EDITORIAL

പി. എസ്. സി. മലയാളം സംസാരിക്കേണ്ടതുണ്ട്.കെ.എ.എസ് ഉൾപ്പെടെ കേരള പി.എസ്.സി യുടെ എല്ലാ പരീക്ഷകളും മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും കൂടി നടത്തുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് പി.എസ്.സി ഓഫീസിനു മുന്നിൽ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പുരോഗമന കലാസാഹിത്യ സംഘം, യുവ കലാസാഹിതി, ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള ദലിത് ഫെഡറേഷൻ, എൻ.ജി. ഒ യൂണിയൻ, ജോയിന്റ് കൗൺസിൽ, ഗ്രന്ഥശാലാ സംഘം, എഫ്.എസ്. ഇ ടി.ഒ തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുന്നു.

ഭരണ പ്രതിപക്ഷ ഭേദമന്യേ കേരളത്തിലെ ജനാധിപത്യ വിശ്വാസികളും പുരോഗമന ജനാധിപത്യ
സംഘടനകളും ഈ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലെത്തുന്നണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ ഒദ്യോഗിക ഭാഷാ ഉന്നതതല സമിതി ഇക്കാര്യത്തിൽ വ്യക്തമായ നിർദ്ദേശം നേരത്തെ തന്നെ പി.എസ്.സിക്ക് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഒന്നുകൂടി ഈ നിലപാട് ആവർത്തിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെ പ്രകടനപത്രികയുടെ ഭാഗം കൂടിയാണ് ഈ വാഗ്ദാനം.

ഈ സമരം മുന്നോട്ടുവെക്കുന്നത് ഒരു ഭാഷാമൗലികവാദമല്ല. ഭാഷകൾക്കെല്ലാം തുല്യാവകാശം വേണമെന്ന, ജനങ്ങളുടെ ഭാഷയിൽ ജനാധിപത്യസംവിധാനങ്ങൾ സംസാരിക്കണമെന്ന അടിസ്ഥാന ജനാധിപത്യസങ്കല്പത്തിൽനിന്നുകൊണ്ടുള്ള അവകാശപ്പോരാട്ടമാണ്. മറ്റ് സംസ്ഥാനങ്ങളിൽ എന്നേ നടപ്പാക്കിയ ഒരു കാര്യം കേരളാ പി എസ് സിക്ക് നടപ്പാക്കാനാവിലെങ്കിൽ അതിനിയും കൊളോണിയൽ ഭൂതം വിടാത്ത ഒരു ജനാധിപത്യഭരണസംസ്കാരം ആർജ്ജിച്ചിട്ടില്ലാത്ത വെറും ബ്യൂറോക്രാറ്റിക് സ്ഥാപനമാണെന്നുപറയേണ്ടിവരും. മലയാളഭാഷയുടെയും മലയാളിയുടെയും അതിജീവനപ്പോരാട്ടം എന്ന നിലയിൽക്കൂടി മലയാളനാട് ഈ സമരത്തിനൊപ്പമാണ്. പി എസ് സി തിരുത്തേണ്ടതുണ്ട് എന്ന് ഞങ്ങൾ പറയുന്നു.

പി എസ് സി പരീക്ഷകൾ മലയാളത്തിലാവേണ്ടതിനെപ്പറ്റി വന്ന ശ്രദ്ധേയമായ കുറിപ്പുകൾ ഇവിടെ ചേർത്തെടുക്കുന്നു. ഈ സമരത്തെ ഓരോ മലയാളിയും തിരിച്ചറിയേണ്ടതുണ്ട്. ഏറ്റെടുക്കേണ്ടതുണ്ട്.


 

69266253_2657650497599483_8059292666774421504_o

എം.ടി.വാസുദേവൻ നായർ

കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് ഉൾപ്പെടെയുള്ള എല്ലാ പി.എസ്.സി.പരീക്ഷകളുടെയും ഉത്തരങ്ങൾ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും എഴുതാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം PSC ഓഫീസിനു മുന്നിൽ 5 ദിവസമായി നിരാഹാര സത്യഗ്രഹം നടന്നു വരികയാണ്. കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്. വർഷങ്ങളായി, ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ മാതൃഭാഷയിലാവണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു വരുന്നു. ഞാനും ONV യും സുഗതകുമാരിയുമൊക്കെ ഈ ആവശ്യങ്ങൾ പല ഘട്ടത്തിലും ഉന്നയിച്ചിരുന്നു.മലയാള നിയമം നിയമസഭ പാസ്സാക്കി.2017 മെയ് മുതൽ ഭരണഭാഷ മലയാളമാക്കി ഉത്തരവു വന്നു.
എന്നാൽ ക്ലാസ്സിക്കൽ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയിൽ, കേരളീയരെ ഭരിക്കാനുള്ള തൊഴിൽ പരീക്ഷ എഴുതാൻ കഴിയില്ല എന്നത് എല്ലാ മലയാളികൾക്കും അപമാനകരമാണ്.
ഇപ്പോൾ നടന്നുവരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. KAS പരീക്ഷയുൾപ്പെടെയുള്ളവ മലയാളത്തിലും കൂടി നടത്താൻ സർക്കാർ PSC ക്ക് നിർദേശം കൊടുക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു .


 

സച്ചിദാനന്ദൻ

കേരളത്തിലെ പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ പരീക്ഷകള്‍ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും നടത്തണം എന്ന തികച്ചും സ്വാഭാവികവും സര്‍ക്കാര്‍ നയത്തിനു അനുയോജ്യവുമായ മിതമായ ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് അഭിവാദ്യങ്ങളും പൂര്‍ണ്ണ പിന്തുണയും. ഇങ്ങിനെ ഒരു സമരം ഇക്കാര്യത്തില്‍ വേണ്ടി വന്നു എന്നത് തന്നെ ലജ്ജാകരമാണ്. സമരം ഉടന്‍ തീര്‍പ്പാക്കുകയും സ്വന്തം ഭാഷാനയം നടപ്പാക്കാനുള്ള സത്യസന്ധതയും മാന്യതയും കാണിക്കുകയും ചെയ്യാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.


69924933_2665512780146588_4795695482678542336_o

സുനിൽ പി. ഇളയിടം

പി.എസ്.സി.യുടെ പരീക്ഷകൾ മലയാളത്തിൽ നടത്തണം എന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം നടക്കുന്നത്.

വാസ്തവത്തിൽ  ഇങ്ങനെയൊരു സമരം ഇപ്പോഴും നടത്തേണ്ടിവരുന്നു എന്നതിനെ ചൊല്ലി കേരളം ലജ്ജിക്കേണ്ടതാണ്.
സ്വാതന്ത്ര്യപ്രാപ്തിക്ക് 72 വർഷം തികഞ്ഞു.
ഭരണഭാഷ മലയാളമാണെന്ന് ഔദ്യോഗിക പ്രഖ്യാപനവും നടന്നു.
എന്നിട്ടും തൊഴിൽ പരീക്ഷകൾ മാതൃഭാഷയിൽ നടത്തിക്കിട്ടാൻ മലയാളികൾക്ക് ഒരു ഭരണഘടനാ സ്ഥാപനത്തിനു മുന്നിൽ ഇപ്പോഴും പട്ടിണികിടക്കേണ്ടി വരുന്ന സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്!

ഭരണഭാഷ മലയാളമാകണമെന്ന് സർക്കാർഉറപ്പിച്ചു പറയുന്നുണ്ട്.
സർക്കാർ നയം ഭരണം മലയാളത്തിൽ എന്നതാണ്. പി. എസ്.സി. മാനിക്കാത്തതും അതിനെയാണ്.
സർക്കാരും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഉടനടി ഇടപെടണം.

മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം മറ്റെല്ലാത്തിനുമപ്പുറം ഒരു ജനതയുടെ സ്വാധികാരത്തിനു വേണ്ടിയുള്ള സമരമാണ്.
അത് തിരിച്ചറിയാത്ത ഒരു ജനാധിപത്യവും അർത്ഥവത്താവില്ല.


 

പി. രാമൻ

ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മാതൃഭാഷക്കു വേണ്ടി ഒരു സമരം നടക്കുകയാണ്. പി. എസ്.സി.പോലുള്ള പരീക്ഷകളിൽ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും കൂടി ചോദ്യങ്ങൾ തയ്യാറാക്കണം എന്ന പ്രത്യക്ഷമായ ഒരാവശ്യത്തിനു വേണ്ടിയാണ് ഈ സമരം. എന്റെ പ്രിയ സുഹൃത്ത് എൻ.പി.പ്രിയേഷും രൂപിമയും മൂന്നു ദിവസമായി നിരാഹാരത്തിലാണ്.

മാതൃഭാഷയോട് ഇത്ര അവഗണന കാണിക്കുന്ന സമൂഹം ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണ്. നിവൃത്തികേടുകൊണ്ടാണ് ഈ ഭാഷ പേറുന്നത് എന്ന മട്ടിലാണ് പൊതുവേ പെരുമാറ്റം. വീട്ടുകാര്യങ്ങൾ പറയാനും മറ്റുള്ളവരെ തെറി വിളിക്കാനും അല്പസ്വല്പം സാഹിത്യകാര്യങ്ങൾക്കും മാത്രം പറ്റിയ ഭാഷയെന്ന് സ്വന്തം മാതൃഭാഷയെ താഴ്ത്തിക്കെട്ടിയ നിലയാണ്. വൈജ്ഞാനിക കാര്യങ്ങൾക്കോ രാജ്യ കാര്യങ്ങൾക്കോ ആപ്പീസുകാര്യങ്ങൾക്കോ വിദ്യാഭ്യാസ കാര്യങ്ങൾക്കോ ഉപജീവനത്തിനോ മാതൃഭാഷ ഉതകില്ല എന്ന ഉറച്ച തീരുമാനത്തിലെത്തിയവരാണ് മലയാളികൾ.നാട്ടിൽ പണിയെടുത്തു ജീവിക്കേണ്ടവരല്ല, പുറത്തു പോയി ജീവിക്കേണ്ടവരാണ് എന്ന സങ്കല്പത്തിലാണ് മലയാളികൾ കുട്ടികളെ പഠിപ്പിച്ചു വളർത്തുന്നത്.(വൃദ്ധസദനങ്ങളെക്കുറിച്ചുള്ള കണ്ണീര് മുതലക്കണ്ണീരു മാത്രം.) ഇതെല്ലാം കൊള്ളാം. ആത്മബോധമില്ലാത്ത ഒരു ജനതയിൽ നിന്ന് ലോകത്തിനൊരു നേട്ടവും പ്രതീക്ഷിക്കാനില്ലെന്നു മാത്രം.

