പാട്ട് വിസ്തൃതമായ തണലാണ് ‘
– ജിബ്രാൻ –
റേഡിയോയിൽ പാട്ട് കേട്ടാണ് രാവിലെ ചായകുടി.ആലപ്പുഴയിൽ നിന്നും , തൃശ്ശൂരിൽ നിന്നും ,തിരുവനന്തപുരത്ത് നിന്നും പാട്ടുകൾ വന്ന് കെട്ടിപിടിക്കും.ആകാശവാണിയിലൂടെ വളർന്ന മലയാളിയുടെ സംഗീതസംസ്കാരം. വലിയൊരു ആശ്വാസമാണ് അതിലൂടെ വരുന്ന ഗാനങ്ങൾ. ഫോണിൽ പാട്ട് കേൾക്കുമ്പോൾ ആ ‘സുഖം’ ഉള്ളിലുണരുന്നില്ല.കേൾവിശീലങ്ങളെ രൂപപ്പെടുത്തിയതിൽ ആകാശവാണിക്ക് ഉള്ള പങ്ക് വിസ്മരിക്കാവുന്നതല്ല.അച്ഛൻ്റെ മേശവലിപ്പ് തുറന്നാൽ പഴയ ‘റേഡിയോ ലെെസൻസ് ‘ ഇപ്പോഴും കാണാം, ഒരോ കാലത്തും പുതുക്കിയ റേഡിയോസെറ്റുകൾ.
ഫിലിപ്പ്സും,ഷാർപ്പും,സാന്യോയും .
‘പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ ‘ എന്ന് ഭാസ്കരൻ മാഷ്
പാടണമെന്നുണ്ടീരാഗത്തിൽ പാടാൻ സ്വരമില്ലല്ലോ ‘ എന്ന് ടാഗോറിനെ ജി.
2
”Music I heard with you was more than music ”
-Conrad Potter Aiken-
നാം ബസ്സിൽ സഞ്ചരിച്ചതിലേറെ ദൂരം അതിൽ നിന്ന് കേട്ട പാട്ടിലൂടെ സഞ്ചരിച്ചിട്ടുണ്ടാവും.ഒരോ തവണ ‘നമ്മുടെ ‘ സ്റ്റോപ്പിലിറങ്ങുമ്പോഴും പാതിയിൽ മുറിഞ്ഞ പാട്ടിനെ പൂരിപ്പിക്കാനുള്ള ശ്രമമമായിരിക്കും.ബസ്സിൽ നിന്ന് ഇറങ്ങിയിട്ടും യാത്ര തുടരുന്ന പ്രതീതി.
സെെഡ് സീറ്റാണ് പ്രിയം,ചിലർക്ക് ഡെെവ്രറുടെ എതിർവശത്തുള്ള പെട്ടിസീറ്റാണിഷ്ടം,മറ്റുചിലർക്ക് മുന്നിലെ ഡോറിനടുത്തുള്ള സീറ്റും .വേറൊരുകൂട്ടർക്ക് പിന്നിൽ ക്ലീനറുടെ അടുത്തുള്ള സീറ്റ്.എല്ലാവരും ഒരു പാട്ട് കേൾക്കുന്നു.പല ദൂരം സഞ്ചരിക്കുന്നു.പാട്ട് എടുത്തുകൊണ്ട് പോകുന്ന ലോകങ്ങളിലെല്ലാം അലിഞ്ഞ് ചേരുന്നു. ഈരേഴുപതിനാല് ലോകങ്ങളും ഉള്ളിൽ വഹിക്കുന്ന യശോദയുടെ മകൻ ൻ എല്ലാവ രിലും ഉണ്ടല്ലോ,അതിരുകളില്ലാത്ത ലോകത്തിൻ്റെ ഉടമകൾ.ചിലർ പാട്ടിൻ്റെ വരികളിൽ പിടിച്ചുകയറി ,നഷ്ടമായതും,നിലവിലുള്ളതും,നഷ്ടമാകനിരിക്കുന്നതുമായ ബന്ധങ്ങളിലൂയലാടുന്നു.
ചിലർ സംഗീതത്തിൻ്റെ ആരോഹണാവരോഹണക്രമത്തിന് അനുസൃതമായി മനോവ്യാപാരങ്ങളെ ചിട്ടപ്പെടുത്തുന്നു.ഭൂത – ഭാവി പര്യടനത്താൽ ചെറുചിരി ഉതിർക്കുന്നു,കണ്ണ് നനയ്ക്കുന്നു.ചില അവസരങ്ങളിൽ ഇറങ്ങേണ്ടുന്ന സ്റ്റോപ്പ് പിന്നിട്ട് പാട്ടിലലിഞ്ഞ് അവസാന സ്റ്റോപ്പിൽ ചെന്ന് നഷ്ടബോധം തുളുമ്പുന്ന മുഖത്തോടെ , അന്തം വിട്ട് നിന്നിട്ടുണ്ട്.
