EDITORIAL

എടലാക്കുടി പ്രണയരേഖകൾ


ശരീരത്തിലില്ലാത്ത അവയവം

69580275_10156243437375807_8661195254856155136_n

 

റിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി.”

(എന്റെ രാഷ്ട്രീയകക്ഷിക്ക്/പാബ്ലോ നെരുദ )

പി കൃഷ്ണപിള്ളയുടെ മരണം അദ്ദേഹത്തിന്റെ ചിന്തകളുടെയും പ്രവർത്തനത്തിന്റെയും അവസാനമായിരുന്നില്ല. മൂക്കറ്റം ചരിത്രത്തിലിറങ്ങിനിന്ന് ചരിത്രപ്രവാഹത്തിന്റെ ഗതി നിശ്ചയിച്ച സാധാരണക്കാരനായ അസാധാരണമനുഷ്യന്റെ ജീവിതം കേരളത്തിന്റെ രാഷ്ട്രീയപരിണാമത്തിന് പച്ചിലപ്പടർപ്പായി മാറിയത് സുപരിചിത ചരിത്രം. പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതവും സാമുഹിക ഇടപെടലുകളുടെ ചരിത്രപ്രാധാന്യവും കണ്ടെത്താൻ കഴിയുന്ന പoനങ്ങളും ജീവചരിത്രഗ്രന്ഥങ്ങളും ഒന്നിലേറെയുണ്ട്.

കൃഷ്ണപിള്ളയുടെ ശരീരം പോലെതന്നെ മെലിഞ്ഞ് ദൃഢമായ നോവലാണ് കെ.വി മോഹൻകുമാറിന്റെ എടലാക്കുടി പ്രണയരേഖകൾ. ഉള്ളടക്കത്തിൽ വായനക്കാരെ കാത്തിരിക്കുന്നത് സഖാവിന്റെ പ്രണയജീവിതത്തിന്റെ വിശാലമായ ആഴമാണ് . കൃഷ്ണപിള്ളയുടെ വ്യക്തിജീവിതമാണ് എടലാക്കുടി രേഖകളിൽ ആലേഖനം ചെയ്തിരിക്കുന്നത്. കൃഷ്ണപിള്ളയുടെ ജീവിതത്തെ തൊടുന്ന എന്തെഴുതിയാലും അതിൽ രാഷ്ട്രീയം കലരാതിരിക്കില്ല. വിപ്ലവകാരികളുടെ നേതാവായ ഈ മനുഷ്യന്റെ പ്രണയത്തിലും ഉറക്കത്തിലും ഉണർവിലും നഖശിഖാന്തം രാഷ്ട്രീയത്തിന്റെ ശ്വാസമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമല്ലാതെ മറ്റൊന്നും തനിക്ക് വ്യക്തിപരമായി പറയാനില്ല എന്ന് ആത്മകഥയ്ക്ക് ആമുഖമെഴുതിയ ഇ എം എസിന്റെ ജീവിതത്തേക്കാൾ തീക്ഷ്ണവും രാഷ്ട്രീയകലുഷിതവുമാണ് കൃഷ്ണപിള്ളയുടെ ജീവിതം. കേരളരാഷ്ട്രീയ ചരിത്രത്തിൽ നിന്നും കൃഷ്ണപിള്ളയെ മലയാളസാഹിത്യത്തിലേക്ക് പകർത്തിയെഴുമ്പോൾ ചരിത്രവും സാഹിത്യവും തമ്മിൽ ചില കൊടുക്കൽ വാങ്ങലുകൾ നടത്തേണ്ടിവരും. നാണയങ്ങൾക്കുുപകരം ഭാഷയാണ് ഇവിടെ വിനിമയ മാധ്യമമായി മാറുന്നത്.

ശരീരത്തിലില്ലാത്ത അവയവം കണ്ടെത്തുന്ന സാഹിത്യം.

