അനുഭവം ചുവരെഴുത്തുകൾ

കലാലയ രാഷ്ട്രീയം ചില ഓർമ്മകൾ 

ഡിഗ്രി ഒന്നാം വർഷം, കോളേജിൽ നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോഴാണ് ചില മുതിർന്ന സഖാക്കളുടെ മുൻകൈയിൽ എന്നെ യൂണിറ്റ് കമ്മിറ്റിയിലെടുത്തത്. പ്രീഡിഗ്രി കാലത്ത്, കോളേജിന് പുറത്തെ, നക്‌സലൈറ്റുകൾ ആയിരുന്നു സുഹൃത്തുക്കൾ, കൂടുതലും പെയിന്റടി തൊഴിലാളികളും മറ്റും. അക്കാലത്തു തന്നെ കടുത്ത ഭൗതിക വാദിയും മാർക്സിസ്റ്റും ഒക്കെയായിക്കഴിഞ്ഞിരുന്നു. എസ് എഫ് ഐ യൂണിറ് കമ്മിറ്റിയിൽ പ്രവർത്തിച്ചു തുടങ്ങുന്നത് പൂർണ്ണ മനസ്സോടെയായിരുന്നില്ല. പക്ഷെ പിന്നീട് ജീവിതത്തിലുണ്ടായ എഴുത്തും വായനയുമായി ബന്ധപ്പെട്ട എല്ലാ അവസരങ്ങളും തുറന്നു തന്നത് എസ് എഫ് ഐ ആയിരുന്നു.

അന്ന് ഞങ്ങളുടെ യൂണിറ്റ് കമ്മിറ്റിയിൽ പലപ്പോഴും ജില്ലാ ഭാരവാഹിയായി എത്തിയിരുന്ന ബാലഗോപാലിനെ ഇന്ന് നിങ്ങളെല്ലാവരും അറിയും. ഒരിക്കൽ പോലും അക്രമത്തിന്റെ ഭാഷ ബാലഗോപാലിൽ നിന്നോ മറ്റു നേതാക്കളിൽ നിന്നോ കേട്ടിട്ടില്ല, മറിച്ചു സംഘർഷങ്ങളുണ്ടാകുമ്പോൾ അവയിൽ നിന്ന് മാറി നിൽക്കാനായി, നിരുത്സാഹപ്പെടുത്തിയിട്ടേയുള്ളൂ എസ് എഫ് ഐ നേതൃത്വം.

അക്രമങ്ങളുണ്ടാകുന്നത് മിക്കവാറും, പുറത്തു നിന്നെത്തുന്ന ആർ എസ് എസ് ഗുണ്ടകളുടെ, കോളേജിനകം നല്ലവണ്ണം കണ്ടിട്ടില്ലാത്തവരുടെ പ്രവർത്തനഫലമായിട്ടായിരുന്നു. അല്ലാത്തപ്പോൾ കോൺഗ്രസ്സുകാർ വാടകക്കെടുത്ത ഗുണ്ടകളുടെ ബലത്തിലും. ചെറുത്തു നിന്നിട്ടുണ്ട് കഴിയുമ്പോഴെല്ലാം. ഒരിക്കൽ പുറത്തു നിന്നെത്തിയ ആർ എസ് എസ് ഗുണ്ടകൾ കോളേജ് വളഞ്ഞപ്പോൾ ഞങ്ങൾ നൂറോളം പേർ ഡസ്കിന്റെ കാലുകളൊടിച്ചു ജാഥയായി പുറത്തേക്കു പോയി നേരിടാനൊരുങ്ങിയതോർക്കുന്നു. മുന്നിലും പിന്നിലും പോലീസ് ജീപ്പ് തരുന്ന സുരക്ഷയിൽ വീട്ടിൽ പോയിട്ടുണ്ട്. ഇതിലൊന്നും ഇന്നും ഒരു കുറ്റബോധവുമില്ല. അടി കൊണ്ട് ചെവിക്കല്ല് പൊട്ടിപ്പോയത് കാരണം ഇന്നും ഒരു ചെവി നന്നായി കേൾക്കില്ല. അവസാന വർഷം, കുത്തു കൊണ്ട് വീണതും എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, എസ് എഫ് ഐക്കാരനായിരുന്നു.

