EDITORIAL ലേഖനം സാമൂഹ്യം

‘മലയാളി ചെറുക്കൻ’ ചിലപ്പോൾ ‘മലയാളി’പെൺകുട്ടിയെ കെട്ടാറുണ്ട്…!!
രിക്കൽ പട്ടാമ്പി കോളേജിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വയനാട്ടിലെ ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട ഒരു പഞ്ചായത്ത് പ്രസിഡന്റ് വന്നിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളിൽത്തൊട്ട് നല്ല മലയാളത്തിൽ സംസാരിച്ചു തുടങ്ങിയ അവർ ഒട്ടും അസ്വാഭാവികതയില്ലാതെ പറഞ്ഞു…. ‘എന്റെ രണ്ടാമത്തെ മകൻ കല്യാണം കഴിച്ചത് ടൗണിലെ ഒരു മലയാളിക്കുട്ടിയെയാണ്…’ അവർ അന്നു പറഞ്ഞ ഈ വാക്യം എല്ലാ ഭാഷാ ചർച്ചകൾക്കിടയിലും അൽപ്പം അമ്പരപ്പോടെ ഇപ്പൊഴും ഓർമ്മയിലെത്താറുണ്ട്. വയനാട്ടിൽ ഉൾപ്രദേശത്ത് ജീവിക്കുന്ന അവർക്ക് വയനാട്ടിലെതന്നെ നഗരപ്രദേശത്ത് ജീവിക്കുന്ന പെൺകുട്ടി ‘മലയാളിക്കുട്ടി’യായതിന്റെ കാരണമന്വേഷിക്കുമ്പൊഴാണ് നമ്മുടെ ആദിവാസിഗോത്രസമൂഹം ഭാഷ കൊണ്ട് വ്യത്യസ്തരാകുന്നതിന്റെ യുക്തി നമുക്ക് തിരിഞ്ഞുകിട്ടുക. കേരളം എന്ന് നാം വ്യവഹരിക്കുന്ന ഭൂപ്രദേശത്തിനകത്ത് ജനിച്ച് ജീവിക്കുന്ന, സ്റ്റേറ്റിന്റെ ഭരണവ്യവസ്ഥയ്ക്കകത്ത് തന്നെ നിലനിൽക്കുന്ന ഒരു ഗോത്രസമൂഹത്തിന് ‘മലയാളി’ എന്നത് ഒരു അപരാനുഭവമായി മാറുന്നതിന്റെ ഒരേ ഒരു കാരണം തങ്ങൾ മലയാളത്തിൽ നിന്ന്  വിഭിന്നമായ ഒരു ഭാഷയിൽ ജീവിക്കുന്നു എന്നത് മാത്രമാണ്. ഓരോ ജനതയുടെയും ജീവിതം നിർവ്വചിക്കപ്പെടുന്നത് അവരുടെ ജീവിത ഭാഷാവ്യവഹാരത്തിനകത്താണ് എന്ന കാര്യം അത്ര നിസ്സാരമായി മനസ്സിലാക്കേണ്ട സംഗതിയല്ല. ഭാഷ ജീവിതത്തിനകത്തല്ല, ജീവിതം ഭാഷയ്ക്കകത്താണ് എന്ന തിരിച്ചറിവ് ഇവിടെ പ്രധാനമാണ്. ഭാഷ ആശയ വിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണെന്നതാണ് ഭാഷയെക്കുറിച്ചുള്ള സാമാന്യബോധം. ജീവിക്കാനുള്ള പലതരം ഉപകരണങ്ങളിലൊന്നാണ് ഭാഷ എന്നത് മൂലധനയുക്തി നിർമ്മിച്ചെടുത്ത ആശയമാണ്. ഒരു ജനതയ്ക്കും അവരുടെ മാതൃഭാഷ വെറും ആശയവിനിമയോപാധിയല്ല. അതിനപ്പുറം ജനതയുടെ ചരിത്രത്തെയും സംസ്കാരത്തെയും സൗന്ദര്യബോധത്തെയും നിർണ്ണയിക്കുന്ന ജൈവികമായ ആഴമാണ് മാതൃഭാഷയെ വ്യത്യസ്തമാക്കുന്നത്. വൈകാരികവും ചരിത്രപരവുമായ ഈ ആഴമാണ് കേരളത്തിലെ ഒരു ഗോത്ര ഭാഷക്കാരനെക്കൊണ്ട് ഒരു ‘മലയാളിക്കുട്ടി’യെ കെട്ടിക്കുന്നത്. ഒന്നായിരിക്കുമ്പോൾത്തന്നെ നമ്മൾ പലതായിരിക്കുന്നതിന്റെ കാരണം ഭാഷ കൊണ്ടുള്ള ഈ വേർതിരിവാണ്. അതുകൊണ്ടാണ് നമ്മുടെ ദേശീയതയെ ‘നാനാത്വത്തിൽ ഏകത്വം’ എന്ന് ജവഹർലാൽനെഹ്റു നിർവ്വചിച്ചത്. ഇതിലെ നാനാത്വം എന്നത് പ്രധാനമായും ഭാഷാപരമായ ബഹുത്വവും ഏകത്വം എന്നത് അധിനിവേശ വിരുദ്ധത എന്ന ദേശീയബോധവുമാണ്. സ്വന്തം ഭാഷയ്ക്ക് വേണ്ടി സമരം ചെയ്യുന്നവരെ ‘ഭാഷാ തീവ്രവാദികൾ ‘എന്ന് ആക്ഷേപിക്കുന്നവർക്ക്‌ സത്യത്തിൽ മനസ്സിലാകാത്തത് ഈ ഏകത്വത്തിലെ ബഹുത്വത്തെയാണ്. അത്യന്തികമായി അവർ സംസാരിക്കുന്നത് കൃത്രിമമായ ഏകത്വത്തെക്കുറിച്ചാണ്. അതു കൊണ്ടാണ് മലയാളിക്ക് ജീവിക്കാൻ മലയാളമില്ലെങ്കിലും ഇംഗ്ലീഷ് മതി എന്ന് അവർക്ക് തോന്നുന്നത്. പുതുതലമുറയ്ക്ക് ലോകബോധം നേടാനുള്ള ഏക വാതിൽ ഇംഗ്ലീഷാണെന്ന് അവർ തെറ്റിദ്ധരിക്കുന്നതും അതുകൊണ്ടാണ്. ഈ തെറ്റിദ്ധാരണ ഒരു പുതിയ കാര്യമല്ല. ഇംഗ്ലീഷാണ് ഇന്ത്യക്കാരുടെ ഏക വിമോചനമാർഗ്ഗം എന്ന ചിന്ത ദേശീയ പ്രസ്ഥാനത്തിന്റെ കാലം തൊട്ട് ഇവിടെയുണ്ട്. പാശ്ചാത്യാധുനികത സൃഷ്ടിച്ച ലോകബോധത്തിലൂടെ മാത്രമാണ് നാടിന്റെ വിമോചനം എന്ന് ഉറച്ച് വിശ്വസിച്ചവർ അക്കാലത്ത് ധാരാളമുണ്ടായിരുന്നു. ‘ഞങ്ങളുടെ അതിവിപുലമായ ഗ്രന്ഥശേഖരവുമായി തട്ടിച്ചു നോക്കിയാൽ, ഒരു അലമാരയിൽ വെയ്ക്കാനുള്ള പുസ്തകങ്ങൾ നിങ്ങളുടെ ഇന്ത്യൻ ഭാഷകളിലെല്ലാം കൂടി ഉണ്ടാകില്ലെ’ന്ന് പരിഹസിച്ച മെക്കോളെയായിരുന്നു അവരുടെ വഴികാട്ടി. ബ്രിട്ടീഷുകാരുമായി സമരം ചെയ്യാതെ അവരുമായി സമരസപ്പെട്ട് പോകാൻ ‘ഇന്ദുലേഖ’യിലെ മാധവൻ പറയുന്നത് ഈ സന്ദർഭത്തിലാണ്. അധിനിവേശാധികാരത്തോടുള്ള വിധേയത്വത്തെ അംഗീകരിച്ചാദരിക്കുന്ന ഒരു സവർണ്ണ സമ്പന്ന ന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണിവിടെ മാധവൻ. ആരും കാണാതെ കുടുമ മറച്ചു വെയ്ക്കാൻ ഒരു ഇംഗ്ലീഷ്തൊപ്പി ലഭിക്കുന്നതോടെയാണ് മാധവൻ ആധുനികനാകുന്നത് ! കൂട്ടുകുടുംബത്തിന്റെ അധികാരഘടനയെയും അന്ധവിശ്വാസബദ്ധമായ ജീവിതക്രമങ്ങളെയും പൊളിക്കാനുള്ള ഉപാധി എന്ന നിലയിലാണ് അന്ന് മാധവനെ ചന്തുമേനോൻ ഇംഗ്ലീഷ് പഠിപ്പിച്ചതെങ്കിൽ, ആ ഹാങ്ങ് ഓവറിൽ കുടുങ്ങിപ്പോയ പുതിയ ‘മാധവന്മാർ’ എക്കാലത്തെയും വിമോചന മാർഗ്ഗം അതാണെന്ന് തെറ്റിദ്ധരിച്ചു പോയി. ഈ അപകടം മുൻകൂട്ടി തിരിച്ചറിഞ്ഞതുകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ നാളുകളിൽത്തന്നെ ഗാന്ധിജി മാതൃഭാഷയുടെ രാഷ്ട്രീയം സംസാരിച്ചു തുടങ്ങുന്നത്.

ഒരു ജനതയ്ക്ക് അടിമ ബോധത്തിന്റെ ഇരുൾക്കുണ്ടിൽ നിന്ന് കയറാനുള്ള പിടിക്കയർ മാതൃഭാഷയാണെന്ന് മഹാകവി പറയുന്നതും ഭാഷയുടെ ഈ രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ്. ഇവിടെയാണ് ‘മാതൃഭാഷ ബോധനമാധ്യമമാക്കുക; ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുക ‘ എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. മാതൃഭാഷയിലും മറ്റ് ന്യൂനപക്ഷ ഭാഷയിലും കൂടി പരീക്ഷ എഴുതാൻ അനുവദിക്കുക എന്നത് ഒരു അക്കാദമിക് പ്രശ്നം എന്നതിലുപരി ഒരു മനുഷ്യാവകാശ പ്രശ്നമായി മാറുന്നതും ഭാഷയുടെ ഈ രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ്. 

ഇംഗ്ലീഷിനോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും എന്നാൽ അത് മാതൃഭാഷയ്ക്ക് പകരമാകുന്നത് നാടിനെ ദുരന്തത്തിലേക്ക് നയിക്കുമെന്നും ഗാന്ധിജി അസന്നിഗ്ദ്ധമായി പറഞ്ഞു വെയ്ക്കുന്നുണ്ട്. സ്വന്തം ഭാഷയുടെ ആഴങ്ങളിൽ ചുവടുറപ്പിച്ചു കൊണ്ടു വേണം മറ്റ് ഭാഷകളിലേക്ക് പടരാൻ എന്നതാണ് ഗാന്ധിയൻ ഭാഷാദർശനങ്ങളുടെ കാതൽ. ഒരു മനുഷ്യന്റെ ചിന്താപ്രക്രിയ ഏറ്റവും സർഗ്ഗാത്മകമാകുന്നത് മാതൃഭാഷയിലാണെന്നതാണ് ഈ ചിന്തയ്ക്കടിസ്ഥാനം. ഒരു മനുഷ്യന് ആയാസരഹിതമായി പഠിക്കാനും വളരാനുമുള്ള ഉപാധി എന്ന നിലയിൽ മാതൃഭാഷാ ബോധനത്തെ മനുഷ്യാവകാശവുമായി ബന്ധിപ്പിക്കുന്നതും ഗാന്ധിജിയാണ്. ആഴത്തിലുള്ള അറിവുനിർമ്മിതി മാതൃഭാഷയിലൂടെയേ സംഭവിക്കൂ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ആദ്യം മാതൃഭാഷ പിന്നെ മറ്റ് ഭാഷകൾ എന്ന ക്രമം അദ്ദേഹം നിശ്ചയിച്ചത്.