ഏതൊരു മനുഷ്യന്റെയും ജീവിതം സാമൂഹികബന്ധങ്ങളുടെ വലക്കണ്ണികളിലൂടെ നോക്കാനാണ് ചരിത്രത്തിനിഷ്ടം. എത്ര കുതിച്ചുചാടി വല ഭേദിച്ചാലും ചരിത്രബന്ധങ്ങൾ നെയ്തെടുത്ത മറ്റൊരു വല മനുഷ്യനെ പൊതിയും. ചരിത്രഭാഷയ്ക്ക് കാലത്തിന്റെ കരിങ്കൽ ഭിത്തികളും കോട്ട തകർക്കുന്ന കുന്തമുനകളുമാണ് പ്രിയപ്പെട്ടത്. ഭൂതവും വർത്തമാനവും അക്കങ്ങളിലും സംഭവങ്ങളിലും കൊരുത്തിട്ടാണ് ചരിത്രം ആഖ്യാനങ്ങൾ ചമയ്ക്കുന്നത്. എത്ര പ്രതിഭാശാലിയായ മനുഷ്യനെയും ചരിത്രത്തിന്റെ വാച്ച്ടവറിന് മുകളിൽ നിന്ന് നോക്കിയാൽ ഉറുമ്പിനോളം ചെറുതായി തോന്നും. തെളിവുകളും വസ്തുതകളും ആൾക്കൂട്ടങ്ങളുടെ ജയ-പരാജയങ്ങളും വാചാലമാകുന്ന ചരിത്രപുസ്തകങ്ങളിൽ നിന്ന് മനുഷ്യരുടെ വ്യക്തിജീവിതവും വൈകാരികാനുഭവങ്ങളും പുറത്താകുന്നു. ചരിത്രത്തിന്റെ തിരക്കേറിയ തെരുവുകളിൽ നിന്ന് സാമൂഹികജീവിതത്തിൽ നിന്ന് അന്യമല്ലാത്ത മനുഷ്യന്റെ വ്യക്തിജീവിതവും വൈകാരികാനുഭൂതികളും ആവിഷ്ക്കരിക്കാൻ കൂടി പ്രതിജ്ഞാബദ്ധമാണ് ഭാഷ. ചരിത്രത്തിന്റെ സംവേദന മാധ്യമമാകുമ്പോൾ ഭാഷ സാമ്പ്രദായിക അച്ചടക്കമുള്ള സൈനികനെപ്പോലെയാണ് പ്രഖ്യാപിത ലക്ഷ്യവും ഭാഷയുടെ അതിരുകളും മറികടക്കാൻ അനുവാദമില്ല.
സാഹിത്യത്തിനിണക്കം ഭാഷയുടെ സൗന്ദര്യത്തോടാണ്. ഭാഷയുടെ തന്നെ അടിസ്ഥാന നിയമങ്ങൾ ലംഘിക്കുന്ന നിഷേധാത്മക സൗന്ദര്യം. മനോധർമ്മമാടുന്ന നർത്തകന്റെ ലാവണ്യം സാഹിത്യത്തിന്റെ
അരങ്ങിന്റെ സ്വാതന്ത്ര്യമാണ്.

PK

ചരിത്രത്തിനും ശാസ്ത്രത്തിനും കണ്ടെത്താൻ കഴിയാത്ത പലതും കണ്ടെത്താനും ആവിഷ്കരിക്കാനും ഭാഷയ്ക്കും സാഹിത്യത്തിനും കഴിവുണ്ട്. അവയങ്ങളും അവയുടെ ക്രമബദ്ധമായ പ്രവർത്തനവുമാണ് മനുഷ്യൻ എന്നതാണ് ശാസ്ത്രയുക്തി. എന്നാൽ മനുഷ്യ ശരീരത്തിൽ ഹൃദയത്തിനും തലച്ചോറിനുമിടയിൽ എവിടെയാണ് മനസ്സ് എന്നന്വേഷിക്കുന്ന സർഗാത്മക പ്രവർത്തനമാണ് സാഹിത്യം. മനുഷ്യശരീരത്തിൽ ശാസ്ത്രയുക്തികൾക്ക് കണ്ടെത്താൻ കഴിയാത്ത മനസെന്ന ഏറ്റവും വിശാലമായ അവയവം കണ്ടെത്തുന്ന സാഹിത്യത്തിന്റെ ക്രിയേറ്റീവ് മെത്തഡോളജി ചരിത്രത്തിൽ പ്രയോഗിക്കുമ്പോൾ ഭാവനയുടെ പുതിയ ഭൂപടങ്ങൾ നിർമ്മിക്കപ്പെടും. ഇങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വരയ്ക്കപ്പെടുന്ന ഭാവനയുടെ ദ്വീപാണ് എടലാക്കുടി പ്രണയരേഖകൾ.