ചോരത്തിളപ്പിന്റെ കാലത്ത്, അക്രമങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്, അതിനെ ഫാഷിസം എന്നാണു നിങ്ങൾ വിളിക്കാനാഗ്രഹിക്കുന്നതെങ്കിൽ അങ്ങിനെയാകാം. അത് പക്ഷെ ഏകപക്ഷീയമായി ആകരുത്. നമ്മുടെ സമൂഹം ഇങ്ങനെയൊക്കെയാണ് എന്ന് മനസ്സിലാക്കാതെ, വളരെ ഐഡിയൽ ആയ ഒരു നിലപാട് എടുക്കുന്നത് വഞ്ചനാപരമാണ്. ഒരു സമൂഹം എന്ന നിലയിൽ നാം ഒരുപാട് വികസിക്കേണ്ടതുണ്ട്. അതിന്റെ എല്ലാ കുറ്റവും ഒരു ഭാഗത്തു മാത്രം കെട്ടിവെയ്ക്കുന്നത് തെറ്റാവും
നോക്കൂ, യൂണിവേഴ്സിറ്റി കോളേജ് ചർച്ച ചെയ്യുന്നവർക്ക് എം ജി കോളേജ് ഒരു വിഷയമേയല്ല

പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കോളേജിന് പുറത്തു പന്തൽ കെട്ടി സമരം ചെയ്തിരുന്ന വിദ്യാർത്ഥിനികളെ വാളും മറ്റ് ആയുധങ്ങളുമായി ആക്രമിക്കാനെത്തിയ ആർ എസ് എസ് സംഘത്തെ ഒറ്റയ്ക്ക് മുന്നിൽ നിന്ന് തടഞ്ഞ, നിരവധി പരിക്കുകൾ ഏറ്റുവാങ്ങിയ സുഹൃത്തിനെ, ചോരയൊലിക്കുന്ന ചിത്രത്തോട് കൂടി പിറ്റേന്ന് പത്രങ്ങൾ വിശേഷിപ്പിച്ചത് എസ് എഫ് ഐ ഗുണ്ട എന്നാണെന്നതും ഓർമ്മയുണ്ട്.

ഇതൊക്കെ ഒഴിവാക്കപ്പെടേണ്ടതല്ലേ എന്ന് ചോദിച്ചാൽ, തീർച്ചയായും എന്ന് തന്നെയാണ് ഉത്തരം പക്ഷെ അതിന് നമ്മുടെ സമൂഹമാകെ മാറേണ്ടിയിരിക്കുന്നു

പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയത് കൊണ്ട് മാത്രം യൂണിറ്റ് കമ്മിറ്റിയിലെത്തിയ ഞാൻ തന്നെയാണ് അടുത്തവർഷം ക്യാമ്പസിലെ പ്രസംഗ മത്സരം സംഘടിപ്പിച്ചത്. സോവിയറ്റ് യൂണിയൻ തകർന്ന കാലമായിരുന്നു. ‘പ്രത്യയ ശാസ്ത്ര പ്രതിസന്ധി സത്യമോ മിഥ്യയോ’ എന്നതായിരുന്നു അന്ന് പുതിയ കുട്ടികൾക്ക് വിഷയമായി നൽകിയത്. സമ്മാനാർഹരെ യൂണിറ്റ് കമ്മിറ്റിയിലെത്തിക്കാനും ഞാൻ തന്നെ മുൻകൈയെടുത്തിട്ടുണ്ട്.

അങ്ങിനെയൊക്കെയായിരുന്നു ആ കാലം. ക്ലാസ് മുറികൾക്കുള്ളിലേക്കാൾ വലിയ സൈദ്ധാന്തിക ചർച്ചകൾ അതിനു പുറത്താണ് നടന്നിരുന്നത്. ഇപ്പോഴും അങ്ങിനെയൊക്കെത്തന്നെയാവണം കാര്യങ്ങൾ. അതങ്ങനെയല്ല എന്ന് കരുതുന്നത് നിങ്ങൾക്ക് വയസ്സായതു കൊണ്ടാവണം. സ്ഥിരമായി ക്ലാസ് മുറിക്ക് പുറത്തും കൊല്ലം പബ്ലിക്ക് ലൈബ്രറിയിലും സമയം ചിലവഴിച്ചിരുന്ന എനിക്ക് റാങ്ക് കിട്ടുമെന്ന് വിശ്വസിച്ചിരുന്ന ടീച്ചർമാരുണ്ട്. ചരിത്ര വിഷയങ്ങളിൽ വലിയ സംവാദങ്ങൾ നടക്കുമായിരുന്നു ക്ളാസിനുള്ളിലും പുറത്തും. ഇന്നും അക്കാലത്തു പഠിച്ചെടുത്ത ജീവിത പാഠങ്ങൾ തന്നെയാണ്, പലപ്പോഴും, കരുത്തായി മാറുന്നത്. അന്നും ഇന്നും എഴുത്തിനേയും വായനയേയും കൂട്ടുപിടിച്ച മുൻ എസ്എഫ്‌ഐ ക്കാർ തന്നെയാണ് കൂടെയുള്ളത്.