പാട്ട്,അങ്ങനെയൊന്നാണ്.വിസ്തൃതമായ തണലെന്ന് ജിബ്രാൻ.സദാ കേൾക്കുന്ന പാട്ടല്ല,ബസ്സിലെ പാട്ട്.സൈഡ്സീറ്റ് സമ്മാനിക്കുന്ന മിന്നിമായുന്ന വഴിയോരങ്ങൾ,കാറ്റ്.മുന്നിലെ സീറ്റിൽ നിന്ന് കണ്ണിൽ തട്ടിഒഴുകുന്ന മുടി (‘അന്നയും റസ്സൂലും’,എന്ത് മനോഹരമായ പോസ്റ്റർ ) ഇതിനടിൽ ഉള്ളാകെ പടർന്ന് കവിയുന്ന പാട്ട്.ആ പാട്ടിലാണ് അതിരുകൾ മാഞ്ഞ ഭൂപടങ്ങൾ ജനിക്കുന്നത്.
കാതങ്ങൾക്കപ്പുറത്ത് നിന്ന് ,കാലങ്ങൾക്കപ്പുറത്ത് നിന്ന് ഒഴുകി വരുന്ന പാട്ട്.
‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടും ‘,’മനസ്സ് മനസ്സിൻ്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധുയാമ’വും,’അനുരാഗിണി ഇതാ നിൻ ‘, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ , ‘വീണ്ടും പാടാം സഖി ‘ അങ്ങനെ അങ്ങനെ മെലഡിയുടെ സുക്ഷ്മതയിൽ തൊട്ട പാട്ടുകളാണ് ഏറെയും കേ ട്ടത്.റേഡിയോവിലും,ബസ്സിലുമാവും ഏറെയും പാട്ടുകൾ കേട്ടത്.
പാട്ട് സമ്മാനിക്കുന്ന ആൾത്തിരക്കിലെ ഏകാന്തതയുടെ ആഴം കൂടാൻ എന്നും ആഗ്രഹിച്ചിട്ടുണ്ട്.പുതിയ ഇടങ്ങളിലേക്ക് വെറുതെ ബസ്സിൽ പോകാൻ , പാട്ടുള്ള ബസ്സിൽ പോകാൻ,സെെഡ് സീറ്റിലിരുന്ന് കൂട്ടില്ലാതെ പോകാൻ വലിയ ഇഷ്ടമാണ് .
വയനാടിൽ നിന്ന് നിടുംപൊയിൽ ചുരം ഇറങ്ങുമ്പോൾ ഒരിക്കൽ അനിയത്തി പറഞ്ഞു ‘ഏട്ടാ ഈ ബസ്സിലെന്താ പാട്ട് വെക്കാത്തത് ?പാട്ടുള്ള ബസ്സിൽ കേറായിരുന്നു.” അവൾ നിരാശപ്പെട്ടു.അതെ,പാട്ടുള്ള ബസ്സിൽ കയറാമാ യിരുന്നു.പാട്ടുള്ള ജീവിതത്തിൽ കയറാമാ യിരുന്നു.അവസാന സ്റ്റോപ്പില്ലാത്ത പാട്ടുവണ്ടിയാണ് എൻ്റെ സ്വപ്നം.
”നാമൊരുമിച്ച് കേട്ട പാട്ട്,പാട്ടിനെക്കാൾ വലുതായിരുന്നു ” എന്നാണല്ലോ.
3
”Music was my refuge. I could crawl into the space between the notes and curl my back to loneliness.”
