Travel യാത്ര

സ്പിതി സ്മൃതികൾ – 3: വജ്രായാനബുദ്ധൻക്രിസ്തുവിന് നാനൂറോളം വർഷങ്ങൾക്ക് മുമ്പ് ജനിച്ച്, രാജകുമാരന്റെ കിരീടവും രാജ്യവും ആടയാഭരണങ്ങളും സുഖ സൗകര്യങ്ങളും നിരാകരിച്ച് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് കപിലവസ്തുവിലെ കൊട്ടാരത്തിൽ നിന്ന് കുതിരപ്പുറത്തേറി കടന്നു പോയ മനുഷ്യന്റെ ജ്ഞാനം തേടിയുള്ള യാത്ര എത്ര മനോഹരമായാണ് വിയറ്റ്നാമിലെ ബുദ്ധഭിക്ഷുവായ തിച് ഞാഥ് ഹാഞ്ഞ് (Thich Nhat Hanh) അദ്ദേഹത്തിന്റെ Old Path White Clouds എന്ന പ്രശസ്ത ഗ്രന്ഥത്തിൽ വരച്ചിടുന്നത്. മനുഷ്യ ജന്മത്തിന്റെ ക്ഷണികതയുടെയും വേദനയുടെയും കാരണം തേടി സിദ്ധാർത്ഥൻ ഗംഗാതടങ്ങളിലൂടെയലഞ്ഞു. പല ഗുരുവര്യരെയും കണ്ടു. പല രീതിയിൽ തപം ചെയ്തു. ആരണ്യകങ്ങളിൽ ഏകാന്തനായി വസിച്ചു. ഗയയിലെ നീരാഞ്ജനാ നദിക്കരയിലെ ബോധി വൃക്ഷച്ചുവട്ടിലിരുന്ന് ജ്ഞാന ബുദ്ധനാകുന്നതുവരെ എത്രയെത്ര സംഭവങ്ങൾ. കാലിമേയ്കുന്ന കരുമാടിക്കുട്ടൻമാർ മുതൽ മഹാഗുരുവര്യർ വരെ പകർന്നു കൊടുക്കുന്ന അറിവുകൾ.  ബുദ്ധന്റെ പരിനിർവാണം വരെയുള്ള പ്രബോധനങ്ങൾ.

ബുദ്ധം ശരണം ഗച്ഛാമി,

ധർമ്മം ശരണം ഗച്ഛാമി,

സംഘം ശരണം ഗച്ഛാമി.

 

പക്ഷേ, ബുദ്ധനുശേഷം സംഘം പല ഭാഗങ്ങളായി ചിതറപ്പെട്ടു. അശോക ചക്രവർത്തിയുടെ കാലത്തെ ഒന്നാം ബുദ്ധിസ്റ്റ് കൗൺസിൽ തുടങ്ങി ഭിന്നതകൾ മറനീക്കി പുറത്തുവന്നു. ബുദ്ധൻ ഒരിക്കലും ദൈവമാണെന്നവകാശപ്പെട്ടിരുന്നില്ല. ആത്മീയവാദിയായിരുന്നില്ല. എങ്കിലും കനിഷ്കന്റെ കാലത്തെ നാലാം ബുദ്ധിസ്റ്റ് കൗൺസിലോടു കൂടി ബുദ്ധ ചിന്തകളും പ്രബോധനങ്ങളും പ്രയോഗങ്ങളും രണ്ടായി വ്യാഖ്യാനിക്കപ്പെട്ടു. ഹീനായാനവും മഹായാനവുമായി രണ്ടായി വേർപിരിഞ്ഞു. ബുദ്ധൻ എന്നത് ആത്യന്തികമായി ഒരു വ്യക്തിയല്ല, ഓരോ വ്യക്തിയും ധ്യാനത്തിലൂടെ നേടിയെടുക്കുന്ന ഒരവസ്ഥയാണെന്ന് ഹീനായാന വിഭാഗം വിശ്വസിച്ചു. ബോധജ്ഞാനത്തിന്റെ തലങ്ങളിലാണ് ബുദ്ധനെയറിയേണ്ടത് എന്നവർ പഠിപ്പിച്ചു. ബോധജ്ഞാനത്തിന്റെ പല തരം അടരുകളിലൂടെയുള്ള ഉൾപ്രയാണത്തിലൂടെ സ്വയം ബുദ്ധനായി മാറുന്ന സൂക്ഷ്മ പ്രക്രിയയാണ് ബുദ്ധിസത്തിന്റെ സത്ത എന്നവർ വിശ്വസിച്ചു.  അത്തരം പ്രക്രിയയിൽ നിങ്ങൾ സ്വയം ശൂന്യരായി ആത്മാവില്ലാത്ത, അഹംബോധമില്ലാത്ത പ്രാപഞ്ചിക ശൂന്യതയിൽ ലയിക്കുമെന്ന ബുദ്ധപ്രമാണത്തെ അവർ മുറുകെ പിടിച്ചു. ഹീനായാനത്തിന്റെ വികാസമായി തേരാവാദവും സർവാസ്തിവാദവും മറ്റും ഉടലെടുത്തു. ഇന്ന് ശ്രീലങ്ക, മ്യാൻമർ, ഇന്തോനേഷ്യ, വിയറ്റ്നാം, കംബോഡിയ, ലാവോസ് , ജപ്പാൻ, ചൈന എന്നിവിടങ്ങളിലെ ബുദ്ധമതസ്ഥരിൽ ഭുരിഭാഗവും തേരാവാദ വിഭാഗക്കാരാണ്.

