LITERATURE കഥ

ബൈപ്പാസ്bypass

കോഴിക്കോട്ടുകാരൻ. നിലവിൽ ബാംഗ്ലൂരിൽ താമസിക്കുന്നു. "ഗോ'സ് ഓൺ കൺട്രി",'ഗുൽമോഹർ തണലിൽ' എന്നീ പുസ്തകങ്ങൾ പ്രസിധീകരിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു.

 

ബൈപ്പാസിൽ “രണ്ടു വൃദ്ധർ ഗ്യാസ് ടാങ്കറിനടിയിൽ പെട്ട് മരിച്ചു”
നാട്ടിൽ കാട്ടുതീ പോലെ പടർന്ന വാർ‍ത്ത കണാരേട്ടന്‍റെ ചായക്കടയില്‍ എത്തിയപ്പോഴേക്കും മരിച്ചത് അപ്പ്വേട്ടനും അപ്പൂട്ടേട്ടനുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
അപ്പ്വേട്ടനും അപ്പൂട്ടേട്ടനും എന്നും ഒന്നിച്ചായിരുന്നു. ഒന്നിച്ചു കളിച്ചുവളർന്ന്, ഒന്നിച്ചധ്വാനിച്ച്, അയൽ‍ക്കാരായി ജീവിക്കുന്ന ഉറ്റസ്നേഹിതർ. അതിരാവിലെ പണിക്കിറങ്ങിയാൽ തിരിച്ചെത്തുന്നത് സന്ധ്യ കഴിഞ്ഞാണ്. കുളിയും അത്താഴവും കഴിഞ്ഞാൽ രണ്ടാളും തോട്ടരികിലെത്തും. ആ നാട്ടുതോടാണ് രണ്ടു പുരയിടങ്ങളുടെയും ഇടയിലെ അതിര്. ആ തോട്ടിലൂടെ ഒഴുകി പോയതാണ് അവരുടെ ബാല്യവും കൌമാരവും യൗവനവുമെല്ലാം. അതിനപ്പുറമിപ്പുറമിരുന്നാണ് അവർ തങ്ങളുടെ ദുഖങ്ങളും സന്തോഷങ്ങളും കൊച്ചുകൊച്ചു സ്വപ്നങ്ങളുമെല്ലാം പങ്കുവെക്കുന്നത്. അവിടെയങ്ങനെ ഇരിക്കുമ്പോൾ സമയം പോകുന്നത് അവരറിയില്ല. ആ ഇരുത്തം ചിലപ്പോ പാതിരാ വരെ നീണ്ടെന്നിരിക്കും. ചുറ്റുമുള്ള വെട്ടങ്ങളെല്ലാമണഞ്ഞാലും ഇരുകരകളിലായി എരിയുന്ന ബീഡിക്കുറ്റികളുടെ വെട്ടം മാത്രം ബാക്കിയാവും.
ആയിടയ്ക്കാണ്, പുതുതായി അനുവദിക്കപ്പെട്ട ബൈപ്പാസ് അവരുടെ ഗ്രാമത്തിലൂടെ കടന്നു പോകുന്നുവെന്ന വാർത്ത‍ കേട്ടത്. ടാറിട്ട ഒരു റോഡു പോലുമില്ലാത്ത നാട്ടിൽ അതൊരാഘോഷമായി; രണ്ടു പേർക്കൊഴികെ – അപ്പ്വേട്ടനും അപ്പൂട്ടേട്ടനും. സ്വന്തം പറമ്പിന്‍റെ ഒരു ഭാഗം പോകുമെന്നതല്ല അവരെ വിഷമിപ്പിച്ചത്. തങ്ങളുടെ എല്ലാമെല്ലാമായ കൈത്തോടിനു മുകളിലൂടെയാണത്രേ ആ ‘ദുരന്തം’ കടന്നു പോകുന്നത്. തോട് മാത്രമല്ല വയലുകളും വലിയ തോതിൽ നികത്തപ്പെടുമെന്നറിഞ്ഞതോടെ, നാട്ടിൽ ബാക്കിയുള്ള ചുരുക്കം ചില കൃഷിക്കാരും, ”ടാറിട്ട റോഡുകൾ മാത്രമല്ല; വിളയുന്ന വയലുകളും നാടിന് വേണം” എന്ന് ചിന്തിക്കുന്ന ചില ‘വികസനവിരോധികളും’ അവർക്കൊപ്പം ചേർന്നതോടെയാണ് ജനകീയ സമരസമിതി രൂപമെടുത്തത്.
