതിനെ ഔദ്യോഗികമായി അംഗീകരിക്കുന്നതും.എറിത്രിയയുടെ അനൗദ്യോഗിക ചരിത്രം അതിനും വളരെ വളരെ പിന്നിലേക്ക് പോകും. എറിത്രിയൻ പീപ്പിൾ ലിബറേഷൻ ഫ്രണ്ട് നടത്തിയ 30 വർഷത്തോളം നീണ്ട സായുധ സമരത്തിന്റെ അവസാനമായിരുന്നു 93 ലെ രാഷ്ട്ര പ്രഖ്യാപനം. 1964 ൽ തുടങ്ങിയ ആ സായുധ സമരം ആ മേഖലയിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനിടയാക്കിയിരുന്നു.

73014248_10215724794540699_8723055737539919872_n

വളരെ സരസമായി, തുറന്നു സംസാരിക്കുന്ന ആളായിരുന്നു മുഹമ്മദ്. പ്രേമ വിവാഹമായിരുന്നു മുഹമ്മദിന്റേത്. വിവാഹത്തിന് മുൻപ് തന്നെ അവർ ആരുമറിയാതെ വിവാഹിതരെ പോലെ കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് രണ്ടു കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളുന്നത്. ഉത്സാഹപൂർവ്വം വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തവേ മുഹമ്മദിനെ ഒരു വലിയ പ്രശ്നം വല്ലാതെ അലട്ടി. ആദ്യരാത്രിയെ കുറിച്ചുള്ള ഭീതിയായിരുന്നു അത്. നിങ്ങൾ കരുതും പോലല്ല, നൂറു കണക്കിന് ഗോത്രങ്ങളും ഗോത്ര നിയമങ്ങളും നിലനിൽക്കുന്ന, അവ ഇന്നും അത് പോലെ തന്നെ പിന്തുടരുന്ന ആചാര സംരക്ഷകരാണ് എല്ലാ ആഫ്രിക്കൻ വംശജരും. നവോത്ഥാന മതിൽ ഇനിയും പണിയാനിരിക്കുന്നതെ ഉള്ളൂ അവർ.

72160974_10215724797820781_7825089762275885056_n

വിവാഹത്തിന്റെ അന്ന് രാത്രി നവ വധൂവരന്മാരുടെ കിടക്കയിൽ ഒരു വെള്ള തുണി വിരിക്കും കുടുംബത്തിലെ കാരണവർ. പിറ്റേ ദിവസം രാവിലെ അതിൽ രക്തക്കറ കാണുമ്പോഴാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നത്. ചോര പുരണ്ട ആ വെള്ളത്തുണി വീടിനു മുകളിൽ കൊടി മരത്തിലെന്നതു പോലെ കെട്ടി നിർത്തും. അപ്പോഴാണ് അയൽക്കാർ ഉൾപ്പെടെയുള്ളവർ എത്തി ആഘോഷങ്ങളെ അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്കെത്തിക്കുന്നതു. ഈ ചുവന്ന വെളുത്ത തുണി കണ്ടില്ലെങ്കിൽ ആഘോഷങ്ങൾ മറ്റൊരു രൂപം പ്രാപിക്കും. പെൺകുട്ടിയെ വലിയ ആൾക്കൂട്ടം അധിക്ഷേപിച്ചും ഭർത്സിച്ചും പിന്തുടർന്ന് അവളുടെ വീട്ടിൽ തിരികെ കൊണ്ടാകും. അതോടെ തീർന്നു ആ വിവാഹ ബന്ധം.

71834577_10215724803860932_4773821403218575360_n

വെള്ളത്തുണിയിൽ ചോരക്കറ പുരളില്ലെന്നറിയാവുന്ന മുഹമ്മദ് വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിലും ആകെ പരിഭ്രാന്തിയിലായിരുന്നു. ഒടുവിൽ ഒരു സുഹൃത്ത് മുഹമ്മദിന് ബുദ്ധിയുപദേശിച്ചു കൊടുത്തു. ആദ്യ രാത്രിയിൽ പെൺകുട്ടിയുടെ തുടയിൽ ചെറിയ ഒരു മുറിവുണ്ടാക്കി ആ ചോര വെള്ളത്തുണിയിൽ പുരട്ടിയാൽ മതിയെന്ന്. കാലാകാലങ്ങളായി അവിടുത്തെ പുരോഗമന വിഭാഗം വിശ്വാസ സംരക്ഷകരെ നേരിടുന്നത് ഇങ്ങനെയാണത്രെ.

72549155_10215724835621726_524846691493347328_n

1916 ൽ യുവരാജാവായി അധികാരമേറ്റു പിന്നീട് ചക്രവർത്തിയായി മാറി 1974 വരെ ഏതാണ്ട് അറുപതു വർഷത്തോളം എറിത്രിയ ഉൾപ്പെടുന്ന എത്യോപ്യ അടക്കി ഭരിച്ചിരുന്ന ഹെയ്ലി സെലാസിയുടെ നാട്ടിൽ ഇങ്ങനെയൊക്കെയായിരുന്നു സാമൂഹ്യ ബന്ധങ്ങൾ. അനാചാരങ്ങളും കാടൻ ഗോത്ര നിയമങ്ങളും സാംസ്കാരിക മഹിമയായി തന്നെ കൊണ്ടാടിയിരുന്നു. വിശ്വാസ സംരക്ഷകർ ഗോത്രങ്ങളുടെ കുലമഹിമയെ ഉയർത്തിപ്പിടിച്ചിരുന്നു . ആയിരക്കണക്കിന് വർഷങ്ങൾ മുതൽക്കുള്ള തങ്ങളുടെ ചരിത്ര പാരമ്പര്യത്തിൽ ഊറ്റം കൊണ്ടിരുന്നു അവർ.

71806248_10215724875062712_5744147789189742592_n

ഒടുവിൽ 1974 ലെ മിലിറ്ററി കലാപം ( അറുപതുകൾ മുതൽ തുടങ്ങിയ സ്വതന്ത്ര എറിത്രിയൻ വാദികളുടെ മാർക്സിസ്റ് ലെനിനിസ്റ്റ് മൂവ്മെന്റിന് ഇതിലുള്ള പങ്കു വളരെ വലുതാണ്) സെലാസി ഭരണത്തെ തൂത്തെറിഞ്ഞു. പുതുതായി രൂപം കൊണ്ട ഭരണകൂടം താമസിയാതെ തന്നെ മാർക്സിസ്റ് ലെനിനിസ്റ്റ് രൂപം പൂണ്ടു. സെലാസി ഒരു ദിവസം കിടക്കയിൽ കഴുത്തു ഞെരുക്കി കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.
സോവിയറ്റ് യൂണിയന്റെ പിന്തുണ ഉണ്ടായിരുന്ന പുത്തൻ പുരോഗമന എത്യോപിയൻ ഭരണകൂടം ഭൂപരിഷ്കരണവും വിവിധ സ്ഥാപനങ്ങളുടെ ദേശസാൽക്കരണവും നടപ്പിലാക്കി. നമ്മൾ ഒരു കാലത്തു സോഷ്യലിസ്റ് രാജ്യങ്ങളുടെ പട്ടികയിൽ കൂട്ടിയിരുന്ന എത്യോപ്യ താമസിയാതെ തന്നെ പതിവ് പോലെ, ലോകമെങ്ങും ഉണ്ടായത് പോലെ,വിപ്ലവാനന്തര ദുർഭരണത്തിലേക്കു വീണു. സോവിയറ്റു യൂണിയൻ ദുര്ബലമായതോടു കൂടി എത്യോപിയൻ മാർക്സിസ്റ് ഭരണകൂടവും സ്വാഭാവികമായി പൊഴിഞ്ഞു പോയി.

72742334_10215724848782055_2031607341614366720_n

അങ്ങിനെ വെറുതെ, സ്വാഭാവികമായി പൊഴിഞ്ഞു പോയി, എന്ന് എഴുതി ആ വിഷയം അവസാനിപ്പിക്കുന്നത് അറുപതുകൾ മുതൽ എറിത്രിയൻ സ്വാതന്ത്ര്യത്തിനായി പോരാടി ജീവൻ ഹോമിച്ച പതിനായിരക്കണക്കിന് ലെഫ്റ്റിസ്റ് എറിത്രിയൻ ലിബറേഷൻ ഫ്രണ്ട് പോരാളികളോടും പിന്നീട് അവരിൽ നിന്ന് പിളർന്നു അമേരിക്കൻ സഹായത്തോടെ സായുധ സമരത്തെ മറ്റൊരു വശത്തു നിന്ന് നയിച്ച എറിത്രിയൻ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിനോടും ചെയ്യുന്ന അനീതിയാവുമെന്നറിയാം. അതോടൊപ്പം സെലാസിയുടെ വീഴ്ചക്ക് 73 ലെ വലിയ ക്ഷാമവും കാരണമായിട്ടുണ്ട്.

അറുപതുകൾ മുതൽ 74 വരെ നീണ്ടു നിന്ന സംഘർഷങ്ങൾ മേഖലയിൽ ഏതാണ്ട് മൂന്നു ലക്ഷത്തോളം മരണങ്ങൾക്കിടയാക്കി. 1958 ലെയും 73 ലെയും ക്ഷാമങ്ങളിൽ മരിച്ചു വീണവരുടെ കണക്കു കൂടാതെയാണിത്.

ഞാൻ വീണ്ടും മുഹമ്മദ് നൂറിനെ കാണുമ്പോൾ അയാളുടെ മൂത്ത മകൾ എത്യോപിയയിലായിരുന്നു. അവളെ ഒന്ന് കാണാൻ പോലും കഴിയാതെ പരിഭ്രാന്തിയിലായിരുന്നു അയാൾ. പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാത്തതിനാൽ മറ്റൊരു രാജ്യത്തേക്കും പോകാൻ കഴിയാത്ത അവസ്ഥ. ഞാൻ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.

അപ്പോഴേക്കും എനിക്ക് ഒരു എത്യോപ്യക്കാരി സഹപ്രവർത്തകയെ കൂടി കിട്ടിയിരുന്നു. കറുത്ത സുന്ദരി. ലോകഭരണം കറുത്തവന്റെ കൈവശമായിരുന്നെങ്കിൽ പരസ്യ ചിത്രങ്ങളിൽ മോഡലായി വെളുത്തവർക്കു കറുക്കാനുള്ള ക്രീം വിൽക്കേണ്ടിയിരുന്നവൾ.

73023401_10215724855502223_8182985727739428864_n

സൂസൈൻ എന്നായിരുന്നു അവളുടെ പേര്. മുഹമ്മദിനെ പോലെ ശാന്ത പ്രകൃതിയായിരുന്നില്ല സുസൈൻ എപ്പോഴും വഴക്കിടും, അനീതിയാണെന്ന ചെറുതായ തോന്നൽ പോലും സുസൈനിലെ പോരാളിയെ പുറത്തെടുക്കും. ഒരിക്കൽ ഞാൻ കറുത്തവളായതു കൊണ്ടാണോ എന്നെ മാറ്റി നിറുത്തുന്നത് എന്നാരോടോ ഒച്ച വെക്കുന്നത് കേട്ടു
ഒരു ദിവസം ഓഫീസിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന ഞാൻ പകുതിയിൽ മതിയാക്കി കളയാൻ തുടങ്ങുമ്പോഴാണ് അത് കണ്ടു കൊണ്ട് സുസൈൻ കയറി വന്നത്
“ആഹാരം കളയരുത്”, അവൾ എന്നോട് ഒച്ച വെച്ചു. “ഞങ്ങളുടെ നാട്ടിൽ എത്ര ലക്ഷം പേരാണെന്നോ ഒരു നേരത്തെ ആഹാരമില്ലാതെ മരിച്ചു വീഴുന്നത്”. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നിരുന്നു

1998 മുതൽ 2000 വരെ നീണ്ടുനിന്ന ഔദ്യോഗിക എറിത്രിയൻ എത്യോപിയൻ യുദ്ധത്തിലും പിന്നെ 2018 വരെ നീണ്ടു നിന്ന അനൗദ്യോഗിക സംഘര്ഷങ്ങളിലുമായി എത്യോപിയയിലും എറിത്രിയയിലുമായി വീണ്ടും മരിച്ചു വീണത് ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ്.

72225229_10215724862062387_6274285691413200896_n

2018 ൽ അധികാരത്തിലേറിയ എത്യോപിയൻ പ്രധാന മന്ത്രി അബിയ്‌ അഹമ്മദിന് നോബൽ സമാധാന സമ്മാനം ലഭിക്കുന്നത് നമ്മുടെ മാധ്യമങ്ങളിൽ ഒരു രണ്ടു വരി കോളം വാർത്ത മാത്രമായി ഒതുങ്ങിയേക്കാം. അധികാരത്തിലേറി നൂറു ദിവസങ്ങൾക്കുള്ളിൽ മാധ്യമ സെൻസർഷിപ് അവസാനിപ്പിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും സ്ത്രീ സുരക്ഷയ്ക്കും അധികാരത്തിൽ സ്ത്രീ പങ്കാളിത്തത്തിനും മുൻ കൈയ്യെടുക്കുകയും ദശകങ്ങളായി നീണ്ടു നിൽക്കുന്ന എത്യോപിയൻ എറിത്രിയൻ അതിർത്തി തർക്കത്തിന് പരിഹാരം കണ്ടെത്തുകയും അത് വഴി ദശ ലക്ഷങ്ങളുടെ ജീവിതത്തിനു വലിയ മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്ത അബിയ് അഹമ്മദ് തീർച്ചയായും നോബൽ സമ്മാനത്തിന് അർഹനാണ്. അതിർത്തിത്തർക്കം കടലാസിൽ മാത്രമേ അവസാനിച്ചിട്ടുള്ളൂ എന്നും സമ്മാനം നേരത്തെയായിപ്പോയി എന്നുമുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ

2019 ജൂലൈ മാസം ദുബായിൽ നിന്ന് ഖത്തറിലേക്ക് ട്രാൻസ്ഫർ ആയി പോകുമ്പോൾ എന്നെ യാത്രയയക്കാനായി മുഹമ്മദ് നൂറും എത്തിയിരുന്നു. നീ എനിക്ക് സഹോദരനെപ്പോലെയാണ് എന്ന് പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ കെട്ടിപ്പിടിക്കുമ്പോൾ അയാൾ ഒരു സന്തോഷ വർത്തമാനം പറഞ്ഞു “ മകൾക്കു എത്യോപിയൻ പാസ്സ്‌പോർട്ട് കിട്ടിയിട്ടുണ്ട്. ഇനി അവൾക്കു യാത്ര ചെയ്യാം. ഞാൻ ഉടനെ അവളെ കാണുന്നുണ്ട്”

സമാധാനത്തിന്റെ വില നമുക്ക് ഇനിയും മനസ്സിലായിത്തുടങ്ങുന്നതേയുള്ളൂ.

72276473_10215724894943209_4576710089691365376_n

Print Friendly, PDF & Email