OPINION POLITICS ലേഖനം

കാശ്മീർ: പരിഹാരം വിഭജനമോ?jammu

ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, എന്ന മുദ്രാവാക്യം ഇന്ത്യയിൽ ആദ്യമായി ഉയർന്നുകേട്ടത് 1949 ലാണ്. ജമ്മു കശ്‍മീരിന്‌ പ്രത്യേക പദവികൾ നൽകാനുള്ള നീക്കത്തിനെതിരെ ബിജെപി യുടെ പൂർവകാലരൂപമായ ഭാരതീയ ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖർജി ആണ് ആ മുദ്രാവാക്യം മുന്നോട്ട് വെച്ചത്. എഴുപതു വർഷത്തോളം കാശ്മീർ പ്രത്യേക ഭരണഘടനയും പതാകയുമുള്ള സംസ്ഥാനമായി തുടർന്നു. എന്നാൽ ഇന്ന് അതേ ശ്യാമപ്രസാദ് മുഖർജിയുടെ പിന്മുറക്കാർ രാജ്യം ഭരിക്കവേ ആ തീരുമാനം നടപ്പാക്കപ്പെട്ടു. ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവികളും സംസ്ഥാനപദവി തന്നെയും ഒരു ദിനം കൊണ്ട് റദ്ദ് ചെയ്യപ്പെട്ടു. രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി ‘അശാന്തിയുടെ താഴ്‌വര ‘ വിഭജിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു സ്വാതന്ത്ര്യദിനത്തിന് അനേകം ദിവസങ്ങൾ ഇല്ലെന്നിരിക്കെ ഈ നീക്കം ഏത് തരത്തിലുള്ള പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രവചിക്കുക വയ്യ. പക്ഷേ ഒരു കാര്യം ഉറപ്പാണ്. വിഷയത്തിലെ ശരി-തെറ്റുകൾ സംവാദത്തിനു വിധേയമാക്കപ്പെടേണ്ടതാണെങ്കിലും അത് നടപ്പിലാക്കിയ രീതി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.