ഈ പൊതു അവബോധത്തിനെതിരായ പ്രതിരോധ പ്രവർത്തനമാണ് മലയാള ഐക്യവേദി ഉൾപ്പെടുന്ന ഐക്യമലയാള പ്രസ്ഥാനം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.ആ ശബ്ദം ജനകീയ സർക്കാരുകൾ കേട്ടിട്ടുമുണ്ട്. സർക്കാരിന്റെ മാതൃഭാഷാ നയത്തെ മാനിക്കാത്ത പി.എസ്.സി. തീരുമാനങ്ങളെ നിയന്ത്രിക്കാൻ സർക്കാരിനു കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാൽ ഇത് മലയാള ഭാഷയും സാഹിത്യവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെ മാത്രം പ്രശ്നമല്ലെന്ന് നമ്മുടെ പൊതു സമൂഹം എന്നാണ് തിരിച്ചറിയുക? മലയാളത്തിനു വേണ്ടി ശബ്ദമുയർത്തിയാൽ ഉടനെ അത് ഇംഗ്ലീഷിനോ മറ്റേതെങ്കിലും ഭാഷക്കോ എതിരാണ് എന്ന തരത്തിലാണ് പലരുടേയും തെറ്റായ പ്രചരണം. ഇംഗ്ലീഷും മറ്റു ഭാഷകളും ഏറ്റവും നല്ല രീതിയിൽ സ്കൂളുകളിൽ പഠിപ്പിക്കണം എന്നതു തന്നെയാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നിലപാട്. മലയാളം എന്നതല്ല, മാതൃഭാഷ എന്നതാണ് പരിഗണനീയം എന്ന ദിശാബോധത്തോടെത്തന്നെയുള്ളവയാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നിലപാടുകൾ എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.മലയാളത്തിന്റെ പിടിയിൽ ഞെരിയുന്ന ന്യൂനപക്ഷ ഗോത്രഭാഷകൾക്കു വേണ്ടിയുള്ള ശബ്ദവും അതുയർത്തുന്നുണ്ട്.

സർക്കാർ തീരുമാനങ്ങളുടെ അന്തസ്സത്തപോലും താഴെത്തട്ടിൽ അട്ടിമറിയ്ക്കപ്പെടുന്നുണ്ട്. മലയാളം ഒന്നാംഭാഷയാക്കി.എന്നാൽ,ഇതിന്റെ ഗുണഫലം നമ്മുടെ കുട്ടികൾക്കു കിട്ടിയോ?പല സി ബി എസ് സി സ്കൂളുകളും സർക്കാരിനെ ശപിച്ചു കൊണ്ട് മലയാളം പേരിനു പഠിപ്പിക്കാൻ നിർബന്ധിതമായിട്ടുണ്ട് എന്നു കേൾക്കുന്നു. മലയാളം ഒന്നാംഭാഷയാക്കിയതിനു മറുപടിയായി പല സർക്കാർ സ്കൂളുകളിൽ പോലും ഇപ്പോൾ നടന്നുവരുന്നത് സ്കൂൾ പി.ടി.എ കളുടെ താല്പര്യത്തോടെ ഇംഗ്ലീഷ് മീഡിയ വൽക്കരണ മാണ്. കുട്ടികളുടെ എണ്ണം തികയ്ക്കാൻ അതേ വഴിയുള്ളത്രെ.

കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ഹയർ സെക്കന്ററിയിൽ മലയാളം പഠിപ്പിക്കുന്ന ഒരധ്യാപകൻ എന്ന നിലയിൽ നിലവിലെ വ്യവസ്ഥ എനിക്കു തന്നിട്ടുള്ളത് അപകർഷതാബോധം മാത്രമാണ്. മാതൃഭാഷ രണ്ടാം ഭാഷയാണ്, മുഖ്യവിഷയങ്ങൾക്കിടയിലെ കോമാളി വിഷയമാണ് എന്നതാണ് നില.കുട്ടി പഠിച്ചാലും പഠിച്ചില്ലേലും നൂറിൽ നൂറു മാർക്കും കൊടുക്കാൻ തൊഴിലുറപ്പിന്റെ പേരിൽ അധ്യാപകൻ നിർബന്ധിതമായ വിഷയമാണ്.അങ്ങനെ അപ്രധാനമായ രണ്ടാം ഭാഷ തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും കുറച്ചു പഠിക്കാനുള്ളതും കുറച്ചു മാത്രം എഴുതാനുള്ളതുമായ ഭാഷയാണ് കുട്ടിയെക്കൊണ്ട് സമൂഹം തെരഞ്ഞെടുപ്പിക്കുക.ഗോത്ര ഭാഷാ മേഖലകളിൽ നിന്നുള്ള കുട്ടികൾക്കാകട്ടെ അവരുടെ മാതൃഭാഷ പഠിക്കാനുള്ള ഒരവസരവും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ നൽകുന്നുമില്ല. വർത്തമാനകാലത്തെ അഭിമുഖീകരിക്കാൻ മലയാളത്തിനു വലിയ ശേഷിയുണ്ടെന്നതിന്റെ അടയാളമായി സൈബറിടങ്ങളിൽ വൻതോതിൽ പ്രചരിച്ചു വരുന്ന കാലത്തു തന്നെയാണ് മലയാളം വൈജ്ഞാനിക രംഗത്ത് അസമർത്ഥമാണ് എന്ന പ്രചാരണവുമുയരുന്നത്.

പത്താംതരം വരെ മലയാളം പഠിപ്പിക്കാത്ത സർക്കാർ വിദ്യാലയങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. ഉദാഹരണം ഞാൻ പഠിപ്പിക്കുന്ന വിദ്യാലയം തന്നെ – ഗവ. ഓറിയൻറൽ ഹയർ സെക്കന്ററി സ്കൂൾ, പട്ടാമ്പി. മഹാകവി പി.കുഞ്ഞിരാമൻ നായർ, വിദ്വാൻ പി. കേളു നായർ, ജി.കെ.എൻ, കല്ലന്മാർ തൊടി, കെ.പി.നാരായണ പിഷാരോടി, കുട്ടികൃഷ്ണമാരാര്, സി.എസ്.നായർ, ചെറുകാട്, വിഷ്ണുനാരായണൻ നമ്പൂതിരി, സുധാകരൻ തേലക്കാട് തുടങ്ങി എത്രയോ പ്രഗൽഭരായ സാഹിത്യകാരന്മാർ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത ഈ വിദ്യാലയത്തിൽ ഇപ്പോൾ ഓറിയന്റൽ സ്കൂൾ ചട്ടമനുസരിച്ച് അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിൽ മലയാളം പഠിപ്പിക്കുന്നില്ല.മലയാളത്തിന് പിരീഡോ പരീക്ഷയോ അധ്യാപകരോ ഇല്ല.

ഈ പ്രശ്നം മലയാള ഭാഷാ സാഹിത്യ കുതുകികളുടേതല്ലെന്നും പൊതു സമൂഹത്തിന്റേതാണെന്നും തിരിച്ചറിയപ്പെടുമെന്ന പ്രത്യാശയോടെ, സെക്രട്ടറിയറ്റ് പടിക്കലെ സമരഭടർക്ക് അഭിവാദ്യങ്ങളർപ്പിക്കട്ടെ.


70410308_2450441321743976_2943067537186750464_n

ഡോ. പി സുരേഷ്

1928ലാണ് കൊച്ചി നിയമസഭയിലേക്ക് സഹോദരൻ അയ്യപ്പൻ തെരഞ്ഞെടുക്കപ്പെടുന്നത്. നിയമസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് അയ്യപ്പനായിരുന്നു. “മിസ്റ്റർ അയ്യപ്പൻ എന്തുകൊണ്ടാണ് ഇംഗ്ലീഷിൽ പറയാത്തത് ” എന്ന ദിവാൻജിയുടെ ചോദ്യത്തിന് “ബോംബ് മലയാളത്തിലായാലും ബോംബാണല്ലോ!” എന്നായിരുന്നു എം.കെ.രാമന്റെ മറുപടി. പിന്നീട് പല അംഗങ്ങളും മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി. ഭരണഭാഷ മലയാളമാകേണ്ടതിനെപ്പറ്റി സഹോദരൻ ശക്തമായി വാദിച്ചിരുന്നു.
അദ്ദേഹത്തിന്റെ ‘മലയാളഭാഷയുടെ അഭിവൃദ്ധിമാർഗ്ഗം ‘ എന്ന ലേഖനത്തിന് ദശകങ്ങൾക്കു ശേഷവും പ്രസക്തി നഷ്ടപ്പെടുന്നില്ല. ലേഖനത്തിൽ സഹോദരൻ പറയുന്നതു കാണുക:
*മലയാളികൾ പാണ്ഡിത്യം നേടുന്നത് മലയാളത്തിൽ കൂടിയല്ല. അതിനാൽ തന്നെ മലയാളത്തിൽ ഫലിക്കുവാനും മാർഗ്ഗമില്ല. ഭാഷയുടെ അഭിവൃദ്ധി അത് സംസാരിക്കുന്ന ജനങ്ങളുടെ അഭിവൃദ്ധി അതിൽ പ്രതിഫലിച്ചിട്ടാണ്. മലയാളികളുടെ സർക്കാർ ഭാഷയും വിദ്യാഭ്യാസഭാഷയും പ്രധാനമായി മലയാളമല്ലാതായതാണ് ഇതിനു കാരണം. മലയാളികളുടെ വിദേശഭാഷാടിമത്വം കൊണ്ടാണിതിന് മാറ്റം വരാത്തത്.
*മലയാളികളെ ഭരിക്കുന്ന ഗവൺമെന്റിന്റെ ആഭ്യന്തരകാര്യത്തിലുള്ള എഴുത്തുകുത്തുകൾ ഇംഗ്ലീഷിൽ തന്നെ വേണമെന്ന് വെച്ചിരിക്കുന്നത് അനാവശ്യവും ദോഷകരവുമാണ്.മലയാളത്തിൽ വിദ്യാഭ്യാസം സിദ്ധിച്ചവർ ഉദ്യോഗത്തിലിരിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുകയും വഴി ഗവൺമെന്റിന്റെ ഭരണം കാര്യക്ഷമമാവുന്നു. മേൽക്കോയ്മയുമായുള്ള എഴുത്തുകൾ മാത്രമേ പ്രധാനമായി ഇംഗ്ലീഷിൽ നടത്തേണ്ട കാര്യമുള്ളൂ.
*കോടതികളിലെ ജഡ്ജുമെന്റുകളും നിയമസഭകളിലെ നടപടികളും മലയാളത്തിലാവുന്നത് മലയാളഭാഷയുടെ ശ്രേയസ്സ് വർധിപ്പിക്കുന്നു.
*മലയാളം വിദ്യാഭ്യാസഭാഷയാക്കുന്നതിനു പ്രധാനമായി വിഷമം പറയുന്നത് ഉയർന്ന വിദ്യാഭ്യാസത്തിനു പറ്റിയ വിജ്ഞാനസമ്പത്ത് മലയാളത്തിൽ ഇല്ല എന്നതാണ്. ഭാഷയിൽ വിജ്ഞാന സമ്പത്ത് കുറവാണെങ്കിൽ അത് വർദ്ധിപ്പിക്കാൻ ശ്രമിക്കുകയല്ലാതെ ഭാഷ എന്നെന്നേക്കും അങ്ങനെ കിടക്കാൻ അനുവദിക്കുകയല്ല വേണ്ടത്.
*ബഹുജനങ്ങളുടെ വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസം വഴി ബഹുജനങ്ങളുടെ അഭിവൃദ്ധിയെയും ആഗ്രഹിക്കുന്നവരെല്ലാം വിദ്യാഭ്യാസം മാതൃഭാഷയിലാക്കാൻ ശ്രമിക്കുന്നവരാണ്.ജനങ്ങളുടെ ഇടയിൽ ഏതാനും പേർക്കു മാത്രമേ വിദ്യാഭ്യാസവും സംസ്കാരവും സാധിക്കുകയുള്ളുവെന്നും ആവശ്യമുള്ളുവെന്നുമുള്ള പിഴച്ച ആദർശം വെച്ചുകൊണ്ടിരിക്കുന്ന ഗവൺമെന്റുകളും ജനങ്ങളുമാണ് മാതൃഭാഷയെ അഭിവൃദ്ധിപ്പെടുത്തുകയും വിദ്യാഭ്യാസവും സർക്കാർ നടപടികളും മാതൃഭാഷയിലാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സാധാരണ മനസ്സിലാക്കാത്തത്…

