ഓർമ്മ ചുവരെഴുത്തുകൾ

കേളപ്പേട്ടന് ലാൽസലാം“നിങ്ങൾക്കീ നാടിനെ പറ്റി ചിന്തിക്കരുതോ? കാട്ടാള ഭരണത്തിന്റെ ക്രൂരതകളെപ്പറ്റി ചിന്തിക്കരുതോ?” ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയപ്പോൾ കേളപ്പനും കൂട്ടരും കമ്യൂണിസ്റ്റുകാരായി. 1950 ൽ പാർട്ടി അംഗത്വം. കേളപ്പൻ എന്ന കമ്യൂണിസ്റ്റ് ജനിച്ചു.

 

ന്റെ ദേശവും കാലവും ഉഴുതുമറിച്ച ആ “മൂരിക്കാരൻ ” യാത്രയായി. 😞

ലാൽസലാം സഖാവേ ..

” കേളപ്പേട്ടൻ” എന്ന വിളിപ്പേരിനു പിന്നിൽ എം കെ പണിക്കോട്ടി എന്ന എഴുത്തുകാരനുണ്ട്. എം കേളപ്പൻ എന്ന രാഷ്ട്രീയ നേതാവുണ്ട്. എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും ഒക്കെയായി സ്വയം ആവിഷ്കരിച്ച ഒരു മനുഷ്യനുണ്ട്. ആ മനുഷ്യനാണ്, കേളപ്പേട്ടനാണ് വിട പറഞ്ഞിരിക്കുന്നത്.

kelappan 2

ലേഖകൻ കേളപ്പേട്ടനോടൊപ്പം

1929 ലാണ് കേളപ്പേട്ടന്റെ ജനനം. അമ്പാടിയുടെയും മാതയുടെയും മൂന്നു പെൺമക്കൾക്കു ശേഷം പിറന്ന മകൻ. ആയിരം തേങ്ങയ്ക്ക് പത്തോ പന്ത്രണ്ടോ ഉറുപ്പിക വിലയുള്ള കാലം. കന്നുപൂട്ടുകാരനായ അച്ഛനും വയൽപ്പണിക്കാരിയായ അമ്മയും. വയലിലെ പണിക്ക് നെല്ലാണ് കൂലി. പുരുഷന് രണ്ടിടങ്ങഴി. സ്ത്രീക്ക് ഒരിടങ്ങഴി .കന്നുപൂട്ടിനു നാലണ. പണിക്കോട്ടിയിലെ വലിയ പറമ്പുകൾക്ക് നടുവിലെ ചെറിയ മൺപുരക്കളിലൊന്നിൽ താമസം. ജന്മിത്തത്തിന്റെ ക്രൂരത വിളയാടുന്ന കാലം. മനുഷ്യർക്കിടയിൽ അയിത്തത്തിന്റെ അകലക്കണക്കുകൾ. കേളപ്പൻ എന്ന മനുഷ്യൻ പിറക്കുകയായിരുന്നു.

1929ൽ വടകരയിലെ പണിക്കോട്ടിയിലാണ് കേളപ്പേട്ടന്റെ ജനനം. ആ വർഷമാണ് മലബാറിലെ നവോത്ഥാനത്തിനു തുടക്കം കുറിച്ചവരിൽ പ്രമുഖനായ ബ്രഹ്മാനന്ദ ശിവയോഗി മരിക്കുന്നത്. അപ്പോഴേക്കും വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘം രൂപം കൊണ്ടിരുന്നു. ശിവാനന്ദ പരമഹംസന്റെ നേതൃത്വത്തിൽ പന്തിഭോജനം നടന്നിരുന്നു. മൊയാരത്ത് ശങ്കരൻ കോൺഗ്രസ് സംഘടിപ്പിക്കാൻ വടകരയെ തന്റെ പ്രവർത്തന കേന്ദ്രമാക്കിയിരുന്നു. വടകരയിൽ നിന്ന് കേരള കേസരി പത്രം ആരംഭിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ അലയൊലികൾ വടകരയിലും എത്തിയിരുന്നു. ഇരുണ്ട കാലത്തിനെതിരെ തിളച്ചു മറിഞ്ഞ മനുഷ്യ മഹാരോഷത്തിന്റെ ആ തിളനിലയിലാണ് കേളപ്പൻ വളർന്നുതുടങ്ങിയത്. പുലയ സ്ത്രീയെ തൊട്ട ‘കുറ്റ’ത്തിന് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛനിൽ നിന്ന് കേളപ്പേട്ടൻ ശിക്ഷ ഏറ്റുവാങ്ങിയ അതേ വർഷമാണ് ഹരിജന ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാൻ ഗാന്ധിജി വടകരയിൽ എത്തിച്ചേരുന്നത്.

