Travel യാത്ര

സ്പിതി സ്മൃതികൾ – 4 കീ ബുദ്ധാശ്രമം


cjthomas

പതിമൂവായിരത്തി അഞ്ഞൂറിലേറെയടി ഉയരെ മലമുകളിലും മലവാരങ്ങളിലുമായി ഗാംഭീര്യത്തോടെ സ്പിതിയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നു. കീ മൊണാസ്ടി. അടിഷയെന്ന ബംഗാളിയായ ബുദ്ധ മഹാഗുരുവിന്റെ ശിഷ്യൻ ഡ്രോംടോൺ പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ബുദ്ധഗോംപ. ഇക്കാര്യത്തിൽ, പാശ്ചാത്യപപണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും. Tours in Spiti എന്ന എഗർട്ടണിന്റെ ( W H Egerton) പുസ്തകത്തിൽ തൊട്ടടുത്ത ഗ്രാമമായ രാംഗ്രിക്കിലാണ് ഡ്രോംടോൺ പണികഴിപ്പിച്ച ബുദ്ധാശ്രമം നിലനിന്നിരുന്നതെന്നും അത് പതിനാലാം നൂറ്റാണ്ടോടെ നശിപ്പിക്കപ്പെട്ടുവെന്നും എഴുതിയിരിക്കുന്നു. കുളുവും (Kullu) വും ലഡാക്കും ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശങ്ങൾ കീ ബുദ്ധാശ്രമം പല തവണ ആക്രമിക്കുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ദോഗ്ര യുദ്ധമാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഈ ബുദ്ധാശ്രമത്തിന് വരുത്തിവെച്ചത്. ഒട്ടനവധി പുരാതന ഗ്രന്ഥശേഖരങ്ങളും തിബത്തൻ നിയമസംഹിതകളും നശിപ്പിക്കപ്പെട്ടു. 1840- ൽ ആളിപ്പടർന്ന തീനാമ്പുകളും 1975-ലെ സർവ്വസംഹാരിയായ ഭൂകമ്പവും ബാക്കിവെച്ചതും പുനർനിർമിക്കപ്പെട്ടതുമായ ബുദ്ധാശ്രമമാണ് ഇന്ന് നിലനിൽക്കുന്നത്. പല തവണ പുനർനിർമിക്കപ്പെട്ടുവെങ്കിലും പൗരാണികഛായകൾ നിലനിർത്തി കൊണ്ടാണ് ബുദ്ധാശ്രമം നിലനിൽക്കുന്നത്.

 

ഇടുങ്ങിയ, ഇരുട്ടുനിറഞ്ഞ, വളഞ്ഞുപുളഞ്ഞ ഗോവണി വഴികൾ. ലാമമാർ താമസിക്കുന്ന ചെറിയ സെല്ലറുകൾ. 2000 ഓഗസ്ത് മൂന്നിന് പതിനാലാം ദലൈലാമ സമർപ്പിച്ചതെന്ന് ശിലഫലകത്തിലാലേഖനം ചെയ്ത പുതിയ പ്രാർത്ഥനാമുറി. നിരവധി ചുവരെഴുത്തുകളാലലംകൃതമായ പ്രധാനക്ഷേത്രം. കൊച്ചു ലാമമാരുടെ പoനമുറികൾ. ഒരു തിബത്തൻ ഗോംപയുടെ സർവ്വലക്ഷണങ്ങളും ഒത്തുചേർന്ന ബുദ്ധാശ്രമം.

key monastery(1)

തൊട്ടപ്പുറത്തെ മുറിയിൽ, മൗനത്തിന്റെ തണുപ്പിൽ, നിശബ്ദതയോളമെത്തുന്ന ശബ്ദത്തിൽ ലാമ പ്രാർത്ഥനാ മന്ത്രങ്ങളുരുവിടുന്നു. കയ്യിലെ പ്രാർത്ഥനാ ചക്രം പോലും ശബ്ദരഹിതമായ ശബ്ദത്തിൽ കറങ്ങിക്കൊണ്ടിരുന്നു. വാക്കുകൾ മൗനങ്ങളിൽ സ്വയം ലയിച്ച് ബോധതലങ്ങളെ  സ്പർശിക്കുന്ന, അപൂർവ്വമായ ശാന്തിയിലേക്ക് നയിക്കുന്ന ആമന്ത്രണങ്ങൾ.വിവിധ മനോനിലകളിലൂടെ കടന്നു പോകുന്ന സങ്കീർണ്ണമായ പ്രക്രിയയാണ് മൗനധ്യാനം. അത് തർക്കവിതർക്കങ്ങളിലൂടെ, വിചാരങ്ങളിലൂടെ, പ്രീതിയിലൂടെ, ആനന്ദത്തിലൂടെ, ഏകാഗ്രതയിലെത്തി ചേരുന്നു.

