EDITORIAL

ആർക്കും വേണ്ടാത്ത ജീവിതങ്ങൾന്നലെ സന്ധ്യ വരെ ഞങ്ങൾ എൻമകജെ ഗ്രാമത്തിലായിരുന്നു. ഏന്മകജെ ഗ്രാമത്തിലെ കചംപാടി എന്ന സ്ഥലത്ത് രണ്ടാഴ്ച്ച മുമ്പ് ദീപക് എന്നരണ്ട് വയസ്സുള്ള കുട്ടി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. അതിന്റെ വാർത്ത രണ്ടാഴ്ച്ച മുമ്പ് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിനോടൊപ്പം ആ വീടിന്റെ ചിത്രവും കൊടുത്തിരുന്നു.അച്ഛനും അമ്മയോടൊപ്പം ഉറങ്ങുമ്പോഴാണ് ആ കുട്ടിയെ പാമ്പ് കടിച്ചത്. അത് കണ്ടപ്പോൾ ഏറെ കുറ്റബോധം തോന്നിയിരുന്നു. അത് കൊണ്ടാണ് ഇന്നലെ ബദിയടുക്ക ടൗണിൽ, സ്കൂളിൽ വിദ്യാരംഗം കലാവേദിയുടെ ഉപജില്ലാ ഉദ്‌ഘാടനത്തിന് പോയപ്പോൾ ഏന്മകജെഗ്രാമത്തിൽ പോയി കചംപാടിയിലുള്ള കുട്ടിയുടെ വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം നടന്നത്. അവിടെ ചെന്നപ്പോൾ ആകെ സങ്കടമായി. ആ ഒരു കോളനിയിൽ മൊഗയ എന്ന ആദിവാസി വിഭാഗത്തിൽപെട്ടവരുടെ അമ്പത്തിയേഴോളം വീടുണ്ട്.ഒന്നിനും അടച്ചുറപ്പോ ചുമരുകളോയില്ല വളരെ ദയനീയമായ കാഴ്ചയാണ്. വീടുകളൊക്ക ഒന്നിനോടൊന്ന് ചേർന്ന് കിടക്കുകയാണ്. ഇടയിൽ വലിയ സ്ഥലമൊന്നുമില്ല. സ്വാതന്ത്ര്യം കിട്ടിയ ഒരു രാജ്യത്താണോ ഇത്തരമൊരു കോളനിയുള്ളത് എന്ന് നമുക്ക് തോന്നിപ്പോകും.

71806877_10156306797705807_2586236143792029696_n
ഈ വീട്ടിലേക്ക് പാമ്പെന്നല്ല, ഏത് ജീവിയ്ക്കും കടന്ന് വരുമെന്നുള്ള അവസ്ഥയാണ്.
വെറും നിലത്താണ് എല്ലാവരും കിടക്കുന്നത്. പൊട്ടിയ രണ്ട് പ്‌ളാസ്റ്റിക് കസേരകളല്ലാതെ ഒരു കട്ടിൽ പോലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. ഒരു കട്ടിൽ ആ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടിയെ മരണത്തിലേക്ക് കൊണ്ട് പോകുമായിരുന്നില്ല. അവിടെ നിന്നെടുത്ത പടം സൂക്ഷിച്ചു നോക്കിയപ്പോൾ അവിടത്തെ തൂണിൽ ഇന്ത്യൻ പതാകയുടെ ചിത്രം ഒട്ടിച്ചു വച്ചിട്ടുണ്ട്. നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് മുക്കാൽ നൂറ്റാണ്ടായി. പക്ഷെ ഈ ആദിവാസി കോളനി യിലുള്ളവർക്ക് സ്വാതന്ത്ര്യം കിട്ടിയോ എന്ന് ചോദിച്ചാൽ എനിയ്ക്ക് പെട്ടെന്ന് ഉത്തരം പറയാനറിയില്ല. സ്വാതന്ത്ര്യം ഇവർക്ക് ഒരു കട്ടിൽ പോലും കൊടുത്തിട്ടില്ല എന്നാണെനിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. എത്രയോ കോടാനുകോടി രൂപ ഇവരുടെ വികസനത്തിന്‌ വേണ്ടി അനുവദിയ്ക്കാറുണ്ട്.
അതൊന്നും ഇവരിലേക്ക് എത്തുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. ഈ കോളനിയുടെ നൂറ്‌ മീറ്ററിന് അപ്പുറം ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു ഹൈമാസ്‌ വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. അതൊരു കവലയൊന്നുമല്ല, ഒരു നടവഴിയാണ്. അവിടെ ഒരു ലൈറ്റാണ് ആവശ്യം, ഹൈമാസ്‌ വിളക്കല്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ഹൈമാസ്‌ വിളക്ക് മറ്റാരുടെയോ സ്ഥാപിത താല്പര്യമായിരിക്കും. നാട്ടുകാരോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, മൂന്ന് കൊല്ലം മുമ്പ് സ്ഥാപിച്ചതാണ്, പക്ഷെ ഒരിക്കൽ പോലും കത്തിയിട്ടില്ല. ഇതാണ് നമ്മുടെ വികസന സങ്കൽപ്പം.