നോക്കൂ: സഹോദരൻ അയ്യപ്പന്റെ നൂറ്റിമുപ്പതാം ജന്മവർഷത്തിലും നമുക്ക് ഇതേ ആവശ്യങ്ങൾക്കായി തെരുവിൽ സമരം ചെയ്യേണ്ടി വരുന്നു. അതും ഭരണഭാഷ മലയാളമാണെന്ന് ഉത്തരവുള്ള; മലയാള പഠന നിയമം നിലവിലുള്ള ; മലയാളത്തിന് ക്ലാസ്സിക് പദവി ലഭിച്ച ഒരു സംസ്ഥാനത്ത്!
മലയാളികൾക്കുള്ള മത്സര പരീക്ഷകൾ മലയാളത്തിൽ നടത്തുക എന്ന മാതൃഭാഷാവകാശത്തിന് വേണ്ടി മലയാള ഐക്യവേദിയുടെ പ്രിയേഷിനും രൂപിമയ്ക്കും പട്ടിണി കിടക്കേണ്ടി വരുന്നു….
കേരളമേ, ഇത് നിനക്കു വേണ്ടിയുള്ള സമരമാണ്. നാരായണ ഗുരുവും അയ്യങ്കാളിയും സഹോദരനും ഉയർത്തിപ്പിടിച്ച നവകേരള സങ്കല്പത്തിനു വേണ്ടിയുള്ള സമരമാണ്…
കേരളം ഒറ്റക്കെട്ടായി പ്രതികരിച്ച് PSC യുടെ കണ്ണ് തുറപ്പിക്കണം.
#KAS ഉൾപ്പെടെ PSC യുടെ എല്ലാ മത്സര പരീക്ഷകളും മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും എഴുതാൻ അനുവദിക്കുക.
# സർക്കാറിന്റെ ഭാഷാ നയം PSC അംഗീകരിക്കുക.


 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നതെന്നു മനസ്സിലാക്കുന്നു. സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അങ്ങേയറ്റം പ്രതിഷേധാർഹമായ ഈ സമീപനം തിരുത്തുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഐ.എ.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിർവഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി എന്താണെന്നു മനസ്സിലാവുന്നില്ല. ഭരണ നിർവഹണവുമായി ബന്ധപ്പെട്ട തസ്തികകളിൽ ഇംഗ്ലീഷ് പരിജ്ഞാനം അളക്കേണ്ടതുണ്ടെങ്കിൽ അതിന് അത്തരം ചോദ്യങ്ങളുൾപ്പെട്ട ഒരു ഭാഗം പരീക്ഷയിൽ ഉൾപ്പെടുത്തിയാൽ മതിയാകും.

ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിക്കുമ്പോഴും കേരള പി.എസ്.സിക്ക് അതു സ്വീകാര്യമല്ലായെന്നത് ഖേദകരമാണ്. വിദ്യാഭ്യാസത്തിലും ഭരണനിർവഹണത്തിലും മാതൃഭാഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന സമൂഹങ്ങളാണ് വിദ്യാഭ്യാസ – സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍നിരയില്‍ എന്നത് ശ്രദ്ധേയമാണ്. ഭരണം സുതാര്യവും ജനങ്ങൾക്കു കൂടുതൽ പ്രയോജനപ്രദവുമാകുന്നതിന് ഭരണ നിർവഹണം ജനങ്ങളുടെ ഭാഷയിലാവണമെന്നത് കേരള സർക്കാർ നിയോഗിച്ചിട്ടുള്ള എല്ലാ ഭരണപരിഷ്കാരക്കമ്മീഷനുകളും ഒരേ സ്വരത്തിൽ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശമാണ്. ബിരുദതലംവരെ മാതൃഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം കേരളത്തിലുണ്ട്. ബിരുദം അടിസ്ഥാന യോഗ്യതയായ ഉദ്യോഗ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളിൽ ആ അവസരം നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയ്ക്ക് എതിരും മനുഷ്യാവകാശ ലംഘനവുമാണ്. പൊതു വിദ്യാലയങ്ങളില്‍ പോലും ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകള്‍ വര്‍ധിക്കുന്ന പ്രവണത നിലനില്‍ക്കുമ്പോള്‍ അതിനാക്കം കൂട്ടാന്‍ മാത്രമേ പി.എസ്.സി. യുടെ ഈ നിലപാട് സഹായിക്കൂ.

ആയതിനാല്‍, പ്രത്യേക ഭാഷയിലുള്ള പരിജ്ഞാനം അളക്കുന്നതിനുള്ള തൊഴികെ,
കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകളടക്കം,
പി.എസ്.സി. നടത്തുന്ന എല്ലാ പരീകളും മലയാളത്തിലും കേരളത്തിലെ കന്നഡ, തമിഴ് എന്നീ ചെറു വിഭാഗങ്ങളുടെ ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കാൻ തയ്യാറാകണമെന്ന് കേരള പി.എസ്.സി.യോടും ഇതിനാവശ്യമായ ഇടപെടൽ നടത്തണമെന്ന് കേരള സര്‍ക്കാരിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.


 

70325374_2668497036514829_437136449922400256_o

പി.എസ് രാജശേഖരൻ:

”ലോകത്ത് ഇന്ന് നിലവിലുള്ള ഏഴായിരത്തോളം സജീവ ഭാഷകളിൽ ഒരു കോടി ജനങ്ങളെങ്കിലും സംസാരിക്കുന്നവ കഷ്ടിച്ചു തൊണ്ണൂറോളം മാത്രം. ആഗോളവൽക്കരണത്തിന്റയും സാംസ്കാരിക അധിനിവേശത്തിന്റയും ഈ കാലത്ത് നിരവധി ഭാഷകൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് സാമൂഹ്യശാസ്ത്രജ്ഞരും ഭാഷാശാസ്ത്രജ്ഞരും നിരീക്ഷിച്ചിട്ടുണ്ട്.
പ്രമുഖ ഭാഷാശാസ്ത്രജ്ഞനും ചിന്തകനുമായ ഡേവിഡ് ക്രിസ്റ്റൽ ഒരു ഭാഷ നശിച്ചു പോകുന്നത് മൂന്നു കാരണങ്ങളാലാണെന്ന് വിലയിരുത്തുന്നു.
1. ഒരു ഭാഷ സംസാരിക്കുന്ന സകലരും മരിച്ചു പോകുമ്പോൾ. ഇംഗ്ലീഷ് ചാനലിലെ ഒരു ദ്വീപിൽ മാൻക്സ് എന്നൊരു ഭാഷ ഉണ്ടായിരുന്നു. മാൻക്സ് ഭാഷയിലെ അവസാനത്തെ ഭാഷി 1957 മരിച്ചതോടെ ആ ഭാഷയും മൃതിയടഞ്ഞു.

  1. പുതിയ തലമുറ മാതൃഭാഷ തങ്ങളുടെ ജീവിതോപാധികൾക്ക് ഉപകരപ്പെടുന്നില്ലെന്ന് തീരുമാനിച്ച് അതിനെ കയ്യൊഴിയുമ്പോൾ.

3.ഒരു ജനതയുടെ മേൽ അധീശത്വം സ്ഥാപിച്ച് മറ്റൊരു ഭാഷ അധികാരകേന്ദ്രം ആയി മാറുമ്പോൾ.

