ചുവരെഴുത്തുകൾ

കശ്മീർ എന്ന മരീചികയും അനാഥമാക്കപ്പെട്ട തർക്കങ്ങളുംകശ്മീർ എന്നല്ല, മിക്ക മലയാളികളെയും പോലെ കാഷ്മീർ എന്ന് പറഞ്ഞിരുന്ന ഒരാളാണ് ഞാനും.

70670564_10215498257717420_2125267787927519232_n

“ഭൂമിയിലെ സ്വർഗം” എന്ന പേരിൽ ആറാം ക്ലാസ്സിലെ പുസ്തകത്തിൽ സ്വിറ്റ്സർലണ്ടിന്റെ അടുത്ത് കശ്മീരിന്റെ ചിത്രവും കണ്ടിരുന്നു (ജഹാൻഗീറിന്റെതാണ് ആ വാക്യം എന്ന് പിന്നീടാണ് കേൾക്കുന്നത്). അക്കാലത്തെപ്പോഴോ ഇറങ്ങിയ “നായർസാബ്” എന്ന മമ്മൂട്ടി സിനിമയിൽ ആണ് പലവിധം പട്ടാള വേഷങ്ങളും മഞ്ഞും കശ്മീരി സ്ത്രീകളുടെ വേഷവും ആദ്യം കാണുന്നത്. പിന്നെ ആ നാടിനെപ്പറ്റി കേൾക്കുന്നത് ഏഴാം ക്ലാസ്സിൽ വെച്ച് യൂണിവേഴ്സിറ്റി സ്കൂളിൽ നിന്ന് ഡൽഹിയിലേക്ക് ടൂറു പോവുമ്പോൾ കണ്ട പട്ടാളക്കാരനിൽ നിന്നാണ്. കറുത്ത് നീളമുള്ള അയാൾ ജമ്മുവിലേക്കായിരുന്നു. ഡൽഹി കഴിഞ്ഞു ഒരു ദിവസം കൂടി യാത്രയുണ്ട് അയാൾക്ക്. അന്ന് കുഴപ്പമുണ്ട് എന്ന് കേൾക്കുന്ന സ്ഥലങ്ങൾ: പഞ്ചാബ്, കശ്മീർ, ആസ്സാം (ഉൾഫയെപറ്റി ഇന്ത്യ ടുഡേയിൽ അന്ന് റിപോർട്ടുകൾ വരുമായിരുന്നു) പിന്നെ ശ്രീലങ്കയും. സിഖ് ഭീകരവാദ കഥകളുടെ അലയടങ്ങിയിട്ടില്ലാത്ത, രാജീവ് ഗാന്ധി വധത്തിന്റെ ഞെട്ടലിൽ വളർന്ന ഞങ്ങളുടെ സ്കൂൾ കാലത്തിന് കശ്മീരേതോ ഒരു വിചിത്രവും സുന്ദരവും എന്നാൽ അറിയാത്ത ഭീകരതയുള്ളതും ആയ ഒരു പേര് കൂടി മാത്രം ആയിരുന്നു.

ആയിടയ്ക്കാണ് ഞങ്ങൾ മാനാഞ്ചിറയിൽ പോകുന്നത്. കോഴിക്കോട്ടുകാരനായ വി. കെ കൃഷ്ണമേനോന്റെ പ്രതിമയുണ്ട് അവിടെ. അത് ചൂണ്ടിക്കാണിച്ചു കുറെ എന്തൊക്കെയോ വായിച്ചി പറഞ്ഞു തന്നിരുന്നു. ഐക്യ രാഷ്ട്ര സഭയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം കശ്മീർ എന്തുകൊണ്ട് ഇന്ത്യയുടെ ഭാഗമാവണം എന്ന് വിശദീകരിച്ചു കൃഷ്ണമേനോൻ നടത്തിയ എട്ടു മണിക്കൂർ നീണ്ട പ്രസംഗമായിരുന്നു. പ്രസംഗത്തിന് ശേഷം അദ്ദേഹം ചോര ഛർദ്ദിച്ചു തറയിൽ വീഴുകയായിരുന്നുവത്രെ. (വര്ഷം 1957 എന്ന് പിന്നീട് നോക്കിയപ്പോൾ കണ്ടു).

70012729_10215498269837723_1336606209200881664_n

ജമ്മു-കശ്മീർ എന്ത് കൊണ്ടോ എന്റെ ശ്രദ്ധയിൽ ഉണ്ടായിരുന്ന ഒരു സ്ഥലമേ അല്ല. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അമർനാഥിലെ തീർത്ഥയാത്രക്കാർക്കെതിരെ ആക്രമണമുണ്ടായത് (അതിൽ മരിച്ചവരുടെ വാർത്തയിലാണ് “ഗുജ്ജർ മുസ്ലിംകൾ” എന്ന വിഭാഗത്തിന്റെ പേര് ആദ്യമായി കാണുന്നത്). ജെ കെ എൽ എഫ് എന്നൊരു സംഘടന ഉണ്ടെന്നും അവർ വെടി നിർത്തൽ പ്രഖ്യാപിച്ചെന്നും ഒക്കെ കണ്ണിനു മുന്നിലൂടെ പോകുന്നുണ്ടായിരുന്നു എന്ന് മാത്രം. കോഴിക്കോട് ആർ ഇ സി കോളേജിലെ (അന്നത് എൻ ഐ ടി ആയിട്ടില്ല) “രാഗം” പരിപാടിയുടെ ഞങ്ങൾ കുറേപ്പേർ ആദ്യമായിക്കണ്ട ഫാഷൻ ഷോയിൽ ബെസ്റ്റ് മെയിൽ മോഡൽ ആയി തിരഞ്ഞെടുക്കപ്പെട്ടത് ജമ്മു കാശ്മീരിൽ നിന്നുള്ള ഒരാളായിരുന്നു. അത് കഴിഞ്ഞപ്പോൾ അവിടുത്തുകാരുടെ സൗന്ദര്യത്തെപ്പറ്റി കുറച്ചു വർത്തമാനം കേട്ടു.

2006 ഇൽ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഹൈദരാബാദിൽ രണ്ടു മാസം നിന്നപ്പോൾ വൈകുന്നേരങ്ങളിൽ അമേരിക്കയിൽ നിന്ന് വന്ന എക്സ്ചേഞ്ച് വിദ്യാർത്ഥികൾക്ക് ഹൊഷാങ്‌ മർച്ചന്റ് മെഹ്ദിപട്ടണത്തിലെ തന്റെ ഫ്ലാറ്റിൽ വെച്ച് എടുത്തിരുന്ന കവിതക്ലാസ്സുകളിൽ ഇരിക്കാൻ അവസരം കിട്ടിയിരുന്നു. അവിടെ വെച്ചാണ് ആഗാ ഷാഹിദ് അലിയെക്കുറിച്ചും “A Country without Post Office” എന്ന കവിതാസമാഹാരത്തെക്കുറിച്ചും കേൾക്കുന്നത്. ഏതോ കവിതയിൽ “nightmate reality” എന്ന പ്രയോഗം വിശദീകരിച്ചുകൊണ്ട് ഹൊഷാങ് പറഞ്ഞു: “കശ്മീരിന്റെ യാഥാർഥ്യം ദുസ്വപ്നയാഥാർഥ്യമാണ്”. ആഗ ഷാഹിദ് അലി എന്ന അഞ്ചുവർഷം മുമ്പേ അമേരിക്കയിൽ വെച്ച് മരിച്ചു പോയിരുന്ന ഗേ കവിയെപ്പറ്റി സ്വന്തത്തോടുള്ള നീരസവും അപരത്വത്തോടുള്ള ആരാധനയും ഹൊഷാങ്ങിനുള്ളതായി തോന്നി.

