LITERATURE നിരൂപണം

തോന്നിയ പോലൊരു പുസ്തകം.


കവി രാജേഷ് നന്ദിയംകോട് എഴുതിയ ആദ്യ നോവൽ 'തോന്നിയ പോലൊരു പുസ്തക' ത്തെക്കുറിച്ച് എം.ശിവശങ്കരൻ.

pustak 1

മലയാള നോവൽചരിത്രത്തിൽ അമ്പതാണ്ട് പിന്നിട്ട ഖസാക്കിന്റെ ഇതിഹാസത്തെ തിരിച്ചും മറിച്ചും വായിച്ച് കൊണ്ടിരിക്കുകയാണ് മലയാളത്തിലെ നിരൂപകരിൽ മിക്കവരും. മലയാള നോവൽ ഖസാക്കിന് മുൻപും പിൻപും എന്നൊരു കാലപരിഗണനയിൽ എത്തി നിൽക്കുന്നുമുണ്ട്. അസ്തിത്വ വാദത്തിന്റെ ശക്തമായ സ്വാധീന വലയത്തിൽ ഉരുവം കൊണ്ട ഈ കലാസൃഷ്ടിയെ രവി ജീവിച്ച സാമൂഹ്യ പരിസരത്തിൽ വിലയിരുത്തേണമോ, വ്യക്തി ജീവിതത്തെ ആധാരമാക്കി വിശകലനം ചെയ്യണമോ എന്നതും തർക്ക വിഷയമാണ്. നോവൽ വായനയുടെ ഇത്തരമൊരു സംവാദ പരിസരത്തിലാണ് ഒരു കവിയുടെ പ്രഥമ നോവലായ ‘തോന്നിയ പോലൊരു പുസ്തകം’ ചർച്ചക്ക് വരുന്നത്. ആറ് കവിതാ സമാഹാരങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ച രാജേഷ് നന്ദിയംകോടാണ് നോവലിസ്റ്റ്. ലാളിത്യവും ആർജ്ജവവുമാണ് രാജേഷിന്റെ കവിതകളുടെ മുഖമുദ്ര.

‘തോറ്റ് തോറ്റ് എഴുതിപ്പോയതാണ്, കാത്ത് കാത്ത് കിട്ടിയതല്ല എന്ന സങ്കൽപ്പ ചിന്തയിൽ തോന്നിയ പോലൊരു പുസ്തകം നിങ്ങളിലേക്ക് ഏട് കീറിയെറിയുന്നു’ എന്ന ആമുഖ വാക്യം ഈ എഴുത്തുകാരന്റെ മാനിഫെസ്റ്റൊ തന്നെയാണ്. കവിത എന്നോ നോവലെന്നോ ഇവിടെ വ്യത്യാസമില്ല. നോവലിസ്റ്റ് തന്നെയാണ് ഇതിലെ കഥാനായകൻ. തമിഴ് നാട്ടുകാരനായ പപ്പടക്കച്ചവടക്കാരൻ മുരുകനോട് ഞാൻ താങ്കളെ കേന്ദ്ര കഥാപാത്രമാക്കി ഒരു നോവലെഴുതാൻ പോകുന്നു എന്ന് സാഹിത്യ ഭാഷയിൽ മൊഴിയുന്ന നോവലിസ്റ്റിനോട് ‘ഈ രണ്ട് പാക്കറ്റ് പപ്പടം ഉങ്കൾ ദിനവും വാങ്ങിയാൽ എനക്ക് റൊമ്പം സന്തോഷമാകും’ എന്ന മുരുകന്റെ മറുപടിയിൽ ഈ എഴുത്തുകാരന്റെ ജീവിത ദർശനം നിഴലിക്കുന്നുണ്ട്.

 കൃത്യമായും ആസൂത്രണം ചെയ്ത രചന തന്നെയാണിത്. ഭാഷയിലോ ക്രാഫ്റ്റിലോ, ദുരൂഹതകളോ സങ്കീർണ്ണതകളോ കലർത്താതെ സരളവും ആർജ്ജവവുമുള്ള ഭാഷയിൽ എഴുതപ്പെട്ടു എന്നത് തന്നെയാണ് ഇതിന്റെ മികവ്.

