Travel യാത്ര

മലമടക്കിലെ ബുദ്ധൻ


സ്പിതി സ്മൃതികൾ - 2

സ്പിതി സ്മൃതികൾ – 2

മലമടക്കിലെ ബുദ്ധൻ

ലോകത്തിലെ ഏറ്റവും ഉയരെയുള്ള പോസ്റ്റോഫീസിന്റെ മുൻപിൽ സ്ഥലകാലങ്ങൾ മറന്ന് വെറുതെയിരുന്നു . ഹിക്കീം പോസ്റ്റ് ഓഫീസ് . പിൻ കോഡ് 172 114.  പതിനാലായിരത്തി അഞ്ഞൂറ്റി അറുപത്തിയേഴ് അടി ഉയരത്തിൽ ഒരു സാധാരണ തിബത്തൻ വീടിന്റെ നീല നിറത്തിൽ വാതിലുള്ള ഒറ്റ മുറി പോസ്റ്റോഫീസായി മാറിയിരിക്കുന്നു. പുറത്തെ മൺ ഭിത്തിയിൽ ചുവന്ന തപാൽ പെട്ടി. പ്രണയത്തിന്റെയും, പരിഭവത്തിന്റെയും കണ്ണീരിന്റെയും മോഹങ്ങളുടെയും ഗൃഹാതുരത്വത്തിന്റെയും  മഷിപുരണ്ട, പല ഭാഷകളിലും രൂപത്തിലുമുള്ള എത്രയോ കത്തുകളുടെ ഓർമകളിലൂടെയായിരിക്കണം നീയിന്നും പുതിയ കത്തുകളെ കാത്തിരിക്കുന്നത്. എത്ര പ്രണയങ്ങൾ, നിത്യ സൗഹൃദങ്ങൾ, ബന്ധങ്ങൾ നിന്നിലൂടുരുവപ്പെട്ടിരിക്കണം. എന്റെ പ്രണയവും സ്നേഹവും വിരഹവും വികാരസർവ്വസ്വവും  എന്നും നിന്റെ കൈകളിൽ ഭദ്രമായിരുന്നുവല്ലോ. തലമുറകൾക്ക് മുൻപ് അഞ്ചലോട്ടങ്ങളിലൂടെ നീ എന്റെ വികാരങ്ങൾ കൈമാറി. അഞ്ചലോട്ടക്കാരാ…., ചെറിയ ഇടവഴികളിലൂടെ, കൊയ്‌ത്തൊഴിഞ്ഞ പാടവരമ്പുകളിലൂടെ സ്വപ്നങ്ങളും  പ്രണയ വിരഹങ്ങളും  സഞ്ചിയിലേന്തി നീ വേഗത്തിൽ ഓടിക്കൊണ്ടേയിരുന്നു. ഇടവഴികളിലെ മരത്തണലുകളും വെയിൽ നിലങ്ങളും താണ്ടി കാതങ്ങളകലെ നിന്നുള്ള പ്രതീക്ഷയുമായി നീ വരുന്നതും കാത്ത് എത്രയോ ദിവസങ്ങൾ അക്ഷമനായിട്ടുണ്ടു്. എത്രയോ തവണ പോ….സ്റ്റ് എന്ന നീട്ടി വിളിയില്ലാതെ, സൈക്കിൾ ബെ ല്ലടിക്കാതെ തിരിഞ്ഞു നോക്കാതെ നീ പോകുമ്പോൾ നിരാശയിൽ നീറിയിട്ടുണ്ട്. എത്ര തവണ വിറയാർന്ന കൈകളാൽ രജിസ്റ്റർ തപാലുകൾ ഒപ്പിട്ടു വാങ്ങിയിരിക്കുന്നു. അന്നു കിട്ടുന്ന ഓരോ കത്തും ഓരോ ആശംസാ കാർഡുകളും സൂക്ഷിച്ച് വെയ്ക്കുമായിരുന്നു. പല തവണ വായിക്കുമായിരുന്നു.പഴയ നോട്ടുബുക്കിന്റെ താളുകൾക്കിടയിൽ വീട്ടിലെത്തുന്ന കത്തുകളിൽ നിന്ന് സ്റ്റാമ്പുകൾ പറിച്ച് ഒട്ടിച്ച് സൂക്ഷിച്ചിരുന്ന ബാല്യം എല്ലാവർക്കും സ്വന്തമായിരിക്കും. കഥ പറയുന്ന പഴമയുടെ ഗന്ധം പരത്തുന്ന സ്റ്റാമ്പുകൾ. സ്റ്റാമ്പുകൾ വെറും ചിത്രങ്ങളായിരുന്നില്ല.  ചരിത്രമായിരുന്നു. വിനോദത്തിൽ നിന്ന്‌ വിജ്ഞാനത്തിലേക്കുള്ള സഞ്ചാരമാണല്ലോ സ്റ്റാമ്പുകൾ. ഇന്ന് രാജ്യത്തെ പോസ്റ്റ് ഓഫീസുകളെല്ലാം മാറിയിരിക്കുന്നു. തപാലാഫീസുകൾ ബാങ്കുകളായി മാറിക്കൊണ്ടിരിക്കുന്നു. കോർ ബാങ്കിങ്ങ് സിസ്റ്റം വന്നു. പലതരം നിക്ഷേപ പദ്ധതികൾ. ഇൻഷുറൻസുകൾ. പോസ്റ്റൽ സംവിധാനത്തിന്റെ അലകും പിടിയും മാറിയിരിക്കുന്നു. എങ്കിലും മൊബൈൽ ഫോണുകളും ഇന്റർനെറ്റുമൊക്കെ നിറഞ്ഞ ഇക്കാലത്തും ഈ ഗിരിനിരകളുടെ ഉച്ചിയിലും താഴിട്ടുപൂട്ടിയ ചുവന്ന പെട്ടിയുമായി നീ കാത്തിരിക്കുന്നു.