ഏതാണ്ട് മൂന്നു കോടി എഴുപത് ലക്ഷം ആളുകളുടെ മാതൃഭാഷയായ മലയാളം, സംസാരിക്കുന്ന ആളുകളുടെ എണ്ണം നോക്കിയാൽ ലോകത്ത് 30 നും 35 നും ഇടയിൽ സ്ഥാനമുള്ള ഭാഷയാണ്. അതുകൊണ്ട് ആദ്യം പറഞ്ഞ കാരണത്താൽ മലയാളഭാഷ ഉടനെങ്ങും നശിച്ചുപോകും എന്ന ആശങ്ക വേണ്ട. എന്നാൽ രണ്ടും മൂന്നും കാരണങ്ങൾ മലയാള ഭാഷയുടെ നിലനിൽപ്പിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നവയാണ്. ഭാഷ നിലനിൽക്കണമെങ്കിൽ അത് തങ്ങളുടെ ജീവിതോപാധിക്ക് ഉതകുന്നതാകണം എന്ന് ജനങ്ങൾക്ക് ബോധ്യമാകണം. ഭാഷയ്ക്ക് നിരവധി വ്യവഹാര മണ്ഡലങ്ങൾ ഉണ്ട്. ഭരണനിർവഹണം, വിദ്യാഭ്യാസം, സാഹിത്യ – കലാ സ്വാദനം എന്നിവയെല്ലാം അവയിൽ പെടുന്നു. ഇതിൽ പലതിലും മലയാളത്തിന്റ ഉപയോഗക്ഷമത കുറഞ്ഞു വരുന്നതായാണ് കാണുന്നത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇംഗ്ലീഷ് മീഡിയത്തിന്റെ അതിപ്രസരമാണ്. സമ്പൂർണ്ണമായ വ്യക്തിത്വവികാസത്തിന് അധ്യയനം മാതൃഭാഷയിൽ ആവണമെന്നത് ഭാഷാശാസ്ത്രജ്ഞരും വിദ്യാഭ്യാസവിദഗ്ധരുമെ
ല്ലാം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ ഇതിനു വിരുദ്ധമായ പൊതുബോധമാണ് ഇന്ന് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ശക്തിപ്രാപിക്കുന്നത്. കൂനിൻമേൽ കുരുവെന്ന പോലെ, നിലവിൽ മലയാളം മാധ്യമമായി പഠിക്കുന്നവരെപ്പോലും അതിൽ നിന്നു പിന്തിരിപ്പിക്കുന്ന സമീപനം നാടിനു വലിയ തിരിച്ചടിയാകും. നിർഭാഗ്യവശാൽ അത്തരമൊരു സമീപനമാണ് പി.എസ്. സി. അധികൃതരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പത്താം തരത്തിലും ഹയർ സെക്കണ്ടറിയിലും ബിരുദതലത്തിൽ പോലും മലയാളത്തിൽ പരീക്ഷ എഴുതാമെന്നിരിക്കെ അവ അടിസ്ഥാന യോഗ്യതയായി വരുന്ന തൊഴിൽ പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ലഭിക്കാനോ ഉത്തരങ്ങൾ മലയാളത്തിൽ എഴുതാനോ കഴിയില്ലെന്നത് അങ്ങേയറ്റം പ്രതിലോമകരമായ നിലപാടാണ്.
മലയാള (മാതൃ) ഭാഷയിൽ അധ്യയനം നടത്തുന്നവരോടുള്ള വിവേചനമാണിത്.

ഇതിനു വെറും സാങ്കേതികന്യായങ്ങളേ പി.എസ്.സി.ക്ക് പറയാനുള്ളൂ. ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ചോദ്യങ്ങൾ മലയാളത്തിലും തമിഴിലും കന്നഡയിലും പരിഭാഷപ്പെടുത്തുന്നത് അവയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താനിയിടയാക്കുമെന്ന്. ചോദ്യങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കുമ്പോൾ രഹസ്യസ്വഭാവം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുമെങ്കിൽ തർജമയിലും അതു സംരക്ഷിക്കാൻ എന്താണു തടസ്സം? ഇതുവെറും മുടന്തൻന്യായം മാത്രം.

ഭരണഭാഷ സംബന്ധിച്ച ശുപാർശകൾക്കായി1957 ലെ ഇ എം എസ് സർക്കാർ നിയമിച്ച കോമാട്ടിൽ അച്യുതമേനോൻ കമ്മിറ്റി മുതൽ തുടർന്നിങ്ങോട്ടു നിയമിക്കപ്പെട്ട എല്ലാ സമിതികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഭരണം ജനങ്ങളുടെ ഭാഷയിലാകണമെന്നാണ്. ഇപ്പോഴത്തെ സർക്കാരാകട്ടെ ഭരണഭാഷ മലയാളമാക്കുന്നതിനും സ്കൂളുകളിൽ മലയാളഭാഷ നിർബന്ധമായി പഠിപ്പിക്കുന്നതിനും ആവശ്യമായ നയസമീപനങ്ങളും ശക്തമായ നടപടികളും സ്വീകരിച്ചു വരികയുമാണ്. അതിനു കടകവിരുദ്ധമായ സമീപനം പി.എസ്.എസി. അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് അത്ഭുതപ്പെടുത്തുന്നു. ജനങ്ങളുടെ ഭാഷയിൽ ഭരണം നടത്താനുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന പരീക്ഷയിൽ ആ ഭാഷയ്ക്ക് അയിത്തം കൽപ്പിച്ചാൽ ഭരണഭാഷാമാറ്റം എങ്ങനെ സുഗമമാകും? കുടുതലും സാധാരണക്കാരായ ആളുകളാവും ഈ വിവേചനത്തിന്റെ ഇരകൾ. ആയതിനാൽ സാമൂഹിക നീതിക്കെതിരായ തീരുമാനം കൂടിയാണിത്.

ചുരുക്കത്തിൽ, സുഗമവും സുതാര്യമായ ഭരണനിർവഹണം, മാതൃഭാഷയുടെ നിലനിൽപ്, സാമൂഹിക നീതി ഉറപ്പാക്കൽ, അവസരതുല്യത ഉറപ്പാക്കൽ തുടങ്ങി ഏതുകാരണമെടുത്താലും പി.എസ്. സി.യുടെ ഈ നിലപാട് തിരുത്തപ്പെടേണ്ടതാണ്. അത് എത്രയും വേഗം ചെയ്ത്, ഉപവാസമനുഷ്ഠിക്കുന്നവരുടെ ജീവൻ രക്ഷിക്കാനും പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള സാഹചര്യമൊരുക്കാനും പി.എസ്.സി. തയ്യാറാകണം.”


 

