LITERATURE കഥ

വേഷംവെര്‍ജീനിയയിൽനിന്ന് ആൻസി വരുന്ന ദിവസമാണ്. രാവിലത്തെ നടപ്പുകഴിഞ്ഞ് വന്നപാടേ പപ്പാ കുളിച്ചൊരുങ്ങിയത് പ്രീത ശ്രദ്ധിച്ചു. കുറേ നേരമെടുത്ത് മുടി വൃത്തിയായി കറുപ്പിച്ചു. ഷേവ് ചെയ്ത്, വെളുത്ത ഫുൾകൈയൻ ഷർട്ടും കറുത്ത പാന്റ്സുമിട്ട്, ആഫ്റ്റര്‍ഷേവ് ലോഷനും പെര്‍ഫ്യൂമും പൂശി, ചാനൽ അഭിമുഖത്തിനു പോകാറുള്ളതുപോലെ റെഡിയായി ഇരുന്നു.

പപ്പയുടെ ഒന്നാംനമ്പർ ആരാധികയാണ് ആന്‍സി. ‘പ്രീതയുടെ പപ്പ’യെ കാണാനുള്ള വരവായതു കൊണ്ട് ഒറ്റയ്ക്ക് രണ്ടു മണിക്കൂർ കാറോടിച്ചുള്ള വരവൊന്നും ഒരു പ്രശ്നമല്ല അവള്‍ക്ക്. നോവൽ വായിച്ചുതുടങ്ങുന്ന കാലം മുതൽ അച്ചടിച്ചുകാണുന്ന പേരാണ് പ്രൊഫസർ വര്‍ഗീസ്‌ കാപ്പിപ്പള്ളിയുടേത്.

എട്ടരകഴിഞ്ഞപ്പോൾ ആന്‍സി എത്തി. ബ്രെയ്ക്ക്ഫാസ്റ്റ് കഴിഞ്ഞിട്ടാണ് വന്നതെന്നു പറഞ്ഞിട്ടും പപ്പ നിര്‍ബന്ധിച്ച് കൂടെയിരുത്തി. പുട്ടും കടലയും വിളമ്പി ക്കൊടുത്ത് കഴിപ്പിച്ചു. പിന്നെ രണ്ടുപേരുംകൂടി ലിവിങ്ങ് റൂമിൽ പോയിരുന്നു. വന്നപ്പോൾ തുടങ്ങുന്ന സംസാരം പോകുന്നതുവരെ തോരാതെ തുടരുക എന്നതാണ് പതിവ്. ആന്‍സി ഒന്നിനു പുറകേ ഒന്നായി ഓരോന്നു ചോദിക്കുന്നു. വിടര്‍ന്ന സൂര്യകാന്തി പ്പൂക്കൾ കാണാവുന്ന ജനലിലൂടെ കണ്ണയച്ച്, സോഫയിൽ ചാരിക്കിടന്നുകൊണ്ട്, പപ്പ ശ്രദ്ധാപൂർവം, വാത്സല്യപൂർവം മറുപടി പറയുന്നു.

വർഷങ്ങൾക്കുമുമ്പ് എഴുതിയ നോവലുകളുടെ കഥയും പ്രസിദ്ധീകരണത്തീയതിയും പ്രതിഫലത്തുകപോലും കണിശമായി ഓര്‍മ്മിച്ചു വെച്ചിരിക്കുന്നു പപ്പ. കോളേജിലെ ജോലി കഴിഞ്ഞുവന്ന് രാത്രി രണ്ടും മൂന്നും മണിവരെ നോവലെഴുതിയിരുന്ന സുവര്‍ണ്ണകാലത്തെ ചുറ്റിപ്പറ്റിയാണ്‌ പപ്പയുടെ ഓര്‍മ്മകളിൽ മിക്കതും. പുലയിയായ നന്ദിനിയും ക്രിസ്ത്യൻ ജന്മികുമാരനായ ജോർജ്ജും തമ്മിലുള്ള പ്രണയത്തെപ്പറ്റി എഴുതാൻവേണ്ടി കൃഷിപ്പണിക്കാരുടെ ജീവിതം പഠിക്കാൻ ചെലവഴിച്ച ആഴ്ചകൾ, അഭ്യസ്തവിദ്യയായ മറിയയ്ക്ക് നിരക്ഷരനായ മോഹനനിൽ പ്രേമമുദിക്കുന്ന കഥ വായിച്ചിട്ട് പാറമടത്തൊഴിലാളികളുടെ യൂണിയൻ നോട്ടുമാലയിട്ട് സ്വീകരണം കൊടുത്തത്, സഹപാഠിയായ നമ്പൂതിരിയുവാവിനെ പ്രേമിച്ച മറിയാമ്മയുടെ കഥ തന്റേതാണെന്നു കത്തെഴുതിയ കന്യാസ്ത്രീ: അങ്ങനെ ഒരുപാട് ഓര്‍മ്മകൾ വന്നുപോകുന്നു.

