ചുവരെഴുത്തുകൾ

പെൺകഥയും ആൺകഥയും 

കഥകളിൽ ആണും പെണ്ണും ഉണ്ടോ? ഉണ്ടല്ലോ .. ഓഗസ്റ്റ് 12 ലെ മാധ്യമത്തിൽ വന്ന ആരതി അശോകിന്റെ ‘ചില്ലുമാള ങ്ങൾ ‘ഒരു പെൺകഥയാണ് . . തന്നിലേക്ക് തന്നെ ഒതുങ്ങി, ചുമരോളം പതുങ്ങിയാണ് ആ കഥയുടെ നടപ്പും ഇരിപ്പും . അങ്ങനെ , പൊടുന്നനെ ചെന്നു പറ്റിയ അനാഥത്വത്തിലും, ഒരുങ്ങുന്നതിന് മുൻപ് വന്നു ചേർന്ന ദാമ്പത്യത്തിലും സ്നേഹാന്വേഷണം നടത്തുക, അത് നിരസിക്കപ്പെടുന്നിടത്തു ശ്വാസം മുട്ടി ഉഴറുക…. കുട്ടിക്കാലത്തു ഭയമായിരുന്നു അവൾക്കു കൂട്ട് .അമ്മൂമ്മയുടെ കൂടെ കണ്ട ഭഗവതിയുടെ സിനിമ, ക്ലാസ്സുമുറിയിലെ ഇരുട്ട്, കുളക്കരയിൽ മുടി വിടർത്തിയാടുന്ന അഞ്ചുതലകളുള്ള പനകൾ…മുതിരുമ്പോൾ അമ്മ പറഞ്ഞതനുസരിച്ചു ആണുങ്ങൾ …. . വിവാഹം അവൾക്കു ഭയവും സങ്കോചവും നിറഞ്ഞ അനുഭവമായി. ഭർത്താവിൽ നിന്ന് അവൾ ഒഴിഞ്ഞു നടന്നു. ഓർക്കാപ്പുറത്തു അവളുടെ മുഖത്ത് വിരിയുന്ന സൂര്യകാന്തിപ്പൂക്കൾ പോലും അയാൾക്ക്‌ അസഹ്യമായിരുന്നു. മനസ്സ് വേർപെടുത്തി അവൾ ഒരു ചെപ്പിൽ സൂക്ഷിച്ചു. അവളിലെ അവൾ ജനാലയിലൂടെയുള്ള കാഴ്ചപ്പുറത്തു അപരിചിതയെപ്പോലെ നിന്നു . അപ്പോഴാണ് അവൾ എലികളോട് സംസാരിക്കാൻ തുടങ്ങിയത് ..അവക്കിടയിൽ മയില്പീലിക്കണ്ണുള്ള  ഒന്നിനെ മനസാ വരിച്ചത്. .അവളുടെ കാമനകൾ അവളിൽ തന്നെ അഭയം തേടി തുടക്കം മുതൽ ഒടുക്കം വരെ . സ്ത്രൈണ ഗാത്രിയാണ് ആരതി അശോകിന്റെ കഥ . വാക്കുകളിലും ശില്പങ്ങളിലും മാനസിക വ്യാപാരങ്ങളിലും. ഈ കഥ ഈറനുടുത്ത്, കടന്നു പോയ വഴികളിലെ സൂര്യകാന്തക്കല്ലുകൾ പെറുക്കി ഒതുക്കമുള്ള വഴികളിലൂടെ ഓരം ചേർന്ന് നടന്നു പോകുന്നു. വായന കഴിയുമ്പോൾ കഥ, എലികളും മയിലും നനഞ്ഞ മൺഗന്ധവും, ചീവീടിന്റെ ഈണങ്ങളും ഇല്ലാത്തിടത്ത് ഒറ്റയ്ക്ക് നിൽപ്പാണ്

സെപ്തംബർ ഒന്നിലെ മാതൃഭൂമിയിൽ ആഷ് അഷിത എഴുതിയ , ‘മുങ്ങാങ്കുഴി’ എന്ന കഥയാവട്ടെ, വായനയുടെ കവലയിൽ , കൈലി മടക്കിക്കുത്തി, മീശ പിരിച്ചു നെഞ്ചിൽ കൊളുത്തുന്ന ചെറു ചിരിയോടെ നമ്മെക്കാത്തു നിൽക്കുകയാണ് . ഒന്നും വിട്ടു പറയാത്ത നെഞ്ചിൽ പക്ഷെ ‘നീലക്കരിമ്പിന്റെ തുണ്ടാണ് ‘. ഈ കഥ അടിമുടി പുരുഷ പ്രകൃതിയാണ്. കണ്ണിൽ കണ്ട മരങ്ങളുടെ യെല്ലാം മൂട്ടിലിട്ടു തൊഴിച്ചു കൊണ്ട് , മുട്ടനാടിൻപറ്റത്തെപ്പോലെ ദേഹത്ത് കുത്തി, കാറ്റ് പാഞ്ഞു നടക്കുന്ന കഥാഭൂമി. കുന്നുകൾക്കു വേലി തീരുമാനിച്ചിരിക്കുന്നത് പട്ടാളച്ചിട്ടയിൽ നിരന്നു നിൽക്കുന്ന കമ്യുണിണിസ്റ്റ്‌  അപ്പ,  മൂശേട്ട മുരുക്ക് , മൂർച്ച രാകി നിൽക്കുന്ന കൈതകൾ, മനുഷ്യരെ തീണ്ടാത്ത ഉശിരിൽ തലങ്ങും വിലങ്ങും തഴച്ചു നിൽക്കുന്ന ചെടിക്കൂട്ടങ്ങൾ …. .പ്രകൃതി മാത്രമല്ല പെൺകഥാപാത്രങ്ങൾ പോലും ആൺപോരിമയുള്ളവരാണ് . കാലത്തിന് കേറിമേയാൻ നിന്നുകൊടുക്കാത്ത ശരീര പ്രകൃതിയുള്ള ചില്ലാനമ്മ എല്ലാ രാത്രിയിലും ഒരു മനക്കണക്കിനു വിസ്കി കുടിച്ചാണ് ഉറക്കം..ആന വന്നാലും ഒരു കൈ നോക്കാനുറച്ചവളാണ് കാളി . അവളുടെ വെള്ള സാരിയിലെ ചുവന്ന പൂക്കൾ പോലും ആവശ്യത്തിൽ കൂടുതൽ ഊറ്റത്തോടെയാണ് വിരിഞ്ഞു നിൽക്കുക . കുളക്കടവിൽ നിഴലനങ്ങിയാൽ വിഷം ചീറ്റുന്നതു പോലെ കവിൾ വെള്ളം തുപ്പിക്കളയുന്നവൾ . കാളിയുടെ സ്‌കൂൾ പാട്ടു പോലും തെറിപ്പാട്ടാണ്.  ‘തനിക്കു പാമ്പുകളെയും പെണ്ണുങ്ങളെയും പേടിയാണെന്ന് കേൾക്കുന്നുണ്ടല്ലോ’ എന്നവൾ, അറച്ചുനിന്ന ആണൊരുത്തനെ വെല്ലുവിളിച്ചു. അവൾക്കു, സ്നേഹം ഒരിറച്ചിക്കഷണം . തീർന്നില്ല; തിരനോട്ടം കൊണ്ട് തന്നെ രംഗം വിറപ്പിച്ച , ആട്ടുരക്തപ്പൊരിയൽ ഭുജിക്കുന്ന കാട്ടാളകുമാരനുമുണ്ട് കഥയിൽ ഒതുങ്ങിയും ഒതുക്കിയും കാത്തും പാത്തും കഴിഞ്ഞ നായകൻ തുടൽ പൊട്ടിച്ചു കുതിച്ചു വന്നപ്പോൾ , ഒരൊറ്റച്ചാട്ടം കൊണ്ട് ദുശ്ശാസനപർവം ആടിത്തീർത്തു , ആഷിന്റെ കഥ.

Print Friendly, PDF & Email