  ഡോ. പി.പി.പ്രകാശൻ

‘കുറുനരി എത്ര ഓരിയിട്ടാലും കുറുക്കനാകില്ല ‘

ചേച്ചിയുടെ മകൻ അങ്കൻവാടിയിൽ പഠിക്കുന്ന കാലം. ഞങ്ങളുടെ ഒരു കുടുംബ സുഹൃത്ത് അവനൊരു ബാലപാഠം വാങ്ങിക്കൊടുത്തു. വർണ്ണചിത്രങ്ങൾ നിറഞ്ഞ ബാലപാഠം അവൻ എന്നും കൗതുകത്തോടെ മറിച്ചു നോക്കും. അമ്മയ്ക്ക് എഴുതാനും വായിക്കാനുമറിയില്ലെങ്കിലും അമ്മ എന്നും അവന് ബാലപാഠത്തിലെ ചിത്രങ്ങൾ കാട്ടിക്കൊടുക്കുമായിരുന്നു. ഒരു ദിവസം അതിലെ ചിത്രങ്ങൾ അമ്മ അവന് ശ്രദ്ധാപൂർവ്വം പരിചയപ്പെടുത്തുകയായിരുന്നു. കുറുക്കന്റെ ചിത്രം ചൂണ്ടി അമ്മ അവനെക്കൊണ്ട് ‘ കുറുക്കൻ’ എന്ന് ഉറക്കെ പറയിച്ചു. അവൻ ഉറക്കെപ്പറഞ്ഞു…’ കുറുക്കൻ. ‘ ഇടയ്ക്കെപ്പൊഴോ അച്ഛൻ അവർക്കിടയിലേക്ക് കയറി വന്ന് കുറുക്കന്റെ താഴെ എഴുതിയ പദം വായിച്ച് കൊണ്ട് കുട്ടിയോട് പറഞ്ഞു…’എടാ അത് കുറുക്കനല്ല, താഴെ എഴുതിയത് വായിക്ക്.. അത് കുറുനരിയാണ്… പറയൂ… കുറുനരി…’ ചെക്കൻ ഉറക്കെപ്പറഞ്ഞു…’കുറുനരി…’ കുറുക്കന്റെ ചിത്രത്തിൽ ആവർത്തിച്ച് നോക്കിയ അമ്മ ഞൊടിയിടയിൽ അച്ഛനെ തിരുത്തി… ‘മോനേ.. അത് കുറുനരിയും കരിനരിയുമൊന്നുമല്ല.. കുറുക്കനാ…’ എഴുതാനും വായിക്കാനുമറിയുന്നതിന്റെ അഹങ്കാരത്തിൽ അച്ഛൻ അമ്മയെ പരിഹാസത്തോടെ നോക്കി.. എന്നിട്ട് ഒന്നുകൂടി ഉറക്കെപ്പറഞ്ഞു ….’എടാ.. അക്ഷരാഭ്യാസമില്ലാത്തവർ പലതും പറയും.. അത് കുറുക്കനല്ല, കുറുനരിയാണ്. അഭിമാന ക്ഷതം വന്ന അമ്മ വർദ്ധിതവീര്യത്തോടെ അച്ഛനെ വീണ്ടും തിരുത്തി… ‘ആ ചിത്രം കണ്ടാലറിയില്ലേ.. മോനേ അത് കുറുക്കനാണ്’.. അച്ഛൻ അര ഇഞ്ചിന് വിടുന്ന മട്ടില്ല. ‘എടാ താഴെ എഴുതിയത് വായിക്ക്… അത് കുറുനരിയാണ് ‘ ‘താഴെ എഴുതിയത് എന്തായാലും ആ ചിത്രം കുറുക്കന്റേതാണ്.’ അമ്മ പറഞ്ഞുറപ്പിച്ചു. അച്ഛൻ കട്ടയ്ക്ക് വിടാൻ ഭാവമില്ല… ചെക്കൻ ‘കുറുക്കൻ … കുറുനരി.. കുറുക്കൻ.. കുറുനരി’ എന്നിങ്ങനെ മാറി മാറി പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ മറ്റുള്ളവരെല്ലാം അച്ഛന്റെ എഴുത്തറിവിനോടൊപ്പം നിന്നപ്പോൾ, അപമാനിതയായ അമ്മ അമ്മവീട്ടിലേക്ക് പിണങ്ങിപ്പോയി. ഞങ്ങളാകെ ധർമ്മസങ്കടത്തിലായി. കുറുക്കന് താഴെ കുറുനരി എന്ന് അച്ചടിച്ചു വെച്ച ബാലപാഠക്കാരനെ ഞങ്ങൾ മനസ്സ് കൊണ്ട് ശപിച്ചു…….വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ട്രെയിനിൽ വെച്ച് ഒരാൾ ബാലപാഠം വേണോ എന്ന് ചോദിച്ച് എന്റടുത്ത് വന്നു. ഞാൻ വാങ്ങി വേഗം മറിച്ചു നോക്കി.. കുറുക്കന്റെ താഴെ ഇപ്പൊഴും കുറുനരി എന്നച്ചടിച്ചു വെച്ചിട്ടുണ്ട്. എത്ര കുടുംബങ്ങളിൽ കുടുംബ കലഹങ്ങളുണ്ടാക്കിയിട്ടുണ്ടാകും എന്ന് ഞാൻ മനസ്സിൽ ഓർത്തു. ഒടുവിൽ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കാലത്ത് എഴുത്തും വായനയും പഠിച്ചിട്ടു പോലും കുറുക്കൻ കുറുനരിയാണെന്ന് അമ്മ സമ്മതിച്ചിട്ടില്ല. ഭാഷയുടെ പെരുമാറ്റ രീതി ഇത്രമേൽ അപകടകരമാണെന്ന് അന്നുതൊട്ടേ എനിക്ക് തിരിഞ്ഞു കിട്ടിയിരുന്നു. നമ്മൾ പ്രയോഗിക്കുന്ന ഒരോ വാക്കും കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അത് ജീവിതാനുഭവങ്ങളുടെ നേർരേഖയാണെന്നും മനസ്സിലാക്കുമ്പോഴാണ് ഭാഷയുടെ രാഷ്ട്രീയം നമുക്ക് മനസ്സിലാകുക. കുറുക്കനും കുറുനരിയും തമ്മിലുള്ള പ്രാദേശികമായ വകഭേദം വെറും വാക്കുകൾ തമ്മിലുള്ള വെച്ചു മാറ്റമല്ല. ഭാഷ നൽകുന്ന അനുഭവങ്ങളുടെ സഞ്ചയം അതിലുണ്ട്. ഇത് കേവലം വാമൊഴിയും വരമൊഴിയും തമ്മിലുള്ള സംഘർഷവുമല്ല. കണ്ടും കേട്ടും അനുഭവിച്ചും പരിചയിച്ച അനുഭവലോകമാണ് ഓരോ വാക്കും പ്രതിനിധീകരിക്കുന്നത്. കുറുക്കൻ എന്ന വാക്കുണ്ടാക്കുന്ന വിചാര ലോകം കുറുനരി എന്ന വാക്കിലൂടെ ഒരിക്കലും ഉണ്ടാകുന്നില്ല. അക്ഷരമറിയാമെന്ന അഹംബോധത്തിനു പോലും മറികടക്കാനാകാത്ത വിധം ശക്തവും വികാരപരവുമാണ് ഭാഷയുടെ ഈ പെരുമാറ്റ രീതി. അത് സൃഷ്ടിക്കുന്ന പലതരം സങ്കല്പനങ്ങളിൽ നിന്നാണ് ഓരോ മനുഷ്യനും അവരുടെ ലോകബോധം നിർമ്മിച്ചെടുക്കുന്നത്.
ഭാഷനമുക്കുള്ളിലോ നാം ഭാഷയ്ക്കുള്ളിലോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നുണ്ട്. ഭാഷ നമുക്കുള്ളിലാണ് എന്നത് നമുക്കുണ്ടാകുന്ന പ്രാഥമികമായ തോന്നൽ മാത്രമാണ്. വാസ്തവത്തിൽ ഭാഷയ്ക്കുള്ളിലാണ് നാം. വാക്കുകളിൽ നമുക്ക് നമ്മളെഒളിക്കാനാകില്ല. ആകാരവടിവിലൂടെയും വസ്ത്രധാരണത്തിലൂടെയും ചിലർ സൃഷ്ടിച്ചെടുക്കുന്ന ‘ഇമേജു’കളത്രയും വായ തുറന്നാൽ തകർന്നു പോകുന്നതതു കൊണ്ടാണ്. എത്ര ഒളിക്കാൻ ശ്രമിച്ചാലും വാക്കുകൾ നമ്മളെ സ്വയം വെളിപ്പെടുത്തിക്കൊണ്ടേയിരിക്കും. ‘ഭാഷയാണ് മനുഷ്യൻ'(Language is the man ) എന്നു പറയുന്നതിന്റെ അടിസ്ഥാനമിതാണ്. നമ്മുടെ ജീവിതമത്രയും നിലനിൽക്കുന്നത് ഭാഷയ്ക്കകത്താണെന്നർത്ഥം. സ്വന്തം ഭാഷയിൽ ജീവിക്കാനനുവദിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രശ്നമാണെന്ന് പറയുന്നതതുകൊണ്ടാണ്. ഭാഷ നഷ്ടപ്പെടുക എന്നാൽ ജീവിതം നഷ്ടപ്പെടുക എന്നാണർത്ഥം. നഷ്ടപ്പെടുന്ന ഭാഷയ്ക്ക് വേണ്ടി നടത്തുന്ന സമരം നഷ്ടപ്പെടുന്ന ജീവിതത്തിനു വേണ്ടി നടത്തുന്ന സമരമാണ്. നമ്മുടെ ജനാധിപത്യ ജീവിതം പൂർണ്ണമാകുന്നത് നമ്മളെ സ്വന്തം ഭാഷയിൽ ജീവിക്കാനനുവദിക്കുമ്പോൾ മാത്രമാണ്. ജീവിതത്തിന്റെ ഓരോ അടരുകളിലും സ്വന്തംഭാഷ നൽകുന്ന സ്വാതന്ത്ര്യം സമാനതകളില്ലത്തതാണ്. അതുകൊണ്ടാണ് മഹാകവി വള്ളത്തോൾ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ
‘കേരളത്തിന്നീയിരുൾക്കുണ്ടിൽ നിന്നൊന്നു
കേറാൻ പിടിക്കയറെന്തു വേറെ ‘ എന്നെഴുതിയത്. ഒരു ജനതയ്ക്ക് അവരുടെ ആത്മാവിഷ്കാരത്തിന്, വിമോചനത്തിന് മാതൃഭാഷയുടെ പിടിക്കയറല്ലാതെ മറ്റു വഴികളില്ല. ഓർമ്മകളുടെ, അനുഭവങ്ങളുടെ, വൈവിധ്യങ്ങളുടെ വൻകരകളാണ് ഓരോ ഭാഷയും കരുതി വെയ്ക്കുന്നത്. അതു കൊണ്ട് ഭാഷയ്ക്ക് വേണ്ടി സമരം ചെയ്യുന്നവർ നമ്മുടെ നമ്മുടെ ജനാധിപത്യ ജീവിതം സംരക്ഷിക്കാൻ വേണ്ടി സമരം ചെയ്യുന്നവരാണെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.


 

70188223_2418700595031813_6714268124104884224_n

സന്തോഷ് ഋഷീകേശ്

കേരളാ പി എസ്സ് സി പരീക്ഷകൾ മലയാളത്തിൽക്കൂടി നടത്തണം എന്ന് ആവശ്യപ്പെട്ട് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാരസമരത്തെപ്പറ്റി തെറ്റിദ്ധാരണാജനകമായ പല വ്യാഖ്യാനങ്ങൾ വരുന്ന സാഹചര്യത്തിൽ ഈ വിഷയത്തെ ചരിത്രബോധത്തോടുകൂടി സമീപിക്കാൻ ചില വസ്തുതകൾ പറയട്ടെ.
1.1865 ലെ ആദ്യ (മിക്കവാറും) ബിരുദതല മലയാളം ചോദ്യപേപ്പറിലെ ആദ്യ ചോദ്യം ഇതാണ്.
Paraphrase the first three വൃത്തങ്ങൾ of the following extract
Translate the remaining six വൃത്തങ്ങൾ into English..
പാഠഭാഗങ്ങൾ സാങ്കേതികപദങ്ങൾ എല്ലാം മലയാളത്തിൽ.. അതും ലിപ്യന്തരണമില്ലാതെ കൊടുത്തിരിക്കുന്നു. ചോദ്യം ഇംഗ്ലീഷിൽ. സാധനം തയ്യാറാക്കിയത് മലയാളഭാഷാസൂത്രണചരിത്രത്തിൽ വലിയ സംഭാവനകളുള്ള ഗാർത്തുവെയിറ്റ് സായ്പിന്റെ നേതൃത്വത്തിലാണ്.
ഈ കാലത്തുനിന്ന് അസ്സൽ മലയാളംചോദ്യത്തിനകത്ത് ഇംഗ്ലീഷിൽ സാങ്കേതികപദം നൽകിയോ അത് മലയാളലിപ്യന്തരണം നടത്തിയോ കൊടുക്കുന്ന രീതിയിലേക്ക് മലയാളം പരീക്ഷകൾ ( അത് പരീക്ഷ മാത്രമല്ല മലയാളി വ്യവഹാരം ആസകലം എന്നാണല്ലോ മനസ്സിലാക്കേണ്ടത്.) മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെ ഭാഷയുടെ വ്യവഹാരവികാസമായാണു കാണേണ്ടത്. ഭാഷയുടെ കോർപ്പസ് വികസിച്ചു കഴിഞ്ഞു മതി വ്യവഹാരം എന്ന് ഭാഷാശാസ്ത്രം പഠിച്ചവർ പറയില്ലല്ലോ.. ‘അനിശ്ചിത കാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു’ എന്ന വാക്യം മലയാളത്തിലാക്കി മതി പി എസ് സി ചോദ്യം മലയാളത്തിലാക്കുക എന്ന വാദമുന്നയിക്കുന്നവർ പദകോശമാണു ഭാഷ എന്ന മണ്ടത്തരം കൊണ്ടു നടക്കുന്നവരാണ്.
ഈ പറയുന്ന ഇംഗ്ലീഷിലെ മുക്കാലേ മുണ്ടാണി വാക്കുകളും അന്യഭാഷയിൽ നിന്ന് എടുത്തതാണെന്നും പലതും ലിപ്യന്തരണം മാത്രമാണെന്നും ജ്ഞാനഭാഷ രൂപപ്പെടുന്നത് അതതു ജ്ഞാനമണ്ഡലത്തിലാണെന്നും അതിൽനിന്നാണ് സാങ്കേതികപദകോശം ഉണ്ടാവുന്നതെന്നും അത് ഏതെങ്കിലും ഒരു ഭാഷയുടേതല്ലെന്നും ആണെങ്കിൽ തന്നെ ആഭാഷയുടെ നിത്യവ്യവഹാരത്തിലുള്ള സാമാന്യ അർത്ഥത്തിലല്ല ആ ജ്ഞാനവ്യവഹാരത്തിൽ സാങ്കേതികപദമായി നിലകൊള്ളുന്നതെന്നും അത് ഒരു ജ്ഞാനവ്യവസ്ഥയ്ക്കകത്തെ സങ്കല്പനമാണെന്നും അത് എല്ലാ ഭാഷയിലേക്കും വിവർത്തനം ചെയ്യാതെ ഒരു പൊതു രൂപമായി നിലനിർത്തുന്നതാണ് ആ ജ്ഞാന മണ്ഡലത്തിനും മനുഷ്യനും നന്ന് എന്നുമൊക്കെ ലോകത്തിനു വിവേകം വന്ന കാലമാണിതെന്ന് ഞാൻ വിചാരിക്കുന്നു. ഭാഷാതനിമവാദമൊക്കെ കാല്പനികദേശീയവാദത്തിന്റെ സന്തതിയാണ്. ഇന്നത്തെ ഭാഷാമൂവ്മെന്റുകൾ അതിനെ പി‌ൻ പറ്റുന്നില്ല എന്നാണെന്റെ ധാരണ.)
2. 1950 കളിൽ ഇന്ത്യക്കാകെ ഒരു പൊതുജ്ഞാനഭാഷ ഉണ്ടാവുക എന്ന ദേശീയ നയത്തിന്റെ ഭാഗമായാണ് മലയാളഭാഷയിൽ അതിനുള്ള ഏജൻസിയായി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രസാമൂഹ്യ പൊതുവിജ്ഞാനകൃതികൾ മലയാളത്തിൽ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് എൻ. വി. യുടെ നേതൃത്വത്തിൽ തുടങ്ങുന്നത്. അടിസ്ഥാനഗ്രന്ഥങ്ങളുടെ വിവർത്തനമുൾപ്പെടെ അറുപതിലധികം കൃതികൾ വ്യത്യസ്തജ്ഞാനമേഖലകളിൽ മലയാളത്തിൽ പുനരാവിഷ്കരിക്കപ്പെട്ടു. ഇതിനാവശ്യമായ സാഞേതികപദകോശവുമുണ്ടായി. മുമ്പു പറഞ്ഞ ദേശീയ നയമനുസരിച്ച് വലിയൊരു ശതമാനം വാക്കുകൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഒരുപോലെ വേണം എന്ന നിബന്ധന കൊണ്ടും ജ്ഞാനവ്യവഹാരങ്ങളിൽ സംസ്കൃതത്തിനുണ്ടായിരുന്ന മേലാളത്തം അബോധത്തിൽ പ്രവർത്തിച്ചതുകൊണ്ടും എല്ലാ സാങ്കേതികപദവും ഭാഷയിലാക്കണം എന്ന അന്നത്തെ ഭാഷാബോധവും മലയാളമാക്കുക എന്നാൽ സംസ്കൃതംപകരം വെക്കുക എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇന്ന് ഭാഷാനുവാദത്തെ പരിഹസിക്കാനെടുക്കുന്ന സകല വികട ഉദാഹരണങ്ങളും അക്കാലത്തെ സൃഷ്ടിയാണ്.
നമ്മുടെ സ്ഥാപനങ്ങളിൽ അന്നത്തെ ഭാഷാനയത്തിന്റെ ഹാങ്ങ് ഓവർ ഇന്നുമുള്ളതുകൊണ്ടാണ് ഈ സംസ്കൃതീകരണമാണ്‌ ഭരണഭാഷ മലയാളമാക്കൽ എന്ന വികലബോധം പദകോശനിർമ്മിതിയിൽ പ്രവർത്തിക്കുന്നത്.

