ലേഖനം

‘അടുക്കളവർത്തമാന’ത്തെ ആർക്കാണ് പേടി?


ഡോ. പി.പി.പ്രകാശൻ

രു ദിവസം ഒരു ചാനൽ ചർച്ചയിൽ ഒരു നേതാവ് ‘നിങ്ങൾ ഒരു മാതിരി അടുക്കള വർത്തമാനം പറയരുത്’ എന്ന് ആക്രോശിച്ചു കൊണ്ട് എതിരാളിക്കെതിരെ ചാടി വീഴുന്നത് കണ്ടപ്പൊഴാണ് അടുക്കള വർത്തമാനം എന്ന പ്രയോഗത്തെക്കുറിച്ചെഴുതണമെന്ന് തോന്നിയത്. സ്ത്രീകൾ അടുക്കളപ്പുറത്തിരുന്ന് പറയുന്നതെന്ത് എന്നത് എക്കാലത്തെയും വലിയ പുരുഷജിജ്ഞാസകളിൽ ഒന്നായിരുന്നു. അവരെന്താണ് പറയുന്നതെന്നും അവർക്കെതാണ് പറയാനുള്ളതെന്നും അവർ പറഞ്ഞാൽത്തന്നെ എന്തൊക്കെപ്പറയുമെന്നുമുള്ള മുൻ വിധി പുരുഷന്മർക്കുണ്ടെങ്കിലും ഈ ജിജ്ഞാസയിൽ നിന്ന് പുറത്തു കടക്കാൻ അവർക്ക് കഴിയാറില്ല. പുരുഷനില്ലാതെ സ്ത്രീകൾക്ക് ജീവിതം തന്നെയില്ലെന്നുറപ്പിച്ച ആൺകേസരികൾക്ക് അവർക്ക് സ്വന്തമായി വർത്തമാനമുണ്ടെന്ന് കരുതുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതു കൊണ്ടാണ് ഭൂതവും ഭാവിയുമില്ലാത്തവരെന്നുറപ്പിച്ച് അവരെ വർത്തമാനത്തിൽ തളച്ചിടാനും അവരുടെ വർത്തമാനങ്ങളെ ‘അടുക്കള വർത്തമാന’മെന്ന് പരിഹസിക്കാനും ഭാഷയുടെ പുരുഷ യുക്തി ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. സ്ത്രീയുടെ ഉള്ളിൽ ചിന്തയുടെ കനലെരിയാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പുരുഷാധിപത്യ വ്യവഹാരങ്ങൾ കാണിച്ച സൂക്ഷ്മത സമാനതകളില്ലാത്തതായിരുന്നു. അടുക്കളയിലും മറക്കുടക്കുള്ളിലും സ്ത്രീ ജീവിതം ഒടുങ്ങുന്നതിനെതിരെ ഉയർന്നു വന്ന സാമൂഹ്യ ജാഗ്രതയുടെ പേരായിരുന്നല്ലോ നവോത്ഥാനം. ആണധികാരം നൂറ്റാണ്ടുകളോളം ചിന്തിക്കാൻ അനുവദിക്കാതെപോയ സ്ത്രീയെ ഇരുത്തി ചിന്തിപ്പിക്കാൻ ഒരു കവി തീരുമാനിച്ചപ്പോഴാണ് ചിന്താവിഷ്ടയായ സീത എന്ന കാവ്യമുണ്ടായത്

തരം കിട്ടിയാലൊക്കെ സ്വന്തം ഭാഷയും അതുവഴി സ്വന്തം ലോകവും നിർമ്മിച്ചെടുക്കുന്ന സ്ത്രീകളെ പരിഹസിച്ച് താഴെ നിർത്തുക എന്ന ആൺകോയ്മയുടെ തന്ത്രമാണ് സ്ത്രീകളുടെ വർത്തമാനത്തെ അടുക്കളവർത്തമാനമെന്ന് വിശേഷിപ്പിച്ചത്. 