 

മഹാമൗനങ്ങളിലൂടെയായിരുന്നു ബുദ്ധൻ സംവദിച്ചിരുന്നത്. ഒരു ബുദ്ധ കഥയുണ്ട്. സാംഖ്യ പ്രമാണങ്ങളെല്ലാം വശത്താക്കി നിരന്തര ധ്യാനത്തിലൂടെ ബോധോദയത്തിന്റെ നിരവധി പടവുകൾ കയറിയ സാരിപുത്തൻ അനേകം അനുയായികളുമായി ബുദ്ധസന്നിധിയിലെത്തി സംവാദത്തിലേർപ്പെട്ടു. ബുദ്ധൻ പറഞ്ഞു: മഹാനായ സാരിപുത്താ.. താങ്കൾക്കെന്നോട് സംവാദമാകാം. പക്ഷേ, അതിനു മുൻപ് താങ്കൾ ഒരു വർഷം മൗനം പാലിക്കണം. ഞാൻ മൗനത്തിന്റെ ഭാഷയിലാണ് സംവദിക്കാനാഗ്രഹിക്കുന്നത്. സാരിപുത്തൻ ബുദ്ധസന്നിധിയിൽ നിശ്ശബ്ദനായിരുന്നു. മാസങ്ങളുടെ ഏകാന്ത ധ്യാനത്തിൽ മൗനമുറച്ച സാരിപുത്തനെ ബുദ്ധൻ സംവാദത്തിനു ക്ഷണിച്ചു.  പക്ഷെ, സാരിപുത്തന് ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടായിരുന്നില്ല. അയാൾ നീലാകാശം പോലെ ശൂന്യനായിരുന്നു. പരമ ജ്ഞാനത്തിന്റെ മഹാമേരു കടന്നിരുന്നു. ബോധജ്ഞാനപൂരിതനായ   സാരിപുത്തൻ ബുദ്ധന്റെ ഏറ്റവും പ്രമുഖരായ ശിഷ്യരിലൊരാളായി മാറി.

 

മലമുകളിലെ തണുത്ത കാറ്റിൽ പുതച്ച് ഭയചിന്തകളെല്ലാമകന്ന് ഇരുണ്ട മുറിയുടെ കിളിവാതിലിലൂടെ ആകാശം നോക്കിയിരുന്നു. സർവം മറന്ന് മുന്നിലൂടൊഴുകുന്ന മേഘരൂപികളിൽ കണ്ണുനട്ടങ്ങനെ. അപ്പോൾ നമ്മളും മൗനം തീർക്കുന്ന ശൂന്യതയറിയുന്നു. ശരീരത്തെ മറന്നേ പോകുന്നു. ഏതോ വിവരണാതീതമായ  ബോധാവസ്ഥയിലേക്ക് കടന്നു ചെല്ലുന്നു. പലപ്പോഴും പ്രൊഫ. ജോൺസി സാറിന്റെ,  കോട്ടഞ്ചേരിയിൽ വെച്ച് നടത്തിയിരുന്ന പ്രകൃതി സഹവാസ ക്യാമ്പിൽ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിലാദ്യമായി പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ച ആചാര്യനായിരുന്നു പ്രൊഫ. ജോൺ സി. ജേക്കബ്. അദ്ദേഹത്തിന്റെ  പരിസ്ഥിതി സഹവാസ ക്യാമ്പുകൾ പ്രകൃതിയെ  അടുത്തറിയാനും നിരീക്ഷിക്കാനുമുള്ള അടിസ്ഥാന ചോദനകളെ വികസിപ്പിക്കുന്നവയായിരുന്നു.എന്നും രാവിലെയുള്ള പ്രകൃതി  ധ്യാനത്തിലൂടെ  ഓരോ പക്ഷിയുടെ പാട്ടും കാട്ടരുവികളുടെ ഓളങ്ങളുടെ പുളകവും തണുത്ത കാറ്റിന്നീണങ്ങളും ഇലയനക്കങ്ങളും എല്ലാം മഴ പോലെ,നിലാവു പോലെ, ബോധങ്ങളിലുറയ്ക്കുന്ന അനുഭവമായിരുന്നു, അത്. മൗനത്തിന്റെ മഹത്വമറിഞ്ഞ  ഗുരു. പയ്യന്നൂർ കോളജിലെ പ്രഫസറായിരുന്ന അതുല്യനായ ആ ഗുരുവര്യന്റെ ശിഷ്യരായ ഡോ. ജാഫർ പാലോട്ട്, ഡോ.ദിനേശൻ ചെറുവാട്ട് ,തുടങ്ങി നിരവധി പ്രകൃതി  സ്നേഹികൾ ധ്യാനം പോലെ പല മേഖലകളിലും സ്തുത്യർഹ സേവനമനുഷ്ഠിക്കുന്നു.

