OPINION ചുവരെഴുത്തുകൾ ലേഖനം

ജനാധിപത്യവും ഭരണാധിപത്യവും : മൈറ്റ് ഈസ് റൈറ്റ്?kashmir 4

ഒരു ജനാധിപത്യവ്യവസ്ഥതിയിൽ ഏറ്റവും പ്രധാനം ജനങ്ങളാണ്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന ‘ We the People ‘ എന്ന് തുടങ്ങുന്നത്. ഒരു രാജ്യത്തെ ഏതു ഭാഗവും ഒരു തുണ്ട് ഭൂമിയായ വെറും റിയൽ എസ്റ്റേറ്റ് അല്ല. മറിച്ച് അവിടെയുള്ള ജനങ്ങളാണ് . ആ ജനങ്ങൾക്ക് ജീവിക്കുവാനുള്ള അവകാശവും സുരക്ഷയുമാണ് പ്രധാനം.

കാശ്മീർ ഒരു റിയൽ എസ്റ്റേറ്റ് അല്ല. അവിടെ ജനങ്ങൾ ഉണ്ട്. ലഡാക്കിലും ജമ്മുവിലും ജനങ്ങൾ ഉണ്ട്. അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അസംബ്ലി നിലവിൽ ഇല്ല. ജമ്മു-കശ്മീരിലെ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളും അറസ്റ്റിലാണ്. ലോകത്തെ ഏറ്റവും വലിയ മിലിട്ടറൈസ്ഡ് സോൺ ആണ് ജമ്മു-കാശ്മീർ മേഖല.

ഇന്ത്യയുടെ ആത്മാവ് വൈവിധ്യങ്ങളുടേതാണ്. അതിൽ ഭാഷ-ജാതി-മത-വംശീയ വൈവിധ്യങ്ങളുണ്ട്. അതിൽ ഭാഷാടിസ്ഥാനത്തിലുള്ള നിരവധി സംസ്ഥാനങ്ങൾ ഉണ്ട്. ഭൂരിപക്ഷ മത-ഭാഷ ചിഹ്നങ്ങൾ എല്ലായിടത്തും അടിച്ചേൽപ്പിച്ചാൽ അത് ഇന്ത്യയുടെ ഭരണഘടനയെയും അത് കൊടുക്കുന്ന അവകാശങ്ങളേയും ഇന്ത്യൻ ഫെഡറലിസത്തെയും ഇല്ലാതെയാക്കും . ഇന്ത്യയെ ജനാധിപത്യ ഇന്ത്യയാക്കുന്നത് അതിന്റ വൈവിധ്യങ്ങളാണ്.

എന്താണ് പ്രശ്‌നം?