(Maya Angelou)
പാട്ടിനെക്കുറിച്ചൊരു ഓർമ്മ പങ്കു വെക്കുന്നതു പോലും താളാത്മകമാകണം എന്നൊരു സുഹൃത്ത് പറഞ്ഞിരുന്നു. ഞരളത്ത് ഹരിഗോവിന്ദൻറെ നേതൃത്വത്തില്‍ ‘പാട്ടോളം’ എന്നൊരു പരിപാടി നിളയുടെ തീരത്ത് നടന്നിരുന്നു. ഒരു സന്ധ്യയില്‍ നിളയുടെ ഇക്കരെ കലാമണ്ഡലത്തിൻറെ പഴയ കെട്ടിടത്തിന് മുന്നിലെ മരത്തിൻറെ ശീതളച്ഛായയില്‍ സുഹൃത്തിനോടൊപ്പമിരുന്ന് അക്കരെ നിന്നൊഴുകിയെത്തിയ, മുളയില്‍ നിന്നുയര്‍ന്ന ഗീതവും ഹരിഗോവിന്ദന്റെ പാട്ടും കേട്ടത് ഓര്‍ക്കുന്നു. ‘മരുപ്രദേശമൊന്നായി നദി പെരുകുന്നതുപോലെ വന്നു നാദം’എന്ന് ഗുരു എഴുതിയ പോലെ വരണ്ട ആ ഭൂപ്രദേശമാകെ പാട്ടിലമര്ന്നു. ആ ഓര്‍മ്മ ഇന്നും പൊഴിയാതെ നില്ക്കുന്നു. ഗാനത്തെ കുറിക്കാന്‍ നദിയെ നാം ഉപയോഗിക്കാറുണ്ട്. നദിയുടെ സ്വഭാവം ഗാനത്തിനുമുണ്ടായതിനാലാവാം അത്. നദിയുടെ പ്രവാഹസ്വഭാവത്തെയാണ് ഗാനത്തെ നദിയുമായി സാദൃശ്യപ്പെടുത്തുന്നതിലൂടെ നാം സ്പര്‍ശിക്കുന്നത്. മാത്രമല്ല, ഒഴുകുന്ന ജലത്തിലാണല്ലോ പ്രാണനുള്ളത്. ‘സ്വരരാഗഗംഗപ്രവാഹമേ’ എന്ന സര്‍ഗ്ഗത്തിലെ ഗാനം, ‘ഗംഗേ തുടിയില്‍ ….’ എന്ന വടക്കുംനാഥനിലെ ഗാനം വരികളിലും താളത്തിലും നദിയുടെ സ്മരണയുണര്ത്തുന്നതായി തോന്നാം, വ്യക്തിപരമായി ‘അഹ’ത്തിലെ ‘നിറങ്ങളെ’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ നദിമധ്യത്തില് ഒരു തോണിയില്‍ കണ്ണടച്ച് കിടക്കുന്ന സുഖം അനുഭവപ്പെടാറുണ്ട് .
മേല്‍പ്പറഞ്ഞ പാട്ടെല്ലാം കേട്ടത് ഇളയച്ഛൻറെ പാട്ടു മുറിയിലിരുന്നാണ്.
ഇളയച്ഛന് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചയാളാണ്. ചെറുപ്പം മുതല്‍ തന്നെ സംഗീതത്തോട് താൽപ ര്യമുണ്ടായിരുന്നെങ്കിലും പാട്ട് പഠിക്കാനുള്ള സാഹചര്യം മുതിര്‍ന്നതിനുശേഷമാണ് ഉണ്ടായത്. ഹാര്‍മോണിയവും മൃദംഗവും ഒരുപാട് കാസറ്റുകളും ടേപ്പും സ്പീക്കറും നിറഞ്ഞ ആ മുറി ഒരു കാസറ്റ് റീല്‍ പോലെ ഉള്ളിലാകെ തെളിയുന്നു. ആ മുറിയിലിരുന്ന് എത്രയോ രാവുകള്‍ പാട്ടുകള്‍ കേട്ടും വര്‍ത്തമാനം പറഞ്ഞും നേരം താണ്ടിയിരുന്നു. കേട്ട പാട്ടുകള്‍ പോലെ ആ മുറിയും മനുഷ്യരും കാലവും ഉള്ളിലിരുന്ന് മൂളുന്നു. ബാല്യം മുഴുവന്‍ ആ മുറിയിലും പാട്ടിലുമായി പടര്‍ന്ന് കിടക്കുകയാണ്. ഏതൊരു ഓര്‍മ്മയിലും ഒരു പാട്ട് കാറ്റു പോലെ കടന്ന് വരും.പ്രത്യാശയുടെ നേര്‍ത്ത കിരണം ആ പാട്ടിലുണ്ടാവും .