അകത്ത് ചിന്തയുടെ കടൽ അലതല്ലുന്ന സീത എന്ന സ്ത്രീയ്ക്ക് തന്റെ പ്രക്ഷുബ്ധമായ ഓർമയിയുടെ സഞ്ചരിക്കാൻ ആശാൻ തെരെഞ്ഞെടുത്ത സ്ഥലം ‘ ഉടജാന്ത വാടി’യായിരുന്നു. എന്നു വെച്ചാൽ ആശ്രമത്തിന്റെ അതിർത്തി എന്നർത്ഥം. വെറുതെയിരുന്ന് ആലോചിക്കാൻ ആശ്രമത്തിൽ മറ്റ് നിരവധി സ്ഥലങ്ങളുണ്ടെന്നിരിക്കെ, എന്തിനാണ് സീതയെ അങ്ങേയറ്റത്തെ ആശ്രമാതിർത്തിയിൽത്തന്നെ കൊണ്ട് ചെന്നിരുത്തിയത് എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നു വരുന്നുണ്ട്. വനമധ്യത്തിലാണ് ആശ്രമം. ആശ്രമതിർത്തിക്ക് പുറത്ത് നിബിഡവനമാണ്. വന്യമൃഗങ്ങൾ വിഹരിക്കുന്ന ഘോരവനം ഭയത്തെയും മരണത്തെയും പ്രതീകവൽക്കരിക്കുമ്പോൾ ആശ്രമം ശാന്തവും സ്വഛവുമായ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ആസന്ന നിമിഷങ്ങളിൽ ഭൂമി പിളർന്ന് അന്തർദ്ധാനം ചെയ്യാൻ തയ്യാറെടുക്കുന്ന സീതയെന്ന ചിന്തയ്ക്ക് തീപ്പിടിച്ചസ്ത്രീയെ ജീവിതത്തിനും മരണത്തിനുമിടയിലിരുത്താൻ ആശ്രമാതിർത്തി പോലൊരു ഇടം മറ്റൊന്നില്ലെന്നറിയുന്നിടത്താണ് ആശാൻ നവോത്ഥാന കവിയും ചിന്താവിഷ്ടയായ സീത എക്കാലത്തെയും മികച്ച നവോത്ഥാന കാവ്യവുമാകുന്നത്. നടപ്പിലും നിൽപ്പിലും മാത്രമല്ല, ഇരിപ്പിലും ഒരു രാഷ്ട്രീയമുണ്ടെന്ന് ആശാൻ പറയാതെ പറയുകയായിരുന്നു. സ്ത്രീയെയും ചിന്തയെയും വാക്കുകളിലെങ്കിലും ചേർത്തുവെയ്ക്കുക എന്നത് അസംഭാവ്യമായ കാലത്താണ് ചിന്തിക്കുന്ന സ്ത്രീയെക്കുറിച്ച് കുമാരനാശാൻ പറഞ്ഞു വെയ്ക്കുന്നത്. അക്കാലത്തെ സ്ത്രീയുടെ ജീവിതത്തിലൊരിടത്തു നിന്നും തനിച്ചിരുന്ന് സ്വതന്ത്രമായി ചിന്തിച്ചിരിക്കുന്ന സ്ത്രീയുടെ ചിത്രം കവിക്ക് കിട്ടിയിരിക്കാനിടയില്ല. അടക്കിപ്പിടിച്ച തേങ്ങലോ പിറുപിറുക്കലോ ആയി തറവാട്ടു ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലോ അയിത്ത ജീവിതങ്ങളുടെ പുറമ്പോക്കിലോ ഒടുങ്ങുന്നവർക്കിയിൽ സ്വതന്ത്ര ചിന്ത അസംഭാവ്യമായി തോന്നിയതുകൊണ്ടാവാം സീതയുടെ ജീവിതം തേടി കവി പോയത്. സീത ഒരർത്ഥത്തിൽ ഒരു സ്വതന്ത്രയായ സ്ത്രീയായി രുന്നു. ഭർത്താവിന്റെ നിഴലായി ജീവിതം മുഴുവൻ അലയാനുള്ള വിധി സ്വയം തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സീതയ്ക്കുണ്ടായിരുന്നല്ലോ. സർവ്വസൗഭാഗ്യങ്ങളുമുള്ള ജനകപുത്രിക്ക് പോലും സ്വാതന്ത്ര്യമെന്നാൽ ഭർത്തൃ പരിചരണമാണെന്ന പുരുഷാധിപത്യ യുക്തിക്കപ്പുറം പോകാൻ കഴിഞ്ഞിരുന്നില്ലെന്നർത്ഥം. ഉൾക്കരുത്ത് കൊണ്ട് സ്വയം അതിജീവിച്ചതിന്റെ പേരിലല്ല, ഗർഭാവസ്ഥയിലും ഉപേക്ഷിക്കപ്പെട്ടത് സ്വയം സഹിച്ചതിന്റെ പേരിലാണ് സീത ‘സർവ്വംസഹയായ ‘ സ്ത്രീ മാതൃകയായി വാഴ്ത്തപ്പെടുന്നത്. അങ്ങനെയൊരു സ്ത്രീ ബിംബത്തെയാണ് ചിന്തയുടെ കനലെരിയിച്ച്, അധികാരത്തിന്റെ സഭാമധ്യത്തിൽ അന്തർധാനം ചെയ്യാൻ ആശാൻ തെരെഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ലോകാരംഭം മുതൽക്കുള്ള സകല സ്ത്രീകളുടെയും സഹനവും സമരവും പ്രതിഷേധവും സീതയിൽ അന്വയിക്കപ്പെടുന്നത്. ‘സ്ത്രീയേ ശമിക്കാത്തൊരീ മൃഗജ്വാലയെ സ്വീകരിക്കുന്ന സമുദ്ര വാൽസല്യമേ’ എന്ന് സ്ത്രീ പിൽക്കാലത്ത് അഭിസംബോധന ചെയ്യപ്പെടുന്നതും ഈ സഹനത്തിന്റെ പേരിലാണ്.
