EDITORIAL ലേഖനം

മുഖ്യമന്ത്രിയോട് ചോദിക്കാം. 

“കല്ലും മണലും ഉപയോഗിക്കുന്നത് കുറക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണം പ്രീ ഫാബ്രിക്കേറ്റഡ് ആയ നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കുന്നത് പരിശോധിക്കണം.” മുഖ്യമന്ത്രി
അതെ, സമതലങ്ങളിലും നഗരമധ്യത്തിലും വെള്ളം പൊങ്ങുന്ന, കുന്നും മലയും ഇടിഞ്ഞമരുന്ന അഭൂതപൂർവവും അസാധാരണവുമായ കാലാവസ്ഥയിൽ നിർമാണ രീതികളിൽ പല മാറ്റങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഒരാഴ്ച കൊണ്ട് ഒരു ഋതു മുഴുവൻ പെയ്തു നിറയുന്ന മഴക്കാലം ഇനിയും ആവർത്തിക്കാനുള്ള സാദ്ധ്യതകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നതിനാൽ ഇനി വൈകിക്കാൻ സമയമില്ല. സർക്കാരിൻറെ മുന്നിലുള്ള പ്രധാന പദ്ധതികൾ പുനഃപരിശോധനക്കു വിധേയമാക്കണം.
road 1
ദേശീയപാത നേരത്തെ തീരുമാനിച്ചത് പോലെ 30 മീറ്ററിൽ ഒതുക്കുന്ന കാര്യം വീണ്ടും പരിഗണിക്കാം. ഒരു വലിയ പോത്ത് വീണാൽ കാണാത്ത ഭീമൻ കാനകൾ പണിതു, തുറന്നു വെച്ച്, ഖരമാലിന്യങ്ങൾ തള്ളാൻ അവസരം ഒരുക്കരുത്. കാനകൾ ബലമുള്ള സ്ലാബുകൾ കൊണ്ട് മൂടി നടപ്പാത ഉണ്ടാക്കണം. പണ്ട് ദുർഗന്ധം വമിച്ചിരുന്ന കോയമ്പത്തൂർ നിരത്തുകൾ അത്തരത്തിലൊരു മാറ്റം നടപ്പിലാക്കിയതായി കണ്ടു. മഴവെള്ളം മാത്രം ഒഴുകാനുള്ളതായിരിക്കണം വഴിയോര ചാലുകൾ. പരിസര ശുചിത്വം പാലിക്കുന്നതിൽ നാടും നഗരവും ഒരു പോലെ നിരുത്തരവാദം പ്രകടിപ്പിക്കുന്നത് കൊണ്ട് മാലിന്യങ്ങൾ തള്ളുവാനുള്ള വഴി അടക്കുകയേ നിവൃത്തിയുള്ളൂ. റോഡിൻറെ നിരപ്പിൽ നിന്നുയർന്നു നിൽക്കാത്ത കാനകളും അവക്കപ്പുറം പുല്ലും മണ്ണും വിരിച്ച നടവഴിയും ഉള്ള പാലക്കാട് – കുളപ്പുള്ളി പാതയിൽ വെള്ളം കെട്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്. മുക്കാൽ അടിയോളം നിരത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന, പരുക്കൻ സ്ലാബുകൾ, നിരതെറ്റിയ പല്ലുകൾ പോലെ പാകികൊണ്ടാണ് ഇപ്പോഴും നഗരപാതകളിൽ വെള്ള ചാലുകൾ നിർമ്മിക്കുന്നത്. രണ്ട് പ്രളയ കാലത്തും കടകളിലേക്ക് അഴുക്കു വെള്ളം കയറി വൻനാശം സംഭവിക്കുവാൻ ഈ കാനകൾ കാരണമായി. കോട്ടയം പോലെയുള്ള വൻനഗരത്തിലെ മെച്ചപ്പെട്ടതെന്നു പേരുകേട്ട നിരത്തുകൾ, ഇരുവശവും മതിലുകളുള്ള കോൺക്രീറ്റ് തോടുകൾ പോലെ കാണപ്പെട്ടു. മണലിൻറെയും കല്ലിൻറെയും പാഴ്ചിലവ് ഏതു നിരക്ഷരനും ഒറ്റ നോട്ടത്തിൽ ബോധ്യപ്പെടും. ഇതാണോ പൊതുമരാമത്തുമന്ത്രി ആണയിടുന്ന നൂതനവും ശാസ്ത്രീയവും ആയ നിർമ്മാണ വിദ്യ?