ഏതൊരു മനുഷ്യനെയും പോലെ കൃഷ്ണപിള്ളയെയും ചരിത്രബന്ധങ്ങളിൽ നിന്നടർത്തിയെടുക്കാനാവില്ല. ചരിത്രത്തിന്റെ വലയ്ക്കുള്ളിൽ നിന്നു കൊണ്ടു തന്നെ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതവും പ്രണയാനുഭവങ്ങളുടെ കാൽപനികതയും കണ്ടെത്തുന്ന നോവൽ ചരിത്രശരീരത്തിലിടമില്ലാത്ത മനസ്സ് കണ്ടെത്തുകയാണ് ചെയ്യുന്നത്.

കൃഷ്ണപിള്ളയുടെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവും വായിക്കുന്നതിനേക്കാൾ ഇഷ്ടത്തോടെ കേരളത്തിലെ മനുഷ്യർ ഏടലാക്കുടി പ്രണയരേഖകൾ കൈയ്യിലെടുക്കുമെന്നുറപ്പാണ്. വിപ്ലവ രാഷ്ട്രീയത്തിന്റെ ചിന്തകളില്ലാതെ ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ സാധ്യതയില്ലാത്ത കൃഷ്ണപിള്ളയുടെ പ്രണയത്തിലും മരണത്തിന്റെ അവസാന വരിയിലും രാഷ്ട്രീയമുണ്ട്. ചരിത്രത്തിനന്യമായ ഭാഷ പ്രയോഗിക്കുമ്പോളും ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ടാണ് നോവൽ നിലനിൽക്കുന്നത്. ചുടുപിടിച്ച രാഷ്ട്രീയ സംഭവങ്ങൾക്കിടയിൽ ജീവിച്ച മനുഷ്യന്റെ ജീവിതത്തിലെ അനുഭൂതികളെല്ലാം ചരിത്രത്തിൽ കൊരുത്തുകിടക്കുന്നു. എന്നാൽ ചരിത്രഭാഷയ്ക്ക് കണ്ടെത്താൻ കഴിയാത്തത് സാഹിത്യം കണ്ടെത്തുന്നു.

മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്ന ആഖ്യാനം.

മരണത്തിൽ നിന്നൊരുയിർത്തെഴുന്നേൽപ്പ് ജീവിതത്തിൽ സാധ്യമല്ല. കാലത്തിന്റെ പുനരാവിഷ്ക്കരണം സാഹിത്യത്തിന്റെ അത്ഭുതസിദ്ധിയാണ്. കൃഷ്ണപിള്ളയുടെ ജീവിതം കാലഗണന ക്രമത്തിൽ അവതരിപ്പിക്കുന്നതിനു പകരം മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്ന ആഖ്യാന തന്ത്രമാണ് രചനയിൽ സ്വീകരിച്ചിരിക്കുന്നത്. കൃഷ്ണപിള്ളയുടെ അകാലമരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അദ്ദേഹത്തെ സ്നേഹിച്ച ജനങ്ങൾക്കുമുണ്ടാക്കിയ കനത്ത ആഘാതം നോവലിന്റെ ആദ്യവരിമുതൽ സംവേദനം ചെയ്യപ്പെടുന്നുണ്ട്. കൃഷ്ണപിള്ളയുടെ മരണകാരണം എല്ലാവർക്കും അറിവുള്ളതാണ്. സഖാവിന്റെ മരണം നോവലിന്റെ അവസാന ഭാഗത്തേക്ക് മാറ്റിവെക്കുന്ന പതിവുരീതി മോഹൻകുമാർ സ്വീകരിച്ചിരുന്നെങ്കിൽ നോവലിന് നല്ലൊരു തുടക്കമോ ആഖ്യാനരീതിയോ ഉണ്ടാകുമായിരുന്നില്ല.വിഷബാധയിൽ താളം തെറ്റിയ ശരീരത്തിൽ സിരകളിലൂടെ പടരുന്ന വിഷത്തിനൊപ്പം ഓർമ്മകളുടെ വൈദ്യുതപ്രവാഹം കൃഷ്ണപിള്ളയെ പൊതിയുന്ന മരണത്തിന്റെ അവസാന മണിക്കൂറുകൾ മാത്രമാണ് നോവലിലാവിഷ്കരിച്ചിട്ടുള്ളത്. അതിനാൽ തന്നെ പേജുകളുടെ എണ്ണത്തിൽ വലിപ്പം കുറവാണ് നോവലിന്. കാലപ്രവാഹത്തിലെ അപ്രതീക്ഷിത ചുഴിയിലെന്നപോലെ മരണഗർത്തത്തിൽ വീഴുന്ന കൃഷ്ണപിള്ളയുടെ അന്ത്യനിമിഷങ്ങൾ അദ്ദേഹത്തിന്റെ തന്നെ അനുഭവമായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്.  മരണം വരെയുള്ള രാഷ്ട്രീയ ജീവിതത്തിൽ നിന്ന്  രൂപപ്പെടുത്തിയെടുത്ത സംഭവങ്ങളും ബിംബങ്ങളും ഉപയോഗിച്ചുകൊണ്ടാണ് കൃഷ്ണപിള്ളയുടെ മരണം ആവിഷ്കരിച്ചിരിക്കുന്നത്. സഖാവിന്റെ മരണാനുഭവം ഇതൾ കൊഴിയുന്ന ചുവന്ന റോസാപ്പൂവായി അവതരിപ്പിച്ചിരിക്കുന്നത് ചുവപ്പിനോടുള്ള കൃഷ്ണപിള്ളയുടെ അടങ്ങാത്ത അഭിനിവേശം ചോർന്നു പോകാതിരിക്കാനാണ്. “സഖാക്കളേ മുന്നോട്ട്” എന്ന അവസാന വരിയെഴുതാൻ സഖാവനുഭവിക്കുന്ന വിറയലിൽ ജീവിതത്തിന്റെ അവസാന നിമിഷത്തിലും അദ്ദേഹം പുലർത്തുന്ന വിപ്ലവ സ്വപ്നങ്ങൾ കെടാതെ നിൽക്കുന്നു എന്ന് വായനക്കാരെ ബോധ്യപ്പെടുത്തും.