4
‘ആ പാട്ടില്‍ നാമിരുവരുടെ യും അനുഭൂതികള്‍ ചേര്‍ന്നിരുന്നു’
‘ Where the words leave off; Music begins’
(Heinrich heine )
പാട്ടിനെക്കുറിച്ചാലോചിക്കുകയായിരുന്നു.ഹൃദയം അത്രമേല്‍ ആനന്ദഭരിതമാവുമ്പോള് മാത്രമാണ് പാടാന്‍ തോന്നാറുള്ളത്. പാട്ടിൻറെ താളമോ ശ്രുതിയോ ഒന്ന് ശരിയാവണമെന്നില്ല, വരികളെല്ലാം തെറ്റായിരിക്കും. പാട്ടുണ്ടാക്കിയവര് കേട്ടാല്‍ ഓടിച്ചിട്ടടിക്കും. ചില നേരങ്ങളില്‍ നമുക്ക് തന്നെ വെറുപ്പ് തോന്നും.പക്ഷെ എന്നാലും പാടും. ആ പാട്ടില്‍ ഉണ്മയുടെ ആവിഷ്കാരമുണ്ട്. മറ്റൊരാള്‍ നിര്‍മ്മിച്ച പാട്ടില്‍ നാം നമ്മെ കൂടി ചേര്‍ക്കുന്നു. നമ്മുടെ ഇടവും കാലവും ബന്ധങ്ങളും അനുഭൂതികളും അതില്‍ മുദ്രണം ചെയ്യപ്പെട്ട് പാട്ടിന്റെ പുതിയ പാഠം നിര്‍മ്മിക്കപ്പെടുന്നു. വാഹനമോടിക്കാന്‍ അറിയാത്തിനാല്‍ രാത്രിയാത്രകളില്‍ കൂട്ടുകാരൻറെ യോ കൂട്ടുകാരിയുടെയോ പിറകിലിരുന്നു കൈ വീശി ഉറക്കെ പാടാന്‍ ഇഷ്ടമാണ്.ഇടയ്ക്ക് അവര്‍ വണ്ടി പാതിയില്‍ നിര്‍ത്തി തിരിഞ്ഞുനോക്കി ‘നീ എന്ത് ദുരന്തമാടാ’ എന്നും പറയാറുണ്ട്.എന്നാലും പാടും.ആ കാറ്റും പല ശബ്ദങ്ങളും തണുപ്പും ചേര്‍ത്തൊരു സിംഫണി ഹൃദയത്തിലെവിടെയോ നിര്‍മ്മിക്കപ്പെടുന്നുണ്ട് . നാം അല്ലാത്തതായി ഒന്നുമില്ല എന്ന ഗിരിമുടിയിലുള്ള തോന്നലിലേക്ക് ഉള്ളം സഞ്ചരിക്കുന്നുണ്ട്. ഉയിരാകെ ഒരു ചിത്രശലഭവഴി രൂപപ്പെടുന്നുണ്ട്.
തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ജെയ്സണ്‍ സ്റ്റെഫിക്ക് ‘മിഴിയില്‍ നിന്നും മിഴിയിലേക്ക് ‘ പാടികൊടുക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ എന്നിലേക്ക് തന്നെയാണ് നോക്കിയത്. സ്റ്റെഫി ‘പാട്ട് വേണ്ട് ജെയ്സാ ‘ എന്ന് പറയാറുണ്ട്. പക്ഷെ എനിക്ക് ആ പാട്ട് ഇഷ്ടമായിരുന്നു. ജെയ്സൻറെ ആ പാട്ടിൽ സ്നേഹമുണ്ട്. പക്ഷെ സ്റ്റെഫിക്കത് ബോറടിച്ചു എന്നതിനെയും സ്വാഗതം ചെയ്യുന്നു. അത് തുറന്ന് പറയുക എന്നതാണ് വലിയ കാര്യം. പരിചയപ്പെടുന്ന,ആഴത്തില്‍ ഇടപെടുന്ന എല്ലാവ ര്‍ക്കും, അവരോട് അനുവാദം ചോദിച്ച്, പാട്ട് പാടി അയക്കാറുണ്ട്. സത്യത്തില്‍ അവര്‍ ഒരു കൂട്ടം ആളുകള്‍ക്കിടയിലോ,മറ്റ് സുഹൃത്തുകളോടെ ഇത് പങ്കിടില്ലെന്ന വിശ്വാസത്തിലാണത്. ഇനി അങ്ങനെയായാലും പാടും. അഥവാ
ക്ഷമപോലെ നന്മചെയ്-
തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സൽ-
ഗുരുവും, മർത്ത്യനു വേറെയില്ലതാൻ
പറഞ്ഞു വന്നത് ഏതൊരു പാട്ടിനും ഒരു കേള്‍വിക്കാരിയോ കേള്‍വിക്കാരനോ ഉണ്ട്. നിങ്ങളുടെ ഒരു പാട്ടും വിഫലമാകുന്നില്ല. അത് എവിടെയോ ആഞ്ഞ് തറക്കുന്നു. ആ സ്വരവീചികള്ക്കും ഇവിടെ ഇടമുണ്ട്. ‘പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ ‘ എന്ന തോന്നല്‍ പിന്നീടില്ലാതിരിക്കാന് ചെറുതായൊന്ന് മൂളുക. വീണ്ടും പാടാം സഖി, നിനക്കായി വിരഹഗാനം ഞാന്‍,ഒരു വിഷാദഗാനം ഞാന്‍’ എന്ന് ഉള്ളുണര്‍ന്ന് പാടിയ ഉമ്പായിയുടെ ശബ്ദം എങ്ങും നിറയുന്നു.