EDITORIAL

ഒരു പഴം പുരാണംിന്നേക്കാൾ പത്തോണം അധികം ഉണ്ടവനാണ് ഞാൻ. എന്നോട് കളിക്കണ്ട’.ഇത്തരം ഡയലോഗുകൾ അടിച്ച് നടന്ന പഴയ തലമുറയിൽ പെട്ട ആളാണ് ഞാൻ. അതു കൊണ്ട്, ഒരമ്പതു കൊല്ലം മുൻപുള്ള ഓണക്കാലവുമായി ബന്ധപ്പെട്ട ചില ഓർമ്മകൾ ഇന്നത്തെ തലമുറയുമായി പങ്കുവെക്കാം.അന്നും ഇന്നും ഇനി വരും കാലവും ഓണത്തിന്റെ ചിഹ്നമായി നില നിൽക്കുന്ന നേന്ത്രപ്പഴത്തിനെ കുറിച്ച് തന്നെ തുടങ്ങാം . ‘ഇത്തവണ ഓണത്തിന് എത്ര കുല വെട്ടാനുണ്ടാകും’ എന്ന് പരസ്പരം അന്വേഷിച്ചിരുന്ന കൃഷിക്കാരായിരുന്നു നമുക്ക് ചുറ്റും. ഓണത്തിന് വാഴക്കുല വെട്ടാറാക്കുക എന്ന ലക്ഷ്യത്തോടെ ഇത്ര നന കൂടി കൂടുതൽ കൊടുക്കണമെന്നും കുറക്കണമെന്നുമൊക്കെ നമ്മുടെ കൃഷിക്കാർക്ക് കണക്കുണ്ടായിരുന്നു. മാത്രമല്ല, ചാണകവും വെണ്ണീറും പച്ചില തോലും മാത്രം കൊടുത്ത് വളർത്തിയിരുന്ന ശുദ്ധമായ വാഴക്കുലകളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇന്നത്തെ പോലെ വാഴ മാണിയിൽ അമോണിയ വെച്ച് തടി കൂട്ടുന്ന സാങ്കേതികവിദ്യ അറിയാത്ത ശുദ്ധന്മാരായിരുന്നു നമ്മുടെ കൃഷിക്കാർ.’കള്ളവുമില്ല ചതിയുമില്ല ‘എന്ന് പാടാൻ യോഗ്യതയുള്ളവർ. അന്നൊക്കെ ഓണക്കാലത്ത് മാത്രം ഇല്ലത്തെത്തുന്ന ഓണത്തപ്പനെ പോലെയായിരുന്നു, നേന്ത്രപ്പഴവും. വളരെ വിരളമായി കഴിക്കാൻ കിട്ടുന്ന സാധനം. അതു കൊണ്ടു തന്നെ ഇതിനോടുള്ള അത്യാർത്തിയും ഞങ്ങൾക്കൊക്കെ കൂടുതലായിരുന്നു. ഇന്ന് നമ്മളൊക്കെ ഒന്നോ രണ്ടോ പഴക്കഷണം കഴിക്കുമ്പോൾ അന്ന് ഇരുപതും ഇരുപത്തഞ്ചും പഴം നറുക്ക് കഴിക്കുന്ന വീരൻമാരായിരുന്നൂ മിക്കവരും. ഓണക്കാലത്ത്,  തുടക്കത്തിൽ,  അത്തം നാളിൽ രാവിലെ ഒരു തിരനോട്ടം നടത്തി പഴം നുറുക്ക് പിൻവാങ്ങും. അന്നൊക്കെ ഞാനിതാ വരുന്നൂ എന്നറിയിക്കുന്ന പോലെ രണ്ടോ മൂന്നോ കഷണം മാത്രമെ ഇലയിൽ പ്രത്യക്ഷപ്പെടാറുള്ളു.  