എല്ലാ അർത്ഥത്തിലും ഒരു ‘അന്തർദ്ദേശീയ മനുഷ്യനാ’യ നെഹ്റുവും ഭാഷാടിസ്ഥാനത്തിലുള്ള ഉപദേശീയതകളുടെ സമാഹാരം എന്ന നിലയിലാണ് ഇന്ത്യൻ ദേശീയതയെ കണ്ടത്. നെഹ്റു പ്രധാനമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിമാർക്കയച്ച കത്തുകൾ ഭാഷാ സംസ്കാര വൈവിധ്യങ്ങളെ അറിഞ്ഞാദരിക്കുന്ന സുപ്രധാന ചരിത്ര രേഖകളാണ്. നെഹ്റു ഈ മതരാഷ്ട്രവാദകാലത്ത് തമസ്കരിക്കപ്പടുന്നതും സാംസ്കാരിക വൈവിധ്യങ്ങളുടെ രാഷ്ട്രീയമുഖം എന്ന നിലയിലാണ്.
ഗാന്ധിഭക്തനായ വള്ളത്തോൾ ഈ ചിന്തയുടെ ചുവട്  മാതൃഭാഷയ്ക്ക് പെറ്റമ്മയുടേയും മറ്റ് ഭാഷകൾക്ക് പോറ്റമ്മയുടെയും സ്ഥാനം നൽകിയത്. ‘ മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ’ എന്നത് അത്ര നിസ്സാരമായ പ്രയോഗമല്ല. ഇതിൽ ‘കേവലം ‘ എന്ന വാക്കാണ് പ്രധാനം. ജൈവികമായ ചിന്തയുടെയും അറിവുൽപ്പാദനത്തിന്റെയും ഭാഷ മാതൃഭാഷയാണെന്നുറപ്പിക്കാനാണ് മറ്റ് ഭാഷകളെ ‘കേവലം’ എന്ന വാക്ക് കൊണ്ട് കവി വിശേഷിപ്പിക്കുന്നത്. ഒരു ജനതയ്ക്ക് അടിമ ബോധത്തിന്റെ ഇരുൾക്കുണ്ടിൽ നിന്ന് കയറാനുള്ള പിടിക്കയർ മാതൃഭാഷയാണെന്ന് മഹാകവി പറയുന്നതും ഭാഷയുടെ ഈ രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ്. ഇവിടെയാണ് ‘മാതൃഭാഷ ബോധനമാധ്യമമാക്കുക; ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുക ‘ എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. മാതൃഭാഷയിലും മറ്റ് ന്യൂനപക്ഷ ഭാഷയിലും കൂടി പരീക്ഷ എഴുതാൻ അനുവദിക്കുക എന്നത് ഒരു അക്കാദമിക് പ്രശ്നം എന്നതിലുപരി ഒരു മനുഷ്യാവകാശ പ്രശ്നമായി മാറുന്നതും ഭാഷയുടെ ഈ രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ്. ഇംഗ്ലീഷിൽ നിന്ന് അധീശത്വം നേരിടുന്ന മലയാളം മറ്റ് ന്യൂനപക്ഷ ഭാഷകൾക്ക് മേൽ അധീശത്വം സ്ഥാപിക്കാതിരിക്കാനുള്ള സൂക്ഷ്മത മലയാളം മലയാളത്തിനകത്ത് നടത്തേണ്ട സമരമാണെന്നതും ഈ മനുഷ്യാവകാശ പ്രശ്നത്തിന്റെ ഭാഗമാണ്.  