നിരീക്ഷണം

പി എസ് സി സമരവും ചില ഭാഷാനുഭവങ്ങളും2003 ലാണ് ആദ്യമായും അവസാനമായും ലണ്ടനിൽ പോകാൻ ഒരവസരമൊരുങ്ങിയത്. വളരെ സന്തോഷവും ഒപ്പം ചെറിയ ആശങ്കയും തോന്നി. സാമാന്യം നന്നായി ഇംഗ്ലീഷ് സംസാരിക്കും എങ്കിലും ഇത്രയധികം സായിപ്പന്മാരെ ഒന്നിച്ചു കാണുമ്പോൾ “കവാത്ത് “ മറക്കുമോ എന്നതായിരുന്നു ആശങ്ക

70763577_10215482188155691_6113971574618980352_n

ഗവണ്മെന്റ് സ്‌കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ചു വളർന്ന എനിക്ക് ഇംഗ്ലീഷ് എന്നും ഇഷ്ടവിഷയമായിരുന്നു. സ്‌കൂൾ കാലം മുതൽക്കു തന്നെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയിരുന്നതും ഇംഗ്ലീഷിനായിരുന്നു. ഇംഗ്ലീഷ് സാഹിത്യം ഇംഗ്ലീഷിൽ തന്നെയായിരുന്നു വായിച്ചിരുന്നത്. ഡിഗ്രി കാലം മുതൽ സുഹൃത്തുക്കളുമൊത്തു ചിലപ്പോഴൊക്കെ ഇംഗ്ലീഷിൽ സംസാരിച്ചു പ്രാക്ടീസ് ചെയ്യുമായിരുന്നു

എന്നിട്ടും ഗൾഫിലെത്തുമ്പോൾ ഏതാണ്ട് മൂന്നു മാസമെടുത്തു സംസാര ഭാഷ ഒന്ന് ശരിയാവാൻ. നമ്മുടെ ഇംഗ്ലീഷ് അധ്യാപകരെല്ലാം അന്നും ഇന്നും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മലയാളത്തിലാണല്ലോ. ഷേക്സ്പിയർ ക്ലാസ്സ് പോലും മലയാളത്തിൽ. ഇംഗ്ലീഷ് ടെക്സ്റ്റ് വായിക്കും പിന്നെ മലയാളത്തിൽ അത് വിശദീകരിക്കും. അങ്ങനെയല്ലാത്ത ഒന്നോ രണ്ടോ അധ്യാപകരെ കണ്ടത് പിജി ക്‌ളാസ്സിലെത്തിയപ്പോഴാണ്. ഇംഗ്ലീഷ് ഇംഗ്ലീഷിൽ തന്നെ വിശദീകരിക്കുന്ന അധ്യാപകർ ( അവരുടെ ക്ലാസ്സുകൾ അത്രയധികം ബോറിങ്ങും ആയിരുന്നു). അവിടെയും ഇടയ്ക്കിടെ മലയാളം പറഞ്ഞിരുന്ന, മലയാളത്തിൽ തമാശകൾ പറഞ്ഞിരുന്ന അധ്യാപകരുടെ ക്ളാസ്സുകളിലായിരുന്നു കുട്ടികൾ സ്ഥിരമായി കയറാറ്. അത്തരം അധ്യാപകരുമായി കണക്ട് ചെയ്യാൻ എളുപ്പമായിരുന്നു. അവരുടെ ക്ലാസ്സുകൾ വളരെ സജീവമായിരുന്നു

ഡിഗ്രിക്ക് ഒരിക്കൽ പുതുതായി ഹിന്ദി പഠിപ്പിക്കാനെത്തിയ ചങ്ങനാശ്ശേരിക്കാരൻ ഷാജി സാർ ഞെട്ടിച്ചു കളഞ്ഞു. ഹിന്ദിയിൽ ടെക്സറ് വായിച്ചു ഹിന്ദിയിൽ തന്നെ വിശദീകരണം. കുട്ടികളെല്ലാം ഞെട്ടി. വായ് തുറന്നിരുന്നു ഒന്നും മനസ്സിലാവാതെ. ഏതാണ്ട് അര മണിക്കൂറോളം അദ്ദേഹം ഈ അഭ്യാസം തുടർന്നു. എന്നിട്ടൊരു ചോദ്യം എല്ലാവര്ക്കും മനസ്സിലായല്ലോ അല്ലെ. ഒപ്പം ഉറക്കെയുറക്കെ പൊട്ടിച്ചിരിയും. അപ്പോഴാണ് കുട്ടികളും ആശ്വാസത്തോടെ ചിരിക്കാൻ തുടങ്ങിയത്. ശാസ്ത്ര പുസ്തകങ്ങൾ പഠിപ്പിക്കാൻ മലയാളഭാഷയ്ക്ക് പരിമിതികൾ ഉണ്ടെന്നു പറയുന്നവരുടെ മുഖത്ത് നോക്കിയായിരിക്കണം അദ്ദേഹം അന്ന് ഉറക്കെയുറക്കെ ചിരിച്ചത്. ശാസ്ത്രം മാത്രമല്ല മറ്റു ഭാഷകളും സാഹിത്യവും പഠിപ്പിക്കാൻ മലയാളമില്ലാതെ കഴിയില്ലല്ലോ എന്നായിരുന്നു ആ ചിരിയുടെ അർത്ഥം എന്ന് ഇന്ന് മനസ്സിലാകുന്നു