 

ഒരു മുറിയിൽ പ്രത്യേകതരം വാദ്യോപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നു. ഒന്നിലേറെ കൊമ്പുകുഴൽവാദ്യങ്ങൾ. വലിയ ഇലത്താളങ്ങൾ. വലുതും ചെറുതുമായ പെരുമ്പറകൾ. പേരറിയാത്ത മറ്റു ചില തിബത്തൻ സംഗീതോപകരണങ്ങൾ. സമയത്തിന്റെ കൃത്യതയിൽ, അതിസൂക്ഷ്മതയിൽ അവർ കാഹളങ്ങൾ മുഴക്കുന്നു . വലിയ കുഴലുകളിൽ നിന്ന്, പക്ഷേ, വളരെ നേർത്ത, നീണ്ടു നിൽക്കുന്ന കുഴൽവിളികൾ. സംഗീതവും മന്ത്രോച്ചാരണങ്ങളും പതുക്കെ മൗനത്തിലേക്ക് മടങ്ങുന്നു.

 

ഉത്സവകാലങ്ങൾ മുഖം മൂടി നൃത്തങ്ങളുടെ കാലം കൂടിയാണ്. ചാം ഡാൻസുകൾ (Cham Dance) എന്നറിയപ്പെടുന്ന മുഖം മൂടി നടനങ്ങൾ. ചടുല വേഗങ്ങളിലെ നൃത്തച്ചുവടുകളോ സങ്കീർണ്ണമായ മുദ്രകളോ ചേർന്നതല്ല സ്പിതി വാസികളുടെ നൃത്തരൂപങ്ങൾ. അത് മന്ദതാളത്തിൽ ചലിച്ചു കൊണ്ടേയിരിക്കുന്നു. അകമ്പടിയായുരുന്ന വാദ്യങ്ങളുടെ നേർത്ത മന്ദഘോഷങ്ങളിൽ, കൈകളിലേയും മുഖത്തേയും ലളിത ഭാവങ്ങളിൽ അനുസ്യൂത നടനം. പലപ്പോഴും ശോകഭാവഗീതികളിൽ ഏകമാനമായ ചലന ക്രമങ്ങൾ.

 

പെരുമ്പറകളുടെ മുഴക്കവും ഇലത്താളങ്ങളുടെ ഭേരികളും കൊമ്പുകുഴൽ വിളികളും ചേർന്ന മുഖം മൂടി നടനങ്ങൾ ചടുലങ്ങളാണ്. വെട്ടിത്തിളങ്ങുന്ന വില കൂടിയ സിൽക്ക് ഗൗണുകളും അലങ്കരിച്ച നീളൻ തൊപ്പികളും ധരിച്ച നർത്തകർ. ഗൗണുകളിലാകെ ദുർദ്ദവതകളുടെയും വ്യാളീ മുഖങ്ങളുടെയും തുന്നിച്ചേർത്ത ചിത്രങ്ങൾ. മുഖങ്ങളിൽ ഭീകരരായ രാക്ഷസരൂപികളെ അനുസ്മരിപ്പിക്കുന്ന മുഖംമൂടികൾ. കൈകളിൽ മഞ്ഞ നിറമുള്ള കുറുവടികൾ. ആദ്യം ചിലർ മന്ദ താളത്തിൽ ആടുകയായി. പിന്നീട്, ഒരു വേള, കൂടുതൽ വികൃതവും ഭീകരവുമായ മുഖംമൂടികളുമായി കൂടുതൽ നർത്തകർ അരങ്ങിലെത്തുകയായി. ഇങ്ങനെ, കുങ്കുമ വർണ്ണ പരവതാനി വിരിച്ച ആശ്രമമുറ്റത്ത് മുഖംമൂടികളുടെയെണ്ണം കൂടിവരികയായി. താളം മുറുകുകയായി. താളമേളങ്ങൾ, പെരുമ്പറകൾ ഉച്ചസ്ഥായിയിലെത്തുന്നു. ഈ നർത്തകർ തിന്മയുടെ ദേവരൂപങ്ങളെ പ്രതിനിധീകരിക്കുന്നു. ഒരേ താളത്തിൽ, ഒരേ കാൽത്താരികളോടെ, പ്രാചീനമായ ഗോത്ര നൃത്തങ്ങളുടെ അനുരണനങ്ങൾ തീർത്ത് അത് തുടർന്നു കൊണ്ടേയിരിക്കുന്നു – മനുഷ്യകുലത്തിനുമേലുള്ള ദുഷ്ടശക്തികളുടെ അധിനിവേശം പോലെ .

