EDITORIAL

കാഴ്ചയുടെ പ്രശ്നങ്ങൾ (കാഴ്ചപ്പാടിന്‍റെയും) 
g1

ഗ്രെറ്റ തുൻബെർഗിന്‍റെ പ്രസംഗം കേൾക്കുമ്പോൾ ഓർമ്മവരിക രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന പഴങ്കഥയിലെ കുട്ടിയെ ആണ്. ആരെയും കൂസാത്ത നിഷ്കളങ്കമായ ധൈര്യം. നിര്‍ബന്ധബുദ്ധി, പിടിവാശി.ഓട്ടിസം സ്പെക്ട്രത്തിൽ ഉൾപ്പെടുന്ന അസ്പേർജർസ് സിൻഡ്രോം ഉള്ള ഒരു പതിനാറുകാരിയാണ് ഗ്രെറ്റ. ഈ അസുഖം ഗ്രെറ്റയുടെ സമരാഹ്വാനങ്ങൾക്ക് തീക്ഷ്ണത കൂട്ടുവാൻ സഹായിക്കുന്നുവെന്ന് സ്ലാവോജ് സിസെക് ഈയിടെ നിരീക്ഷിക്കുകയുണ്ടായി. ഇതൊരു മനഃശാസ്ത്രപരമായ നിരീക്ഷണമല്ലെന്ന് എടുത്തുപറഞ്ഞാണ് ആദ്ദേഹം ആ നിരീക്ഷണം നടത്തുന്നത്. ചില ചരിത്രസന്ദർഭങ്ങൾ വരട്ടുവാദസ്വഭാവമുള്ള (dogmatic) സമീപനങ്ങളെ ആവശ്യപ്പെടും. അങ്ങിനെയുള്ള ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ജീവന്‍റെ നിലനില്പിനുതന്നെ ഭീഷണിയായേക്കാമെന്ന യാഥാർഥ്യം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് നമ്മിൽ മിക്കവരും. ആ സമൂഹത്തെ യാഥാർഥ്യങ്ങളുടെ തീക്ഷ്ണതയിലേക്ക് വിളിച്ചുണർത്തുകയെന്ന ദൗത്യം ഏറ്റെടുക്കാൻ ഗ്രെറ്റയുടെ വ്യക്തിത്വത്തിന്‍റെ സവിശേഷതകൾ അവളെ സജ്ജയാക്കുന്നുവെന്നാണ് സിസെക് സൂചിപ്പിക്കുന്നത്.

g2

മനസ്സിലുറച്ചുപോയ താല്പര്യങ്ങളിൽ തീക്ഷ്ണമായി മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുന്ന സ്വഭാവം, സാമൂഹ്യമായ സൂചനകളെ (social cues) മനസ്സിലാക്കാനുള്ള പ്രയാസം തുടങ്ങിയവയൊക്കെ ആസ്പെർജർസ് സിൻഡ്രോം ഉള്ളവരുടെ പ്രത്യേകതകളാണത്രെ. വരുംവരായ്കകളെക്കുറിച്ചുള്ള പരിഗണങ്ങളില്ലാത്ത, ഡോഗ്മാറ്റിക് എന്നു തന്നെ വിളിക്കാവുന്ന, നിശ്ചയദാർഢ്യത്തിലേക്ക് ഗ്രെറ്റയെ പോലുള്ള കുട്ടികളെ എത്തിക്കുന്നതിൽ, ഒരു പക്ഷെ, ഈ സവിശേഷതകളും കാരണമായിത്തീരുന്നുണ്ടാകാം. കാരണമെന്തുമാകട്ടെ, ഗ്രെറ്റയേയും പഴങ്കഥയിലെ ആ കുട്ടിയേയും പോലുള്ളവർ ഒറ്റപ്പെട്ട ഉദാഹരണങ്ങൾ മാത്രമാണെന്ന് ഉറപ്പാണ്. Conformity സുസ്ഥിരതയുടെ താക്കോലാണെന്നാണല്ലൊ പൊതുബോധം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെങ്കിലും സമൂഹം നമ്മോടാവശ്യപ്പെടുക കീഴ് വഴക്കങ്ങൾക്കിണങ്ങിയും നിയമങ്ങൾക്കു വഴങ്ങിയും ജീവിക്കാനാണ്. തിരുവായ് ക്കെതിർവായില്ലെന്ന്, നാടോടുമ്പോൾ നടുവേ ഓടണമെന്ന്, ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണമെന്ന് അത് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു.