അപ്പ്വേട്ടന് ആദ്യമായി അറ്റാക്ക്‌ വന്നത്, സമിതിയുടെ നേതൃത്വത്തിൽ ബൈപ്പാസിനു സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ ‘അറ്റാക്ക്‌’ ചെയ്യാൻ പോയപ്പോഴാണെന്നത് നാട്ടില്‍ പാട്ടാണ്.
‘വാളും പരിചയുമായി’ നിരന്നു നിൽക്കുന്ന പോലീസുകാരും മുന്നിൽ പടനായകനായി നാട്ടിലെ യുവ എം.എൽ.ഏയും. ഇവരുടെ മുന്നിലേക്കാണ് സമരക്കാരുടെ കൂട്ടത്തിൽ നിന്നും അപ്പ്വേട്ടൻ ഇറങ്ങിച്ചെല്ലുന്നത്.
“ദേ…അപ്പാപ്പാ…നാടിന് ഗുണമുള്ള കാര്യം വരുമ്പോ ”സ്വന്തം കാര്യം സിന്ദാബാദും” വിളിച്ച് ഒടക്കുണ്ടാക്കാൻ വന്നാൽ പാർട്ടീം സർക്കാരും നോക്കി നിക്കില്ല. പറഞ്ഞേക്കാം”
എം.എൽ.ഏ. മുണ്ട് മടക്കിക്കുത്തി.
“സഖാവേ….നിങ്ങളിത് കണ്ട്നാ?”
ചെങ്കൊടി പാറുന്ന, അറ്റം ചെത്തി കൂർപ്പിച്ച, മുളവടി എം.എൽ.ഏക്ക് നേരെ നീട്ടിയാണ് അപ്പ്വേട്ടന്റെ ചോദ്യം.
“പുന്നപ്രേലും വയലാറിലും സഖാക്കള് വാരിക്കുന്തം വെച്ച് സീപീന്റെ പട്ടാളത്തെ നേരിട്ടത് കേട്ട പൂതിക്ക് ഇണ്ടാക്കി വെച്ചതാ. ആടംബരെയൊന്നും പോയിക്കില്ലാന്നേള്ള്… ഈന്റെയറ്റത്തും ഇത്തിരീശ്ശെ ചോരയൊക്കെ പറ്റീട്ട്ണ്ട്ടോ. അല്ല… ഞാമ്പറയണത് അനക്ക് തിരിയണണ്ടല്ലോല്ലേ…”
ഒരു ചെറു പുഞ്ചിരിയോടെ, കൊടി നിലത്ത് കുത്തിപ്പിടിച്ച്, പറ്റാവുന്നിടത്തോളം നിവർന്നു നിൽക്കുന്ന അപ്പ്വേട്ടനിൽ നിന്നും മുഖം പറിച്ചെടുത്ത് എം.എൽ.എ. തിരിഞ്ഞു നടന്നതും പോലീസ് മുന്നിലേക്കിരച്ചു കയറി. ഉന്തും തള്ളിലും കുഴഞ്ഞു വീണു പോയ അപ്പ്വേട്ടനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
“ബൈപ്പാസ് കൂടിയേ തീരു”
കയ്യിലെ കടല്ലാസു നോക്കി ഡോക്ടർ പറയുന്നത് കേട്ടതോടെ അപ്പ്വേട്ടന്‍റെ സകല നിയന്ത്രണവും വിട്ടു പോയി.
“അത് ങ്ങളാ പറയ്വാ?? പോണത് ഞാളെ തോടല്ലേ?? ഏതു കത്തണ വെയിലത്തും ചതിക്കാത്ത ഞാളെ തോട്. ഞാൻ ചാവാണ്ട് ഇങ്ങക്കത് മൂടാമ്പറ്റൂല”
എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ, ഡോക്ടര്‍ പേടിച്ചു പിന്നോക്കം മാറി.
“അച്ഛാ..ഡോക്ടർ ആ ബൈപ്പാസിന്‍റെ കാര്യല്ല; ഓപറേഷന്‍റെ കാര്യാ പറഞ്ഞെ.”
അപ്പ്വേട്ടനെ ബലമായി കട്ടിലിൽ പിടിച്ചിരുത്തിക്കൊണ്ട് മോൻ പറഞ്ഞു.