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗം പോകേണ്ടവർക്ക്‌ വിമാന സർവീസ് ഉണ്ട് അതിവേഗപാത പണിയുവാൻ മുതിരരുത്. ബുള്ളറ്റ് ട്രെയിൻ പദ്ധതി പോലെ ഭീമമായ ചിലവുള്ള പൊങ്ങച്ചമാവും അത്. നിശ്ചിത പാതയിലൂടെ, പതിവായി മിതമായ നിരക്കിൽ യാത്ര ചെയ്യേണ്ടവർക്കുവേണ്ടി, മെമു, fast passenger തീവണ്ടികൾ ഓടിച്ചാൽ സംസ്ഥാനത്തിന് വലിയ ഉപകാരമാവും. അത്രയും നിത്യ സഞ്ചാരികൾ നിരത്തുകളിൽ നിന്ന് ഒഴിവാകും. സ്വന്തം ഗ്രാമങ്ങളിൽ നിന്ന് സുഗമ യാത്ര സാധ്യമാവുമ്പോൾ ചെറുപട്ടണങ്ങളിലെയും, മുഖ്യനഗരങ്ങളിലെയും പാർപ്പിട ബാഹുല്യം കുറയും.
ശബരിമലയിൽ വിമാനത്താവളവും റെയിൽ പാതയും ആവശ്യമില്ല. മലനിരകൾക്കു ഇനിയും കാട് വെട്ടും കല്ല് വെട്ടും താങ്ങാൻ കഴിയില്ല എന്നത് കൊണ്ടാണ് (യോഗനിദ്രയിൽ ആണ്ട ദേവനെ കാണാൻ വിമാനത്തിൽ വന്നിറങ്ങണമെന്നു ആചാര ബദ്ധരായ ഭക്തർ ശാഠ്യം പിടിക്കാനിടയില്ല)
കഴിഞ്ഞ പ്രളയത്തിൽ ഗെയിൽ പൈപ്പുകൾക്കു കേടു പറ്റിയില്ല എന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവ ദ്രവഇന്ധനങ്ങളുടെ കടത്തിന് ഉപയോഗിക്കാമെന്നും അഭിപ്രായമുയർന്നു. എന്ത് കൊണ്ടാണ് അത്തരം ആശയങ്ങൾ തൽക്ഷണം പരീക്ഷിച്ചു നോക്കാത്തത്?  നിരത്തുകളിൽ നിന്ന് ഭീമ ഓയിൽ ടാങ്കറുകളെ പിൻവലിക്കാൻ കഴിഞ്ഞാൽ എത്ര വലിയ സൗകര്യമായിരിക്കും അത് !
road 2
അയ്യായിരത്തിൽപരം ക്വറികളിൽ ലൈസൻസ് ഫീ ഇനത്തിൽ സംസ്ഥാനത്തിന് വരുമാനം കിട്ടിയത് 700 എണ്ണത്തിൽ നിന്ന് മാത്രം. ബാക്കിയുള്ളത് മലയാളികളുടേതു തന്നെയല്ലേ? രാഷ്ട്രീയ ഉദ്യോഗസ്ഥതലത്തിൽ അവയുടെ ഗുണഭോക്താക്കൾ ഉണ്ട് എന്നത് വ്യക്തം. വന്യജീവികൾ നാട്ടിലിറങ്ങി നാശം വിതക്കുന്നതിൻറെ ഒരു കാരണം ക്വാറികൾ ഉണ്ടാക്കുന്ന ശല്യമാവാം. ഉപഭോഗം കുറക്കുന്നതിനെ പറ്റിയാണ് ഇനി ആലോചിക്കേണ്ടത്. പഞ്ചായത്തു തലത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ ഡാറ്റ ബാങ്ക് ഉണ്ടാക്കുക, ആളില്ലാതെ നാശോന്മുഖമായവയെ പുനർനിർമ്മിക്കുക, നിലവിലുള്ള വീടുകൾ വാങ്ങിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവ മാറിയ സാഹചര്യത്തിൽ പ്രസക്തമാണ്. സർക്കാർ വക കെട്ടിടങ്ങൾ പലയിടത്തും ഒഴിഞ്ഞും ഉപയോഗിക്കാതെയും അവഗണയേറ്റു ജീർണ്ണിച്ചും കിടക്കുന്നുണ്ട് നഷ്ടപ്പെടാൻ ഏറെയൊന്നും ബാക്കിയില്ലാത്ത പൊതു ഖജനാവിലേക്ക് ഇത്തരം സ്ഥിര ആസ്തികൾ. കേടുപാടുകൾ തീർത്തു മുതൽക്കൂട്ടേണ്ടത് ആലോചിച്ചു കൂടെ?.