3. 1980 കൾ വരെ എംഎ മലയാളം കോഴ്സിനു ലിംഗ്വിംസ്റ്റിക്സ് പഠനവും പരീക്ഷയും ഇംഗ്ലീഷിലായിരുന്നു. ഇന്ന് എല്ലാ സർവകലാശാലകളിലും അത് മലയാളത്തിൽത്തന്നെയാണ്. ഭാഷാശാസ്ത്രത്തിൽ കൂടുതൽ മലയാളം കൃതികൾ ഉണ്ടായത് അതൊക്കെ കഴിഞ്ഞാണ്.
4. കഴിഞ്ഞ വർഷം ഉണ്ടായ ഒരു അനുഭവം പറയാം. ബി.എ. എം എ, മലയാളത്തിനു സംസ്കൃതം ഒരു പേപ്പറാണ്. പണ്ടുമുതലേ. കോളേജുകളിൽ സംസ്കൃതം പോസ്റ്റുകൾ മിക്കതും നിൽക്കുന്നതുതന്നെ പൊതുവെ ഈ ക്ലാസ്സുകൾ കൊണ്ടാണ്. ക്ലാസ്സെടുക്കുന്നത് ( വിവരണങ്ങൾ ) മലയാളത്തിലൊക്കെയാണ്. ഭാഷാജ്ഞാനം പരിശോധിക്കുന്ന ചോദ്യങ്ങൾ ഒഴികെ വിവരണാത്മക ചോദ്യങ്ങൾക്ക്
കുട്ടികൾ ഉത്തരമെഴുതുന്നത് നൂറുശതമാനവും മലയാളത്തിൽത്തന്നെയാണ്. ഇരുപത്തിയൊന്നുകൊല്ലമായി ഈ എടപാടു നടത്തുന്നയാൾ എന്ന നിലയിലുള്ള എന്റെ സക്ഷ്യമാണ്.എന്നാൽ അക്കൊല്ലം ചോദ്യപേപ്പറിൽ ഐതർ ഇൻ സൻസ്ക്രിറ്റ് ഓർ ഇംഗ്ലീഷ് എന്നാണച്ചടിച്ചത്. അതതുപോലെ അനുസരിച്ച ഒരു കോളേജിലെ കുട്ടികൾ പരീക്ഷയെത്തുടർന്ന് പരാതി നൽകി. ഞാനാണു ചെയർമാൻ. വിവരമറിഞ്ഞയുടനെ സംസ്കൃതം ബോർഡ് ചെയർമാനെ വിളിച്ച് സംഗതി ആപത്താണ്. മലയാളത്തിൽ എഴുതാൻ പറ്റിയില്ലെങ്കിൽ കോളെജുകളൊക്കെ സംസ്കൃതം എന്ന കോമ്പ്ലിമെന്ററി മാറ്റി ജേർണലിസത്തിലേക്ക് പോകും. ( സംസ്കൃതം പഠിക്കണമല്ലോ എന്നത് അഡ്മിഷൻ സമയത്ത് മലയാളം തെരഞ്ഞെടുക്കുന്നതിൽ ഒരു തടസ്സമായി പലപ്പോഴും കുട്ടികളും രക്ഷിതാക്കളും പറയാറുണ്ട്. സംഗതി മലയാളത്തിൽ എഴുതിയാൽ മതി എന്ന് നമ്മൾ സമാധാനിപ്പിക്കാറുമുണ്ട്. ജേർണലിസമാക്കണം സബ് എന്ന് മിക്കയിടത്തുനിന്നും ആവശ്യം വരാറുമുണ്ട്. ) എന്ന് തെര്യപ്പെടുത്തി. ബോർഡ് അങ്ങനെ ഒരു നിർദേശം കൊടുത്തിട്ടില്ലെന്നായി എന്റെ പ്രിയ സുഹൃത്ത് സംസ്കൃതം ചെയർമാൻ. സെക്ഷനിൽ പോയി ആ പരീക്ഷാ നിർദേശം തെറ്റാണെന്ന് അവർ ബോധ്യപ്പെടുത്തി. പക്ഷേ സെക്ഷൻ തീർത്തും ടെക്നിക്കലായിത്തന്നെ അതിനെ കണ്ടു. പണ്ടേതോ കാലത്തെ ഒരു ഫയൽ അനുസരിച്ചു ചെയ്തതാണെന്നായി. നമ്മുടെ സംവിധാനങ്ങൾ പലപ്പോഴും ഇങ്ങനെയാണ്. അതതുകാലത്ത് കൃത്യമായി പരിശോധിച്ച് പുതുക്കിയില്ലെങ്കിൽ ഏത് അബദ്ധവും സാങ്കേതികത പറഞ്ഞ് തുടർന്നുകൊണ്ടേയൊരിക്കും. ഇംഗ്ലീഷിൽ സംസ്കൃതം പരീക്ഷ നടത്തുന്നതിന്റെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല സംസ്കൃതീകരണത്തിന്റെ കാര്യത്തിൽ സംസ്കൃതത്തോട് ഏറെ അടുത്തു നിൽക്കുന്നത് മലയാളമാണല്ലോ. എല്ലാ പദങ്ങളും മലയാളത്തിൽ വന്നിട്ടില്ലെങ്കിലും ഏത് പദവും ലിപ്യന്തരണം വഴി എഴുതിക്കാണിക്കാൻ പറ്റും ഇംഗ്ലീഷിൽ അതൊന്നും പറ്റില്ലല്ലോ. അപ്പോൾ സംസ്കൃതം പരീക്ഷ എം എ മലയാളത്തിനുപോലും ഇംഗ്ലീഷിൽ നടത്തുന്നത് ( ചോദ്യപേപ്പർഘടയാണ് ഉദ്ദേശിച്ചത്, പരീക്ഷയുടെ അടിസ്ഥാനം ചോദ്യപേപ്പറാണ് ഉത്തരമല്ല എന്ന് ബോധ്യമുള്ളവരോടാണ്) സംസ്കൃതം മലയാളത്തിൽ ഇംഗ്ലീഷിനെപോലെ എഴുതാനാവില്ല എന്നതരം ഭാഷാപരമായ ഏതെങ്കിലും യുക്തിവെച്ചല്ല. വെറും വരേണ്യബോധം, പാരമ്പര്യം അന്ധമയി പിന്തുടരുന്നതുകൊണ്ടാണ്. സംവിധാനങ്ങളെ -ഈ പാരമ്പര്യശീലങ്ങളെ അതതുകാലത്ത് തിരുത്തുന്നതിനു സാമൂഹ്യ ഇടപെടലുകൾ കൂടി ആവശ്യമാണെന്നു ചുരുക്കം.
5. ഈ ജ്ഞാനവ്യവസ്ഥയും തത്സംബന്ധമായ വ്യവഹാരങ്ങളും കൈകാര്യം ചെയ്യാൻ മലയാളത്തിനാവില്ല അതു മലയാളംതാങ്ങൂല സർവകലാശാലാപരീക്ഷാചോദ്യപേപ്പറുകൾ തന്നെയും ഇംഗ്ലീഷാണ് ഇത്യാദി വാദങ്ങളും ബാക്ക് ഗ്രൗണ്ട് സ്കോറായി കേട്ടു. അത് നമ്മുടെ കോളേജ് ക്ലാസ്സ് മുറികളുടെ പരിസരത്തിൽക്കൂടി പോയാൽ മാറും. മിക്ക ക്ലാസ്സുകളിലും അധ്യാപകർ മലയാളം മിക്സ് ചെയ്താണ് ക്ലാസ്സുകൾ എടുക്കുന്നത്. അതായത് എല്ലാ സാങ്കേതികാംശങ്ങളും മലയാളപദങ്ങളിലാക്കിയല്ല- വിശദികരണങ്ങൾ മലയാളത്തിൽ നൽകുകയാണു ചെയ്യുന്നത്. കുട്ടികൾക്ക് കൂടുതൽ പിന്തുടരാൻ കഴിയുന്നതും അതുതന്നെ. അതായത് നമ്മുടെ അധ്യാപകർ ഒരു ട്രാൻസാക്ഷൻ ടെക്സ്റ്റ് – ക്ലാസ്സ് റൂം വിനിമയപാഠം മിക്ക വിഷയങ്ങളിലും ഉണ്ടാക്കി അനുഷ്ഠിച്ചു വരുന്നുണ്ട് എന്നു ചുരുക്കം. സയൻസ് ക്ലാസ്സിൽ ഒരു അധ്യാപകൻ മലയാളം സംസാരിച്ചാൽ ( പല അധ്യാപകരുടേയും ഇംഗ്ലീഷിനേക്കാൾ കൊള്ളാവുന്നത്, ആശയവ്യക്തതയുള്ളത് മലയാളമാണെന്നതു മറ്റൊരു കാര്യം) എന്തോ കുഴപ്പമാണെന്ന ബോധം ഇല്ല. ഈ ടേമിനോളജിയൊക്കെ മലയാളത്തിൽ കലർത്തി സംസാരിക്കുന്നതുകൊണ്ട് ആ വിഷയത്തിന് എന്തെങ്കിലും അപകടം പിണയുന്നതായി തെളിവില്ല. അങ്ങനെ വാദിക്കുന്നവർ രഞ്ജിനി ഹരിദാസിന്റെ ആങ്കർ മലയാളം മലയാളഭാഷയെക്കൊല്ലുന്നു എന്ന മാതിരി ആരോപണം ഉന്നയിക്കുന്ന ശുദ്ധമലയാളവാദികൾക്കൊപ്പം നിൽക്കുന്നവരാണെന്നതാണു സത്യം.
6. അവസാനമായി അതിനു ദൃഷ്ടാന്തം പറയാം. ഭാഷാ ഇൻസ്റ്റിയൂട്ടൊക്കെ ഉണ്ടാക്കിവെച്ച ആ പഴയ ക്വഥനാങ്ക ജ്ഞാനഭാഷാസ്വരൂപത്തിലല്ല ഇന്ന് ശാസ്ത്രസാങ്കേതികമലയാളം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത് അതിന്റെ ഭാഷ നമ്മുടെ ജീവിതം പോലെ സംസ്കാരം പോലെ കലർപ്പിന്റേതാണ്. പ്രായോഗികതയുടേതാണ്. അത് അതിസുന്ദരമായി വ്യവഹരിക്കപ്പെടുന്നുണ്ട്. ഇൻസ്റ്റിയൂട്ടുകളോ മലയാളം പണ്ഡിറ്റുകളോ അല്ല ആ ഭാഷയുണ്ടാക്കിയത്. ജനസാമാന്യമാണ്. പുതിയ സാങ്കേതികതയുടെ ലോകമായ ഐ ടി ഫാഷൻ ടെക്നോളജി ഓട്ടോ മൊബൈൽ എഞ്ചിനീയറിങ്ങ് തുടങ്ങിയ മണ്ഡലങ്ങളിൽ ഇന്ത്യയിൽത്തന്നെ ഏറ്റവും മികച്ച ഗ്ലോസ്സി മാഗസിനുകൾ ഇറങ്ങുന്നത് മലയാളത്തിലാണ്. അവരുണ്ടാക്കുന്ന മലയാളം ശ്രദ്ധിച്ചിട്ടുണ്ടോ? സാങ്കേതികപദങ്ങളൊക്കെ മലയാളത്തിൽ ലിപ്യന്തരണം ചെയ്യുന്നു അല്ലെങ്കിൽ ഞെരിപ്പൻ തനി മലയാള ചേർത്തെടുപ്പുകൾ നടത്തുന്നു. ഒരു പോപ്പുലർ സംസ്കാര വ്യവഹാരത്തിനൊപ്പം നിൽക്കുന്നു. ആളുകളെ വലിയ കാശുകൊടുത്തുവാങ്ങാൻ പ്രേരിപ്പിക്കുന്ന കാശിനുകൊള്ളാവുന്ന മലയാളം അവരുണ്ടാക്കുന്നു. സംസ്കൃതബദ്ധമായ ആ വരിഷ്ഠമലയാളമല്ല. ഇന്നത്തെ മലയാളിയുടെ മലയാളം. മലയാളം വികസിക്കുന്ന, വികസിക്കേണ്ട വഴി അതാണ്. അതിനൊപ്പം പണിയെടുക്കുകയാണ് ഭാഷാസൂത്രണത്തിൽ താത്പര്യമുള്ള ഭാഷാസ്നേഹിയുടെ -സ്ഥാപനങ്ങളുടെ വഴി.അതിന്റെ സംസ്കാരം ഉൾക്കൊള്ളുകയാണു പി എസ്സ് സി യുടെയും വഴി.
6. പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കുക എന്ന പ്രശ്നത്തെ എതിർക്കുന്ന കോളേജ് അധ്യാപകർ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമുള്ള യുജിസി പരീക്ഷ എഴുതി വരുന്നവരാണെന്നതാണു തമാശ. മലയാളത്തിനില്ലാത്ത എന്ത് ഭാഷാപരമായ അധിക വിനിമയശേഷിയാണ് ഹിന്ദിക്കുള്ളത് എന്നവർ പറയേണ്ടതാണ്. അധികാര ഭാഷയോടും അധികാരിസമൂഹത്തോടുമുള്ള വിധേയത്വമല്ലാതെ മറ്റെന്താണത്?
7. മലയാളവും കേരളസമൂഹത്തിൽ കേരളത്തിലെ പ്രാന്തസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അധീശഭാഷയാവാനുള്ള സാധ്യതയും കാണാതിരിക്കാനാവില്ല അതുകൊണ്ടാണ് ഭാഷാന്യൂനപക്ഷങ്ങൾക്കും ഗോത്രഭാഷകൾക്കുമൊക്കെ നമ്മുടെ വ്യവഹാരങ്ങളിൽ ഇടം വേണം എന്നു വാദിക്കുന്നത്. ആ രീതിയിൽ ഇൻക്ലുസ്സീവ് ആണ് സമരത്തിന്റെ മുദ്രാവാക്യം. നമ്മുടെ രാഷ്ട്രീയ സമരങ്ങളുടെ ചരിത്രത്തിൽ ഇത്ര ഇൻക്ലുസീവ് ആയ ഒരു സമരമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അതുകൊണ്ട് വിശാല അർത്ഥത്തിൽ ഇത് ജനാധിപത്യവുമായി ബന്ധപ്പെട്ട ഒരു സമരമാണ്. കൊളോണിയൽ കാലം ചിട്ടപ്പെടുത്തിയ നമ്മുടെ ഭരണസംവിധാനങ്ങളെ സാമൂഹ്യഘടനയെ ജനാധിപത്യവത്കരിക്കുന്ന നിരന്തരപ്രക്രിയയിലെ ഒരു കണ്ണിയാണ്. ഒരു ജനാധിപത്യസമൂഹം സൃഷ്ടിച്ച ജനാധിപത്യഭരണകൂടം ജനാധിപത്യത്തിന്റെ ഭാഷ സംസാരിക്കണമെന്ന ആവശ്യമാണുയർത്തിപ്പിടിക്കുന്നത്. ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഒരു കാലത്ത് അത് ഏറെ പ്രധാനവുമാണ്.
ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തങ്ങളാണ്. ഞൊടുക്കുവാദികൾക്കല്ല.