അപ്പ്വേട്ടനെ വീട്ടിൽ നിന്നും മാറ്റി നിർത്തുക എന്നത് സർക്കാരിനെ പോലെ മക്കളുടെയും ആവശ്യമായിരുന്നു. ബൈപ്പാസിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് കിട്ടുന്ന നഷ്ടപരിഹാരത്തുക ചെറുതാവില്ലെന്ന്, തന്‍റെ കാലശേഷം മതി സ്വത്തു ഭാഗം വെയ്ക്കലെന്ന അപ്പ്വേട്ടന്റെ നിലപാടിനെതിരെ ശീതസമരത്തിലുള്ള, മക്കൾക്കറിയാമായിരുന്നു.
വർ‍ഷങ്ങൾ‍ക്കിപ്പുറം, ബൈപ്പാസിന്റെ നീളൻമുറിവടയാളം പേറുന്ന നെഞ്ചും തടവി ബൈപ്പാസിലേക്ക് കണ്ണും നട്ടിരിക്കുന്ന അപ്പ്വേട്ടൻ നാട്ടുകാർക്കൊരു പരിചിതകാഴ്ചയായിരുന്നു. തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകൾ പക്ഷെ അപ്പൂട്ടെട്ടന്‍റെ ഉമ്മറം വരെ ചെന്നെത്താറില്ല.
ഇന്ന് അപ്പ്വേട്ടൻ പതിവില്ലാത്ത വിധം ഉത്സാഹിയാണ്. പട്ടണത്തിൽ മകന്‍റെ കൂടെ നില്ക്കുന്ന അപ്പൂട്ടെട്ടൻ നാട്ടിൽ വരുന്നുവത്രേ. മകന്‍റെ പേരിലാക്കി കൊടുത്ത പഴയ വീട് പുതുക്കി പണിഞ്ഞതിന്‍റെ പാല് കാച്ചലാണ് പോലും.
ടിഫിൻ കാര്യറിലടച്ചു വെച്ചിരിക്കുന്ന ഉച്ചയൂണിന്‍റെ കാര്യമോർമ്മിപ്പിച്ചു കൊണ്ട് മകളും ഭർത്താവും കാറിൽ കയറി ബൈപാസിലൂടെ പറന്നു പോയി. അപ്പ്വേട്ടനു ഇരിപ്പുറക്കുന്നില്ല. ഗൾഫിൽ നിന്നും മകൻ അയച്ചു കൊടുത്ത നീലപ്പിടിയുള്ള പുത്തൻ വടിയും കുത്തി വേച്ച് വേച്ച് റോഡിലെത്തി. തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികൾ അയാളെ ഭയപ്പെടുത്തി. അണമുറിയാത്ത വാഹനപ്രവാഹത്തിനിടയിലെവിടെയോ ആ പഴയ ചങ്ങാതിയുടെ മുഖം മിന്നി മാഞ്ഞു. അവരുടെ വാക്കുകൾ ചക്രങ്ങൾക്കടിയിൽ പെട്ടു ചതഞ്ഞരഞ്ഞു. അപ്പ്വേട്ടൻ നിരാശയോടെ തിരിഞ്ഞു നടന്നു.
ലോറി ഓടിച്ചിരുന്ന തമിഴൻ ഡ്രൈവറുടെ മൊഴി പ്രകാരം വണ്ടിയുടെ ബാറ്ററി വീക്കായിരുന്നു. ഹെഡ് ലൈറ്റിന്റെ മങ്ങിയ വെട്ടത്തിൽ റോഡിനു നടുവിൽ എരിഞ്ഞു നിന്ന തീപ്പൊരി വെട്ടങ്ങള്‍ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും വൈകിപ്പോയിരുന്നു. ഗ്യാസ് ടാങ്കറായാതിനാൽ സഡൻ ബ്രേക്ക് ചെയ്യാനും പറ്റിയില്ല.
തോട്ടു വക്കിൽ ബീഡിയും വലിച്ച് കഥ പറഞ്ഞിരിക്കുന്ന അപ്പ്വേട്ടനേയും അപ്പൂട്ടേട്ടനേയും തമിഴൻ ഡ്രൈവർക്കറിയില്ലല്ലോ.

 

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.