“ശബരിമലയിൽ വിമാനത്താവളവും റെയിൽ പാതയും ആവശ്യമില്ല. മലനിരകൾക്കു ഇനിയും കാട് വെട്ടും കല്ല് വെട്ടും താങ്ങാൻ കഴിയില്ല എന്നത് കൊണ്ടാണ്. (യോഗനിദ്രയിൽ ആണ്ട ദേവനെ കാണാൻ വിമാനത്തിൽ വന്നിറങ്ങണമെന്നു ആചാര ബദ്ധരായ ഭക്തർ ശാഠ്യം പിടിക്കാനിടയില്ല)”
പ്രളയത്തിന് മുൻപ്, മുഖ്യമന്ത്രി കയ്യേറ്റ ഭൂമികൾ സർക്കാരിലേക്ക് ചേർക്കും എന്ന ഒരു ഉഗ്രൻ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു revenue രേഖകൾ ഡിജിറ്റൽ ആവുകയും ഉപഗ്രഹ മാപ്പിംഗ് പ്രയോഗത്തിൽ വരികയും ചെയ്തിരിക്കെ കൈയേറ്റങ്ങൾ കണ്ട് പിടിക്കുക ആയാസ രഹിതവും കുറ്റമറ്റതും ആയി. ഇച്ഛാശക്തിയുള്ള യുവ ഉദ്യോഗസ്ഥന്മാർ അഡ്മിനിസ്‌ട്രേറ്റീവ് സർവിസിൽ ധീരമായ നിലപാടുകൾ കൈക്കൊള്ളുന്നതായി സൂചനകൾ ഉണ്ട്. അങ്ങനെയുള്ളവർക്ക് പിന്തുണ നൽകി മേൽപ്രസ്താവന യാഥാർഥ്യമാക്കണം. കോടികളുടെ സ്വത്തു ആയിരിക്കും അങ്ങനെ സർക്കാർ അധീനതയിലേക്കു വരാൻ പോകുന്നത്.  അപ്പോൾ ദുർബ്ബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ എല്ലാം  മാറ്റി പാർപ്പിയ്ക്കാനുള്ള സ്ഥലം കിട്ടാതിരിക്കില്ല .
road 3
ഒറ്റവിളിക്കു ഉണർന്നു, സ്വയം സംഘടിച്ചു, ആസൂത്രണം ചെയ്തു ബൃഹത്തായ ദുരിത നിവാരണം ഏറ്റെടുത്തു നടപ്പിലാക്കുന്ന മനുഷ്യശേഷിയുള്ള ഒരു പ്രദേശം ഒരിക്കലും പിന്തള്ളപ്പെട്ടു കൂടാ. അതിശയകരമായ ചലനാത്മകതയുള്ള ഈ ഊർജ്ജസമ്പത്ത് പദ്മനാഭ ക്ഷേത്രത്തിലെ നിധി പോലെ പാഴാവാൻ അനുവദിച്ചു കൂടാ. നവകേരള നിർമ്മാണത്തെ കുറിച്ച് അവരുടെ ആശയം ശേഖരിക്കണം. ജീർണ്ണ രാഷ്ട്രീയ സിദ്ധാന്തങ്ങൾ അവരുടെ മതിഷ്‌കത്തെ പിന്നോട്ട് നയിച്ചിട്ടില്ല, നിഷേധാത്മകമായ ചങ്ങാത്ത ട്രേഡ് യുണിയനിസം അവരുടെ കർമ്മ ശേഷിയെ മന്ദീഭവിപ്പിക്കാൻ അവസരം ഉണ്ടായിട്ടില്ല അവർക്കു പറയാനുണ്ടാവും; എങ്ങനെ കടൽത്തീരത്തെ സംരക്ഷിക്കണമെന്ന്, ഏതറ്റം വരെ ഗാഡ്ഗിൽ നിർദേശങ്ങൾ പ്രയോഗികമാക്കണമെന്ന്. മാലിന്യം വലിച്ചെറിയുന്നവൻറെ മനോഭാവം എങ്ങനെ സംസ്കരിക്കണമെന്ന്. കാരണം അവർ രണ്ടുകൊല്ലം കൊണ്ട് സംസ്ഥാനത്തെ മലയും കാടും കടലും കണ്ടു കഴിഞ്ഞു, കാലവർഷം കൈവരിച്ച അപ്രവചനീയത അനുഭവിച്ചറിഞ്ഞു. അവരുടെ നിർദേശങ്ങളിൽ വിദഗ്ധർ പണിയെടുക്കട്ടെ. അപ്പോൾ മാത്രമേ, “നമുക്ക് കൈകോർക്കാം, നവ കേരളത്തെ പണിതുയർത്താൻ” എന്ന മുദ്രാവാക്യത്തിന് അർത്ഥവും ആത്മാർത്ഥതയും ഉണ്ടാവുകയുള്ളൂ. ആഗോള ഭീമൻ കൺസൾട്ടൻസികളെ ഇത്തവണ നമുക്ക് വേണ്ട .
ഇത് ഒരു ജീവന്മരണ പോരാട്ടമാണ്. കേരളത്തിനും സർക്കാരിനും. ഇനിയൊരവസരം ഉണ്ടായെന്നു വരില്ല
Print Friendly, PDF & Email