പറഞ്ഞു വരുന്നത്, അടുക്ക ളവർത്തമാനത്തെക്കുറിച്ച് തന്നെയാണ്. തരം കിട്ടിയാലൊക്കെ സ്വന്തം ഭാഷയും അതുവഴി സ്വന്തം ലോകവും നിർമ്മിച്ചെടുക്കുന്ന സ്ത്രീകളെ പരിഹസിച്ച് താഴെ നിർത്തുക എന്ന ആൺകോയ്മയുടെ തന്ത്രമാണ് സ്ത്രീകളുടെ വർത്തമാനത്തെ അടുക്കളവർത്തമാനമെന്ന് വിശേഷിപ്പിച്ചത്. വീടിന്റെ രഹസ്യ ഭാഗത്ത് നിന്നും പുതിയ കാലത്ത് അടുക്കള വീടിന്റെ പ്രധാന ഭാഗത്ത് വന്നിട്ടും, സ്ത്രീ മാത്രം കയറിയിരുന്ന അടുക്കളയിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് കയറാൻ തുടങ്ങിയിട്ടും, ഇപ്പൊഴും അടുക്കള വർത്തമാനമെന്ന പ്രയോഗം ഭാഷ കൈവെടിഞ്ഞിട്ടില്ല. എത്രയൊക്കെ സമത്വം പ്രസംഗിച്ചാലും അടുക്കളയെ സ്ത്രീയുടെ ഐഡൻറിറ്റിയുമായി ബന്ധിപ്പിച്ച് കാണാൻ പുരുഷന്റെ അബോധം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നതാണിതിനു കാരണം.
ഉമ്മറത്തിരുന്ന് പുരുഷന്മാർ എന്ത് വങ്കത്തരങ്ങൾ പറഞ്ഞാലും അത് പുരുഷന്റെ ഉമ്മറവർത്തമാനം എന്ന് നമ്മളാരും പറയാറില്ല. കാരണം പുരുഷന്റെ വർത്തമാനങ്ങൾ പരിഗണിക്കേണ്ടതും സ്ത്രീയുടെ വർത്തമാനങ്ങൾ പരിഹസിക്കേണ്ടതുമാണെന്ന ആണധികാര മൂല്യബോധമാണ് നമ്മുടെ ഭാഷയെയും അതുവഴി സംസ്കാരത്തെത്തന്നെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. സമത്വത്തെക്കുറിച്ച് എത്രയൊക്കെ സംസാരിച്ചാലും സ്ത്രീക്ക് അടുക്കളയും പുരുഷന് ഉമ്മറവും എന്ന ഫ്യൂഡൽ വിഭജന യുക്തി നിലനിർത്തുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കളാണ്. ഉമ്മറത്തിരുന്ന് മുറുക്കി വെടിപറയുന്ന പുരുഷ സംഘങ്ങളേ ചരിത്രത്തിലുള്ളൂ. അങ്ങനെയൊരു സ്ത്രീസംഘചിത്രം സങ്കല്പത്തിൽപ്പോലും നമുക്ക് സങ്കല്പിക്കാനാകില്ല. ഓങ്ങല്ലൂർക്കവലയിൽ വെച്ച് തന്നോട് അനാവശ്യം പറഞ്ഞ പുരുഷനെ ആര്യാപള്ളം ചെരുപ്പൂരി അടിച്ചപ്പോൾ, ആ അടിയോടായിരുന്നില്ല, മറിച്ച് ആര്യാ പള്ളം എന്ന സ്ത്രീ ചെരുപ്പ് ധരിച്ചതിനോടായിരുന്നു ആണധികാര സവർണ്ണതയുടെ ചൊരുക്ക്. സ്ത്രീ പുറത്തിറങ്ങുന്നതും ചെരുപ്പ് ധരിക്കുന്നതും സവർണ്ണ ബോധത്തിന് അടിയേക്കാൾ ഭയാനകമാകുന്നത്, അത് അടുക്കള