key valley

തിബത്തൻ ബുദ്ധിസ്റ്റ് മുഖം മൂടി നടനങ്ങളെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് ഗുരുപദ്മ സംഭവനുമായി ബന്ധപ്പെട്ടാണ്. തിബത്തിൽ ബുദ്ധിസം പ്രചരിച്ച് തുടങ്ങിയ കാലത്ത് പലയിടങ്ങളിലും ബുദ്ധാശ്രമ നിർമ്മിതികളാരംഭിച്ചിരുന്നു. വിജനങ്ങളായ മലമുകളിലായിരുന്നു തിബത്തൻ ഗോംപകൾ പണിയാൻ ശ്രമിച്ചിരുന്നത്. നിർഭാഗ്യവശാൽ, ഗോംപകളുടെ പണി തീർക്കുവാൻ കഴിയാതെ അവർ ദു:ഖിച്ചു. പ്രാചീനവും തദ്ദേശീയവുമായ ബോൺ മതക്കാർ ആഭിചാര ക്രിയകളിലൂടെ ദുർദ്ദേവതമാരെ കയ്യിലെടുത്തതാണ് വിഘ്നത്തിന് ഹേതു എന്നവർ കരുതി. ഈ പ്രാകൃത ശക്തികളിൽ നിന്നുള്ള മോചനത്തിനായി ഗുരു പത്മ സംഭവനാണ് മുഖംമൂടി നൃത്തം ആവിഷ്കരിച്ചതത്രേ  അധമശക്തികളുടെ മേലുള്ള അധീശത്വമാണ് ഇതിന്റെ മുഖ്യ ലക്ഷ്യമെങ്കിലും നല്ല വിളവിനും കാലാവസ്ഥക്കും ഐശ്വര്യത്തിനുമൊക്കെയാണ് തിബത്തൻ വർഷാരംഭമായ ലോസറിനോടനുബന്ധിച്ച് എല്ലാ ബുദ്ധാശ്രമങ്ങളിലും മുഖം മൂടി നൃത്തങ്ങൾ നടത്തുന്നത്. എല്ലാ ബുദ്ധാനുഷ്ഠാനങ്ങളെയും പോലെ ജ്ഞാനോദയത്തിലേയ്ക്കുള്ള പടികളിലൊന്നായി ലാമമാർ ഇതിനെ കാണുന്നു.

 

ഓരോ ബുദ്ധാശ്രമവും ആ ഗ്രാമ സമൂഹത്തിന്റെ ജീവനാഡിയാണ്. തിബത്തൻ ബുദ്ധിസം നിഗൂഢമായ നിരവധി അനുഷ്ഠാനങ്ങളുടെ കൂടി മതമാണ്. അത് ജനന-മരണ- വിവാഹ വേളകളിലൊക്കെ ലാമമാരുടെ സാന്നിദ്ധ്യം അനിവാര്യമാക്കുന്നു. മരണാനന്തരച്ചടങ്ങുകൾക്ക് ലാമമാരുടെ പ്രത്യേക സേവനം നിർബന്ധമാണ്.

 

സ്പിതി നിവാസികളുടെ മരണാനന്തരചടങ്ങുകളും അനുഷ്ഠാനങ്ങളും തിബത്തിന്റേതിന് സമാനമാണ്. മരണത്തിനു ശേഷവും ശരീരത്തിൽ ‘ബോധം’ (conscience ) നാലു ദിവസത്തോളം നിലനിൽക്കുമെന്ന് അവർ വിശ്വസിക്കുന്നു. മരണത്തിനു ശേഷം വെള്ള വസ്ത്രം മൂടിയ ശവശരീരത്തിലെ ബോധത്തിന്റെ വിശേഷാൽ തലങ്ങളോട് ലാമമാർ സംസാരിക്കുന്നു. ധ്യാനി ബുദ്ധരിലൊരാളായ അമിതാഭയിലേക്കുള്ള വഴിയോതി കൊടുക്കുന്നു. വളരെ നിഗൂഢവും രഹസ്യാത്മകവുമായ മന്ത്രങ്ങളാണവ. മരണാനന്തര സങ്കല്പത്തെ പല ചിന്താസരണികളിലൂടെ തിബത്തൻ ബുദ്ധിസം വികസിപ്പിച്ചെടുത്തിരിക്കുന്നു. അടച്ചിട്ട ഇരുണ്ട മുറിയിൽ വിലപിക്കുന്ന സകല ബന്ധുമിത്രാദികളെയും ഒഴിച്ചു നിർത്തി ലാമ ബാർദോ മന്ത്രങ്ങൾ ഉരുവിടുന്നു. ശവശരീരത്തിന്റെ നെറ്റിയിൽ, ബ്രഹ്മരന്ധ്രത്തിൽ കൈ വച്ച് ലാമ അബോധ മനസ്സിനോട് സംസാരിക്കുന്നു. ജീവിതകാലത്തെ സകല കർമങ്ങളും ചിന്തകളും അബോധ മനസ്സിൽ തെളിയുന്നു.