പ്രീ ഡിഗ്രി കാലത്തു, മനോഹരമായി മലയാളത്തിൽ കഥകൾ പറഞ്ഞിരുന്ന,കവിതകൾ ചൊല്ലിയിരുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ശർമ്മയായിരുന്നു എന്നെ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് കൂടുതലടുപ്പിച്ചത്. ആ ക്ലാസ്സ് മുറിയിൽ ഇംഗ്ലീഷ് സാഹിത്യം മാത്രമല്ല റഷ്യൻ സാഹിത്യവും ലാറ്റിൻ അമേരിക്കൻ സാഹിത്യവും മുഴങ്ങിക്കേട്ടിരുന്നു. ദസ്തയേവ്സ്കി എന്നും ഗബ്രിയേൽ ഗാർഷ്യ മാർകേസ് എന്നുമൊക്കെ ആദ്യമായി കേട്ടത് ആ ഒന്നാം വർഷ പ്രീ ഡിഗ്രി ക്ലാസ്സിലാണ്. മറ്റു ഇംഗ്ലീഷ് അധ്യാപകരെ പോലെയല്ല , നന്നായി ഇംഗ്ലീഷും സംസാരിക്കുമായിരുന്നു അദ്ദേഹം. “കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ “ പുസ്തകമടച്ചു വെച്ച്, മലയാളത്തിൽ, കഥ പറഞ്ഞു തന്നതോർത്താണ് ഞാൻ പരീക്ഷയിൽ അത് ഇംഗ്ലീഷിലെഴുതിയതു. അദ്ദേഹത്തിന്റെ മലയാളം വാക്കുകൾ മനസ്സിൽ മുഴങ്ങും, ഉടൻ അത് എന്റേതായ ഇംഗ്ലീഷിൽ പരീക്ഷാപേപ്പറിൽ എഴുതി വെക്കും. അന്നൊക്കെ ഇംഗ്ലീഷ് എഴുതുമ്പോഴും പറയുമ്പോഴും ചിന്തിക്കുന്നത് മലയാളത്തിലായിരുന്നു. മാതൃഭാഷയുടെ പ്രസക്തി നിങ്ങള്ക്ക് മനസ്സിലാകുന്നുണ്ടെന്നു കരുതുന്നു

ഗൾഫിലെത്തി കുറെ മാസങ്ങൾ കഴിഞ്ഞാണ് ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഇംഗ്ലീഷിൽ തന്നെ ചിന്തിച്ചു തുടങ്ങുന്നത്. അത് തന്നെ എന്നെപോലെ ഒരു ന്യുനപക്ഷം മലയാളികൾക്ക് കഴിയുന്നത് തൊഴിൽപരമായ സാഹചര്യങ്ങൾ കൊണ്ടാണ്. സഹപ്രവർത്തകരായി ചുറ്റും വിവിധ രാജ്യക്കാർ, പ്രത്യേകിച്ചും ബ്രിട്ടീഷുകാർ. ഒരു തമാശ പറയണമെങ്കിൽ പോലും ഇംഗ്ലീഷിൽ പറയേണ്ടുന്ന അവസ്ഥ.

ഇപ്പോഴും ഓർമ്മയുണ്ട് 96 ൽ ജോലിയിൽ തുടക്കക്കാരനായിരുന്ന സമയം. നേരിട്ട് സംസാരിക്കുമ്പോൾ ഏതൊരു ബ്രിട്ടീഷുകാരനെയും വിവിധയിനം അക്സന്റുകളോട് കൂടി വലിയ കുഴപ്പമില്ലാതെ മനസ്സിലാക്കാനും മറുപടി പറയാനും കഴിയുന്ന അവസ്ഥയിലെത്തിയിരുന്നു. അന്നൊരിക്കൽ പുതുതായി എത്തിയ സ്കോട്ലൻഡ് കാരൻ ബോസ് ഫോണിൽ വിളിച്ചു എന്തൊക്കെയോ ചോദിച്ചു. എനിക്ക് ഒരക്ഷരം മനസ്സിലായില്ല. “ ദിസ് വാസ് ദി മോസ്റ്റ് ഡിസ്ഗസ്റ്റിംഗ് കോൺവെർസേഷൻ ഐ എവർ ഹാഡ്” എന്ന് ഫോൺ വെക്കാൻ നേരം അയാൾ പറഞ്ഞത് മാത്രം മനസ്സിലായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആയി മാറി എന്നത് മറ്റൊരു വിഷയം

