CINEMA EDITORIAL

ജെല്ലിക്കെട്ട്


മലയാളത്തിന്‍റെ വിസ്മയങ്ങളെ ലോകസിനിമയുടെ ഉന്നതശ്രേണിയിലെത്തിക്കുന്ന ചിത്രം.

j1

ഗ്രാമങ്ങള്‍ മുഴുവനായി അഭിനയിച്ച ചിത്രങ്ങള്‍ മലയാളമുള്‍പ്പടെ പല ഭാഷകളിലായി ഇതിനുമുമ്പും വന്നിട്ടുണ്ട്. ഒരു നാടോ ജില്ലയോ ഒക്കെ മുഴുവനായി പങ്കെടുത്ത അരാജകോത്സവമാണ്‌ ലിജോ ജോസ് പെല്ലിശ്ശേരി സം‌വിധാനം ചെയ്ത ഏറ്റവും പുതിയ മലയാളചിത്രം. ചിത്രത്തിന്‍റെ ആഗോളപ്രദര്‍ശനോദ്ഘാടനമായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്നത്. സ്ഥലം, ടൊറോന്‍റോ രാജ്യാന്തരചലച്ചിത്ര മേളയുടെ വേദികളിലൊന്നായ സ്കോഷ്യ ബാങ്കിന്‍റെ പത്താം നമ്പര്‍ തീയേറ്റര്‍. സമയം രാത്രി 9.15.
‘ജെല്ലിക്കെട്ട്’ മലയാളത്തെ ലോക സിനിമയുടെ ഉന്നതശ്രേണിയി ലെത്തിച്ചിരിക്കുകയാണ്‌. ഓസ്ക്കറിന്‍റെ ദിശാസൂചികയായി കണക്കാക്കപ്പെടുന്ന ടൊറോന്‍റോ രാജ്യാന്തരചലച്ചിത്ര മേളയിലെ ജെല്ലിക്കെട്ടിന്‍റെ ആദ്യത്തെ രണ്ടു പ്രദര്‍ശനങ്ങള്‍ പ്രേക്ഷകരി ലുണ്ടാക്കിയ പ്രതീതി അതാണ്‌. പ്രദര്‍ശനത്തിനുശേഷം ഇരിപ്പിടത്തില്‍ നിന്നെണീറ്റുനിന്നുള്ള നിലയ്ക്കാത്ത കരഘോഷം, ഇനിയുണ്ടാവാന്‍ പോകുന്ന സിനിമാചരിത്രത്തില്‍ അത് മായാവാക്യങ്ങളായി എഴുതിച്ചേര്‍ക്കുകയാണ്‌. വേദിയില്‍ കണ്ട ആകാരഭംഗിയുള്ള താരങ്ങള്‍, തങ്ങള്‍ കഥയില്‍ കണ്ട ചെളിയിലും തെറിയിലും കുത്തിമറിഞ്ഞ ഇട്ടിക്കണ്ടപ്പന്മാരാണോ എന്ന് സംശയിച്ചത് മലയാളികളേക്കാളുപരി ലോകത്തിന്‍റെ വിവിധഭാഗങ്ങളെ പ്രതിനിധീകരിച്ച പ്രേക്ഷകരായിരുന്നു.
j4
ഉറങ്ങിക്കിടക്കുന്ന മുഖങ്ങളില്‍ അസ്വസ്ഥശബ്ദങ്ങളുടെ ഉദ്വര്‍ത്തനങ്ങള്‍ കത്തിപ്പിടിക്കുന്നതിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്. കശാപ്പുകത്തിയില്‍ നിന്നു കുതറിമാറുന്ന പോത്തിന്‍റെ പലായനത്തിലൂടെ ഒരു കുടിയേറ്റ പ്രദേശത്തിന്‍റെ ജീവിതക്കാഴ്ചകളെ അതേവേഗത്തില്‍ കാണിച്ചുതരികയാണ്‌, ലിജോ ജോസ്. ആന്‍റണിയുടെ അനുരാഗക്കൈമാറ്റത്തിന്‍റെ രഹസ്യച്ചിരിയും, പോളേട്ടന്‍റെ പ്രകടനവും, പെണ്ണിന്‍റെ മനസ്സമ്മതത്തിനു നാട്ടുകാര്‌ നാറികളെ തീറ്റിച്ചിട്ട് കാര്യമൊന്നുമില്ലെന്ന  കുരിയാച്ചന്റെ അഭിപ്രായവും  , ‘വെളിയ്ക്കിറങ്ങരുതെ’ന്ന  മൈക്ക് അനൗണ്‍സുമെന്‍റുമെല്ലാം ലോകസിനിമയുടെ പ്രേക്ഷകരെ ചിരിപ്പിക്കുന്നത് തീയേറ്ററില്‍ കാണാമായിരുന്നു. നാട്ടിലെ രോഷപ്രകടനഭാഷയായ പച്ചത്തെറികളുടെ സ്വാഭാവികമായ സ്വീകാര്യത ഇതിനു മുമ്പ് ഒരു