Budhastoopangal

മഹായാനം ബുദ്ധനെ  മനുഷ്യരൂപം പൂണ്ട   അവതാരപുരുഷനായി കണ്ടു. അക്കാലത്ത് നിലനിന്നിരുന്ന  ഹിന്ദുമതത്തിന്റെയും മറ്റു അവാന്തര മത വിഭാഗങ്ങളുടെയും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഭക്തിമാർഗവും ആത്മീയ ചിന്തയും മഹായാനക്കാരെ സ്വാധീനിച്ചു. ഓരോ മനുഷ്യനും  ബോധോദയത്തിലൂടെ സ്വയം നിർവാണം പ്രാപിക്കുകയല്ല വേണ്ടത് മറിച്ച് സർവ്വ ചരാചരങ്ങളുടെയും നിർവാണത്തിനുവേണ്ടി പ്രയത്‌നിക്കുകയാണ് ലക്ഷ്യമാക്കേണ്ടത് എന്നവർ കരുതുന്നു. ഹീനായാന ബുദ്ധ വിഭാഗത്തിൽ നിർവാണം വ്യക്തിനിഷ്ഠമായ പരമലക്ഷ്യമായി കരുതപ്പെടുമ്പോൾ മഹായാനവിഭാഗക്കാർ അതൊരു സമൂഹ ബോധ്യമായി കരുതുന്നു. മഹത്തായ കാരുണ്യത്തിലധിഷ്ഠിതമായ, സാമൂഹിക ജീവിതത്തിന്റെയും സഹനത്തിന്റെ വഴികളിലൂടെയുടെയുള്ള യോഗ – തന്ത്ര സരണികളിലൂടെയും ഒരു സമൂഹമാകെയുള്ള ജ്ഞാനപ്രകാശ പ്രസരണമാണ് മഹായാന ലക്ഷ്യം. ആത്മനിഷ്ഠമായ ബുദ്ധ പദങ്ങൾക്കപ്പുറം സമൂഹത്തെയാകെ പരമപദങ്ങൾക്ക് പ്രാപ്തരാക്കുകയെന്ന നിയോഗം പേറുന്നവരാണ് ഓരോ മഹായാനബുദ്ധിസ്റ്റും. അവർ അവലോകിതേശ്വരബുദ്ധന്റെ കരുണ തേടുന്നു.  വിഖ്യാതനായ ഇന്ത്യൻ ദാർശനികൻ നാഗാർജുനയുടെ മാധ്യമിക സിദ്ധാന്തം അഥവാ ശൂന്യവാദം, വിജ്ഞാനവാദം എന്നീ രണ്ടു കൈവഴികളിലൂടെയാണ് മഹായാനബുദ്ധമത സിദ്ധാന്തം വികാസം പ്രാപിച്ചത്. ബുദ്ധനെ ദൈവസമാനനായി കാണുന്നതായിരുന്നു പുതുതായുരുത്തിരിഞ്ഞ ബുദ്ധമത രൂപങ്ങൾ. എല്ലാ ജീവജാലങ്ങളിലും ബുദ്ധസ്വഭാവമുണ്ടെന്നും ബുദ്ധനാവാൻ പരിശ്രമിക്കേണ്ടത് അതിനാൽ തന്നെ പ്രധാനമാണെന്നുമുള്ള ചിന്തകൾ ഇങ്ങനെ രൂപപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും കുഷാന സാമ്രാജ്യത്തിലും നിലനിന്നിരുന്ന പല തരം ആചാരങ്ങളും