ചുവരെഴുത്തുകൾ

ഉപ്പ്gandhi21

‘…അത്, ജനി-മൃതിയുടെ സാക്ഷിയാണെന്ന്,….ഉപ്പ് മനുഷ്യന്റെ പുറത്തല്ല അകത്താണെന്ന്,…മനുഷ്യൻ തന്നെ അടിമുടി ഉപ്പാണെന്ന്….!! അടിമഭാരതത്തെ ഉണർത്താൻ അതിൽ ജീവിക്കുന്ന മനുഷ്യന്റെ ഉള്ള് തൊടണമെന്ന് തിരിച്ചറിഞ്ഞ ഗാന്ധി, ഉപ്പ് തൊട്ടപ്പോൾ ഉള്ള് തൊട്ട അനുഭവം ഒരു ജനതയ്ക്കുണ്ടായി…!..’

ഗാന്ധിജി ഉപ്പ് സത്യാഗ്രഹം പ്രഖ്യാപിച്ചപ്പോൾ ബ്രിട്ടീഷുകാർക്ക് പരിഹാസമായിരുന്നു. നാടൻ സായ്പന്മാർ ‘മുളക് സത്യാഗ്രഹം, മല്ലി സത്യാഗ്രഹം എന്നെല്ലാം പരിഹസിച്ചു. പലവ്യജ്ഞനങ്ങളിൽ ഏറ്റവും വിലകുറഞ്ഞ ഉപ്പ്….കടകളിൽ പുറത്ത് തുറന്ന പുരയിൽ സൂക്ഷിക്കുന്ന, ഒരു കള്ളനും വേണ്ടാത്ത ഉപ്പ്…അതിന്റെ പേരിലൊരു സമരം…!!…അങ്ങനെ പോയി പരിഹാസങ്ങൾ…പക്ഷേ, ഗാന്ധി തന്റെ പരുപരുത്ത ഖദർമുണ്ടുമുടുത്ത് ഒരു മുട്ടൻ വടിയുമായി ‘നരകം കണ്ട തന്റെ വട്ടക്കണ്ണട’യുമിട്ട് അങ്ങ് ദണ്ഡികടപ്പുറത്തേക്ക് മാർച്ച് ചെയ്തപ്പോഴാണ് വിദേശ സായ്പും നാടൻസായ്പുമെല്ലാം ഒരു പോലെ ഞെട്ടിപ്പോയത്…!! ഒരു മാഹാരാജ്യം ഒട്ടുക്കും ഉപ്പിന്റെ പേരിൽ ജനങ്ങൾ തെരുവിലിറങ്ങുന്നു.. കടൽപ്പുറങ്ങളിലേക്ക് മാർച്ച് ചെയ്യുന്നു…!…കടൽ വെള്ളത്തിൽനിന്ന് ഉപ്പു കുറുക്കുന്നു…ഭീകര മർദ്ദനങ്ങൾ ഏറ്റുവാങ്ങുന്നു…!!..ഉപ്പിന്റെ പേരിലുള്ള ജനമുന്നേറ്റം കണ്ട് അതിൽ പങ്കെടുത്തവർ പോലും അന്തംവിട്ടുപോയി…വളരെ വൈകിയാണ് ഇന്ത്യൻ ജനതയ്ക്ക് ഉപ്പിന്റെ ദാർശനികമാനം മനസ്സിലാകുന്നത്. ഉപ്പ് വെറും ഉപ്പ് മാത്രമല്ലെന്ന് ‘…അത്, ജനി-മൃതിയുടെ സാക്ഷിയാണെന്ന്,….ഉപ്പ് മനുഷ്യന്റെ പുറത്തല്ല അകത്താണെന്ന്,…മനുഷ്യൻ തന്നെ അടിമുടി ഉപ്പാണെന്ന്….!! അടിമഭാരതത്തെ ഉണർത്താൻ അതിൽ ജീവിക്കുന്ന മനുഷ്യന്റെ ഉള്ള് തൊടണമെന്ന് തിരിച്ചറിഞ്ഞ ഗാന്ധി, ഉപ്പ് തൊട്ടപ്പോൾ ഉള്ള് തൊട്ട അനുഭവം ഒരു ജനതയ്ക്കുണ്ടായി…!..’ഉപ്പ് തൊട്ട് കർപ്പൂരം വരെ’ എന്ന പ്രയോഗത്തിൽത്തന്നെയുണ്ട് ഉപ്പിൽനിന്നാണ് തുടക്കം എന്ന ജീവരഹസ്യം…! ‘ഉപ്പുചേർത്താലേ രുചിയുള്ളു കഞ്ഞിയിൽ ഉപ്പുതരി വീണലിഞ്ഞു മറഞ്ഞുപോം മട്ടിൽ എന്നുണ്ണീ…നിൻ മുത്തശ്ശിയും നിന്ന നിൽപ്പിൽ ഒരു നാൾ മറഞ്ഞു പോകും..എങ്കിലും നിന്നിലെ ഉപ്പായിരിക്കുമീ മുത്തശ്ശി…’എന്ന് പണ്ട് ഒരു കവി പറഞ്ഞതും ഈ ജീവ രഹസ്യത്തെക്കുറിച്ചാണ്. ഈ രഹസ്യായുധത്തെയാണ് ഗാന്ധിജി അടിമഭാരതത്തിന്റെ വജ്രായുധമായി വികസിപ്പിച്ചത്…!.. സമരരീതികൾ അതാത് സമരഭൂമിയിൽ നിന്നും രൂപപ്പെടുത്തുന്നതാണെന്ന് മനസ്സിലാക്കാൻ ഗാന്ധിജിയെ മനസ്സിലാക്കിയാൽ മതി…ഗാന്ധിയിലുണ്ട് സമരങ്ങൾ ഉണ്ടാകുന്നതെങ്ങനെ എന്നതിന്റെ ഉത്തരം..ഒരു ജനത ജീവിക്കുന്നു എന്നതിനു തെളിവുണ്ടാകുന്നത് അവർ സമരസജ്ജരാകുമ്പോഴാണെന്ന് ഓർമ്മപ്പെടുത്തിയതും ഗാന്ധിയാണ് … ഒരാൾക്ക് സ്വാതന്ത്ര്യ സമര സേനാനിയാ കാൻ അയാൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കണമെന്നില്ല. ഖദർ ധരിച്ചാൽ, സത്യം പറയാൻ ശീലിച്ചാൽ, അഹിംസയിൽ വിശ്വസിച്ചാൽ അയാൾ സമര സേനാനിയാകും. ജീവിതം സമരമാകുന്നതെങ്ങനെ എന്നതിന്റെ രസതന്ത്രം ഗാന്ധിജി പഠിപ്പിച്ചതങ്ങനെയാണ്. ‘അസത്യം പറഞ്ഞാൽ ആർക്കെങ്കിലും ഗുണമുണ്ടാകുമായിരുന്നെങ്കിൽ ഞാൻ അസത്യം മാത്രം പറഞ്ഞേനെ ‘ എന്ന് ഒരിക്കൽ ഗാന്ധിജി പറയുന്നുണ്ട്. സത്യം എന്നത് കാല്പനികമായ ഒരു സ്വപ്നമല്ലെന്നും അത് മനുഷ്യന്റെ പ്രായോഗിക ജീവിത ദർശനമാണെന്നും സ്വജീവിതത്തിലൂടെ സ്ഥാപിച്ച മറ്റൊരാൾ ചരിത്രത്തിലില്ല…. ‘ഇങ്ങനെയൊരാൾ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കില്ലെ’ന്ന് ഐൻസ്റ്റീൻ പറഞ്ഞത് വെറുതെയാണ് … ഇല്ലെന്ന് പലരും സ്ഥാപിക്കാൻ ശ്രമിച്ചിട്ടും ഗാന്ധി ഞങ്ങളെ വിട്ടു പോയിട്ടില്ല .. വിട്ടു പോകുകയുമില്ല…. അത്രമേൽ ശക്തമാണ്.. അത്രമേൽ വൈകാരികമാണ്.. അത്രമേൽ രാഷ്ട്രീയമാണ്.. ആ ചരിത്രസ്മൃതി… മഹാത്മാ.. ആദരം..

Print Friendly, PDF & Email