70917693_10156306797935807_7155446696598568960_n

ഒരു കിലോമീറ്റർ അപ്പുറത്ത് കചംപാടി സ്‌കൂളിന് അടുത്ത് ഒരു ഹെൽത്ത് സെന്ററുണ്ടത്രെ. പത്ത് കൊല്ലം മുമ്പ് സ്ഥാപിച്ചതാണ്. ഒരിക്കൽ പോലും തുറന്ന് പ്രവർത്തിച്ചിട്ടില്ലത്രെ. ദരിദ്രരായ മനുഷ്യർക്ക് നമ്മൾ ഒരുക്കുന്ന യാത്രാ സൗകര്യങ്ങളും, ചികിത്സാ സൗകര്യങ്ങളുമൊക്ക എത്രമാത്രം പരിമിതമാണ്.നമ്മുടെ ചാനൽ ചർച്ചകളിലോ, രാഷ്ട്രീയ ചിന്തകളിലോ ഈ പാവങ്ങൾ വരുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിന് വേണ്ടി ആട്ടിത്തെളിക്കപ്പെടുന്ന കഴുത ജന്മങ്ങൾ ആയിട്ടാണ് രാഷ്ട്രീയ നേതാക്കൾ ഇവരെ പരിഗണിക്കുന്നത്. തിരിച്ചു വരുമ്പോൾ വലിയ സങ്കടമായി. കൂടെ പത്മനാഭൻ ബ്ലാത്തൂരും മാധവൻ മാഷുമുണ്ടായിരുന്നു. ഞങ്ങൾ പെരളയിലുള്ള ഏന്മകജെയിലെ ബഡ്‌സ് സ്‌കൂളിലും പോയി. അതിന്റെ ഒരു ചിത്രമെടുത്തു. 2011ൽ തുടങ്ങിയ ബഡ്‌സ് സ്‌കൂളിന് ഇപ്പോഴും ആസ്ബറ്റോസ് ഷീറ്റാണ്. ആസ്ബറ്റോസ് ഷീറ്റിന് താഴെ എൻഡോ സൾഫാൻ ദുരിത ബാധിതരെയെന്നല്ല, ആരെയും ഇരുത്താൻ പാടില്ല. എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികളെ എട്ടൊമ്പത് വർഷമായി ആസ്ബറ്റോസ് ഷീറ്റിന്റെ കീഴിലാണ് ഇരുത്തുന്നത്. അത് സംബന്ധിച്ച് ഞാൻ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്, ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളെ ആസ്ബറ്റോസ് ഷീറ്റിന് താഴെയിരുത്തരുത് എന്ന്. ഏതാണ്ട് ഒരു കൊല്ലം മുമ്പ് കാസർഗോഡ് നടന്ന എൻഡോസൾഫാൻ സെൽ യോഗത്തിൽ, ഞാനീ വിഷയം ഉന്നയിച്ചപ്പോൾ, അതായത് ഒന്നര കോടി രൂപായനുവദിച്ച ബഡ്‌സ് സ്കൂൾ കെട്ടിയിട്ട് രണ്ടും മൂന്നും വർഷങ്ങളായി., കാട് കയറി, മദ്യപാനികൾക്ക് മദ്യപിക്കാനുള്ള ഒരു സ്ഥലമായി മാറിയിരിക്കുകയാണ് ബഡ്‌സ് സ്ക്കൂളുകൾ. അത് തുറന്ന് കൊടുക്കണമെന്നും ആസ്ബറ്റോസ് ഷീറ്റ് മാറ്റണമെന്നും പറഞ്ഞപ്പോൾ കളക്ടർ സജിത്ബാബു എവിടെയും ബഡ്‌സ് സ്കൂൾ ആസ്ബറ്റോസ് ഷീറ്റിൽ പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ഉണ്ടായത്. അവിടെയുണ്ടായിരുന്ന മന്ത്രിമാരോ എം എൽ എ മാരോ പഞ്ചായത്ത്‌ പ്ര സിഡന്റ്മാരോ ആരും എന്നെ പിന്തുണച്ചില്ല. ഞാൻ ഒറ്റപ്പെട്ടു.
വാസ്തവമെന്താണ്, ഇപ്പോഴും ആസ്ബറ്റോസ് ഷീറ്റിന് അടിയിലാണ് സ്കൂൾ. 2011ൽ ഒന്നര കോടി അനുവദിച്ചു ഓരോ ബഡ്‌സ് സ്‌കൂളിനും. ഈ എന്മകജെയിലെ ബഡ്‌സ് സ്‌കൂളിന് അനുവദിച്ച തുക ലാപ്സായി പോയി. മറ്റേതെങ്കിലും സ്ഥാപനത്തിനോ മന്ത്രി മന്ദിരത്തിനോ എം എൽ എ മന്ദിരത്തിനോ അനുവദിച്ച തുക ലാപ്സാകുമായിരുന്നോ? ഇത് ദുരിത ബാധിതരായ പാവങ്ങൾക്കുള്ള സ്കൂൾ ആയത് കൊണ്ടല്ലേ ലാപ്സായത്. ഇതിന് ആര് ഉത്തരം പറയും? ഇത് വലിയൊരു ചോദ്യമാണ്. നമ്മൾ പലപ്പോഴും കാണാതെ പോകുന്ന ചോദ്യമാണ്.