ചിത്രത്തിലും ഇത്രയേറെ അനുഭവപ്പെട്ടിട്ടില്ല. (ഈ മൗലികതയെ സെന്‍സര്‍കത്രികകള്‍ നിര്‍ദ്ദയം വെട്ടിമാറ്റിയതിനുശേഷമല്ലേ ചലച്ചിത്രോത്സവങ്ങള്‍ക്കു പുറത്തുള്ള പ്രേക്ഷകര്‍ക്ക് ചിത്രം കാണാന്‍ കഴിയുകയുള്ളു എന്ന  വിഷമവുമുണ്ട്) കത്തിപ്പടരുന്ന പരദൂഷണപ്പടക്കങ്ങളും മലയാളത്തിനുമാത്രം അവകാശപ്പെടാവുന്ന ‘അല്ലെങ്കില്‍ പള്ളിക്കെന്തിനാ ചന്ദനം?  ‘ എന്നതുപോലെയുള്ള സ്വയസാന്ത്വനങ്ങളും (പുരകത്തിയപ്പോള്‍ പണ്ട് വാഴക്കുല മോഷ്ടിച്ച അതേ മലയാളിക്കള്ളന്‍ പോത്ത് പിണങ്ങിയ രാത്രിയില്‍ പള്ളിപ്പറമ്പിലെ ചന്ദനമരം പൊക്കി) മലയാളി പ്രേക്ഷകരെ തലതല്ലിച്ചിരിപ്പിച്ചപ്പോള്‍, വിവര്‍ത്തനം ചെയ്യാനാവാത്ത ബഷീര്‍‌ഭാഷയും വി.കെ.എന്‍ ഹാസ്യവും പോലെ വെള്ളക്കാര്‍ക്ക് മനസ്സിലാകാതെ പോകുന്നതും കാണാമായിരുന്നു.
‘ജെല്ലിക്കെട്ട്’ മലയാളത്തെ ലോകസിനിമയുടെ ഉന്നതശ്രേണിയിലെത്തിച്ചിരിക്കുകയാണ്‌. ഓസ്ക്കറിന്‍റെ ദിശാസൂചികയായി കണക്കാക്കപ്പെടുന്ന ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേളയിലെ ജെല്ലിക്കെട്ടിന്‍റെ ആദ്യത്തെ രണ്ടു പ്രദര്‍ശനങ്ങള്‍ പ്രേക്ഷകരിലുണ്ടാക്കിയ പ്രതീതി അതാണ്‌. പ്രദര്‍ശനത്തിനുശേഷം ഇരിപ്പിടത്തില്‍ നിന്നെണീറ്റുനിന്നുള്ള നിലയ്ക്കാത്ത കരഘോഷം, ഇനിയുണ്ടാവാന്‍ പോകുന്ന സിനിമാചരിത്രത്തില്‍ അത് മായാവാക്യങ്ങളായി എഴുതിച്ചേര്‍ക്കുകയാണ്‌.
j2
വിദ്യാഭ്യാസത്തിലും, രാഷ്ട്രീയത്തിലും, വിവരസാങ്കേതികവിപ്ലവത്തിലും മറ്റാരേക്കാളും മുമ്പില്‍ നില്‍ക്കുന്നെന്ന് അഭിമാനിക്കുകയോ അഹങ്കരിക്കുകയോ ഒക്കെ ചെയ്യുന്നവർ  അടിതെറ്റിവീഴുന്ന ചില പരീക്ഷകളുണ്ട്. അത് നടക്കുന്നത് അവരുടെ  വീട്ടിലും ചില പൊതുസ്ഥലങ്ങളിലുമാണ്‌. അത്തരം കാഴ്ചകളുടെ പെരുന്നാളാണ്‌ ‘ജെല്ലിക്കെട്ട്’. പ്രളയകാലത്ത് കടകള്‍ കൊള്ളയടിച്ച അതേ മലയാളി ഇതിലും ചില വിക്രിയകള്‍ ചെയ്തുകൂട്ടുന്നുണ്ട്. വിവേചനബുദ്ധിയുണ്ടെന്നുള്ളതാണ്‌ മനുഷ്യനെ മൃഗങ്ങളില്‍ നിന്നു ഒരു പടി മുന്നിൽ നിറുത്തുന്നത്. എന്നിട്ടും നാം  രണ്ടുകാലില്‍ നടക്കുന്ന മൃഗങ്ങള്‍ മാത്രമാണെന്ന് ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ മൃഗത്തിനു ഏറ്റവും ഇഷ്ടപ്പെട്ട രുചിയുള്ള ഭക്ഷണം മനുഷ്യന്‍റേതുതന്നെയാണെന്ന് കുട്ടച്ചന്‍ ഇതില്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍, നമ്മുടെ തോക്ക് നമുക്ക് നേരേ തിരിയുകയാണ്‌. അനുദിനം നടക്കുന്ന പല സംഭവങ്ങളും  ഇതിനൊക്കെ തെളിവുകളാകുന്നുണ്ട്.