മലനിരകളിലെ വീടുകൾക്കെല്ലാം ഒരേ രൂപം, നിറം. പക്ഷേ, ആ ഗ്രാമം ഈ ചതുര വീടുകളിലടക്കപ്പെടുന്നതായി തോന്നിയില്ല. ജീവിതത്തിന്റെ ചതുരങ്ങളിലവർ ഒതുങ്ങിപ്പോകുന്നില്ല. അവർക്ക് ആ മലനിരകളാണ് വീട്. നിമിഷം പ്രതി രൂപങ്ങൾ മാറിയാടുന്ന വെൺമേഘങ്ങൾ നിറഞ്ഞ ആകാശമാണവരുടെ മേൽക്കൂര. ചുറ്റും അതിരിടുന്ന ഹിമഗിരികളാണ് ചുമരുകൾ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് ഇതല്ലത്രെ. എന്റെ  സുഹൃത്ത് പറയുന്നു. അത് നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലാണുള്ളത്.17,060 അടി ഉയരെയാണ്  ക്വമോെലാങ്മാ ബേസ് ക്യാമ്പ് ( Qomolangma Base Camp).ഏറ്റവും ഉയരത്തിൽ, ആഴത്തിൽ, നീളത്തിൽ എന്നിങ്ങനെയുള്ള വിശേഷണങ്ങളിൽ പ്രത്യകിച്ച് അർത്ഥമൊന്നുമുള്ളതായി തോന്നിയില്ല. ഒരു പക്ഷേ, എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രക്ക് ചെയ്തെത്തുന്നയാൾ തന്റെ പ്രിയപ്പെട്ടവർക്ക് ഓർമക്കുറിപ്പുകളയയ്ക്കാനുള്ള ഒരു സംവിധാനമായിരിക്കാമത്.വിദൂരമായ മലമുകളിലെ ഇത്തിരിവട്ടം മാത്രമുള്ള ഈ ഗ്രാമത്തിൽ വർഷങ്ങളായി ഇത് പ്രവർത്തിക്കുന്നു. അതിശൈത്യത്തിലുറയുന്ന കാലത്തും തപാലാപ്പീസ് ഇവിടെയുണ്ട്. നടന്നു നീങ്ങുന്ന അഞ്ചലോട്ടക്കാരൻ, പക്ഷേ, യാക്കിന്റെ മുകളിലേറിയാവും യാത്ര എന്ന വ്യത്യാസം മാത്രം.  1983 നവംബർ അഞ്ചു മുതൽ റിൻചെൻ ഷെറിംഗ് (Rinchen Chhering) എന്നയാളുടെ നേതൃത്യത്തിൽ പ്രവർത്തനമാരംഭിച്ച പോസ്റ്റ് ഓഫീസ് തൊട്ടടുത്ത ഗ്രാമങ്ങളെയാകെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്.

