EDITORIAL

ജോക്കര്‍ : ആത്മാവിന്റെ ഭാഷയിലെഴുതിയ ഉന്മാദരേഖകള്‍72060779_10156340009900807_8544933183097929728_n

ോക്കർ എന്ന സിനിമ ആഹ്ളാദത്തിൻറെ ആവിഷ്കാരമെന്ന നിലയിൽ നാം സങ്കൽപ്പിച്ചുപോരുന്ന ചിരിയുടെ കയറിൽ തൂങ്ങിയാടുന്നൊരു ട്രപ്പീസ് കളിയാണ്. അണുവിട മാറാതെ സിനിമ ചിരിയുടെ വിവിധ നിളത്തിലുള്ള കയറുകളിൽ മാറി മാറി പ്രേക്ഷകൻറെ മനസിനെ അസ്വസ്ഥമാക്കുന്നു. ചിരിയെ സംബന്ധിച്ച ധാരണകളുടെയും അതിൻറെ പോസിറ്റീവ് എന്ന് വിലയിരുത്തപ്പെടുന്ന സ്വഭാവത്തിൻറെയും അടിമുടിയുള്ള അഴിച്ചുപണിയലായി സിനിമ മാറുന്നു.

ഏകാന്തതയുടെ അദൃശ്യമായ വേട്ടയാടലാണ് അയാളെ ഒരു സ്ത്രീയെ കാമുകിയായി സങ്കൽപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ചുറ്റുപാടുകളിൽ നിന്നുള്ള ദുരനുഭവങ്ങൾ സമാന്തരവും തൻറെ ആഗ്രഹങ്ങൾക്ക് അനുസൃതവുമായ ഒരു മിഥ്യാ ലോകത്തെ സൃഷ്ടിക്കാൻ അയാളെ പ്രേരിപ്പിക്കുന്നു. 

മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുന്നൊരാളിലേക്ക്, അയാൾക്ക് നേരെയുള്ള കളിയാക്കി ചിരികളിലേക്ക്, അയാളിലെ മാനസിക സമ്മർദ്ദങ്ങലുണ്ടാകുന്ന അടക്കാനാവാത്ത ചിരിയിലേക്ക്, അയാൾ ആനന്ദം കണ്ടെത്തുന്ന കൊലപാതകങ്ങൾക്ക് ശേഷമുള്ള ചിരികളിലേക്ക് സിനിമ അവസാനം വരെ ചലിച്ചുകൊണ്ടേയിരിക്കുന്നു. സിനിമയിൽ ചിരിയില്ലാത്ത നിമിഷങ്ങൾ എത്രയെന്ന് കണക്ക് കൂട്ടാൻ എളുപ്പമാണ്. പകയിലും, പ്രതികാരത്തിലും, ആഹ്ളാദത്തിലും ആരവങ്ങളിലും, ഇരുട്ടിലും വെളിച്ചത്തിലും, അക്രമങ്ങളിലും ശാന്തതയിലും ചിരിയുണ്ട്. മറ്റുള്ളവരുടെ ചിരിയിൽ നൊന്തുപോവുന്നവൻറെ, പരാജയങ്ങളിൽ പതറിപോവുന്നവൻറെ, ഒറ്റപ്പെടലിൽ അസ്വസ്ഥനാവുന്നവൻറെ അവസാനത്തെ വിജയച്ചിരിയിലാണ് സിനിമ അവസാനിക്കുന്നത്.

ടാക്സി ഡ്രൈവറും ഡാർക്ക് നൈറ്റുമടക്കമുള്ള പല സിനിമകളും തിയ്യറ്റർ വിട്ട് പുറത്തിറങ്ങുന്ന ആളുകളുടെ മനസ്സിലേക്ക് വരുമെങ്കിലും അതിനെ ഇല്ലാതാക്കാൻ കുന്നോളം പോന്നൊരു കനലിൻറെ മേലേരിയും ജോക്കർ മനസിൽ കൂട്ടിയിടും. ഹീത്ത് സ്ലെഡ്ജർ പരകായം ചെയ്ത ജോക്കറിനെ ജാക്വിൻ ഫിനിക്സ് എങ്ങനെ അവതരിപ്പിക്കും എന്ന ആശങ്കയാണ് ജോക്കർ കാണാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ദുർബലനും മാനസിക രോഗിയുമായ ആർതർ എന്ന കഥാപാത്രം ജാക്വിൻ ഫിനിക്സിൽ സുരക്ഷിതമായിരുന്നു. അയാൾ ഹീത്ത് സ്ലെഡ്ജർ അടക്കമുള്ളവരുടെ ജോക്കർമാരെ കൃത്യമായി പഠിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ അവരെ അവഗണിച്ചിട്ടുണ്ടെന്നും വ്യക്തം.