വിഖ്യാത കഥാകാരനായ എസ്. ഹരീഷിന്‍റെ ‘മാവോയിസ്റ്റ്’ എന്ന കഥയാണ്‌ ഈ ചലച്ചിത്രരചനയുടെ അടിസ്ഥാനം. കഥാകാലത്തിനപ്പുറം അദ്ദേഹം ഇനി അറിയപ്പെടാന്‍ പോകുന്നത് അജയ്യനും ഒറ്റയാനുമായ തിരക്കഥാകൃത്താ യിട്ടായിരിക്കും. ആര്‍.ജയകുമാര്‍ തിരക്കഥയില്‍ അദ്ദേഹത്തോടൊപ്പം പങ്കുചേര്‍ന്നിട്ടുണ്ട്. ഗിരീഷ് ഗംഗാധരന്‍ ഇരുട്ടും വെളിച്ചവും കൊണ്ട് പുതിയ വിസ്മയങ്ങള്‍ കാണിച്ചുതരുന്ന മികച്ച ഛായാഗ്രാഹകനായി സ്ഥാനമുറപ്പിക്കുകയാണ്‌. ചെമ്പന്‍ വിനോദ് അഭിനയരംഗത്ത് ഒരു പടി കൂടി കടന്നു നില്‍ക്കുന്നു. ആന്‍റണിവര്‍ഗ്ഗീസ് ജനപ്രിയനാകുന്നു, വീണ്ടും. സാബുമോന്‌ ‘കഞ്ചാവ് കുട്ടച്ച’നപ്പുറം തിളങ്ങാന്‍ ഇനിയൊരു കഥാപാത്രമുണ്ടാവില്ല. അദ്ദേഹം അതിനു നന്ദി പറയേണ്ടത് ഈ ചിത്രത്തില്‍ കാണാനില്ലാത്ത വിനായകനോടാണ്‌. മൗലിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ താൻ  ഒട്ടും പിന്നിലല്ലെന്ന് ജാഫർ ഇടുക്കി  വീണ്ടും തെളിയിച്ചിരിക്കുന്നു. എത്ര ചെറിയ കഥാപാത്രത്തിനും ഒരു സിനിമയുടെ വിജയത്തില്‍ ഭാഗഭാക്കാകാന്‍ കഴിയുമെന്ന് ശാന്തി ബാലചന്ദ്രൻ തെളിയിച്ചു. ദീപു ജോസഫിന്‍റെ ചിത്രസം‌യോജനവും രം‌ഗനാഥ് രവിയുടെ ശബ്ദസന്നിവേശവും പ്രശാന്ത്പിള്ളയുടെ പശ്ചാത്തല സംഗീതവും ഈ ലിജോചിത്രത്തിന്‍റെ വിജയസൂത്രവാക്യങ്ങളിലുണ്ട്.
j3
മാസ്റ്റേഴ്‌സ് സീരീസില്‍ ക്ഷണിക്കപ്പെട്ട ചിത്രമായി അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘പിന്നെയും’ രണ്ടുവര്‍ഷം മുമ്പ് വന്നതൊഴിച്ചാല്‍ ഒരു ദശാബ്ദ ക്കാലമായി ഒരു മലയാളചിത്രം പോലും ടൊറോന്‍റോ മേളയിലേയ്ക്ക് എത്തിനോക്കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാഷാചിത്രങ്ങള്‍ മുമ്പും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ജെല്ലിക്കെട്ട് ടൊറോന്‍റോയില്‍ ഉയര്‍ത്തിയ ചലനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ മലയാളസിനിമകള്‍ക്ക് ഉത്തേജകമാകണം. മാറിക്കൊണ്ടിരിക്കുന്ന ചലച്ചിത്രലോകചരിത്രത്തില്‍ മലയാളത്തിന്
സ്വന്തമായി ഒരദ്ധ്യായം എഴുതിച്ചേര്‍ക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കു കഴിഞ്ഞു എന്ന് തീര്‍ച്ചയായും അഭിമാനിക്കാം.
Print Friendly, PDF & Email

About the author

സുരേഷ് നെല്ലിക്കോട്

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം