CINEMA

ടൊറോന്‍റോ ചലച്ചിത്രോത്സവം – 2019. മലയാളത്തില്‍ നിന്ന് ‘ജെല്ലിക്കെട്ടും’ , ‘മൂത്തോനും’ 

jalikkattu

നാല്പത്തിനാലാമത് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇക്കുറി രണ്ടു മലയാളചിത്രങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു. ഗീതു മോഹന്‍‌ദാസിന്‍റെ ‘മൂത്തോനും’ (The Elder One) ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ടും’ ആണ്‌, ഇതുവരെ പുറത്തുവന്ന മുന്നൂറോളം ചിത്രങ്ങളിലുള്‍പ്പെട്ട മലയാളചലച്ചിത്രങ്ങള്‍. ഇനിയും നൂറോളം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവരാനുണ്ട്. രണ്ടുവര്‍ഷം മുമ്പ് വിഖ്യാതചലച്ചിത്രകാരന്മാരുടെ നിരയില്‍ അടൂര്‍ ഗോപാലകൃഷണന്‍റെ ‘പിന്നെയും’ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രിയദര്‍ശന്‍റെ തമിഴ് ചിത്രമായ ‘കാഞ്ചീവരം’ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെസ്റ്റിവല്‍ ചിത്രമായിരുന്നതൊഴിച്ചാല്‍ മലയാളചിത്രങ്ങള്‍ അപൂര്വ്വമായേ ഇവിടേയ്ക്കെത്താറുള്ളു.

jalli

ഒ. തോമസ് പണിക്കര്‍ ആണ്‌ ‘ജെല്ലിക്കെട്ടി’ന്‍റെ നിര്‍മ്മാതാവ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷും ആര്‍. ജയകുമാറും ചേര്‍ന്നാണ്‌. ‘മാവോയിസ്റ്റ്’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട എസ്. ഹരീഷിന്‍റെ ചെറുകഥയില്‍ നിന്നാണ്‌ ‘ജെല്ലിക്കെട്ട്’ രൂപം കൊണ്ടിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്വ്വഹിച്ച ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രജിത്, ആന്‍റണി വര്‍ഗ്ഗീസ്, സാബുമോന്‍ എന്നിവരാണ്‌. സമകാലിക ലോകസിനിമ എന്ന വിഭാഗത്തിലാണ്‌ 91 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ‘ജെല്ലിക്കെട്ടി’ന്‍റെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറൊന്‍റോ മേളയിലായിരിക്കും നടക്കുന്നത്.

maduthon 1

നിവിന്‍ പോളി, ശോഭിത ധൂളിപാല, ദിലീഷ് പോത്തന്‍ , റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ വരുന്ന ‘മൂത്തോ’ന്‍റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്‌. ബി. അജിത് കുമാര്‍ ചിത്രസം‌യോജനം. ഗീതുവിനോടൊപ്പം അനുരാഗ് കാശ്യപും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയ ഈ ചിത്രത്തിന്‍റെ ദൈര്‍ഘ്യം 110 മിനിറ്റാണ്‌. അനുരാഗ് കാശ്യപ് സഹനിര്‍മ്മാതാവാകുന്ന ഈ ചിത്രത്തിന്‍റേയും പ്രദര്‍ശനോദ്ഘാടനം ടൊറോന്‍റോയിലാണു നടക്കുന്നത്.

moothon

ഷൊനാലി ബോസിന്‍റെ ‘ദ് സ്കൈ ഈസ് പിങ്കി’നു പുറമേ ഗീതാഞ്ജലി റാവുവിന്‍റെ ‘ബോംബെ റോസ്’, രേണുക ജയപാലന്‍റെ ഹ്രസ്വ ചിത്രമായ ‘ലൈഫ് സപ്പോര്‍ട്ട്’ എന്നിവയും ടിഫ്- 2019 ന്‍റെ പ്രദര്‍ശനനിരയിലുണ്ട്. വിഖ്യാതസം‌വിധായകരുടെ നിരയില്‍ ടെറന്‍സ് മാലിക്കിന്‍റെ ‘എ ഹിഡന്‍ ലൈഫ്’, റോയ് ആന്‍ഡേഴ്‌സന്‍റെ ‘അബൗട്ട്

എന്‍‌ഡ്‌ലെസ്നെസ് (About Endlessness), കെന്‍ ലോച്ചിന്‍റെ ‘സോറി വി മിസ്‌ഡ് യൂ’, ആര്‍ട്യൂറോ റിപ്‌സ്റ്റീന്‍റെ ‘ഡെവിള്‍ ബിറ്റ്‌വീന്‍ ദ് ലെഗ്‌സ്’, കിയോഷി കുറോസാവയുടെ ‘ടു ദ എന്‍‌ഡ്‌സ് ഒഫ് ദ എര്‍ത്ത്’, ഏലിയ സുലൈമാന്‍റെ ‘ഇറ്റ് മസ്റ്റ് ബി ഹെവെന്‍’ എന്നിവയുമുണ്ട്.

Print Friendly, PDF & Email

About the author

സുരേഷ് നെല്ലിക്കോട്

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം