ചുവരെഴുത്തുകൾ

ഒരപൂര്‍വ്വ കൂടിക്കാഴ്ച


നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

ീങ്ക എങ്കെ ഇരിക്കേൾ ?” ഗോമതിയുടെ പാട്ടിയാണ് (അമ്മയുടെ അമ്മ). ഞാൻ അവരെ ആദ്യമായി കാണുകയാണ്.. 95 ആം വയസിൽ അൽഷൈമേഴ്‌സിന്റെ വലിയ പ്രശ്നം ഒഴിച്ചാൽ ചുറുചുറുക്കോടെ ഇരിക്കുന്ന ഒരമ്മൂമ്മ..

“എൻ ഊരു കൊച്ചി താൻ ആനാ ഇപ്പൊ അമേരിക്കാലെ ഇരുക്കേൻ ”

“അമേരിക്കാവാ? അപ്പനാ പോ .. പേശി പ്രയോജനം ഇല്ലൈ….” പാട്ടി മുഖം തിരിച്ചു…

ഒരു മിനിറ്റു കഴിഞ് വീണ്ടും…

“നീങ്ക എങ്കെ ഇരിക്കേൾ ?”

“എൻ ഊരു കൊച്ചി….”

“അപ്പടിയാ? എൻ ഊരു നാവായിക്കുളം… ട്രിവാൻഡ്രം പക്കത്തിലെ, തെരിയുമാ?”

“കണ്ടിപ്പ തെരിയും പാട്ടി. ഇത്തവണ തിരുവനന്തപുരം പോയപ്പോൾ നാവായിക്കുളത് കാർ നിർത്താൻ കാരണം തന്നെ പാട്ടിയുടെ നാടായത് കൊണ്ടാണ്…”

“അപ്പടിയാ അവിടെ നാവായിക്കുളം ക്ഷേത്രത്തിന് തൊട്ടടുത്തായിരുന്നു എന്റെ അപ്പാവുടെ റേഷൻ കട.. എന്റെ അപ്പ ഒരു ഭാഗവതർ ആയിരുന്നു.. ” അതും പറഞ്ഞു പാട്ടി ഒരു പാട്ടു പാടാൻ തുടങ്ങി..

“തീരാത്ത വിളയാട്ട് പിള്ളൈ കണ്ണൻ തെരുവിലെ പെൺകൾക്ക് ഓയാത്ത തൊല്ലൈ…
തീരാത്ത വിളയാട് പിള്ളൈ…” ഓർമ്മക്കുറവിൽ പാട്ടു മുറിഞ്ഞു…

“യാര് നീങ്ക ? ഇപ്പൊ ഇങ്കെ ഏതുക്ക് വന്തിരുക്കേൾ ?” പാട്ടു കഴിഞ്ഞു വീണ്ടും അതെ ചോദ്യം….

“ഉങ്കളെ പാക്കരുതുക്ക് താൻ പാട്ടി…”

“എന്നെ പാക്കരുതുക്ക് നീങ്ക എതുക്ക് വരണം?”

“ഞാൻ ആണ് ഗോമതിയെ കല്യാണം കഴിച്ചിരിക്കുന്നത്.. ഞങ്ങളുടെ കുട്ടികൾ ആണ് ഈ ഇരിക്കുന്നത് നിതിനും ഹാരിസും…”

“ഗോമതി? അത് യാര്?”

“ഉങ്ക പേത്തി താനെ ഗോമതി, വസന്താവുടെ പൊണ്ണ് .. ന്യാപകം ഇല്ലയാ ?”

“വസന്ത യാര്?” സ്വന്തം മകളെയും മറന്നു പോയിരിക്കുന്നു. ഞങ്ങൾ ഗോമതിയുടെ അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തപ്പോൾ ഓർമ്മ വന്നു കാണണം.. പക്ഷെ കുറച്ചു കഴിഞ്ഞു വീണ്ടും ഇതേ സംഭാഷണം ആവർത്തിച്ചു.

“പഴക തെരിയ വേണം.ഉലകിൽ പാർത്തു നടക്ക വേണ്ടും പെണ്ണെ…” പഴയ തമിഴ് പാട്ടുകൾ അനർഗ്ഗളമായി ഒഴുകി.

പതിനേഴു വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഗോമതിയുടെ അമ്മയും അച്ഛയും ആയി സന്ധി ആയെങ്കിലും മറ്റു പല ബന്ധുക്കളും ഞങ്ങളെ വീട്ടിൽ കയറ്റില്ല എന്ന പ്രതിജ്ഞയിൽ ആയിരുന്നു. അങ്ങിനെ ആണ് ഗോമതിയുടെ പാട്ടിയെ പതിനേഴു വർഷത്തോളം കാണാതെ പോയത്. ഇത്തവണ എന്ത് വിലകൊടുത്തും മദ്രാസിൽ പോയി പാട്ടിയെ കാണണം എന്നുള്ളത് എന്റെ ഒരു വാശിയായിരുന്നു. കൂട്ടത്തിൽ ഗോമതിയുടെ അമ്മയുടെയും അച്ഛന്റെയും “ഇപ്പോൾ മഞ്ഞുരുകിയ” ചില ബന്ധുക്കളെയും കണ്ടു. ഒന്ന് രണ്ടു പേർ മാത്രം ഞങ്ങളോട് വീട്ടിലേക്ക് വരരുത് എന്ന് അഭ്യർത്ഥിച്ചു.

