ഇടവഴി വെട്ടുവഴിയിലേക്ക് കയറുന്ന സന്ധിപ്പിൽ
പാതിരാത്രിയിലാണ് കണ്ടുമുട്ടിയതെന്ന്
രണ്ടു പേർക്കും നല്ല തിട്ടമായിരുന്നു.
ശേഷം കാര്യങ്ങളിൽ പക്ഷേ,
വല്ലാത്തൊരു പിടികിട്ടായ്മയും അമ്പരപ്പും.
ഇല്ലത്തെ തിരുവാതിരകളി കഴിഞ്ഞ്
കുഞ്ഞിലക്ഷ്മി വീട്ടിലേക്കും
മുമ്പേ പോയ കരോൾ പാർട്ടിക്കൊപ്പമെത്താൻ
അവറാച്ചൻ ദുരിശപ്പെട്ടും.
ഒന്നാമത്തവൾ ധനുമാസത്തിലെ
തിരുവാതിരക്കുളിരിലും
രണ്ടാമൻ ഡിസംബറിലെ
ബേത് ലഹേം തണുവിലും വിറച്ച്.
ഇതേത് കസവണി യക്ഷിയെന്ന്
കടമറ്റത്തച്ചനെ പ്പോലെ അവറാച്ചനും
ഇതേതു കോലമെന്ന്
ക്രിസ്മസ് പപ്പയെ നോക്കി
കുഞ്ഞിലക്ഷ്മിയും.
കസവിനുള്ളിൽ ഏഴാം ക്ലാസ്സിൽ ഒപ്പം പഠിച്ച കുഞ്ഞിലക്ഷ്മിയാണെന്ന് അവറാച്ചനും
അപ്പൂപ്പന്റെയുള്ളിൽ ഒന്നിച്ചു പഠിച്ച ഒഴപ്പനവറാനാണെന്ന് കുഞ്ഞിലക്ഷ്മിക്കും
പിടികിട്ടിയില്ല.
പേടിച്ചു വിറച്ച് ഒരാൾ ഭഗവതിയെയും
മറ്റേയാൾ മറിയത്തെയും വിളിച്ചു
ഗണപതിയെ ഒക്കത്തെടുത്തു കൊണ്ടുവന്ന
ഭഗവതിക്കും
കർത്താവിനെ എളിയിലെടുത്തു കൊണ്ടുവന്ന
മറിയത്തിനും
അങ്ങോട്ടുമിങ്ങോട്ടും പിടികിട്ടിയില്ല.
അക്കാലം കൊണ്ട് രണ്ടു പേരും
ഓരോ സ്കൂളിന്റെ
കാവൽ ദൈവങ്ങളായിക്കഴിഞ്ഞിരുന്നു.
Comments