സംസ്കാരങ്ങളുമെല്ലാം കൂടിച്ചേർന്നതും ഈ വിശ്വാസങ്ങളെ വിപുലീകരിച്ചു കൊണ്ടിരുന്നു. താന്ത്രിക് ബുദ്ധിസം എന്നുകൂടി അറിയപ്പെടുന്ന വജ്രയാന ബുദ്ധ വിഭാഗം മഹായാന ബുദ്ധിസത്തിന്റെ ഒരു ഉപവിഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. മഹായാനത്തിന്റെ കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമായ ദാർശനിക ചിന്തകളൊന്നും വജ്രായനം മുന്നോട്ട് വെക്കുന്നില്ല. വിഗ്രഹാരാധനയും യോഗാഭ്യാസവും പോലെയുള്ള  പ്രായോഗിക ഉപാധികളും  വജ്രയാനത്തിന്റെ രീതികളാണ്.  മന്ത്രോച്ചാരണം,യോഗാഭ്യാസം, ഹോമങ്ങൾ മുതലായ കാര്യങ്ങളിൽ ഹിന്ദുമതത്തിലെ താന്ത്രികവിഭാഗത്തോട്‌ അടുപ്പമുള്ളതാണ്‌ താന്ത്രികബുദ്ധമതം. ഗുരു പത്മ സംഭവൻ  ആണ്‌ ഈ  രീതിയുടെ ഉപജ്ഞാതാവ്‌.സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നൊഴിഞ്ഞ്‌ ഗിരിനിരകളിലെ ഗുഹകളും പാറക്കെട്ടുകളും വനസ്ഥലികളും ധ്യാനകേന്ദ്രങ്ങളാക്കിയ മഹാസിദ്ധർ ആയിരുന്നു വജ്രയാനത്തിന്റെ ആദിമപ്രയോക്താക്കൾ. പിന്നീട്, പത്താം നൂറ്റാണ്ടോടു കൂടി നളന്ദയും വിക്രമശിലയും പോലെ മഹായാനസന്യാസികൾ നടത്തിവന്ന സർവകലാശാലകളിൽ വജ്രയാനത്തിന്‌ അംഗീകാരം ലഭിച്ചു. എങ്കിലും, പന്ത്രണ്ടാം നൂറ്റാണ്ടിലെ വൈദേശികാക്രമണത്തിൽ ഇന്ത്യയിലെ മറ്റ്‌ ഭൂരിഭാഗം ബുദ്ധമത വിഭാഗങ്ങളെയും പോലെ വജ്രയാനവിഭാഗവും നാമാവശേഷമായി. എന്നാൽ ഏഴാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ട്‌ വരെയുള്ളകാലത്ത്‌ തിബറ്റിൽ പടർന്നു പന്തലിച്ച വജ്രയാനവിഭാഗം ഇപ്പോഴും ഇവിടുത്തെ ഏറ്റവും ശക്തമായ ബുദ്ധമതവിഭാഗമായി നിലകൊള്ളുന്നു. ഇത് അൽപം ചരിത്രം. സ്പിതിയിലെ ബുദ്ധാചരണരീതികൾ കൂടുതലറിയുന്നതിന് ഇത്തരം കാര്യങ്ങൾ ഗുണകരമാവുമെന്ന് കരുതുന്നു.

