OPINION ലേഖനം

സുഷമ സ്വരാജ് – പാതിവഴിയിൽ പൊലിഞ്ഞ നേതാവ്sushama 2

സുഷമ സ്വരാജിന്റെ വിയോഗത്തിലൂടെ ബി ജെ പി യിലെ വാജ്പേയി തലമുറയിൽ പെട്ട ഒരു കണ്ണി നമുക്ക് നഷ്ടമായിരിക്കുന്നു. ബി ജെ പി അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിപദം വരെ അലങ്കരിക്കാൻ സാധ്യതയുള്ള നേതാക്കളിൽ ഒരാളായിട്ടായിരുന്നു ഒരു സമയത്ത് അവർ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ നരേന്ദ്ര മോഡി എന്ന താരോദയം ആ സാധ്യത ഇല്ലാതാക്കി. മാത്രമല്ല, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രവർത്തന ശൈലിയോട് ഒത്തുപോകുന്നതായിരുന്നില്ല അടൽ സ്കൂളിൽ നിന്ന് വന്ന സുഷമ സ്വരാജിന്റെ പ്രവർത്തനരീതിയും മനോഭാവവും. മോഡി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി ആയിരുന്നെങ്കിലും, മോദിയുടെ വ്യക്തികേന്ദ്രീകൃത പ്രവർത്തനശൈലിയിൽ അവർക്ക് കാര്യമായ റോൾ ഉണ്ടായിരുന്നില്ല. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളിൽ, സ്വന്തം പേര് ഉണ്ടാകണമെന്ന് നിർബന്ധമുള്ള മോദിക്ക് മറ്റൊരാൾ ഖ്യാതി പങ്കിടുന്നതിൽ താല്പര്യമുണ്ടായിരുന്നില്ല. അതിനാൽ,യഥാർഥത്തിൽ ഒരു പ്രവാസകാര്യമന്ത്രി എന്ന നിലയിലേക്ക് തരംതാഴ്ത്തപ്പെട്ട നിലയിലാണ് അവർ വിദേശകാര്യവകുപ്പിന്റെ മന്ത്രിപദം അലങ്കരിച്ചിരുന്നത്. എങ്കിലും അതുകൊണ്ട് ഒരു ഗുണം ഉണ്ടായി. യഥാർത്ഥ വിദേശകാര്യങ്ങളിൽ അനുഭവപ്പെട്ട അവസരമില്ലായ്മ അവർ മറികടന്നത് പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെട്ടുകൊണ്ടാണ്. ഒരു ട്വിറ്റർ മെസ്സേജോ വാർത്താശലകമോ മതിയായിരുന്നു അവർക്ക് പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും. മറ്റ് ബി ജെ പി നേതാക്കളിൽനിന്ന് വ്യത്യസ്തമായി സുഷമ സ്വരാജിനെ മലയാളികൾക്ക് പ്രിയങ്കരയാക്കിയത് ഇത്തരം ഇടപെടലുകളാണ്.

“അവർ എന്നോട് സംസാരിച്ചത് ഒരു മന്ത്രിയെന്നോ ഉദ്യോഗസ്ഥയെന്നോ നിലയിലല്ല. ഒരു മൂത്ത സഹോദരി എന്നോട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.” 

രാജ്യം അറിയപ്പെടുന്ന നേതാവായി സുഷമ സ്വരാജിന്റെ വളർച്ച ബി ജെ പി യുടെ വളർച്ചയുമായി ഒത്തുപോകുന്നതായിരുന്നു. 1977 ൽ അവർ ഹരിയാന സംസ്ഥാനത്ത് മന്ത്രിപദം ഏറ്റെടുക്കുമ്പോൾ 25 വയസ്സേ ആയിരുന്നുള്ളൂ. അതോടുകൂടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന വിശേഷണത്തിന് അവർ അർഹയായി. അവരുടെ പ്രസംഗപാടവവും ചുറുചുറുക്കും ശ്രദ്ധയിൽ പെട്ട ബി ജെ പി നേതൃത്വം അവരെ 1990 ൽ രാജ്യസഭയിൽ എത്തിച്ചു. തുടർന്ന് രണ്ടുതവണ കൂടി രാജ്യസഭ അംഗമായും നാല് തവണ ലോക്‌സഭ അംഗമായും അവർ പ്രവർത്തിച്ചു. വെറും 13 ദിവസം മാത്രം ആയുസ്സ് ഉണ്ടായിരുന്ന ആദ്യത്തെ വാജ്പേയി മന്ത്രിസഭയിൽ സുഷമ സ്വരാജ് വാർത്താവിനിമയമന്ത്രിയായി. ഇതിനിടയിൽ ചുരുങ്ങിയ കാലം അവർ ഡൽഹി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയും വഹിച്ചു. രണ്ടാമത്തെ വാജ്പേയി മന്ത്രിസഭയിൽ എത്തുന്നതോടെയാണ് അവർ ദേശീയശ്രദ്ധ നേടുന്നത്. ആ മന്ത്രിസഭയിൽ രണ്ടുതവണകളിലായി സുഷമ സ്വരാജ് Information & Broadcasting, Telecommunications വകുപ്പുകളുടെ മന്ത്രിയായി. ഇടയ്ക്ക് സോണിയ ഗാന്ധിയുമായി ബെല്ലാരിയിൽ മത്സരിച്ച് തോറ്റതാണ് മറ്റൊരു എടുത്തുപറയാവുന്ന സംഭവം. യു പി എ ഭരണകാലത്ത് പ്രതിപക്ഷനേതാവായും അവർ തിളങ്ങി.