പതിനേഴ് വർഷങ്ങൾ നീണ്ട ഒരു കാലയളവാണ്. കല്യാണം കഴിഞ്ഞ ഇടയ്ക്കാണ് ഗോമതിയുടെ താത്ത (അമ്മയുടെ അച്ഛൻ) മരണപ്പെടുന്നത്. പാട്ടി പക്ഷെ ഇപ്പോൾ അത് പോലും മറന്നു പോയിരിക്കുന്നു. ഇപ്പോൾ അവരുടെ മനസ്സിൽ മുഴുവൻ അവർ കല്യാണത്തിന് മുൻപ് സമയം ചിലവഴിച്ച നവായിക്കുളവും പരിസരവും ആണ്. ആദ്യമായാണ് പാട്ടി പാട്ടു പാടുന്നത് എന്ന് വീട്ടുകാർ പറഞ്ഞു. രണ്ടു മണിക്കൂറോളം പാട്ടിയോട് സംസാരിച്ചിരുന്നു. ഓർമ്മ പോയ പാട്ടിയും മതത്തിന്റെ കെട്ടുപാടുകളിൽ ഇപ്പോഴും ഞെരിപിരി കൊള്ളുന്ന മറ്റു വീട്ടുകാരും തമ്മിലുള്ള അന്തരം വളരെ വ്യക്തമായിരുന്നു. അന്ന് രാത്രി അവിടെ കിടന്നു രാവിലെ പോയാൽ മതി എന്ന് പാട്ടി നിർബന്ധം പിടിച്ചപ്പോൾ നാളെ പൂണൂൽ മാറ്റേണ്ട ദിവസം ആണെന്ന പറച്ചിലിലൂടെ അത് നടക്കാത്ത കാര്യം ആണെന്ന് വീട്ടുകാരൻ ദ്യോതിപ്പിച്ചു. ചെറിയ കുട്ടികളും വളരെ പ്രായമായവരും മാത്രമാണ് ചിലപ്പോഴെല്ലാം സമൂഹങ്ങളിൽ ഒരു വിഷവും മനസ്സിൽ ഇല്ലാത്തവർ എന്ന് തോന്നുന്നു…

പോകാൻ നേരം പാട്ടിയെ വളരെ വളരെ മുൻപ് കാണേണ്ടതായിരുന്നു എന്ന് മനസ്സിൽ ഒരു തോന്നൽ. പക്ഷെ അവർ താമസിക്കുന്ന വീട്ടിലെ ആളുകൾ മുൻപ് ഞങ്ങളെ സ്വീകരിക്കാവുന്ന ഒരു മനസ്ഥിതിയിൽ ആയിരുന്നില്ല. ഇത്രയും വർഷങ്ങൾ കഴിഞ്ഞപ്പോൾ പക്ഷെ പാട്ടിക്ക് ആരെയും ഓർമയില്ലാതെ പോവുകയും ചെയ്തു…

നമ്മുടെ എല്ലാം കാര്യം ഇത്രയൊക്കെയേ ഉള്ളൂ… നാം കാണേണ്ട എന്ന് പറഞ്ഞു നടക്കുന്ന ചിലരെ കാണാൻ തോന്നുന്പോൾ ഒരു പക്ഷെ നമ്മളോ അവരോ ഇപ്പോൾ ഉള്ള അവസ്ഥയിൽ ആവണം എന്നില്ല. സമയവും ആരോഗ്യവും എല്ലാം നമ്മുടെ നിയന്ത്രണത്തിൽ അല്ലല്ലോ.

ആളുകളെ കാണുക എന്നതായിരുന്നു എന്റെ ഇത്തവണത്തെ ഇന്ത്യ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശം. ഗോമതിയുടെ പാട്ടിയെയും ഞങ്ങളെ മദ്രാസിൽ വച്ച് ആദ്യം പരസ്പരം പരിചയപ്പെടുത്തിയ സുമതിയെയും മുതൽ വളരെ പണ്ട് അയല്പക്കത്തു നിന്ന് വീടുമാറിപ്പോയ രമേശൻ ചേട്ടനെയും മുരളി ചേട്ടനെയും ജോർജ് ചേട്ടനെയും വരെ എല്ലാവരെയും കണ്ടു. പള്ളുരുത്തി വെളിയിൽ സായാഹ്നങ്ങളിൽ ഒരുമിച്ചു കൂടി കഥകൾ പറഞ്ഞ എല്ലാ സുഹൃത്തുക്കളെയും കണ്ടു. ഇനി സംസാരിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ച ചിലരെയും വീട്ടിൽ പോയി കണ്ടു. നേരത്തെ പറഞ്ഞ പോലെ സംസാരിക്കണം എന്ന് നാം തീരുമാനിച്ചു കഴിയുന്പോൾ അവരോ നമ്മളോ ഏതു അവസ്ഥയിൽ ആയിരിക്കും എന്നാർക്കറിയാം. എൻ എൻ കക്കാട് പറഞ്ഞ പോലെ ഇനിയുള്ള വിഷുവും തിരുവോണവും വരുന്പോൾ ആരെന്നും എന്തെന്നും ആർക്കറിയാം………

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !

Print Friendly, PDF & Email