2007 ഇൽ വർഗീയതക്കും ഭീകരതക്കുമെതിരെ ആരംഭിച്ച ദയാപുരം മാനവിക വിചാരവേദിയുടെ ഉദ്ഘാടനപ്രസംഗത്തിൽ മുസ്ലിംസ് ഫോർ സെക്കുലർ ഡെമോക്രസിയുടെ ജനറൽ സെക്രട്ടറി ആയ ജാവേദ് ആനന്ദ് പറഞ്ഞാണ് കശ്മീരി പണ്ഡിറ്റുകൾ ഭീകരവാദികളെ പേടിച്ചു കശ്മീർ താഴ്വര വിട്ടതിനെപ്പറ്റി ആദ്യമായി വിശദമായി കേൾക്കുന്നത്. ഒരു ന്യൂനപക്ഷത്തോട് ഭൂരിപക്ഷത്തിൽ പെട്ട തീവ്രവാദികൾ ചെയ്ത മനുഷ്യത്വമില്ലായ്മ എന്ന നിലയ്ക്ക് പണ്ഡിറ്റുകളെ പലസ്തീനികളോട് താരതമ്യം ചെയ്തായിരുന്നു ജാവേദിന്റെ പ്രസംഗം . അത് മനസ്സിൽ തട്ടുന്നതായിരുന്നു.

2008 ഇൽ അമർനാഥ്ജി ശ്രയിൻ ബോർഡിനു 99 ഏക്കർ സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്കു ശേഷമാണ് കശ്മീർ താഴ്വരയിലെ കല്ലേറുകൾ ഇന്ത്യൻ മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നതെന്ന് തോന്നുന്നു. ആയിടെ outlook മാഗസിനിൽ അരുന്ധതി റോയ് ഒരു ലേഖനമെഴുതിയിരുന്നു: തീവ്രവാദികളല്ല; ആയുധമില്ലാത്ത ജനങ്ങളാണ് ഇന്ന് ഇന്ത്യൻ പട്ടാളക്കാരോട് എതിരിടുന്നത് എന്നതായിരുന്നു റോയിയുടെ പ്രധാന വാദം. ആ പ്രക്ഷോഭം ആവശ്യമാക്കിയ രാഷ്ട്രീയ സാഹചര്യത്തിൽ അവർക്കു സങ്കടമുള്ളതായി തോന്നാത്തത് കൊണ്ട് തന്നെ എനിക്ക് ആ ലേഖനം അസ്ഥാനത്തുള്ള കാല്പനികവൽക്കരണവും അതിനാൽ തള്ളിക്കളയേണ്ടതുമാണ് എന്നാണ് തോന്നിയത്.

2009 മാർച്ചിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് റിസേർച്ചർ ആയി രണ്ടാഴ്‌ച ചിലവഴിച്ചു. 1960കൾ മുതൽ 1990 കൾ വരെ ലോകത്തു തന്നെ ഏറ്റവും ഹിംസ നടന്ന ഒരു സ്ഥലങ്ങളിൽ ഒന്നാണത്. പ്രൊട്ടസ്റ്റന്റ് (ആംഗ്ലിക്കൻ) ബ്രിട്ടനിൽ നിന്നും കതോലിക്കൻ അയർലൻഡ് 1921 ഇൽ തന്നെ സ്വാതന്ത്ര്യം നേടിയിരുന്നുവെങ്കിലും വടക്കൻ അയർലൻഡ് യുണൈറ്റഡ് കിങ്‌ഡത്തിന്റെ ഭാഗമായിത്തന്നെ നിന്നു. ഇതിനോടുള്ള ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ എതിർപ്പു രക്തരൂഷിതമായിരുന്നു. മൌണ്ട് ബാറ്റന്റെ കൊലപാതകം, ലണ്ടനിലെ വേസ്റ്റ് ബാസ്കറ്റുകളിൽ ബോംബ് വെക്കുന്നതുകൊണ്ടു വേസ്റ്റ് ബാസ്കറ്റുകൾ നഗരത്തിൽ ദുര്ലഭമായത്, ലോകത്തു തന്നെ ഏറ്റവും കൂടുതൽ പ്രാവശ്യം ബോംബിട്ടു തകർക്കപ്പെട്ട യൂറോപ്പ ഹോട്ടൽ, നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും കണ്ട ബ്രിട്ടൺ തൂക്കിക്കൊന്ന ഐറിഷ് പോരാളികളുടെ രൂപം വെച്ചുള്ള മ്യൂസിയങ്ങൾ…ഞങ്ങൾ ചെന്നപ്പോഴേക്കും വർധിച്ച സ്വയം ഭരണത്തിലൂടെ ബെൽഫാസ്റ്റ് കൂടുതൽ സമാധാനമുള്ളതായിരുന്നുവെങ്കിലും ഈ ഓർമ്മകൾ ആ ജനതയെ അടയാളപ്പെടുത്തുന്നതായി തോന്നി. തിരിച്ചു പോരുന്നതിന്റെ തലേന്ന് കത്തോലിക്കരുടെ വിശേഷദിവസമായ സെയിന്റ് പാട്രിക്‌സ് ഡേ ആയിരുന്നു. പരേഡിന് ഞാനും കൂടെ ഹൈദരാബാദിൽ നിന്ന് വന്ന ദീപ്തിയും മീനുവും പോയി. അവിടെക്കണ്ട ഒരു കാര്യം എന്നെ അമ്പരപ്പിച്ചു: മുഴുവൻ അയർലണ്ടിന്റെ പച്ചക്കൊടികൾ മാത്രം (“Wherever green is worn/A terrible beauty is born” എന്ന് ഡബ്ലിയു. ബി. യേറ്റ്സിന്റെ കവിതയിൽ). ബ്രിട്ടന്റെ കൊടിയായ യൂണിയൻ ജാക്ക് കണ്ടത് ക്വീൻസ് യൂണിവേഴ്സിറ്റി യുടെ മെയിൻ ബിൽഡിങ്ങിൽ മാത്രമാണെന്ന് ഞാൻ പെട്ടെന്നോർത്തു; കശ്മീരിനെയും. മതവും ദേശീയതയും കൂടിക്കുഴഞ്ഞ അവസ്ഥകളിൽ അതെന്റെ ആദ്യ കാഴ്ച ആയിരുന്നുവെങ്കിലും സഹവർത്തിത്വത്തെപറ്റിയും രാഷ്ട്ര ചിഹ്നങ്ങളെ കൂൾ ആയി നേരിടാൻ ബ്രിട്ടൺ പഠിച്ചുവരുന്നതിനെപ്പറ്റിയും ചില ഉൾക്കാഴ്ചകൾ തന്നു.