‘ചുവന്ന കാട്ടുചെത്തിപ്പൂക്കൾ ഗാട്ട് നിന്ന ഊടുവഴികളിലൂടെ ഒരു സഖാവ് ഓടിക്കിതച്ച് വരികയാണ്’ എന്ന ആദ്യ വരി മുതൽ കഥയിലെ വ്യത്യസ്ത സന്ദർഭങ്ങളുടെ ചിത്രം വായനക്കാരുടെ മനസിൽ മായാതെ പതിപ്പിക്കുന്ന എഴുത്തുകാരന്റെ കരവിരുത് നോവലിൽ ഉടനീളം കാണാം. ചുവന്ന കാട്ട് ചെത്തിപ്പൂക്കൾ ഗാട്ട് നിൽക്കുന്ന ഊടുവഴി ഒളിവ് ജീവിതത്തിന്റെ രഹസ്യാത്മകതയും തീക്ഷ്ണതയും സഖാവിന് ജനങ്ങളൊരുക്കുന്ന സുരക്ഷയുo എല്ലാം വ്യക്തമാക്കുന്നതാണ്. കൃഷ്ണപിള്ളയ്ക്ക് ചുറ്റുമായി വിന്യസിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ എ.കെ.ജി യും ഇ എം എസ്സും വന്നു പോകുന്നുണ്ട് എങ്കിലും കൃഷ്ണപിള്ളയുടെ ജീവിതാവിഷ്കരണത്തിന് തടസ്സം സൃഷ്ടിക്കാത്ത തരത്തിലുള്ള പ്രാധാന്യം മാത്രമേ നോവലിൽ അവർക്കുള്ളൂ. ആലപ്പുഴയിലെ സാധാരണ മനുഷ്യരുടെ സംഭാഷണത്തിന് പ്രാദേശിക ഭാഷ തന്നെ പ്രയോഗിച്ചിരിക്കുന്നു എന്നത് നോവലിന് സ്വാഭാവികത നൽകുന്നു. ചുവപ്പ്കൊടികളുടെ പ്രളയത്തിലൂടെ മരണത്തിലേക്ക് ചിരിച്ചുകൊണ്ട് നടക്കുന്ന സഖാവിന്റെ മരണം ഇതളിറുന്നു വീഴുന്ന ചുവന്ന റോസാപ്പൂവായിട്ടാണ് വർണ്ണിച്ചിരിക്കുന്നത്. കരകവിഞ്ഞൊഴുകുന്ന ചുവപ്പ് പ്രളയത്തിൽ ഇതളിറുന്നു വീഴുന്ന പൂവിന്റെ മാന്ത്രിക വലയം പേജിൽ നിന്നിറങ്ങി വായനക്കാരെ ചുറ്റും. സഖാവിന്റെ ജീവിതത്തോട് രക്തബന്ധമുള്ള രചനാപാടവം.