മൂലം നാളിൽ വീണ്ടും അവതരിക്കും. അവിടന്നങ്ങോട്ട് പഴം നുറുക്കിന്റെ തിമർത്തിയുള്ള ആട്ടമാണ്. അത് തീവ്രതയിൽ എത്തുന്നത് തിരുവോണം നാളിൽത്തന്നെ. രാവിലെ പഴം നുറുക്ക് മാത്രമായ പ്രഭാത ഭക്ഷണം. ഉച്ചക്ക് പഴക്കറിയും പഴം നുറുക്കും കുടിയ സദ്യ. നാലു മണിക്ക് പഴം നുറുക്കും കായ വറുത്തതും ചേർന്ന കോമ്പിനേഷൻ. ഇത്രയൊക്കെയാകുമ്പോഴേക്കും, “നേന്ത്രപ്പഴത്തോട് മല്ലടിച്ച് കോന്ത്രപ്പല്ലെല്ലാം കൊഴിഞ്ഞു പോയേ….” എന്ന് പാടിക്കളിക്കുന്ന അവസ്ഥയിലെത്തും. പിന്നീട് രാത്രിയാകുമ്പോൾ തളർന്ന് വിഴാതെയുള്ളവർക്കായി ബാക്കിയുള്ള പഴം നുറുക്കും അത്താഴത്തോടൊപ്പം വിളമ്പും. ഇതോടെ എല്ലാവരും മത്തുപിടിച്ചവരായിട്ടുണ്ടാകും.എല്ലാ കാര്യത്തിനും കണക്കും ചിട്ടയും വൃത്തിയും വെടിപ്പും അതോടൊപ്പം എല്ലാവരിലും കർശന നിയന്ത്രണവും ഉള്ള ആളായിരുന്നു എന്റെ മുത്തശ്ശൻ. എല്ലാ തറവാട്ട് കാരണവൻമാരുടെയും മുഖമുദ്രയായി കാണുന്ന ഇല്ലാത്ത ഗൗരവവും ബലം പിടിച്ച് നടക്കുന്ന ഭാവവും ഒക്കെ അദ്ദേഹത്തിനും ഉണ്ടായിരുന്നു. മേമ്പൊടിയായി പിശുക്കും. വീട്ടാവശ്യത്തിനുള്ള അരി മുതൽ ഉപ്പ് വരെ അളന്ന് കൊടുക്കുന്നതാണ് രീതി. ഇത്ര ദിവസത്തിന് ഇത്ര, എന്ന ഒരു കണക്കും അദ്ദേഹത്തിനുണ്ട്. അതിൽ കാര്യങ്ങൾ ഒതുങ്ങണം. എന്നാലോ, എല്ലാം എല്ലാവർക്കും വിളമ്പാൻ ഉണ്ടാവുകയും വേണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശത്തോട് മുത്തശ്ശി മുതൽ താഴോട്ട് എല്ലാവർക്കും കടുത്ത വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാൻ മാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ഓണക്കാലത്ത് ഈ നിയന്തണങ്ങൾക്കൊക്കെ അൽപ്പം അയവുണ്ടായിരുന്നു. നേന്ത്രപ്പഴം ഒരു പ്രധാന ഐറ്റമായതു കൊണ്ടും നിയന്ത്രണം വേണമെന്നതു കൊണ്ടും രാത്രി അത്താഴത്തിന് ശേഷം പിറ്റേ ദിവസത്തേക്ക് വേണ്ട പഴം അദ്ദേഹം തന്നെ എണ്ണി തിട്ടപ്പെടുത്തി കുട്ടയിലാക്കി മേലടുക്കളയിൽ എത്തിക്കും. കുട്ടികളും മറ്റും ആർത്തി പിടിച്ച് പഴത്തിൽ നോക്കരുതെന്ന് കരുതിയിട്ടാകാം, പഴക്കുട്ടയൊക്കെ മൂടി, വസുദേവർ കുഞ്ഞികൃഷ്ണനെ അമ്പാടിയിലെത്തിച്ച പോലെ, വളരെ രഹസ്യമായിട്ടാണ് പഴം എത്തിച്ചിരുന്നത്. പിന്നീട് അദ്ദേഹം തന്നെ ചമ്രം പടിഞ്ഞിരുന്ന് നുറുക്കി പാത്രത്തിലാക്കി