kelappan 3

ഏഴാം വയസ്സിൽ കേളപ്പൻ സ്കൂളിൽ ചേർന്നു. തൊണ്ടികുളങ്ങര സ്കൂളിൽ തൊണ്ടും മടലും ഓലയുമായി പഠനം തുടങ്ങി. നിലത്തെഴുത്ത്, അരിയിലെഴുത്ത്, അക്ഷരമാല, കൂട്ടലും കിഴിക്കലും പഠനം പുരോഗമിച്ചു. അച്ഛൻ വായിക്കുന്ന രാമായണം കേട്ടും വായിച്ചും പരിചയമായി.
സ്കൂളിനു പുറത്ത് ഖദർമുണ്ടുടുത്ത് ചെറുപ്പക്കാർ നടന്നു തുടങ്ങിയിരുന്നു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും കേളു ഏട്ടന്റെ നേതൃത്വത്തിൽ ജാഥ നടന്നിരുന്നു. പണിക്കോട്ടിപ്പാറയിൽ കോൺഗ്രസ് രാമക്കുറുപ്പ് പ്രസംഗിച്ചിരുന്നു. കേളപ്പനെ പഠിപ്പിച്ചില്ലെങ്കിലും വി പി കുട്ടി മാഷ് സ്കൂളിൽ ഉണ്ടായിരുന്നു. അങ്ങനെ കേളപ്പൻ കോൺഗ്രസ് ആയി. ഗാന്ധിജി ദൈവത്തിന്റെ അവതാരമാണെന്ന് സ്വയം തീരുമാനിച്ചു.
അഞ്ചാംതരം പാസായപ്പോൾ ഇനി പഠിക്കണ്ട എന്നായി അച്ഛൻ. ജോലി ചെയ്ത് കുടുംബം നോക്കണം. രാമുണ്ണി മാസ്റ്റർ ഇടപെട്ടു. ചീനംവീട് ഹയർഎലമെന്ററി സ്കൂളിൽ ആറാം തരത്തിൽ ചേർന്നു. 1943ൽ ഇ എസ് എൽ സി (എട്ടാം തരം) പാസായി. അക്കാലത്ത് അധ്യാപകനാകാനുള്ള യോഗ്യതയായി. അത് കൊണ്ട് കടുംബം പോറ്റാൻ കഴിയില്ല എന്നതിനാൽ കന്നുപൂട്ട് ജോലി ചെയ്യാൻ തുടങ്ങി. കേളപ്പൻ എന്ന കർഷകത്തൊഴിലാളി ജനിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് പീടികക്കോലായിൽ കൂട്ടുകാരൊത്ത് കഥപറച്ചിലും അക്ഷരശ്ലോകവും. ഭക്ഷ്യക്ഷാമത്തിന്റെയും കോളറയുടെയും നേരനുഭവങ്ങൾ. 1947ലെ സ്വാതന്ത്ര്യദിനത്തിന് വടകരയിൽ ആഘോഷം. ഒഞ്ചിയം വെടിവെപ്പ്. കമ്യൂണിസ്റ്റുകാരും നാട്ടുകാരുമായ വി പി കുട്ടി മാസ്റ്റരുടെയും ഒ ഗോപാലക്കുറുപ്പ് മാസ്റ്റരുടെയും അറസ്റ്റ്. ചെറുപയർ പട്ടാളം. മൊയാരത്ത് ശങ്കരന്റെ കൊലപാതകം. കമ്യൂണിസ്റ്റ് വേട്ട.

അങ്ങനെയിരിക്കെ പുറത്തെ കഥകളിൽ നിന്ന് പീടികക്കോലായിലേക്ക് ജയിൽമോചിതനായ കുട്ടിമാസ്റ്റർ കയറി വന്നു, 1949 ൽ. ഒരൊറ്റ ചോദ്യം: “നിങ്ങൾക്കീ നാടിനെ പറ്റി ചിന്തിക്കരുതോ? കാട്ടാള ഭരണത്തിന്റെ ക്രൂരതകളെപ്പറ്റി ചിന്തിക്കരുതോ?” ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയപ്പോൾ കേളപ്പനും കൂട്ടരും കമ്യൂണിസ്റ്റുകാരായി. 1950 ൽ പാർട്ടി അംഗത്വം. കേളപ്പൻ എന്ന കമ്യൂണിസ്റ്റ് ജനിച്ചു.

kelappan 1

തച്ചോളിക്കളിക്ക് രാഷ്ട്രീയബോധത്തോടെ പാട്ടെഴുതി ‘രാഷ്ട്രീയ തച്ചോളിക്കളി’ അവതരിപ്പിച്ചും കളിത്തർക്കം തീർക്കാൻ കലാസമിതി രൂപീകരിച്ചും ഐക്യകേരള പ്രസ്ഥാനത്തിന്റെ ആഴമറിഞ്ഞ് കലാസമിതിക്ക് ഐക്യകേരള കലാസമിതി എന്ന പേര് കൊടുത്തും പണിക്കോട്ടിയിലെ കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ പ്രവർത്തനം സംസ്കാരത്തിൽ ഇടപെട്ടു. കേളപ്പൻ എന്ന സാംസ്കാരിക പ്രവർത്തകൻ ജനിച്ചു.

നഗരസഭാ കൗൺസിലറായും പാർട്ടി സെക്രട്ടറിയായും നാടക രചയിതാവായും പ്രഭാഷകനായും സംഘാടകനായും വടക്കൻപാട്ടിന്റെ ആചാര്യനായും പ്രക്ഷോഭകാരിയായും പോരാളിയായും നിറഞ്ഞാടിയ വേഷപ്പൊലിമ ഇന്ന് അരങ്ങൊഴിഞ്ഞു.
വിട ,പ്രിയ സഖാവെ ,
ലാൽസലാം …

Print Friendly, PDF & Email