 

ഊഷരവും വിജനവുമായ മലമടക്കുകളിലൂടെ യാത്ര പലപ്പോഴും യാത്രികരെ ഭയമൗനങ്ങളിലൊളിപ്പിക്കുന്നു. കത്തുന്ന സൗര രശ്മികളും മഞ്ഞു കാറ്റും നിമ്നോന്നതങ്ങളായ നിരവധി പാറക്കെട്ടുകളും പർവ്വതശിഖരങ്ങളും ഓരങ്ങളിലെ അഗാധഗർത്തങ്ങളും വീതിയശേഷമില്ലാത്ത മൺ വഴികളും വീണുടയാനൊരുങ്ങി നിൽക്കുന്ന കുന്നുകളും ഒക്കെച്ചേരുന്ന മായക്കാഴ്‌ചകൾ നമ്മെ മറ്റൊരു ലോകത്തിലേക്ക് നയിക്കുന്നു. മൗനത്തിന്റെ അനന്തനീലിമയിൽ കണ്ണിറുക്കിയിരിക്കുന്നു. ഹിമാലയ യാത്രകളുടെ പൊതു രീതിയതാണ്. അടുത്ത നിമിഷത്തിന്റെ അനിശ്ചിതത്വം നിറഞ്ഞ മിഴികളിൽ ഭയഭക്തികളുടെ ലാഞ്ചനകൾ. സ്പിതിയിലൂടെയുള്ള യാത്രയും വ്യത്യസ്തമല്ല. എത്രയോ തവണ ഉയരങ്ങളിൽ പരിഭ്രമിച്ചിരിക്കുന്നു. ജീവവായുവിന്റെ അഭാവത്തിൽ മയങ്ങി പകൽ നിദ്രകൾ തീർക്കുന്ന മായാലോകത്തെത്തി വിചിത്രമായ സ്വപ്നങ്ങളിൽ നിന്ന് ഞെട്ടിയുണർന്നിരിക്കുന്നു. ഇത്തരം വിചിത്രാനുഭവങ്ങൾ ഹിമാലയ യാത്രയുടെ ഭാഗമാണ്. ചിലരെങ്കിലും അത്തരം ഹാലൂസിനേഷനുകളെ ഭക്തിയുമായി ബന്ധിപ്പിക്കുകയും ഈശ്വരാനുഭവമായി കുറിച്ചിടുകയും ചെയ്യുന്നുണ്ട്. അതിലെ ശരിതെറ്റുകൾക്കപ്പുറം ഈ വിചിത്ര ഭൂമിക നിർമിക്കുന്ന സർറിയലിസ്റ്റ് ചിത്രങ്ങളിൽ അഭിരമിക്കുകയും ജീവിക്കുകയും ചെയ്യുക എന്നതിലാണ് യാത്ര സഫലമാകുന്നത്‌.

 

ദൂരെ, മലഞ്ചെരിവുകൾക്കപ്പുറത്ത് പച്ച പിടിച്ച സ്പിതി നദിയുടെ താഴ്വാരം. ആകാശത്തിന്റെ നിറക്കൂട്ടുകൾ ചാലിച്ചൊഴുകുന്ന നദി. നദിക്കുള്ളിൽ ചാരനിറത്തിൽ ഇലഞരമ്പുകൾ പോലെ കൊച്ചു കൈവഴികൾ. ചെറിയ പച്ചപിടിച്ച പായൽ തരുത്തുകൾ. പല നിറങ്ങൾ ചാലിച്ച മലമടക്കുകളിൽ മാറി മറയുന്ന നിഴൽ വെളിച്ചങ്ങൾ. മലകളോടുരുമ്മി നീന്തുന്ന വെളളിമേഘങ്ങൾ. ഇവിടെ നമ്മൾ ഉയരങ്ങളെയും ദുർഘട പാതകളെയും ദിവാസ്വപ്‌നങ്ങളെയും മറക്കുന്നു. കാമറ പോലും കയ്യിലെടുക്കാതെ മുഴവൻ കാഴ്ചകളെയും ഹൃദയത്തിലാവാഹിക്കുന്നു. ചുരുങ്ങിപ്പോയ കണ്ണിമകൾ  പരമാവധി തുറന്നു വെയ്ക്കുന്നു. ഈ ദൃശ്യവിശേഷങ്ങളിലേക്ക്, പ്രപഞ്ചത്തിന്റെ ഈ മറുകരയിലേക്ക് നയിച്ച ഹിമ സംസ്കൃതിയെ പ്രണമിക്കുന്നു. മഹാമൗനങ്ങളായ വൻമലനിരകളെ നമിക്കുന്നു. നീ ഞൊറി ചേർത്തുടുക്കുന്ന താഴ്വാരങ്ങളിലെ പച്ചപ്പട്ടു വിതാനങ്ങളിലെ ജൈവ ചോദനയെ പ്രണയിക്കുന്നു. ഏതോ ഹിരണ്മയ കാന്തിയിൽ നിത്യം പ്രോജ്വലിക്കുന്ന അസംഖ്യം താരാഗണങ്ങളെ വന്ദിക്കുന്നു.