army-in-kashmir

പാർലമെന്റിൽ സബ്ജെക്റ്റ് കമ്മറ്റിയുടെ സൂക്ഷ്മപരിശോധനയോ ചർച്ചയോ ഇല്ലാതെ ഭൂരിപക്ഷ ലോജിക്ക് വച്ച് ജനാധിപത്യ അവകാശങ്ങളെ വരിഞ്ഞുമുറുക്കി നിലയ്ക്ക് നിർത്തുവാനുള്ള ഭൂരിപക്ഷമേലാളരുടെ ന്യായവാദമാണ് മോഡി -അമിത് ഷാ ഭരണ-അധികാര-ക്ലിക്ക് ഇപ്പോൾ നടത്തുന്നത് . ഇന്ത്യയിലെ ഏതാനം ക്രോണി-ക്യാപ്പിറ്റലിസ്റ്റ്-പണ കുടുംബങ്ങളുടെയും അവർ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് മീഡിയയുടേയും ആർ എസ് എസ് നെറ്റ് വർക്കിന്റെയും പിന്തുണയോടെയാണ് ഇത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആദ്യമായി മെജോറിട്ടേറിയൻ ലോജിക്ക് വഴി അവർ സ്ലോ പോയിസൺ ചെയ്ത് മൃതപ്രായമാക്കിയത് അറിയാനുള്ള അവകാശത്തെയാണ് .Right To Information Act ലെ (വിവരാവകാശ നിയമം) സുപ്രധാനഘടകമാണ് വിവരാവകാശകമ്മീഷന്റെ autonomy (സ്വയംഭരണാധികാരം). അത് എടുത്തു കളഞ്ഞതോടെ ഇനിയും എന്തെങ്കിലും വിവരം അന്വേഷിച്ച് വിവരാവകാശ കമ്മീഷനിൽ പോയിട്ട് വലിയ കാര്യമില്ല .കാരണം കേന്ദ്രസർക്കാരിലെ ഐ എ എസ് ഉദ്യോഗസ്ഥർക്കും ഭരണകക്ഷിയിലെ കാര്യസ്ഥർക്കും ഇനി കമ്മീഷണർമാരെ നിയന്ത്രിക്കാം . രണ്ടാമത്, മനുഷ്യാവകാശകമ്മീഷന് മൂക്കുകയറിടാൻ ഭേദഗതി പാസ്സാക്കിയെടുത്തു. തുടർന്ന് ഈ രാജ്യത്തെ “ഡ്യു പ്രോസസ്സ് ഓഫ് ലോ” (നിയമവിധേയമായ നടപടിക്രമം) ഇല്ലാതെ ആരെയും ഭീകരൻ എന്ന് മുദ്ര കൊത്തി പിടിച്ചു അകത്തിടാൻ സർക്കാരിന് അധികാരം നൽകുന്ന ബില്ലും പാസ്സാക്കിയെടുത്തു.

ഇതിലെല്ലാം പെട്ടെന്ന് അവതരിപ്പിക്കുക, ചർച്ചകൾ കുറച്ച് അതിവേഗം പാസാക്കിയെടുക്കുക എന്ന തന്ത്രമാണ് ഗവണ്മെന്റ് പ്രയോഗിച്ചത്. എന്താണ് പ്രശ്നം? ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ പാർലമെന്റിനാണ് പരമോന്നതസ്ഥാനം. എന്നാൽ ഇന്നത്തെ പൊളിറ്റിക്കൽ എക്സിക്യൂട്ടീവ് പാർലമെന്റിനെ വെറും റബ്ബർസ്റ്റാമ്പ് ആക്കുവാനുള്ള നിരന്തര ശ്രമത്തിലാണ്. പാര്ലമെന്റിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയും പൊളിറ്റിക്കൽ എക്സിക്യൂട്ടീവിലെ ഒരു ക്ലിക്ക് അവരുടെ ശിങ്കിടി കോർപ്പറേറ്റ് മീഡിയയുടെ സഹായത്തോടെ നിയന്ത്രിക്കുന്നതാണ് നാം കാണുന്നത് .

