EDITORIAL

ഇടതിനെ അന്വേഷിച്ച്ലോകമാകെ വലതു ശക്തികൾ വലിയ മുന്നേറ്റങ്ങൾ നടത്തുകയും ഇടതു പക്ഷം നന്നേ ചുരുങ്ങുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. വലതുപക്ഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കുമ്പോൾ ഇടതു പക്ഷം ഒറ്റപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ മുന്നേറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ മറ്റു മേഖലകളിൽ തീരെ അപ്രസക്തമാണെന്നും കാണാം. എന്ത് കൊണ്ടാണിത് സംഭവിക്കുന്നത്?

സാമ്പത്തിക, സാമൂഹിക, ചരിത്ര, ശാസ്ത്ര, പാരിസ്ഥിതിക മേഖലകളെ സമ്പൂർണ്ണമായും അടിസ്ഥാനപരമായും പരിശോധിച്ച് കൊണ്ട് മുന്നോട്ടു വന്ന മാർക്സിന്റെ ശിഷ്യർ ലോകമെങ്ങും ഇന്ന് രാഷ്ട്രീയ സൈദ്ധാന്തികരോ, സാമൂഹ്യ,ചരിത്ര പണ്ഡിതരോ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

മറ്റെല്ലാ മേഖലകളിലും ഇടതു പക്ഷത്തിന്റെ ശബ്ദം തീരെ ദുർബലമായിരിക്കുന്നു. വളരെ ലളിതമായി പറഞ്ഞാൽ ഇടതുപക്ഷക്കാരൻ എന്നാൽ രാഷ്ട്രീയ ചിന്തകൻ എന്നോ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുകയും സമരം ചെയ്യുകയും ചെയ്യുന്നവൻ എന്നോ അല്ലെങ്കിൽ കവി എന്നോ സാഹിത്യകാരൻ എന്നോ ചരിത്ര പഠിതാവ് എന്നോ ചുരുക്കിക്കാണാൻ വളരെ എളുപ്പമാണ്

ശാസ്ത്രത്തിന്റെ കാര്യം എടുക്കാം. ഇടതു പക്ഷ ശാസ്ത്രജ്ഞൻ എന്ന ഒന്നില്ല. സാധാരണ മനുഷ്യർക്ക് ഗുണം ചെയ്യുന്ന എല്ലാ കണ്ടുപിടിത്തങ്ങളും നടത്തുന്നത് വലതെന്നു തന്നെ വിളിക്കാവുന്ന ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ്. അത് കൊണ്ടാണ് ചന്ദ്രയാന് മുൻപ് തേങ്ങയുടക്കുന്ന ശാസ്ത്രജ്ഞനെ നമുക്ക് വിമർശിക്കേണ്ടി വരുന്നത്.

ആഫ്രിക്കയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കാൻ കോടിക്കണക്കിനു രൂപ ചെലവിട്ടു ഗവേഷണങ്ങൾ നടത്തിയതും വെള്ളമില്ലാത്ത ടോയ്‍ലെറ്റുകൾ സ്ഥാപിച്ചതും ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ആണ്. അതായത് മുതലാളിത്തം. ഒരു ദിവസം അയാള് വായിക്കുന്നത് ഒന്നിലധികം പുസ്തകങ്ങളാണ് അതും ശാസ്ത്ര സാങ്കേതിക, സാമ്പത്തിക വിഷയങ്ങളിൽ. വയറിളക്കം മൂലം മാത്രം 12 ശതമാനം കുട്ടികൾ മരിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ പഠനങ്ങൾക്കും മുൻകൈയ്യെടുക്കലുകൾക്കും ബിൽ ഗേറ്റ്സും വാറൻ ബഫറ്റും ഒക്കെ തന്നെ വേണ്ടി വരുന്നു. കോർപ്പറേറ്റുകളുടെ സിഎസ്ആർ ഇനിഷ്യേട്ടീവുകളെ പുകഴ്ത്തുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. മറിച്ചു ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇടതു സാന്നിധ്യം തീരെ ഇല്ലാതായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാനാണ്.