69803667_840316533030140_2168656595523731456_n

എം. അർ. അനിൽകുമാർ

മലയാളത്തിൽ / മാതൃഭാഷയിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷി വളരെ കുറഞ്ഞ ധാരാളം പേരുണ്ട് കേരളത്തിൽ. അതിന്റെ പ്രധാന കാരണം തങ്ങൾക്കറിഞ്ഞു കൂടാത്ത ഭാഷയിൽ വിവരങ്ങൾ കാണാപ്പാഠം പഠിച്ച് അത് പരീക്ഷയ്ക്ക് പകർത്തിവെച്ച് വിജയശ്രീലാളിതരായി നടക്കുന്നവരാണ് മിക്കവരും എന്നതാണ്. അവരിൽ വക്കീലന്മാർ, പത്രപ്രവർത്തകർ, സർവകലാശാലാ വാദ്ധ്യാന്മാർ എന്നിങ്ങനെ നൂറു കണക്കിന് എണ്ണമുണ്ട്! അവരുടെ അറിവിലേക്കായി, ചില സങ്കല്പനങ്ങൾ മലയാളത്തിൽ എഴുതാം. ഒരു ചർച്ചക്കിറങ്ങുമ്പോൾ നമ്മൾ നമ്മുടെ പ്രമാണ സംജ്ഞകൾ ആദ്യം നിർവചിക്കണം. എന്നിട്ട് വേണം ചർച്ചയ്ക്കിറങ്ങാൻ. ഇല്ലെങ്കിൽ കാടും പടലവും തല്ലി, തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് തമ്മിൽത്തല്ലി പിരിയേണ്ടി വരും. അതു കൊണ്ട് അറിയാത്ത ഭാഷയിൽ കാണാതെ പഠിച്ചതുകൊണ്ട് അർത്ഥമറിയാതെ പോയ ചില സങ്കല്പനങ്ങൾ ഇവിടെ പരിചയപ്പെടുത്താം.

1) ഭാഷാ മൗലികവാദം – അഥവാ ഭാഷാ ഭ്രാന്ത് : ഏതെങ്കിലും ഒരു ഭാഷ സംസാരിക്കുന്ന ജനതയോ അവരുടെ ഭരണകൂടമോ, ആ ഭാഷ മാത്രമേ സംസാരിക്കാനും പ്രയോഗിക്കാനും പാടുള്ളു എന്ന് പറഞ്ഞ് മറ്റുള്ളവരെ കൂടി നിർബന്ധിപ്പിച്ച് ഭാഷ പഠിപ്പിച്ചേ അടങ്ങൂ എന്ന് പറയുന്ന നിലപാടാണ് ഭാഷാ മൗലികവാദം. മറ്റു ഭാഷകളെ പുറം തള്ളുക എന്നതാണ് ഇവരുടെ നയം.

ഇത് അങ്ങേയറ്റം ഭ്രാന്തമായ ഒരാശയമാണെന്ന് നമുക്കറിയാം. അറിയാത്തവരും ഉണ്ട്. അവര് ഒരു പ്രത്യേക ഭാഷയ്ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നു. അത് ഇംഗ്ലീഷാവാം, ഹിന്ദിയാവാം., തമിഴാവാം, മലയാളമാകാം. ഏതായാലും ഭാഷാ മൗലികവാദം ഒരു കുറ്റകൃത്യമായി വേണം കണക്കാക്കാൻ ! തമിഴരും ഹിന്ദിക്കാരും ഒക്കെ അത്തരം ഭാഷാ ഫനാട്ടിസിസത്തിലൂടെയാണ് കടന്നു പോകുന്നത്! നമ്മൾ ആ വഴിക്ക് പൊയ് ക്കൂടാ.

