LITERATURE ലോകകഥ

ബലൂൺ യാത്ര


റോബർട്ട് വാൾസർ

ക്യാപ്റ്റൻ, ഒരു മാന്യവ്യക്തി, ഒരു യുവതി – മൂന്നു പേരും ബാസ്കറ്റിനുള്ളിൽ കയറുന്നു, തറയിൽ കെട്ടിയിരുന്ന കയറുകൾ അയയുന്നു, ആ വിചിത്രമായ ഭവനം മുകളിലേക്കുയരുകയായി, എന്തോ ചിന്തിക്കാനുണ്ടെന്നപോലെ സാവധാനമായി. “ശുഭയാത്ര,“ താഴെ കൂടിനിന്നവർ തൊപ്പികളും തൂവാലകളും വീശി ഉറക്കെപ്പറഞ്ഞു. രാത്രി പത്തു മണിയാണ്. ക്യാപ്റ്റൻ ഒരു പെട്ടിയിൽ നിന്ന് ഒരു ഭൂപടം വലിച്ചെടുത്തിട്ട് അതു വായിക്കുന്ന ജോലി ഏറ്റെടുക്കാമോയെന്ന് മാന്യവ്യക്തിയോടു ചോദിക്കുന്നു. ഭൂപടത്തിൽ വരച്ചിരിക്കുന്നതും വച്ച് ഒത്തുനോക്കാം, കാണാനുള്ളതൊക്കെ വ്യക്തമായി കാണുകയും ചെയ്യാം. സകലതും തവിട്ടുനിറത്തിലുള്ള ഒരു വ്യക്തതയോടെ കിടക്കുന്നു. നിലാവു നിറഞ്ഞ മനോഹരമായ രാത്രി അദൃശ്യകരങ്ങളാൽ ആ സുന്ദരമായ ബലൂണിനെ കോരിയെടുക്കുന്നപോലെയാണ്; പതിയെപ്പതിയെ ആ പറക്കുന്ന ഗോളരൂപം ആകാശത്തേക്കുയരുന്നു; ഇപ്പോഴിതാ, നമ്മുടെ ശ്രദ്ധയിൽ വരാത്തത്ര സാവധാനം സൂക്ഷ്മമായ കാറ്റുകൾ അതിനെ വടക്കുദിക്കിലേക്കു നയിക്കുകയാണ്. ഭൂപടം വായിക്കുന്ന മാന്യവ്യക്തി ഇടയ്ക്കിടെ, ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം, താഴെയുള്ള അഗാധതയിലേക്ക് ഓരോ പിടി കൽക്കഷണങ്ങൾ എടുത്തിടുന്നുണ്ട്. അഞ്ചു ചാക്ക് മണൽ അവർ കരുതിയിട്ടുണ്ട്. അത് ആവശ്യാനുസരണമേ ഉപയോഗിച്ചുകൂടൂ. എത്ര മനോഹരമാണത്, താഴെയുള്ള ആ ഉരുണ്ട, വിളറിയ, ഇരുളടഞ്ഞ അഗാധത. ആർദ്രവും മോഹകവുമായ നിലാവ് വെള്ളിനിറത്തിൽ പുഴകളെ എടുത്തുകാട്ടുന്നു. അങ്ങു താഴെ നിങ്ങൾക്കു വീടുകൾ കാണാം, നിരുപദ്രവങ്ങളായ കളിപ്പാട്ടങ്ങൾ പോലത്ര ചെറുതായി. പ്രാക്തനഭവ്യഗാനങ്ങൾ ആലപിക്കുമ്പോലെ കാടുകൾ; ആ മന്ത്രം ചൊല്ലൽ പക്ഷേ നിങ്ങൾക്കനുഭൂതമാകുന്നത് അഭിജാതമായ ഏതോ ജ്ഞാനം പോലെയാണ്. ഭൂമിയ്ക്ക് ഒരു കൂറ്റൻ മനുഷ്യന്റെ വടിവുകൾ; യൗവ്വനയുക്തയായ ആ പെൺകുട്ടിയുടെ ചിന്തയിലെങ്കിലും അങ്ങനെയാണ്. അവളുടെ വശ്യമായ കൈ ബാസ്ക്കറ്റിന്റെ വിളുമ്പിൽ അലസമായി ഇട്ടിരിക്കുന്നു. ഏതു ഭ്രമത്തിനനുസരിച്ചെന്നറിയില്ല, അവൾ ധരിച്ചിരിക്കുന്നത് മദ്ധ്യകാലഘട്ടത്തിലേതുപോലത്തെ ഒരു തൂവൽത്തൊപ്പിയാണ്; അതൊഴിച്ചാൽ അവളുടെ വേഷം വളരെ ആധുനികവുമാണ്. എത്ര നിശ്ചേഷ്ടമാണ് ഭൂമി! എന്തും സുവ്യക്തമായി നിങൾക്കു കാണാം, ഗ്രാമത്തെരുവുകളിലെ ഒറ്റയൊറ്റ മനുഷ്യർ, പള്ളിമേടകൾ; ഒരു നീണ്ട പകലത്തെ അദ്ധ്വാനത്തിനു ശേഷം കൃഷിക്കളത്തിൽ അമർത്തിച്ചവിട്ടിനടക്കുന്ന ജോലിക്കാർ; പ്രേതരൂപങ്ങൾ പോലെ നീണ്ടുപോകുന്ന റയില്പാളങ്ങൾ, വെളുത്തുതിളങ്ങിക്കിടക്കുന്ന നാട്ടുവഴികൾ. നമുക്കറിയുന്നതോ അല്ലാത്തതോ ആയ മനുഷ്യശോകങ്ങൾ മർമ്മരശബ്ദങ്ങളായി താഴെ നിന്നുയരുന്നപോലെ തോന്നുന്നു. വിദൂരദേശങ്ങളുടെ ഏകാന്തതയ്ക്ക് വിശേഷിച്ചൊരു നിറമാണ്; നാമതിനെ മനസ്സിലാക്കണമെന്ന്, ചിന്തയിൽ നിന്നു വഴുതിപ്പോകുന്ന അതിനെ കാണണമെന്നുപോലും നമുക്കു തോന്നിപ്പോകും. ആ മൂന്നു പേരും ഇപ്പോൾ എൽബെയുടെ വർണ്ണോജ്ജ്വലവും ദീപ്തവുമായ പ്രവാഹഗതി അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. നദിയുടെ നിശാരംഗം യുവതിയുടെ തൊണ്ടയിൽ നിന്ന് അഭിലാഷത്തിന്റെ നേർത്തൊരു രോദനം പുറത്തെടുക്കുന്നു. അവൾ എന്തിനെക്കുറിച്ചാവും ചിന്തിക്കുക? അവൾ കൈയിലുണ്ടായിരുന്ന പൂച്ചെണ്ടിൽ നിന്ന് ഇരുണ്ട നിറമുള്ള ഒരു പനിനീർപ്പൂവെടുത്ത് തിളങ്ങുന്ന വെള്ളത്തിലേക്കെറിഞ്ഞു. ആ സമയത്ത് അവളുടെ കണ്ണുകളിൽ ഒളി വെട്ടിയ ശോകം! തന്നെ എന്നെന്നും വേദനിപ്പിച്ചിരുന്ന ഒരു ജീവിതസംഘർഷത്തെ വലിച്ചെറിഞ്ഞുകളഞ്ഞു മോചിതയാവുകയാണവൾ എന്നു തോന്നി. തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതൊന്നിനോടു വിട പറയുക എന്നത് വളരെ വേദനാജനകം തന്നെയാണ്. ലോകം എത്ര മൂകമാണെന്നും നോക്കൂ! അങ്ങകലെ ഏതോ വലിയ പട്ടണത്തിലെ വിളക്കുകൾ വെട്ടിത്തിളങ്ങുന്നുണ്ട്; ജ്ഞാനിയായ ക്യാപ്റ്റൻ അതിന്റെ പേര് വിളിച്ചുപറയുന്നു. മനോഹരമായ, വിമോഹകമായ അഗാധത! അതിനുമപ്പുറം എണ്ണമറ്റ കാടുകളും പാടങ്ങളും; പാതിരാത്രിയായിരിക്കുന്നു. ആ ഉറച്ച തറയിലെവിടെയോ ഒരു കള്ളൻ ഇപ്പോൾ പതുങ്ങിനടക്കുന്നുണ്ട്; ഒരു കവർച്ച നടക്കുന്നുണ്ട്; അങ്ങുതാഴെയുള്ള ആ മനുഷ്യർ കിടക്കകളിൽ കിടന്നുറങ്ങുകയാണ്, കോടിക്കണക്കായ മനുഷ്യരുടെ ഒരു മഹാനിദ്രയിൽ പങ്കെടുക്കുകയാണ്. ഭൂമിയാകെ ഇപ്പോൾ സ്വപ്നം കാണുകയാണ്, ഒരു ജനത ജീവിതവൈഷമ്യങ്ങളിൽ നിന്ന് വിശ്രമമെടുക്കുകയാണ്. പെൺകുട്ടിയുടെ മുഖത്ത് ഒരു പുഞ്ചിരി പരക്കുന്നു. എത്ര ഊഷ്മളമാണത്, സ്വന്തം വീട്ടിൽ, വിളക്കുവെട്ടമുള്ള ഒരു മുറിയിൽ, സ്വന്തം അമ്മയോടും അമ്മായിയോടും സഹോദരിയോടും സഹോദരനോടുമൊപ്പം, അല്ലെങ്കിൽ തന്റെ കാമുകനോടൊപ്പം മനോഹരമായ, എന്നാൽ കുറേയൊക്കെ ആവർത്തനവിരസമായ ഒരു നീണ്ടകഥ വായിച്ചുകൊണ്ടിരിക്കുകയാണു താനെന്നപോലെ. അവൾക്ക് ഉറങ്ങാൻ തോന്നുന്നുണ്ട്; നോക്കിനോക്കിയിരുന്ന് അവൾക്കിപ്പോൾ നല്ല ക്ഷീണമായിരിക്കുന്നു. ബാസ്ക്കറ്റിൽ നിൽക്കുന്ന രണ്ടു പുരുഷന്മാരും നിശ്ശബ്ദരായി ഇരുട്ടിലേക്കു കണ്ണയക്കുകയാണ്. വിചിത്രവെണ്മ പൂണ്ടതും മിനുസവുമായ പീഠഭൂമികളും ഉദ്യാനങ്ങളും ചെറിയ പൊന്തക്കാടുകളും മാറിമാറി കാഴ്ചയിൽ വരുന്നു. സ്വന്തം കാലടികൾ ഒരിക്കലും, ഒരിക്കലും പതിയാത്ത പ്രദേശങ്ങളിൽ (എന്തെന്നാൽ, ചിലയിടങ്ങളിൽ, എന്നല്ല, മിക്കയിടങ്ങളിലും, നിങൾക്കു പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല) നിങ്ങളുടെ കണ്ണുകൾ പതിയുന്നു. ഭൂമി നമുക്കെത്ര വലുതും അജ്ഞാതവുമാണ്, തൂവൽത്തൊപ്പി വച്ച മാന്യവ്യക്തി ചിന്തിക്കുകയാണ്. അതെ, ഇങ്ങു മുകളിൽ നിന്നുകൊണ്ട് താഴേക്കു നോക്കുമ്പോൾ നമുക്ക് നമ്മുടെ രാജ്യം ഭാഗികമായെങ്കിലും മനസ്സിലാവുമെന്നാകുന്നു. എത്ര ബലത്തതും ഇനിയും കണ്ടെത്തിക്കഴിഞിട്ടില്ലാത്തതുമാണതെന്ന് നിങ്ങൾക്കു തോന്നുന്നു. രണ്ടു പ്രവിശ്യകൾക്കു മുകളിലൂടെ ഇതിനകം അവർ കടന്നുപൊയ്ക്കഴിഞു; നേരം പുലരുകയാണ്. താഴെ, ഗ്രാമങ്ങളിൽ മനുഷ്യജീവിതം പിന്നെയും ഉണർന്നെഴുന്നേൽക്കാൻ തുടങ്ങിക്കഴിഞ്ഞു. “ഈ സ്ഥലത്തിന്റെ പേരെന്താ?