ഇടയ്ക്ക് അടുക്കളയിൽവന്ന് പ്രീതയെ സഹായിക്കാനും സമയമുണ്ടാക്കി ആൻസി. പ്രത്യേകിച്ച് കഴമ്പൊന്നുമില്ലാത്ത ചെറിയചെറിയ കുശലപ്രശ്നങ്ങൾ. പപ്പയോടുള്ള ആരാധനയുടെ ലഹരിയിൽ അവൾ പുലമ്പുന്ന വാക്കുകള്‍ക്കെല്ലാം ഒരര്‍ത്ഥമേയുള്ളൂ. പണ്ടൊരിക്കൽ അവൾതന്നെ പറഞ്ഞതുപോലെ: “പ്രീത ഭാഗ്യവതിയാണ്‌. വറുഗീസ് സാറിനെപ്പോലെ ഒരാളുടെ മകളാകാൻ കഴിഞ്ഞല്ലോ.”

ഇഷ്ടപ്പെട്ട എഴുത്തുകാരൻ എന്നതിൽ ഒതുങ്ങിനില്‍ക്കുന്നില്ല ആന്‍സിയുടെ മതിപ്പ്. പ്രീതയുടെ ഭര്‍ത്താവ് സുരേഷ് ഹിന്ദുവാണെന്നത് വീട്ടിൽ ഒരിക്കലും ഒരു ചർച്ചാവിഷയമായി അവൾ കേട്ടിട്ടില്ല. അമ്മച്ചിയുടെ മരണത്തിനുശേഷം അമേരിക്കയിലെത്തി തങ്ങളോട് ഇണങ്ങിക്കഴിയുന്ന പപ്പയെയല്ലേ ആന്‍സി കണ്ടിട്ടുള്ളൂ. ‘മോനേ’ എന്നു പപ്പ സുരേഷിനെ വിളിക്കുന്നതു കേള്‍ക്കുമ്പോൾ മനസ്സുനിറയുമെന്ന് ആന്‍സി പ്രീതയോടു പറഞ്ഞിട്ടുണ്ട്.

ആന്‍സിയുടെ അവസ്ഥ അതല്ല. മുസ്ലിമിനെ വിവാഹം കഴിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അവളുടെ വീട്ടുകാരോ ഷെരീഫിന്‍റെ വീട്ടുകാരോ അവരെ അടുപ്പിച്ചിട്ടില്ല. അമേരിക്കയിൽ കഴിയുന്ന മകൾ അവര്‍ക്ക് പരലോകത്തെക്കാളും ദൂരത്തിലാണ്‌.

ഊണുകഴിഞ്ഞ്, നിറഞ്ഞ മനസ്സും വിടർന്ന മുഖവുമായി ആൻസി യാത്രപറഞ്ഞിറങ്ങി. വണ്ടി വളവു തിരിഞ്ഞ് മറഞ്ഞുകഴിഞ്ഞപ്പോൾ പപ്പ അകത്തുകയറിപ്പോയി. അലക്കിത്തേച്ച ഉടുപ്പെല്ലാം മാറ്റി, കൈലിയും ബനിയനും സ്വെറ്ററും എടുത്തണിഞ്ഞിട്ടേ ഇനിയൊന്ന് കിടക്കുകപോലും ചെയ്യുകയുള്ളൂ.

വേഷത്തിന്‍റെ കാര്യത്തിൽ പണ്ടേ വലിയ കണിശക്കാരനാണ്‌ പപ്പ: പുറത്ത് പച്ചപ്പുല്‍ത്തകിടിയിൽ പരന്നൊഴുകുന്ന സ്വര്‍ണ്ണനിറമുള്ള വെയിലും നോക്കി ലിവിങ്ങ് റൂമിലെ സോഫയിൽ കാലുയര്‍ത്തിവെച്ച് കിടക്കുമ്പോൾ പ്രീത ഓര്‍മ്മിച്ചു. കോളേജിൽ പോകാൻ വെളുത്ത ഷർട്ടും ഇരുണ്ട പാന്റും, വീട്ടിലിരിക്കുമ്പോൾ കൈലിയും ബനിയനും, സാഹിത്യസദസ്സുകളിൽ പോകുമ്പോൾ ഇളം നിറമുള്ള ഷർട്ടും വെള്ളമുണ്ടും, പള്ളിയിൽ ജുബ്ബയും മുണ്ടും: അങ്ങനെ കുറേ ചിട്ടകളുണ്ട്. പഴയ സഹപ്രവർത്തകനായ മന്ത്രിയെ കാണാൻ പോകുമ്പോൾ ഖദർ മറക്കില്ല. സാംസ്കാരികവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തായ്‌ലൻഡിലും ഇംഗ്ലണ്ടിലും പര്യടനങ്ങള്‍ക്കു പോയപ്പോൾ ഓരോ സ്യൂട്ടും തയ്പിച്ചിരുന്നു.