തങ്കമ്മയുടെ പ്രണയരേഖകൾ

എടലാക്കുടി പ്രണയരേഖകളിലെ കൂടുതൽ വരികളും തങ്കമ്മയുടെ പ്രണയത്തിന്റെ രേഖകളാണ്. സഖാവിനോടുള്ള തീവ്രപ്രണയം കൊണ്ടു മാത്രം വീടുവിട്ടിറങ്ങുകയും തുടർന്ന് സജീവരാഷ്ട്രീയത്തിലിടപെടുകയും ചെയ്യേണ്ടി വന്ന തങ്കമ്മയുടെ ജീവിതത്തിന്റെ വഴി മാറ്റിയത് സഖാവുമായുള്ള സ്നേഹബന്ധമാണ്.
ഒരിക്കലും പ്രതീക്ഷിക്കാത്ത പരീക്ഷണങ്ങളിലൂടെ അവരുടെ ജീവിതം കടന്നുപോയി. അനുരാഗത്തിന്റെ മാന്ത്രിക വലയം തങ്കമ്മയെ രാഷ്ട്രീയ പ്രവർത്തകയാക്കി. കൃഷ്ണപിള്ളയോടൊപ്പം ഇടതുരാഷ്ട്രീയവും തങ്കമ്മയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. കൃഷ്ണപിള്ളക്ക് പ്രണയവും സംഘടന പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. ജയിലിൽ നിന്നും പുറത്തേക്കുള്ള ബന്ധത്തിനുള്ള പാലമായാണ് ആദ്യം കൃഷ്ണപിള്ള തങ്കമ്മയെ പരിചയപ്പെടുന്നത്. വിവാഹശേഷം പത്രത്തിന്റെ പ്രൂഫ് റീഡിങ്ങും മഹിളാസമാജത്തിന്റെ പ്രവർത്തനങ്ങളും സഖാവ് തങ്കമ്മയെ ഏൽപിച്ചു. “പാർട്ടി കഴിഞ്ഞാൽ പിന്നെ എനിക്കേവും പ്രിയം എന്റെ തങ്കത്തിനെയാണ്” എന്ന സഖാവിന്റെ വാചകത്തിൽ എല്ലാമുണ്ട്. പ്രണയം പോലും സംഘടനാ പ്രവർത്തനമാണ് സഖാവിന്. കൃഷ്ണപിള്ളയുടെ മാനസിക വ്യാപാരങ്ങളിലൂടെ വികസിക്കുന്ന നോവലിൽ തങ്കമ്മയുടെ ജീവിതം അവതരിപ്പിച്ചതിൽ നോവലിസ്റ്റ് കാണിച്ചിരിക്കുന്ന ജാഗ്രത എടുത്തു പറയേണ്ടതാണ്. തങ്കമ്മയെ കുറിച്ചുള്ള സഖാവിന്റെ ചിന്തകൾ മാത്രമവതരിപ്പിച്ചാൽ പ്രണയരേഖകൾ ഏകപക്ഷീയവും അപൂർണ്ണവുമാകും എന്ന തിരിച്ചറിവിൽ നിന്നാകണം തങ്കമ്മയുടെ ചിന്തകൾക്ക് ആഖ്യാനത്തിൽ ഇടം നൽകിയത്. തുടക്കം മുതൽ അവസാനം വരെ തങ്കമ്മയുടെ ജീവിതത്തിന് രേഖകളിൽ നിർണ്ണായക സ്ഥാനമുണ്ട്. സംഘടന കഴിഞ്ഞേ സഖാവിന് തങ്കമ്മയുള്ളൂ എന്നാൽ സഖാവിനോടുള്ള തങ്കമ്മയുടെ സമീപനം തികച്ചും വ്യക്തിപരമാണ് . “എന്നാലും എപ്പഴും എന്റെ കൂടെ വേണം ” എന്നാണ് തങ്കമ്മയുടെ നിലപാട്. പ്രണയത്തിന്റെ ആദ്യഘട്ടം മുതൽ സഖാവിന്റെ മരണം വരെ നോവലിലുടനീളം തങ്കമ്മയുടെ ചിന്തകളിലൂന്നിയ ആഖ്യാനം എടലാക്കുടി രേഖകളിൽ എഴുത്തുകാരൻ പുലർത്തിയ പ്രണയത്തോടുള്ള ജനാധിപത്യസമീപനത്തിന്റെ തെളിവാണ്. വിവാഹത്തിനുശഷം