Hikkim post office

 

ഉപഭോഗ ത്വര നയിക്കുന്ന സമകാലിക സമൂഹത്തിന് ഹിക്കീമിലെ പോലെയുള്ള മനുഷ്യരുടെ ജീവിതം പാഠ മാകേണ്ടതാണ്. ആധുനിക സംജ്ഞകളിൽ മനുഷ്യൻ വിലയിരുത്തപ്പെടുന്നത് വിപണനമൂല്യങ്ങളിലാണ്. മൂല്യമേതുമില്ലാതെ വിദൂരങ്ങളായ മലമടക്കുകളിൽ പ്രകൃതിയുടെ പ്രശാന്തിയിൽ ജീവിതം നയിക്കുന്നവർ ഒന്നും നേടാനാഗ്രഹിക്കുന്നില്ല. അവർക്ക് പ്രകൃതിയോടുള്ള പ്രതിബദ്ധതയും പ്രബുദ്ധതയും കാലങ്ങൾക്കതീതമായി തുടരുന്നു. അവർ യഥാർത്ഥ ബുദ്ധനെയറിയുന്നു. മലമടക്കുകളിൽ നിന്ന് വീശിയടിക്കുന്ന മഞ്ഞു കാറ്റ്, സൗമ്യനീലിമയിൽ കയ്യെത്തും ദൂരത്ത് വെൺമേഘങ്ങൾ, സൂര്യന്റെ തുറന്ന വെയിൽ വെളിച്ചം, പർവ്വതശിഖരങ്ങൾ, കുഞ്ഞു പർവ്വത പുഷ്പങ്ങൾ.. തുടങ്ങി സകലതും അവർക്ക് ബുദ്ധ ചിഹ്നങ്ങളാണ്. ആ ചിഹ്നങ്ങളുടെ സാകല്യങ്ങളിലാണ് അവരുടെ ജീവിതം ബന്ധിപ്പിച്ചിരിക്കുന്നത്.ജീവിതം ധ്യാനാത്മകമായി പ്രപഞ്ചതാളത്തിൽ ലയിക്കുന്നു. മലമടക്കുകളിലെ ചെറിയ ഇടങ്ങളിൽ വിത്തിറക്കി, കള പറിച്ച്, വിളവെടുത്ത് അവർ കാലങ്ങളെ അളക്കുന്നു. നീലക്കുറിഞ്ഞി പൂക്കുന്ന തമിഴ് നാട് കേരള അതിർത്തിഗ്രാമങ്ങളിലെ തദ്ദേശവാസികളായ മുതുവാൻമാർ അവരുടെ കാലമളക്കുന്നത് കുറിഞ്ഞി പൂക്കാലവുമായി ബന്ധിച്ചാണ്. ഒരു വ്യക്തിയുടെ ആയുസ്സളക്കുന്നത് അയാൾ എത്ര കുറിഞ്ഞി പൂക്കാലം കണ്ടു എന്നതുമായി ബന്ധപ്പെടുത്തിയാണ്. പുരാതന നാഗരിക സംസ്കാരങ്ങളെല്ലാം അത്തരം ജൈവിക പാരസ്പര്യം നിലനിർത്തിയിരുന്നു. അത്തരം ഗണനകൾ ആധുനിക കമ്പോള വേഗങ്ങൾക്ക് ചേർന്നതല്ല. അവിടെയാണ് നമുക്ക് ബുദ്ധന്റെ ധ്യാനാത്മകത നഷ്ടപ്പെടുന്നത്.ബുദ്ധനെത്തന്നെ നഷ്ടപ്പെടുന്നത്‌. അവനവൻ തന്നെ ബുദ്ധനാകുന്ന തെളിനീർ പോലെ സുവ്യക്തവും സുതാര്യവുമാകുന്ന ധ്യാന വിശേഷത്തിൽ സ്വയം നഷ്ടപ്പെടുന്നത്. ഋതുഭേദങ്ങളിലൂടെയുള്ള പ്രകൃതിയുടെ താളലയങ്ങളിൽ പരസ്പര പൂരകങ്ങളായ ഭാവബദ്ധതകളുടെ അഭാവങ്ങളിലെ സൃഷ്ടിയാണ് ആധുനിക മനുഷ്യൻ എന്നു പറയാം. പ്രപഞ്ചഘടികാരത്തിലെ ക്ഷണിക അസ്തിത്വമാണെന്ന തിരിച്ചറിവ് പോലും നഷ്ടപ്പെടുന്നയിടങ്ങളിൽ നിന്ന് അത് ജീവിത ഭാവം തന്നെയാവുന്ന മലമടക്കുകളിലേക്കുള്ള വഴികൾ നമ്മെയെത്തിക്കുന്നത് ബുദ്ധനിലേക്കുള്ള വഴിയിലാണ്.

changpa nadodikal

 