 

സ്വന്തം കർമത്തിനനുസരിച്ച്, ഒരു സ്വപ്നത്തിലെന്നപോലെ അബോധ മനസ്സിന് അമിതാഭയിലേക്കുള്ള വഴി കാണിക്കുന്നു. കർമങ്ങളിലൂടെ, ധ്യാനത്തിലൂടെ പരമപദമെത്തിയവർക്ക് ഇതാവശ്യമില്ല. അവരുടെ ബോധം ത്രികായങ്ങളിലൊന്നിൽ ഉറച്ചിരിക്കും. ധ്യാനവഴികളിലൂടെ, ധർമ്മകായത്തിലോ, സംഭോഗകായത്തിലോ നിർമാണ കായത്തിലോ എത്തിയിരിക്കും. എല്ലാ തഥാഗതൻമാരും ധർമ്മകായത്തിലായിരിക്കുമെന്ന് ത്രികായപ്രമാണം പഠിപ്പിക്കുന്നു. അത് പരമമായ സത്യവും പരമമായ ശൂന്യതയുമാണ്. സ്വന്തം കർമ്മബന്ധങ്ങളെ മറികടന്ന് പ്രപഞ്ചശൂന്യതയിൽ ലയിച്ചവർക്ക് വീണ്ടും മന്ത്രങ്ങളുടെ ആവശ്യമില്ല. ജ്ഞാന ബോധത്തിന്റെ മൂർത്തിമത് പടവാണ് സംഭോഗ കായയായി ത്രി കായപ്രമാണത്തിൽ വിശദീകരിക്കുന്നത്. എല്ലാ ബോധിസത്വൻമാരും സംഭോഗകായയിലൂടെ ആനന്ദസാഗരത്തിന്റെ അപാരതയിൽ എത്തിച്ചേരുന്നു.നിർമാണകായ പ്രമാണം ഗുരു പത്മ സംഭവനുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വജ്രായനഗുരുവര്യൻമാരും ഇത്തരം നിഗൂഢ പ്രമാണങ്ങൾ അഭ്യസിച്ചവരും നിർമാണകായത്തിലൂടെ അവതാരങ്ങളായി മാറുന്നു. തിബത്തൻ ബുദ്ധിസത്തിന്റെ ഈ ത്രികായ പ്രമാണം ശുദ്ധ ബുദ്ധിസത്തിലെ ‘ബുദ്ധം ശരണ’വും ‘ധർമ്മം ശരണ’വും ‘സംഘം ശരണ’വുമായി ഏതൊക്കെയോ തലങ്ങളിൽ സംവദിക്കുന്നുണ്ട്.

 

ഇത്തരം പരമമായ ധ്യാന പദങ്ങളിലെത്താത്ത അഥവാ അഭ്യസിക്കാത്ത സാധാരണ മനുഷ്യരുടെ അബോധ മനസ്സുകളോടാണ് ലാമമാർ ബാർദോ പ്രമാണങ്ങളിലൂടെ സംസാരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ മരിച്ചയാളുടെ ശവശരീരം ലഭ്യമാകാതെ വന്നാൽ, മനസ്സിൽ മരിച്ചയാളെ സങ്കല്പിച്ച് ലാമ കർമങ്ങൾ ചെയ്യുന്നു. അതോടൊപ്പം, മറ്റൊരു ലാമ മരണജാതകമെഴുതുന്നു. ഏതൊക്കെ ദുർദ്ദേവതകളുടെ സാന്നിദ്ധ്യമാണ് മരണകാരണമെന്നും ശവശരീരം എങ്ങനെ സംസ്കരിക്കണമെന്നും ആരൊക്കെയാണ് ശവമഞ്ചം ചുമക്കേണ്ടത് എന്നതടക്കം എന്തൊക്കെ മരണാനന്തര ക്രിയകളാണ് നടത്തേണ്ടത് എന്നു വരെ മരണജാതകത്തിലൂടെ വെളിപ്പെടുത്തുന്നു. പിന്നീട്, ശവശരീരം, ഗർഭപാത്രത്തിൽ എങ്ങനെയാണോ ശിശുവായി കിടന്നിരുന്നത്, ആ രൂപത്തിൽ കെട്ടിവെയ്ക്കുന്നു. ജനനവും മരണവും ശൂന്യതയിൽ സന്ധിക്കുമെന്നും അപ്പോഴാണ് ഓരോ ജീവിയും ബുദ്ധനാകുന്നതെന്നുമാണ് വിശ്വാസം.