ഏകാന്തത അലട്ടുന്ന, അതിജീവനത്തിന് പൊരുതുന്ന, അവഗണനകളും പരിഹാസങ്ങളും നിരന്തരം വേട്ടയാടുന്ന അനേകം നഗര ജീവിതങ്ങളുടെ ചങ്ങലകെട്ടിലാണ് ആർതറും. അയാൾ ഒറ്റയ്ക്കൊരാളല്ല, ആർതറിൽ ആരംഭിച്ച അക്രമാസക്തമായ പ്രതിഷേധത്തിനും പകയ്ക്കും ഒപ്പം ചേരാൻ അനേകം ആളുകൾ ഉണ്ടാവുന്നതും അതുകൊണ്ട് തന്നെയാണ്. പകയുടെ ആനന്ദമാണ് അയാളിലെ മാനസിക രോഗിയെ ഉന്മാദിപ്പിക്കുന്നത്. ഏകാന്തതയുടെ അദൃശ്യമായ വേട്ടയാടലാണ് അയാളെ ഒരു സ്ത്രീയെ കാമുകിയായി സങ്കൽപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ചുറ്റുപാടുകളിൽ നിന്നുള്ള ദുരനുഭവങ്ങൾ സമാന്തരവും തൻറെ ആഗ്രഹങ്ങൾക്ക് അനുസൃതവുമായ ഒരു മിഥ്യാ ലോകത്തെ സൃഷ്ടിക്കാൻ അയാളെ പ്രേരിപ്പിക്കുന്നു. അവിടെ അയാൾ ശക്തനും സന്തോഷവാനുമാകുന്നു. ആ മിഥ്യാലോകത്തെ യാഥാർത്ഥ്യമാക്കാനുള്ള അയാളുടെ അബോധമായ ശ്രമങ്ങളുടെ ഫലമാണ് ഗോഥം നഗരത്തിൻറെ തെരുവുകളിൽ നാം പിന്നീട് കാണുന്നത്.

71951772_10156340009750807_3903748225475018752_n

ഗോഥം എല്ലാ നഗരങ്ങളെയും പോല അതിൽ തന്നെ രണ്ട് തരം മനുഷ്യരെ ഉൾക്കൊള്ളുന്നു. ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും, ദുർബലരും ശക്തരും, ചിരിക്കുന്നവരും ചിരിക്ക് കാരണമാവുന്നവരും, ധനികരും ദരിദ്രരും എന്നിങ്ങനെ രണ്ട് തട്ടിലുള്ള സമൂഹങ്ങളുടെ സംഘർഷത്തിൻറെ കൂടി കഥയാണ് ജോക്കർ. ആർതറിലെ മാനസിക രോഗവും അയാളുടെ ചെയ്തികളും ന്യായികരണങ്ങൾക്കോ ശരിതെറ്റുകളെ കുറിച്ചുള്ള വിചിന്തനങ്ങൾക്കോ ഇട നൽകാത്ത വിധം പ്രേക്ഷകനെ അസ്വസ്ഥമാക്കുന്നു. മിക്ക സീനുകളിലും കാണുന്ന സിഗരറ്റിൻറേതടക്കമുള്ള പുക പോലെ ആർതറിൻറെ ചിരിയും നമ്മെ ശ്വാസം മുട്ടിക്കുന്നുണ്ട്. ഈ അസ്വസ്ഥതയുടെ അനുഭവത്തിനപ്പുറം ഒരു കലയ്ക്ക് മറ്റെന്താണ് ചെയ്യാനുള്ളത്. തിയ്യറ്റർ വിട്ടിറങ്ങുമ്പോൾ ആ അസ്വസ്ഥത അപരനെ കുറിച്ച് കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നുകൂടിയാണ്.

Print Friendly, PDF & Email