സഖാവിനോടൊപ്പമുള്ള ദേശാടനവും അരക്ഷിതജീവിതവും പലപ്പോഴും തങ്കമ്മയെ തളർത്തി. ഏറ്റവും പ്രിയപ്പെട്ട സഖാവിനെ കൊതിതീരെ കാണാനോ മനസ് തുറന്ന് സംസാരിക്കാനോ കിട്ടാത്ത  പ്രണയം വേദനയുടെ മുള്ളുകളാൽ അവരുടെ ജീവിതത്തിൽ ചുവപ്പു രേഖകൾ വരച്ചു. കൃഷ്ണപിള്ളയുടെ ഭാര്യ എങ്ങനെയാകണമെന്ന് ചുറ്റുമുള്ളവർ നൽകുന്ന ഉപദേശവും നിർദേശവും അനുസരിക്കുന്ന തങ്കമ്മക്ക് പലപ്പോഴും സ്വന്തം ജീവിതം അന്യമാകുന്നു.
മരണാനുഭവം പോലും സഖാവിന് ചുവപ്പുനിറമുള്ള ഇതളൂർന്നു വീഴുന്ന റോസാപ്പൂവാണ്. ഞരമ്പിലൂടെ പടർന്നു കയറുന്ന കടച്ചിൽ വിന്റർ പാലസിലേക്ക് മാർച്ച് ചെയ്ത തൊഴിലാളികളുടെ ഓർമ്മകളുണർത്തുന്നു. പകുതി വഴിയിൽ പരാജയപ്പെട്ട വിപ്ലവ മുന്നേറ്റം പോലെ ജീവിതം അപ്രതീക്ഷിത മരണത്തോട് തോറ്റു മടങ്ങുന്നു. മരണത്തിലേക്ക് നടന്നടുക്കുന്ന സഖാവിന്റെ ഇരുപുറവും നിന്ന് കൊടി വീശുന്ന സഖാക്കളുടെ കൂട്ടത്തിൽ തങ്കമ്മയില്ല. മരണത്തിന്റെ അവസാന നിമിഷങ്ങളിലെ ക്രമരഹിതമായ ചിന്തകളുടെ വേലിയേറ്റത്തിൽ തങ്കമ്മയുടെ മുഖം ഏറെ പുറകിലാണ്.
തങ്കമ്മയുടെ മരണം നോവലിന്റെ ഭാഗമല്ല ഒരു പക്ഷേ തങ്കമ്മയുടെ മരണം ആവിഷ്കരിക്കേണ്ടി വന്നിരുന്നെങ്കിൽ ആ ചിന്തകളിലേറിയ പങ്കും സഖാവിനെ കുറിച്ചുള്ളതാകും. തങ്കമ്മയുടെ പ്രണയവും സഖാവിന്റെ മരണവുമാണ് എടലാക്കുടി പ്രണയരേഖകളുടെ നാരായലിപികളിലുള്ളത്. ചുവന്ന കൊടികളുടെ പ്രളയംപോലെ ചുവന്ന റോസാപ്പൂപോല മരണം സഖാവിനെ പൊതിയുമ്പോൾ റോസാച്ചെടിയുടെ മുള്ളുകൊണ്ട് മുറിയുന്നത് തങ്കമ്മയുടെ പ്രണയ ജീവിതമാണ്. എടലാക്കുടി രേഖകളിൽ നിറയെയുള്ളത് തങ്കമ്മയുടെ സംഘർഷഭരിതമായ ജീവിത ചിത്രങ്ങളാണ്. അവ്യക്തമായ ഈ ഗുഹാലിഖിതങ്ങൾ പൂരിപ്പിക്കേണ്ടത് വായനക്കാരുടെ കടമയാണ്. ചരിത്രം ഒഴിച്ചിട്ട കളങ്ങൾ പൂരിപ്പിക്കുന്ന സാഹിത്യത്തിന്റെ ശിലാശാസനമാണ് എടലാക്കുടി പ്രണയരേഖകൾ.

Print Friendly, PDF & Email