എന്നാലും ഗ്രെറ്റയെ പോലുള്ള ചുരുക്കം ചിലരെങ്കിലും എല്ലാറ്റിനെയും പുതിയതെന്നപോലെ നോക്കുന്നു. നീതിയുക്തമല്ലാത്ത കീഴ്  വഴക്കങ്ങളെ കണക്കിലെടുക്കാൻ വിസമ്മതിക്കുന്നു. 'ഓരോ കാലത്തും വശങ്ങളിൽനിന്നു കടന്നുവന്നവർ, മക്കളും മക്കളുടെ മക്കളുമായി നീളുന്ന പരമ്പരയിൽ ആരുടെയും മക്കളല്ലാത്ത ചിലർ. ചരിത്രത്തെയും പശ്ചാത്തലത്തെയും ബാധ്യതകളെയും വകവെയ്ക്കാതെ മുമ്പിലുള്ളതിനെ മുമ്പിലുള്ള സന്ദർഭത്തിന്‍റെ മാത്രം വെളിച്ചത്തിൽ കറുപ്പും വെളുപ്പുമായി തിരിക്കാൻ തയ്യാറുള്ളവർ'- ആനന്ദ് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ ചരിത്രത്തിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ഇങ്ങനെയുള്ള മനുഷ്യരെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.ഒറ്റക്കണ്ണൻ സൈക്ലൊപ്സുകൾ എന്നാണ് ആനന്ദ് ഇവരെ വിളിക്കുന്നത്. ഹോമറിന്‍റെ ഒഡീസിയിലും മറ്റും പ്രത്യക്ഷപ്പെടുന്ന ഒരു കണ്ണു മാത്രമുള്ള ഭീമാകാരജീവികളാണ് സൈക്ളോപ്സുകൾ. ഒറ്റക്കണ്ണ് കാഴ്ചയെ, കാഴ്ചവട്ടത്തെ, പരിമിതപ്പെടുത്തും. ഇടവും വലവും കാണാനാകാതെ മുന്നിലുള്ള കാര്യങ്ങളിലേക്ക് കാഴ്ച ചുരുങ്ങും. യാഥാർഥ്യത്തിന് ആഴം നഷ്ടമാകുകയും അത് നീളവും വീതിയും മാത്രമുള്ള ദ്വിമാനചിത്രങ്ങളായി മാറുകയും ചെയ്യും. മരുഭൂമികൾ ഉണ്ടാകുന്നതിൽ തന്നെ വേറൊരിടത്ത് അതിലെ പ്രധാനകഥാപാത്രമായ കുന്ദൻ താൻ കുട്ടിയായിരുന്നപ്പോൾ കണ്ണാടിയിൽ കാണുന്ന പ്രതിച്ഛായ ഇടം വലം തിരിഞ്ഞാണെന്ന് മനസ്സിലാക്കുമ്പോൾ ഉണ്ടായ അതിശയത്തേയും അസ്വസ്ഥതയേയും കുറിച്ചോർക്കുന്നുണ്ട്. ഇടത് വലതും വലത് ഇടതുമായാണെങ്കിലും കണ്ണാടിയിലെ പ്രതിബിംബം തലകീഴായല്ല കാണപ്പെടുന്നത്. അതെന്തുകൊണ്ടാകാം? ഒരു സുഹൃത്ത് കുന്ദനെ സമാധാനിപ്പിച്ചു. നമ്മുടെ കണ്ണുകൾ ഭൂമിക്ക് സമാന്തരമായാണ് ഒന്നിന് മീതെ മറ്റൊന്നായി ലംബാവസ്ഥയിലല്ല എന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന്.

ഇങ്ങനെ കണ്ണുകൊണ്ടുള്ള കാഴ്ച എന്ന ഭൗതികപ്രക്രിയ വീക്ഷണകോണുകൾ നിർണ്ണയിക്കുന്ന കാഴ്ചപ്പാടുകളുടെ ആപേക്ഷികതയെക്കുറിച്ചുള്ള ദാർശനികവിചാരങ്ങളുമായി ഇടകലരുന്നത് പലപ്പോഴും ആനന്ദിന്‍റെ കഥകളിൽ കാണാം. ഒന്നോർത്താൽ, കാഴ്ചപ്പാട് എന്ന വാക്കുതന്നെ വീക്ഷണകോൺ എന്നതിനുമപ്പുറം വീക്ഷണത്തിൽ നിന്നുള്ള അഭിപ്രായം അഥവാ നിലപാട് എന്ന അർത്ഥത്തിലേക്ക് വളരുന്ന ഒരു പദമാണല്ലോ.