“ സംഘത്തലവൻ താഴേക്കു നോക്കി ഉറക്കെ വിളിച്ചുചോദിച്ചു. ഒരു ബാലന്റെ തെളിഞ്ഞ ശബ്ദം മറുപടി പറയുന്നു. അപ്പോഴും പുരുഷന്മാർ രണ്ടുപേരും താഴേക്കു തന്നെ നോക്കിനിൽക്കുകയാണ്. ഇപ്പോൾ യുവതിയും ഉറക്കമുണർന്നുകഴിഞ്ഞു. നിറങ്ങൾ കണ്ടുതുടങ്ങുന്നു, വസ്തുക്കൾ കൂടുതൽ സ്പഷ്ടമാവുകയുമാണ്. കാടുകളിൽ ഒളിച്ചുകിടക്കുന്ന തടാകങ്ങളുടെ വരച്ചുവച്ചപോലത്തെ ബാഹ്യരേഖകൾ നിങ്ങൾ കാണുന്നു; പ്രായം ചെന്ന മരത്തലപ്പുകൾക്കിടയിലൂടെ ഉയർന്നുനിൽക്കുന്ന പഴയ കോട്ടകളുടെ തകർന്ന ശേഷിപ്പുകൾ നിങ്ങൾ കാണുന്നു; കുന്നുകൾ കണ്ണിൽപ്പെടാൻ കൂടിയില്ലാതെ ഉയർന്നുവരുന്നു; വെളുത്തു വിറപൂണ്ട അരയന്നങ്ങളെ നിങ്ങൾ കാണുന്നു; മനുഷ്യശബ്ദങ്ങൾ ഹൃദ്യമായി കേൾക്കാവുന്ന ഉച്ചത്തിലാകുന്നു, നിങ്ങൾ മുന്നിലേക്ക്, മുന്നിലേക്ക് പറക്കുകയാണ്; ഒടുവിൽ സൂര്യന്റെ ഉജ്ജ്വലരൂപം പ്രത്യക്ഷമാകുന്നു, ബലൂൺ ആ ധൃഷ്ടനക്ഷത്രത്താലാകൃഷ്ടനായി തല ചുറ്റിക്കുന്ന, മാന്ത്രികമായ ഉയരങളിലേക്ക് കുതിച്ചുയരുകയും ചെയ്യുന്നു. യുവതി പേടിച്ചുനിലവിളിക്കുന്നു. പുരുഷന്മാർ ചിരിക്കുകയാണ്.

(വിവർത്തനം : വി. രവികുമാർ )

(1913)

റോബർട്ട് വാൾസർ Robert Walser(1878-1956)- സ്വിറ്റ്സർലണ്ടുകാരനായ ജർമ്മൻ എഴുത്തുകാരൻ. ഒമ്പതു നോവലുകളും ആയിരത്തോളം കഥകളുമെഴുതി. 1933ൽ മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് എഴുത്തു നിർത്തി, “ഞാൻ ഇവിടെ വന്നത് എഴുതാനല്ല, ഭ്രാന്തനാവാനാണ്‌” എന്ന പ്രഖ്യാപനത്തോടെ. 1970 മുതലാണ്‌ അദ്ദേഹത്തിന്റെ കൃതികൾ പരക്കെ വായിക്കപ്പെടുന്നതെങ്കിലും, ക്രിസ്റ്റ്യൻ മോർഗൻസ്റ്റേൺ, കാഫ്ക, വാൾടർ ബന്യാമിൻ, ഹെസ്സേ ഇവരൊക്കെ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.

Print Friendly, PDF & Email

About the author

വി. രവികുമാര്‍

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.