CINEMA

ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം – 2019 പ്രത്യേകപ്രദര്‍ശനങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട പേരുകള്‍ പുറത്ത്. 

നാല്പ്പത്തിനാലാമത് ടൊറോന്‍ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ വിശേഷാല്‍ പ്രദര്‍ശനങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട 58 ചിത്രങ്ങളുടെ പേരുകള്‍ സംഘാടകസമിതി പുറത്തുവിട്ടു.

സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ്‌ ചലച്ചിത്രമേള നടക്കുന്നത്. ബാക്കിയുള്ള മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തുവരും.

to4

കനേഡിയന്‍ ചലച്ചിത്രകാരനായ ഡാനിയേല്‍ റോഹറി (Daniel Roher)ന്‍റെ ONCE WERE BROTHERS ആണ്‌ ഉദ്ഘാടനചിത്രം. കനേഡിയന്‍ സംഗീതജ്ഞനായ റോബി റോബെര്‍ട്ട്‌സ (Robbie Robertson) ന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ വാര്‍ത്താചിത്രത്തിന്‍റെ ആഗോളപ്രദര്‍ശനോദ്ഘാടനം കൂടിയാണ്‌ സെപ്റ്റംബര്‍ 5 നു നടക്കുന്നത്. പ്രഖ്യാതചലച്ചിത്രകാരനായ മാര്‍ട്ടിന്‍ സ്‌ക്കോര്‍സെസി (Martin Scorsese) ആണ്‌ ഈ ചിത്രത്തിന്‍റെ എക്‌സെക്യൂട്ടീവ് പ്രൊഡ്യൂസര്‍. TIFF ന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു കനേഡിയന്‍ ചിത്രം ഉദ്ഘാടനത്തിനെത്തുന്നത്.

to1

ഇന്ത്യന്‍ സം‌വിധായികയായ ഷൊനാലി ബോസി (Shonali Bose) ന്‍റെ THE SKY IS PINK വിശേഷാല്‍ പ്രദര്‍ശനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. എഴുത്തുകാരിയും വ്യക്തിത്വവികസനമാര്‍ഗ്ഗദര്‍ശിയുമായിരുന്ന അയിഷാ ചൗധരിയുടെ ജീവിതമാണ്‌ ആ ചിത്രം പറയുന്നത്. സായിറാ വസീമിനൊപ്പം ഫര്‍ഹാന്‍ അക്തറും പ്രിയങ്കാ ചോപ്രയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

tor2

പെദ്രോ അല്‍മൊദോവറിന്‍റെ PAIN AND GLORY, ജോണ്‍ ക്രോളിയുടെ THE GOLDFINCH, റോജെര്‍ മിഷേലിന്‍റെ BLACK BIRD, പോര്‍ച്ചുഗീസ് ചിത്രമായ A HERDADE, ചിലിയില്‍ നിന്നുള്ള EMA, ആറ്റം എഗോയന്‍റെ GUEST OF HONOUR, ഹോങ്കോംഗില്‍ നിന്നുള്ള No 7 CHERRY LANE, അര്‍മാന്‍‌ഡോ ഇയാനുച്ചിയുടെ THE PERSONAL HISTORY OF DAVID COPPERFIELD എന്നിവയും ഇപ്പോള്‍ പുറത്തുവന്ന പേരുകളിലുണ്ട്.

to3

മറിയന്‍ സട്രാപിയുടെ RADIOACTIVE ആണ്‌ അവസാനദിവസത്തെ ഉത്സവചിത്രം. നൊബേല്‍ ജേതാക്കളും ദമ്പതികളുമായ പിയേര്‍ ക്യൂറിയുടേയും മേരി ക്യൂറിയുടേയും ജീവിതകഥയാണിത്. പ്രശസ്ത നടിയായ റോസമണ്ട് പൈക്ക് ആണ്‌ മേരിയാവുന്നത്.

ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡിറക്‌ടര്‍ കാമെറണ്‍ ബെയ്‌ലിയും എക്സെക്യൂട്ടിവ് ഡിറക്‌ടര്‍ ജൊവാന വിസെന്‍റെയും ചേര്‍ന്ന് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ്‌ 58 ചിത്രങ്ങളടങ്ങുന്ന ആദ്യപട്ടിക പുറത്തുവിട്ടത്. ഇതുവരെ പുറത്തുവിട്ട ചിത്രങ്ങളില്‍ പകുതിയും വനിതാസം‌വിധായികരുടേതാണ്‌.

Print Friendly, PDF & Email

About the author

സുരേഷ് നെല്ലിക്കോട്

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം