അനുഭവം

ആരും ചെയ്യാൻ ആഗ്രഹിക്കാത്ത പരേഡ്വ്യോമസേനയിലെ ജീവിതകാലത്തെ  ദുഃഖപൂർണ്ണമായ ചില അനുഭവങ്ങൾ ഓർമ്മയെ വിടാതെ പിന്തുടരാറുണ്ട്. സാഹചര്യങ്ങൾ ഏതായാലും, ഗാഢമായ മനുഷ്യബന്ധങ്ങൾ ഉള്ള ഒരിടമായത് കൊണ്ടായിരിക്കാം. 2002 ലെ ഓപ്പറേഷൻ പരാക്രമ സമയം. മിക്കവാറും യൂണിറ്റിന് പുറത്തായി ഞങ്ങൾ വിന്യസിക്കപ്പെട്ടിരുന്ന കാലം . യൂണിറ്റിൽ, ആയിടെ കല്യാണം കഴിച്ച് , ഭാര്യയോടൊപ്പം വന്ന്,  താമസമാക്കിയതായിരുന്നു അനൂപ് മജുംദാർ എന്ന ബംഗാൾ സ്വദേശി. എയർഫോഴ്‌സ്കാരന്റെ മകനായത് കൊണ്ട് തന്നെ, സ്വാഭാവികമായ ചടുലതയും വാഗ്ധോരണിയുമെല്ലാം മെലിഞ്ഞു നീണ്ട അനൂപിനുണ്ടായിരുന്നു . ഏതോ യൂണിറ്റിൽ തുടങ്ങിയ പ്രണയത്തിന്റെ സാഫല്യമായിരുന്നു  അപർണ്ണയെന്ന ബംഗാളി പെൺകുട്ടിയുമായുള്ള കല്യാണം. അവളുടെ അച്ഛനും എയർഫോഴ്സിൽ നിന്ന് വിരമിച്ചതാണ്. കേടായ എയർഫോഴ്സ് വാഹനങ്ങൾ നന്നാക്കിയെടുക്കുന്ന വിഭാഗത്തിലായിരുന്നു അനൂപ് മജുംദാർ. അത് കൊണ്ട് തന്നെ,  ജമ്മുവിലെ ഒരു യൂണിറ്റിലേക്ക് താൽക്കാലികമായി അനൂപിനും പോകേണ്ടി വന്നു. അപർണ്ണ,  യൂണിറ്റിൽ അനൂപിന്റെ അച്ഛനോടൊപ്പം താമസിച്ചു.

ഒരാഴ്ച്ച കഴിഞ്ഞ്,   ഒരു ഉച്ച സമയം.

പല സ്ഥലത്ത് നിന്നും വെടിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. ടെന്റിൽ നിന്ന് പുറത്തിറങ്ങിയ അനൂപ്  അസ്ത്രം തറച്ച പോലെ പിന്നിലേക്ക് കുഴഞ്ഞ് വീഴുന്നത് കണ്ടു. ഭീകരവാദികളോ പാക്കിസ്ഥാനികളോ വെടിവെച്ചതാകാം എന്ന് കരുതി എല്ലാവരും ഓടിച്ചെന്നു. അപ്പോഴാണ് കണ്ടത്,  കുറച്ചകലെ,  വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ ഗാർഡ് ഡ്യൂട്ടി വേഷത്തിൽ തോക്കുമായി നിൽക്കുന്നു, നിറകണ്ണുകളോടെ. അവന് കൈയബദ്ധം പറ്റിയതാണ്.

എന്തൊരു വിധി! വെറുതെ ഉന്നം വച്ചു കളിച്ച അവൻ,  അറിയാതെ,  കാഞ്ചി വലിച്ചതാണ്. അനൂപിന്റെ ജീവനാണ് നഷ്ടപ്പെട്ടത്.

ഹെലികോപ്റ്റർ വന്നു. യൂണിറ്റിലേക്ക് ശരീരം കൊണ്ടുപോകാൻ വേണ്ട തയ്യാറെടുപ്പ് നടന്നു.  നടുക്കത്തോടെ യൂണിറ്റ് ആ വാർത്ത കേട്ടു .

അനൂപിന്റെ അച്ഛനും അപർണ്ണയും ക്വർട്ടേഴ്സിൽ ഉണ്ട്‌. അവരെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും?  രാത്രി, ശരീരം ഏറ്റുവാങ്ങാൻ ഞങ്ങൾ പോയി. പിന്നീട് മോർച്ചറിയിലാക്കി. ഒന്നുമറിയാതെ,  നെഞ്ചിൽ തറച്ച വെടിയുണ്ടയുമായി,   അനൂപ് ഉറങ്ങുന്നു. മൗനത്തിൽ കനത്തുപോയ നീണ്ട രാത്രി പുലർന്നത് ഫ്യൂണറൽ പരേഡിന് ഞങ്ങൾക്കുള്ള പരിശീലനത്തോടെയാണ്. പതിനൊന്ന് പേരാണ് നിയോഗിക്കപ്പെട്ടത്. അന്ന് വൈകിട്ട് വരെ പരിശീലനം. പിറ്റേന്ന് രാവിലെ വ്യോമസേനാ ശ്മശാനത്തിനടുത്ത് ഫ്യൂണറൽ പരേഡ്. ഫയർ, ഫിർ ഭർ, ഫയർ അങ്ങനെ മൂന്ന് റൗണ്ട് വെടിമുഴക്കം. പരേഡ് പൂർത്തിയാക്കിയത് അടക്കിപ്പിടിച്ച കണ്ണീരോടെയാണ്.

അനൂപ് മജുംദാർ എല്ലാവർക്കും പ്രിയപ്പെട്ട, നിരന്തരം കഥകൾ പറയുന്ന,  രസികനായ  ചെറുപ്പക്കാരനായിരുന്നു. ചിത ഒരു വശത്ത് എരിഞ്ഞടങ്ങുമ്പോൾ ജീവിതത്തിന്റെ ക്ഷണഭംഗുരതയെക്കുറിച്ച് ഓർക്കുകയായിരുന്നു,  എല്ലാരും. യൂണിറ്റിൽ എത്തി. അനൂപിന്റെ ക്വാർട്ടേഴ്സിൽ അച്ഛൻ ചേതൻ മജുംദാറും അമ്മയും അപർണ്ണയും ഉണ്ടായിരുന്നു.

മധുരം കൊടുക്കുന്നത് ഒരു ചടങ്ങാണത്രെ.

ചേതൻ സാർ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

“അനൂപിന്റെ വാചാലത ദൈവത്തിന് ഏറെ ഇഷ്ടമായിക്കാണും, വെടിവെച്ച ആ പയ്യനെതിരെ സർവീസ് നടപടിയൊന്നും വേണ്ടെന്നു പറയണം, അവൻ കരുതിക്കൂട്ടി ചെയ്തതല്ലല്ലോ. അപർണ്ണ, ഞങ്ങളുടെ കൂടെയുണ്ടാകും, ഞങ്ങൾക്ക് മറ്റാരുമില്ല. അവൾ ഞങ്ങളുടെ കൂടി മോളല്ലേ “

എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഉഴറുന്ന ഞങ്ങളുടെ പുറം തട്ടി നന്ദി പറഞ്ഞത് അച്ഛനാണ്. ഞങ്ങൾ മടങ്ങി. ഒന്നും സംഭവിച്ചില്ലെന്ന്  വിശ്വസിച്ചു കൊണ്ട് യൂണിറ്റിനും മുന്നോട്ട് പോകണമല്ലോ.

Print Friendly, PDF & Email