ഒറ്റക്കണ്ണൻ സൈക്ലൊപ്സുകളുടെ കാഴ്ചയുടെ പരിമിതിയും അവരുടെ നിലപാടുകളുടെ സമഗ്രതയില്ലായ്മയും ഏറ്റവും വ്യക്തമാകുന്നത് മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള സംഘർഷത്തെ ചൊല്ലിയുള്ള വിവാദങ്ങളിലാണ്. മനുഷ്യനിർമ്മിതമായ പാരിസ്ഥിതിക പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലുടനീളം രണ്ടു തരം ഒറ്റക്കണ്ണൻ സൈക്ളോപ്‌സുകളെ കാണാം. തീർത്തും എതിർദിശകളിലേക്ക് കാഴ്ച്ച ചുരുങ്ങിയവർ.

ഇതിൽ ഒരു വിഭാഗം ഉറച്ച് വിശ്വസിക്കുന്നത് മനുഷ്യന്‍റെ സൃഷ്ടിപരമായ കഴിവുകൾ, പ്രത്യേകിച്ച് ശാസ്ത്രവും സാങ്കേതികവിദ്യയും, അവരുടെ ചുറ്റുപാടുകളുടെ പരിമിതികളെ അതിവർത്തിക്കാൻ അവനെ പ്രാപ്‌തനാക്കും എന്നാണ്. അതിരുകളില്ലാത്ത വളർച്ചയും പുരോഗതിയും മനുഷ്യരാശിക്ക് സാധ്യമാണെന്ന് ഇക്കൂട്ടർ കരുതുന്നു. ഈ വികസനത്തിന്‍റെ പാതയിൽ പ്രതിസന്ധികളുണ്ടാകാം. പക്ഷെ അവയ്ക്ക് ശാസ്ത്ര സാങ്കേതികവിദ്യകളുപയോഗിച്ചുള്ള പരിഹാരങ്ങൾ കണ്ടെത്താനും സാധിക്കും. ശുഭാപ്തി വിശ്വാസികളാണവർ.

മനുഷ്യരാശി ഇന്നോളം പിന്തുടർന്നുവന്ന വികസനരീതികൾ ഇനിയങ്ങോട്ട് അപ്രായോഗികമാണ് എന്നു കരുതുന്നവരാണ് മറ്റേകൂട്ടർ. ആദ്യം പറഞ്ഞവരുടെ നേരെ എതിർദിശയിലേക്ക് ദൃഷ്ടിയുറപ്പിച്ച ഒറ്റക്കണ്ണന്മാർ. അന്തമില്ലാത്ത വളർച്ച സാധ്യമാണെന്ന മനുഷ്യന്‍റെ അഹന്തക്ക് തടയിട്ടില്ലെങ്കിൽ അത് ഭൂമിയിലെ ജീവന്‍റെ നിലനില്പിനുതന്നെ ഭീഷണിയായേക്കാമെന്ന് അവർ ഭയക്കുന്നു. മനുഷ്യന്‍റെ ഏറ്റവും വലിയ നേട്ടങ്ങൾ തന്നെ ഒരു ബൂമറാംഗ് പോലെ തിരിച്ചടിച്ചേക്കാമെന്ന ദുസ്വപ്നമാണ് അവരെ നയിക്കുന്നത് ഒരു പുതിയ പ്രതിഭാസമല്ല പരസ്പരം ഇടഞ്ഞുനിൽക്കുന്ന ഈ രണ്ടു കാഴ്ചപ്പാടുകൾ. മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകളുടെ പ്രത്യാഘാതങ്ങൾ പ്രകടമായിത്തുടങ്ങുന്ന കാലംതൊട്ടേ ഇവ രൂപപ്പെട്ടിട്ടുണ്ട്. അവരവരുടെ ശരികളിൽ ജീവിക്കുന്ന ഈ രണ്ടു പക്ഷങ്ങളുടെ കഥ പറയുന്ന 'മാന്തികനും പ്രവാചകനും' (The Wizard and the Prophet) എന്ന ഒരു പുസ്തകം ഈയിടെ വായിക്കുകയുണ്ടായി.