ശാസ്ത്ര മേഖലകളിലെ ഇടതു സാന്നിധ്യം മാത്രമല്ല പുറത്തു നിന്നുള്ള ഇടതു ഇടപെടലുകൾ പോലും വലതു നയങ്ങളിൽ നിന്നും വളരെയൊന്നും വ്യത്യസ്തമല്ല എന്നതും നമ്മൾ ചർച്ച ചെയ്യണം. ജെനെറ്റിക്കലി മോഡിഫൈഡ് വിത്തുകളുടെ വിഷയത്തിൽ- ഹരിത വിപ്ലവത്തിന് ശേഷം നടക്കുമായിരുന്ന- ലോകമെങ്ങും ഉള്ള ദശലക്ഷക്കണക്കിനു ദരിദ്രരുടെ പട്ടിണി മാറ്റിയേക്കാമായിരുന്ന കൃഷിയുടെ വിഷയത്തിൽ ഇടതു നിലപാട് മനുഷ്യ പുരോഗതിക്കു തടസ്സം നില്കുന്നതാണെന്നു, എന്തിനു മെഡിക്കൽ മേഖലയിലെ ആധുനിക ശാസ്ത്രത്തിന്റെ മുന്നേറ്റത്തിൽ പോലും ഇടതു പക്ഷം പിന്തിരിപ്പൻ നിലപാടുകൾ എടുക്കുന്നു എന്ന് നീൽ ഡി ഗ്രാസ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആണവ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനെതിരെയുള്ള, സ്ഥിരം ഫോർമാറ്റിലുള്ള, ചെർണോബിലിനു ശേഷം ദശകങ്ങൾ ഏറെ കഴിഞ്ഞിട്ടും, ശാസ്ത്രം ഏറെ മുന്നോട്ടു പോയിട്ടും യാതൊരു പുനചിന്തനവും ഇല്ലാത്ത ഇടതു നിലപാടും ശാസ്ത്രലോകം വിമർശനപൂർവ്വമാണ് കാണുന്നത്.

കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി നടന്ന സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടം മനുഷ്യജീവിതത്തെ എത്രമാത്രം സുഖകരമാക്കിയിട്ടുണ്ട്. ആ മുന്നേറ്റങ്ങളിൽ ഇടതു ശാസ്ത്രജ്ഞർക്ക് പോട്ടെ ഇടതു നയങ്ങൾക്ക് എത്രമാത്രം പങ്കുണ്ട് ?

ഒരു ഇടതു വിദ്യാഭ്യാസ നയം നമ്മൾ കണ്ടെത്തിയിട്ടുണ്ടോ? ഇടതു ആരോഗ്യ നയം? ഇടതു തൊഴിൽ സംസ്കാരം? ഇടതു സാമ്പത്തിക നയം പോലും മുതലാളിത്ത നയങ്ങളിൽ നിന്ന് എത്രമാത്രം ദൂരെയാണ്. ഇടതു മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിക്കുന്ന കാലഘട്ടത്തിലല്ലേ നമ്മൾ ജീവിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ ഇടതു പക്ഷം വലതരിൽ നിന്ന് എത്ര ദൂരെയാണ് ?

ഇടതു ചിന്തകൻ എന്നാൽ താടി വളർത്തിയ, ദുർഗ്രഹമായ ഭാഷയിൽ സംസാരിക്കുന്ന, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകൻ എന്നോ മാർക്സിന്റെ ശവകുടീരം സന്ദർശിച്ചു സായൂജ്യമടയുന്ന കവിയോ കലാകാരനോ എന്നോ നമ്മൾ ചുരുക്കിയിട്ടു എത്ര കാലമായി

നിങ്ങൾ എന്താണ് കരുതുന്നത് മുതലാളിത്തം അതിന്റെ പരിപൂർണ്ണതയിൽ എത്തുമ്പോൾ, അതുവരെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും തങ്ങളുടേതായ യാതൊരു വിധ സംഭാവനകളും നൽകാതെ മാറി നിന്നിട്ടു, പെട്ടെന്നൊരു ദിവസം ചാടി വീണു അധികാരം പിടിച്ചെടുത്തു മനുഷ്യകുലത്തെ മുന്നോട്ടു നയിക്കാമെന്നോ. ഹാ കഷ്ടം

Print Friendly, PDF & Email