LITERATURE കവിത

രണ്ടു കവിതകൾ – മദപ്പാട്, പ്രണയം അവസാനിക്കുമ്പോൾ!



kavitha

 

1 – മദപ്പാട്

ചട്ടവ്രണം നീറി

മുൾച്ചങ്ങല മുറുകി….
നെറ്റിപ്പട്ടവും കുടയും തിടമ്പും കോലവും
ആജ്ഞയുടെ കൂർത്ത തോട്ടി തന്ന ക്ഷതമില്ലാത്ത വേദനകളും
ചുമന്ന്
കാരക്കോലിന്റെ അനുസരണയിൽ കളത്തിൽ നിർത്തി
അഹങ്കരിച്ചവർ വാദ്യഘോഷങ്ങളോടെ
എഴുന്നള്ളിച്ച് ഉറഞ്ഞു തുള്ളിയപ്പോഴാണ്
എന്റെ സഹികെട്ടത്
വെള്ളം ചീറ്റി രസിച്ച
മണ്ണും ചെളിയും കൊണ്ടാഹ്ലാദിച്ച് കുളിച്ച
വന്യതയുടെ ഗൃഹാതുരത്വം
അടക്കാനാകാതായപ്പോഴാണ്
അവനെ ചുഴറ്റിയെടുത്ത് നിലത്തടിച്ചത്
എനിക്കെന്റെ വലിപ്പമറിയില്ലെന്ന
അവന്റെ അറിവിന്റെ അഹങ്കാരത്തെ ചതച്ചരച്ചത്
ചെണ്ടയൊന്നിച്ച് താളം വെച്ചും തൊഴുതും നിന്ന
ആൾക്കൂട്ടം അലറിക്കൊണ്ടിരുന്നു:
“ഇതിന് മദമിളകി,
ഭ്രാന്തായി”!!!

ana

2 – പ്രണയം അവസാനിക്കുമ്പോൾ

പ്രണയം അവസാനിക്കുമ്പോൾ
വാമൊഴിയിൽ മാത്രം നില നിന്ന ഒരു വർഗത്തിന്
വംശനാശം സംഭവിക്കുന്നു.
ആ വർഗ്ഗത്തിലെ അവസാനകണ്ണി മരിക്കുന്നു
കൈമാറിയതൊന്നും പകർത്താൻ ആകാതെ ഇരുവരും പകച്ചു
നിൽക്കുന്നു ,പിരിഞ്ഞു പോകുന്നു
ഒരു അന്യഗ്രഹ സംപ്രേഷണം അറ്റുപോകുന്നു
രണ്ടുപേർക്കിടയിലെ തർജമ പാതിവഴിയിൽ
ഉപേക്ഷിക്കപ്പെടുന്നു
മഴയ്ക്കും മണ്ണിനും രാവിനും രഥ്യയ്ക്കും വിരസതയിലേക്ക്
മടങ്ങേണ്ടി വരുന്നു
ആൾക്കൂട്ടത്തിൽ തിരഞ്ഞുപിടിച്ച ആ മുഖം
അതല്ലെന്നറിയുന്നു
കൊക്കൂണിൽ നിന്ന് പുറത്തുവന്ന ശലഭം തിരിച്ച്
കൊക്കൂണിൽ തന്നെ അഭയം തേടുന്നു
പ്രണയം അവസാനിക്കുന്നത് വലിയ സ്ഫോടനങ്ങളോടെയല്ല
ശബ്ദകോലാഹലങ്ങളുടെ, സ്ഥൂല ശബ്ദങ്ങളുടെ
വാക്കുകൂട്ടത്തിൽ ഒരു നേർത്ത നിശ്വാസമായി
,നെടുവീർപ്പായി മാത്രം
സഹസഞ്ചാരിക്കുപോലും അശ്രാവ്യമായ,അദൃശ്യമായ ഒരു
സ്ഫോടനം, രക്തച്ചൊരിച്ചിൽ.

pranayam

Comments
Print Friendly, PDF & Email