തീവ്ര വലതുപക്ഷം രാജ്യത്തെയാകെ ഉള്ളം കൈയിലൊതുക്കുമ്പോൾ, മതവും വർഗ്ഗീയതയും യുവാക്കളെ,ക്യാമ്പസുകളെ വഴി തെറ്റിക്കുമ്പോൾ,യുവതലമുറയുടെ സംഘടനാ പ്രവർത്തനങ്ങളെ, എഴുത്തിലും വായനയിലൂടെയുമുള്ള കൂട്ടായ്മകളെ തീർച്ചയായും തിരുത്തപ്പെടേണ്ട അപഭ്രംശങ്ങളുടെ പേരിൽ ഒറ്റപ്പെടുത്തുമ്പോൾ ഇത്രയെങ്കിലും പറയാതിരിക്കാൻ വയ്യ

അന്നും വായിക്കുന്നവരും എഴുതുന്നവരും ഒരു പക്ഷത്തായിരുന്നു, വാടകക്കെടുത്ത മസിൽ പവർ മറുവശത്തും. വലതുപക്ഷം മാധ്യമങ്ങളെ മുഴുവൻ വാടകക്കെടുത്ത ഒരു കാലത്ത്,വായിക്കുന്നതും എഴുതുന്നതും പോലും വെടിവെച്ച് കൊല്ലപ്പെടേണ്ട കുറ്റകൃത്യമായ കാലത്ത്, ഒപ്പം നടന്നവനെ കുത്തിവീഴ്ത്തിയതിനെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുമ്പോഴും വിദ്യാർത്ഥി രാഷ്ട്രീയത്തെ തന്നെ വലതു വൽക്കരിക്കാനുള്ള, കൊന്നു കുഴിച്ചുമൂടാനുള്ള ശ്രമങ്ങളെ തള്ളിപ്പറയേണ്ടതുണ്ട്

എന്തിനാണ് ഇവിടെ വിദ്യാർത്ഥിരാഷ്ട്രീയം എന്ന് ചോദിക്കുന്നവരോട് ഫൈനൽ ഇയേഴ്സ് ഡേയിൽ വിട വാങ്ങൽ പ്രസംഗത്തിൽ നിങ്ങളെപ്പോലുള്ളവർ എന്തിനാണ് ഇങ്ങനെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് ജീവിതം തുലക്കുന്നത് എന്ന് നിരന്തരം ചോദിച്ചിരുന്ന ചില അധ്യാപകർക്കും സഹപാഠികൾക്കും നൽകിയ ഉത്തരം ഒന്ന് കൂടി ആവർത്തിച്ചു കൊണ്ട് നിർത്തട്ടെ

“ ഞങ്ങളെ പോലുള്ളവർ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടത്തുന്നത് കൊണ്ടാണ് സർ ഇപ്പോഴും ദരിദ്ര വിദ്യാർത്ഥികൾ 10 പൈസ ടിക്കറ്റിൽ ബസിൽ കയറി കോളേജിൽ വരുന്നത്

ഞങ്ങളെ പോലുള്ളവർ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടത്തുന്നത് കൊണ്ടാണ് സർ ഇപ്പോഴും 15 രൂപ വാർഷിക ഫീസിൽ ഇവിടെ കുട്ടികൾ പഠിക്കുന്നത്

ഞങ്ങളെ പോലുള്ളവർ വിദ്യാർത്ഥി സംഘടനാപ്രവർത്തനം നടത്തുന്നത് കൊണ്ടാണ് സാർ ഇപ്പോഴും ജാതിയും മതവും വർഗ്ഗീയതയും ക്യാമ്പസുകളിൽ കൊടി കുത്താത്തതു”

ഞാൻ അൽപ്പം വികാരാധീനനായി പോയോ. സാരമില്ല അല്ലേ

Print Friendly, PDF & Email