spituk monastery

ഹരിതരഹിതമായ പരുഷരൂപിയായ മലമുകളിലായി മലഞ്ചെരിവുകളിലേക്കിറങ്ങി  പല പല തട്ടുകളിലായി പടർന്ന് വെളുത്തതും കുങ്കുമ വർണ്ണത്തിലുമായി നിരവധി പുരാതനമായ എടുപ്പുകൾ സ്പിതി നദിയ്ക്ക് ഉന്മുഖമായി ഗാംഭീര്യത്തോടെ നിൽക്കുന്നു. കീ (key) ബുദ്ധാശ്രമം. ദൂരെ നിന്നുള്ള മനം മയക്കുന്ന കാഴ്ച. മലനിരകളിലെ ബുദ്ധവിഹാരങ്ങളുടെ നിർമിതി എന്നും ഈ രീതിയിലായിരുന്നു. ലഡാക്കിലെ യാത്രകളിൽ നിരവധി തവണ ബുദ്ധക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നുബ്രാ താഴ്വരയിലെ ഷിയോക് നദിയുടെ മറുകരയിലുള്ള ഡിസ്കിത് മൊണാസ്ടി തൊട്ട് സ്പിതുക്, ഹെമിസ്, തിക്സെ, ലാമയുരു തുടങ്ങി എത്രയോ ബുദ്ധാശ്രമങ്ങൾ. എല്ലാം വജ്രായന ബുദ്ധ കേന്ദ്രങ്ങൾ. എല്ലായിടങ്ങളിലും വർഷപ്പഴമയുടെ ധ്യാന മുദ്രകൾ മുഖത്തും നെറ്റിയിലുമണിഞ്ഞ ലാമമാർ ചുണ്ടിൽ പ്രാർത്ഥനാ മന്ത്രങ്ങളുമായി  നടന്നു നീങ്ങുന്നു. തിബത്തിലും ലഡാക്കിലും ഭൂട്ടാനിലും സിക്കിമിലെ റൂം ടെക്ക് ആശ്രമത്തിലും കണ്ട ബുദ്ധക്ഷേത്രങ്ങളിലെല്ലാം പ്രാചീനമായ പ്രാർത്ഥനാ സ്തൂപങ്ങളുണ്ടായിരുന്നു. പ്രാർത്ഥനാ ചക്രങ്ങളുണ്ടായിരുന്നു. ഓരോ ബുദ്ധഭിക്ഷുവും ഭിക്ഷുകിയും പ്രാർത്ഥനാ ചക്രങ്ങൾ തിരിച്ചുകൊണ്ടേയിരുന്നു.  അകം പൊള്ളയായ  ലോഹത്തകിടുകൾ കൊണ്ടു് നിർമ്മിച്ച തിരിക്കാവുന്ന സിലിണ്ടർ ആകൃതിയിലുള്ള രൂപങ്ങളാണ് ഓരോ പ്രാർത്ഥനാ ചക്രങ്ങളും. പുറത്ത് ‘ഓം മണി പത്മേ ഹും’ എന്ന പ്രപഞ്ച പ്രാർത്ഥന എഴുതി വെയ്ക്കപ്പെട്ടിരിക്കും. ഉള്ളിൽ അസംഖ്യം ചുരുളുകളിൽ എഴുതിയിടപ്പെട്ട പ്രാർത്ഥനാ മന്ത്രങ്ങൾ. അതിന്റെ ഓരോ പ്രദക്ഷിണവും എഴുതിയിടപ്പെട്ട  മന്ത്രജപങ്ങളെ പ്രോജ്വലിപ്പിക്കുന്നു. അതിന്റെ അനുരണനങ്ങൾ ഊർജ്ജ തരംഗങ്ങളുടെ വിക്ഷേപണങ്ങളായി മാറുന്നു. പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളിലും പ്രതിബിംബിക്കുന്നു. തിന്മകളിൽ നിന്ന് ലോകത്തെ വിമലീകരിക്കുന്നു. താമരയിതളിലെ വജ്ര മന്ത്രമായ ‘ഓം മണിപത്മേ ഹും’ ബുദ്ധന്റെ കരുണയുടെ പര്യായമാണ്.  എല്ലാ വജ്രായന ബുദ്ധക്ഷേത്രങ്ങളിലും ഈ മന്ത്രം സൗമ്യമായി അന്തരീക്ഷത്തിലലയടിച്ചു കൊണ്ടേയിരിക്കുന്നു. തിബത്തൻ ബുദ്ധിസത്തിന്റെ ഏറ്റവും പരിപാവനമായ ഈ ഷഡാക്ഷരി സംസ്കൃതമന്ത്രം അവലോകിതേശ്വരനുമായി ബന്ധപ്പെട്ടിരിക്കുന്നു.അവലോകിതേശ്വരൻ ബുദ്ധന്റെ കരുണയുടെ ഭാവമാണ്. ബുദ്ധകാരുണ്യസത്തയാണ്. അവലോകിതേശ്വരന്റെ പരമഹൃദയമന്ത്രം. ഈ മന്ത്രോച്ചാരണത്തെക്കുറിച്ച് അവലോകിതേശ്വരന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ദലൈലാമ പറയുന്നു: “The six syllables, OM MANI PADME HUM, mean that in dependence on the practice which is in indivisible union of method and wisdom, you can transform your impure body, speech and mind into the pure body, speech, and mind of a Buddha”. അശുദ്ധി നിറഞ്ഞ ശരീരത്തെയും മനസ്സിനെയും വാക്കുകളെയും ശുദ്ധീകരിച്ച് മനസ്സിലുള്ള ബുദ്ധനെയുണർത്തി തഥാഗത പദത്തിലെത്താനുള്ള വാതായനമാണത്.