ഉപേക്ഷിക്കുന്നു എന്നതുകൊണ്ടാണ്. അടുക്കളയുടെ ചതുരയുക്തിയിൽ ഭൂതവും ഭാവിയും വർത്തമാനവും നിർവ്വചിക്കപ്പെട്ട സ്ത്രീയുടെ ഭാഷ അടുക്കള വർത്തമാനമായത് സ്വാഭാവികം മാത്രം. സാമൂഹിക ചരിത്രത്തിൽ ഭാഷ എന്നും ആണധികാര വ്യാപനത്തിന്റെ മാധ്യമമായിരന്നു. ആൺകോയ്മയെ ഉറപ്പിച്ചെടുക്കുന്ന പദവിന്യാസക്രമങ്ങളിൽ നിന്നാണ് ഭാഷയിലും അതുവഴി സാമൂഹ്യ ജീവിതത്തിലും ആണധികാരങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് വിമോചനത്തിനായുള്ള പോരാട്ടത്തിൽ സ്ത്രീ അവരുടെ സ്വന്തം സ്ത്രൈണ ഭാഷ വികസിപ്പിക്കേണ്ടതുണ്ടെന്ന് പൗലോ ഫ്രെയർ പറഞ്ഞു വെയ്ക്കുന്നത്. ‘പുറപ്പെട്ടേടത്താണൊരായിരം കാതമവൾ നടന്നിട്ടും’ എന്ന് ഒരു കവി സ്ത്രീയുടെ സാമൂഹ്യ ജീവിത ചരിത്രത്തെ ഒറ്റവരിയിൽ സംഗ്രഹിക്കുന്നുണ്ട്. ഈ ‘പുറപ്പെട്ടേടം’ എന്നത് വാസ്തവത്തിൽ അടുക്കളയാണ്. ഒരായിരം കാതം മുന്നോട്ടു നടന്നെന്നു തോന്നിയാലും വീണ്ടും വീണ്ടും പുറപ്പെട്ടേടത്തു തന്നെ തിരികെയെത്തുന്ന ഒരടുക്കളവൃത്തത്തിനുള്ളിൽത്തന്നെയാണ് ഓരോ സ്ത്രീയുടെയും ജീവിതം നിർണ്ണയിക്കപ്പെടുന്നത്. സ്ത്രീയുടെ ശബ്ദം അടുക്കളയിൽത്തുടങ്ങി അടുക്കളയിലൊടുങ്ങണമെന്നാഗ്രഹിക്കുന്നവരാണ് സ്ത്രീയുടെ വർത്തമാനത്തെ അടുക്കള വർത്തമാനം എന്ന് പരിഹസിക്കുന്നത്. സ്ത്രീ അടുക്കളയിൽ നിന്ന് അരങ്ങത്തെത്തിയിട്ടും അവരുടെ വർത്തമാനത്തെ അടുക്കളയിൽത്തന്നെ തളച്ചിടാനാഗ്രഹിക്കുന്ന ആണധികാര മൂല്യങ്ങളിൽ നിന്ന് സ്വന്തം ഭാഷയെയും അതുവഴി സ്വന്തം ജീവിതത്തെയും തിരിച്ചുപിടിച്ചു കൊണ്ടല്ലാതെ സ്ത്രീയ്ക്ക് സാമൂഹ്യ ജീവിതം സാധ്യമാകില്ല. അതുകൊണ്ട് അടുക്കള വർത്തമാനത്തെ അരങ്ങിന്റെ വർത്തമാനമായി പരിഭാഷപ്പെടുത്തുന്ന പുതിയ തരം ഭാഷാ സമരം സ്ത്രീ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ഉടൽ അരങ്ങത്തെത്തുമ്പൊഴും വർത്തമാനം അടുക്ക ളയിൽ ബാക്കിയാകുന്ന വൈപരീത്യം ആവർത്തിച്ചു കൊണ്ടേയിരിക്കും. ചാനൽ മുറികളിലിരുന്ന് പുതിയ യജമാനന്മാർ അടുക്കള വർത്തമാനമെന്ന് ചിലച്ചു കൊണ്ടേയിരിക്കും.

Print Friendly, PDF & Email