2009 ആഗസ്തിൽ ദയാപുരത്ത് ജാവേദ് അഖ്തർ നടത്തിയ പ്രസംഗത്തിൽ നിന്നും ചിലതു കാശ്മീരിനെപ്പറ്റി മനസ്സിലാക്കാനായി: പാകിസ്താനെ നിശിതമായി വിമർശിച്ച അദ്ദേഹം കശ്മീരിന്റെ കാര്യത്തിൽ പക്ഷേ, ഇന്ത്യക്കാർ ആത്മാന്വേഷണം നടത്തേണ്ടതുണ്ട് എന്ന് ഓർമിപ്പിച്ചു. കശ്മീരിലെ ശരാശരി ജനങ്ങൾ ഇന്ത്യക്കൊപ്പമായിരുന്നു. ജനങ്ങളുടെ ഇച്ഛ ഇന്ത്യക്കൊപ്പം നിന്ന സ്ഥലമാണത്. 1965 ഇൽ പാകിസ്താനി പാരാമിലിറ്ററി ട്രൂപ്പുകൾ കശ്മീരിൽ കടന്നപ്പോൾ കശ്മീരി ഗ്രാമീണരാണ് അവരെ വഴിതെറ്റിച്ചു ഇന്ത്യൻ സൈന്യത്തെ വിവരമറിയിച്ചത്. ജിന്നക്ക് ഒരിക്കൽ പോലും ഒരു പ്രസംഗം നടത്താൻ കഴിയാതിരുന്ന കശ്മീരിലെ സാധാരണക്കാർ ഇന്ത്യക്കെതിരായിട്ടുണ്ടെങ്കിൽ അതിൽ നാം എങ്ങിനെയാണ് അവരിൽ നിന്ന് അകന്നെതെന്നു പഠിക്കാനുള്ള യാഥാർഥ്യബോധവും നീതിബോധവും നമ്മൾ കാണിക്കണം- അദ്ദേഹം പറഞ്ഞു. സോവിയറ്റു യൂണിയന്റെ അഫ്ഘാൻ അധിനിവേശത്തിനു ശേഷം അമേരിക്ക ശീതയുദ്ധത്തിന്റെ ഭാഗമായി പാകിസ്താനിലെ പട്ടാള ഭരണവുമായി ചേർന്ന് സൃഷ്‌ടിച്ച ഇസ്ലാമിസ്റ്റ് ഭീകരവാദികൾ 1989 ഓടെ അഫ്ഘാനിസ്ഥാൻ വിട്ടു പലഭാഗത്തേക്കും പോയ കൂട്ടത്തിൽ കാശ്മീരിലേക്കും എത്തിയെന്നും അതാണ് താഴ്വരയിൽ ഹിംസയുടെ ഒരു ചരിത്രം നിര്മിച്ചതെന്നും മനസ്സിലായി വരുന്നുണ്ടായിരുന്നു.

2010 ഇൽ കമ്മ്യൂണലിസം കോമ്പാറ്റിൽ കാശ്മീരിനെക്കുറിച്ചു ബദ്രി റെയ്‌ന ഒരു ലേഖനം എഴുതിയത് വായിച്ചു. ആ ലേഖനമാണ് കശ്മീരിലെ ഗംഭീരമായ ഭൂപരിഷ്കരണത്തെപ്പറ്റിയും വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളെപ്പറ്റിയും ഒരു ധാരണ തന്നത്. കേരളം ഭൂപരിഷ്കരണം നടപ്പാക്കുന്നതിനും 15 വര്ഷം മുമ്പേ തന്നെ ഒരാൾക്ക് കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി 22 3/4 ഏക്കർ ആണെന്ന നയം ഷെയ്ഖ് അബ്ദുല്ലയുടെ സർക്കാർ നടപ്പാക്കിയത് ഞാൻ അമ്പരപ്പോടെയാണ് വായിച്ചത്. സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയല്ല, മറ്റു ഗിരി-താഴ്വര വർഗക്കാരെപ്പോലെത്തന്നെ ഇന്ത്യൻ യൂണിയനിൽ സ്വയംഭരണാവകാശത്തോടെയുള്ള സ്ഥാനമുണ്ടാവാൻ കശ്‍മീരികളും ആ ജനതയ്ക്കു കൊടുത്ത വാക്കുകൾ ഭരണഘടനാചട്ടക്കൂടിൽ നിന്ന് കൊണ്ട് നിറവേറ്റാൻ ഇന്ത്യൻ ഭരണകൂടവും ശ്രമിക്കുകയാണ് വേണ്ടതെന്നായിരുന്നു ലേഖനത്തിന്റെ ചുരുക്കം. ഒരു ജനതയോട് മുഴുവൻ ഇന്ത്യയോടൊപ്പം നിൽക്കുകയാണ് വേണ്ടതെന്നു അവരെ മനസ്സിലാക്കിക്കൊടുത്തു പാകിസ്ഥാന്റെ കശ്മീർ പ്രശ്നത്തിൽ ഒരു കക്ഷി ആയിപോലും ചേർക്കില്ലെന്നു വാശിപിടിച്ച സോഷ്യലിസ്റ്റ്, സെക്കുലർ ഷെയ്ഖ് അബ്ദുള്ളയായിരുന്നു ഒരു കശ്മീരി പണ്ഡിറ്റ് ആയ ബദ്രി റെയ്‌നയുടെ ലേഖനത്തിലെ ഹീറോ. അദ്ദേഹത്തിന്റെ വാദം എനിക്കും സമ്മതമായി തോന്നി. ഞാൻ ആ ലേഖനം വിവർത്തനം ചെയ്തത് സമകാലിക മലയാളം വാരിക അച്ചടിക്കുകയും ചെയ്തു.
ഇതോടെ കശ്മീർ പ്രശ്നത്തെപ്പറ്റിയും അതിൽ പ്രദേശം, സാമൂഹിക- സാമ്പത്തിക ഘടകങ്ങൾ, മതം എന്നിവയുടെ റോളിനെപ്പറ്റിയും കശ്മീരികളുടെ അനുഭവതലത്തെപ്പറ്റിയും ഏകദേശധാരണയായി എന്നെനിക്കു തോന്നിത്തുടങ്ങിയിരുന്നു. എന്നാൽ കശ്മീർ എനിക്ക് മനസ്സിലായിട്ടേ ഇല്ലാത്ത ഒരു മരീചിക ആണെന്ന് മനസ്സിലായിത്തുടങ്ങിയത് സെയിന്റ് സ്റ്റീഫൻസ് കോളേജിൽ കശ്മീരികളായ കുട്ടികളെ പഠിപ്പിക്കാനും ഡൽഹിയിലെ കശ്മീരി അക്കാഡമിക്കുകളോട് സംസാരിക്കാനും അവസരം കിട്ടിയതോടെയാണ്.

70778659_10215498279117955_6600378252978552832_n

കശ്മീർ എന്ന മരീചിക:

2011 ലാണെന്നു തോന്നുന്നു, കോളേജിലെ ഏതോ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു പരിപാടിയിൽ കാശ്മീരിനെക്കുറിച്ചു ഒരു ചർച്ച ഉണ്ടായിരുന്നു. കശ്മീരിനെ ഇന്ത്യ colonise ചെയ്തു വെച്ചിരിക്കുകയാണ് എന്ന് ചർച്ചയിൽ പങ്കെടുത്ത ഒരു കാശ്മീരിയായ ഒരാൾ വാദിച്ചു. ചർച്ച കഴിഞ്ഞു ഞാൻ അയാളോട് പറഞ്ഞു:
“ഇപ്പറയുന്നതൊക്കെ ക്ലാസിക് അബദ്ധമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യൻ റിപ്പബ്ലിക്കിനുമുമ്പും ഇന്ത്യ എന്നൊരു ബോധമുണ്ട്. മുഗൾ ഇന്ത്യയുടെ ഭാഗം തന്നെയാണല്ലോ കശ്മീർ . മാത്രവുമല്ല, കോളനൈസ് ചെയ്യുന്നത് സംമ്പത്തികമായ നേട്ടത്തിനാണല്ലോ. ഇന്ത്യൻ ഗവണ്മെന്റ് ജമ്മു കാശ്മീരിൽ ഇത്രയൊക്കെ സൈന്യത്തെ നിർത്തിയിട്ടു എന്ത് നേട്ടമുണ്ടാക്കുന്നു എന്നാണു നിങ്ങളുടെ വാദം? വെറുതെ കോളോണിയലിസം എന്ന് പറഞ്ഞു കൊണ്ടിരുന്നിട്ടു എന്ത് കാര്യം?”