71173200_10156306798560807_8748849593132777472_n
കാസറഗോഡ് ജില്ലയിലെ ദുരന്തം എൻഡോസൾഫാൻ കൊണ്ടല്ല ഉണ്ടായത് എന്ന് വിശ്വസിക്കുന്ന കളക്ടർ ആണ് ഇപ്പോഴുള്ളത്. ഡോക്ടർ സജിത് ബാബു. അദ്ദേഹം കാർഷിക സർവകലാശാലയിൽ നിന്ന് കൺഫേം ചെയ്തയാളാണല്ലോ. ഈ കാർഷിക സർവകലാശാലയാണ് കാസറഗോട്ടെ പന്ത്രണ്ടായിരം ഏക്കർ കശുമാവിൻ തോപ്പുകളിൽ എൻഡോസൾഫാൻ എന്ന കൊടിയ വിഷം തളിക്കാൻ ശുപാർശ നൽകിയത്. അപ്പോൾ കാർഷിക സർവകലാശാലയ്ക്ക് ഉത്തവാദിത്തമുണ്ട്. ഒരിക്കലും തളിക്കാൻ പാടില്ലാത്ത എൻ ഡോസൾഫാൻ വെള്ളക്കെട്ടുകൾ ഉള്ള സ്ഥലത്ത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി 22വർഷം പ്ലാന്റേഷൻ കോർപ്പറേഷൻ തളിച്ചതിനു കാർഷിക സർവകകശാലയും മറുപടി പറയണം.
ആ കാർഷിക സർവകലാശാലയിൽ നിന്ന് വന്നത് കൊണ്ടായിരിക്കും ഇപ്പോഴത്തെ കളക്ടർ ഇങ്ങനെ പറയുന്നത്. മുമ്പത്തെ കളക്ടർ ഒന്നും അങ്ങനെ പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ കളക്ടർ പറയുന്നത് വെള്ളത്തിൽ പത്തു ദിവസം എൻഡോസൾഫാൻ കലക്കി വെച്ചാൽ അത് പച്ച വെള്ളത്തിന്‌ തുല്യമാകും എന്നാണ് പറയുന്നത്,
അങ്ങനെ വിശ്വസിക്കാൻ ഒരാൾക്ക് അധികാരമുണ്ട്. പക്ഷെ കാസറഗോട്ടെ ദുരന്ത ബാധിതരുടെ ഇരകളുടെ സെല്ലിന്റെ കൺവീനർ സ്ഥാനത്താണ് കളക്ടർ. അപ്പോൾ എങ്ങനെ ആത്മാർത്ഥതയോടെ ജോലി ചെയ്‌യും? അദ്ദേഹത്തിന് മനസാക്ഷി കുത്തില്ലെ? ആ സ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനാണോ? അത് ഭരണകൂടം ചിന്തിക്കേണ്ട കാര്യമാണ്. കളക്ടറും ചിന്തിക്കേണ്ട കാര്യമാണ്.

71459425_10156306802710807_6899887419407990784_n

Print Friendly, PDF & Email