കാശ്മീരും പ്രത്യേക പദവികളും

nehru_patel_0647_070717071248

1947 ലെ ഇന്ത്യാ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ടു രാജ്യങ്ങൾ രൂപീകരിക്കപ്പെട്ടു. ആ സമയത്ത് ഇരുരാജ്യങ്ങളിലും ചേരാതിരുന്ന 552 നാട്ടുരാജ്യങ്ങൾ വേറെയുമുണ്ടായിരുന്നു. അവർക്ക് ഇന്ത്യയോടൊപ്പമോ പാകിസ്താനോടൊപ്പമോ ചേരാനുള്ള സ്വാതന്ത്ര്യവും നല്കപ്പെട്ടിരുന്നു. ഏറെക്കുറെ എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചപ്പോൾ അപൂർവം ചിലത് പാകിസ്താന്റെ ഭാഗമായി. രണ്ടിലും ചേരാൻ പിന്നെയും മടിച്ചുനിന്ന മൂന്ന് നാട്ടുരാജ്യങ്ങളിൽ ഒന്നാണ് ജമ്മു-കാശ്മീർ. ഭൂരിഭാഗം ജനതയും മുസ്ലീം മതവിശ്വാസികളും രാജാവ് ഹിന്ദുവും എന്നതായിരുന്നു ജമ്മു-കാശ്മീരിലെ സ്ഥിതി. ജനതയുടെയും രാജാവിന്റെയും താല്പര്യങ്ങൾ വിഭിന്നമായിരുന്നു. ജനത പാക്കിസ്ഥാന്റെ കൂടെ നിൽക്കാൻ താല്പര്യപ്പെട്ടപ്പോൾ രാജാവ് അതിനോട് പ്രതികരിച്ചത് വെടിയുണ്ടകൾ കൊണ്ടാണ്. ഇതിനെ തുടർന്നു ഒരു വലിയ വിഭാഗം കാശ്മീർ ജനത പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. എന്നാൽ കുറച്ച് കാലത്തിനു ശേഷം അവർ സായുധരായി തിരിച്ചെത്തുകയും രാജാവിനോട് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. കശ്മീരിലെ അശാന്തി ഇന്ന് തുടങ്ങിയതല്ലെന്നു സാരം. തനിക്കെതിരെയുള്ള ബഹുമുഖ ആക്രമണങ്ങളെ തടയാൻ ബുദ്ധിമുട്ടിയ രാജാ ഹരിസിംഗ് ഇന്ത്യൻ ഗവൺമെന്റിന്റെ സഹായം തേടി. എന്നാൽ കാശ്മീർ ഇന്ത്യയുടെ ഭാഗമായി ചേരാത്തതിനാൽ അവിടേക്ക് ഇന്ത്യൻ പട്ടാളത്തെ അയക്കാൻ നെഹ്‌റു തയ്യാറായില്ല. നിവൃത്തിയില്ലാതായ രാജാവ് 1947 ൽ ഇന്ത്യയുമായി ഇൻസ്ട്രുമെന്റ് ഓഫ് അക്‌സെഷൻ ഉടമ്പനടിയിൽ ഒപ്പു വെച്ചു. എന്നാൽ ഇതൊരു താത്കാലിക ഉടമ്പടി ആണെന്നും ഇതനുസരിച്ചു പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ വിഷയങ്ങളിൽ മാത്രമാവും കാശ്മീരിന് മേൽ ഇന്ത്യാ ഗവൺമെന്റിന്റെ നിയന്ത്രണം എന്നും ഉടമ്പടിയിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. 1947 ഒക്ടോബറിൽ ഇന്ത്യൻ പട്ടാളം ജമ്മു-കശ്മീരിൽ പ്രവേശിച്ചു. പാക്കിസ്ഥാൻ ഈ നീക്കത്തെ എതിർത്തു. അങ്ങനെയാണ് ആദ്യത്തെ ഇന്ത്യാ -പാക്കിസ്ഥാൻ യുദ്ധം ഉടലെടുക്കുന്നത്. അധികം വൈകാതെ ഐക്യരാഷ്ട്രസഭ പ്രശ്നത്തിൽ ഇടപെടുകയും ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു. അവർ അതിർത്തിയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തു. അതോടൊപ്പം കാശ്മീർ വിഷയത്തിൽ ആ ജനതയുടെ ഹിതപരിശോധന അനിവാര്യമാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വെടി നിർത്തൽ ഉണ്ടായെങ്കിലും ഹിതപരിശോധന ഉണ്ടായില്ല. ആ സമയത്ത് ഇന്ത്യയുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ ഇന്ത്യയോടൊപ്പവും പാകിസ്ഥാൻ അധിനിവേശ കാശ്മീർ അവരോടൊപ്പവും തുടർന്നു. 1949 ൽ എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ ഭരണഘടന അംഗീകരിച്ചപ്പോഴും കാശ്മീർ തങ്ങളുടെ വ്യത്യസ്ഥ നിലപാട് തുടർന്നു. അത് കൊണ്ട് തന്നെ കാശ്മീരിന് പ്രത്യേക പദവികൾ നൽകേണ്ടത് അനിവാര്യമായി വന്നു. ഭരണഘടനയിൽ താത്കാലിക സ്വഭാവത്തോടെ 370 ആം അനുച്ഛേദം നിലവിൽ വരികയും കാശ്മീർ ജനതയുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു. പിന്നീട് രാഷ്ട്രപതിയുടെ തീരുമാനത്തിലൂടെ 1954 ൽ അനുച്ഛേദം 35A കൂടി ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഇതനുസരിച്ച് കാശ്മീർ പൗരന് മാത്രമേ അവിടെ സ്ഥലം വാങ്ങാൻ അധികാരം ഉള്ളൂ. അവർക്ക് മാത്രമേ സർക്കാർ ജോലികൾക്കും അവകാശം ഉള്ളൂ. ഒരു ജനതയുടെ സംസ്കാരത്തെ അംഗീകരിക്കുകയാണ് താൻ ചെയ്തത് എന്നാണ് നെഹ്‌റു അന്ന് പറഞ്ഞത്. അത് ശരിയെങ്കിൽ ആ അംഗീകാരം ആണ് ഇന്ന് റദ്ദ് ചെയ്യപ്പെട്ടത്.

ബിജെപി യും കാശ്മീരും

Prime-Minister-Narendra-Modi-and-BJP-national-president-Amit-Shah-2-770x433
കശ്മീരിന്റെ പ്രത്യേക പദവികൾ നിർത്തലാക്കണം എന്ന നിലപാടാണ് എക്കാലത്തും ബിജെപി സ്വീകരിച്ചു പോന്നിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ഇന്നത്തേത് പെട്ടന്നുള്ള ഒരു തീരുമാനമാണെന്ന് തോന്നാമെങ്കിലും അത് അങ്ങനെ അല്ല എന്ന് വേണം കരുതാൻ. 2018 ജൂൺ മാസം മുതൽ കാശ്മീർ രാഷ്‌ട്രപതി ഭരണത്തിൽ ആണ്. ഈ ഭരണസംവിധാനം ഒരു വർഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള യാതൊരുവിധ ശ്രമവും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. രാഷ്‌ട്രപതി ഭരണത്തിന്റെ കീഴിൽ കാശ്മീരിനെ പുതിയ മാറ്റത്തിനായി ഒരുക്കിയെടുക്കുകയായിരുന്നു ഒരർത്ഥത്തിൽ കേന്ദ്രം ചെയ്തത്. 2018 അവസാനത്തോട് കൂടി അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടന്നു. ഇത് യഥാർത്ഥത്തിൽ ഒരു ലിറ്റ്മസ് ടെസ്റ്റ്‌ ആയിരുന്നു. സൈന്യത്തെ അധികമായി വിന്യസിച്ചു നടത്തിയ തിരഞ്ഞെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നു. തുടർന്നു തദ്ദേശസ്ഥാപനങ്ങൾക്ക് അമിതാധികാരങ്ങൾ നൽകപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കാനുള്ള ബോഡികളായി അവയെ രൂപപ്പെടുത്തി. ഒരു സംസ്ഥാന ഗവൺമെന്റിന്റെ ആവശ്യകത തന്നെ അവിടെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഇങ്ങനെ ഏറെക്കുറെ അനുഗുണമായ ഒരു രാഷ്‌ട്രീയ പരിസരം രൂപപ്പെടുത്തിയതിന് ശേഷമാണ് കേന്ദ്രം കാശ്മീരിനെ വിഭജിക്കാനുള്ള തീരുമാനത്തിലേക്ക് കടന്നതെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ മനസിലാക്കാം.