നോവലെഴുതാനുള്ള അദമ്യമായ ആഗ്രഹമുള്ള ഒരു എഴുത്തുകാരൻ നേരിടുന്ന പ്രതിബന്ധങ്ങളിലൂടെയാണ് കഥ ഇതൾ വിടർത്തുന്നത്. അവിടെ സന്തത സുഹൃത്തായ അനിരുദ്ധൻ, അയാളുടെ കാമുകി മാളവികാനായർ, ട്രാക്റ്റർ ഡ്രൈവർ നാരായണേട്ടൻ, എഴുത്തുകാരന്റെ അമ്മ, മുറപ്പെണ്ണായ നീലാംബരി എന്നിവരൊക്കെയുണ്ട്. എല്ലാ കഥാപാത്രങ്ങളും പച്ചയായ മനുഷ്യർ തന്നെ. രാജേഷിന്റെ കവിതകളിലെന്ന പോലെ അമ്മ ഈ നോവലിലും ശക്തമായ ഒരു കഥാപാത്രമാണ്. കള്ളും പെണ്ണുമൊന്നും ജീവിതത്തിലന്യമല്ലെന്ന് വിശ്വസിക്കുന്ന നാരായണേട്ടൻ ഈ നോവലിലെ ആന്റീ ഹീറോവായി വിലസുന്നു.

പ്രണയബന്ധങ്ങൾ ഒന്നൊന്നായി തകരുന്ന കാഴ്ചകളിലൂടെ സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് സാമൂഹ്യാസ്തിത്വത്തെ നിർണ്ണയിക്കുന്നതെന്ന തത്വത്തിന് ഇവിടെ അടിവരയിടുന്നു നോവലിസ്റ്റ്. എൺപത് പുറം മാത്രമുള്ള ഈ നോവലിൽ സുന്ദരനാശാരിയെപ്പോലെ ഉള്ളവരുടെ സജീവ സ്കെച്ചുകൾ നമ്മുടെ സവിശേഷ ശ്രദ്ധ അർഹിക്കുന്നു. ഗൾഫിലെ ജോലിക്കിടെ ലീവിൽ വരുന്ന അനിരുദ്ധൻ പഴയ സുഹൃത്തിനെ അന്വേഷിച്ച് വരുമ്പോൾ ആറ് മാസം മുമ്പ് കുടലിൽ ക്യാൻസർ വന്ന് മരിച്ച എഴുത്തുകാരന്റെ എഴുതിത്തീർന്നിട്ടില്ലാത്ത കഥയുടേയും ജീവിതത്തിന്റേയും ബാക്കിപത്രമായി നോവൽ അവസാനിക്കുന്നു.

നോവലിന്റെ ശീർഷകം സൂചിപ്പിക്കുന്ന പോലെ തോന്നിയ പോലൊരു പുസ്തകമായല്ല ഇത് വായനക്കാരന് അനുഭവപ്പെടുക. കൃത്യമായും ആസൂത്രണം ചെയ്ത രചന തന്നെയാണിത്. ഭാഷയിലോ ക്രാഫ്റ്റിലോ, ദുരൂഹതകളോ സങ്കീർണ്ണതകളോ കലർത്താതെ സരളവും ആർജ്ജവവുമുള്ള ഭാഷയിൽ എഴുതപ്പെട്ടു എന്നത് തന്നെയാണ് ഇതിന്റെ മികവ്. ഇന്ന് പുറത്തിറങ്ങുന്ന മിക്ക നോവലുകളുടേയും കഥകളുടേയും മുഖമുദ്ര ദുർഗ്രഹതയാണെന്നിരിക്കെ രാജേഷ് ഈ നോവൽ രചനയിലൂടെ നടപ്പ് ദീനങ്ങളെ പ്രതിരോധിക്കാൻ നടത്തിയ ധീരമായ ശ്രമമായി ഞാനിതിനെ വിലയിരുത്തുന്നു. ഇതാകട്ടെ ഈ എഴുത്തുകാരന്റെ ജീവിതവും കവിതയും കഥയും ഒന്നെന്ന സത്യവാങ്ങ്മൂലമായി പരിണമിക്കുന്നു.

pustak 2

ഒരു ഉൾനാടൻ ഗ്രാമത്തിലെ മനുഷ്യ ജീവിതങ്ങളിലെ സങ്കീർണ്ണതകളെ ഭാഷയുടെ ജൈവ സാന്നിധ്യം കൊണ്ട് ലളിതമാക്കി എന്നതു തന്നെയാണ് തോന്നിയ പോലൊരു പുസ്തകത്തിന്റെ മികവ്. കാക്കപ്പൂവും തേവിടിത്തെച്ചിയും ചെമ്പരുത്തിയും നന്ത്യാർവട്ടവും പൂത്തു തളിർത്ത് നിൽക്കുന്ന ഗ്രാമത്തിലെ ഇടവഴികളിലൂടെയുള്ള ഒരു പ്രഭാതയാത്ര പോലെയാണ് ഈ പുസ്തകത്തിന്റെ വായന. എല്ലാ കാല വർഷാരംഭത്തിലും വഴിയോരങ്ങളിൽ വൃക്ഷത്തൈ വെച്ച് പിടിപ്പിക്കാൻ ‘വിത്തുയാത്ര’ നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയായ രാജേഷിന്റെ പുസ്തകം ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാവാനാണ് !

Print Friendly, PDF & Email