 

തിബത്തിലും ലഡാക്കിലും സ്പിതിയിലുമൊക്കെയുള്ള മറ്റൊരു മനോഹര ദൃശ്യമാണ് അനന്ത നീലിമയിൽ കണ്ണുനട്ട് ധ്യാനനിരതരായ ബുദ്ധ സ്തൂപങ്ങൾ.  ലുംബിനിയിൽ, മണ്ണിനടിയിൽ മറഞ്ഞുകിടന്ന ചരിത്ര സ്തൂപങ്ങൾ സിലിണ്ടറാകൃതിയിലായിരുന്നെങ്കിൽ വജ്റായാന വഴികളിലത് ചതുരനിർമ്മിതികളാണ്. നിയതമായ അളവുകേലുകളിൽ ചതുരാകൃതിയിലുള്ള പീഠങ്ങളായി ഓരോ സ്തൂപവുമുയരുന്നു. ആദ്യ പീഠഭാഗം ഭൂമിയെ ദ്യോതിപ്പിക്കുന്നു. അതിനു മുകളിലായുള്ള പടികളിൽ ജലതരംഗങ്ങളുണരുകയായി. പിന്നീടുള്ള രണ്ടോ മൂന്നോ  നടകൾ അഗ്നിയെക്കുറിക്കുന്നു. അതിനുശേഷം നിലവിളക്കു പോലെ ഉയർന്നു നിൽക്കുന്ന ഭാഗം വായുവിനെ സങ്കല്പിക്കുന്നു. അതിൻ മുകളിൽ, ആകാശത്തെ സൂചിപ്പിച്ച് കൂർത്തയഗ്രത്തിൽ സൂര്യ ഫലകം. പഞ്ചഭൂത നിർമ്മിതി.  പ്രകൃതിയിലെ സർവ്വചരാചര നിർമിതികളുടെയും പ്രതീകമായ, പഞ്ചഭൂതങ്ങളുടെ സൂചകങ്ങളായ   ധ്യാനനിരതരായ ബുദ്ധസ്തൂപങ്ങൾ സ്പിതിയുടെ സംസ്കാര ചിഹ്നങ്ങളാണ്. സ്പിതിയിലുടനീളം, കുന്നിൻ മുകളിലും മലമടക്കുകളിലും വഴിയോരങ്ങളിലും ഗോംപകളിലും, ബുദ്ധധ്യാനത്തിന്റെ, സംസ്കൃതിയുടെ അടയാളങ്ങളായി ബുദ്ധസ്തൂപങ്ങൾ കാണാം. അവ മനസ്സിൽ  ബുദ്ധന്റെ കരുണ നിറയ്ക്കുന്നു. ത്യാഗവും സഹനവും നിറയ്ക്കുന്നു. ഓരോ ബുദ്ധ സ്തൂപവും ബുദ്ധനിലേക്കുള്ള മനസ്സടരുകളുടെ കിളിവാതിലുകളാണ്. ബോധോദയത്തിന്റെ ശൂന്യതയിലേക്കുള്ള വാതിലുകൾ. ഓഷോ പറയുന്നു. ” ബോധോദയം വളരെ വൈയക്തികമായ ഒരു പ്രതിഭാസമാണ്. അതിന്റെ പാത ആകാശത്തിലൂടെ പറക്കുന്ന ഒരു പക്ഷിയുടെ പാതപോലെയാണ്. അത് പിന്നിൽ യാതൊരു കാലടിപ്പാടുകളും അവശേഷിപ്പിക്കുന്നില്ല. ആർക്കും പറക്കുന്ന പക്ഷിയുടെ കാല്പാടുകൾ പിന്തുടരാൻ കഴിയില്ല. ഓരോ പക്ഷിയും സ്വന്തം കാൽപാടുകൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. എന്നാൽ ആ പക്ഷി പറന്നുപോകുന്നതോടെ അവ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.” ബോധോദയത്തിന്റെ വഴികൾ അത്ര സങ്കീർണ്ണവും വിശാലവും ശൂന്യവുമാണ്.