ഗിരി നിരകൾക്കിടയിൽ യാനപാത്രം പോലെ ഹിക്കിം ഗ്രാമം. മണ്ണും കല്ലും വില്ലോ മരങ്ങളും ചേർത്ത് പണിത ചതുര വീടുകൾ. ഓരോ വീടിനും മുകളിൽ കാറ്റിലുലയുന്ന പ്രാർത്ഥനാ പതാകകൾ. മഞ്ഞുരുകിയെത്തുന്ന കുഞ്ഞരുവി തടഞ്ഞു നിർത്തി ജലശേഖരം. ദൂരെ ബുദ്ധാശ്രമം. ഇടവിട്ട് ബാർലി കൃഷി. ദൂരെ ചെറിയ സ്കൂൾ. എട്ടാം തരം വരെ അധ്യയനം. മലനിരകളിലെ വീടുകൾക്കെല്ലാം ഒരേ രൂപം, നിറം. പക്ഷേ, ആ ഗ്രാമം ഈ ചതുര വീടുകളിലടക്കപ്പെടുന്നതായി തോന്നിയില്ല. ജീവിതത്തിന്റെ ചതുരങ്ങളിലവർ ഒതുങ്ങിപ്പോകുന്നില്ല. അവർക്ക് ആ മലനിരകളാണ് വീട്. നിമിഷം പ്രതി രൂപങ്ങൾ മാറിയാടുന്ന വെൺമേഘങ്ങൾ നിറഞ്ഞ ആകാശമാണവരുടെ മേൽക്കൂര. ചുറ്റും അതിരിടുന്ന ഹിമഗിരികളാണ് ചുമരുകൾ.അവർക്ക് ആ പ്രകൃതിയാണ് വീട്. സർവ്വ ചരാചരങ്ങളും ഒന്നിച്ച് പങ്കുവെച്ച് കഴിയുന്ന വീട്. ഒരിക്കൽ ലഡാക്കിൽ മോറിറി തടാകത്തിനടുത്ത് കർസോക്ക് (Korzok) എന്ന ഗ്രാമത്തിലെത്തി. ഹിക്കീം പോലെ നാലായിരത്തി അഞ്ഞൂറ് മീറ്ററിലേറെ ഉയരങ്ങളിലുള്ള  ഗ്രാമം. തടാകതീരത്ത് ഉയരത്തിൽ ബുദ്ധാശ്രമം. അവിടെയുള്ളവരിലധികവും ചാങ് പാ നാടോടികളായിരുന്നു. അവർ യാക്കുകളെയും ആടുകളെയും മേയ്ച്ച് അലഞ്ഞു കൊണ്ടിരിക്കുന്നു. വൃദ്ധരും ചെറിയ കുട്ടികളും മാത്രം വീടുകളിൽ. വീടുകൾ  ടെൻറുകൾക്കു സമാനമായിരുന്നു. യാക്കിന്റെ രോമങ്ങൾകൊണ്ട് നെയ്തെടുത്ത കൂടാരങ്ങൾ. ഉയരങ്ങളിലെ പ്രകൃതിയുടെ കാലുഷ്യങ്ങളെ അവർ സ്വയം ബുദ്ധരായി മറികടക്കുന്നു. ഇതു തന്നെയാണ് ഹിരണ്യവതി നദിക്കരയിലിരുന്ന് ബുദ്ധൻ ആനന്ദന് ഉപദേശിക്കുന്നത്.

Tso moriri lake

 

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയരെയുള്ള പോളിംഗ് സ്റ്റേഷനായിരുന്നു ഹിക്കീം. ഇന്നത് 160 കി.മീ അകലെയുള്ള 15,526 അടി ഉയരെയുള്ള ഹിമാചലിലെ  താ ഷിഗാങ്  ഗ്രാമം ആണ്. മാൻഡി പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന ഈ പ്രദേശത്തെയാരും സ്ഥാനാർത്ഥികളെ കണ്ടിട്ടേയില്ല. അവരാരെന്നുമറിയില്ല. ലാംഗ്സയിലും കോമിക്കിലും ഹിക്കിമിലുമായി മുന്നൂറോളം വോട്ടർമാർ. സാധാരണ മുഴുവനാളുകളും ആവേശത്തോടെ വോട്ട് ചാർത്തി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാകും.ചൂണ്ടുവിരലിൽ ചാർത്തപ്പെടുന്ന അടയാളമുദ്രകളിലവർ അഭിമാനിക്കുന്നു. ആരാണ് ജയിച്ചതെന്നോ പരാജയപ്പെട്ടതെന്നോ അവരന്വേഷിക്കാറില്ല. വിജയങ്ങളിൽ അഭിരമിക്കുന്നവരോ പരാജയങ്ങളിൽ നിരാശരാകുന്നവരോ അവരിലില്ല. ജയപരാജയങ്ങളും ജനന മരണങ്ങളും ജീവിതം കൊണ്ട് മറികടന്നവർ.