sushma 1

പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ നിയമപഠന കാലത്താണ് സുഷമ ജോർജ് ഫെർണാണ്ടസിന്റെ ആരാധകനും സോഷ്യലിസ്റ്റ് ചായ്‌വുമുള്ള സ്വരാജ് കൗശലിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് അവരുടെ വിവാഹത്തിൽ കലാശിച്ചു. യഥാർഥത്തിൽ 1977 ലെ അടിയന്തരാവസ്ഥയ്ക്കെതിരെ രൂപം കൊണ്ട ജനതാ പാർട്ടിയിലൂടെയാണ് സുഷമ സ്വരാജിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നെയും വളരെക്കാലം കഴിഞ്ഞ് 1984 ൽ ആണ് അവർ ബി ജെ പി യിൽ ചേരുന്നത്. ആർ എസ് എസ് പശ്ചാത്തലം ഇല്ലെന്ന ന്യൂനതയാവാം ഒരുപക്ഷെ അവർ പ്രധാനമന്ത്രി പദവിയിൽ എത്താതിരിക്കാനുള്ള കാരണം.

സുഷമ സ്വരാജ് ഒരു വ്യക്തി എന്ന നിലയിൽ കക്ഷിഭേദമെന്യേ എല്ലാവര്ക്കും സ്വീകാര്യയായിരുന്നെങ്കിലും, ഒരു പാർട്ടിപ്രവർത്തക എന്ന നിലയിൽ അവർ ഹിന്ദുത്വഅജണ്ടയിൽ നിന്ന് അണുവിട വ്യതിചലിച്ചിട്ടില്ല. പാർലമെന്റിലും പുറത്തും അവർ നടത്തിയ പ്രസംഗങ്ങളെല്ലാം ഹിന്ദുത്വ അജണ്ടകളെ ശക്തിയുക്തം പിന്തുണയ്ക്കുന്നവ ആയിരുന്നു. 2001 ൽ അവർ വാർത്താവിതരണമന്ത്രിയായിരിക്കുമ്പോഴാണ് ഭാരതീയ സംസ്കൃതിയോട് ഒത്തുപോകുന്നതല്ലെന്ന ന്യായം പറഞ്ഞ് Fashion TV ഇന്ത്യയിൽ നിരോധിച്ചത്. എങ്കിലും നരേന്ദ്ര മോദിയെ പോലെ ഒരു ധ്രുവീകരണ വ്യക്തിത്വം (polarising figure) ആകാൻ അവർ താല്പര്യപ്പെട്ടില്ല. മോദിക്ക് പകരം സുഷമ സ്വരാജ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ രാജ്യം ഇത്രമാത്രം കലുഷിതമാകുമായിരുന്നോ എന്നൊരു സാങ്കല്പിക ചോദ്യത്തിന് ഉത്തരം ഇല്ല എന്നുതന്നെയാകും. അതാണ് അവരെ വ്യത്യസ്തയാക്കുന്ന ഘടകം.

sushma 3

(“അവർ എന്നോട് സംസാരിച്ചത് ഒരു മന്ത്രിയെന്നോ ഉദ്യോഗസ്ഥയെന്നോ നിലയിലല്ല. ഒരു മൂത്ത സഹോദരി എന്നോട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.” യെമെനിലെ ഭീകരവാദികളുടെ തടവിൽ നിന്ന് മോചിതനായ ഫാദർ തോമസ് ഉഴുന്നാലിൽ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞത്)

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.