ഹോ ഇത് കൂടെ പറയാതെ വയ്യ. ഒരിക്കൽ സ്റ്റോറിൽ ഒരു അറബ് സ്ത്രീ കുഞ്ഞുമായെത്തി. കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന പൊതിയഴിക്കാത്ത മിട്ടായി അൽപനേരം കഴിഞ്ഞപ്പോൾ കാണുന്നില്ല. മിട്ടായി എവിടെ എന്ന് അവർ ചോദിച്ചപ്പോൾ അടുത്തുണ്ടായിരുന്ന ട്രെയിനിയായ ഐറിഷുകാരി തനതായ നാക്കു കുഴഞ്ഞ ശൈലിയിൽ ( ലോകത്തേറ്റവും അധികം മദ്യപിക്കുന്നത് ഐറിഷുകാരാണ് എന്നാണു ദുഷ്‌പേര്, അവർ മദ്യപിക്കാതെ സംസാരിക്കുമ്പോഴും നമുക്ക് കൂഴച്ചക്ക കുഴഞ്ഞത് പോലെ തോന്നും ) “ ഐ പുട്ടിനെ മാ “ എന്ന് പറഞ്ഞു. അറബ് സ്ത്രീക്ക് ഒന്നും മനസ്സിലായില്ല, എനിക്കും. കുറെ തവണ അവർ ആംഗ്യ വിക്ഷേപങ്ങളോടെ ആവർത്തിച്ചപ്പോഴാണ് “ ഐ പുട്ട് ഇറ്റ് ഇൻ ഹെർ മൗത് “ എന്നാണു അവർ പറയുന്നതെന്ന് മനസ്സിലായത്.

ഏതു ഇംഗ്ലീഷ് ആണ് നിങ്ങൾ പഠിക്കാൻ ശ്രമിക്കുന്നത്? എത്ര പഠിച്ചാൽ ആണ് നിങ്ങള്ക്ക് ഇംഗ്ലീഷുകാരെ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുക? അല്ലെങ്കിൽ അങ്ങിനെ സംസാരിക്കേണ്ടതുണ്ടോ ? എന്നാണു നിങ്ങളുടെ പ്രൊന്ൻസിയേഷൻ കേട്ട് ചിലപ്പോഴെങ്കിലും അവർ ചിരിയടക്കുന്ന അവസ്ഥയിൽ നിന്ന് മോചിതരാകുക ? എന്നാണു നിങ്ങൾ അഭിമാനത്തോടെ “ഐ കാൻ സ്പീക്ക് യുവർ ലാംഗ്വേജ്. കാൻ യു സ്പീക്ക് എ വേർഡ് ഓഫ് മൈൻ?” എന്ന് തിരിച്ചു ചോദിക്കാൻ പഠിക്കുക.
ഞാൻ ചെയ്തിട്ടുണ്ട്, ചെയ്യാറുണ്ട്. ഒരിക്കൽ സന്ദര്ശനത്തിനായെത്തിയ ഒരു ടിപ്പിക്കൽ ഇംഗ്ലീഷ്കാരൻ ബിസിനസ് ഡയറക്ടർ,ഞാൻ നാട് കേരളമെന്നു പറഞ്ഞപ്പോൾ “ ഓ പുരുഷന്മാർ സ്ത്രീകളെ പോലെ പാവാട ചുറ്റി നടക്കുന്ന സ്ഥലം അല്ലെ “ എന്ന് അപഹസിച്ചു. ഉടൻ തന്നെ “ അതെ നിങ്ങളുടെ നാട്ടിലൊക്കെ പുരുഷന്മാർ അടുത്തിടെ വരെ ഹാഫ് പാവാട ചുറ്റിയിരുന്നത് പോലെ “ എന്ന് മറുപടി പറഞ്ഞപ്പോൾ അയാളുടെ മുഖം അല്പമൊന്നു വിളറി