സുരേഷ് പ്രേമാഭ്യർത്ഥന നടത്തിയ കാലം. പ്രീതയ്ക്ക് അവനോട് എന്തെങ്കിലും പ്രത്യേകതയോ അവനെയല്ലാതെ മറ്റാരെയും കെട്ടുകില്ലെന്നോ ഒന്നും ഉണ്ടായിരുന്നില്ല. ഇഷ്ടക്കേടൊന്നുമില്ലാത്ത ഒരു സഹപാഠി എന്നുമാത്രം. എവിടെനിന്നോ കേട്ടതുവെച്ച്, തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ, തങ്ങൾ പ്രേമമാണ് എന്ന് പപ്പയോട് ചെന്ന് പറഞ്ഞുകൊടുത്തത് ചേച്ചിയാണ്. “പപ്പ വിളിക്കുന്നു” എന്ന് അവൾ വന്നുപറഞ്ഞതനുസരിച്ച് മുറിയിലേക്ക് കയറിച്ചെന്നത് നല്ല ഓർമ്മയുണ്ട്. വല്യപ്പച്ചന്‍റെ ഫോട്ടോയിലേതു പോലുള്ള മുറിക്കയ്യൻ ജുബ്ബയും മല്ലുമുണ്ടും ധരിച്ച് മേശയ്ക്കരികിൽ വരവുചെലവുകണക്ക് എഴുതുന്ന പുസ്തകത്തിനുമുമ്പിൽ ഇരിക്കുകയായിരുന്നു പപ്പ. ഒരൊറ്റച്ചാട്ടമായിരുന്നു തന്‍റെ നേര്‍ക്ക്. “പള്ളിയിലുള്ളവരുടെ മുഖത്തു ഞാനെങ്ങനെ നോക്കും? നാലു മെത്രാന്മാരുടെ കുടുംബമാണെന്നുള്ള വിചാരമുണ്ടോ നിനക്ക്? കൊന്നുകളയും ഞാൻ!” ഭിത്തിയോട് ചേർത്തുനിർത്തിയാണ്‌ പപ്പ ഗർജ്ജിച്ചത്.

അതോടെ വാശിയായി. രഹസ്യവിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്തുകൊള്ളാൻ സുരേഷിനോടു പറഞ്ഞു. ഫൈനൽ പരീക്ഷ പോലും എഴുതാതെ

സുരേഷിന്‍റെ കൂട്ടുകാരന്‍റെ കാറിൽ കയറി സ്ഥലംവിടുമ്പോൾ ഒരുതരം ലഹരിയാണ് തോന്നിയത്. കാലം ചെയ്ത് എണ്ണച്ചായച്ചിത്രങ്ങളായി മാറി ഭിത്തിയിൽ കയറിയിരിക്കുന്ന നാലു മെത്രാന്മാരും കുഞ്ഞാടുകളുടെ നോട്ടത്തിനുമുമ്പിൽ ചൂളുന്നതു സങ്കല്പിച്ചപ്പോൾ ആ ലഹരി പിന്നെയും നുരഞ്ഞുപൊങ്ങി. ഇതൊന്നും ആൻസിയ്ക്ക് അറിയില്ല. പ്രീത പറഞ്ഞിട്ടുമില്ല. പഴങ്കഥകളൊക്കെ എന്തിന്‌ കുഴിതോണ്ടിയെടുക്കണം?

സുരേഷിന്‍റെ അടുത്ത രണ്ടുമൂന്ന് സുഹൃത്തുക്കൾ മാത്രമാണ് കല്യാണത്തിൽ പങ്കെടുത്തത്. കത്തിച്ചുവെച്ച നിലവിളക്കും കെയ്ക്കു മുറിക്കലും പാഴ്സൽ ബിരിയാണിയും ഒക്കെ കൂടിക്കുഴഞ്ഞ ചടങ്ങുകളായിരുന്നു. താലികെട്ടു മുതൽ പത്തുദിവസം ഒളിവിലായിരുന്നു. തൃശ്ശൂർ ടൗണിനു നടുവിൽ, ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽനിന്ന് ഏതാനും മീറ്റർ അകലെ ഒരു വീട്ടിൽ അജ്ഞാതവാസം.