ജനാധിപത്യത്തിന്റെ അട്ടിമറി

268013_view_1
കേന്ദ്ര സർക്കാരിന്റെ തീരുമാനത്തോട് യോജിപ്പും വിയോജിപ്പും ഉള്ളവർ ഉണ്ടാകാം. രണ്ടു പേർക്കും അവരുടേതായ ന്യായങ്ങളും കാണും. പക്ഷേ ഒരു സുപ്രധാന തീരുമാനം നടപ്പിലാക്കുമ്പോൾ കാണിക്കേണ്ട ജനാധിപത്യമര്യാദ കേന്ദ്രം കാണിച്ചുവോ എന്ന സംശയം നിലനിൽക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിൽ എന്തോ സംഭവിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഏറെപ്പേരും ഭയന്നത് പ്രത്യേക അധികാരം ഇല്ലാതാക്കപ്പെടും എന്നത് തന്നെയാണ്. എന്നാൽ ഗവർണർ ഇത്തരമൊരു നീക്കത്തെ കുറിച്ച് തനിക്കറിയില്ല എന്നാണ് പ്രതികരിച്ചത്. 15000 ഓളം അധികസൈന്യത്തെയാണ് ആകാശമാർഗ്ഗേണ കശ്മീരിൽ വിന്യസിച്ചത്. കശ്മീരിന്റെ മുഖ്യ വരുമാനമാർഗമായ ടുറിസംമേഖല സ്തംഭിക്കപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്. ഒടുവിൽ ഇന്നലെ രാത്രി പ്രതിപക്ഷനേതാക്കൾ എല്ലാം തടങ്കലിൽ ആക്കപ്പെട്ടു. ഇക്കൂട്ടത്തിൽ ബിജെപി യുമായി അധികാരം പങ്കിട്ട മുൻമുഖ്യ മന്ത്രിമാരും ഉണ്ടെന്നോർക്കണം. ഇന്ന് രാവിലെ അടിയന്തിര മന്ത്രിസഭാ യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദ് ചെയ്യാനും സംസ്ഥാന പദവി നീക്കം ചെയ്യാനുമുള്ള തീരുമാനവും അറിയിച്ചു. യഥാർത്ഥത്തിൽ വിഷയം പാർലമെന്റിൽ എത്തുന്നതിനു മുൻപ് തന്നെ രാഷ്ട്രപതിയുടെ അംഗീകാരം നേടിയിരുന്നു എന്നർത്ഥം. ഒരു ജനാതിപത്യരാജ്യത്തിലെ പരമോന്നത നിയമനിർമാണ സംവിധാനം നോക്കുകുത്തിയാക്കപ്പെട്ട നിമിഷങ്ങൾ ആയിരുന്നു അത്. കാശ്മീരിനെ സംബന്ധിച്ച് തങ്ങളുടെ നയം നടപ്പിലാക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടാകാം. എന്നാൽ അത് പാർലമെന്റിൽ വിശദമായ ചർച്ചകൾക്ക് ശേഷം ആവണമായിരുന്നു. പാർലമെന്റ് സമ്മേളനം പിരിയാൻ രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കെ ബില്ലുകൾ പാസ്സാക്കാനുള്ള നീക്കം എത്ര മാത്രം ശരിയാണെന്നു അവർ തന്നെ പരിശോധിക്കട്ടെ. ഒരു കാര്യം ഉറപ്പാണ്. വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാനുള്ള നിയമനിർമാണം നടത്തിയത് കൊണ്ടോ കാശ്മീരിനെ വിഭജിച്ചത് കൊണ്ടോ അവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ആവില്ല. ഏറ്റവും തന്ത്രപ്രധാനമേഖലയായ കശ്‍മീരിനെ കൈവിടാനും ഇന്ത്യയ്ക്ക് സാധ്യമല്ല. പ്രശ്നപരിഹാരങ്ങൾക്ക് ആവശ്യം ചർച്ചകളുടെ തുടർച്ച ആയിരുന്നു. ആ ജനത കുറച്ച് കൂടി മാന്യമായ പരിഗണന അർഹിച്ചിരുന്നു. ഒരു പാട് ദുരന്തങ്ങൾ അതിജീവിച്ചവർ ഈ തീരുമാനത്തെ എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.

Print Friendly, PDF & Email