നമ്മൾ പറഞ്ഞു വന്നത് എന്റെ യുകെ സന്ദർശനത്തെ കുറിച്ചായിരുന്നല്ലോ. അങ്ങിനെ ആദ്യമായി പരിഭ്രാന്തികളോടെ യുകെയിലെത്തിയ എന്നെ സ്വീകരിക്കാനും രണ്ടാഴ്ചക്കാലം രാജ്യം മുഴുവൻ വിവിധയിടങ്ങൾ സന്ദർശിക്കാനായി ഒപ്പം വരാനുമായി അവിടുത്തെ സ്ഥാപനം ഏർപ്പെടുത്തിയിരുന്നത് സുന്ദരിയായ ഒരു ബ്രിട്ടീഷുകാരിയെ ആയിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമാണ് ഞങ്ങൾ അകലെയുള്ള കാർഡിഫ് ഓഫീസ് സന്ദർശനത്തിനായി പോകുന്നത്. എപ്പോഴും മഴ പെയ്യുന്ന കാർഡിഫ് വെയില്സിലാണ്. ലണ്ടനിൽ നിന്ന് പുറപ്പെട്ടു കുറെ മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടൽ ഞാൻ ഞെട്ടിയതു. വായിച്ച കഥകളിലൂടെ, നാടകങ്ങളിലൂടെ , ലേഖനങ്ങളിലൂടെ ഞാനറിഞ്ഞ ഇംഗ്ലീഷുകാരന്റെ നാട്ടിൽ ഷേക്സ്പിയർ ന്റെയും ബെർണാഡ് ഷായുടെയും ചാൾസ് ഡിക്കന്സിന്റെയും, മിൽട്ടന്റെയും എലിയട്ടിന്റെയും നാട്ടിൽ, അതാ റോഡരുകിൽ ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ഒരു റോഡ് സൈൻ. ആദ്യം എനിക്ക് തെറ്റിയതാകുമെന്നു കരുതി, അതാ പിന്നെയും പിന്നെയും. വെൽഷ് ഭാഷയിലുള്ള ബോർഡുകൾ. ഞങ്ങളുടെ സ്റ്റോറിലെത്തിയപ്പോൾ ഫിറ്റിങ് റൂം ( ട്രയൽ റൂം ) എന്നതിന് വേറേതോ ഭാഷയിൽ എന്തോ എഴുതി വെച്ചിരിക്കുന്നു. വെൽഷ് ആണത്രേ വെൽഷ്. ഞാൻ അവിടെയുള്ള ഓരോരുത്തരോടും ( എല്ലാവരും ഇംഗ്ലീഷുകാരാണ്) അത് വായിക്കാൻ ആവശ്യപ്പെട്ടു. ഒരേയൊരു വൃദ്ധ സ്ത്രീക്ക് മാത്രമേ അത് വായിക്കാൻ കഴിയുമായിരുന്നുള്ളൂ. നിയമപരമായി നിര്ബന്ധമാണത്രെ വെൽഷ്, സ്‌കോട്ടിഷ്, ഐറിഷ് പ്രദേശങ്ങളിൽ തങ്ങളുടെ ഭാഷയിലുള്ള ബോർഡുകൾ. പ്രാദേശിക ഭാഷകളെ പ്രൊട്ടക്ട് ചെയ്യാൻ നിങ്ങൾ എന്താകാൻ ശ്രമിക്കുന്നോ, ആരെ അനുകരിക്കാൻ ശ്രമിക്കുന്നോ ആ ബ്രിട്ടീഷുകാരൻ ചെയ്യുന്നതാണത് . ഇംഗ്ലീഷുകാരെ അനുകരിക്കാൻ ശ്രമിക്കുന്ന മലയാളികൾക്ക് അവൻ ചെയ്യുന്നതെങ്കിലും കണ്ടു മലയാളത്തെ സംരക്ഷിക്കുവാനുള്ള, വേണ്ടയിടങ്ങളിൽ മുറുകെപ്പിടിക്കുവാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും തുടങ്ങാവുന്നതാണ്

70030216_10215482190675754_4468557839605956608_n

ഈ കുറിപ്പ് ചാൾസിനെ “ചറൽസ്” എന്നും ഗേൾസിനെ ഗെറൽസ് എന്നും ഉച്ചരിക്കുന്ന എന്റെ സ്‌കോട്ടിഷ് വൈസ് പ്രസിഡന്റിനും, മുറി നിറയെ തിങ്ങി ഞെരുങ്ങി ഇരിക്കുന്ന ഇംഗ്ലീഷുകാരോട് നിർത്തി നിർത്തി ഫ്രഞ്ചിൽ ചിന്തിച്ചു തലയുയർത്തിപ്പിടിച്ചു സാവധാനം ആലോചിച്ചു ഇംഗ്ലീഷിൽ സംസാരിക്കുന്ന ഫ്രഞ്ച് ബോസിനും സമർപ്പിക്കുന്നു

Print Friendly, PDF & Email