“നിങ്ങള്ക്ക് കാശ്മീരിനെക്കുറിച്ചു ഒന്നും അറിയാഞ്ഞിട്ടാണ്. 1586 ഇൽ നിങ്ങൾ ഇന്ത്യക്കാർ മഹാനായി വാഴ്ത്തുന്ന അക്ബർ ആണ് കാശ്മീരിനെ ആദ്യം കീഴ്‌പ്പെടുത്തി ഭരിക്കുന്നത്. അക്ബറിനെ കാശ്മീരികൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല.”

പിന്നീടയാൾ കശ്മീരിലെ നദികളെക്കുറിച്ചും അവിടുന്ന് കാശ്മീരിനെ കയ്യടക്കി വെക്കുന്ന രാജ്യത്തിന് ഹൈഡ്രോപവറിലൂടെ ഉണ്ടാക്കാവുന്ന വലിയ ലാഭത്തെക്കുറിച്ചും എന്തൊക്കെയോ വിശദീകരിച്ചു. എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല എങ്കിലും പറഞ്ഞത് ഒരു ഉപജാപസിദ്ധാന്തം ആണെന്നാണ് എനിക്ക് തോന്നിയത്. അത് കൊണ്ട് ഞാൻ അടുത്ത പ്രശ്നത്തിലേക്ക് കടന്നു:

“ഷെയ്ഖ് അബ്ദുല്ലയുടെ വഴിയല്ലേ കാശ്മീരികൾക്കു സ്വീകരിക്കാൻ നല്ലത്?”
” സുഹൃത്തേ, ഷെയ്ഖ് അബ്ദുല്ലയുടെ കല്ലറക്കു സമീപം 24 മണിക്കൂർ പട്ടാളം കാവലാണ്. എന്തിനാണെന്നറിയാമോ? ആരും അത് തകർത്തുകളയാതിരിക്കാൻ. അത്ര ദേഷ്യമുണ്ട് ഷെയ്ഖ് അബ്ദുള്ളയോട്”
“വല്ല തീവ്രവാദികളുടെ വകയുമാവും ഭീഷണി”.
“ആളുകൾക്ക് തന്നെ ദേഷ്യമാണ്. ഷെയ്ഖ് അബ്ദുല്ലയാണ് ഇന്ത്യക്കനുകൂലമായി ജനങ്ങളുടെ അഭിപ്രായം രൂപീകരിച്ചത് എന്നതിന്റെ ദേഷ്യം”
“കശ്മീർ താഴ്വര ഇസ്ലാമിസ്റ്റുകളുടെ കയ്യിൽ ആവില്ലെന്ന് എങ്ങിനെ ഉറപ്പു പറയാം?”
“കശ്മീരിലെ ജനങ്ങൾക്ക് ഇസ്ലാമിസ്റ്റുകളെ കണ്ടുകൂടാ. കശ്മീരിയതിനെ തകർക്കാൻ ഇന്ത്യൻ സർക്കാർ കൊണ്ടുവന്നതാണ് കശ്മീരിലെ ജമാഅത്തെ ഇസ്ലാമിക്കാരെ.”
ആയിടക്ക് “I am” എന്ന പേരിൽ ഒരു ഹിന്ദി സിനിമ ഇറങ്ങി. 1990 കളിൽ കശ്മീർ താഴ്വര വിട്ടുപോയ ഒരു പണ്ഡിറ്റ് കുടുംബം കശ്മീർ താഴ്വരയിലേക്ക് മടങ്ങിച്ചെല്ലുന്നതാണ് അതിൽ ഒരു കഥ. ജൂഹി ചാവ്‌ല അഭിനയിക്കുന്ന കാശ്മീരി പണ്ഡിറ്റ് കഥാപാത്രം വളരെ രോഷാകുലയാണ്. മനീഷ കൊയ്‌രാള അവതരിപ്പിക്കുന്ന കഥാപാത്രം അംഗമായ കാശ്മീരി മുസ്ലിം കുടുംബം വളരെ കുറ്റബോധത്തോടെയാണ് അവരോടു പെരുമാറുന്നത്. ഒരു ഘട്ടത്തിൽ മനീഷ കൊയ്‌രാളയുടെ കഥാപാത്രം പണ്ഡിറ്റ് ആയ ജൂഹിയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്:
“നിങ്ങൾ ഇവിടെത്തന്നെ നിന്ന് ഞങ്ങൾ ഈ നരകജീവിതത്തിൽ ദൂരേക്ക് പോവുകയാണ് ഉണ്ടായിരുന്നതെങ്കിലോ?”. വല്ലാത്ത ഒരു ചോദ്യമായിരുന്നു അത്.

സാംസ്കാരികപഠനത്തിന്റെ ഒരു കോഴ്സിൽ കാശ്മീരിൽ നിന്നുള്ള ഒരു പെൺകുട്ടി എഴുതിയത് ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുടെയും പട്ടാളക്കാരുടെയും ഇടയിൽ കശ്മീർ താഴ്വരയിൽ വർധിച്ചു വരുന്ന ആന്റി-ഡിപ്രെസന്റ് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചാണ്. സൈക്കിയാട്രിസ്റ്റുകളുടെ ക്ലിനിക്കുകൾക്കു മുമ്പിലെ വലിയ ക്യൂ. ഒരു നാടിനെ മുഴുവൻ ബാധിച്ചു കഴിഞ്ഞ വിഷാദം. അന്ന് രാത്രി ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും മുസ്ലിം എന്ന നിലയിലും വലിയ കുറ്റബോധം തോന്നി.

2013 ൽ അഫ്സൽ ഗുരുവിന്റെ തൂക്കിക്കൊലയാണ് കാശ്മീരികളുടെ അവസ്ഥയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിത്തന്നത്. അഫ്സൽ ഗുരുവിനു പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയാതീതമായി തെളിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹത്തിന് കിട്ടിയ ശിക്ഷയെപ്പറ്റി സംശയത്തിനാവകാശമുണ്ടാവുമായിരുന്നില്ല. പക്ഷെ “ജന്മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ വേണ്ടി” തൂക്കുകയർ നൽകുന്നു എന്നായിരുന്നു കോടതിയുടെ ഭാഷ്യം. “ചോരക്കൊതി” എന്ന് വിളിക്കാവുന്ന ആ മനോഭാവത്തിൽ ഇരകൾ ആക്കപ്പെടുന്നവരെക്കുറിച്ചു മനസ്സിലായത് ഫിലോസഫിയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി രാത്രി വിളിക്കുന്നതോടെയാണ്. ഞാൻ അന്ന് കോളേജ് ഹോസ്റ്റലിൽ ബ്ലോക്ക് ട്യൂട്ടർ ആണ്: “കോളേജിലെ കാശ്മീരി വിദ്യാർത്ഥികൾക്ക് ഭീഷണിയുണ്ട് സാർ. പുറത്തു താമസിക്കുന്നത് സേഫ് അല്ല എന്നുവന്നാൽ അവരെ ഹോസ്റ്റലിൽ താമസിപ്പിക്കാമോ?”. തികച്ചും privileged ആയിരുന്ന ആ ഡെല്ഹിക്കാരന്റെ ശബ്ദത്തിൽ സങ്കടത്തെക്കാളും നിരാശയെക്കാളും ഞാൻ കേട്ടത് രോഷമായിരുന്നു- എന്തൊരു ലോകമാണിത് എന്നതിനോടുള്ള രോഷം. ആവശ്യമുണ്ടെങ്കിൽ ഏതു സമയത്താണെങ്കിലും വിളിക്കൂ എന്ന് പറഞ്ഞു വെച്ചു. പിന്നെ വിളി വന്നില്ല. അവിടെ വെച്ചാണ് ഇന്ത്യൻ നഗരങ്ങളിൽ കാശ്മീരികളോടുള്ള ക്രൂരതക്ക് ബഹുജനസ്വീകാര്യത വരുന്നതെന്ന് തോന്നിയിരുന്നു.

ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷിൽ പി എച്ഛ് ഡി ചെയ്തുകൊണ്ടിരുന്ന അശോകൻ നമ്പ്യാരിൽ നിന്നാണ് കുറെ കാശ്മീരി കഥകൾ കേട്ടത്. അവനു കുറെ കശ്മീരി സുഹൃത്തുക്കളുണ്ട്. മലയാളികൾ പച്ചക്കറി സദ്യ ഉണ്ടാക്കുന്നത്ര വൈവിധ്യമുള്ള കശ്മീരി വസ്‌വാനിൽ 20 ഓളം മാംസവിഭവങ്ങളുണ്ടത്രേ. കാശ്മീരി വീടുകളിൽ ചെന്നാൽ സ്ത്രീകളാണ് സ്വീകരണമുറിയിലെ നിലത്തു വന്നിരുന്നു സംസാരിക്കുക. സ്ത്രീകൾക്കു വളരെ ദൃശ്യതയുള്ള ഒരു കൾച്ചർ ആണ്.

ചില കശ്മീരിപെൺകുട്ടികൾ കോളേജിലെ ജൻഡർ സ്റ്റഡീസ് സെല്ലിൽ വളരെ ആക്റ്റീവ് ആയിരുന്നു.

ഡൽഹിയിലെ പഠനം കഴിഞ്ഞു കാശ്മീരിൽ പോയി യുവസ്ത്രീകളുടെ ഒരു ട്രെക്കിങ്ങ് ഗ്രൂപ്പ് തുടങ്ങിയ ഒരു വിദ്യാർത്ഥിനി ഫേസ്ബുക്കിൽ പരിഹാസത്തോടെ രസകരമായ ഒരു കുറിപ്പ് എഴുതി. അവളും കൂടെ കോളേജിൽ പഠിച്ച മറ്റൊരു പെൺകുട്ടിയും ശ്രീനഗറിൽ എവിടെയോ പോയി വരികയായിരുന്നു. അവർ പിടിച്ച ടാക്സിയുടെ ഡ്രൈവർ അവർ എവിടുത്തുകാരാണ് എന്ന് ചോദിച്ചപ്പോൾ തങ്ങൾ ഡെൽഹിക്കാരാണെന്നും ചാണക്യപുരിയിൽ ജീവിക്കുന്നു എന്നും അവർ ചുമ്മാ പറഞ്ഞു. മുസ്ലിംകളാണെങ്കിലും രണ്ടാളും തട്ടം ഇടാറില്ല. വർത്തമാനം പറഞ്ഞു കുറെ കഴിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞുവത്രേ: “നിങ്ങൾക്കൊന്നും തോന്നരുത്. ഇതാണ് കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ഞങ്ങൾ പറയുന്നത്. സ്വാതന്ത്ര്യം കിട്ടിയാൽ തട്ടമിടാതെ മുസ്ലിം പെണ്ണുങ്ങളെ നടക്കാൻ ഞങ്ങൾ അനുവദിക്കില്ല”!

കശ്മീരിൽ നിന്നുള്ള പഠനത്തിൽ വളരെ മിടുക്കിയായ മറ്റൊരു പെൺകുട്ടി തികച്ചും രസകരമായാണ് സ്വന്തം വസ്ത്രധാരണത്തെ കണ്ടിരുന്നത്. പുറത്തു പർദ്ദ ഇട്ടു യൂണിവേഴ്സിറ്റിയിൽ എത്തുമ്പോൾ അഴിച്ചുവെക്കുന്നവരെ ഞാൻ ഹൈദരാബാദിൽ വെച്ച് കണ്ടിട്ടുണ്ടായിരുന്നു. കോളേജിൽ ഹിജാബിട്ടു നടക്കുകയും ഫേസ്ബുക്കിൽ തട്ടമിടാതെ മുടിയഴിച്ചിട്ടുള്ള ഫോട്ടോകൾ ഇടുകയും ആയിരുന്നു ഇവളുടെ രീതി. തട്ടമിടുന്നത് പ്രശ്നമുള്ളവർക്കു തട്ടമിട്ടും തട്ടമിടാത്തത് പ്രശ്നമുള്ളവർക്കു തട്ടമിടാതെയും രണ്ടു രൂപങ്ങൾ കാണിച്ചു അവൾ.

കശ്മീരി മുസ്ലിംകൾക്കിടയിലെ ലിംഗ സമത്വത്തോടൊപ്പം പറയേണ്ടതാണ് അവരുടെ ജാതി. കശ്മീരി മുസ്ലിംകൾ വളരെ ജാതിബോധമുള്ളവരാണ്. കശ്മീരി കൂട്ടുജീവിതത്തിൽ എന്തൊക്കെ മേന്മകളുണ്ടെന്നു പറഞ്ഞാലും മേൽജാതി മുസ്ലിംകൾ കീഴ്ജാതി മുസ്ലിമുകളോട് കാണിച്ചിരുന്ന മനോഭാവം തികച്ചും മോശം തന്നെ ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഭട്ട്, കാക് എന്നീ പേരുകൾ കശ്മീരി മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ഒരു പോലെയുണ്ട്.

ഒരു ദിവസം കഫെയിൽ ഒരു ട്യൂട്ടോറിയൽ കഴിഞ്ഞപ്പോൾ കശ്മീരി ഒരു വിദ്യാർത്ഥിനി ചോദിച്ചു: “കശ്മീരിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി എന്താണ് സാറിന്റെ അഭിപ്രായം?”