 

തിബത്തൻ ബുദ്ധിസത്തിന്റെ മറ്റൊരു കൊടിയടയാളമാണ്, പ്രാർത്ഥനാ പതാകകൾ. ഓരോ ഗോംപയിലും ( ബുദ്ധക്ഷേത്രം) അനേകം പ്രാർത്ഥനാ പതാകകൾ പല വർണ്ണങ്ങളിൽ കെട്ടിയിരിക്കുന്നതായി കാണാം. പതാകകളിൽ പ്രാർത്ഥനകളാലേഖനം ചെയ്ത്  തിരശ്ചീനമായി ഉയരത്തിൽ കെട്ടിയിടുന്നു. നിരന്തരം കാറ്റിലലകൾ തീർത്ത് ചലിച്ചു കൊണ്ടേയിരിക്കുന്ന പ്രാർത്ഥനാ പതാകകളും വെൺമേഘങ്ങളെപ്പോലെ കർമോന്മുഖമാണ്. അവയിലെഴുതപ്പെട്ട പ്രാർത്ഥനകൾ കാറ്റിലൂടെ പഞ്ചഭൂതങ്ങളിൽ ലയിക്കുന്നു. വിമലീകരിക്കപ്പെടുന്നു. സ്ഥലവും കാലവും ചലന സ്വഭാവികളാണ്. പ്രപഞ്ചത്തിൽ നിശ്ചലാവസ്ഥയിൽ ഒന്നും തന്നെയില്ല.  സർവാസ്തിത്വവാദികൾക്കെതിരായ ചിന്തകളാണ് വജ്രായാനം മുന്നോട്ട് വെയ്ക്കുന്നത്. യാതൊന്നിനും സ്വതന്ത്രമായ അസ്തിത്വമില്ലെന്നവർ വാദിക്കുന്നു. സർവ്വവും ചലനാത്മകവും ഊർജ്ജനൈരന്തര്യവു മാണെന്നവർ വിശ്വസിക്കുന്നു.    പ്രാർത്ഥനാ പതാകകളിലെ ഓരോ നിറവും പ്രതിനിധാനം ചെയ്യുന്നത് പ്രപഞ്ച ശക്തികളെ ആണ്. അതിൽ വെള്ളനിറം വായുവിനെയും, ചുവപ്പു നിറം അഗ്നിയെയും, പച്ച നിറം വെള്ളത്തെയും, നീല നിറം കാറ്റിനെയും, മഞ്ഞ നിറം ഭൂമിയെയും സൂചിപ്പിക്കുന്നു.