അറ്റ്ലാന്റിക്, വയേർഡ്, സയൻസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ലേഖകനായ പ്രശസ്ത പത്രപ്രവർത്തകൻ ചാൾസ് സി. മാനിന്‍റെ പുതിയ കൃതിയാണത്. മാൻ ഈ കഥ പ്രതിപാദിക്കുന്നത് ഈ സമീപനങ്ങളുടെ ആദ്യകാലപ്രണേതാക്കൾ എന്ന് വിളിക്കാവുന്ന രണ്ട് ധിഷണാശാലികളായ ശാസ്ത്രജ്ഞരുടെ ജീവിതത്തിലൂടെയും കണ്ടെത്തലുകളിലൂടെയും നമ്മെ കൂട്ടികൊണ്ടുപോയാണ്. അതിൽ ഒരാളെ പ്രവാചകനെന്നും മറ്റെ ആളെ മാന്ത്രികനെന്നും മാൻ വിശേഷിപ്പിക്കുന്നു. ഇതിൽ ഒന്നാമത്തെ ആൾ 1902 ൽ അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച വില്യം വോഗ്‌ (William Vogt) എന്ന ഇക്കോളജിസ്റ്റ് ആണ്. ജനസംഖ്യാപെരുപ്പവും കടിഞ്ഞാണില്ലാത്ത ഉപഭോഗവും ഇതേപോലെ തുടർന്നാൽ അത് ഭൂമിയിലെ ജൈവവ്യവസ്ഥയെ തകർക്കും എന്ന് വാദിച്ച ആദ്യകാല ശാസ്ത്രജ്ഞന്മാരിലൊരാളായ വോഗാണ് മാനിന്‍റെ കഥയിലെ പ്രവാചകൻ. വോഗിന്‍റെ അതിജീവനത്തിലേക്കുള്ള വഴികൾ (Road to Survival) എന്ന കൃതി പിൽക്കാലത്ത് ലോകമെമ്പാടും ശക്തിപ്രാപിച്ച പരിസ്‌ഥിതി പ്രസ്ഥാനങ്ങൾക്ക് ആശയപരമായ അടിത്തറപാകിയ പുസ്തകങ്ങളിലൊന്നായിരുന്നു. സമൂഹത്തിൽ ഇന്ന് കാണുന്ന സമ്പല്‍സമൃദ്ധി താൽക്കാലികമാണ്. കാരണം ഭൂമിയിൽ നിന്ന് എടുക്കാവുന്നതിൽ കൂടുതൽ എടുത്താണ് അത് നേടിയെടുത്തിരിക്കുന്നത്. ഈ രീതിയിലുള്ള വികസനത്തിന് കടിഞ്ഞാണിടുക മാത്രമാണ് ഒരേയൊരു പോംവഴിയെന്ന് വോഗ് തന്‍റെ എഴുത്തുകളിലൂടെയും പ്രഭാഷണപരമ്പരകളിലൂടെയും നിരന്തരമായി പറഞ്ഞു. റേച്ചൽ കാഴ്‌സന്‍റെ നിശബ്ദ വസന്തത്തിനും (Silent Springs) ഇ. എഫ്. ഷൂമാക്കറിന്‍റെ ചെറുതാണ് സുന്ദരത്തിനും (Small is beautiful) ഒക്കെ ഒരു പുതിയ പാരിസ്ഥിതികാവബോധത്തിന് വിത്തുപാകുന്നതിനും വളരെ മുൻപായിരുന്നു വോഗ് ആ ദിശയിൽ  ചിന്തിച്ചുതുടങ്ങുന്നത് രണ്ടാമത്തെ ആൾ നോർമൻ ബോർലോഗ് (Norman Borlaug). മാനിന്‍റെ കഥയിൽ മാന്ത്രികൻ. 1914 -ൽ അമേരിക്കയിലെ അയോവയിൽ ജനിച്ച ബോർലോഗ് മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം ശാസ്ത്രസാങ്കേതിക വിദ്യകളുപയോഗിച്ച് പരിഹാരം കണ്ടെത്താമെന്ന ശുഭാപ്തിവിശ്വാസത്തിന്‍റെ എറ്റവും തിളക്കമാർന്ന ഉദാഹരണങ്ങളിലൊന്നാണ്. ലോകത്തിന്‍റെ നാനാഭാഗത്തുള്ള കോടിക്കണക്കിനുവരുന്ന ദരിദ്രരെ വിശപ്പിൽ നിന്ന് കരകയറ്റാൻ ശാസ്ത്രത്തിനേ ആകൂ എന്ന് വിശ്വസിച്ച കാർഷികശാസ്ത്രജ്ഞനായിരുന്നു ബോർലോഗ്. അധികവിളയുൽപാദിപ്പിക്കുന്ന വിത്തിനങ്ങളുണ്ടാക്കിയെടുക്കാനുള്ള വിപ്ലവാത്മകമായ ഗവേഷണങ്ങൾ നടത്തി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഹരിതവിപ്ലവത്തിന് കളമൊരുക്കി. ഈ സംഭാവനകൾക്ക് നോബൽ സമ്മാനമടക്കമുള്ള പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