മുഖ്യധാരാമാധ്യമങ്ങൾ ഇന്ന് കോർപ്പറേറ്റ് ഉടമസ്ഥതയിലാണ്. ആയിരക്കണക്കിന് കോടി രൂപയുടെ സർക്കാർ പരസ്യത്തിലൂടെ നൽകിയും അല്ലെങ്കിൽ അവരുടെ ഉടമസ്ഥരെ ടാക്സ് ഇൻഫോഴ്‌സ്‌മെന്റ് അധികാര സന്നാഹങ്ങൾ ഉപയോഗിച്ചു വരുതിയിൽ നിർത്തിയും, പിന്നെ കോടികൾ മുടക്കി സോഷ്യൽ മീഡിയയിൽ അഭിപ്രായ രൂപീകരണം നടത്തിയും ഭൂരിപക്ഷ-വർഗീയ-ഭരണ-അധികാര മേജറിട്ടേറിയൻ ലോജിക്കിൽ ഉള്ള ഒരു ജിങ്കോയിസ്റ്റ് പൊതുബോധം സൃഷ്ടിച്ച് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇവിടെ വളരെ ശക്‌തിയോടെ പ്രയോഗത്തിൽ വരുത്തുവാനാണ് ഈ ഭരണ-അധികാര ക്ലിക്ക് ആഗ്രഹിക്കുന്നത്. അതിന് കുടചൂടി സ്തുതി പാടാൻ ഉതകുന്ന ഒരു പൊതുബോധം വളർത്തുവാനുള്ള ശ്രമത്തിലാണ് ഈ ഭരണകൂടവും ഭരണകക്ഷിയും. അങ്ങനെ ഭരണ -അധികാര മെജോറിട്ടേറിയൻ ലോജിക്കിന്റെ ആശ്രിതർ കൂടും . ഭരണ-അധികാരത്തിന്റെ ആശ്രിതരായ ഐ എ എസ് /ഐ പി എഎസ് ഉദ്യോഗസ്ഥർ ഇതൊക്കെ നടപ്പാക്കി അടിത്തൂൺ പറ്റിയാലുടനെ ഉടുപ്പൂരി മെജോറിട്ടേറിയൻ ഭരണ-അധികാരത്തിന്റ കുഴലൂത്തുകാർ ആയി മാറും. ഇതൊക്കെയാണ് അടിയന്തരാവസ്ഥക്കാലത്തും സംഭവിച്ചത് .1925-35 ൽ ജർമ്മനിയിൽ സംഭവിച്ചതും അത് തന്നെ.

ഒരു ജനാധിപത്യത്തിൽ “റൈറ്സ് ആർ മൈറ്റ്‌സ്” എന്നാണെങ്കിൽ ഒരു ഏകാധിപത്യത്തിൽ അത് “മൈറ്റ് ഈസ് റൈറ്റ്” എന്നായി മാറും.

.

കശ്മീരിൽ ജനങ്ങളുണ്ട്.

kashmir 3

ഈയൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലെ പാർലമെന്റ് ചർച്ചകളെ വിലയിരുത്തേണ്ടത്. വാസ്തവത്തിൽ എന്താണ് സംഭവിച്ചത്? പേരിനു വേണ്ടി ഒരു ചർച്ച സംഘടിപ്പിച്ച്, പാർലമെന്റിനെവെറും റബ്ബർസ്റ്റാമ്പ് ആക്കുന്ന political-executive click-ന്റെ കുബുദ്ധിയാണ് അവിടെ അരങ്ങേറിയത്. വളരെ ഗൗരവമുള്ളതും ദൂരവ്യാപകഫലങ്ങൾ ഉളവാക്കുന്നതുമായ വിഷയങ്ങൾ എക്സിക്യൂട്ടീവ് നോട്ടിഫിക്കേഷനിലൂടെ പ്രഖ്യാപിച്ചിട്ട് പാർലമെന്റിൽ വെറും നാലു മണിക്കൂർ ചർച്ച ചെയ്ത് പാസ്സാക്കുന്ന ദൃശ്യങ്ങളാണ് നാം കണ്ടത്.

കാശ്മീർ ഒരു റിയൽ എസ്റ്റേറ്റ് അല്ല. അവിടെ ജനങ്ങൾ ഉണ്ട്. ലഡാക്കിലും ജമ്മുവിലും ജനങ്ങൾ ഉണ്ട്. അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അസംബ്ലി നിലവിൽ ഇല്ല. ജമ്മു-കശ്മീരിലെ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളും അറസ്റ്റിലാണ്. ലോകത്തെ ഏറ്റവും വലിയ മിലിട്ടറൈസ്ഡ് സോൺ ആണ് ജമ്മു-കാശ്മീർ മേഖല. ഇന്റർനെറ്റ്ഇ-മൊബൈൽ സർവീസുകൾ വിച്ഛേദിച്ചതോടെ ആശയവിനിമയം ഇല്ലാതായി. വാർത്താ-വിനിമയ സംവിധാനമാകെ താറുമാറായി. ഈയൊരു സ്ഥിതിവിശേഷത്തിലാണ് ജമ്മു-കാശ്മീർ-ലഡാക് ജനതയുടെ ഭാഗധേയം നിയന്ത്രിക്കുന്ന സുപ്രധാന നോട്ടിഫിക്കേഷൻ പാർലെന്റിനെയും ഭരണഘടനേയും നോക്ക് കുത്തിയാക്കി പാസാക്കിയത്. പ്രതിപക്ഷത്തുള്ളവരെ അലമാരികളിൽ ഉള്ള തലയോട്ടികൾ (skeletons) കാണിച്ചു വിരട്ടി വരുതിയിലാക്കി. എന്നിട്ട് ശിങ്കിടി മീഡിയയെയും സോഷ്യൽ മീഡിയയെയും ഉപയോഗിച്ച് ‘വീരസ്യം’ വിളമ്പുകയാണ് യഥാർഥത്തിൽ ചെയ്തത്.