 

റോഡിൽ നിന്ന് താഴോട്ടിറങ്ങി ഗ്രാമവഴികളിലൂടെ പതുക്കെ നടക്കാം. ചെറിയ വീടുകളുടെ വൃത്തിയുള്ള അകത്തളങ്ങൾ കാണാം. ഹിക്കീമിൽ സഞ്ചാരികളുടെ പ്രവാഹങ്ങളില്ല. മലമടക്കുകളിലൂടെയുള്ള ദുർഘട പാതകൾ താണ്ടിയെത്തുന്നവർ വിരളം. വഴിയരികിൽ പലയിടത്തും  സ്പൈറൽ ആകൃതിയിൽ അമോണോയിഡ് ഫോസിലുകൾ. ജുറാസിക്  കാലത്തിന്റെ തിരുശേഷിപ്പുകൾ. എത്രയോ യുഗങ്ങൾക്ക് മുൻപുള്ള കടലിന്നാഴങ്ങളിലെ ജീവന്റെയോർമകൾ.   ജലകേളികളുടെ തിരയിളക്കങ്ങൾക്ക് കാലങ്ങൾക്കിപ്പുറവും കാത് ചേർത്ത് ഊഷരമായ ഈ തരിശിലിങ്ങനെ.   ലാംഗ്സ ഫോസിൽ ഗ്രാമമായി അറിയപ്പെടുന്നുണ്ടെങ്കിലും കൂടുതൽ അമോനോയിഡ് ഫോസിലുകൾ കാണപ്പെടുന്നത് ഹിക്കിമിലാണ്.

gramadrisyam

ഹിക്കിം പോസ്റ്റ് ഓഫീസിന്റെ നീല കവാടം ചാരിയിരിക്കുന്നു. റിൻ ചെൻ ഷെറിംഗ് എന്ന കുറിയ മനുഷ്യൻ പുറത്തിറങ്ങി വന്നു. സ്റ്റാമ്പുകൾ തീർന്നിരിക്കുന്നു. തൊട്ടെതിർവശത്തുള്ള കടയിലേക്ക് ചൂണ്ടി. അവിടെ ഹിക്കിമിന്റെ പിക്ചർ പോസ്റ്റ് കാർഡുകൾ. വലിയ വില കൊടുത്ത് അടുത്ത സുഹൃത്തുക്കൾക്ക് വാങ്ങി  അയയ്ക്കാനുള്ള തിരക്ക്. കാത്തിരിക്കുന്ന ചുവന്ന തപാൽ പെട്ടിയിൽ പോസ്റ്റ് ചെയ്യുന്നതിന്റെ പല പോസുകൾ ക്യാമറകളിൽ പകർത്തുന്നവർ.  ലോകത്തിലെ ഏറ്റവും ഉയരമുള്ള തപാലാപ്പീസിൽ നിന്ന്  കത്തയയ്ക്കുന്ന  കൗതുകത്തിനപ്പുറം ഹിക്കിം മുന്നോട്ട് വെയ്ക്കുന്ന ജൈവ പാഠങ്ങൾ കാണാതെ പോകരുത്.റിൻ ചെൻ ഷെറിംഗും കൂട്ടാളികളും കാൽനടയായി നാൽപത്തിയാറ് കിലോമീറ്ററോളം നടന്ന് എന്റെ പോസ്റ്റ് കാർഡുകൾ കാസയിലെത്തിക്കും. അവിടെ നിന്ന് അത് ബസ്സിലേറ്റി റെക്കിംഗ് പിയോ വഴി സിംലയിലെത്തി അവിടുന്ന് ഡൽഹിയിലെത്തി പല വഴി പിരിയും. അങ്ങനെ ഹിക്കിം ഗ്രാമത്തിന്റെ ഒരു തുണ്ടു ബുദ്ധ കാരുണ്യം എന്റെ ഗ്രാമത്തിലുമെത്തും. സർവചരാചരങ്ങളിലെയും അസ്തിത്വ പുണ്യം.

വൈശാഖ പൗർണ്ണമികളിലെ ബോധജ്ഞാനത്തിന്റെ ഒരു തുണ്ട് സൗമ്യ നീലിമ.

 

Print Friendly, PDF & Email