“ഞാൻഎതിരാണ്. സാമൂഹ്യ സ്വാതന്ത്ര്യമില്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയിട്ട് കാര്യമില്ല എന്ന അംബേദ്‌കറിന്റെ ഒരു നൂറ്റാണ്ടു മുമ്പുള്ള നിലപാട് ഓർക്കണം. കശ്മീർ ചർച്ച പോകുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യചർച്ച കൊണ്ടുപോയ അതെ വഴിയാണ്. എന്റെ പ്രശ്നം മനുഷ്യാവകാശ ധ്വംസനം ആണ്. സ്വജീവിതവും സ്വന്തം ചുറ്റുപാടുകളോടുള്ള ബന്ധവും ഇങ്ങനെ പട്ടാളഭീതിയാൽ ഭരിക്കപ്പെടേണ്ടതെയല്ല. പട്ടാളക്കാരുടെ ഉപദ്രവങ്ങളെപ്പറ്റി കശ്മീരികൾ പറയുന്നത് ശരിയാണെന്നു വിശ്വസിക്കാൻ എനിക്ക് ലോകത്തെവിടെയുമുള്ള പട്ടാളങ്ങൾ തദ്ദേശവാസികളോട് പെരുമാറിയ രീതി നോക്കിയാൽ മതി. മണിപ്പൂരിലെ സ്ത്രീകളുടെ “ഇന്ത്യൻ ആർമി ഞങ്ങളെ ബലാത്സംഗം ചെയ്യുന്നു ” എന്ന ബാനർ പിടിച്ചുള്ള നഗ്നപ്രതിഷേധം മാത്രം മതിയല്ലോ ഇങ്ങനെ ഒരു പേടിക്ക്. എന്റെ ഈ നിലപാട് പക്ഷെ, കശ്മീരികളും എന്നെപ്പോലെ തുല്യ അവകാശങ്ങളുള്ള ഇന്ത്യക്കാരാണ് എന്ന ബോധ്യത്തിൽ നിന്നുണ്ടാവുന്നതാണ്. മനുഷ്യാവകാശ- പൗരാവകാശ ധ്വംസനങ്ങളെ ക്കുറിച്ചു ഇന്ത്യയുടെ പൊതുബോധത്തിൽ അവബോധമുണ്ടാക്കുന്നതിനു സംസാരിക്കുന്നതിനു പകരം വേറെ രാഷ്ട്രമാവണം എന്ന് പറയുന്നത് ഇന്ത്യയിലെ ഹിന്ദുത്വവലതുപക്ഷത്തെ ശക്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കുന്ന ഒരു രാഷ്ട്രീയ അബദ്ധമാണ് എന്നാണ് എനിക്ക് തോന്നുന്നത്. “

തലയാട്ടിക്കൊണ്ടിരുന്നതല്ലാതെ അവർ ഒന്നും പറഞ്ഞില്ല. എന്റെ ഒട്ടും വൈകാരികതയില്ലാത്ത “രാഷ്ട്രീയവിശകലന”ത്തിൽ എനിക്ക് എവിടെയോ കുറ്റബോധം തോന്നി.

എന്നെ അമ്പരപ്പിച്ച ഒരുകാര്യം ഞാൻ കണ്ടിട്ടുള്ള മിക്കവാറും യുവാക്കളും മധ്യവയസ്കരുമായ കശ്മീരികളുടെ അഭിപ്രായത്തിൽ അവർ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയ് ആണെന്നതാണ്: “കോൺഗ്രസിന് സെക്കുലർ ആണെന്നുള്ള പേരുള്ളത് കൊണ്ട് എന്ത് ചെയ്താലും ആരും ചോദിക്കില്ല. വാജ്‌പേയ് വളരെ ശ്രദ്ധിച്ചാണ് കശ്മീരികളോട് ഇടപഴകിയത്. അങ്ങേർക്കു സെക്കുലർ കവചമില്ലാതിരുന്നത് കൊണ്ട് എന്ത് നടന്നാലും വലിയ വിമർശനം വരികയും ചെയ്തേനെ”.

2014 -ൽ ശ്രീനഗറിൽ പോവാൻ അശ്വതിയും അച്ഛനും അമ്മയും ഞാനും കൂടി ഒരു പരിപാടി ഇട്ടു. ശ്രീനഗറിലേക്കു പോവാനായി അച്ഛനും അമ്മയും ഡൽഹിയിലെത്തി. അപ്പോഴാണ് അവിടെ വെള്ളപ്പൊക്കം നടക്കുന്നത്. വിമാനം കാൻസൽ ചെയ്തിട്ടില്ലാത്തതിനാൽ പോകാമെന്നു അശ്വതിയും അച്ഛനും. പോണ്ടെന്നു അമ്മയും ഞാനും. അവസാനം ഞാൻ മുമ്പ് പഠിപ്പിച്ച ഒരു പയ്യനെ വിളിച്ചു (ആളുടെ രൂപവും വർത്തമാനവും രസമാണ്. ഗംഭീര മാർക്കുമായാണ് കോളേജിൽ അഡ്മിഷൻ എടുത്തതെങ്കിലും പിന്നെ ക്ലാസ്സിൽ വരുന്നതൊക്കെ കണക്കാണ്. നാടകത്തിന്റെ റിഹേർസലിനോ മറ്റോ വന്നാൽ നമ്മൾ ടീച്ചർമാരെയൊക്കെ കയറി ആശ്വസിപ്പിച്ചു കളയും!). അവൻ പറഞ്ഞു: “സ്ഥിതി വളരെ മോശമാണ്. ഇപ്പൊ സാറിങ്ങോട്ടു വരണ്ട”. അങ്ങിനെ ആ പോക്ക് നടന്നില്ല.

പിന്നീടൊരിക്കൽ ഞാൻ അവനോടു കശ്മീരിനെപ്പറ്റി വിശദമായി സംസാരിച്ചു.

“ഈ കല്ലേറു സമരം എനിക്ക് മനസ്സിലാകുന്നെ ഇല്ല. ഞങ്ങളുടെയൊക്കെ അധ്യാപകനായ കെ നാരായണചന്ദ്രന്റെ ഒരു ലേഖനമുണ്ട്, കശ്മീർ താഴ്വരയിലെ കല്ലേറും പിശാചിനെ കല്ലെറിയുന്ന വിശ്വാസത്തെയും ബന്ധിപ്പിച്ചു കൊണ്ട്”

“കല്ലേറ് മഹാവങ്കത്തമാണ്. കല്ലെറിയൽ പ്രതീകാത്മകമാണെങ്കിലും അതിൽ ഹിംസയുണ്ട്. തോക്കുള്ള പട്ടാളത്തിനെ കല്ലെറിയുന്ന ജനങ്ങളും വേറെ ആയുധമില്ലാതെ കല്ല് പെറുക്കിയെറിയുന്നവരെ തീവ്രവാദികളെന്ന് വിളിച്ചു പെല്ലറ്റ് ഉണ്ടകളാൽ നേരിടുന്ന സൈന്യവും. രണ്ടു കൂട്ടരുടെയും കാര്യം!”

“കശ്മീരിയത്ത് എന്ന പ്രാദേശികതയ്ക്കു എന്തെങ്കിലും ധാർമികത വേണമെങ്കിൽ കശ്മീരി പണ്ഡിറ്റുകൾ തിരിച്ചു വന്നല്ലേ പറ്റൂ. അതിനു ആരും മുൻകൈ എടുക്കാത്തത് എന്ത് കൊണ്ട്?”
“ദോഗ്ര ഭരണകാലത്തു കശ്‌മീരി പണ്ഡിറ്റുകൾക്കു ഭൂമിയും അധികാരത്തിൽ സുപ്രധാനസ്ഥാനവും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഭൂപരിഷ്കരണത്തിലും ശേഷവും അവരോടു അമർഷമുള്ള അവസ്ഥ ഉണ്ടായിരുന്നു.”

(മലയാളി മെമ്മോറിയൽ എഴുതിയ നായന്മാരിലെ തമിഴ് ബ്രാഹ്മണ വിരോധം പരിചയമുണ്ടായിരുന്നതു കൊണ്ടും കർണാടകയിലെ തമിഴ് വിരോധത്തെപ്പറ്റി കേട്ടറിവുണ്ടായിരുന്നത് കൊണ്ടും അതെനിക്ക് മനസ്സിലാക്കാവുന്ന ഒരു സാമുദായിക വികാരം ആയിരുന്നു. എങ്കിലും ഭൂരിപക്ഷ ധാർമികതയുടെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉയർന്നു വന്നു).