key village

സ്പിതി നിവാസികളുടെ ശവസംസ്കാരത്തിൽ പോലും ഉച്ച നീചത്വങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ധനാഢ്യരുടെ മരണാനന്തര ചടങ്ങുകൾക്ക് നൂറോളം ലാമമാരാണ് നേതൃത്വം കൊടുക്കുക. മരിച്ചയാളുടെ അബോധ മനസ്സ് ബാർദോ പ്രമാണങ്ങൾ ശരിയായി ഉൾക്കൊണ്ടു എന്നറിയുന്നതുവരെ മന്ത്രോച്ചാരണങ്ങൾ തുടരും. സാധാരണ ദരിദ്രകുടുംബങ്ങളിലെ മരണാനന്തരച്ചടങ്ങുകൾക്ക് ഒന്നിലധികം ലാമമാർ പങ്കെടുക്കുന്ന പതിവില്ല. മരണാനന്തര പ്രാർത്ഥനകൾ അധിക ദിവസങ്ങളിലേക്ക് നീളാറുമില്ല. അതുപോലെ, പ്രത്യേകമായ ശവസംസ്കാര രീതികൾ സ്പിതിവാസികൾക്കില്ല. ഉയർന്ന സാമ്പത്തിക വർഗ്ഗത്തിൽ പെട്ടവർ ദഹിപ്പിക്കും. ചിലർ മണ്ണിൽ സംസ്കരിക്കും. മറ്റു ചിലർ പർവതമുനകളിൽ ഉപേക്ഷിക്കും. അത് പക്ഷികൾക്കും മറ്റു വന്യ ജീവികൾക്കും ആഹാരമായി മാറും. അഗ്നി, ജലം, ഭൂമി, ആകാശം എന്നിവയിലൊന്നിൽ ലയിപ്പിക്കുക എന്ന സങ്കല്പമായിരിക്കണം ഇവിടെയും നടപ്പാക്കുന്നത്. പക്ഷേ, സ്പിതിനിവാസികൾ ജല നിമജ്ജനം ചെയ്യാറില്ല എന്ന് പറയപ്പെടുന്നു.

 

മറ്റൊരു രസകരമായ കാര്യം. മരുന്നും മന്ത്രവാദവുമൊക്കെ തോറ്റ്, ഒരാൾ മരണശയ്യയിലായാൽ മരണത്തെ തോല്പിക്കാനായി സ്പിതിനിവാസികൾ ‘കപട ശവസംസ്കാരം’ ( mock funeral) നടത്തും. മരിക്കാൻ കിടക്കുന്ന മനുഷ്യന്റെ രൂപത്തിൽ മരക്കഷണങ്ങളും ധാന്യപ്പൊടികളും ചേർത്ത് കോലമുണ്ടാക്കുന്നു. മാറത്തടിച്ച് വിലപിക്കാനായി ആളുകളെ ഏർപ്പാടാക്കുന്നു. മന്ത്രാച്ചാരണങ്ങൾക്കുശേഷം ഈ കോലം താളമേളങ്ങളോടെ ശബ്ദഘോഷങ്ങളോടെ കഷണങ്ങളായി മുറിച്ച് കത്തിക്കുന്നു. മരണത്തിന്റെ ദേവതമാർ അയാൾ മരിച്ചുവെന്ന് വിശ്വസിച്ച് തിരിച്ചു പോകും. ആ മനുഷ്യന്റെ ആടയാഭരണങ്ങളും മറ്റു വസ്തുക്കളും ലാമമാർക്ക് ലഭിക്കും. ചിലയവസരങ്ങളിൽ, ഈ തന്ത്രം ഫലിക്കുകയും മരിക്കാറായ ആൾ രക്ഷപ്പെടുകയും ചെയ്യാറുണ്ടത്രേ! ഒരു പക്ഷേ, ഇത് ഫലിക്കാതിരുന്നാൽ ഒരു മനുഷ്യന് രണ്ട് ശവസംസ്കാരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ നടത്തേണ്ടി വരും. പൗരോഹിത്യത്തിന്റെ ലാഭം.

 

താഴെ ദൂരെ സ്പിതി നദിയൊഴുകുന്നു. അതിനോട് ചേർന്നുള്ള സമതലങ്ങളിൽ പച്ച പിടിച്ച ബാർലി ചതുരവയലുകൾ. തൊട്ടു താഴെ കീ ഗ്രാമം. ദൂരെ, സ്പിതി നദിക്കുമപ്പുറത്ത് രാംഗ്രിക് ഗ്രാമം. ഊഷരമായ മലനിരകളിലെ കാറ്റ് താഴെ ഉയർത്തിയ കൊടിതോരണങ്ങളിൽ അലയടിച്ചു കൊണ്ടേയിരുന്നു. ആകാശത്ത് കൈയെത്തും ദൂരത്തിൽ പഞ്ഞിക്കെട്ടുകളായി ഒഴുകി നീങ്ങുന്ന വെൺമേഘക്കൂട്ടങ്ങൾ. ഈ ഹിമഭൂമിയിലെ മരുതടങ്ങളിലെ മനുഷ്യർ എന്തൊക്കെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ജൈവ സംസ്കൃതിയിൽ സൂക്ഷിക്കുകയും തലമുറകളിലൂടെ കൈമാറുകയും ചെയ്യുന്നവരാണ്. തൊട്ടടുത്ത ലാഹുൾ താഴ് വരയിലും ഡാകിനിമാരെപ്പോലെ ദുർമന്ത്രവാദിനികളായ യോഗിനികളും യോഗികളും അധിവസിക്കുന്നുണ്ടെന്നുള്ള നിറമുള്ള കഥകളുണ്ട്. അത്തരം നിറം പിടിപ്പിച്ച കഥകളിലൂടെയാണല്ലോ, ഇന്ത്യ നിഗൂഢതന്ത്രങ്ങളുടെ നാടായി മാറിയത്.