കശ്‍മീരിന്റെ പ്രശ്നം അവിടുത്തെ മനുഷ്യരെ വിശ്വാസത്തിൽ എടുത്ത് രാഷ്ട്രീയചർച്ചയിലൂടെയും സമവായത്തിലൂടെയും മാത്രമേ പരിഹരിക്കാനാവുകയുള്ളൂ. അത് മുകളിൽ നിന്ന് അടിച്ചേൽപ്പിച്ചുകൊണ്ടോ ജിംഗോയിസം കൊണ്ടോ പട്ടാളനടപടികൾ കൊണ്ടോ പരിഹരിക്കാൻ സാധിക്കില്ല എന്നതിന് ലോക ചരിത്രത്തിൽ ഒരുപാട് തെളിവുകൾ ഉണ്ട് . പണ്ട് ഇന്ത്യ എങ്ങനെ ഭരിക്കണം എന്ന് അങ്ങ് ദൂരെ കടലിനക്കരെ ഒരു പാര്ലെനെന്റിൽ ചർച്ച ചെയ്ത് തീരുമാനിച്ചു .പക്ഷെ അതിൽ ഇന്ത്യയിൽ ഉള്ള ജനങ്ങൾക്ക് യാതൊരു റോളും ഇല്ലായിരുന്നു.

ചോദ്യം ജനാധിപത്യം വേണോ അതോ ഒരു Majoritarian Authoritarianism വേണോ എന്നതാണ്. ഫാസിസം ആദ്യം മാറ്റുന്നത് മനസ്സിനെയാണ്. അത്തരത്തിൽ ഒരു പൊതു ബോധം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യന്നവരെ ചാപ്പ കുത്തി ഇല്ലാതാക്കാനോ ഭീഷണി പെടുത്തി വരുതിയിൽ നിർത്താനോ സാധിക്കും.

ജനാധിപത്യത്തിൽ പ്രധാനം സ്വാതന്ത്ര്യം, സാഹോദര്യം, മനുഷ്യാവകാശങ്ങൾ, തുല്യനിയമ-നീതിവ്യവസ്ഥ, മുഴുവൻ ജനങ്ങളോടുമുള്ള പ്രതിബദ്ധത (public accountability), എന്നിവയാണ്. എല്ലാവിധ സ്വേച്ഛാധിപത്യങ്ങളിലും ഭയമാണ് ഏറ്റവും വലിയ ഘടകം . ഇന്ത്യയിൽ ഒരുപാട് ജനങ്ങൾ ഭയത്തിൽ ജീവിക്കുമ്പോൾ നഷ്ട്ടപെടുന്നത് ജനാധിപത്യഇന്ത്യയുടെ ആത്മാവാണ് .

First, they came for the socialists, and I did not speak out—

Because I was not a socialist.

Then they came for the trade unionists, and I did not speak out—

Because I was not a trade unionist.

Then they came for the Jews, and I did not speak out—

Because I was not a Jew.

Then they came for me—and there was no one left to speak for me.

അതാണ് പ്രശ്‌നം. അത് തന്നെയാണ് പ്രശ്‌നം.

 

Print Friendly, PDF & Email

About the author

ജെ. എസ്. അടൂർ

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.