മാന്ത്രികരും പ്രവാചകരും കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എതിർ ദിശകളിലേക്ക്‌ നോട്ടമുറപ്പിച്ച ഒറ്റക്കണ്ണൻ സൈക്ളോപ്സുകളായി തുടരുകതന്നെയാണ്. പക്ഷെ, രണ്ടു കൂട്ടർക്കും സമഗ്രമായ പരിഹാരനിർദ്ദേശങ്ങളൊന്നുംതന്നെയില്ല. ഉപഭോഗത്തിനും വികസനത്തിനും അതിരിടുന്ന ജീവിതശൈലിയും അത് സാധ്യമാക്കുന്ന സാമൂഹ്യഘടനയും ഒരു കാല്പനികസ്വപ്നത്തിനപ്പുറത്തേക്ക് വളർന്ന് പ്രായോഗികമായ ഒരാശയമായി തീർന്നിട്ടില്ല ഇന്നും. അതേസമയം, ഇന്നോളം നമ്മൾ പിന്തുടർന്ന വികസനപരിപ്രേക്ഷ്യത്തിനകത്ത് ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു കഴിഞ്ഞിരിക്കുകയുമാണ്. ഒരു സമന്വയം സാധ്യമല്ലെന്ന രീതിയിൽ ഇടഞ്ഞു നിൽക്കുന്ന ഈ നിലപാടുകളുടെ തീവ്രത അറിയണമെങ്കിൽ നമുക്ക് പുറത്തേക്കൊന്നും പോകണമെന്നില്ല. കേരളത്തിന്‍റെ വികസനത്തെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധിച്ചാൽ മതി. രണ്ടു വശത്തേക്ക് ദൃഷ്ടിയൂന്നിയ ഒറ്റക്കണ്ണൻ സൈക്ലൊപ്സുകൾ  നയിക്കുന്ന ചർച്ചകളാണ് അവയിലധികവും.

g4

പരസ്പരം തിരിച്ചറിഞ്ഞ് തങ്ങളുടെ ഒറ്റക്കണ്ണൻ കാഴ്ച്ചകൾക്ക് നീളത്തിനും വീതിക്കുമപ്പുറം ഇത്തിരി ആഴം കൂടി നൽകാൻ, കാഴ്ചപ്പാടുകളുടെ പരിമിതികളെ അതിജീവിക്കാൻ, ഈ രണ്ടുകൂട്ടർക്ക് സാധിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? ബുദ്ധമത ചിന്തയിലെ മധ്യമാർഗം ഷൂമാക്കറെ പോലുള്ള ചില പരിസ്ഥിതിചിന്തകരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. വികസന മൗലികവാദത്തെയും ശാസ്ത്രസാങ്കേതിക വിദ്യകളുടെ പൂർണ്ണമായി  തിരസ്കരിച്ച് പ്രകൃതിയിലേക്ക് മടങ്ങുന്നത് സ്വപ്നം കാണുന്ന പരിസ്ഥിതിതീവ്രവാദത്തെയും ഒരേ സമയം നിരാകരിക്കുന്ന സമവായത്തിന്‍റെ രീതിയാണത്. പക്ഷെ അതിന് വലിയ സ്വീകാര്യത ലഭിക്കുന്നതായി കാണുന്നില്ല. രണ്ടു കണ്ണും തുറന്നുപിടിക്കുകയെന്ന ലളിതമെന്നു തോന്നുന്ന ഒരു കാര്യം എന്തുകൊണ്ടാണ് ഇത്രമാത്രം ദുഷ്കരമായി തീരുന്നത്?