 

വലിയ പാൽക്കട്ടികൾ ചെറുകഷ്ണങ്ങളാക്കി മുറിച്ച് സമോവറിൽ തിളപ്പിച്ച് ഉപ്പു ചേർത്ത് ലാമമാർ ചായ തയ്യാറാക്കുന്നു. അതിഥികളായ സന്ദർശകർക്ക് നൽകുന്നു. ഉയരങ്ങളിൽ കാലാവസ്ഥയുമായുള്ള അനുരൂപീകരണത്തിന് ഊർജ്ജവാഹിനിയായ ഈ പാനീയം അനുഗുണമത്രേ. 95-ഓളം കുഞ്ഞു ലാമമാർ ബുദ്ധാശ്രമത്തിലുണ്ട്. അവർ ശ്ലോകങ്ങൾ ഉരുവിട്ടു പഠിക്കുന്നു. ഇടവേളകളിൽ വികൃതിക്കുരുന്നുകളാകുന്നു. ആശ്രമമുറ്റത്ത് വോളിബോൾ കളിക്കുന്നു. മരത്തണലിലിരുന്ന് പേരറിയാത്ത മറ്റേതോ കളികളിലാനന്ദിക്കുന്നു. ഓരോ കുടുംബത്തിലെയും രണ്ടാമത്തെ ആൺകുട്ടി ആശ്രമത്തിൽ ചേർന്നിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ആ വ്യവസ്ഥ ലംഘിക്കപ്പെടാറില്ല. എട്ടു വയസ്സാകുന്നതോടെ എല്ലാ രണ്ടാമത്തെ ആൺ കുട്ടിയും ആശ്രമജീവിതത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അവിടെ പ്രസക്തിയേതുമില്ല.അലിഖിതമായ നിയമസംഹിതയാണത്. കണ്ണീരിന്റെ ഉപ്പു പടർന്ന കുരുന്നു മുഖങ്ങളിലെ കുസൃതികൾ.ഒരു കുഞ്ഞു ലാമ ശംഖു വിളിക്കുന്നു. രണ്ടു തവണ ശംഖിലൂടെ ഓം മന്ത്രമൊഴുകി. കുട്ടികളും ലാമമാരും ചെറിയ പാത്രങ്ങളുമായി ഊൺ മുറിയിലേക്ക്. നിലത്ത് വരികളായി ചമ്രം പടിഞ്ഞിരുന്ന് ഉപ്പു ചേർത്ത, വെണ്ണ ചേർത്ത ചായ കുടിക്കുന്നു. മനസ്സിന്റെയേതോ കോണിൽ നെടുവീർപ്പുയരുന്നു.

mandala painting

പ്രാർത്ഥനാമുറിയിൽ നിറയെ ചുവർ ചിത്രങ്ങൾ. ഓരോ ചിത്രങ്ങളും കർമ്മ കാണ്ഡങ്ങളുടെ ചിത്രീകരണമാണ്. തിബത്തൻ ബുദ്ധക്ഷേത്രങ്ങളിലെ ചുവർ ചിത്രങ്ങൾക്ക് പ്രത്യേക രീതികളുണ്ട്.മണ്ഡല ചിത്രങ്ങൾക്കാണ് പ്രാധാന്യം. ഓരോ മണ്ഡലവും ചാക്രികമാണ്. വൃത്തരൂപത്തിൽ അവ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ മണ്ഡലവും വിവിധ താന്ത്രിക ശക്തികേന്ദ്രങ്ങളായി പരിഗണിക്കപ്പെടുന്നു. പ്രധാനമായി മൂന്ന് ശക്തി കേന്ദ്രങ്ങളാണ് പൊതുവേ ഒരു മണ്ഡല ചിത്രീകരണത്തിൽ കാണാനാകുന്നത്. ഹൃദയം  കേന്ദ്രമായി സങ്കല്പിക്കുന്ന അനാഹത ചക്രം, കണ്ഠം കേന്ദ്രമായുള്ള വിശുദ്ധ ചക്രം, മസ്തിഷ്ക കേന്ദ്രീകൃതമായ സഹസ്രപത്മ ചക്രം എന്നിവ. ഇതിൽ അനാഹതചക്രവും സഹസ്രപത്മ ചക്രവും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇവ രണ്ടും മനുഷ്യാവയവ നിർമാണ ഘടനയിലെ രണ്ടു ധ്രുവങ്ങളായാണ് കണക്കാക്കപ്പെടുന്നത്. പ്രപഞ്ചത്തിലെ പ്രാണന്റെ കലവറയായ സൂര്യനിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് പിറവിയെടുക്കുന്ന ഭ്രൂണാവസ്ഥയിലെ ബീജാങ്കുരങ്ങളിൽ ആദ്യം രൂപപ്പെടുന്ന ശക്തികേന്ദ്രങ്ങൾ ഹൃദയവും മസ്തിഷ്കവുമാണെന്ന വിവക്ഷയിലാണിത്. ഈ മൂന്ന് ശക്തികേന്ദ്രങ്ങളെയുമാസ്പദമാക്കി ദേവതാവൃത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതിനെ വീണ്ടും ചെറുമണ്ഡലങ്ങളായി വേർതിരിക്കുന്നു. ഹൃദയ കേന്ദ്രത്തിൽ നിന്നുത്ഭവിക്കുന്ന അനാഹതചക്രത്തിൽ നാല്പത്തി രണ്ട് മൂർത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നു. വിശുദ്ധ ചക്രത്തിൽ പത്ത് മൂർത്തികളെയും സഹസ്രപത്മ ചക്രത്തിൽ അൻപത്തിയെട്ട് ആരാധനാമൂർത്തികളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിൽ ആദ്യത്തെ നാല്പത്തി രണ്ട് മൂർത്തികളെ സമാധാനത്തിന്റെ ദേവകളായും അവസാനത്തെ അൻപത്തിയെട്ട് മൂർത്തികളെ കോപിഷ്ഠരായ ദേവകളായും കണക്കാക്കുന്നു. വിശുദ്ധ ചക്രത്തിലെ പത്തു മൂർത്തികൾ  സമാധാന ദേവകളുടെ ശ്രേണിയിലാണ് പരിഗണിക്കപ്പെടുന്നത്. ഇത്തരത്തിൽ 110 മൂർത്തികൾ ചേർന്നതാണ് ഒരു മണ്ഡലം. വൈരോചന, അമോഘ സിദ്ധി, അമിതാഭ, രത്നസംഭവ, അക്ഷോഭ്യ എന്നീ അഞ്ചു ധ്യാന ബുദ്ധരും മണ്ഡലത്തിലുൾപ്പെടുന്നു.