മലയാളം എന്നു നാം പറയുന്നത് ഏത് തരം മലയാളത്തെക്കുറിച്ചാണെന്നതും പ്രധാനമാണ്. വൈവിധ്യമാർന്ന ജീവിത സന്ദർഭങ്ങളിൽ പ്രയോഗത്തിനുള്ള അവസരം കൈവരുന്നതോടെ മലയാളത്തിന് പലരും ആരോപിക്കുന്ന അതിന്റെ ‘സവർണ്ണ ശ്രേഷ്ഠത’ കുടഞ്ഞെറിഞ്ഞ് വൈജ്ഞാനിക ശേഷി കൈവരിക്കാൻ നിശ്ചയമായും സാധിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് പദങ്ങൾ,  തർജ്ജിമയ്ക്ക് വേണ്ടി തർജ്ജിമ ചെയ്ത്,  ഇംഗ്ലീഷിനേക്കാൾ ക്ലിഷ്ടത വരുത്തി ഇതാണ് മലയാളം എന്ന് പ്രഖ്യാപിച്ച് രസിക്കുന്ന യാന്ത്രിക ഭാഷാവാദികളെ ഒരു വശത്തും ‘ഇനിപ്പുള്ള ‘മലയാളം എന്ന പേരിൽ ഭാഷയെ തിരുവാതിര മലയാളത്തിൽ കെട്ടിയിടാൻ ശ്രമിക്കുന്ന കാല്പനിക ഭാഷാമൗലികവാദികളെ മറുവശത്തും നേരിട്ടുകൊണ്ടേ ഈ വൈജ്ഞാനികശേഷിയിലേക്ക് വികസിക്കാൻ മലയാളത്തിന് കഴിയൂ. സങ്കല്പനത്തിനുതകുന്ന അന്യഭാഷാ പദങ്ങളെ സ്വീകരിച്ചും പുതിയവ കണ്ടെത്തിയും മലയാളം ആധുനിക വിജ്ഞാനത്തിന്റെ ഭാഷയായി മാറാനുള്ള അവസരങ്ങൾക്ക് വേണ്ടിയുള്ള സമരം ഭാഷയ്ക്കകത്തും പുറത്തും തുടരുക തന്നെ വേണം. ഇംഗ്ലീഷിനെ ഒരു അന്തർദ്ദേശീയ ബന്ധഭാഷ എന്ന നിലയിൽ ഗൗരവമായി പഠിക്കാനുള്ള അവസരമൊരുക്കുക എന്നതും ഈ സമരത്തിന്റെ ഭാഗമായി കാണണം.
സ്വന്തം ഭാഷയിൽ ജീവിച്ച് മരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കൂടിയാണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. ഒരു പരിഷ്കൃത സമൂഹത്തിന്റെ ജനാധിപത്യജീവിതം സാധ്യമാകുന്നതിൽ ഭാഷാ ജനാധിപത്യത്തിന് നിർണ്ണായകമായ പങ്കുണ്ട്. ഓരോ മനുഷ്യനും സ്വന്തം ഭാഷയിൽ നിന്നാണ് മറ്റ് ഭാഷകളെ നോക്കുന്നത്. ഭാഷയിൽ ജീവിക്കുന്ന മനുഷ്യന് സ്വന്തം ഭാഷ എത്ര ചെറുതാണെങ്കിലും ചെറുതല്ല. അതുകൊണ്ടാണ് ഇപ്പോഴും കേരളത്തിലെ ഗോത്രഭാഷയിലെ ചെറുക്കൻ’മലയാളിപ്പെണ്ണി’നെ കെട്ടിക്കൊണ്ടേയിരിക്കുന്നത്.

Print Friendly, PDF & Email