“എന്ന് പറഞ്ഞിട്ടുകാര്യമില്ല. കൂട്ടത്തോടെയുള്ള കാശ്മീരി പണ്ഡിറ്റുകളുടെ പലായനം നടക്കുന്നത് 1989-1990 കാലത്താണല്ലോ. അപ്പോഴേക്കും കശ്മീർ ഭൂപരിഷ്കരണം നടന്നിട്ടു കൊല്ലം മുപ്പത്തഞ്ചു കഴിഞ്ഞിരുന്നു. സാമ്പത്തികമായും അഭിവൃദ്ധി നേടിയിരുന്ന, ജനസംഖ്യാപരമായി വലിയ ഭൂരിപക്ഷമായിരുന്ന കാശ്മീരി മുസ്ലിംകൾക്കു പണ്ഡിറ്റുകളുടെ പലായനം തടയാനുള്ള ധാർമിക ശക്തി ഉണ്ടാവണമായിരുന്നു. അല്ലെങ്കിൽ അവരെ ഇപ്പോൾ തിരിച്ചു കൊണ്ടുവരാൻ തയാറാകണം. അല്ലാതെ ഒരു പ്രാദേശികവാദത്തിനും കാശ്മീരിയത്തിനും വിലയില്ല”

“ഒന്നാമത്, തീവ്രവാദഭീഷണി ഉണ്ടെന്നു സൈന്യത്തിൽ നിന്ന് മുന്നറിയിപ്പ് കിട്ടിയതുകൊണ്ടാണ് പലരും താഴ്വര വിട്ടത് എന്നാണ് കശ്മീരികൾക്കു അറിയുന്നത്. പിന്നെ ജനതയുടെ ധാർമിക ശക്തി. ഒരു ഭാഗത്തു ആളെക്കൊല്ലാൻ നടക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നും ആയുധം കിട്ടുന്ന തീവ്രവാദികൾ, മറ്റൊരു ഭാഗത്തു കശ്മീരിനെ റിയൽ എസ്റ്റേറ്റ് മാത്രമായിക്കാണുന്ന ഇന്ത്യക്കാരുടെ പട്ടാളം. ഇതിനിടയിൽ ഒറ്റുകാരെന്നും ചാരന്മാരെന്നും ഉള്ള വിളി രണ്ടുഭാഗത്തുനിന്നും കേട്ട് ജീവിക്കേണ്ടി വരുന്ന കശ്മീരി രാഷ്ട്രീയ പ്രവർത്തകർ, ന്യൂ ഡെൽഹിയോട് വിലപേശി സ്വന്തം നിലനിൽപ് ഉറപ്പിക്കാൻ കഷ്ടപ്പെടുന്ന നേതൃത്വം – എന്ത് ധാര്മികതയെപ്പറ്റിയാണ് സാർ സംസാരിക്കുന്നത്? കശ്മീരിയത് എന്ന് ഇടയ്ക്കിടെ പറഞ്ഞത് കൊണ്ട് കാര്യമില്ല. കശ്മീരി സൂഫി ഇസ്ലാം എന്ന് വിളിക്കുന്നത് ഒരു സാഹചര്യത്തിൽ 13 ആം നൂറ്റാണ്ടിൽ അവിടുത്തെ അവസ്ഥ കൊണ്ട് വളർന്നു വന്ന ഒന്നാണ്. ആ അവസ്ഥ ഇല്ലാതെ കാശ്മീരിയത്ത് എന്ന് പറഞ്ഞു കൊണ്ടിരുന്നാൽ…കശ്മീരിലെ ഇസ്ലാം അറബ് വൽക്കരിക്കപ്പെട്ടുണ്ട്; കശ്മീരി സ്വത്വം മുസ്ലീംവൽക്കരിക്കപ്പെട്ടിട്ടും ഉണ്ട്.”, നിരാശയോ നിർമമതയോ എന്ന് പറയാനാവാത്ത സ്വരത്തിൽ അവൻ പറഞ്ഞു.

പലതും പറഞ്ഞു ഞാൻ വീണ്ടും തർക്കിച്ചു കൊണ്ടേയിരുന്നു. അപ്പോഴും എനിക്കറിയാമായിരുന്നു എന്റെ പകുതിപ്രായമേ ഉള്ളൂവായിരുന്നുവെങ്കിലും പ്രകൃത്യാലുള്ള ആത്മവിശ്വാസം കൊണ്ട് അവനോടു എത്രയും തർക്കിച്ചു കൊണ്ട് നിൽക്കാമെന്ന്. അവനിതിനെയൊക്കെ വളരെ ബൗദ്ധികമായാണ് സമീപിക്കുന്നതെന്ന് തോന്നി. അവസാനം വിശേഷപ്പെട്ട കശ്മീരി വിഭവങ്ങൾ ഉണ്ടാക്കി ഡിന്നറിനു വിളിക്കാമെന്ന് പറഞ്ഞു അവൻ പോയി.

മനസ്സിലായി എന്ന് എനിക്ക് തോന്നുമ്പോഴൊക്കെ വഴുതിമാറികൊണ്ടിരുന്ന കശ്മീർ ആ നാടിനെപ്പറ്റി പണ്ടൊരു കവി പറഞ്ഞതിനെ ഓർമിപ്പിച്ചു: “മലകൾ ഗംഭീരമായിട്ടുണ്ട്. പക്ഷേ അവ കാഴ്‌ച മറച്ചിരുന്നില്ലെങ്കിൽ കുറേക്കൂടി ഈ നാടിന്റെ ഭംഗി കാണാമായിരുന്നു”

70680430_10215498282758046_4239326570205937664_n

പിന്നീട് കശ്മീരുമായി ബന്ധപ്പെട്ട വാർത്തകൾ രണ്ടു ധ്രുവങ്ങളിൽ നിന്നുള്ളവയായിരുന്നു:

ഒന്ന് ബുർഹാൻ വാണി എന്ന തീവ്രവാദിസംഘടനയിൽപ്പെട്ട ചെറുപ്പക്കാരൻ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധമാണ്. അത് താഴ്വരയുടെ മനസ്സിൽ ഇന്ത്യയുടെ സ്ഥാനം ദുര്ബലമായതിന്റെ ലക്ഷണമായി തോന്നി. അതുപോലെതന്നെ കശ്മീരി ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടപ്പോൾ അതിനു അനുകൂലമായി വലിയ പിന്തുണ ഉണ്ടായില്ല. ഞാനറിയുന്ന കശ്മീരിലെ ഇസ്‌ലാമികരാഷ്ട്രവാദത്തെ പൂർണമായും തള്ളിക്കളയുന്ന രണ്ടു പേർ പോലും കുറച്ചു കാലമായി താഴ്വരയിൽ വിദ്യാഭ്യാസരംഗത്തും ആരോഗ്യരക്ഷാ രംഗത്തും പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ മാത്രം ഈ സമയത്തു നിരോധിക്കുന്നതും അതെ സമയം ഹിന്ദുത്വ സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നതും വ്യക്തമായ ഇരട്ടത്താപ്പായി ചൂണ്ടിക്കാണിച്ചു.