 

നിഗൂഢവും താന്ത്രികവുമായ ഇത്തരം പരികല്പനകൾ, പക്ഷേ, മനസ്സിന്റെ ബോധാവബോധങ്ങളിൽ നടക്കുന്ന രാസക്രിയകളായാണ് ഉയർന്ന ചിന്താതലങ്ങളിൽ വിവക്ഷിക്കപ്പെടുന്നത്. ഓരോ മണ്ഡലത്തിലുള്ള ഓരോ ആരാധനാമൂർത്തിയും, അത് സമാധാനത്തിന്റെയോ ഉഗ്രകോപത്തിന്റെയോ ആകട്ടെ, മനുഷ്യബോധത്തിന്റെ വിവിധ അടരുകളിലാണ് കുടിയിരുത്തപ്പെട്ടിട്ടുള്ളത്. ഓരോ മൂർത്തിയും പ്രതിനിധീകരിക്കുന്നത് ബോധാവബോധത്തിന്റെ വ്യത്യസ്ത അടരുകളെയാണ്. ഓരോ മണ്ഡലവും പ്രപഞ്ചത്തിന്റെ തന്നെ പ്രതീകാത്മക രൂപമാണ്. ആ പ്രപഞ്ചമാകട്ടെ മനുഷ്യ ശരീരത്തിനകത്താണ്.  സ്ഥൂല പ്രപഞ്ചത്തിന്റെ (Macrocosm) സൂഷ്മപ്രപഞ്ച(Microcosm) മാണത്. ധ്യാനവേളകളിൽ ഓരോ ബോധിസത്വനും ഇത്തരം അടരുകളിലൂടെ കടന്നുപോകുന്നു. പ്രപഞ്ചമാകെ ധ്യാന മണ്ഡലത്തിലുണരുന്നു. സർവ്വപ്രപഞ്ചവും ബോധത്തിൽ നിറയുന്നു. ഓരോ മണ്ഡല ചിത്രത്തിനും അത്തരം പ്രാപഞ്ചിക വീക്ഷണമാണുള്ളത്. ബുദ്ധ തന്ത്രയിലെ നിഗൂഢമായ ഓരോ മിസ്റ്റിക് മന്ത്രവും അവനവന്റെ ബോധധാരയിലേക്കുള്ള വഴികാട്ടിയാണ്.

 

കയറി വരുന്ന പടവുകൾക്കരികിലായി ചോഖോർ എന്നറിയപ്പെടുന്ന പ്രാർത്ഥനാ ചക്രങ്ങൾ. പുറത്ത് അൽപം മാറി സ്തൂപങ്ങൾ. വിവിധ ബുദ്ധ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന തങ്ക നിറമുള്ള ബുദ്ധശില്പങ്ങൾ. കീ ഗ്രാമവും ആ താഴ്‌വരയാകെയും അവലോകിതേശ്വരന്റെ കരുണാകടാക്ഷങ്ങളിൽ.

 

Print Friendly, PDF & Email