വ്യക്തിത്വങ്ങളുടെ സ്വഭാവസവിശേഷതകളിൽ ഇതിനുത്തരം തിരഞ്ഞിട്ട് കാര്യമില്ലെന്നാണ് തോന്നുന്നത്. ലോകം ഇന്ന് നേരിടുന്ന പാരിസ്ഥിതിക അടിയന്തിരാവസ്ഥയെ എങ്ങിനെ നേരിടണമെന്നതിന്‍റെ കാര്യത്തിലും വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം വിരുദ്ധ (വർഗ്ഗ)താല്പര്യങ്ങൾ ഈ പരിഹാരനിർദ്ദേശങ്ങളിൽ നിഴലിടുന്നതുകൊണ്ടു കൂടിയാണ്. പക്ഷെ, ഈ രണ്ട് സമീപനങ്ങൾ തുല്യശക്തികളല്ല. സമകാലീനസമൂഹത്തിന്‍റെ വികസന പരിപ്രേക്ഷ്യത്തിലും ഉത്പാദനരീതികളിലും സമഗ്രമായ അഴിച്ചുപണികൾ നടത്താതെ സാങ്കേതികവിദ്യകൾക്കൊണ്ടുള്ള പരിഹാരങ്ങൾ സാധ്യമാണെന്ന ശുഭാപ്തിവിശ്വാസത്തിനാണ് പൊതുവെ മേൽക്കൈ ലഭിക്കുന്നുണ്ട്. സമ്പന്നരാജ്യങ്ങളുടെയും, ആഗോള മുതലാളിത്തത്തിന്‍റെയും അധീശവർഗ താല്പര്യങ്ങളുടെയും നിക്ഷിപ്ത താല്പര്യങ്ങളാണ് ഇങ്ങനെ ഈ പാരിസ്ഥിതിക പ്രതിസന്ധിയെ ലഘൂകരിച്ച് കാട്ടുന്നത്തിന് പിറകിലുണ്ടെന്നത് കാണാൻ വിഷമമുള്ള കാര്യമല്ല. സത്യാനന്തരകാലത്തെ പൊതുസമ്മതി നിർമ്മാണം 'പ്രവാചക' ശബ്ദങ്ങളെ അവഗണിക്കാൻ മാത്രമല്ല പരിഹസിക്കാനും ഇകഴ്ത്തിക്കാട്ടാനും അതീവശ്രദ്ധ ചെലുത്തുന്നു. ഇതിനോടുള്ള സ്വാഭാവികപ്രതികരണമായിട്ടാണ് ഗ്രെറ്റയെ പോലുള്ള കുട്ടികളുടെ കാല്പനികപ്രതിരോധം ഉയർന്നുവരുന്നത്. ചരിത്രത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ് സ്റ്റാറ്റസ്കോയുടെ ജഡതയെ പ്രതിരോധിക്കുന്ന, പിടിച്ചുലക്കുന്ന, ഇങ്ങനെയുള്ള തീവ്രവാദങ്ങളുടെ ആവിർഭാവങ്ങൾ. ചില കാലങ്ങൾ ചില ഡോഗ്മകളെ ആവശ്യ പ്പെടുമെന്ന സിസേക്കിയൻ യുക്തി ഊന്നുന്നത് അതിലാണ്. ഡോഗ്മകളുടെ നിമിഷങ്ങൾ ചില സന്ദർഭങ്ങളിലെങ്കിലും ഒരു സാധ്യതയാണ്. നിശിതബുദ്ധിയും പിടിവാശിയോളം ചെന്നെത്തുന്ന നിശ്ചയദാർഢ്യവും നേർക്കാഴ്ചയുടെ തെളിമയും കൊണ്ട് തങ്ങളുടെ ചരിത്രനിമിഷങ്ങളെ ഗാഢമാക്കാൻ ഈ ഒറ്റക്കണ്ണൻ സൈക്ലൊപ്സുകൾക്കാകും. ചരിത്രത്തിന്‍റെ ദശാസന്ധികളിലെ ദിശാസൂചകങ്ങളാണവർ; ആ നിമിഷങ്ങളെ അതിവർത്തിച്ച് ചരിത്രത്തോടൊപ്പം നടക്കാൻ അവർക്കൊത്തെന്ന് വരില്ലെങ്കിലും...

Print Friendly, PDF & Email