മുത്തശ്ശിയെ ഏൽപ്പിക്കും. അടുക്കള കാര്യത്തിൽ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്ന ഒരേ ഒരു കാര്യം ഇതായിരുന്നു. ഇത് മറ്റുള്ളവരെ ഏൽപ്പിച്ചാൽ ധാരാളിത്തം ഉണ്ടാകുമോ എന്ന് പേടിച്ചിട്ടാണെന്നും അല്ലാതെ അടുക്കളയിൽ സഹായമായിക്കോട്ടെ എന്ന് കരുതിയിട്ടൊന്നുമല്ലെന്ന് മുത്തശ്ശി എന്നോട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഓണക്കാലത്ത് നേന്ത്രക്കുലകൾ കാഴ്ച്ച വെച്ച് കൊണ്ട് പലരും തറവാട്ടിൽ എത്തുന്നതു കൊണ്ട് നേന്ത്രപ്പഴത്തിന്റെ കാര്യത്തിൽ ധാരാളിത്തം സംഭവിക്കുകയും ചെയ്യും. എന്നാൽ പലപ്പോഴും ഓണക്കാലത്ത് പഴം നുറുക്കിന് കിട്ടുന്ന പഴം, കറുത്തളിഞ്ഞ് ഒരു പരുവത്തിലെത്തിയവയായിരുന്നു. കെട്ടിത്തൂക്കിയ കുലകളിൽ നിന്ന് കേടാകാറായത് ആദ്യം എടുക്കുക എന്ന രീതി ആയിരുന്നു മുത്തച്ഛൻറേത് ! എന്നും കറുത്ത് കേടാകാറായ പഴമാണ് അടുക്കളയിൽ വരുന്നത്. ഇതൊക്കെയാണെങ്കിലും പഴം നുറുക്കിനെ അതിസന്തോഷത്തോടെയാണ് എല്ലാവരും ആസ്വദിച്ചിരുന്നത്. അവിട്ടം-ചതയം നാളോടെ പഴത്തിന്റെ വേലിയേറ്റം കുറഞ്ഞ് ഒരു ഗംഭീര പഴക്കറിയോടെ നേന്ത്രപ്പഴം പതുക്കെ വിടവാങ്ങും. ഓണാവസാനത്തിൽ ഒരു നീണ്ട പൂവിളിയോടെ ഒരോണം കൂടി കടന്നു പോകും.ഇന്ന് നേന്ത്രപ്പഴം വീടുകളിലെ നിത്യസന്ദർശകനാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്തു പോലും നേന്ത്രപ്പഴത്തിന് പഴയ പ്രതാപമില്ല. മാത്രമല്ല, തിരുവോണ നാളിൽ പോലും പഴം നുറുക്കും പപ്പടവും മാത്രമായി പ്രഭാത ഭക്ഷണം വിളമ്പുമ്പോൾ, “ഇതെന്തു പണിയാണമ്മെ, ഇഡലിയും ദോശയും ഒന്നുമില്ലെ?” എന്ന് നെററി ചുളിച്ച് വിളിച്ച് കൂവുന്ന കുട്ടികളുടെ ശബ്ദം നമ്മുടെയൊക്കെ വീടുകളിൽ നിന്ന് ഉയരാറുണ്ട്. എന്തായാലും ഞാനും എന്റെ തലമുറയിലുള്ളവരും ഇന്നും പഴം നുറുക്കും പപ്പടവും മാത്രം കഴിച്ചു കൊണ്ടുള്ള പ്രഭാത ഭക്ഷണവും പഴക്കറി കൂട്ടിയുള്ള ഓണ സദ്യയും ആയി ഓണം ആഘോഷിക്കുന്നു. അതിന്റെ ആ  പ്രത്യേക സുഖം എന്റെ തലമുറക്ക് എന്നും ഒരാനന്ദമാണ്.

Print Friendly, PDF & Email