2) ഭാഷാ തനിമവാദം – അഥവാ ഭാഷാശുദ്ധിവാദം: ഭാഷയ്ക്ക് ഒരു പരിശുദ്ധ ഭൂതകാലമുണ്ട്. അതിലേക്ക് മടങ്ങിപ്പോകണം. അതിനെ തിരിച്ചു കൊണ്ടുവരണം. അതിൽ മറ്റു ഭാഷാ പദങ്ങൾ കലരാൻ പാടില്ല. ഭാഷ എന്നാൽ ഏതോ ‘ഓണം കേറാമൂലയിൽ ഒരിടത്ത് പൊട്ടി മുളച്ച് വന്നതാണ് എന്ന കാഴ്ചപ്പാടാണത്. തമിഴിലും മലയാളത്തിലും എല്ലാം ഇത്തരം തനിമ – ശുദ്ധിവാദികൾ ഉണ്ട്. ചികഞ്ഞു ചികഞ്ഞ് അടിയിൽ ചെന്നാൽ വരേണ്യത പാട പറ്റി കിടക്കുന്നത് കാണാം.

നമുക്കറിയാം ഇതൊക്കെ ഭോഷ്കാണ് എന്ന്. ഭാഷകൾ എല്ലാം കലർപ്പുകളാണെന്ന് നമുക്കറിയാം. എല്ലാ ഭാഷകളിലും പാതിയിലേറെ പദങ്ങളും സമ്പർക്ക ഭാഷകളിൽ നിന്ന് കടന്നു കയറി വന്നതാണ്. നമ്മുടെ ബസ്സും ലോറിയും ഫാനും എല്ലാം പോലെ. അതു കൊണ്ട് നമ്മൾ ഭാഷാ തനിമ – ശുദ്ധിവാദത്തിന് എതിരാണ്. എങ്കിലും മലയാളികളിലെ ഗണ്യമായ ഒരു വിഭാഗം ഈ മനോഭാവമുള്ളവരാണ്. ഇത് തികച്ചും പ്രകൃതമായ നിലപാടാണ്. അടിസ്ഥാന രഹിതവുമാണ്.

3) ഭാഷാ വരേണ്യവാദം. – ചില ഭാഷകൾ, ഭാഷാഭേദങ്ങൾ ഒക്കെ വരേണ്യവും ശ്രേഷ്ഠവും മഹത്വപൂർണവുമാണെന്ന ചിന്ത. ഉദാ സംസ്കൃതം, അല്ലെങ്കിൽ നമ്പൂതിരി ഭാഷ, അല്ലെങ്കിൽ BBC ഇംഗ്ലീഷ്. ശ്രേഷ്ഠ ഭാഷാ മലയാളം ! മണിപ്രവാളം, ഗ്രേഡ് കൂടിയ മാനക മലയാളം ഒക്കെ.

തറവാടിത്ത ഘോഷണം എന്നു കരുതിയാൽ മതി. 😀

4) ഭാഷാപ്രയോജന വാദം – അഥവാ ഭാഷാ ഉപകരണവാദം:
ഭാഷ തൊഴില് നേടാനും അന്തസ് നേടാനും കാശുണ്ടാക്കാനും പത്രാസ് കാണിക്കാനും അധികാരം നേടാനും വിദ്യാഭ്യാസം നേടാനും വിദേശത്ത് പോകാനും ‘കച്ചവടം ചെയ്യാനും ഒക്കെ ഉള്ള ഒരുപകരണമാണ് എന്ന നിലപാടാണിത്. അതിനാൽ എന്ത് പ്രയോജനം കിട്ടും എന്ന് മാത്രം നോക്കി ഭാഷയെ അംഗീകരിക്കുന്ന കൂട്ടരാണിവർ.

മലയാളികൾ ബഹുഭൂരിപക്ഷവും (51% ൽ കൂടുതൽ ) ഈ ഒരു നിലപാടുകാരാണ്. ഭാഷയെ ഒരുപകരണമായി കാണുന്നവർ. അതിന്റെ പ്രയോജനം മാത്രം നോക്കി അതിനെ ആരാധിക്കുന്നവർ, കൊണ്ടു നടക്കുന്നവർ. നാട്ടിൽ തൊഴിലുണ്ടെങ്കിലും അത് ചെയ്യാതെ അന്യനാട്ടിൽ പോയിക്കിടന്ന് പണിയെടുത്ത് ഇച്ചിരി വല്ലതും സമ്പാദിച്ച് മേനി നടിക്കുന്ന പ്രവാസികളായ മലയാളികൾ ഈ കാറ്റഗറിയിലാണ് വരുന്നത്. മലയാളികളുടെ അധികാര ശക്തി ഇവരുടെ കയ്യിലാണ്. ഇവരാണ് എല്ലാം നിയന്ത്രിക്കുന്നവർ. അതിനാൽ ഇവരുടെ ഭാഷാ സമീപനമാണ് മൊത്തം മലയാളികളുടെയും ഭാഷാ സമീപനമായി വായിക്കപ്പെടുന്നത്. ഇതിന്റെ പ്രധാന ദോഷം പ്രവാസികളോ പരദേശക്കാരോ അല്ലാത്ത 60 % മലയാളികളും ഇവരുടെ ഇരയാക്കപ്പെടുന്നു എന്നതാണ്. അവർക്ക്
ഒരു ഭാഷയും കിട്ടാതെ പോകുന്നു. ഒരവകാശവും ലഭിക്കാതെ പോകുന്നു.

5) ഭാഷാ വിമോചനവാദം –
ഏതോ ഒരു മഹത്തായ വിമോചന ഭാഷ നമ്മളെ നാം അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്ന് രക്ഷിച്ചു കളയും എന്ന ചിലരുടെ വിശ്വാസത്തെയാണ് ഭാഷാ വിമോചനവാദം എന്ന് പറയുന്നത്. അറബി ഭാഷ മുസ്ളിങ്ങളെയും ഇംഗ്ലീഷ് ഭാഷ ദളിത്-പിന്നോക്കക്കാരെയും രക്ഷിക്കും എന്ന വിശ്വാസം . എല്ലാ ഭാഷകളും രക്ഷക ഭാഷകൾ കൂടിയാണെങ്കിലും ഇക്കൂട്ടർ ഒരു പ്രത്യേക ഭാഷയ്ക്ക അത് കഴിയൂ എന്ന് വാദിയ്ക്കുന്നവരാണ്. കൊളോണിയലിസ്റ്റുകൾ ഇന്ത്യയിൽ പരക്കെ പ്രചരിപ്പിച്ച ഒരു വാദമായിരുന്നു ഇംഗ്ലീഷ് വിമോചക ഭാഷയാണ് എന്നുള്ളത്. ദേശീയ പ്രസ്ഥാന കാലത്തും കൊളോണിയൽ കാലത്തും അടിച്ചമത്തലിന്റെയും വിമോചനത്തിന്റെയും ഇരട്ട മുഖമുള്ള ഭാഷയാണ് ഇംഗ്ലീഷ് . ഫ്രഞ്ചും സ്പാനിഷും എല്ലാം ഇരട്ട മുഖമുള്ള ഭാഷകളാണ്. ഒരടിമത്തത്തെ മറ്റൊരടിമത്തം കൊണ്ട് പകരം വെക്കുകയാണവർ ചെയ്തത്. നമ്മളിൽ ഏറെപ്പേരും ഇത്തരം ഉന്നതമായ അടിമത്തം ശ്രേഷ്ഠമാണെന്ന് കരുതുന്നു.

6) ഭാഷാവകാശവാദം – അഥവാ മാതൃഭാഷാവാദം:
ഏതൊരാൾക്കും അയാൾക്ക് നന്നായി ഉപയോഗിക്കാനറിയാവുന്ന ഒരു ഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനും ജോലി ചെയ്യാനും കോടതിയിൽ വാദിക്കാനും വ്യവഹാരങ്ങളിൽ ഏർപ്പെടാനും ഭരിക്കാനും ഭരിക്കപ്പെടാനും എല്ലാം ഉള്ള അവകാശം ഉണ്ടായിരിക്കണം എന്ന വാദമാണ് ഭാഷാവകാശവാദം അഥവാ മാതൃഭാഷാവാദം എന്ന് പറയുന്നത്. മാതൃഭാഷ എന്നാൽ ഒരാൾക്ക് ഏറ്റവും ആദ്യം മുതൽ പരിചിതവും ഏറ്റവും സുഗമവുമായ ഏറ്റവും ഫലപ്രദവുമായ ഭാഷ എന്നേ അർത്ഥമുള്ളു. ജനിച്ച സ്ഥലവുമായോ മാതാപിതാക്കളുടെ ഭാഷയുമായോ അതിന് ബന്ധം കാണണമെന്നില്ല. ഇത്തരം ഒരു ഭാഷയിലേ നമുക്ക് ഫലപ്രദമായി എന്തെങ്കിലും ചിന്തിക്കാനും സൃഷ്ടിക്കാനും ഒക്കെ കഴിയൂ … അങ്ങനെയുള്ള ഒരു ഭാഷ ഉപയോഗിക്കാനുള്ള ഒരാളുടെ മൗലികാവകാശത്തിനു വേണ്ടിയുള്ള നിലപാടാണ് ഭാഷാവകാശവാദം. ഇത് തികച്ചും ഇൻക്ലൂസിവ് ആണ്. പത്ത് പേരെ സംസാരിക്കാനുള്ളു എങ്കിലും അവരുടെ ഭാഷയ്ക്കും അംഗീകാരം കിട്ടണം. ആദിവാസി ഭാഷകൾക്കെല്ലാം അംഗീകാരം കിട്ടണം ന്യൂനപക്ഷ ഭാഷകൾക്കെല്ലാം അംഗീകാരം കിട്ടണം. ഇതൊക്കെയാണ് ഭാഷാവകാശവാദത്തിന്റെ കാതൽ. അതൊരു ബഹുസ്വരതയുടെ നിലപാടാണ്.’ജനാധിപത്യപരമായ നിലപാടാണ്. ഭാഷകൾ പരസ്പരം കൊണ്ടും കൊടുത്തും വളരുന്ന പരിസ്ഥിതിയാണ്. അത് ഭാഷകളുടെ ഒരു കാർണിവലാണ്. അതിൽ ഒരു ഭാഷയും മുകളിൽ പറഞ്ഞ ഒരു കാരണങ്ങളാലും അവഗണിക്കപ്പെടാൻ പാടില്ല. അത് ഭാഷകളുടെ മഴവില്ലും പരിസ്ഥിതിയും സഹജീവിതവും ആയിരിക്കണം.

അതിനു വേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങൾ ഇനിയും തുടരും…
അതു കൊണ്ട് ഈ ആറിടങ്ങളിൽ ‘നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് നോക്കിയിട്ട്
സംവാദം തുടരുക. നമസ്കാരം

 

 

 

Comments
Print Friendly, PDF & Email