മറ്റേ അറ്റത്തു കശ്മീരിലെ യുവാക്കൾക്കും യുവതികൾക്കുമിടയിലെ സംഗീതത്തിലേയും ആർട്ടിലേയും പുതിയ ട്രെൻഡുകളെ അടയാളപ്പെടുത്തിയ In the Shade of Fallen Chinar എന്ന സിനിമയിലൂടെ മനസിലായ കശ്മീരിലെ യൂത്ത് കൾച്ചറിനെപ്പറ്റിയുള്ള പ്രതീക്ഷകളായിരുന്നു. ഹൈദരാബാദിലെ ലാമെക്കാനിൽ വെച്ച് സുഹൃത്ത് ഫാസിലും ഞങ്ങളുടെ കോളേജിലെ പൂർവ്വവിദ്യാര്ഥിയായ ഷോണും ചേർന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി കണ്ടപ്പോൾ നമ്മളറിയുന്ന കശ്മീരിനപ്പുറം ക്രിയാത്മകതയുടേതായ പുതിയ ഒരു ലോകം രൂപപ്പെട്ടു വരുന്നുണ്ടെന്നു തോന്നി.

അതുപോലെ ഏറെ പ്രതീക്ഷ നൽകിയതാണ് ഷാഹ് ഫൈസൽ എന്ന ഐ എ എസ് ഒന്നാം റാങ്കുകാരന്റെ സർവീസ് വിട്ടുള്ളരാഷ്ട്രീയപ്രവേശം. പല inspiring ആയ യുവനേതാക്കളെയും കഴിഞ്ഞ അഞ്ചുവർഷം ഇന്ത്യ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വ്യക്തതയും ബോധ്യവും മറ്റാരിലും ഉള്ളതായി തോന്നിയിട്ടില്ല. ആദ്യമായി കശ്മീർ പണ്ഡിറ്റുകൾ മടങ്ങിവരണമെന്നും ആ മടങ്ങിവരവ് തീർത്തും പണ്ഡിറ്റുകളുടെ terms ഇൽ ആവണമെന്നും യാതൊരു സംശയവവുമില്ലാതെ ഒരു കാശ്മീരി നേതാവ് പറയുന്നത് കേട്ടത് ഇദ്ദേഹത്തിന്റെ അഭിമുഖത്തിലാണ്. പിന്നെ മനസ്സിലായി: തീവ്രവാദികൾ കൊന്നുകളഞ്ഞതാണ് ഷാഹ് ഫൈസലിന്റെ ബാപ്പയെ. അങ്ങിനെ ഒരാൾക്ക് പണ്ഡിറ്റുകളുടെ വിഷമം മനസിലാവും. ജെ എൻ യൂ സമരകാലത്തുഏകോപനശേഷികൊണ്ട് ശ്രദ്ധ നേടിയ ശഹ്‌ലാ റഷീദും കൂടി ഷാഹ് ഫൈസലിനൊപ്പം ചേർന്നതോടെ തികച്ചും ഇന്ത്യക്കു തന്നെ ദിശ നൽകാൻ കഴിയുന്ന പുതിയ ഒരു പ്രസ്ഥാനം കശ്മീർ താഴ്വരയിൽനിന്നു ഉടലെടുക്കും എന്ന് തോന്നി. ഇന്ത്യയിലെ ഏറ്റവും ബൗദ്ധികമുന്നേറ്റമുണ്ടായിരുന്ന ഒരു പ്രദേശത്തിന് അത് അപ്രാപ്യമായിരുന്നില്ലല്ലോ.

2019 ആഗസ്ത് 5 എല്ലാ തർക്കങ്ങളെയും അനാഥവും അധാർമികവും ആക്കി.

വീട്ടിലുള്ളവരുമായി യാതൊരു വിധത്തിലും സംസാരിക്കാനാവാതെ ദിവസങ്ങൾ തള്ളിനീക്കിയ വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ എപ്പോഴും കരഞ്ഞുപോകാവുന്ന, ചിലപ്പോൾ കരഞ്ഞുകൊണ്ടിരുന്ന അവരോടു ഒന്നും പറയാനുണ്ടായിരുന്നില്ല. മരണവീട്ടിൽ എന്ന പോലെ മൗനമാവാനേ വഴിയുണ്ടായിരുന്നുള്ളു.

70641077_10215498315278859_321707103603392512_n

ദൈനംദിനതലത്തിൽ പ്രത്യേകിച്ച് യാതൊരു എഫക്റ്റും ഇല്ലാതെ ഒരു ചിഹ്നം മാത്രമായി മാറിക്കഴിഞ്ഞിരുന്ന ആർട്ടിക്കിൾ 370 നിലനിർത്തുന്നതോ ഒഴിവാക്കുന്നതോ ആയിരുന്നില്ല ഞാൻ സംസാരിച്ച വിദ്യാർത്ഥികളുടെ പ്രശ്നം: ഇത്രയും ഔദ്ധത്യത്തോടെ, പുച്ഛത്തോടെ, കംസബുദ്ധിയോടെ അത് നടത്തിയ രീതിയാണ്. അന്നോളമുള്ള സംഭാഷണങ്ങളുടെ വൈവിധ്യം ഇതോടെ ഓർമയുടെ ഒരു ചെറിയ അടിക്കുറിപ്പായി ഒതുങ്ങിയപോലെതോന്നി. അപ്പോൾ തന്നെ പൗരത്വത്തിന്റെ സമത്വഭൂമിയിൽ നിന്ന് അധീശത്വത്തിന്റെ നിഴൽ മാത്രമായി ഞാൻ ചുരുങ്ങുന്നതുമറിഞ്ഞു.

ഒരു ഹിന്ദു കശ്മീരി പണ്ഡിറ്റ് ആയ ജവഹർലാൽ നെഹ്രുവിനു മുസ്ലിം കാശ്മീരി പണ്ഡിറ്റ് എഴുതുന്നു എന്ന് പരിചയപ്പെടുത്തിക്കൊണ്ടു ഉറുദു എഴുത്തുകാരനായ സാദത്ത് ഹസൻ മാണ്ടോ അയച്ച കത്ത് അവസാനിക്കുന്നതു ഒരു കഥയോടെയാണ്:

ഒരു ഇറാനിയൻ കവി കശ്മീരിലെ ഒരു കവിയുടെ വീട്ടിൽ താമസിച്ചിട്ടു സ്വന്തം കവിതാപുസ്തകം അവിടെ വെച്ചിട്ടു പോയി.

അതിൽ ഒരു ഈരടിയുടെ രണ്ടാം വരിയുണ്ടായിരുന്നു:”നിങ്ങളുടെ വസ്ത്രത്തിൽ നിന്ന് കബാബിന്റെ ഗന്ധം വമിക്കുന്നു”.

പിന്നീടയാൾ മടങ്ങിയെത്തിയപ്പോഴേക്കും ഒന്നാമത്തെ വരി ആതിഥേയനായ കശ്മീരിക്കവി എഴുതി വെച്ചിരുന്നു: ” പൊള്ളലേറ്റ ഒരു ആത്മാവിന്റെ കൈ നിങ്ങളെ തൊട്ടുവോ?”

Print Friendly, PDF & Email

About the author

എന്‍.പി.ആഷ്ലി

കോഴിക്കോട് സ്വദേശി. ദേശീയ മാധ്യമങ്ങളിൽ എഴുതാറുണ്ട്. ദൽഹി സെന്റ് സ്റ്റീഫൻസ് കൊളേജിൽ അധ്യാപകൻ