പുറത്തുവന്നപ്പോൾ പ്രശ്നങ്ങളുടെ പരമ്പരയായിരുന്നു. സുരേഷിന്റെ അച്ഛനമ്മമാർക്ക് ദേഹോപദ്രവഭീഷണി, അവന്‍റെ കമ്പനിയുടമയെ സ്വാധീനിച്ച് ജോലിയിൽനിന്ന് പിരിച്ചുവിടൽ, തട്ടിക്കൊണ്ടുപോയി പാർപ്പിച്ചതിന് സുരേഷിന്റെ പേരിൽ കേസ്. കോടതിയിൽനിന്ന് പപ്പയുടെയും അമ്മച്ചിയുടെയും മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ പ്രീത അവരെ പിന്നെക്കാണുന്നത് മൂന്നുവർഷം കഴിഞ്ഞാണ്.

തന്നെ കാണാതായ രാത്രി വീട്ടിലെ അവസ്ഥ എന്തായിരുന്നു എന്ന്‍ വര്‍ഷങ്ങള്‍ക്കുശേഷം അമ്മ പറഞ്ഞാണ് അറിയുന്നത്. പപ്പ രാത്രി മുഴുവൻ ഫോണിലായിരുന്നത്രെ. ‘സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ പോകുന്നത്. എന്നെ അന്വേഷിച്ച് ആരും വരരുത്’ എന്ന് കുറിപ്പ് എഴുതിവെച്ചിട്ടാണ് അവൾ പോന്നതെങ്കിലും അന്വേഷണം നടക്കുകതന്നെ ചെയ്തു. മന്ത്രിയോടും ഐജിയോടും സംസാരിച്ച് കേരളത്തിലും കന്യാകുമാരിയിലുമുള്ള ഹോട്ടലുകൾ മുഴുവൻ റെയ്ഡ് ചെയ്യിക്കുകയായിരുന്നു. മകളെ പിടികിട്ടിയാൽ ഉടൻ തിരുവനന്തപുരത്തെത്തിക്കാനും വീട്ടുതടങ്കലിൽ പാര്‍പ്പിക്കാനും ഞായറാഴ്ചതന്നെ ‘നേരെചൊവ്വേയുള്ള’ പെണ്ണുകെട്ട് നടത്താനുമുള്ള ഏർപ്പാടെല്ലാം ചെയ്തുവെച്ചിരുന്നു. തറവാട്ടിൽ പിറന്ന ചെറുക്കനും ഓഡിറ്റോറിയവും വിവാഹശുശ്രൂഷയ്ക്കു കാര്‍മികത്വം വഹിക്കേണ്ട തിരുമേനിയുമടക്കം എല്ലാം റെഡിയായിരുന്നു. പക്ഷേ, പിടി കിട്ടിയില്ല.

വർഷങ്ങൾ കഴിഞ്ഞിട്ടും ആ രാത്രി പ്രീതയുടെ കണ്മുമ്പിൽ മങ്ങാതെനില്ക്കുന്നുണ്ട്. നേരിട്ടു കണ്ടതല്ലെങ്കിലും കണ്ടതിനെക്കാൾ തെളിച്ചമുള്ള രംഗം. ഉറക്കമിളച്ചിരുന്ന് ഫോൺ കറക്കുന്ന പപ്പ. മറുപുറത്ത് പൊലീസ് ഉദ്യോഗസ്ഥന്മാർ, മെത്രാന്മാർ, തൊഴിലാളി നേതാക്കന്മാർ, ഹോട്ടൽ-ലോഡ്ജ് ഉടമസ്ഥന്മാർ. ഇടയ്ക്ക് അല്പം സമയം കിട്ടുമ്പോൾ എഴുത്തുമുറിയിലേക്കു പോകുന്നു, അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനുള്ള ‘മന്ത്രകോടി’യുടെ അധ്യായം എഴുതുന്നു. പിന്നെയും പുറത്തുവരുന്നു. ഹാളിൽ ഉലാത്തുന്നു. നൈറ്റ് ഗൗണാണ്‌ വേഷം. സിനിമയിൽ ജോസ് പ്രകാശും ബാലൻ കെ. നായരും ധരിക്കുന്നതുപോലുള്ള, കറുത്തപൂക്കളുള്ള, സില്‍ക്കിന്‍റെ നൈറ്റ്ഗൗൺ.

Print Friendly, PDF & Email

About the author

രാജേഷ് ആർ. വര്‍മ്മ

തിരുവല്ല സ്വദേശി, എഞ്ചിനീയറിംഗ് ബിരുദധാരി, ഇപ്പോൾ അമേരിക്കയിൽ താമസം. കാമകൂടോപനിഷത്ത്, നിയമവിരുദ്ധമായ ഒരു വാതിൽ എന്നീ കഥാസമാഹാരങ്ങളും, ചുവന്ന ബാഡ്ജ് എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.