key monastery

ഓരോ തിബത്തൻ ഗോംപയും ബുദ്ധതന്ത്ര കേന്ദ്രങ്ങൾ കൂടിയാണ്. ബുദ്ധതന്ത്രത്തിലൂടെ സാധാരണ മനുഷ്യരുടെ കാഴ്ചകൾക്കപ്പുറമായി അഞ്ചു തരം ദർശനങ്ങളുണ്ടാകുമെന്ന് തിബത്തൻ ലാമമാർ വിശ്വസിക്കുന്നു. സൂക്ഷ്മ ധ്യാനത്തിലൂടെ പക്ഷിമൃഗാദികൾക്കുള്ള സഹജാവബോധം ഉണർത്തിയെടുക്കുന്നതാണ്, ആദ്യ പടി. സ്വർഗ്ഗ നരകങ്ങളിലൂടെ സർവ്വ മനുഷ്യരുടെയും ഭൂത -ഭാവി ജന്മങ്ങളെ കാണാൻ കഴിയുന്ന ദിവ്യദൃഷ്ടിയാണ് മറ്റൊന്ന്. ബോധിസത്വൻമാരെപ്പോലെ ആത്യന്തിക പ്രപഞ്ച സത്യമറിയുന്ന ദൃഷ്ടിയാണ് മൂന്നാമത്തേത്. അവർക്ക് നൂറു കണക്കിന് യുഗകൽപങ്ങളിലൂടെ മുന്നോട്ടും പിറകോട്ടും കാണാൻ കഴിയുന്നു. ബോധോദയത്തിന്റെ അടുത്തെത്തിയ ബോധിസത്വൻമാർക്ക് ആയിരക്കണക്കിന് യുഗങ്ങളോളം മുന്നോട്ടും പുറകോട്ടും ജനന മരണങ്ങളിലൂടെ സഞ്ചരിക്കാനാവുന്നതാണ് നാലാമത്തെ ദൈവദൃഷ്ടി .ബുദ്ധനായതിനുശേഷം അനന്തതയിൽ യുഗാരംഭം മുതൽ യുഗാന്ത്യം  വരെ കാണാനുള്ള കഴിവാണ് അഞ്ചാമത്തെ ദൃഷ്ടി. വജ്രായാന ബുദ്ധിസത്തിന്റെ ബുദ്ധതന്ത്രപ്രമാണങ്ങളെ ആസ്പദമാക്കി ശ്രീ.കെ.വി.മോഹൻകുമാർ എഴുതിയ നോവലാണ് “പ്രണയത്തിന്റെ മൂന്നാം കണ്ണ്”. ബുദ്ധൻ അഞ്ച് ധ്യാനബുദ്ധന്മാരായി വിഘടിച്ച്  അഞ്ചു ശക്തിമാരുമായി സംയോജിച്ച് പ്രണയപഥങ്ങളിലൂടെ സഞ്ചരിച്ചതായി താന്ത്രിക് ബുദ്ധിസം പറയുന്നു. ധർമചക്രത്തിന്റെ മൂന്നാമത്തെ കറക്കത്തിലാണ് താന്ത്രിക ബുദ്ധിസം അഥവാ വജ്രയാനിസം ഉണ്ടായത്. ഒന്നാമത് ഹീനയാനിസം, രണ്ടാമത്തെ കറക്കത്തിൽ മഹായാനിസം, മൂന്നാമത് വജ്രയാനിസം (താന്ത്രിക് ബുദ്ധിസം). മൈഥുനത്തെ ‘താന്ത്രിക് യാത്ര’ ആയാണ് ബുദ്ധതന്ത്ര കരുതുന്നത്. ആചാര്യ സ്ഥാനത്ത്, പ്രണയത്തെയും രതിയെയും ധ്യാനാത്മകമായി അനുഷ്ഠിച്ചിരുന്ന  ഒരു കാലഘട്ടത്തിന്റെ ദർശനമായാണ് താന്ത്രിക് ബുദ്ധിസത്തെ നോവലിൽ അവതരിപ്പിക്കുന്നത്.

 

കീ ബുദ്ധാശ്രമം കൂടുതൽ അടുത്തു വരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതെന്നു കരുതുന്ന ഈ പൗരാണിക ബുദ്ധമതത്തിന് എന്തെന്ത് കഥകൾ പറയാനുണ്ടാവില്ല!

 

Print Friendly, PDF & Email

About the author

സി ജെ തോമസ്

നിലമ്പൂർ സ്വദേശി, കോഴിക്കോട് താമസം. സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസിൽ സൂപ്രണ്ട് ആയി ജോലി ചെയുന്നു.